ഈന്തപ്പഴവും റമളാനും; വിപണിയിലും ചില വസ്തുതകളുണ്ട്

2556

ഫാറൂഖ് ഹുദവി തരിശ്

പരുശുദ്ധ റമളാനിനെ വരവേല്‍ക്കാന്‍ നാടും വീടും വിപണിയും ഒരുങ്ങിക്കഴിഞ്ഞു. റമളാന്‍ വിപണിയിലെ പ്രധാന ഇനമാണ് ഈന്തപ്പഴം. അറേബ്യന്‍ മരുക്കാട്ടിലെ ഈ പഴവിഭവം നമ്മുടെ തീന്‍മേശയില്‍ സ്ഥാനം പിടിച്ചതിനു പിന്നില്‍ നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുണ്ട്. കേരളീയ വിപണിയിലെ ഏലവും കുരുമുളകും അറേബ്യന്‍ വണിക്കുകള്‍ ഇവിടെ നിന്ന് കടല്‍കടത്തിയപ്പോള്‍, അവര്‍ ഇറക്കുമതി ചെയ്തിരുന്ന വിവിധയിനം ഈന്തപ്പഴങ്ങള്‍ കേരളീയര്‍ക്കും പ്രിയപ്പെട്ടതായി. നൂറ്റാണ്ടുകളുടെ ഈ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് തടയിടാന്‍ യൂറോപ്യന്‍ അധിനിവേശ ശക്തികള്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും, അറേബ്യയുമായുള്ള പൊക്കിള്‍കൊടി ബന്ധം കാരണം മലയാളി മുസ്ലിംകള്‍ക്ക് ഈ ഫലത്തോടുള്ള താല്‍പര്യം എന്നും അവരുടെ ഭക്ഷ്യ രീതിയുടെ ഭാഗമാണ്. പ്രത്യേകിച്ച് പരുശുദ്ധ റമളാന്‍ സമാഗതമായാല്‍ കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യപ്പെടുന്ന ഫലമാണ് ഈന്തപ്പഴം.
മാനുഷിക കുലത്തിന്‍റെ ‘അമ്മായി’യത്രെ ഈന്തപ്പന. ആദംനബി (അ)നെ സൃഷ്ടിച്ച മണ്ണിന്‍റെ ശിഷ്ടത്തില്‍ നിന്നത്രെ ഈന്തപ്പന സൃഷ്ടിക്കപ്പെട്ടത്. ഈന്തപ്പഴം മനുഷ്യ ശരീരത്തിനോട് ഇത്രമാത്രം ചേര്‍ച്ചയാകാനുള്ള നിദാനവും ഈ കൗടുംബിക ബന്ധമാകാം. ഈത്തപ്പഴത്തെപ്പോലെ മനുഷ്യ ശരീരത്തിന് ഇത്രമാത്രം പ്രോട്ടീനും പുഷ്ടിയും നല്‍കുന്ന മറ്റൊരു പഴമുണ്ടാകാനിടയില്ല. വിറ്റാമിനുകളുടെ കലവറയായ ഈത്തപ്പഴം അറേബ്യന്‍ രാജ്യങ്ങളിലാണ് കൂടുതലായും കാണപ്പെടുന്നത്. ലോക ഭൂപടത്തിന്‍റെ ‘ചന്ദ്രക്കല’യില്‍ ഇവ തഴച്ചു വളരുന്നു. ചുട്ടുപൊള്ളുന്ന അറേബ്യന്‍ മരുഭൂമികളിലെ ‘പച്ചക്കുടകളായ’ ഈന്തപ്പനകളാണ് അറേബ്യന്‍ നാടുകള്‍ക്ക് തണുപ്പും കുളിരും നല്‍കുന്നത്. ഒട്ടകവും ഈന്തപ്പനകളുമില്ലാത്ത അറേബ്യന്‍ ലോകത്തെക്കുറിച്ച് മനുഷ്യന് ചിന്തിക്കാന്‍ സാധിക്കാത്തവിധം അവകള്‍ അറേബ്യന്‍ സംസ്ക്കാരത്തോടും മണ്ണിനോടും ചേര്‍ന്നു കിടക്കുന്നു.

ഈന്തപ്പന

സാധാരണയായി മരുഭൂമിയിലെ മരുപ്പച്ചകളില്‍ കൂട്ടം കൂട്ടമായി വളരുന്ന ഒറ്റത്തടിയുള്ള വൃക്ഷമാണ് ഈന്തപ്പന. ഫണിക്സ് ഡാക്റ്റലിഫിറ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഈന്തപ്പന 15 മുതല്‍ 25 മീറ്റര്‍ നീളം വരെ വളരുന്നു. അറേബ്യന്‍,വടക്കനാഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് പുറമെ, അമേരിക്കയിലെ കാലിഫോര്‍ണിയ,സ്പെയ്ന്‍,ഇന്ത്യ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലും വാണിജ്യാടിസ്ഥാനത്തില്‍ ഇവ കൃഷി ചെയ്യപ്പെടുന്നു. ഗ്രിഗേറിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് മാസത്തില്‍ പൂക്കാന്‍ തുടങ്ങുന്ന ഈന്തപ്പന ജൂലൈ മാസത്തോടെ കായ്കള്‍ പഴുക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. സാധാരണ ഉഷ്ണ ഭൂമികയിലാണ് ഇവ വളരുന്നതെങ്കിലും മിതശീതോഷ്ണ മേഖലയിലും ഇവകള്‍ വളര്‍ന്നു വരുന്നു. ഒറ്റ വിത്തില്‍ നിന്നും മുളക്കുന്ന വൃക്ഷമാണ് ഈന്തപ്പന. അഞ്ച് വര്‍ഷം കൊണ്ട് കായ്ക്കാന്‍ തുടങ്ങുന്ന ഈന്തപ്പന മുപ്പത് വര്‍ഷത്തോളം ഫലമുല്‍പാദനം തുടരുന്നു.

‘നഖ്ല്‍’, ‘നഖീല്‍’ എന്നീ രണ്ട് അറബി പദങ്ങളാണ് ഈന്തപ്പനയെ പറയാന്‍ വിശുദ്ധ ഖുര്‍ആന്‍ ഉപയോഗിച്ചത്. ഖുര്‍ആനില്‍ ഇരുപതോളം സ്ഥലങ്ങളില്‍ ഈന്തപ്പനയെ പറയുന്നുണ്ടെങ്കില്‍ ബൈബിള്‍ മുപ്പത് തവണ പറയുന്നു. ‘ഈത്തപ്പനയുടെയും മുന്തിരിച്ചെടികളുടെയും പഴങ്ങളില്‍ നിന്നും ലഹരിപദാര്‍ഥവും ഉത്തമാഹാരവും അവയില്‍ നിന്നു നിങ്ങളുണ്ടാക്കുന്നു. ചിന്തിക്കുന്നയാളുകള്‍ക്ക് ഇതില്‍ ദൃഷ്ടാന്തമുണ്ട് തീര്‍ച്ച’.(വി.ഖു).

ഈന്തപ്പഴം

ഈന്തപ്പഴം മറ്റു പഴ വര്‍ഗങ്ങളില്‍ നിന്ന് വ്യത്യസ്തമാകുന്നത് അവയെ ജനങ്ങള്‍ മുഖ്യാഹാരമായി പരിഗണിക്കുന്ന വിഷയത്തിലാണ്. സഹസ്രാബ്ധങ്ങള്‍ക്ക് മുമ്പുതന്നെ മധ്യേഷ്യയിലെയും ഇന്‍ഡസ് നദീ സംസ്ക്കാരത്തിലെയും ജനങ്ങള്‍ ഇവയെ മുഖ്യാഹാരമായി കണ്ടിരുന്നു. അറബികള്‍ ഈന്തപ്പഴത്തെ മറ്റു പഴ വര്‍ഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുഖ്യാഹാരമായി പരിഗണിച്ചു പോരുന്നു. പ്രവാചക പത്നി മഹതി ആയിശാ ബീവി(റ) തന്‍റെ സഹോദരീ പുത്രനായ ഉര്‍വയോട് വിവരിച്ച ഒരു സംഭവം ഹദീസില്‍ കാണാം.’ഞങ്ങള്‍ ചന്ദ്രനെ നോക്കി ദിവസങ്ങള്‍ തിട്ടപ്പെടുത്തിക്കൊണ്ടിരിക്കും. അങ്ങനെ പ്രവാചകരുടെ അടുപ്പില്‍ തീ കത്തിക്കാത്ത രണ്ട് മാസങ്ങള്‍ കടന്ന് പോയി. വെള്ളവും കാരക്കയും ഭക്ഷിച്ചായിരുന്നു ഞങ്ങള്‍ ജീവിതം കഴിച്ച് കൂട്ടിയത്’.
സമയ-കാല വ്യത്യാസമില്ലാതെ ഈന്തപ്പഴം എല്ലായിടത്തും ലഭ്യമാണങ്കിലും പവിത്രമായ റമളാന്‍ മാസത്തെ വരവേല്‍ക്കാന്‍ ഇവ എല്ലാ വീടുകളിലും മാര്‍ക്കറ്റുകളിലും സ്ഥലം പിടിച്ചിരിക്കും. നോമ്പ് മുറിക്കല്‍ ഈന്തപ്പഴം കൊണ്ടാകണമെന്ന തിരുവചനമാണ് ഇതിന്‍റെ പിന്നിലുള്ള ചേദോവികാരം. ഇക്കാരണത്താല്‍, റമളാന്‍ മാസത്തിന് മുസ്ലിം സമുദായം നല്‍കുന്ന പവിത്രത പഴ വര്‍ഗങ്ങളില്‍ ഈന്തപ്പഴത്തിനും അവര്‍ നല്‍കി വരുന്നു. ഈന്തപ്പഴം ഓരോ കുലകളായാണ് കായ്ക്കാറുള്ളത്. ഒരു കുലയ്ക്ക് അഞ്ച് മുതല്‍ പത്ത് കിലോം വരെ ഭാരമുണ്ടാകാറുണ്ട്. ഈന്തപ്പനയുടെ ഇനമനുസരിച്ച് ഈന്തപ്പഴത്തിന്‍റെ നിറം മഞ്ഞ, ഓറഞ്ച്,കൊടുംചുവപ്പ് എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു. ഈത്തപ്പഴത്തില്‍ ജലാംശം കുറവായ കാരണത്താല്‍,കാരക്കയായി ഉണങ്ങിയാലും പഴുത്തതിന്‍റെ ഗുണവും നിലവാരവും നഷ്ടപ്പെടാതെ നിലനില്‍ക്കുന്നു. ഉണങ്ങിയതായാലും പഴുത്തതായാലും ആരോഗ്യത്തിന് ഒരു പോലെ ഗുണകരമാണ്. ഈ ഗുണമേډ മറ്റുള്ള പഴ വര്‍ഗങ്ങളില്‍ നിന്ന് ഈന്തപ്പഴത്തെ വ്യത്യസ്തമാക്കുന്നു. മാസങ്ങളോളം ഭക്ഷണമായി സൂക്ഷിക്കുവാന്‍ ഈന്തപ്പഴത്തെ വെള്ളത്തില്‍ പുഴുങ്ങി ഉണക്കി സൂക്ഷിക്കുന്നു. ഇവകള്‍ ‘കാരക്ക’ എന്ന പേരിലറിയപ്പെടുന്നു. കാരക്കയില്‍ 70.6% കാരോബോഹൈഡ്രേറ്റും 2.5% എണ്ണയും 1.32% കാല്‍സ്യവും ഇരുമ്പ്,ഫോസ്ഫേറ്റ്,പൊട്ടാസ്യം,മഗ്നേഷ്യം,സിങ്ക്,കൊബാള്‍ട്ട്,ചെമ്പ് തുടങ്ങിയ ധാതു ലവണങ്ങളും 10% ഫൈബറും അടങ്ങിയിരിക്കുന്നു. ‘ഈന്തപ്പഴമില്ലാത്ത വീട്ടുകാര്‍ വിശന്ന് വലഞ്ഞത് തന്നെ’.(ഹദീസ്).

വൈദ്യലോകവും ഈന്തപ്പഴവും

കൊടും ചൂടുള്ള കാലാവസ്ഥയത്രെ ആഫ്രിക്കന്‍ ജനതയുടെ നിറം കറുക്കാനുള്ള കാരണമെന്ന് വിഖ്യാത ചരിത്രകാരന്‍ ഇബ്നു ഖല്‍ദൂന്‍ തന്‍റെ മുഖദ്ദിമയില്‍ പറയുന്നുണ്ട്. അത്ര തന്നെ ചൂടനുഭവിക്കുന്ന അറേബ്യന്‍ ജനതയുടെ സൗന്ദര്യം കണ്ടാല്‍ ഇബ്നു ഖല്‍ദൂനിന്‍റെ നിരീക്ഷണം തെറ്റെന്ന് പറയേണ്ടി വരും.അത്രമാത്രം സൗന്ദര്യമുടയവരാണ് അറബികള്‍. ഈന്തപ്പഴത്തിന്‍റെ സാന്നിധ്യമത്രെ ഇതിന്‍റെ പിന്നിലുള്ള രഹസ്യം. അറബികളുടെ നിത്യഭോജനമാണല്ലോ ഈന്തപ്പഴം. ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ തലകുനിക്കാതെ ‘പച്ചക്കുടകളായി’ ഈന്തപ്പനകള്‍ നിരനിരയായി നിവര്‍ന്ന് നില്‍ക്കുന്നു. കൊടുംചൂടിനെ നേരിടാനുള്ള ഈന്തപ്പനയുടെ ഈ ശക്തി ഈന്തപ്പഴത്തിലൂടെ അറേബ്യന്‍ ജനതക്കും കൈമാറപ്പെടുന്നു. പുരാതന കാലം മുതലേ ഈന്തപ്പഴത്തിന്‍റെ ഔഷധമൂല്യം മനുഷ്യന്‍ മനസ്സിലാക്കിയിരുന്നു. ഇന്ന് ഈന്തപ്പഴത്തിന്‍റെ പുതിയ ഔഷധ മൂല്യങ്ങള്‍ വെളിച്ചത്ത് വന്നു കൊണ്ടിരിക്കുന്നു. വിറ്റാമിനുകളുടെ കലവറയായ ഈന്തപ്പഴത്തില്‍, വിറ്റാമിന്‍-എ,വിറ്റാമിന്‍-ബി,വിറ്റാമിന്‍-കെ,വിറ്റാമിന്‍-ബി6,തയാമിന്‍,നിയാസിന്‍,റിബോഫ്ഇവിന്‍ തുടങ്ങിയ വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു.

വൈദ്യലോകത്ത് എണ്ണമറ്റ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഒന്നാന്തരം മരുന്നായിട്ടാണ് ഈന്തപ്പഴത്തെ പരിഗണിക്കുന്നത്. മലബന്ധം മൂലമുള്ള പ്രശ്നങ്ങള്‍,വൃക്ക രോഗം,രക്ത സമ്മര്‍ദം,വിഷ ബാധ തുടങ്ങിയ രോഗങ്ങളെ ഈന്തപ്പഴം പ്രതിരോധിക്കുന്നു. മസിലുകള്‍ക്കും പേശികള്‍ക്കും ഉറപ്പു നല്‍കുന്ന ഈന്തപ്പഴം ഗര്‍ഭ പാത്ര വികസനത്തിന് സഹായകമാകുന്നു. അക്കാരണത്താല്‍ സുഖപ്രസവത്തിനു വഴിയൊരുക്കുന്ന പഴമത്രെ ഈന്തപ്പഴം. മര്‍യം ബീവി(റ) ഈസാ നബി(അ)നെ പ്രസവിക്കുന്ന ചരിത്രം ഖുര്‍ആന്‍ ഇങ്ങനെ പറയുന്നുണ്ട്.’ അങ്ങനെയവര്‍ ഗര്‍ഭം ധരിക്കുകയും ദൂരെയൊരിടത്ത് കഴിയുകയുമുണ്ടായി. പ്രസവനോവ് അവരെ ഒരു ഈന്തമരത്തിനടുത്തെത്തിച്ചു. മര്‍യം സങ്കടപ്പെട്ടു: ഇതിനുമുമ്പുതന്നെ ഞാന്‍ മരണപ്പെടുകയും വിസ്മൃത കോടിയിലാവുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!
താഴ്ഭാഗത്തുനിന്നൊരാള്‍ തത്സമയമവരെ വിളിച്ചുപറഞ്ഞു: ദുഃഖിക്കേണ്ട നിങ്ങളുടെ രക്ഷിതാവ് താഴെ ഒരു അരുവിയുണ്ടാക്കിയിരിക്കുന്നു! ഈന്തമരം അടുത്തേക്ക് പിടിച്ചുകുലുക്കുക; അത് പാകമായ പഴം വീഴ്ത്തിത്തരും. അങ്ങനെ പഴം ഭുജിക്കുകയും ജലപാനം നടത്തുകയും ആഹ്ലാദ നിര്‍ഭരയാവുകയും ചെയ്യുക.’
വിറ്റാമിന്‍-എ,വിറ്റാമിന്‍-സി എന്നിവ ധാരാളം അടങ്ങിയ കാരണത്താല്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നു. കുട്ടികളുടെ ബുദ്ധി വികാസത്തിന് ഇത് ഉപകാരപ്പെടുന്നു. ‘മരുന്നില്ലാതെ ഒരു രോഗവും അല്ലാഹു ഇറക്കിയിട്ടില്ല'(ബുഖാരി)

ആഗോള വിപണിയിലെ ഈന്തപ്പഴം

മിഡിലീസ്റ്റിലെയും വടക്കനാഫ്രിക്കയിലെയും പല രാജ്യങ്ങളുടെ സാമ്പത്തിക നില ഭദ്രമാക്കുന്നത് ഈന്തപ്പഴ വാണിജ്യമാണെന്ന് പറയാം. ഈ രാജ്യങ്ങളില്‍ നിന്നാണ് ആഗോള വ്യാപാര കയറ്റുമതിയുടെ 77% വും നടക്കുന്നത്. 321,000 ടെണ്‍ ഈന്തപ്പഴം കയറ്റുമതി ചെയ്യുന്ന ഇറാഖാണ് കയറ്റുമതിയില്‍ മുന്നില്‍ നില്‍ക്കുന്നത്. 276,000 ടെണ്ണുമായി യു.എ.ഇയും 209,000 ടെണ്ണുമായി ഇറാനും അടുത്ത സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. 227 മില്യണ്‍ ഡോളര്‍ നേടിയ ടുണീഷ്യയാണ് ഈന്തപ്പഴ കയറ്റുമതിയിലൂടെ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയ രാജ്യം. ആഗോള കയറ്റുമതിയുടെ 16% ലാഭമാണിത്. 206 മില്യണ്‍ ഡോളര്‍ നേടിയ ഇറാന്‍,160 മില്യണ്‍ ഡോളര്‍ നേടിയ യു.എ.ഇ,142 മില്യണ്‍ ഡോളര്‍ നേടിയ സഊദി അറേബ്യ എന്നീ രാജ്യങ്ങള്‍ അടുത്ത സ്ഥാനങ്ങള്‍ പങ്കിടുന്നു. ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ ഊന്തപ്പഴം ഇറക്കുമതി ചെയ്യുന്ന രാജ്യം.

ആഗോള ഉല്‍പാദനത്തിന്‍റെ 17 % ഉല്‍പാദിപ്പിക്കുന്ന ഈജിപ്താണ് ഈന്തപ്പഴ ഉല്‍പാദത്തില്‍ മുന്നില്‍.15 % ഉല്‍പാദിപ്പിച്ച് ഇറാന്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 14 % ഉല്‍പാദിപ്പിച്ച് സഊദി അറേബ്യ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. റമളാന്‍ മാസമാണ് ഈന്തപ്പഴ വിപണിയുടെ മാസം. ഗുണവും രുചിയുമനുസരിച്ച് മുന്നൂറിലധികം ഇനം ഈന്തപ്പഴം ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. മദീനയില്‍ മാത്രം കായ്ക്കുന്ന അജ്വയാണ് ഇവയില്‍ ഏറ്റവും രുചിയേറിയതും വിലയേറിയതുമായ ഈന്തപ്പഴം. രണ്ട് ദിര്‍ഹം മുതല്‍ രണ്ടായിരത്തഞ്ഞൂര്‍ ദിര്‍ഹം വരെ വില വരുന്ന ഈന്തപ്പഴങ്ങളുണ്ട്. ഖള്ളാസ് ഈന്തപ്പഴമാണ് അറബ് നാടുകളില്‍ ഏറ്റവും പ്രിയമേറിയ ഇനം. മലയാളികള്‍ക്ക് പ്രിയമേറിയത് ഫര്‍ദ് എന്ന് ഇനത്തിനും. ഷാര്‍ജയിലെ സൂക് അല്‍ ജബൈല്‍ ലോകത്ത് തന്നെ അറിയപ്പെട്ട ഈന്തപ്പഴമാര്‍ക്കറ്റാണ്.

ഈന്തപ്പഴത്തിലും അധിനിവേശം കാണുന്നവര്‍

ഈന്തപ്പഴം കൊണ്ടു നോമ്പ് തുറക്കല്‍ ഉത്തമമെന്ന് നബി വചനം. നാളികേരത്തിന്‍റെ നാട്ടുകാരായ നമ്മള്‍ നാളികേരത്തിന്‍റെ ഒരു പൂള് കൊണ്ട് നോമ്പ് തുറന്നാല്‍ മതിയെന്ന് കേരളത്തിലെ ചിലര്‍ വിളിച്ച് കൂവുന്നു. പ്രവാചകന്‍ ജനിച്ചതും ജീവിച്ചതും ഈന്തപ്പനയുടെ നാട്ടിലായത് കാരണം ഈന്തപ്പഴം കൊണ്ടു നോമ്പ് തുറന്നു. പ്രാവാചകന്‍ കേരളത്തിലായിരുന്നുവെങ്കില്‍ നാളികേരം കൊണ്ട് നോമ്പ് തുറക്കുമായിരുന്നു. നമ്മുടെ ഭക്ഷണ മേശയില്‍ ഈന്തപ്പഴം അറേബ്യന്‍ അധിനിവേശത്തിന്‍റെ സൃഷ്ടിയാണെന്നും ബ്രിട്ടീഷ്, ഫ്രഞ്ച് അധിനിവേശത്തെ ചെറുത്ത പോലെ അറേബ്യന്‍ അധിനിവേശത്തെയും ചെറുക്കണമെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. ഇസ്ലാമിനെതിരെ ‘ഒളിയമ്പയ്തുക’ എന്ന ലക്ഷ്യം മാത്രമേ ഇക്കൂട്ടര്‍ക്കുള്ളൂ. അവര്‍ക്ക് ഇസ്ലാമിനെക്കുറിച്ച് എന്തറിയാം?. ഇസ്ലാമിക ശരീഅത്തിന്‍റെ ‘ആത്മാവിനെ’ മനസ്സിലാകാത്ത ഇക്കൂട്ടരുടെ മാതൃക ‘സമുദായ പരാജയി’ ഇബ്നു വൈന്‍ദിയാണ്. തിരുനബിയുടെ വാക്കുകളുടെ പൊരുളറിയാതെ അയാള്‍ മാലോകരോട് വിളിച്ച് കൂവുകയുണ്ടായി. ‘വഴുതനങ്ങ ഭക്ഷിച്ചവന്‍ സ്വര്‍ഗത്തിലത്രെ’. എല്ലാ കാര്യത്തിലും ഇസ്ലാമിക നിയമങ്ങള്‍ക്കപ്പുറം ശാസ്ത്രീയ സത്യത്തെ ചികഞ്ഞന്വേഷിക്കുന്ന ഇവര്‍ ഈന്തപ്പഴത്തിന്‍റെ കാര്യത്തില്‍ അധിനിവേശം പറയുന്നു. എല്ലാ രോഗത്തിന് മരുന്നുണ്ടങ്കിലും ഇവരുടെ രോഗത്തിന് മരുന്നില്ല. ‘തൊട്ടുരുമ്മിയുള്ള വിവിധ കാണ്ഡങ്ങള്‍ ഭൂമിയിലുണ്ട്. മുന്തിരിത്തോട്ടങ്ങളും വ്യത്യസ്ത കൃഷികളും ഒറ്റയായും കൂട്ടമായും വളരുന്ന ഈത്തപ്പനകളുമുണ്ട്. ഇവയൊക്കെ നനക്കപ്പെടുന്നത് ഒരേ ജലംകൊണ്ടാണെങ്കിലും ചിലതിന്‍റെ രുചി മറ്റുചിലതിനെക്കാള്‍ നാം വിശിഷ്ടമാക്കുന്നു. ചിന്തിക്കുന്നവര്‍ക്ക് നിശ്ചയമായും ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.'(വി.ഖു).