കണ്ണാടി കാണാത്ത കാഴ്ചകൾ

2213

കുറച്  കാലമായി മലയാളി കേട്ടുകൊണ്ടേയിരിക്കുന്ന പദം. മനുഷ്യന്‍ എന്താണ്, ആരാണ്, അവന്റെ സവിശേഷഗുണങ്ങള്‍ എന്തെല്ലാമാണ്, എന്ത് കൊണ്ടാണ് മനുഷ്യന്‍ പലതരത്തില്‍ പെരുമാറുന്നത് തുടങ്ങിയ അനേകം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള മനശ്ശാസ്ത്രപരമായ ശ്രമമാണ് വ്യക്തിത്വവികസനം എന്ന പദം അര്‍ത്ഥമാക്കുന്നത്. 
വ്യക്തി; അര്‍ത്ഥവ്യാപ്തി ഏറെയുള്ള പദമാണ്. മനുഷ്യനെന്ന അത്ഭുതങ്ങളുള്ള ജീവിയെ പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്ത് പോരുന്ന ആധുനികമനശ്ശാസ്ത്രം മനുഷ്യനെ മനസ്സിലാക്കുന്നതില്‍ വലിയ ഒരു അളവോളം വിജയിച്ചിട്ടുണ്ട്. സൈദ്ധാന്തികമായി മനുഷ്യന്‍ എന്ത് കൊണ്ട് ഓരോ തരത്തില്‍ പെരുമാറുന്നു എന്ന് വിശദീകരിക്കാനാണ് അവര്‍ ശ്രമിച്ചത്. മതമാകട്ടെ സിദ്ധാന്തങ്ങളുടെ അകമ്പടി ഇല്ലാതെ തന്നെ മനുഷ്യനെ വിശദീകരിച്ചു. അവന്റെ നന്മയുടേയും തിന്മയുടേയും കാരണം വിശദമാക്കുകയും ചെയ്തു. പലപ്പോഴും വ്യക്തിയുടെ മതപരമായ വിശ്വാസത്തെ ഊതിക്കാച്ചിയെടുത്താല്‍ പല പ്രയാസങ്ങളില്‍ നിന്നും അയാള്‍ക്ക് രക്ഷനേടാന്‍ സാധിക്കുന്നതായി കാണാം. 
ഈ ഒരു സാധ്യതയെ, പ്രശ്‌നം പരിഹരിക്കാന്‍ കഴിയുക എന്ന മനശ്ശാസ്ത്രപരമായ സാധ്യതയെ ലോകം എല്ലാ കാലത്തും ആരാധനയോടെ കണ്ടിട്ടുണ്ട്. ഹിപ്‌നോട്ടിസവും അതിന്റെ പൂര്‍വരൂപമായ മെസ്മറിസവും എല്ലാം പ്രാക്ടീസ് ചെയ്യുന്നവര്‍ക്ക് പൊതുസമൂഹത്തില്‍ വലിയ അംഗീകാരം ലഭിച്ച് പോന്നു. കൗണ്‍സിലിങ് ഒരു വലിയ പരിഹാരമായി രൂപപ്പെട്ട് വന്നപ്പോഴും ഹിപ്‌നോടിസം ചെയ്യലാണ് മനശ്ശാസ്ത്രം എന്ന തരത്തിലാണ് ആളുകള്‍ കാര്യങ്ങളെ കണ്ടത്. 
ആധുനികമനശ്ശാസ്ത്രം പടിഞ്ഞാറന്‍ നാടുകളില്‍ കൂടുതല്‍ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും വിധേയമായി. അക്യുപങ്ചര്‍ പോലെയുള്ള ജീവിതശൈലീപരമായ ചികിത്സാരീതികളെ ആഗോളതലത്തില്‍ ജനകീയമാക്കുന്നതില്‍ ഇവരുടെ പഠനങ്ങള്‍ വലിയ പങ്ക് വഹിച്ചു. ചൈനയുടെ ഇരുമ്പുമറക്കുള്ളില്‍ നിന്ന് അക്യുപങ്ചറും അക്യുപ്രഷറും എല്ലാം പുറത്തെത്തിച്ചത് പാശ്ചാത്യരായ അന്വേഷകരായിരുന്നു. 
ആധുനികവിദ്യാഭ്യാസത്തിന്റെ പ്രായോജകരും പ്രയോക്താക്കളും പാശ്ചാത്യരായത് കൊണ്ട് തന്നെ മറ്റെല്ലാ അറിവുകളെയും പോലെ മനശ്ശാസ്ത്രത്തെയും അവര്‍ പാശ്ചാത്യവത്കരിച്ചു. അത് തന്നെ വലിയ ഒരു പഠനശാഖയായി രൂപപ്പെട്ടു. മനശ്ശാസ്ത്ര പഠനത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും ഗവേഷണപഠനവും രൂപപ്പെട്ടു. വിവിധതരം കൗണ്‍സിലിങ് ടൂളുകള്‍ വികസിപ്പിക്കപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയെന്നോണം ന്യൂറോലിങ്വിസ്റ്റിക് പ്രോഗ്രാമിങ് പോലെയുള്ള(എന്‍ എല്‍ പി) മനശ്ശാസ്ത്രസങ്കേതങ്ങള്‍ വികസിപ്പിക്കപ്പെട്ടു. മെന്റലിസം, ട്രാന്‍സാക്ഷണല്‍ അനാലിസിസ്, എനിയഗ്രാം തുടങ്ങിയവയും ജനപ്രിയമായി മാറി. ഇതില്‍ എനിയഗ്രാം അഫ്ഗാനിസ്ഥാനില്‍ നിന്ന് യൂറോപ്യന്‍ പകര്‍ത്തിക്കൊണ്ട് പോവുകയാണുണ്ടായത് എന്ന് അനേകം യൂറോപ്യന്‍ ഗ്രന്ഥകാരന്മാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. 
ഭാരതീയമായ മനശ്ശാസ്ത്രമേഖല മഹര്‍ഷിമാരിലും സൂഫികളിലും ഒതുങ്ങിക്കൂടി. സൂഫിമാരുടെ കാര്യത്തില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയത നേടി. മഹര്‍ഷിമാരാകട്ടെ ജനകീയതയെക്കാള്‍ ഏകാന്തത തേടി പോവുകയും ചെയ്തു. മിസ്റ്റിക് ചിന്താധാരകളില്‍ ഭാരതീയമനശ്ശാസ്ത്രം ആധുനികലോകത്തേക്ക് കൈമാറ്റം ചെയ്യപ്പെടാതിരുന്നതിന്റെ കാരണം വേദങ്ങളടക്കമുള്ള മതപ്രമാണങ്ങള്‍ സാധാരണജനങ്ങള്‍ക്കിടയില്‍ ഇല്ലായിരുന്നു എന്നതാണ്. 
ഏതായാലും ഇന്ന് സ്ഥിതിയൊക്കെ മാറി. കിഴക്ക് നിന്ന് വന്നവയും പടിഞ്ഞാറ് നിന്ന് വന്നവയും കടല്‍ കടത്തി കൊണ്ട് പോയവയും എല്ലാം ചേര്‍ത്ത് മനശ്ശാസ്ത്രമേഖലയില്‍ ഒരു ചാകരക്കാലമാണ് ഇപ്പോള്‍. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാവുന്ന ദുരവസ്ഥയിലേക്കാണ് ആധുനികകേരളത്തിലെ ഇത്തരം അഭിനവമനശ്ശാസ്ത്രവിദഗ്ദര്‍ പരിണമിച്ചിരിക്കുന്നത്. മറ്റു മതസ്തരെയും ഇസങ്ങളെയും സമൂഹങ്ങളെയും മനശ്ശാസ്ത്രവും വ്യക്തിവികസനമന്ത്രങ്ങളും എങ്ങനെ ബാധിച്ചു എന്നത് ഈ കുറിപ്പുകളുടെ വിഷയമല്ല. ഇസ്‌ലാമികസമൂഹത്തില്‍ ഇവ എന്ത് മാറ്റമാണ് വരുത്തിയത് എന്ന് മാത്രമേ അന്വേഷിക്കേണ്ടതുള്ളൂ. 
എന്‍ എല്‍ പി, എനിയഗ്രാം എന്നിവയാണ് ഇപ്പോള്‍ മുസ്‌ലിംകള്‍ക്കിടയില്‍ ട്രെയിനര്‍ എന്ന പേരില്‍ അറിയപ്പെടുന്നവര്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട സങ്കേതങ്ങള്‍. ഇത്തരം കാര്യങ്ങള്‍ പഠിക്കാന്‍ പരിശീലകര്‍ വലിയ തുക മുടക്കുന്നു. പിന്നീട് അത് പരിഹാരത്തിനായി ഉപയോഗിക്കുക എന്നതിനപ്പുറം അതൊരു കോഴ്‌സ് രൂപത്തിലേക്ക് മാറ്റി അവരും പഠിപ്പിക്കുന്നവരായി മാറുന്ന രസകരമായ കോമാളിക്കളിയാണ് ഇപ്പോള്‍ അരങ്ങേറുന്നത്. 
കരിയര്‍ ഗൈഡന്‍സ്, കരിയര്‍ മാപ്പിങ്ങ്, പെഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ് തുടങ്ങി പല തരം കാര്യങ്ങള്‍ ഈ മേഖലയിലുണ്ട്. ഈ രംഗത്തെ ശരിയായി പ്രാവീണ്യം നേടിയവര്‍ ചെയ്യുന്ന കൗണ്‍സിലിങ്ങോ, അധ്യാപനമോ തെറ്റാണ് എന്നും അതെല്ലാം നിര്‍ത്തിവെക്കണമെന്നും ഈ പറഞ്ഞതിന് അര്‍ത്ഥമില്ല. എന്നാല്‍ വാ തോരാതെ സംസാരിക്കാന്‍ അറിയാം എന്നത് മാത്രമാണ് പല പരിശീലകരുടേയും അവസ്ഥ. മാര്‍ഗ്ഗദര്‍ശനം എന്നാണ് ഗൈഡന്‍സ് എന്ന പദത്തിനര്‍ത്ഥം. സ്വന്തം ജീവിതത്തിന് പോലും ദര്‍ശനപുണ്യങ്ങളുടെ ദിശാബോധം ഇല്ലാത്തവര്‍ എങ്ങനെയാണ് മറ്റുള്ളവരുടെ ജീവിതത്തിന് വഴി കാണിച്ച് കൊടുക്കുക. 
പത്താം തരത്തില്‍ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ പെണ്‍കുട്ടി വഫിയ്യ പഠനത്തിന് ചേരുന്നു. കോഴ്‌സ് അല്പം പ്രയാസകരമായതിനാല്‍ പരിഹാരം തേടി കുട്ടിയും കുടുംബവും കരിയര്‍ ഗുരു എന്ന് സ്വയം പരിചയപ്പെടുത്തുന്ന തറവാട്ടുവക ചാനലിലൊക്കെ കരിയര്‍ വിളമ്പുന്നയാളെ സമീപിക്കുന്നു. നിന്നെ പോലെ ബുദ്ധിയുള്ളവരൊക്കെ ഈ കോഴ്‌സ് പഠിച്ചിട്ട് എന്ത് കാര്യം? നീ അത് നിര്‍ത്തി എഞ്ചിനീയറിങ്ങിനോ, മെഡിസിനോ ശ്രമിക്കാത്തതെന്ത് എന്നായി ഗുരു. താന്‍ വന്നത് കോഴ്‌സ് മാറാനല്ല പഠിക്കാനുള്ള ടിപ്‌സ് തേടിയാണ് എന്ന് പെണ്‍കുട്ടി. പല കരിയര്‍ ഗുരുക്കന്മാരുടേയും അവസ്ഥ ഇതാണ്. പഠിച്ച പാട്ട് ആവര്‍ത്തിച്ച് പാടുക. അതിനപ്പുറത്തേക്ക് സമൂഹത്തില്‍ വരുന്ന മാറ്റങ്ങളോ മതവിദ്യാഭ്യാസമേഖലയില്‍ വന്ന നവജാഗരണങ്ങളോ കാണാനാകാത്ത പലരുമുണ്ട്. ഇപ്പോഴും ജൂനിയര്‍ ശരീഅത്ത് കോളേജില്‍ പോകുന്നതിനെയോ വാഫിക്കോ ഹുദവിക്കോ പഠിക്കുന്നതിനെയോ ഒക്കെ പരിഹസിക്കുന്ന കരിയര്‍ ഗുരുക്കന്മാരുണ്ട്. ഇന്നതെ മതപണ്ഠിതന്‍ ചെന്നെത്തിയ ഉയരങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലാത്തവര്‍. ഇവരൊക്കെ മുസ്‌ലിംകളും ഒരു വേള സുന്നികളും തന്നെയാണ് എന്നത് പരിഹാസ്യവും ചിലപ്പോഴൊക്കെ സങ്കടകരവുമാണ്. വഫിയ്യക്ക് പോയ പെണ്‍കുട്ടിയുടെ കാര്യത്തില്‍ ആള്‍ സുന്നിയല്ലായിരുന്നു എന്ന് മാത്രം. 
ഇത് തന്നെയാണ് വ്യക്തിത്വവികസനക്കാരും വില്പനക്ക് വെക്കുന്നത്. പഠിച്ച് വെച്ച പാഠങ്ങള്‍ നിറം മാറ്റിയും മാറ്റാതെയും ആവര്‍ത്തിച്ച് ഉരുവിട്ട് കൊണ്ടിരിക്കുക. ഒരു പ്രമുഖ പുസ്തകപ്രസാധകനുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞത് ആളുകള്‍ ഇപ്പോള്‍ വാങ്ങുന്നതെല്ലാം സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങളാണ്. മനശ്ശാസ്ത്രകൃതികളും എന്‍ എല്‍ പി തരത്തിലുള്ള പുസ്തകങ്ങളുമാണ് സെല്‍ഫ് ഹെല്‍പ് എന്ന ഇനത്തില്‍ പെടുന്നത്. അല്ലാത്ത പുസ്തകങ്ങള്‍ക്ക് മാര്‍കറ്റില്ല. ഇവിടെയാണ് ശരീരത്തിന് വരുന്ന രോഗങ്ങള്‍ക്ക് വ്യാജഡോക്ടറില്‍ നിന്ന് ഇംഗ്ലീഷ് മരുന്ന് വാങ്ങി കുടിക്കുന്നത് എത്ര ദോഷകരമാണോ അതിനെക്കാള്‍ ദോഷകരമാണ് മനസ്സിന് അവിദഗ്ദരുടെ അടുത്ത് നിന്ന് ഉപദേശം സ്വീകരിക്കുന്നത്. 
സാത്വികരായ ഉസ്താദുമാരെ പോലും എന്‍ എല്‍ പിയുടെയൊക്കെ പേരില്‍ പരിശീലനസമയത്ത് ചാടിച്ചും പാട്ടുപാടിച്ചും ഉറക്കെ അലറിവിളിപ്പിച്ചും എന്ത് മാറ്റമാണ് നമ്മള്‍ ഈ സമുദായത്തില്‍ ഉണ്ടാക്കാന്‍ പോകുന്നത്. 30000 വാട്ടിന്റെ ബോക്‌സുകളുപയോഗിച്ച് ഇടക്കാലത്ത് കത്തിപ്പടര്‍ന്ന വഅള് വിപ്ലവം പോലെ തൊലിപ്പുറമേ മാത്രം ഉണ്ടാകുന്ന ഈ മാറ്റത്തിന് ആരെങ്കിലുമൊക്കെ അങ്ങേകര കാണിക്കേണ്ടതല്ലേ? പണ്ഠിതന്മാരും സയ്യിദന്മാരും ഔലിയാക്കളും അടങ്ങുന്ന പൂര്‍വ്വസൂരികള്‍ എന്‍ എല്‍ പി പഠിപ്പിച്ച് കൊണ്ടല്ല തര്‍ബിയ്യത് കൊണ്ട് വന്നത്. 
എന്നാല്‍ ഇത്തരം അറിവുകള്‍ക്ക് തീരെ പ്രസക്തിയില്ല എന്ന് ആരും വിചാരിക്കരുത്. ഓരോ അറിവിനും അതിന്റേതായ പ്രാധാന്യം ഉണ്ടല്ലോ. എന്നാല്‍ ആ അറിവ് മാത്രമാണ് രക്ഷയുടെ ഏക മാര്‍ഗ്ഗം എന്ന് മുസ്‌ലിം തന്നെ പ്രചരിപ്പിച്ചാല്‍? എന്‍ എല്‍ പിയുടേയും എനിയഗ്രാമിന്റെയും ഒക്കെ പരിശീലകര്‍ നല്‍കുന്ന പരസ്യം കേട്ടാല്‍ ഈ ജാതി കോഴ്‌സുകള്‍ പഠിച്ചാല്‍ ഉടനെ ആ ആളുടെ ജീവിതം മാറുമെന്നും വലിയ മാറ്റം ഉണ്ടാകുമെന്നുമാണ്. സത്യത്തില്‍ അങ്ങനെ സംഭവിക്കുന്നില്ല എന്ന് മാത്രമല്ല പലപ്പോഴും ജീവിതത്തില്‍ കഴിഞ്ഞ് പോയ ഒരിക്കല്‍ മറന്ന കാര്യങ്ങളെല്ലാം ഓര്‍മ്മിച്ച് ആളുകള്‍ കുഴപ്പത്തില്‍ ചെന്ന് ചാടാനുള്ള സാധ്യതയും കൂടുതലാണ്. ഖുര്‍ആന്‍ പറയുന്നത് ദിക്‌റുകള്‍ ആത്മശാന്തി നല്‍കുമെന്നാണല്ലോ. നല്ല മനുഷ്യര്‍ ഖുര്‍ആനിനെയും ദിക്‌റുകളെയും ചികിത്സക്ക് ഉപയോഗിക്കുന്നു. സമൂഹത്തിന് അത് ഉപകാരപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ മുസ്‌ലിംകള്‍ക്കിടയില്‍ പടര്‍ന്ന് പിടിച്ചിരിക്കുന്ന ആധുനികമനശ്ശാസ്ത്രസങ്കേതങ്ങളോടുള്ള അമിതഭ്രമം യഥാര്‍ത്ഥദീനിനെ മനസ്സില്‍ നിന്ന് അകറ്റാനേ ഉപകരിക്കൂ എന്നതാണ് സത്യം. ഇവിടെയാണ് സത്യധാര ഇടപെടുന്നത്. എന്നും സമൂഹത്തിന് നേര്‍ക്ക് തിരിച്ച് വെച്ച കണ്ണാടി എന്ന നിലയില്‍ എനിയഗ്രാം, എന്‍ എല്‍ പി, ഹിപ്‌നോടിസം തുടങ്ങിയ പുരാതനവും നവീനവുമായ മനശ്ശാസ്ത്രസങ്കേതങ്ങള്‍ എന്താണ് എന്ന് പൊതുജനങ്ങള്‍ക്ക് പഠിക്കാവുന്ന തരത്തില്‍ അവതരിപ്പിക്കപ്പെടുന്നു. അവ വലിയ പണം മുടക്കി പഠിക്കേണ്ടതല്ല എന്നും നിത്യജീവിതത്തില്‍ ഇടക്കൊക്കെ ഉപയോഗിക്കാവുന്ന കാര്യങ്ങള്‍ മാത്രമാണ് എന്നും മനസ്സിലാക്കുക. അര്‍ഹിക്കുന്ന പ്രാധാന്യമേ അവയ്ക്കുള്ളൂ എന്നും തിരിച്ചറിയുക.