വര്‍ഗീയതയുടെ വൈറസ് ബാധ

1807

സത്താര്‍ പന്തല്ലൂര്‍

ലോകമാകെ കൊറോണ വൈറസ് ഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ്. എങ്ങനെ ഈ മഹാവ്യാധിയെ കൈകാര്യം ചെയ്യുമെന്ന് ചിന്തിച്ചും ചര്‍ച്ച ചെയ്തും പ്രതിരോധത്തിന്റെ പുത്തന്‍ വഴികള്‍ തേടുകയാണ് ലോകം. എന്നാല്‍, ഇന്ത്യയില്‍ കാര്യങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. രോഗഭീതി മാറുന്നതു വരെ എല്ലാവരും വാതിലടച്ചു വീട്ടിലിരുന്നോളൂ എന്ന് ആഹ്വാനം ചെയ്തും ലേക്ഡൗണ്‍ പ്രഖ്യാപിച്ചും പിന്മാറിയ ഭരണകൂടം, മറുവശത്തു കൂടി ന്യൂനപക്ഷ വേട്ടയ്ക്കും ഇസ് ലാമോഫോബിയയുടെ പ്രസരണത്തിനും തുടക്കക്കമിടുകയാണ്.

അതിന്റെ ഭാഗമാണ് ഇന്ത്യയില്‍ കൊറോണ പരത്തിയത് മുസ് ലിംകളാണ് എന്ന യു.പി മുഖ്യമന്ത്രി യോഗി ആഥിത്യനാഥിന്റെ പ്രസ്താവന. ഡല്‍ഹി കലാപത്തിലെ കുറ്റവാളികളെ പിടിക്കാനെന്ന വ്യാജേന വിവിധ സര്‍വകലാശാലകളിലെ മുസ് ലിം വിദ്യാര്‍ഥികളെ വ്യാപകമായി അറസ്റ്റ് ചെയ്യുന്ന കേന്ദ്രഭരണക്കാരുടെ ചെയ്തി. കലാപത്തിനു കാരണക്കാരെന്ന് പറഞ്ഞു, ഗര്‍ഭിണിയായി ഒരു സഹോദരയിയെ ജയിലില്‍ ഏകാന്തമായി തടവിനിട്ടിരിക്കുന്ന ക്രൂര കൃത്യം. ഇത്തരം കാര്യങ്ങളില്‍ ഭരണകൂടം കാണിക്കുന്ന ഇരട്ടത്താപ്പ് നയത്തിനെതിരെ പ്രതികരിച്ച ഡല്‍ഹി ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കം…. ഇതെല്ലാം നടക്കുന്നത് രാജ്യം മഹാവ്യാധിയുടെ ഭീതിയില്‍ വാതിലടച്ചു വീട്ടിലിരിക്കുമ്പോഴാണെന്ന് ഓര്‍ക്കണം. അഥവാ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഏര്‍പ്പെടുന്ന വേളയില്‍, ചുളുവിലൂടെ മുസ് ലിം ഉന്മൂലനം നടത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ തന്നെ നടക്കുന്നത് എന്ന് സംശയിക്കും വിധമാണ് രാജ്യം ഭരിക്കുന്നവരുടെ പോക്ക്.

ഇന്ത്യയെന്ന അതി മഹത്തായ ഒരു രാജ്യത്തിന്റെ പൈതൃകത്തിനും പാരമ്പര്യത്തിനും എതിരാണ് ഇത്തരം നീക്കങ്ങള്‍. അന്താരാഷ്ട്ര സമൂഹത്തില്‍ ഈ രാജ്യത്തെ കുറിച്ചുള്ള മതിപ്പ് ഇല്ലാതാക്കാനേ ഈ വെറുപ്പിന്റെ വൈറസും പേറിയുള്ള ഈ ഭരണം ഉപകരിക്കൂ. ഡല്‍ഹി കലാപത്തില്‍ മുസ് ലിംകളാരും കുറ്റം ചെയ്തില്ലെന്ന് മുന്‍വിധിയോടെ പറയാന്‍ ഞങ്ങളില്ല. മറ്റുള്ളവരെ പോലും മുസ് ലിംകളിലും വൈകാരികതക്ക് അടിപ്പെട്ടുപോയവര്‍ പ്രതികരിച്ചിട്ടുണ്ടാവാം. സമഗ്രവും സ്വതന്ത്രവുമായ അന്വേഷണത്തിലൂടെ പുറത്തു വരേണ്ട കാര്യമാണത്. അതിനു നീതിയുടെ പക്ഷത്തുനിന്നുള്ള വിധിയും ശിക്ഷയും വരുന്നതിനു ആരും എതിരല്ല. സംഗതി ഏകപക്ഷീയമാവരുതെന്നു മാത്രം. വ്യാജവാര്‍ത്തകളിലൂടെ വിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ച അര്‍ണബ് ഗോസ്വാമിമാര്‍ക്ക് കൂടുതല്‍ ഇളവുകള്‍ കിട്ടിയ സമയമാണിതെന്ന് ഓര്‍ക്കണം. അതു കൊണ്ട് പൊതുസമൂഹം പ്രതികരിക്കേണ്ട സമയമാണിത്. രോഗ വൈറസിനോടെന്ന പോലെ വര്‍ഗീയ വൈറസിനോടും നമുക്ക് പോരാടാം