ഓൺലൈൻ ഫാനിടങ്ങൾ

2450

യുടൂബ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴി നിത്യേന നല്ല വരുമാനം ഉണ്ടാക്കുന്നവരുണ്ട്. പുതുമാധ്യമങ്ങളൊരുക്കിയ ജീവിതോപായങ്ങളെ നന്നായി ഉപയോഗപ്പെടുത്തുന്നവര്‍. പക്ഷേ, കൗതുകമല്ല, ഇവരുടെ പുതിയ ഉള്ളടക്കങ്ങള്‍ ആദ്യം കാണാന്‍, കമന്റു പറയാന്‍, മറുപടി കിട്ടാന്‍ കാത്തു കെട്ടിക്കിടക്കുന്ന നിരവധി പേരെ ഓണ്‍ലൈന്‍ ഉലകത്തില്‍ കാണാം.
പ്രവാസികളടക്കം സാന്നിധ്യം മാത്രം ആവശ്യമുള്ള, ഇടനേരങ്ങള്‍ ഏറെയുള്ളവരാണ് മിക്കപ്പോഴും ഓണ്‍ലൈനിടങ്ങളില്‍ ‘കട്ട ഫാനായി’ അവതരിക്കുന്നത്.
ഒരു വര്‍ഷം മുമ്പ് മാത്രം തുടങ്ങി, ഇന്ന് കത്തി നില്‍ക്കുന്ന കോമഡി വെബ് സീരിസിന്റെ ചുവടെ ഇത്തരക്കാരുടെ കളിയും ചിരിയുമാണ്. കഥാപാത്രങ്ങളെ ഇഷ്ടപ്പെടുന്നവര്‍ ലൈക്കടിക്കുക എന്ന് പറയാന്‍ ചിലര്‍ / കേട്ട മാത്രയില്‍ ലൈക്ക് ചാര്‍ത്താന്‍ മറ്റു ചിലര്‍.
ഒഴിവുവേളകള്‍ നമ്മുടെ പരീക്ഷണങ്ങളാണെന്നത് എത്ര സത്യമാണ്. ജോലി സംബന്ധമായും മറ്റും, നിത്യം ഏകാന്തത അനുഭവിക്കേണ്ടി വരുന്നവര്‍ക്ക് ഇവ നല്‍കുന്ന കൂട്ട് നിസ്തര്‍ക്കമാണ്, പക്ഷേ, ആള്‍ക്കൂട്ടത്തിലിരുന്ന് ഏകാന്തത മാത്രം തേടുകയും, അതില്‍ അഭിരമിച്ച് കയറുകയും ചെയ്യുന്നത് ഇത്തിരി കഷ്ടമാണ്.
ഇന്റര്‍നെറ്റ് ലഭ്യത ഇത്ര സജീവമല്ലാതിരുന്ന കാലത്ത്, മറ്റൊരു വാക്കില്‍ ജിയോ മൊബൈല്‍ കമ്പനി നിലവില്‍ വരികയും തുടക്കത്തിലേ ജി.ബി കണക്കിന് നെറ്റ് സൗകര്യം വാരി വിതറി , കേവലം നൂറും നൂറ്റമ്പതും എം ബി. സൂക്ഷിച്ച് ഉപയോഗിച്ച് നടന്നിരുന്ന ഇന്ത്യക്കാരുടെ ഉപയോഗ ശീലങ്ങളെ മാറ്റിപ്പണിയുന്നതിന് മുമ്പ് ഒഴിവ് വേളകള്‍ ഇപ്പോഴത്തേക്കാള്‍ ക്രിയാത്മകമായിരുന്നു.
നാട്ടിന്‍ പുറത്ത് കെട്ടിയുയര്‍ത്തി പാലൊഴുക്കുന്ന ബാനറുകള്‍ക്കപ്പുറം സദാ ലൈക്കടിച്ചും കമന്റുകള്‍ ചൊരിഞ്ഞും നടക്കുന്ന വെര്‍ച്ചല്‍ ഫാനിസമാണ് ചലച്ചിത്ര രംഗത്ത് കാണുന്നത്. സ്വന്തം ഇഷ്ടതാരത്തിന്റെ പടം വിജയിപ്പിക്കുന്നത് മാത്രമല്ല, എതിര്‍ താരങ്ങളുടെ ചലച്ചിത്രം ഡി ഗ്രേഡ് ചെയ്യുക കൂടി ദൗത്യമായെടുത്തിരിക്കുകയാണിവര്‍. രാഷ്ട്രീയാരാധനയുടെ മേച്ചില്‍പുറങ്ങള്‍ ഇതിനുമപ്പുറത്താണ്.
പൊളിറ്റിക്‌സ് 2.0 മാറിയ കാലത്ത് മാറ്റത്തോടെയുള്ള പ്രവര്‍ത്തനം ഓരോ മേഖലയിലുമുണ്ട്. പക്ഷേ, താനേ മറന്നുള്ള സമര്‍പ്പണങ്ങളാണ് നമ്മളെ അലക്ഷ്യരാക്കി ഒതുക്കുന്നത്.
വൈജ്ഞാനിക മേഖലയിലെ പ്രഗത്ഭരുടെ, വിവിധ വിഷയങ്ങളില്‍ ഒപ്പീനിയന്‍ ലീഡേഴ്‌സായി അഭിപ്രായ രൂപീകരണം നടത്താന്‍ ശേഷിയുള്ള വര്‍ത്തിക്കുന്നവരുടേതടക്കം പോസ്റ്റുകള്‍ സീ ഫസ്റ്റ് ഒപ്ഷന്‍ എന്നാണ് നാം ഓണാക്കുക. നേര്‍ജീവിതത്തിലെന്ന പോലെ ഓണ്‍ലൈന്‍ ജീവിതത്തിലും ഫോളോ ചെയ്യേണ്ടതാരെയെന്ന് ചിന്തിക്കുന്നവര്‍ക്കാണ് ലൈക്ക്.