ഓർമപ്പെയ്ത്തിന്റെ പുസ്തകം

2505

കേരളത്തിനു പുറത്ത്, വിശിഷ്യാ ഉത്തരേന്ത്യയില്‍ മലയാളം പഠിപ്പിക്കപ്പെടുന്ന അപൂര്‍വ സര്‍വകലാശാലകളിലൊന്നാണ് അലീഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി. പലയിടത്തും തുടങ്ങിയിടത്തു തന്നെ ഒടുങ്ങുകയും തുടങ്ങാനുള്ള ശ്രമങ്ങള്‍ ചുവപ്പു നാടകളില്‍ കെട്ടിക്കുടുക്കി തളച്ചിടുകയും ചെയ്തപ്പോള്‍, അഞ്ചു പതിറ്റാണ്ടിന്റെ പ്രൗഢമായ ചരിത്രവും സമ്പന്നമായ പാരമ്പര്യവും കൈമുതലാക്കി അലീഗഢിലെ മലയാളം അതിന്റെ ജൈത്രയാത്ര തുടരുകയാണ്. പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും ധീരമായ കഥകള്‍ പറയാനുണ്ടതിന്. കാലുഷ്യത്തിന്റെ കാര്‍മേഘങ്ങള്‍ക്കുമേല്‍, വിജയത്തിന്റെ മഴവില്‍ വിരിയിച്ച കനക പോരാട്ടത്തിന്റെ സുവര്‍ണ കഥകള്‍!. മലയാളത്തിന്റെ തെളിനീര്‍ തെളിമയോളം അലീഗഢിലെ മലയാളവും തിളങ്ങി വിളങ്ങി നില്‍ക്കുകയാണ്. അക്ഷര കൈരളിക്ക് ഭാസുരമായ ഭാവി കെട്ടിപ്പടുക്കാന്‍ പ്രാപ്തരായ നിരവധി വ്യക്തിത്വങ്ങളെയാണ് അത് സംഭാവന ചെയ്തിട്ടുള്ളത്. ആ പാതയില്‍, അഭംഗുരം പ്രയാണം തുടരുകയാണിന്നും. ഇത്രയും ബ്രഹത്തായ ചരിത്രവും സമ്പന്നമായ പൈതൃകവുമുള്ള അലീഗഢിലെ മലയാളം, അതര്‍ഹിക്കുന്ന രീതിയില്‍ ചരിത്രവത്കരണം നടത്തേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം, അതിനു മുന്നില്‍ നിന്ന് ത്യാഗം ചെയ്തവരോടും പോരാടിയവരോടും കാണിക്കുന്ന നീതികേടാവുമത്. 

അലീഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി വലിയ പോരാട്ടത്തിന്റെയും അത്യുജ്വലമായ ത്യാഗത്തിന്റെയും ബാക്കി പത്രമാണ്. കൊളോണിയല്‍ വിരുദ്ധ പോരാട്ടത്തിന്റെ പോര്‍നിലങ്ങളില്‍ അടരാടിയ മുസ്‌ലിം ന്യൂനപക്ഷം, വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കം നിന്നപ്പോള്‍, ആധുനിക വിദ്യാഭ്യാസത്തിലൂടെ ഇന്ത്യന്‍ മുസ്‌ലിംകളില്‍ നവോത്ഥാനത്തിന്റെ പൂത്തിരി കത്തിക്കാന്‍ സര്‍സയ്യിദ് അഹമ്മദ് ഖാന്‍ എന്ന മഹാമനീഷി കടന്നു വരുന്നു. വലിയ എതിര്‍പ്പുകളും ആക്ഷേപങ്ങളും കേട്ടിട്ടും, സര്‍ സയ്യിദ് തളരാതെ മുന്നോട്ടു പോയപ്പോള്‍, മറ്റൊരു ചരിത്രം പിറവിയെടുക്കുകയായിരുന്നു.
പ്രകാശം പരത്തി, ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ട അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി എന്ന വിജ്ഞാന നഗരിയിലെ ഓരോ വഴിയിലും ചരിത്രം മയങ്ങുന്നുണ്ട്. ബ്രിട്ടീഷ് വിരുദ്ധ നിലപാടുപേക്ഷിച്ച് സൗഹൃദപാത തേടിയ ഉപഭൂഖണ്ഡത്തിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ ആരംഭം ഇവിടെയായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം, ദേശീയ മുസ്‌ലിംകളുടെ വിഹാര കേന്ദ്രമായി. ഇന്ത്യന്‍ മുസ്‌ലിംകളുടെ ബൗദ്ധിക കേന്ദ്രമായി. ആധുനിക ഇന്ത്യയുടെ മുസ്‌ലിം നവോത്ഥാനത്തിന്റെ ദശയും ദിശയും മാറ്റിക്കുറിച്ച, മുസ്‌ലിം ഇന്ത്യയുടെ ചരിത്രത്തിലെ തിലകക്കുറിയായി തിളങ്ങി നില്‍ക്കുന്നു അലീഗഢ്. അലീഗഢ് എന്ന ചരിത്രത്തോടൊപ്പം അഞ്ചു പതിറ്റാണ്ടായി മലയാളവും ചേര്‍ന്ന് ഒഴുകുന്നു. ആ നദിയില്‍ നീരാടുകയും അതിന്റെ കരയില്‍ വെച്ച് ഭാവിയെക്കുറിച്ച് സ്വപ്നം കണ്ടവരുടെയും ഓര്‍മകള്‍ ചേര്‍ത്തു വെക്കുകയാണ് ‘അലീഗഢ് മലയാളം’ എന്ന കൃതി. അലീഗഢിലെ മലയാള പഠനത്തിന്റെ ചരിത്രസഞ്ചാര വഴികളും അതിന്റെ വളര്‍ച്ചയുടെ നാള്‍വഴികളും ഈ പുസ്തകം പങ്കു വെക്കുന്നു. അലീഗഢില്‍ അവര്‍ ജീവിച്ച, അവരില്‍ അലീഗഢ് തീര്‍ത്ത ജീവിതങ്ങളെ അക്ഷരങ്ങളിലേക്ക് പകര്‍ത്തുകയാണിവിടെ.
കൊഴിഞ്ഞു ചിതറുന്ന കാലങ്ങള്‍ പിന്നെ തിരിച്ചുവരില്ലെന്ന വേദന മനുഷ്യര്‍ക്കു മാത്രം അവകാശപ്പെട്ടതാണ്. ഓര്‍മ എന്ന പ്രതിഭാസത്തിനുപോലും കേന്ദ്രങ്ങള്‍ നഷ്ടപ്പെട്ട നമ്മുടെ കാലത്ത്, ഓര്‍മകള്‍ ചേര്‍ത്തു പിടിക്കാനുള്ള ശ്രമങ്ങള്‍ എന്തുകൊണ്ടും പ്രസക്തമാണ്. ഇവിടെയാണ് ‘അലിഗഢ് മലയാളം’ എന്ന കൃതി നമ്മുടെ കാലത്തെ അടയാളപ്പെടുത്തുന്നത്. അലീഗഢ് മുസ്‌ലിം യൂണിവേഴ്സ്റ്റിയിലെ മലയാള പഠനത്തിന്റെ ചരിത്രവും അതിന്റെ സ്വഭാവവും അന്വേഷിക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ‘അലീഗഢ് മലയാളം’ എന്ന കൃതി. ‘അലീഗഢ് മലയാളത്തിന്റെ നാള്‍വഴികള്‍’ എന്ന ആമുഖത്തോടെ തുടങ്ങുന്ന കൃതി, ചരിത്രത്തിന്റെ ഓരംചേര്‍ന്ന്, വര്‍ത്തമാനത്തിലേക്ക് ഒഴുകിപ്പരക്കുകയാണ്. ലേഖകന്മാരുടെ അനുഭവങ്ങളിലൂടെ ഇതള്‍ വിരിയുന്ന ചരിത്രം, സുഖമമായി വായിച്ചു പോകാം. അലീഗഢിനെ മലയാാളത്തിന് സുപരിചിതമാക്കിയ അലീഗഢിന്റെ കഥാകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളള, മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദു റബ്ബ്, ഡോ: പി.കെ അബ്ദുല്‍ അസീസ്, ഡോ: വി.കെ അബ്ദുല്‍ ജലീല്‍, ഡോ: വെള്ളായണി അര്‍ജുനന്‍, എം.എന്‍ കാരശ്ശേരി, ഡോ: ഉമര്‍ തറമേല്‍ തുടങ്ങിയ പ്രഗത്ഭരായ നിരവധി പേര്‍ അവരുടെ ഓര്‍മകള്‍ ചേര്‍ത്തു വെക്കുന്നു. വ്യത്യസ്ത കാലങ്ങളില്‍ അലീഗഢിനെ അടുത്തു നിന്നും വിദൂരത്തു നിന്നും നോക്കി കണ്ടവരാണ് ലേഖകര്‍ എന്നത് ഈ കൃതിയെ വേറിട്ടു നിര്‍ത്തുന്നു. പുസ്തകം കയ്യില്‍ കിട്ടിയപ്പോള്‍ കണ്ണുകള്‍ ആദ്യം പരതിയത് പുനത്തിലിനെയായിരുന്നു. അലിഗഢിനെ മലയാളത്തിന് പ്രിയപ്പെട്ടതാക്കിയത് പുനത്തിലിന്റെ അലീഗഢ് കഥകളായിരുന്നു. ‘തടവുകാരന്‍ വീണ്ടും’ എന്ന ഹെഡ്ഡിംഗ് അക്ഷരാര്‍ത്ഥത്തില്‍ എന്നെതന്നെ അടയാളപ്പെടുത്തുന്നതായിരുന്നു. അലീഗഢ് സത്യത്തില്‍ ഒരു തടവറയാണ്. ജീവിത യാത്രയില്‍ ഒരു നാടും ഹൃദയത്തില്‍ ഇത്ര വേഗത്തിലും ആഴത്തിലും സ്വാധീനം ചെലുത്തിയിട്ടില്ല. ഈ സ്‌നേഹത്തടവറ ഭേദിക്കാനാവില്ല എന്ന് ചുരുങ്ങിയ കാലത്തെ ഇവിടുത്തെ ജീവിതം നമുക്ക് മനസ്സിലാക്കിത്തരും. ആ സ്‌നേഹ സ്പര്‍ശത്തിന്റെ സ്മൃതികള്‍ സജലമാവുകയാണ് ഈ പുസ്തകത്തിലെ ഓരോ എഴുത്തുകളും. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അലിഗഢിലേക്ക് വന്ന അനുഭവമാണ് പുനത്തില്‍ പങ്കുവെക്കുന്നത്. വിദ്യാര്‍ത്ഥി ജീവിതത്തിന്റെ നല്ലൊരു പങ്കും ചെലവിട്ട തന്റെ യൗവ്വനത്തിന്റെ തുടിപ്പും മിടിപ്പും ആവാഹിച്ച മണ്ണില്‍, വിദ്യാര്‍ത്ഥി കാലത്ത് നിന്നും മാറിയ അലീഗഢിനെ വരച്ചിടുകയാണ് പുനത്തില്‍.
ഉത്തരേന്ത്യയിലെ ഗസല്‍ വഴികളെ കുറിച്ച് ശ്ലഥ ചിത്രങ്ങള്‍ നല്‍കുകയാണ് ഡോ: ഉമര്‍ തറമേലിന്റെ ‘ഓര്‍മയുടെ ഗസലുകള്‍’. മുഹര്‍റം മാസം ഉത്തരേന്ത്യയില്‍ ഗസലുകളാല്‍ മുഖരിതമാവും. ഉത്തരേന്ത്യന്‍ ജീവിതത്തിന്റെ ഭാവഹാവാദികളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന മാസ്മരികതയാണ് ഗസലുകള്‍. വരികളിലൂടെ വിചാര വികാരങ്ങളുടെ തിരതള്ളിക്കയറ്റമാണ്. ദൈവം കാമുകിയാവുന്ന സൂഫി ഭാഷയാണ് ഗസലുകള്‍. ‘ഇശ്‌ഖേ ഹഖീഖത്ത്’ എന്ന് ഉറുദുവില്‍ പറയും. ഹാഫിസിന്റെയും നിസാമിയുടെയും മറ്റും പേര്‍ഷ്യന്‍ ഗസലുകളില്‍ ഈ മുഹബ്ബത്തിന്റെ നീരൊഴുക്കാല്‍ സമൃദ്ധമാണ്. പ്രണയം ഒരു തീര്‍ത്ഥ ജലംപോലെ തീര്‍ത്ഥാടകനായ കാമുകന്‍ അതിന്റെ മരീചിക മാത്രം കാണുന്നു. അതാണ് ഗസല്‍. വിഭജനപൂര്‍വ ഭാരതത്തിന്റെ അനുരാഗവും അനന്തര ഭാരതത്തിന്റെ ദുരന്തവും ഗാലിബിന്റെ ഗസലുകളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഷാ സഫറിന്റെ രണ്ടു വരിയെങ്കിലും അറിയുന്നവര്‍ ഭാരതമെന്ന കാമുകിയുടെ അദൃശ്യമായ സ്‌നേഹത്തെ അറിയും. തുര്‍ക്കിഷ് സംവിധാകന്‍ ഫാതിഹ് അക്കിന്റെ ‘ക്രോസ്സിങ് ദ ബ്രിഡ്ജ്: ദ സൗണ്ട് ഓഫ് ഇസ്താംബൂള്‍’ എന്ന ഡോക്യൂമെന്റെറിയുടെ തുടക്കത്തില്‍ പറയുന്ന പോലെ കള ്യീൗ ംമി േീേ സിീം മ രശ്ശഹശ്വമശേീി ്യീൗ വെീൗഹറ ഹശേെലി ശെേ ാൗശെര, ാൗശെര രമി ൃല്‌ലമഹ ്യീൗ ല്‌ലൃ്യവേശിഴ മയീൗ േമ ുഹമരല. (ഒരു നാഗരികതയെക്കുറിച്ചറിയണമെങ്കില്‍ അതിന്റെ സംഗീതം ശ്രവിക്കുക! സംഗീതം ഒരു സ്ഥലത്തെപ്പറ്റി സകലതും നിങ്ങള്‍ക്ക് വെളിപ്പെടുത്തി തരും!). കാമ്പസിന്റെ ചുറ്റിലും റിക്ഷ വലിക്കുന്നവരുടെ അടുത്തുനിന്നും ഗസല്‍ നാദങ്ങളുടെ ഇരമ്പല്‍ പലവുരു കേട്ടിട്ടുണ്ട്. ദാരിദ്ര്യവും പട്ടിണിയുംം പ്രയാസങ്ങളും മറന്ന്, എല്ലാം ഒരേ താളത്തിലാവുന്ന ആകാശവും ഭൂമിയും ഒന്നാവുന്ന നിമിഷ മുദ്രകള്‍.
കത്തുന്ന വെയിലിന്റെ കനല്‍പാതയിലാണ് ആദ്യമായി അലീഗഢിലെത്തുന്നത്. ചൂടും തണുപ്പും അതിന്റെ തീക്ഷ് ണതയില്‍ അനുഭവിച്ചപ്പോഴും, അലീഗഢില്‍ മഴ പെയ്യാത്തതെന്തെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. എന്റെയുള്ളിലെ ഒളിമങ്ങാത്ത ബാല്യം, മഴയെ കെട്ടിപ്പുണര്‍ന്നിപ്പോഴും, ഓര്‍മയുടെ കടലാസു തോണിയില്‍ ഒഴുകിപ്പരക്കുന്നുണ്ട്. അപൂര്‍വമായി മാത്രം മഴ പെയ്തിരുന്ന അലീഗഢിലെ മഴയോര്‍മപ്പെയ്ത്താണ് ഹിക്മത്തുള്ളയുടെ ‘അലീഗഢില്‍ മഴ പെയ്യുന്നു’ എന്ന കുറിപ്പ്. അലീഗഢിന്റെ സാമൂഹികവും സാംസ്‌കാരികവുമായ വൈവിധ്യങ്ങളും, അതിലെ പരിണാമങ്ങളും ഈ പുസ്തകത്തിലൂടെ തെളിഞ്ഞു വരുന്നു. ഓരോ പുസ്തകങ്ങളും ഒരുപാട് ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലങ്ങളാണ്. അക്ഷരങ്ങള്‍ പ്രസവിക്കുമ്പോള്‍ എഴുത്തുകാരന്‍ അനുഭവിക്കുന്ന ആത്മസംതൃപ്തിയെ അടയാളപ്പെടുത്താന്‍ ഭാഷകള്‍ക്ക് സാധ്യമല്ല. തലമുറകളുടെ ചരിത്ര ബോധത്തെ ചിരന്തനമാക്കുന്നതില്‍ ‘അലീഗഢ് മലയാളം’ വലിയൊരു കാല്‍വെപ്പാണ് ,പ്രെഫ.സതീശന്‍ സാറിന്റെ ചരിത്രത്തോടുള്ള സമാനതകളില്ലാത്ത കടപ്പാട്. ഈ ഉദ്യമം മറ്റൊരു ചരിത്ര പിറവിയും. മലയാള പഠനത്തിന്റെ ചരിത്രത്തിലൂടെ തുടക്കം കുറിച്ച് ഓര്‍മയുടെ ഗസലുകള്‍ പെയ്യിച്ച് നനുത്ത സ്മൃതി സ്പര്‍ശങ്ങളേറ്റു പുസ്തകത്തിന്റെ അവസാന താളും മറിച്ചു തീര്‍ന്നപ്പോള്‍, അലീഗഢിന്റെ ഹൃദയ വഴികളിലൂടെ നടക്കുകയായിരുന്നു. പൂര്‍ണ്ണ പബ്ലിക്കേഷന്‍ കോഴിക്കോട് ആണ് ഇതിന്റെ പ്രസാധകര്‍. 250 രൂപയാണ് പുസ്തകത്തിന്റെ വില.