കോവിഡാനന്തരലോകം; പ്രതീക്ഷയും ആശങ്കയും

3856

ലാഭമാണ് ലോകത്തെ ചാലിപ്പിക്കുന്നതെന്ന പഴയ മുതലാളിത്ത സമീപനം ഇന്ന് ഏറെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. കൊറോണ മൂലം ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നത് മൂന്നു ലക്ഷം പേരാണ്. എന്നാല്‍, മലിനീകരണം മൂലം ഓരോ വര്‍ഷവും ലോകത്ത് 42ലക്ഷം പേരാണ് കൊല്ലപ്പെടുന്നത്. ഓരോ ദിവസവും അഞ്ചു വയസ്സിനു താഴെയുള്ള 1400 കുട്ടികള്‍ ശുദ്ധജലം കിട്ടാത്തതിനാല്‍ കൊല്ലപ്പെടുന്നു. ഒരു വര്‍ഷം അഞ്ചു ലക്ഷം കുട്ടികള്‍. പക്ഷേ, കൊറോണ പൊലെ ഇതൊന്നും ആര്‍ക്കും വാര്‍ത്തയാകുന്നില്ല.

സി.ആര്‍ നീലകണ്ഠന്‍

ലോകത്തെയാകെ വിറപ്പിച്ചുകൊണ്ട് ഒരു കൊച്ചു വൈറസ്, കോവിഡ് 19 വിലസുകയാണ്. ഒരു രാജ്യവും ജനസമൂഹവും ഇത് ബാധിക്കാത്തവരായില്ല. ജീവിതത്തിന്റെ സമസ്ത മേഖലകളെയും അത് നിശ്ചലമാക്കിയിരിക്കുന്നു. ചുരുങ്ങിയത് തളര്‍ത്തിയിരിക്കുന്നു. വൈറസ് ബാധിച്ചവരുടെ എണ്ണത്തില്‍ അതിവേഗമുണ്ടായ വര്‍ധനവ് ഒരിക്കലും പ്രതീക്ഷിക്കാത്ത വേഗതയിലാണ്. ഈ ബാധ അത്ര മാരകമല്ല എന്ന കണക്കുകള്‍ രോഗം ബാധിച്ചവരില്‍ മരണസാധ്യതയുവരെ വച്ചുകൊണ്ട് നമുക്കു പറയാം. മറ്റേതൊരു പകര്‍ച്ച വ്യാധിയെക്കാള്‍ കുറവാണിത്. കേവലം അഞ്ചു ശതമാനം മാത്രം. തന്നെയുമല്ല, മരണം സംഭവിക്കുന്നത് ഈ രോഗം മൂലമല്ല. മറിച്ച് മാരകാമായ ഒരു രോഗം ഉള്ളവരില്‍ അത് ഗുരുതരമാകുന്നതിനാലാണ്. രോഗപ്രതിരോധശേഷി കുറഞ്ഞവരില്‍, വൃദ്ധരില്‍, കുട്ടികളിലൊക്കെയാണ് മരണസാധ്യത അധികമുള്ളത്. ഇതുകൊണ്ടു തന്നെ സാര്‍സും എബോളയും മറ്റും പൊട്ടിപ്പുറപ്പെട്ടപ്പോഴുണ്ടായ ജാഗ്രത ഇതില്‍ ഉണ്ടായില്ല. വിശേഷിച്ചും പാശ്ചാത്യ രാജ്യങ്ങളില്‍. അതാണ് ഇന്നത്തെ ഗുരുതരമായ അവസ്ഥക്ക് കാരണമായത്. ലോകത്തെ അതിസമ്പന്നരും വികസിതരുമായ സമൂഹങ്ങളിലാണ് ഇപ്പോള്‍ രോഗബാധയും മരണനിരക്കും ഏറ്റവും ഉയര്‍ന്നിരിക്കുന്നത്. അമേരിക്കയും സ്‌പെയിനും ഇംഗ്ലണ്ടും ഫ്രാന്‍സും ഇറ്റലിയും ജര്‍മനിയും മറ്റുമാണ് ഇതിന്റെ ഭീകരതാണ്ഡവം ഏറ്റവുമധികം അനുഭവിച്ചത്. ചൈനയിലാണ് ഇതിന്റെ ഉത്ഭവമെങ്കിലും അവിടെ വളരെ പെട്ടന്നുതന്നെ സ്ഥിതിഗതികള്‍ നിയന്ത്രവിധേയമായി എന്നാണ് മനസ്സിലാകുന്നത്. അവിടെ നിലനില്‍ക്കുന്ന സമഗ്രാധിപത്യ ഭരണം വിവരങ്ങള്‍ മറച്ചു പിടിക്കുന്നതാനെന്ന വാദവുമുണ്ട്. പക്ഷേ, ഇന്നത്തെ ലോകത്തില്‍ അതത്ര എളുപ്പമല്ല. എന്നാല്‍, സര്‍ക്കാരിന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് രോഗവ്യാപനം അടിച്ചമര്‍ത്തിയതാകാം എന്ന വാദം കുറേക്കൂടി വിശ്വസനീയമാണ്. ചൈനക്കെതിരെ അമേരിക്കന്‍ ഭരണകൂടം ശക്തമായി രംഗത്തുവരുന്നുമുണ്ട്. പക്ഷേ, ഈ വൈറസ് ആദ്യം കണ്ടെത്തിയ വുഹാനില്‍ പ്രവര്‍ത്തിക്കുന്ന ഒരു വൈറസ് ഗവേഷണകേന്ദ്രത്തിന് അമേരിക്കയുടെ സഹായമുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും നിഷേധിക്കപ്പെട്ടിട്ടില്ല. ഈ വൈറസിന് ചികിത്സയില്ല. പ്രതിരോധ മരുന്നും കണ്ടെത്തിയിട്ടില്ല. അതുകൊണ്ടു തന്നെ, ഇത് കുറേക്കാലം നമ്മുടെയൊക്കെ ഇടയില്‍ ഉണ്ടാകുമെന്ന് തീര്‍ച്ച.
ഈ വൈറസ് ബാധ മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളെയും ഗുരുതരമായി ബാധിച്ചിരിക്കുന്നു. കൃഷി, വ്യവസായം തുടങ്ങിയ പരമ്പരാഗത മേഖലകളെ മാത്രമല്ല, അത് സംസ്‌കാരത്തെയും രാഷ്ട്രീയത്തെയും വിശ്വാസങ്ങളെയും ബന്ധങ്ങളെയും സ്ഥാപനങ്ങളേയുമെല്ലാം പുതിയ രീതിയില്‍ സമീപിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. എങ്ങനെയായിരിക്കും നമ്മുടേ കൃഷി?. തുറന്ന ആഗോള കമ്പോളത്തെ ലക്ഷ്യംവച്ചാണ് മിക്കപ്പോഴും നാം കൃഷി ചെയ്തിരുന്നത്. പക്ഷേ, ഇനി അത് സാധ്യമാകുമോ? ഇതുവരെ നടന്നുകൊണ്ടിരുന്ന ചരക്കുകളുടെ രാജ്യാതിര്‍ത്തി ഇനി ഇന്നത്തേതുപോലെ ഉണ്ടാകാന്‍ സാധ്യതയില്ല. രാജ്യങ്ങള്‍ തങ്ങളുടെ അതിര്‍ത്തികള്‍ അങ്ങനെ തുറന്നിടില്ല.സംസ്ഥാനങ്ങള്‍ തമ്മില്‍ പോലും കൈമാറ്റങ്ങള്‍ക്ക് പ്രതിസന്ധി ഉണ്ടാകാം. തങ്ങളുടെ ആവശ്യത്തിനുള്ള ഉത്പാദനത്തിന് മുന്‍ഗണന കിട്ടുന്നത് സ്വാഭാവികം. പ്രത്യേകിച്ചും ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍. അങ്ങനെ വരുമ്പോള്‍ ലാഭം മാത്രമായിരിക്കില്ല കൃഷിയുടെ ലക്ഷ്യം. നിലനില്‍പ്പു കൂടിയാകും. മുന്നൂറു ശതമാനം വരെ സബ്‌സിഡി നല്‍കി നെല്ലുല്‍പാദിപ്പിക്കുന്ന ജപ്പാന്‍ ഒറ്റപ്പെട്ട അനുഭവമാകില്ല. ഭക്ഷ്യവിളകളുടെ കൃഷിക്ക് പ്രാധാന്യം വരുമ്പോള്‍ അതിനാവശ്യമായ രീതിയില്‍ മണ്ണും വെള്ളവും പരിസ്ഥിതിയും സംരക്ഷിക്കേണ്ടി വരും. നമ്മുടേ വീക്ഷണം തന്നെ മാറുന്നു.
ജീവിതത്തെ നിലനിര്‍ത്തുന്നത് തൊഴിലാണല്ലോ. തൊഴില്‍ എന്ന സങ്കല്‍പത്തിലുണ്ടായ മാറ്റങ്ങളും പ്രകടമാണ്. യാത്ര തന്നെ പ്രധാന തൊഴില്‍ മേഖലയായിരുന്നു. ടൂറിസമടക്കം ഒട്ടനവധി മേഖലകള്‍ക്കുമേല്‍ വലിയ ചോദ്യചിഹ്നം ഉയര്‍ന്നിരിക്കുന്നു. പലതൊഴിലുകളും ഇല്ലാതാകുന്നതിനൊപ്പം പല തൊഴിലുകളുടെയും രൂപംതന്നെ മാറുന്നു. ഈ മാറ്റം വരുമാനത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. എന്നാല്‍, അതോടൊപ്പം നമ്മുടേ വേഷം,ഭാഷ,യാത്ര,ഭക്ഷണം,വിശ്രമം,വിദ്യാഭ്യാസം മുതലായവയിലെല്ലാം കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കും. വീട്ടിലിരുന്നു ജോലി ചെയ്യുക എന്നാ രീതി ഐ.ടി അടിസ്ഥാനത്തിലുള്ള പല ജോലികള്‍ക്കും സാധ്യമാണ്. അതുകണ്ടു തന്നെ യാത്ര അനിവാര്യമല്ലാതാക്കുന്നു. വാഹനക്കമ്പോളത്തില്‍ ഇതുണ്ടാക്കുന്ന ആഘാതം ചെറുതാകില്ല. വേഷത്തിന്റെ കാര്യത്തിലും വ്യത്യാസം വരുന്നു. വിദ്യാഭ്യാസം വീട്ടിലിരുന്നാകുന്നതോടെ വലിയ കലാലയങ്ങളോ സര്‍വകലാശാലകാലോ ആവശ്യമില്ലാതാകുന്നു. അത്തരത്തിലുള്ള വിദ്യാഭ്യാസം ഉത്പാദിപ്പിക്കുന്ന സംസ്‌കാരം എന്തായിരിക്കും എന്ന ചോദ്യമുണ്ട്. ഒരേ അധ്യാപകന്‍ ഒരേ സമയം ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാം. അധ്യാപകരുടെ തൊഴില്‍ കാര്യമായി കുറയുന്നു. പരീക്ഷാ രീതികള്‍ മാറുന്നു. പക്ഷേ, ഇത്തരം സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ വിദ്യാഭ്യാസത്തിനു പുറത്താകുന്നു.
സാമ്പത്തിക മാന്ദ്യമെന്നത് ഒരു പുതിയ കാര്യമല്ല. ഇതിനു മുമ്പ് പലവട്ടം ഉണ്ടായിട്ടുണ്ട്. 1930കളില്‍ മഹാമാന്ദ്യം ഉണ്ടായിട്ടുണ്ട്. കൊറോണ വരുന്നതിനു മുമ്പുതന്നെ ഒരു വലിയ മാന്ദ്യത്തിലേക്ക് ലോക സമ്പദ്ഘടന വീണു കഴിഞ്ഞിരുന്നു. പക്ഷേ, മുമ്പുള്ള അവസ്ഥയല്ല ഇന്നത്തേത്. ഉപഭോഗത്തില്‍ പെട്ടന്നൊരു വര്‍ധനവുണ്ടാക്കാന്‍ കെയിന്‍സും മറ്റും നിര്‍ദ്ദേശിച്ച പഴയ സൂത്രങ്ങള്‍ ഇന്ന് മതിയാകാതെ വരുന്നു. കാരണം ഇന്നുള്ളത് കേവലം ഒരു സാമ്പത്തിക പ്രതിസന്ധി മാത്രമല്ല. ഒരു നിലക്കു നോക്കിയാല്‍ ഇതിന്റെ അടിസ്ഥാനം സാമ്പത്തികമല്ല. മറിച്ച,് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഇടപെടലുകളിലെ അസന്തുലിതാവസ്ഥയാണ്. അത് മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിലും ഉണ്ടായിരിക്കുന്നു. എത്രപണം ഇറക്കിയാലും ഉപഭോഗംകൂട്ടി സമ്പദ് വ്യവസ്ഥയെ ഇന്ന് രക്ഷിക്കാന്‍ കഴിയില്ല. കാരണം, ഇന്ന് വളര്‍ച്ചയുടെ പരിമിതി പണമല്ല, മറിച്ചു പ്രകൃതി തന്നെയാണ്. അതിലുള്ള വിഭവങ്ങളാണ്. അത്യാര്‍ത്തി കൊണ്ടു മനുഷ്യന്‍ നടത്തിയ കൊള്ളകള്‍ അവനു തന്നെ തിരിച്ചടിയാകുന്നു. അത് പ്രളയമായും കൊടുങ്കാറ്റായും വരള്‍ച്ചയായും നമ്മെ തിരിഞ്ഞു കൊത്തുന്നു. കേരളത്തിന്റെ അവസ്ഥ തന്നെ നോക്കുക. നമുക്കിനി വന്‍കിട വികസനപദ്ധതികള്‍ അത്ര എളുപ്പം നടപ്പാക്കാന്‍ കഴിയില്ല. അതില്‍ ഭൂമി, മണ്ണ്, പാറ, വെള്ളം തുടങ്ങിയ വിഭവങ്ങളുടെ ലഭ്യതയും പ്രതിസന്ധികളും പ്രധാനഘടകങ്ങളാകുന്നു. ഒരു പ്രളയത്തിനു തകര്‍ക്കാന്‍ കഴിയുന്നതെയുള്ളൂ നമ്മുടേ ഏതു വികസനവും എന്നു നാം തിരിച്ചറിയുന്നു. ( ഇതൊക്കെ അറിഞ്ഞില്ലെന്നു ഭാവിച്ചു കൊണ്ടു മഹാവികസനതിന്റെ പാതയിലൂടെ മുന്നോട്ടു പോകാന്‍ ഭരണകര്‍ത്താക്കള്‍ ശ്രമിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ചെറുതായിരിക്കില്ല. വിഴിഞ്ഞം എന്ന വിനാശപദ്ധതി ഒന്നാം തരം ഉദാഹരണം. അത് പൂര്‍ത്തിയാക്കുക എളുപ്പമാകില്ല. അതിനേക്കാള്‍ മാരകമായ അതിവേഗ റെയില്‍ എന്ന സില്‍വര്‍ ലൈനും കൊണ്ടു വരിക അസാധ്യമാകും. ഇതിനായി എത്ര തന്നീര്‍തടങ്ങള്‍ നികത്തണം, എത്ര പേരെ കുടിയിറക്കണം, എത്ര കുന്നിടിക്കണം, എത്ര പാറമടകള്‍ വേണം. ഇതിനായി എടുക്കുന്ന ഭീമമായ കടം എങ്ങനെ തിരിച്ചടക്കും? ഒരു കൊറോണ വന്നപ്പോള്‍ അടച്ചിട്ട കൊച്ചി മെട്രോയുടെ നഷ്ടം എത്ര കാലം കൊണ്ടാണ് ജനങ്ങള്‍ അടച്ചു തീര്‍ക്കുക? അതിന്റെ പത്തു മടങ്ങാകും സില്‍വര്‍ ലൈനിന്റെ കടം. ഇതുപോലെ തന്നെ 45 മീറ്റര്‍ വീതിയില്‍ ഭൂമി എടുത്തു നാലുവരി ദേശീയപാത എന്ന പദ്ധതി. ഇവിടെ കുടിയിറക്കപ്പെടുന്നവര്‍ എവിടെ പോകും? ഉപഭോഗം കുറയ്ക്കുക എന്നത് അനിവാര്യമായ കടമ്പയാണ്. പക്ഷേ, അതാര് കുറക്കണം? വിഭവങ്ങള്‍ക്ക് മേല്‍ സമ്പത്തും അധികാരവും കൊണ്ടു ആധിപത്യം സ്ഥാപിച്ചിരിക്കുന്നവര്‍ക്ക് അത് നഷ്ടമാകണം. വിഭവങ്ങളുടെ നീതി പൂര്‍വകമായ വിതരണം വേണം.
ലാഭമാണ് ലോകത്തെ ചാലിപ്പിക്കുന്നതെന്ന പഴയ മുതലാളിത്ത സമീപനം ഇന്ന് ഏറെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. കൊറോണ മൂലം ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നത് മൂന്നു ലക്ഷം പേരാണ്. എന്നാല്‍, മലിനീകരണം മൂലം ഓരോ വര്‍ഷവും ലോകത്ത് 42ലക്ഷം പേരാണ് കൊല്ലപ്പെടുന്നത്. ഓരോ ദിവസവും അഞ്ചു വയസ്സിനു താഴെയുള്ള 1400 കുട്ടികള്‍ ശുദ്ധജലം കിട്ടാത്തതിനാല്‍ കൊല്ലപ്പെടുന്നു. ഒരു വര്‍ഷം അഞ്ചു ലക്ഷം കുട്ടികള്‍. പക്ഷേ, കൊറോണ പൊലെ ഇതൊന്നും ആര്‍ക്കും വാര്‍ത്തയാകുന്നില്ല. ഒറ്റയടിക്കല്ല, ഒരിടത്തല്ല, വികേന്ദ്രീകൃതമായാണ് ഈ മരണങ്ങള്‍ നടക്കുന്നത്. വ്യവസായങ്ങളിലും ഖനനങ്ങളിലും മറ്റും മലിനീകരണം ഇല്ലാത്തതോ കുറഞ്ഞതോ ആയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാല്‍ ഈ മരണങ്ങള്‍ വളരെ കുറയ്ക്കാം. പക്ഷേ, അതിനു ആരും ശ്രമിക്കില്ല. കാരണം അങ്ങനെ ചെയ്താല്‍ ലാഭം കുറയും. അപ്പോള്‍ മനുഷ്യന്റെ ജീവനേക്കാളും പ്രാധാന്യം അഥവാ മുന്‍ഗണന ലാഭത്തിനാകുന്നു. ഇതിനെ ഭരണകൂടമോ രാഷ്ട്രീയ നേതൃത്വങ്ങളോ എന്തിനധികം, നീതിന്യായ കോടതികള്‍ പോലും ചോദ്യം ചെയ്യുന്നില്ല. അവിടെ നിയമങ്ങള്‍ നിരന്തരം ലംഘിക്കപ്പെടുന്നു. കാരണം, ഇതില്‍ ഇരകളാക്കപ്പെടുന്നവര്‍ സാമൂഹ്യമായി അധികാരത്തില്‍ പങ്കില്ലാത്തവരും ലാഭം കൊയ്യുന്നവരുടെ നേരെ എതിര്‍ വശത്തുള്ളവരുമാണ്. എന്നാല്‍, കൊറോണ ബാധിച്ചവരില്‍ നല്ലൊരു പങ്കും സമൂഹത്തിന്റെ മധ്യ ഉപരി മധ്യവര്‍ഗങ്ങളില്‍ പെട്ടവരാണ്. അതുകൊണ്ടു തന്നെ ഇതൊരു ആഗോള വിഷയമാകുന്നു.
ലോകക്രമത്തിന്റെ അടിസ്ഥാനമായി പലരും പറയുന്നത് ശേഷിയുള്ളവയുടെ അതിജീവനം എന്ന ഡാര്‍വിന്‍ തത്വമാണ്. ലോകം മത്സരാധിഷ്ടിതമായതിനാല്‍ ഇതല്ലാതെ വഴിയില്ലെന്നവര്‍ വാദിക്കുന്നു. ഈ വാദം തീര്‍ത്തും അശാസ്ത്രീയം മാത്രമല്ല, മനുഷ്യത്വ വിരുദ്ധവുമാണ്. കൊറോണ ബാധിക്കുന്നവരില്‍ മരണസാധ്യതയുള്ളത് വൃദ്ധര്‍ക്കും രോഗികള്‍ക്കുമാണ് എന്നതിനാല്‍ അതില്‍ വ്യാകുലപ്പെടെണ്ടതില്ല എന്ന് വാദിക്കുന്നവരുടെ നേതാവാണ് ഇന്ന് യു.എസ് ഭരിക്കുന്ന ട്രംപ്. ശേഷിയില്ലാത്തവര്‍ നിലനില്‍ക്കാന്‍ അര്‍ഹരല്ല എന്നാണവര്‍ പറയുന്നത്. പക്ഷേ, സാമൂഹ്യജീവിയായി മാത്രം നിലനില്‍ക്കാന്‍ കഴിയുന്ന, പ്രുകൃതിയിലെ മറ്റു സസ്യ ജീവജാലങ്ങളെ ആശ്രയിച്ചു മാത്രം നിലനില്‍ക്കാന്‍ കഴിയുന്ന മനുഷ്യന്‍ ഈ തത്വം അനുസരിച്ച് ഭൂമിയില്‍ ഉണ്ടാകാനേ പറ്റില്ല. സാമൂഹ്യമായ അസ്ഥിത്വം കൊണ്ടു മാത്രം പ്രുകൃതിയുടെ പരിമിതികളെ അതിജീവിക്കുന്ന നമ്മള്‍ അനുസരിക്കേണ്ട തത്വം ഏറ്റവും ശേഷി കുറഞ്ഞവയുടെ അതിജീവനം എന്നതാണ്. നമ്മുടെ വീട്ടില്‍ ഏറ്റവും മുന്തിയ പരിഗണന കൊടുക്കേണ്ടത് ഏറ്റവും ദുര്‍ബലരായവര്‍ക്കാണല്ലോ, വൃദ്ധര്‍, രോഗികള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിങ്ങനെ. മറിച്ച് ശേഷിയുള്ളവര്‍ എടുത്തിട്ടു ബാക്കി ശേഷിയില്ലാത്തവര്‍ക്കെന്ന സമീപനം എടുത്താല്‍ വീട് ഒരു നാള്‍ പോലും നിലനില്‍ക്കില്ല.
വ്യക്തി സ്വാതന്ത്ര്യം പരമപ്രധാനമെന്നു കരുതുന്ന ജനാധിപത്യസമൂഹങ്ങളില്‍ ഇന്ന് നാം കാണുന്നതെന്താണ്? എല്ലാ സ്വാതന്ത്രങ്ങള്‍ക്കുമപ്പുറം പ്രധാനമാണ് ജീവന്റെ നിലനില്‍പ്പ് എന്നതല്ലേ? ഇതിനു വിപരീതമായി ചിന്തിച്ച യു.എസിലും ഇറ്റലിയിലും ഇംഗ്ലണ്ടിലുമെല്ലാം മഹാദുരന്തം മുഖം കാണിക്കുന്നു. പക്ഷേ, ഇതിനൊരു മറുവശവും ഉണ്ട്. ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ഒരു അവസരമായെടുത്ത്, നിലവിലുള്ള പരിമിതമായ ജനാധിപത്യാവകാശങ്ങള്‍ പോലും കവര്‍ന്നെടുക്കുന്ന ഭരണകര്‍താക്കളും ഉണ്ട്. യുദ്ധകാലത്തെന്ന പോലെ ഭരണകൂടം സര്‍വാധികാരിയാകുകയും അതിനെ ചോദ്യം ചെയ്യുന്നവര്‍ രാജ്യദ്രോഹികളും രോഗം പടര്‍ത്താന്‍ ശ്രമിക്കുന്നവരും ജനശത്രുക്കളും ആകുന്നു. വിമര്‍ശനം ഇല്ലാതെ വന്നാല്‍ ജനാധിപത്യം ഇല്ല. മൂന്നാം ലോകരാജ്യങ്ങളില്‍ ഈ സാധ്യത വളരെ കൂടുതലാണ്. ഇന്ത്യയും ബ്രസീലുമെല്ലാം നല്‍കുന്ന സൂചനകള്‍ അതാണ്. ജനങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ കഴിയില്ലെന്ന സാഹചര്യം മുതലെടുത്തുകൊണ്ട് പ്രകൃതിവിഭവക്കൊള്ളക്കും ഭൂമി ഏറ്റെടുക്കാനും ഉള്ള നിയന്ത്രണങ്ങള്‍ പോലും ദുര്‍ബലപ്പെടുത്താനും ശ്രമങ്ങള്‍ നടക്കുന്നു.
ദേശീയ ഭരണരൂപങ്ങള്‍ എന്നപോലെ അന്താരഷ്ട്ര സംവിധാനങ്ങളും രൂപം മാറുമെന്നു തീര്‍ച്ചയാണ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം രൂപീകരിക്കപ്പെട്ട ആഗോള സ്ഥാപനങ്ങളാണ് ഇന്നുള്ളത്. ഐക്യരാഷ്ട്രസഭയും അനുബന്ധസ്ഥാപനങ്ങളും ലോകബാങ്കും അന്താരാഷ്ട്ര നാണയനിധിമെല്ലാം ഇന്ന് അപ്രസക്തമായിരിക്കുന്നു. ലോകത്തെ മുഴുവന്‍ ബാധിച്ച ഈ ദുരന്തമുണ്ടായിട്ടും യു.എന്‍ സുരക്ഷാ സമിതി ഒരു യോഗം ചേരാന്‍ തന്നെ മാസങ്ങള്‍ എടുത്തു. ചേര്‍ന്ന യോഗത്തില്‍ ഒരു തീരുമാനത്തില്‍ എത്താനും കഴിഞ്ഞില്ല. ഈ വിഷയത്തില്‍ ഏറ്റവും നിര്‍ണായകമായ ഇടപെടല്‍ നടത്താന്‍ ബാധ്യതപ്പെട്ട ലോകാരോഗ്യസംഘടനയുടെ ആരോഗ്യം ഗുരുതരാവസ്ഥയിലാണ്. ഏറ്റവും പുതിയ യുറോപ്യന്‍ യുണിയന്‍ വരെ ഇന്ന് അനാവശ്യമായിരിക്കുന്നു. അത്യാപത്തില്‍ പോലും ഉപയോഗപ്രദമല്ലാത്ത സ്ഥാപനങ്ങള്‍ നിലനിര്‍ത്തുന്നതെന്തിന്?