ദാരിദ്ര്യം കൊണ്ട് ജീവിതം തുന്നുന്നവർ

2081

വയനാട്ടിലേക്ക് പോവുന്നു എന്ന് പറഞ്ഞപ്പോൾ ടൈ്രനിലാണോയെന്ന് കാര്യമായി ചോദിച്ച പ്രിയപ്പെട്ടൊരാളെ തമാശയോടെ ഒാർത്തുകൊണ്ടായിരുന്നു പ്ലാറ്റ് ഫോമിലേക്ക് കയറിയത്. പറഞ്ഞ നേരത്ത് എത്താതെ നേരം തെറ്റി ഒാടുന്ന വണ്ടിയെ മുഷിപ്പോടെ കാത്തിരിക്കുന്നതിന്റെ ആലസ്യങ്ങൾ ഇരിപ്പിടത്തിൽ പല മുഖങ്ങളിലും കാണുന്നുണ്ട്. പറ്റിയ പിഴവിന്ന് ക്ഷമ ചോദിക്കുന്ന മര്യാദ ഉള്ളിലെ ഉത്കണ്ഠകളിലേക്ക് ഉച്ചഭാഷിണി കടത്തിവിടുന്നുമുണ്ട്. യാത്രക്കാരെ സ്വാഗതം ചെയ്തും, പുറപ്പെട്ട് പോവുന്നവർക്ക് മംഗളങ്ങൾ നേർന്നും പ്ലാറ്റ്ഫോമിലിരുന്ന് ഒരുകിളി, ചുറ്റുപാടിനെ ആഹ്ലാദിപ്പിച്ചുകൊണ്ടിരിക്കുന്നു. ആദ്യം കാണുന്നവരോടും പരിചിത ഭാവത്തിൽ ചിരിക്കുന്ന തൊപ്പിവെച്ച പെട്ടിക്കടയിലെ മാമുക്ക ആരാണ് ഒരു ജ്യൂസിന് പറയുക എന്ന ആലോചനയിലാണ്. വേണമെങ്കിൽ വാങ്ങിക്കോയെന്ന ഭാവേന ചായേകാപ്പി… വിളിക്കുന്ന യുവാവ് അത്യാവശ്യമൊക്കെ കച്ചവടമൊത്തതിന്റെ നല്ല മൂഡിലാണെന്ന് തോന്നുന്നു. ബഹളങ്ങളുടെയും ബദ്ധപ്പാടുകളുടെയും കുഴഞ്ഞുമറിച്ചിലിടമാണ് റയിൽവേസ്റ്റേഷനുകൾ. കൗതുകത്തിന് ആരുമവിടെ വന്നിരിക്കാറില്ലാത്തത് കൊണ്ട് ഉടലിന്റെ വൈകാരിക വിടർച്ചയും തളർച്ചയുമൊക്കെ ഒറ്റ നോട്ടത്തിൽ നിന്ന് തന്നെ ഒാരോ മുഖങ്ങളിൽ നിന്നും വായിച്ചെടുക്കാവുന്നതാണ്. കമ്പിപ്പാതയിലൂടെ കുതികുതിച്ചെത്തുന്ന തീവണ്ടിക്ക് കാത്തു നിൽക്കുന്ന ഒാരോരുത്തർക്കുള്ളിലും ഒരു സ്റ്റേഷനിലും നിർത്താതെ ചൂളം വിളിച്ചോടുന്ന മറ്റൊരു തീവണ്ടിയുണ്ട്.
ഒാരോതരം ജിജ്ഞാസയുമായാണ് ഒാരോ പകലും നമ്മിലേക്ക് കടന്നു വരുന്നതും, അന്തിച്ചുവപ്പ് നമ്മെ കടന്നു പോകുന്നതും. പര്യവസാനത്തിന്റെ മറ്റൊരു താളവും തലവുമാണ് ആശുപത്രി വരാന്തയിലെ രാത്രിക്കും പകലിന്നും. ഇന്നത്തെപകൽ അവസാനിക്കട്ടെ, നാളെയെങ്കിലും ജീവനുള്ളൊരു ജീവിതമുണ്ടാവട്ടെയെന്നൊരു പ്രാർത്ഥന അവിടമാകേ പരന്നു കിടക്കുന്നുണ്ടാവും. മരണം പോരാട്ടമാവുന്ന ആശുപത്രിയുടെ അകത്തിരുന്ന് ജീവിതത്തിന്റെ ഒാട്ടപ്പാച്ചിലിലേക്ക് നോക്കുമ്പോൾ ഒരു പ്രഹേളികപോലെ ജീവിതം മുൻപിൽ മിഴിച്ചു നിൽക്കുന്നു, നിന്ന് കിതക്കുന്നു. ചരൽ വിരിച്ച മുറ്റത്ത് നിറുത്തിയിട്ട ആംബുലൻസുകൾ സൈറൺ മുഴക്കി കാത്തിരിക്കുന്നത് മരവിച്ച മനുഷ്യരെ അവരുടെ അവസാന ഗൃഹത്തിലേക്ക് പറഞ്ഞയാക്കാനുള്ള ഒരുക്കങ്ങളുമായാണ്. വന്ന വണ്ടി പാർക്കിങ്ങിൽ നിൽക്കുമ്പോഴും മരണം വഹിച്ചോടുന്ന മറ്റൊരു വണ്ടിയിൽ തിരികെപ്പോവേണ്ടി വരിക എന്നത് ആയുസ്സിന്റെ നിശ്ചയമോ, നിശ്ചലതയോ എന്നാലോചിക്കാൻ ഇൗ വാഹനം മനസ്സിനെ പ്രേരിപ്പിക്കുന്നു. നിരത്തിലോടുന്ന വാഹനങ്ങളിൽ മരണം മൂടാനുള്ള കഫം പുടവ കൂടെക്കൊണ്ട് നടക്കുന്ന ഒരേയൊരു വാഹനം. തലക്ക് ചുറ്റും ഒരു ടവ്വൽ വലിച്ചു കെട്ടി അകത്തേക്ക് വരുന്ന വൃദ്ധന്റെ അകം നിറയെ ആർദ്രമായൊരു മരവിപ്പിന്റെ നിശ്ചലതയാണ്. നിശ്ചലമാവേണ്ട നിമിഷത്തിലേക്കായി കിതച്ചു കൊണ്ടിരിക്കുന്ന സ്ട്രെച്ചറിലെ രോഗി എവിടെയോ കുരുങ്ങിക്കിടക്കുന്ന ശ്വാസത്തെ തന്നിലേക്ക് തന്നെ പിടിച്ചു വലിക്കാൻ പെടാപാട് പെടുന്നു. ഉള്ളിലെ ജീവനെ നില നിർത്തുന്ന ശ്വാസോച്ഛാസത്തെക്കുറിച്ചോർക്കാനും, അതോടുന്ന മൂക്കിൽ വിരൽ വെച്ച് അതിനെക്കുറിച്ച് ആലോചിക്കാനും കിതക്കുന്ന ഒരു മനുഷ്യനെ കാണുവോളം നമുക്ക് സമയം കാത്തിരിക്കേണ്ടി വരുന്നു.

*** *** ***
ഒന്നും പ്രതീക്ഷിക്കാത്ത, ആരെയും കാത്തു നിൽക്കാനില്ലാത്തവരുടെ ജീവിതം മരണവാതിലിന്റെ തൊട്ടു മുൻപിലാണ് വിശ്രമത്തിനിരിക്കുന്നത്. കളഞ്ഞു പോയ സ്വത്ത് തിരികെ കിട്ടിയ ആഹ്ലാദത്തിൽ മരണത്തിന്റെ വാതിൽക്കൽ നിന്ന് കുറേ മനുഷ്യർ കൈകളുയർത്തി ജീവിതപ്പാതയിലേക്ക് നടന്നിറങ്ങി വരുന്നു. തണുപ്പ് തുപ്പുന്ന എസിക്കുളിരിലിരിക്കുമ്പോഴും എനിക്കുള്ളിൽ വിയർപ്പ് പൊടിയുന്നു. യഥാർത്ഥ ജീവിതം വളരെ ക്രൂരമായൊരു മാനുഷികതയാണ്. തൊട്ടിലിൽ നിന്ന് മരണപ്പെട്ടിയിലേക്ക്, ഒരു പെട്ടിയിൽ നിന്ന് മറ്റൊന്നിലേക്ക്. ജനിച്ചു കിടക്കുന്നിടത്ത് നിന്ന് ഒന്ന് ചെരിഞ്ഞു കിടക്കുമ്പോഴേക്ക് മരണവും സംഭവിക്കുന്നു.
ജീവിതം ഇങ്ങനെയൊക്കെയാണ്. പടച്ചവനാണതിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. ആഗ്രഹങ്ങളെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരും ചിലപ്പോൾ. ആഗ്രഹിക്കാനെ പറ്റത്തില്ല മറ്റു ചിലപ്പോൾ. അങ്ങനെയാവണം, ഇങ്ങനെയാവണം എന്നതൊക്കെ മനസ്സിന്റെ ഇച്ഛകളാണ്. മനാസ്സഗ്രക്കുന്നേടത്തേക്ക് ജീവിതം എത്താറില്ല പലരിലും, പലപ്പോഴും. നടന്നുകൊണ്ടിരിക്കുന്നതിന്റെ പാതിവഴിയിൽ യാത്ര അവസാനിപ്പിക്കേണ്ടിവരും. അതിനിടയിൽ തേഞ്ഞരഞ്ഞ് ചെരുപ്പിന്റെ വാറു പൊട്ടിപ്പോവും. അതറിഞ്ഞുള്ള യാത്രികർ നന്നേകുറവാണ്. ചെറുതല്ല, ചെറുതിനേക്കാൾ ചെറുതാണ് ജീവിതം. ജീവിതം മരണത്തിലേക്ക് വാതിൽ തുറക്കാൻ നിമിഷങ്ങൾ മതി. സ്വന്തത്തിനൊരനുഭവമുണ്ടാവുമ്പോഴാണ് നമ്മളൊക്കെ പല കാര്യങ്ങളിലും നാട്ടുകാരിലൊരാളാവുന്നത്. എടുക്കുന്ന വായുവിനും അയക്കുന്ന ശ്വാസത്തിനുമിടക്ക് എപ്പോഴും നൂലറ്റു പൊട്ടാവുന്ന നേരിയ നാരാണ് ജീവിതമെന്ന് തിരിച്ചറിയാനും, കാൽച്ചോട്ടിൽ നേരിയ മുള്ളാണി തറച്ചാലും ഉള്ളിലെ ഇറച്ചിക്കഷ്ണങ്ങളിലേക്ക് അതിന്റെ വേദന അരിച്ചിറങ്ങുമെന്ന് ബോധ്യപ്പെടാനും സ്വന്തത്തിലേക്ക് തന്നെ വിധിദുരന്തം വന്നെത്തണമെന്നതാണ് വാസ്തവം. ചോരയോടും മനസിനോടുമൊക്കെ ഒട്ടി നിൽക്കുന്നവർക്ക് സ്നേക്കാവലായി ആശുപത്രിക്കകം നിൽക്കുമ്പോഴാണ് വിധിയുടെ സന്നിഗ്ദത എത്രമാത്രം മൂർച്ചയേറിയതാണെന്ന് തൊട്ടനുഭവിക്കാനാവുക. ജീവിതത്തിൽ വിദൂരതയിൽ വെച്ച് കാണുന്ന പലതും സത്യത്തിൽ ഒരു ശ്വാസത്തിനിപ്പുറം തന്നെയുണ്ടെന്നതാണ് വാസ്തവം. പക്ഷേ, നമ്മുടെ ജീവനെ ഉൗതിത്തെളിക്കുന്ന ശ്വാസോഛ്വാസം പോലും അതോടുന്ന മൂക്ക് പോലുമറിയാതെ റിഫ്ലക്സീവായി തീർന്നുപോകുന്ന ജീവിതത്തിൽ ഗ്യാരണ്ടിയുള്ള ഒരു മിനുട്ട് പോലും ഇല്ലെന്നതാണ് വാസ്തവം.
ജീവിതത്തിന്റെ പോക്കുവരവനുഭവങ്ങളിൽ ഏറ്റവും വിഷമം പിടിച്ച ഘട്ടമാണ് രോഗാവസ്ഥയും ആശുപത്രി വാസവും. ജീവിതത്തിന്റെ അപൂണതയെ കാണിച്ചു തരുന്ന ആശുപത്രിക്കാലം ജീവിതത്തിന്റെ പൂർണതയെ പൂരിപ്പിക്കുന്ന സമയം കൂടിയാണ്. ജീവിതത്തിന്റെ ഇൗ തിക്തഘട്ടത്തിൽ നമുക്ക് നമ്മെ കാണാൻ പാകത്തിലൊരു കണ്ണാടി നമ്മളറിയാതെ നമുക്ക് മുൻപിൽ പ്രത്യക്ഷപ്പെടുന്നു. രോഗം വ്യക്തിയെ ശാരീരികമായി പീഡിപ്പിക്കുമ്പോഴും, മാനസികമായി ഉലക്കുമ്പോഴും ആത്മീയതയിലേക്ക് ഉയർത്തുന്നു. ആസക്തികളിൽ നിന്നൊഴിഞ്ഞ് ആലോചനകളിലേക്ക് മനസ്സ് തിരിഞ്ഞു നിൽക്കുന്ന കുറേയധികം നല്ല നിമിഷങ്ങളെ സമ്മാനിക്കുന്നു. ആത്മീയത രോഗിക്കൊരു മുറിയാണ്. അതിൽ ഒറ്റക്ക് കുറേനേരം കഴിയാൻ അവനാഗ്രഹിക്കുന്നു. ജീവനില്ലാത്ത കുറേ രാവും പകലും. അതിനിടെ ശ്വാസം കിട്ടാതെ പിടയുന്ന കുറേ സ്വപ്നങ്ങൾ. അലഞ്ഞലഞ്ഞ് തേഞ്ഞു തീർന്നു പോയിരിക്കുന്ന ജീവന്റെ ചെരിപ്പ്. വാറുപൊട്ടിയ ഒരൊറ്റ ചെരിപ്പുമിട്ട് നടന്ന് കുഴങ്ങുമ്പോൾ ജീവിതം വഴിയും ദൂരവും കാണിച്ച് പേടിപ്പെടുത്തും. രോഗഘട്ടത്തിന്റെ സന്നിഗ്ദ്ധതകളെക്കുറിച്ച് വെർജിനിയ വുൾഫ് എഴുതിയിട്ടുണ്ട്. പീഡാനുഭവങ്ങൾ ആത്മീയമായ ഉൾക്കാഴ്ചയിലേക്ക് വാതിൽ തുറക്കുമെന്ന് ഗ്വയ്ഥേയും കീറ്റ്സും വിശദമായി പറഞ്ഞിട്ടുണ്ട്. എന്റെ രക്തം കൊണ്ട് ഞാൻ എന്റെ വിജ്ഞാനം വർദ്ധിപ്പിക്കുമെന്ന് നീഷേ പ്രഖ്യാപിച്ചിരുന്നു. മലയാള സാഹിത്യം മുതൽ ലോക സാഹിത്യം വരെ വായനക്കെടുത്താൽ രോഗം പ്രമേയമായി വരുന്ന കുറേ കൃതികളെ കണ്ടുമുട്ടാനാവും.
ടോൾസ്റ്റോയിയുടെ ‘ഭ്രാന്തന്റെ ഡയറി’ ബുദ്ധിഭ്രമ ഭാവനകൾ നിറഞ്ഞ ഒരു കൃതിയാണ്. സാധാരണയുടെ പെരുമാറ്റ ക്രിയകളിൽ നിന്ന് ഒരാൾ ഭ്രാന്തനായി മാറിയതാണ് അതിന്റെ ഉള്ളടക്കം. എയ്ഡ്സിന്റെ അർത്ഥതലങ്ങളെക്കുറിച്ച് ആഫ്രിക്കൻ എഴുത്തുകാർ അനായാസമായി അനാവരണം ചെയ്തിട്ടുണ്ട്. തങ്ങളുടെ ജീവിതത്തെ മുച്ചൂടം മുടിച്ച രോഗമായിരുന്നു ആഫ്രിക്കക്കാർക്ക് എയ്ഡ്സ്. ജീവിതത്തിനുമേലുള്ള ഇൗ രോഗത്തിന്റെ കടന്നു കയറ്റം അവരെ നാണംകെട്ട ജനതയാക്കി. അലക്സാണ്ടർ കാനൻഗോണിയുടെ ‘അനായാസമായ കണ്ണുനീർ’ എന്ന കഥ ഇൗ ദുരവസ്ഥയുടെ നിഗൂഢമായ ഭീതികളാണ് പറഞ്ഞു വെക്കുന്നത്. രോഗം വ്യാഖ്യാനിക്കാനുള്ളതല്ല, അനുഭവിക്കാനുള്ളതാണ്. എന്നിരുന്നാലും ഭാവനയിൽ രോഗം ചില നേരങ്ങളിൽ ഒരു വിഷയവും മറ്റു ചില നേരങ്ങളിൽ വിഷപ്പാമ്പുമായി കടന്നു വരാറുണ്ട്.
സുഖദുഃഖ സമ്മിശ്രമാണ് ജീവിതമെന്ന് പറയുമ്പോഴും സങ്കടങ്ങൾ മാത്രം അഭിമുഖികരിച്ച് ജീവിക്കുന്ന കുറേ മനുഷ്യർ നമുക്ക് ചുറ്റിലുമുണ്ട്. കിടക്കയിൽ ജീവിതം കോടിപ്പോയ അത്തരമാളുകൾ ചുറ്റിടങ്ങളിലെ കരുണ കാത്ത് കഴിയുന്നവരാണ്. രോഗവും ദാരിദ്ര്യവും വലച്ചുകളഞ്ഞ അവരുടെ സങ്കടങ്ങൾ കാണണമെന്നുണ്ടെങ്കിൽ ഒഴിഞ്ഞു കിട്ടുന്ന ഒരു നേരത്ത് ഏതെങ്കിലുമൊരു ആശുപത്രിയുടെ അകത്തേക്ക് കയറി ചെന്നാൽ മതി. വേദനയും വേവലാതിയുമായി കഴിയുന്ന ഒരുപാട് മനുഷ്യർ. നടുക്കടലിൽ തകർന്നടിഞ്ഞ കപ്പലെന്നോ, വായുവിന്റെ വിരിമാറിൽ ചിറകൊടിഞ്ഞ മോഹപക്ഷിയെന്നോ പറയാൻ പറ്റുന്നവിധം കഷ്ടത അനുഭവിക്കുന്ന ധാരാളം രോഗികൾ നമുക്കിടയിലുണ്ട്. അന്നന്നത്തെ അന്നതിന് തന്നെ വകയില്ലാത്ത ദരിദ്ര കുടുംബംങ്ങളിലേക്ക് ആയുസിനെ പിടിച്ചു കുലുക്കുന്ന രോഗംകൂടി കടന്നു വന്നാൽ അവരുടെ അവസ്ഥ എന്തായിരിക്കും? വാക്കുകൾ കൊണ്ട് പറഞ്ഞറീക്കാനാവാത്തത്രയും തീക്ഷണമാണത്. ഇല്ലാത്ത ഉൗർജം സംഭരിച്ച് ഒന്നെഴുന്നേറ്റ് നിന്ന് ജീവിതത്തെ മുന്നോട്ടു നടത്തിക്കൊണ്ടു പോവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ, ഉള്ള ഉൗർജവും നഷ്ടപ്പെട്ട് ഒരു മൂലയിലായിപ്പോയ ഒട്ടനേകം ആളുകളുടെ സങ്കടം കണ്ട് വല്ലാതെ അസ്വസ്ഥമാവാറുണ്ട് പലപ്പോഴും. മക്കളോടൊപ്പം എരിയുന്ന രാവും പൊരിയുന്ന പകലുമായി മോചനത്തിന്റെ മറുകര തേടി കിടന്നു പിടക്കുന്ന ഉമ്മ ബാപ്പമാർ. പകൽ മക്കളെ പരിപാലിച്ചും, രാത്രി അവരുറങ്ങുമ്പോൾ അവരെ നോക്കി വാവിട്ടുഞ്ഞും നാളുകളെണ്ണുന്ന നിസ്സഹായതയുടെ നേർചിത്രങ്ങൾ. ഇറങ്ങാത്ത വേരുകളും ഉറക്കാത്ത ചുവടുകളും, നിവരാത്ത ശിരസ്സുമായി മക്കളടുത്തുണ്ടാവുന്ന മാതാപിതാക്കളുടെ നൊമ്പരങ്ങൾക്ക് ഭാഷയില്ല; ഭാവമേയൊള്ളൂ.

തീച്ചുമടും പേറി കാറ്റുള്ളിടത്തിലൂടെ നടന്നു പോകുന്ന ഒരാളുടെ പൊള്ളുന്ന വേവലാതികൾ ഒരിക്കലങ്ങനെ നടന്നു നീങ്ങിയവനേ മനസ്സിലാവൂ. തോറ്റവന്റെ പാട്ടിന്റെ സ്വരം ഇടറുന്നതും ഇഴയുന്നതും ജീവിതത്തിൽ നിന്ന് തോറ്റോടിപ്പോവാൻ ചെരിപ്പൂരി കയ്യിൽ പിടിച്ചു നിൽക്കുന്നവന്റെ കാതിലേ ചെന്ന് പതിയൂ. അറ്റം കാണാത്ത സങ്കടങ്ങളുടെയും ആഴമറിയാത്ത വേദനയുടെയും അടിക്കടലിലാണ് പലപ്പോഴും പലരുടെയും ജീവിതം. ഇസ്തിരി ജീവിതത്തിന്റെ ഫോർമാലിറ്റികൾക്കപ്പുറം പച്ചമനസ്സും പേറി നടക്കുന്ന ഒരു മനുഷ്യനുണ്ട് ഒാരോരുത്തർക്കുമുള്ളിൽ. സങ്കടങ്ങളെ സഹിച്ചും വേദനകളെ വഹിച്ചും ജീവിതത്തോടവൻ പൊരുതുകയാവും. തലയിണയോട് ചോദിച്ചാലറിയാം ഒറ്റക്കാവുമ്പോൾ ഒാരോരുത്തരും എന്തുമാത്രം കരഞ്ഞു തീർക്കാറുണ്ടെന്ന്. പുറത്തു വിയർപ്പു വീഴുന്ന തൊഴിലുകളിൽ ജീവിതം പടുക്കുന്നവർ നിത്യ ജീവിതത്തിന്റെ ദുരിതവുമായി നെട്ടോടുമുന്നതിനിടയിൽ കിടക്കയിലായിപ്പോവുന്ന അവസ്ഥ എന്തുമാത്രം ദയനീയമാണ്. വെയിലും മഴയും വകവെക്കാതെ കഷ്ടപ്പെട്ടുണ്ടാക്കിയ പത്തും നൂറുമൊക്കെ കൂടിച്ചേർത്താൽ തന്നെ ജീവിതച്ചെലവിന്റെ രണ്ടറ്റം മുട്ടാതെ വരുമ്പോൾ ആശുപത്രിയുടെ ബില്ലടക്കാൻ അവരെന്ത് ചെയ്യും. ഇവിടെ നിന്നാണ് കരുണയുടെ വാതിലുകൾ പടുക്കുന്നതിനെക്കുറിച്ച് നാം ആലോചിച്ച് തുടങ്ങേണ്ടത്. സഹജീവി സ്നേഹം അതിന്റെ പൂർണതയിലേക്ക് വരേണ്ട ഒരുപാട് ഘട്ടങ്ങൾ ജീവിതത്തിലുണ്ട്. അതിലെ മുൻനിരക്കാരാണ് രോഗികൾ. ആരിലേക്കും എപ്പോഴും വരാവുന്ന ആ സന്നിഗ്ദ്ധതയെക്കുറിച്ച് അതിലേക്കെത്തും മിൻപേ ആലോചനകളുണ്ടാവണം. ആരോഗ്യത്തിന് ശേഷമുള്ള രോഗഘട്ടം വിഷമം പിടിച്ച ഒരു കാലമാണെന്നത് പോലെ രോഗത്തിന് മുൻപുള്ള ആരോഗ്യഘട്ടം മനസ്സ് വിശാലമാവേണ്ടുന്ന സമയമാണ്. കഷ്ടപ്പെടുന്നവരുടെ സങ്കടങ്ങളെ ഏറ്റെടുക്കാൻ നമുക്കായാൽ അതിനോളം വലിയ പുണ്യം മറ്റെന്തുണ്ട്. സ്നേഹം പ്രാർത്ഥനകളായി പൂവിടുന്ന നേരമാണത്.
ഞാൻ രോഗിയായി കിടന്നിട്ടും നീ വന്നു കണ്ടില്ലല്ലോയെന്ന് വിചാരണ നാൾ സ്രഷ്ടാവ് ചില മനുഷ്യരോട് ചോദിക്കുമെന്ന് പ്രവാചകൻ പറഞ്ഞു. ‘നീ രോഗിയാവുകയോ, അതെങ്ങെനെ’ എന്നവർ അത്ഭുതം കൂറുമ്പോൾ സ്രഷ്ടാവ് പറയുമത്രെ, നിന്റെ സമീപത്തെ ഇന്ന വ്യക്തി രോഗ ശയ്യയിലായിട്ടും നീ ചെന്ന് സഹായിച്ചില്ല അതു തന്നെ കാര്യം. അഗ്നി ശുദ്ധി വരുത്താൻ പടച്ചവൻ നൽകുന്ന പരീക്ഷണങ്ങൾ ചിലപ്പോൾ സങ്കൽപ്പങ്ങൾക്കും ആതീതമായിരിക്കും. പടച്ചവൻ അവനിഷ്ടപ്പെട്ടവരെയാണ് പരീക്ഷിക്കുക; ആഖിറത്തിലെ റാങ്കുകാരാക്കാൻ വേണ്ടി. സഹനത്തിന് സ്വർഗമുണ്ട്.

റഹീം വാവൂർ