ദുരന്ത നിവാരണത്തിന്റെ കര്‍മശാസ്ത്രം

2270


ഡോ. ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍

ദുരന്താനന്തര പ്രവര്‍ത്തനങ്ങളിലൊതുങ്ങുന്നതാണ് പലപ്പോഴും നമ്മുടെ ദുരന്ത നിവാരണ യജ്ഞങ്ങള്‍. ദുരന്ത പ്രതിരോധം, മുന്നൊരുക്കങ്ങള്‍, വീണ്ടെുപ്പ്, സഹായങ്ങള്‍ എന്നീ നാലു ഘട്ടങ്ങളിലായാണ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കപ്പെടേണ്ടത്.


ദുരിത പൂര്‍ണ്ണമായ ജീവിത പരിസരങ്ങളിലൂടെയാണ് നമ്മുടെ നാട് കടന്നു പോകുന്നത്. ഒന്നിനു പിറകെ ഒന്നായി വരുന്ന പ്രകൃതി ദുരന്തങ്ങളും മാരക രോഗങ്ങളും സാമ്പത്തിക തൊഴില്‍ മേഖലകളിലെ പ്രതിസന്ധികളുമെല്ലാം സ്വസ്ഥ ജീവിതം തകര്‍ക്കുന്നു. പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ നഷ്ടങ്ങളുടെ കഥ പറയുന്ന അനേകം മനുഷ്യരെ ബാക്കി വെക്കുന്നുണ്ട്. ഉറ്റവരെ നഷ്ടപ്പെട്ടവര്‍, വീടും സമ്പാദ്യങ്ങളും ഭൂമി പോലും നഷ്ടപ്പെട്ടവര്‍ തുടങ്ങി ദുരിത ബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ദുരിതാശ്വാസ കാമ്പുകളില്‍ നിന്ന് ലഭിക്കുന്ന താല്‍കാലികാശ്വാസങ്ങള്‍ ഒഴിച്ചാല്‍ പലരുടെയും തുടര്‍ ജീവിതം ഇരുളടയുകയാണ്.
ദുരന്ത നിവാരണത്തിനും ഇരകളെ പുനരധിവസിപ്പിക്കുന്നതിനും സംഘടിതമായും അല്ലാതെയും പല പ്രവര്‍ത്തനങ്ങളും നമ്മള്‍ നടത്തി വരുന്നുണ്ട്. വിശ്വാസത്തിന്റെ ഭാഗമായിത്തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഉള്‍ക്കൊണ്ടു വേണം ഇത്തരം സാമൂഹികപ്രവര്‍ത്തനങ്ങളില്‍ നാം ഭാഗവാക്കാകേണ്ടത്. അവ പൂര്‍ണ്ണാര്‍ഥത്തില്‍ വിജയിപ്പിച്ചെടുക്കാന്‍ കൂടുതല്‍ ജനപങ്കാളിത്തം നാം ഉറപ്പുവരുത്തേണ്ടതുണ്ട്. ദുരന്താനന്തര പ്രവര്‍ത്തനങ്ങളിലൊതുങ്ങുന്നതാണ് പലപ്പോഴും നമ്മുടെ ദുരന്ത നിവാരണ യജ്ഞങ്ങള്‍. ദുരന്ത പ്രതിരോധം, മുന്നൊരുക്കങ്ങള്‍, വീണ്ടെുപ്പ്, സഹായങ്ങള്‍ എന്നീ നാലു ഘട്ടങ്ങളിലായാണ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കപ്പെടേണ്ടത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കുന്ന വിശ്വാസികള്‍ അതുമായി ബന്ധപ്പെട്ട മതകീയ കാഴ്ചപ്പാടുകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഭാവിയില്‍ കൂടുതല്‍ മികച്ച പ്രകടങ്ങനങ്ങള്‍ കാഴ്ച വെക്കാന്‍ അത് സഹായകമാകുമെന്നതില്‍ സംശയമില്ല.
അപകടങ്ങള്‍ വരുന്നതിന് മുമ്പുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ദുരന്ത നിവാരണത്തിന്റെ ആദ്യഘട്ടം. ഭൗതികവും ആത്മീയവുമായ പ്രതിരോധ വഴികള്‍ സ്വീകരിക്കേണ്ടവനാണ് വിശ്വാസി. ജീവിതത്തിന്റെ നിഖില മേഖലകളിലും ആത്മീയ ഭൗതിക ഘടകങ്ങളെ ഉള്‍ക്കൊണ്ടു മുന്നോട്ട് നീങ്ങുന്ന വിശ്വാസിയെ മനുഷ്യരുടെ ദുര്‍ നടപടികളാണ് കരയിലും കടലിലും നാശം വിതച്ചെതെന്ന ഖുര്‍ആനിക വചനം ജീവിത വിശുദ്ധയിലൂടെ ദുരന്തപ്രതിരോധത്തിന് സന്നദ്ധരാകാന്‍ ഉദ്‌ബോധിപ്പിക്കുന്നുണ്ട്. നീതിബോധവും സത്യസന്ധതയും സമൂഹത്തില്‍ നിലനിന്നാല്‍ ദുരന്തങ്ങള്‍ക്കറുതിയാകുമെന്ന് പ്രവാചക വചനങ്ങളും ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. ഭൗതികമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദുരന്തം തടയാനോ നാശം കുറക്കാനോ സഹായകമാകും. പ്രകൃതിയെ ചൂഷണാത്മകമായി ഉപയോഗിക്കുന്നതാണ് പലപ്പോഴും ദുരന്തങ്ങളിലേക്ക് വഴിവെക്കുന്നത്. പ്രകൃതി വിഭവങ്ങളെ ഉപയോഗപ്പെടുത്തുന്നത് അതിരുകളെല്ലാം ഭേദിച്ച് ചൂഷണം എന്ന തലത്തിലേക്ക് നീങ്ങുമ്പോള്‍ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും പ്രകൃതി ദുരന്തങ്ങള്‍ക്ക് വഴിമാറുകയും ചെയ്യുന്നു. അത്തരം ചെയ്തികളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ഇസ്ലാം നമ്മോട് കല്‍പ്പിച്ചിട്ടുണ്ട്. മണ്ണും ജലവും പ്രക്യതി വിഭവങ്ങളുമെല്ലാം ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ. മത നിയമങ്ങളുടെ അടിസ്ഥാന ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണ് അവയിലെ ധൂര്‍ത്തും മലിനീകരണവും. വിശ്വാസം, ശരീരം , ബുദ്ധി, പരമ്പര, സമ്പത്ത് എന്നിവയുടെ സംരക്ഷണമാണ് ഇസ്ലാമിക നിയമങ്ങളുടെ അടിസ്ഥാന ലക്ഷ്യം. അതിന് വഴിയൊരുക്കുന്നതെല്ലാം ന•യും മറിച്ചുള്ളത് തി•യുമാണ്.അടിസ്ഥാനപരമായി സംരക്ഷിക്കപ്പെടേണ്ട പഞ്ച സ്രോതസ്സുകളുടെ പരിരക്ഷക്കായി ചെയ്യുന്നതെല്ലാം പ്രതിഫലാര്‍ഹമാണെന്നും മറിച്ചുള്ളത് ഋണാത്മകമാണെന്നും ശിക്ഷാര്‍ഹമാണെന്നും നാം ഇതിനോടു ചേര്‍ത്തു വായിക്കണം. അത്തരം തി•കളില്‍ നിന്ന് അകന്ന് നില്‍ക്കേണ്ടവനാണ് വിശ്വാസി. പ്രകൃതിക്കെതിരെയുള്ള കൈയേറ്റങ്ങള്‍ ഇവയ്ക്ക് നേരിട്ടോ അല്ലാതെയോ നാശം വരുത്തുമെന്നത്് വ്യക്തമാണ്. ഇത്തരം നശീകരണങ്ങളുടെ തുടര്‍ച്ചയായിരിക്കും അന്ത്യനാളെന്ന് പ്രവാചകര്‍ പല വചനങ്ങളിലൂടെയും സൂചന നല്‍കിയിട്ടുണ്ട്. ഇത്തരം മുന്നറിയിപ്പുകളെ ഗൗരവത്തിലെടുത്ത്് പ്രകൃതിയെയും പ്രകൃതി സ്രോതസ്സുകളെയും സംരക്ഷിക്കുക എന്നത് വിശ്വാസത്തിന്റെ ഭാഗമായ മുന്‍കരുതലാണ്. രോഗങ്ങള്‍ക്ക് ചികിത്സ നേടാന്‍ നര്‍ദ്ദേശിച്ചതും നാശത്തിലേക്ക് എടുത്തു ചാടലിനെ വിലക്കിയതും പ്രതിരോധ പ്രവര്‍ത്തനങ്ങളാണ്. കൃഷിയും വ്യവസായവും ജീവിതോപാധികളായി സ്വീകരിക്കാന്‍ പ്രോത്സാഹനം നല്‍കിയതിലും കരുതലോടെ ജീവിതം ചിട്ടപ്പെടുത്താനുള്ള പ്രചോദനമാണ് അന്തര്‍ലീനമായിട്ടുള്ളത്.
ആസന്നമായ ദുരന്തങ്ങളെ മുന്‍കരുതലോടെ നേരിടാനും മതത്തിന്റെ നിര്‍ദ്ദേശമുണ്ട്. ദുരന്ത മുന്നറിയിപ്പുകള്‍ വിശ്വാസത്തിലെടുക്കാനും സുരക്ഷിത മാര്‍ഗങ്ങള്‍ അവലംബിക്കാനും തയ്യാറാകണം. ശക്തമായ ക്ഷാമം ബാധിക്കുമെന്ന് മുന്‍കൂട്ടി മനസ്സിലാക്കി ആവശ്യമായ ഒരുക്കങ്ങള്‍ നടത്തിയ യൂസുഫ് നബിയുടെ ചരിത്രം വിശുദ്ധ ഖുര്‍ആനിലുണ്ട്. ദുരന്തമുന്നറിയിപ്പുകളോട് സ്വീകരിക്കേണ്ട സമീപനമെങ്ങനെയെന്ന് പഠിപ്പിക്കുക കൂടിയാണ് പ്രസ്തുത ചരിത്രം.
ഭൗതിക സ്രോതസ്സുകളെ വിനിയോഗിക്കുമ്പോള്‍ സ്രഷ്ടാവ് തനിക്കു നല്‍കിയ അനുഗ്രഹങ്ങള്‍ താന്‍ മാത്രം അനുഭവിക്കേണ്ടതല്ലെന്നും തന്റെ സഹജീവികള്‍ക്കും കൂടി പങ്കു വെക്കപ്പെടേണ്ടതാണ് എന്ന സന്ദേശം വിളിച്ചോതുന്ന അനേകം പ്രവാചകവചനങ്ങള്‍ കാണാനാകും. തന്റെയും കുടുംബത്തിന്റെയും ഭക്ഷണം ആവശ്യത്തിനുതകുന്നതു മാത്രമാക്കേണമേ എന്ന പ്രാര്‍ഥനയും അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറക്കുന്നവന്‍ എന്നില്‍ പെട്ടവനല്ല എന്ന വചനവുമെല്ലാം അടയാളപ്പെടുത്തുന്ന മാനവികതയുടെ സന്ദേശം ഇതു തന്നെയാണ്. തനിക്ക് അത്യാവശ്യത്തിനുള്ള വസ്ത്രം പോലുമില്ല എന്ന് സങ്കടം പറഞ്ഞ അനുയായിയോട് നിന്റെ അയല്‍വാസികളില്‍ ഒന്നിലധികം വസ്ത്രമുള്ളവര്‍ ഉണ്ടോ എന്നാരായുകയും ഉണ്ട് എന്ന് മറുപടി കിട്ടിയപ്പോള്‍ അല്ലാഹു നിന്റെയും അവന്റെയും ഇടയില്‍ നാളെ സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചു കൂട്ടാതിരിക്കട്ടെ എന്നു പ്രാര്‍ഥിക്കുകയും ചെയ്തത് സാമൂഹ്യ ബാധ്യതയുടെ ആഴവും അതില്‍ വീഴ്ച വരുത്തുന്നതിലുള്ള ഗൗരവവും കൃത്യമായി വരച്ചിടുന്നുണ്ട്.
ന•യും തി•യുമെല്ലാം അല്ലാഹുവില്‍ നിന്നാണെങ്കിലും വേണ്ട മുന്‍കരുതലുകളെടുക്കാന്‍ നമ്മോട് കല്‍പ്പിച്ചിട്ടുണ്ട്. രോഗം പടര്‍ന്ന് പിടിച്ച സ്ഥലത്തേക്ക് പോകരുതെന്നു കല്‍പിച്ചതും മൃഗത്തെ കെട്ടിയിട്ടതിന് ശേഷം മാത്രം അല്ലാഹുവില്‍ ഭരമേല്‍ക്കുക എന്ന് നിര്‍ദ്ദേശിച്ചതും ഇതിന് തെളിവാണ്.
ദുരന്ത നിവാരണത്തില്‍ കൂടുതല്‍ പ്രാധാന്യമുള്ളത് ഇരകളെ സഹായിക്കുന്നതിനാണ്. സമൂഹം ഉയര്‍ന്ന ശ്രദ്ധ പതിപ്പിക്കുന്ന മേഖലയും ഇതു തന്നെ. ഇസ്ലാമിക നിയമ സംഹിതകള്‍ പരിശോധിക്കുമ്പോള്‍ ഈ രംഗത്തെ ബാധ്യതകള്‍ നമ്മള്‍ നിലവില്‍ നിര്‍വഹിച്ചു വരുന്നതിനേക്കാള്‍ വിശാലമാണെന്ന് പറയേണ്ടി വരും. വ്യാപക നാശം വിതച്ചെത്തുന്ന ദുരന്തങ്ങള്‍ക്ക് ഇരകളാകുന്നവരെ പ്രത്യേകം കണക്കിലെടുക്കുകയും ഒറ്റപ്പെട്ട് പ്രയാസങ്ങളില്‍ കഴിയുന്നവരെ കാണാതെ പോകുകയും ചെയ്യുന്നതാണ് ഈ രംഗത്തെ പ്രധാന പരിമിതി. ദുരന്തത്തില്‍ പെടുന്നവര്‍ ശാരീരികമോ സാമ്പത്തികമോ ആയ പിന്തുണകളും സഹായങ്ങളും അര്‍ഹിക്കാറുണ്ട്. അവ രണ്ടും അര്‍ഹിക്കുന്ന അളവില്‍ ലഭ്യമാക്കാന്‍ വിശ്വാസികള്‍ നിര്‍ബന്ധിതരാണ്.
ദുരിതത്തില്‍ പെട്ട് ജീവന്‍ അപകടത്തിലാകുന്നവനെ സഹായിക്കാന്‍ തന്നാലാകുന്ന സഹായങ്ങളെല്ലാം നാം നല്‍കണം. നിര്‍ബന്ധ ബാധ്യതയായ ആരാധനാ കര്‍മങ്ങള്‍ പോലും അത്തരം ഘട്ടങ്ങളില്‍ മാറ്റിവെക്കേണ്ടതാണ്. കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ പല ഭാഗങ്ങളിലായി ഇത് വിശദീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് നിര്‍ബന്ധമായ നോമ്പ്, നിസ്‌കാരം പോലെയുള്ള കര്‍മങ്ങളില്‍ പ്രവേശിച്ചവന്‍ അവ മുറിക്കരുതെന്നാണ് നിയമം. എന്നാല്‍ ശരീരത്തിനോ സ്വത്തിനോ ഭീഷണിയുണ്ടായാല്‍ ആരാധനാ കര്‍മം മുറിച്ച് രക്ഷാപ്രവര്‍ത്തനം നടത്തണം. ഇവിടെ സ്വന്തം ശരീരത്തെയും സമ്പത്തിനെയും പോലെയാണ് അന്യരുടെ ശരീരവും സമ്പത്തും. മനുഷ്യരെ മാത്രമല്ല ഈ രീതിയില്‍ സംരക്ഷിക്കേണ്ടത്. മറിച്ച് മനുഷ്യനെ ഉപ്രദവിക്കാത്ത നായയെ പോലും നിസ്‌കാരവും മറ്റും നിര്‍ത്തി വെച്ച് സംരക്ഷിക്കേണ്ടതുണ്ട്. തീപിടുത്തം, പ്രളയജലം, ഹിംസ്ര ജന്തുക്കള്‍ തുടങ്ങിവയില്‍ നിന്നെല്ലാം സഹജീവിയെ രക്ഷിക്കണമെന്ന് ഉദാഹരണ സഹിതം പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. ഇസ്ലാം സംരക്ഷണമുറപ്പു വരുത്തുന്നവയില്‍ പ്രഥമ പരിഗണനയുള്ളത് മതത്തിനാണെങ്കിലും ചില പ്രതിസന്ധി ഘട്ടങ്ങളില്‍ മതത്തേക്കാള്‍ ജീവനു വില നില്‍കുന്നുണ്ടെന്ന് ഇതില്‍ നിന്ന് ഗ്രഹിക്കാം. ആരാധനകള്‍ പിന്നെയും ചെയ്ത് തീര്‍ക്കാമെങ്കിലും ജീവനും സമ്പത്തും നശിച്ചു പോയാല്‍ തിരിച്ചെടുക്കല്‍ അസാധ്യമാണെന്നതാണ് ഇതിന്റെ യുക്തി.
കാരണമില്ലാതെ നിസ്‌കാരം നഷ്ടപ്പെടുത്തിയവനെ കുറിച്ചുള്ള ചര്‍ച്ചയിലും ദുരന്ത നിവാരണത്തിന്റെ മുന്‍ഗണന ചര്‍ച്ചയായിട്ടുണ്ട്. അതായത്, കാരണമില്ലാതെ നിസ്‌കാരം സമയത്ത് നിര്‍വഹിക്കാത്തവന്‍ തന്റെ മുഴുവന്‍ സമയവും അതിനായി നീക്കിവെക്കണം. മറ്റു സല്‍കര്‍മങ്ങള്‍ പോലും അതിന് തടസ്സമായിക്കൂടാ എന്നാണ് ശരീഅത്തിന്റെ വീക്ഷണം. അത്തരക്കാര്‍ സുന്നത്ത് നിസ്‌കാരം നിര്‍വഹിക്കുന്നത് പോലും ശിക്ഷാര്‍ഹമാകുന്നത് അതു കൊണ്ടാണ്. എന്നാല്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നവനെ സംരക്ഷിക്കുക, ശത്രുവില്‍ നിന്നോ അപകടങ്ങളില്‍ നിന്നോ സഹായമഭ്യര്‍ഥിക്കുന്നവനെ സഹായിക്കുക തുടങ്ങിയ കര്‍മങ്ങള്‍ക്ക്്് വിലക്കില്ലെന്ന് മാത്രമല്ല നിസ്‌കാരം മാറ്റി വെച്ച് ഇവ നിര്‍ഹിക്കണമെന്നാണ് നിയമം.
ശാരീരികമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതിന്ന് മതം നല്‍കുന്ന മുന്‍ഗണനയാണ് ഇത്രയും പറഞ്ഞത്. സാമ്പത്തികമായുള്ള സഹായങ്ങളുടെ കാര്യവും ഇതു പോലെത്തന്നെയാണ്. തന്റെ സഹജീവിയെ സാമ്പത്തികമായി സഹായിക്കാന്‍ നിരവധി വഴികള്‍ ഇസ്ലാം വിശ്വാസിക്ക് മുന്നില്‍ തുറന്ന് വെക്കുന്നുണ്ട്. നിര്‍ബന്ധ ദാനങ്ങളും ഐച്ഛിക ദാനങ്ങളും അതിലുണ്ട്. നിര്‍ബന്ധമായതില്‍ ഏറെ പ്രസിദ്ധമാണ് സകാത്ത്. നിബന്ധനകളൊത്ത എട്ട് ധനങ്ങളിലേ സകാത്ത് വരുന്നുള്ളൂ. ധനികന്റെ സാമ്പത്തിക ബാധ്യത ഒരിക്കലും അതില്‍ പരിമിതമല്ല. സകാത്ത് കൊടുത്ത് കഴിഞ്ഞാല്‍ ശിഷ്ട ധനം തന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കുള്ളതാണെന്ന് അവന്‍ ധരിച്ചു പോകരുത്. സകാത്ത് ബാധ്യതയെകുറിച്ച് നബിയോട് നിരന്തരം ചോദ്യങ്ങളുന്നയിച്ച അനുചരനോട് സകാത്തിന് പുറമെയും ധനത്തില്‍ ബാധ്യതയുെണ്ടന്ന് അവിടുന്ന് ഓര്‍മ്മപ്പെടുത്തിയത് ഹദീസില്‍ കണാം. ഫിത്വ്‌റ് സകാത്ത്, കുറ്റകൃത്യങ്ങളുടെ പ്രായശ്ചിത്തം, നോമ്പ് ഹജ്ജ് തുടങ്ങിയവയിലെ അപാകതകളുടെ പ്രായശ്ചിത്തം തുടങ്ങി നിര്‍ബന്ധ ദാനങ്ങള്‍ നിരവധിയാണ്. ഇവയെല്ലാം നല്‍കപ്പെടേണ്ടത് ദുരിതമനുഭവിക്കുന്നവര്‍ക്കും നിരാലംബര്‍ക്കുമാണ്.
നിര്‍ബന്ധ ദാനങ്ങളില്‍ അധിക പേരും ശ്രദ്ധിക്കാതെ പോകുന്നതാണ് അടിയന്തര പ്രാധാന്യത്തില്‍ നിര്‍വഹിക്കപ്പെടേണ്ട സാമ്പത്തിക സഹായങ്ങള്‍. അഥവാ ദുരന്ത ബാധിതരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും ജീവിക്കാന്‍ പ്രയാസപ്പെടുന്നില്ലെന്ന് സമ്പന്നര്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. ഒരു വര്‍ഷം തനിക്കും കുടുംബത്തിനും ജീവിക്കാനാവശ്യമായതില്‍ കവിഞ്ഞ് മിച്ചമുള്ളവരെല്ലാം ഈ ബാധ്യത നിര്‍വഹിക്കേണ്ടവരാണ്. അതായത് ഭക്ഷണ വസ്ത്ര താമസ സൗകര്യങ്ങള്‍ക്ക് പ്രയാസപ്പെടുന്നവരെ സഹായിക്കേണ്ടത് ഇവരുടെ സാമൂഹിക ബാധ്യതയാണ്. എന്നാല്‍ അത്യാവശ്യ സാധനങ്ങള്‍ ലഭിക്കാത്തതിന്റെ പേരില്‍ മരണം ഭയപ്പെടുന്ന ഘട്ടമാണെങ്കില്‍ അടുത്ത സമയത്തേക്ക് നീക്കി വെച്ചതു പോലും നല്‍കേണ്ടതാണ്. സമ്പന്നര്‍ ദരിദ്രര്‍ എന്ന വ്യത്യാസം ഇവിടെ ബാധകമല്ല. ആരാധനക്ക് വേണ്ടി കൂടെ കരുതിയ വെള്ളം പോലും ഇത്തരം ഘട്ടങ്ങളില്‍ നല്‍കപ്പെടണം. വെള്ളം ലഭിക്കാത്തതിന്റെ പേരില്‍ തയമ്മും ചെയ്യേണ്ട സാഹചര്യങ്ങള്‍ വിശദീകരിച്ച കൂട്ടത്തില്‍ കര്‍മശാസ്ത്ര പണ്ഡിതര്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. അഥവാ വുളൂഅ് ചെയ്യാന്‍ കരുതിയ വെള്ളം നിലവിലോ പിന്നീടോ സംരക്ഷണമര്‍ഹിക്കുന്ന മനുഷ്യന്റെയോ മറ്റു ജീവിയുടെയോ ദാഹശമനത്തിന് ആവശ്യമെങ്കില്‍ അതുപയോഗിച്ച് വുളൂഅ് ചെയ്യരുത്. മറിച്ച് അവന്‍ മണ്ണുപയഗിച്ച് തയമ്മും ചെയ്യുകയാണ് വേണ്ടത്. അങ്ങനെ നിസ്‌കരിച്ച നിസ്‌കാരം പിന്നീട് മടക്കുക പോലും ചെയ്യേണ്ടതില്ല. ഉടമസ്ഥന് പിന്നീട് ആവശ്യമുള്ള ജലം നിലവില്‍ ആവശ്യമുളളവര്‍ക്ക് കൊടുക്കണം. തനിക്കോ മറ്റുള്ളവര്‍ക്കോ യാത്രയില്‍ വെള്ളം ആവശ്യമാകുമെന്ന് കണ്ടാല്‍ കൂടെ കരുതലും നിര്‍ബന്ധമാണ്. ജീവന് ഇസ്ലാം നല്‍കുന്ന വിലയും അത് സംരക്ഷിക്കുന്നതിന്റെ മഹത്ത്വവുമാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്. ഇസ്ലാമിക നിയമങ്ങളുടെ അടിത്തറ തന്നെ പരസഹായമാണെന്ന് ഈ നിയമങ്ങളെല്ലാം ഓര്‍മിപ്പിക്കുന്നുണ്ട്്്.
വിശുദ്ധ ഖുര്‍ആനും പ്രവാചാകാധ്യാപനങ്ങളും ഇത് വ്യക്തമാക്കിയതായും കാണാം. ഖുര്‍ആന്‍ പറയുന്നു. കിഴക്കോട്ടോ പടിഞ്ഞാറോട്ടോ നിങ്ങള്‍ മുഖം തിരിക്കലല്ല പുണ്യം. പ്രത്യുത അല്ലാഹുവിലും അന്ത്യ നാളിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചക•ാരിലും വിശ്വസിക്കുകയും ധനത്തോടു പ്രതിപത്തിയുണ്ടായിരിക്കെ തന്നെ ബന്ധുക്കള്‍ അനാഥകള്‍ ദരിദ്രര്‍ യാത്രക്കാര്‍ യാചക•ാര്‍ എന്നിവര്‍ക്കും അടിമവിമോചനത്തിനും അതു നല്‍കുകയും നമസ്‌കാരം യഥാവിധി നിര്‍വഹിക്കുകയും സകാത്ത് കൊടുക്കുകയും കരാറുകള്‍ പൂര്‍ത്തീകരിക്കുകയും വിഷമതകളും കഷ്ടപ്പാടുകളും വന്നെത്തുമ്പോഴും യുദ്ധരംഗത്താകുമ്പോഴും ക്ഷമകൈക്കൊള്ളുകയും ചെയ്യുന്നവര്‍ ആരോ അവരാണ് പുണ്യവാ•ാര്‍. പ്രവാചകര്‍ സ്വയം ജീവിതത്തില്‍ ദുരിതമനുഭവിക്കുന്നവരെ നന്നായി സഹായിക്കുകയും ആ വഴിയില്‍ തന്നെ അനുയായികളെ വളര്‍ത്തിയെടുക്കുകയും ചെയ്തു. ഒരിക്കല്‍ നബി പറഞ്ഞു. ആവശ്യത്തിലധികം വാഹനമുള്ളവര്‍ ഇല്ലാത്തവര്‍ക്ക് നല്‍കണം. ആവശ്യത്തിലധികം ഭക്ഷണമുള്ളവര്‍ ഇല്ലാത്തവര്‍ക്ക് നല്‍കണം. ഇത് കേട്ട അനുചര•ാര്‍ ആവശ്യത്തിലപ്പുറമുള്ളത് തങ്ങളുടേതല്ലെന്ന് ചിന്തിക്കുന്ന അവസ്ഥവരെയുണ്ടായി. മറ്റൊരിക്കല്‍ നിര്‍ദ്ദേശിച്ചത് രണ്ടുപേര്‍ക്കുള്ള ഭക്ഷണത്തിലേക്ക് മൂന്നാമനെയും മൂന്ന് പേര്‍ക്കുള്ളതിലേക്ക് നാലാമനെയും ക്ഷണിക്കാനായിരുന്നു. ശേഷം പത്തുപേരുമായി നബി തന്റെ വീട്ടിലേക്ക് മടങ്ങി. സാമ്പത്തികമായി ചെയ്തു തീര്‍ക്കേണ്ട ബാധ്യതകള്‍ ഇങ്ങനെ വിശദീകരിക്കുകയായിരുന്നു നബി തങ്ങള്‍.
പരോപകാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇസ്ലാം നിര്‍ദ്ദേശിച്ച ഇടപാടാണ് വായ്പ സമ്പ്രദായം. പുണ്യകരമെന്നതാണ് ഇതിന്റെ അടിസ്ഥാന വിധി. എന്നാല്‍ ദുരന്ത മുഖത്തുള്ളവരെ രക്ഷിക്കാന്‍ വായ്പയല്ലാതെ മാര്‍ഗമില്ലെങ്കില്‍ അതു നിര്‍ബന്ധമാകും. ജീവനു ഭീഷണിയാകുന്ന കൊടും ചൂടില്‍ നിന്നോ തണുപ്പില്‍ നിന്നോ രക്ഷപ്പെുടുത്താന്‍ പുതപ്പോ വെള്ളത്തില്‍ മുങ്ങിത്താഴുന്നവനെ രക്ഷിക്കാന്‍ കയറോ വായ്പയെടുക്കുന്നത് ഇതിന് ഉദാഹരണമാണ്.
നിര്‍ബന്ധ ദാനങ്ങള്‍ക്ക് പുറമെ ഐച്ഛിക ദാനങ്ങള്‍ക്കും ഇസ്ലാമില്‍ വലിയ പ്രോത്സാഹനമുണ്ട്. സ്വദഖ, ഹദ്്്‌യ, വസ്വിയ്യത്്, വഖ്ഫ്, വലീമ തുടങ്ങിയ ദാന മാര്‍ഗങ്ങളെല്ലാം ഇസ്ലാമിന്റെ പരസഹായ മുഖമാണ്. പുതിയ വസ്ത്രം ധരിച്ചവന് പഴയ വസ്ത്രം ദാനം ചെയ്യല്‍ സുന്നത്താണ്, പാപം പൊറുക്കപ്പെടാന്‍ ധര്‍മ്മം നല്ലതാണ് തുടങ്ങിയ പരാമര്‍ശങ്ങളും പ്രയാസമനുഭവിക്കുന്നവരെ രക്ഷപ്പെടുത്താന്‍ ഇസ്ലാം മുന്നോട്ട് വെക്കുന്ന വഴികളിലേക്ക് വെളിച്ചം വീശുന്നു.
ദുരന്ത നിവാരണത്തിനായി ഭരണാധികാരികള്‍ അടിയന്തര നയങ്ങള്‍ കൈക്കൊളളുന്നതിന് ചരിത്രത്തില്‍ പല പാഠങ്ങളുമുണ്ട്. ഭക്ഷ്യ ക്ഷാമം നേരിട്ട കാലത്ത് ഉദ്ഹിയ്യത് മാംസം സൂക്ഷിക്കുന്നതിന് നബി തങ്ങള്‍ മൂന്ന് ദിവസത്തെ പരിധി നിശ്ചയിച്ചിരുന്നു. പിന്നീട് ക്ഷാമം നീങ്ങിയപ്പോള്‍ നിയന്ത്രണം എടുത്തുകളയുകയും എടുത്ത് വെക്കുന്നതിന് തടസ്സമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഖലീഫ ഉമര്‍ (റ) ന്റെ കാലത്ത് മദീനയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ക്ഷാമം നേരിട്ടപ്പോള്‍ സ്വന്തം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തി അദ്ധേഹം മാതൃകയായി. റൊട്ടിയും പാലും നെയ്യും കഴിച്ചിരുന്ന സ്ഥാനത്ത് എണ്ണയും സുര്‍ക്കയും കഴിക്കാന്‍ തീരുമാനിച്ചു. അതോടെ ശരീരം മെലിഞ്ഞുണങ്ങുകയും നിറം കറുത്തു പോകുകയും ചെയ്തു. പട്ടിണി കിടക്കുന്നവരെ സഹായിക്കാന്‍ അദ്ധേഹം സദ്യയൊരുക്കുകയും ദിവസേന പതിനായിരത്തിലധികം പേര്‍ അതില്‍ പങ്കാളികളാകുകയും ചെയ്തു. പൊതു ഖജനാവിലെ പണം ഉപയോഗിച്ച് തീര്‍ന്നപ്പോള്‍ പരിസര നാടുകളിലെ ഗവര്‍ണ്ണര്‍മാര്‍ക്ക് കത്തെഴുതി സഹായം ആവശ്യപ്പെട്ടു. ഉടന്‍ വസ്ത്രവും പുതപ്പും എണ്ണയും ധാന്യങ്ങളുമായി ഒട്ടകക്കൂട്ടങ്ങള്‍ മദീനയിലെത്തി. ഒന്‍പതുമാസത്തോളം നീണ്ടു നിന്ന ക്ഷാമ കാലത്ത് മദീനക്കാരും പരിസര വാസികളും ഖലീഫയുടെ പൂര്‍ണ സംരക്ഷണത്തിലായിരുന്നു. ദുരിതത്തിന്റെ ഗൗരവം കണക്കിലെടുത്ത് കട്ടവന്റെ കൈമുറിക്കുകയെന്ന ശിക്ഷാ നിയമവും ഈ കാലയളവില്‍ അദ്ധേഹം എടുത്തു കളഞ്ഞു. ജീവന്‍ അപകടത്തിലാകുമെന്ന് കണ്ടാല്‍ സുരക്ഷിത സ്ഥലത്ത് സൂക്ഷിച്ച സമ്പത്ത് കൈവശപ്പെടുത്താമെന്ന തത്വം പരിഗണിച്ചായിരുന്നു ഈ പരിഷ്‌കരണം.
ചുരുക്കത്തില്‍ പ്രയാസമനുഭവിക്കുന്നവരെ കൂടെ നിര്‍ത്തുന്നത് പ്രധാന അജണ്ടയായി നാം കാണേണ്ടതുണ്ട്. സാമ്പത്തികമായോ ശാരീരികവുമായോ സഹകരിക്കാന്‍ കഴിയാത്തവര്‍ക്കും ഈ ഉദ്യമത്തില്‍ പങ്കുകൊള്ളാം. മനസ്സു കൊണ്ടും പ്രാര്‍ഥന കൊണ്ടും ദുഖിതന്റെ കൂടെയുണ്ടാകുന്നത് വലിയ ആശ്വാസം പകരും. ശക്തമായ തണുപ്പുള്ള രാത്രി കമ്പിളി പുതക്കാതെ ദരിദ്രരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നുവേ്രത ബിഷ്‌റുല്‍ ഹാഫി (റ). തനിക്ക് ആകെയുള്ളത് മറ്റുള്ളവര്‍ക്ക് നല്‍കി വിശാല മനസ്‌കത കാണിക്കുന്നതും ഖുര്‍ആന്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. ഹിജ്‌റ വന്ന മക്കാനിവാസികളെ സ്വീകരിച്ച അന്‍സ്വാറുകളെ പരിചയപ്പെടുത്തിയ കൂട്ടത്തില്‍ ഈ ഗുണവും അല്ലാഹു എടുത്തു പറഞ്ഞിട്ടുണ്ട്. ദുരന്തങ്ങളും അപകടങ്ങളും പരീക്ഷണമാകുന്നത് അവ ബാധിച്ചവര്‍ക്കു മാത്രമല്ല, രക്ഷപ്പെട്ടവര്‍ക്കു കൂടിയാണ്. രക്ഷപ്പെട്ടതിന്റെ പേരില്‍ നന്ദി പ്രകടിപ്പിക്കുന്നതോടൊപ്പം സാമ്പത്തികവും ശാരീരികവുമായ ബാധ്യതകള്‍ നിര്‍വഹിക്കുന്നുണ്ടോ എന്ന പരീക്ഷണവും അവ ഉള്‍ക്കൊള്ളുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം സന്നദ്ധ പ്രവര്‍ത്തകരെയും സഹായ വിതരണം കോടീശ്വര•ാരെയും ഏല്‍പ്പിച്ച് മാറി നില്‍ക്കാന്‍ ഒരു വിശ്വാസിക്കും അവകാശമില്ലെന്ന് പ്രമാണങ്ങള്‍ ബോധ്യപ്പെടുത്തുന്നുണ്ട്