സോഷ്യൽ ഓഡിറ്റിംഗ് ചെയ്യപ്പെടേണ്ടവരാണോ ഈ സാമൂഹ്യ പ്രവർത്തകർ

2143

കേരളം ഇന്ന് ചാരിറ്റി പ്രവർത്തനങ്ങളുടെ കാര്യത്തിൽ ഏറെ മുന്നിലാണ്. ചർച്ചകളും പ്രവർത്തനങ്ങളും സജീവമായി ചാരിറ്റി വിഷയത്തിൽ നടക്കുന്നു. മത രാഷ്ട്രീയ സാംസ്കാരിക സംഘടനകളെല്ലാം ചാരിറ്റി പ്രവർത്തനത്തിൽ സക്രിയമാണ്. കൂടാതെ വ്യെക്തികൾ പോലും ചാരിറ്റി പ്രവർത്തനങ്ങൾക്ക് മാത്രമായി ജീവിതം മാറ്റിവെക്കുന്ന സാഹചര്യം പോലുമുണ്ട്.ആവശ്യക്കാരന്റെ ആവശ്യത്തെ സഹായിക്കുകയെന്നത് തന്നെയാണ് ഏറ്റവും വലിയ പുണ്യമുള്ള കാര്യം. ഇത്രയധികം ചാരിറ്റി പ്രവർത്തനങ്ങളിലൂടെ നാടിന്റെ സാമ്പത്തിക പിന്നോക്കം നിൽക്കുന്നവർക്ക് ഒരു ആശ്വാസമാവുകയാണെങ്കിൽ അതിലേറെ ആത്മസംതൃപ്തി മറ്റെന്തിൽ ലഭിക്കും.ഇത്തരം പ്രവർത്തങ്ങളിൽ അഭിമാനിതനാണ് ഒാരോ കേരളീയനും. പക്ഷെ, ഒരു ചാരിറ്റിയും ആവശ്യക്കാരന്റെ ശാശ്വത പരിഹാരം നൽകാനുള്ള ഒരു സാഹചര്യം സൃഷ്ടിക്കുന്നില്ല എന്ന യാഥാർഥ്യം മറക്കുന്നില്ല.അത് എങ്ങനെ സാധിക്കും എന്ന ചോദ്യം നിങ്ങളുടെ മനസ്സിലിപ്പോൾ ഉയർന്നിർട്ടുണ്ടാവും. ഇത്രയധികം ചാരിറ്റി പ്രവർത്തനങ്ങളുടെ ആവശ്യകത കേരളത്തിൽ ആവശ്യമുണ്ടോ എന്ന ചോദ്യവും ഒാരോ മലയാളിയും ചോദിക്കേണ്ടതുണ്ട്. ഉണ്ടെങ്കിൽ അതിന് ഉത്തരവാദികൾ ആരെന്ന ചോദ്യത്തിന് ആരിലേക്കു വിരൽ ചൂണ്ടും എന്നതും ചിന്തനീയം.

മാറി വരുന്ന സർക്കാരുകൾ സമഗ്ര പദ്ധതികൾ ദാരിദ്ര നിർമ്മാർജ്ജനത്തിന് കേരളത്തിൽ നടപ്പിലാക്കിയിരുന്നെങ്കിൽ ഒരു പരിധിവരെ ഇത്തരം പ്രവർത്തനങ്ങൾ വ്യെക്തികൾ ഏറ്റെടുക്കുന്ന ഒരു അവസ്ഥയൊന്നും ഉണ്ടാവിലായിരുന്നു.ഒരു അന്തിചർച്ചകളും ദൃശ്യ മാധ്യമങ്ങളിൽ ഉണ്ടാവുമായിരുന്നില്ല.സർക്കാരുകളുടെ കൃത്യമായ ഇടപെടലുകൾ ഇല്ലാത്തതുകൊണ്ടും ഇൗ കാര്യങ്ങളിലുള്ള അശ്രദ്ധകൊണ്ടും എത്ര മനുഷ്യർ ഇന്ന് സ്വകാര്യ വ്യെക്തികളുടെ ചാരിറ്റി പ്രവർത്തകരെ സമീപിക്കുന്നു. ഇപ്പോൾ ഫിറോസ് കുന്നുംപറമ്പിൽ എന്ന ഒരു വ്യെക്തി മൂന്ന് വർഷത്തോളമായി സജീവമായി ചാരിറ്റി മേഖലയിൽ രംഗത്തിറങ്ങുകയും കോടിക്കണക്കിന് രൂപകൾ സ്വരൂപിച്ചു അശരണരും പാവങ്ങളുമായ ഒരുപാട് പേരുടെ ചികിത്സകൾ നടത്തുകയും ചെയ്യുന്നു.ഇദ്ദേഹം നടത്തിയ ഒരു ചികിത്സാ സഹായത്തിന്റെ ഭാഗമായി ക്രയവിക്രയം നടത്തിയ ഒരു ബാങ്ക് ഇടപാടിനെ തുടർന്നാണ് സമൂഹത്തിൽ ഇൗ സാമൂഹ്യ പ്രവർത്തകരുടെ പ്രവർത്തനങ്ങളെക്കുറിച്ചു കൂടുതൽ സോഷ്യൽ ഒാഡിറ്റിംഗ് നടന്നത്. ഇവിടെ സർക്കാർ ചിന്തിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്.ഫിറോസ് കുന്നുംപറമ്പിലെന്ന സോഷ്യൽ ആക്ടിവിസ്റ്റുമായുള്ള ഒരു വിവാദം ഉയർന്ന് വന്നപ്പോഴും ഇയാൾ മുഘേന പാവപ്പെട്ടവരിലേക്കും ആവശ്യക്കാരിലേക്കും ഇത്രയധികം സഹായം എത്തിക്കുമ്പോഴും ഇത്രയധികം പാവങ്ങൾ ചികിത്സക്കും കിടപ്പാടത്തിനും ഒരു നേരത്തെ ഭക്ഷണത്തിനും പ്രയാസപ്പെടുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞു പുതിയ പദ്ധതികൾ സർക്കാർ തലങ്ങളിൽ കൊണ്ടുവന്ന് ഇനിയുള്ളവരുടെയെങ്കിലും പ്രയാസങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമിക്കേണ്ടതായിരുന്നു.ഇങ്ങനെ എത്രത്തോളം സോഷ്യൽ ആക്ടിവിസ്റ്റുകളും സംഘടനകളും ഇങ്ങനെ ചാരിറ്റിയുമായി മാത്രം ബന്ധപ്പെട്ട് ഒരുപാട് കഷ്ടതകൾ നീക്കുന്നു.ഇതേസമയം ഇൗ ചാരിറ്റിയുടെ മറവിൽ ഒരുപാട് വ്യെക്തികളും സംഘടനകളും ക്രമക്കേടുകൾ നടത്തി വഞ്ചനയും നടത്തുന്നുണ്ട് എന്നത് വിസ്മരിക്കുന്നില്ല.

യഥാർത്ഥത്തിൽ നമ്മുടെ കേരളത്തിൽ ഇത്രയധികം ചാരിറ്റിയുടെ ആവശ്യമുണ്ടോ?.അനാവശ്യ മത്സരങ്ങളോടെയാണ് പലരും ചാരിറ്റി സംഘടനകൾ രൂപീകരിക്കുന്നത് എന്ന് തോന്നിപ്പോയിട്ടുണ്ട് പലപ്പോഴും.ആറ് കിലോമീറ്ററിനുള്ളിൽ നാലോളം ചാരിറ്റി സംഘടനകൾ പ്രവർത്തിക്കുന്നത് ഒരേ ജനതയെക്കണ്ട് മാത്രം. ഒരു രാഷ്ട്രീയ പാർട്ടി ചാരിറ്റി പ്രവർത്തനവുമായി മുന്നോട്ട് പോവുമ്പോൾ എതിരാളികൾ അതിനെ തടയിടാൻ ചാരിറ്റി സംഘടനയുമായി തന്നെ ഒരേ ആവശ്യക്കാരായ ജനതയുടെ മുന്നിൽ വരുന്നു. യഥാർത്ഥത്തിൽ ഇവിടെ ഉദ്ദേശ്യ ശുദ്ധിയോടെയുള്ള ചാരിറ്റി പ്രവർത്തനം നടക്കുന്നുണ്ടോ എന്നതിലാണ് സംശയം. ഇവിടെ വ്യെക്തികൾ നേരിട്ട് നടത്തുന്ന ചാരിറ്റി പ്രവർത്തകരുടെ ഒരു ഏകോപനവും ഒരുപാട് സഹായങ്ങൾ ചെയ്യും. എല്ലാംകൊണ്ടും ഒരുപടി മുന്നിലായ കേരളത്തിനേക്കാൾ സഹായത്തിനാവശ്യമുള്ളവർ മറ്റ് ഇതര സംസ്ഥാനങ്ങളിലുണ്ട് എന്നതാണ് നാം ഒാർക്കേണ്ടത്.ഇവിടെ തീരുന്ന ആവശ്യങ്ങൾക്ക് പുറമെ വരുന്ന പണം ഇൗ സാമൂഹ്യ പ്രവർത്തകരുടെ ഒരു കൂട്ടായ്മ കൃത്യമായ പദ്ധതിയിലൂടെ ചോദ്യങ്ങൾക്ക് ഇടവരുത്താത്ത വിധം ഉപയോഗിക്കുകയാണെങ്കിൽ മറ്റ് സംസ്ഥാനങ്ങളിലെ അശരണരെ കണ്ടെത്താൻ അത് കൂടുതൽ സഹായിക്കും എന്ന അഭിപ്രായമാണുള്ളത്. “”തീർച്ചയായും അള്ളാഹു നിനക്ക് നൽകിയ അനുഗ്രഹത്തെക്കുറിച്ച് ചോദിക്കും” എന്ന് ഖുർആനിലൂടെ അള്ളാഹു ഒാർമ്മപ്പെടുത്തുമ്പോൾ അത് ഒരു താക്കീതും കൂടിയാണ്.അതുകൊണ്ട് നാം കൃത്യമായി ആവശ്യക്കാരിലേക്കെത്തിക്കാൻ സമഗ്ര പദ്ധതികൾ രൂപപ്പെടുത്തേണ്ടതുണ്ട്.സംഘടനകൾ വീട് വെച്ച് നൽകുമ്പോഴൊക്കെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്.നടക്കാൻ കഴിയാത്തവരോ അല്ലെങ്കിൽ പുറത്തേക്ക് ജോലിക്ക് പോവാൻ കഴിയാത്തവർക്കൊക്കെയാണ് വീട് വെച്ച് നൽകുന്നതെങ്കിൽ ചെറിയ ഒരു ഭാഗം കച്ചവടം ചെയ്യാൻ പാകത്തിൽ ഒരുക്കി നൽകിയാൽ അത് ആ വ്യെക്തികളുടെ ശ്വാശത ജീവിത മാർഗ്ഗത്തിനുള്ള പരിഹാരമാവും എന്ന് സാന്ദർഭികമായി ഉണർത്തട്ടെ. സർക്കാർ മേൽനോട്ടം വഹിച്ചുള്ള ഇത്തരം ചാരിറ്റി പദ്ധതികൾ ജനങ്ങൾക്ക് വിശ്വാസ യോഗ്യമല്ലാത്തതിനാലാണ് വ്യെക്തികൾ ഇത്തരം പദ്ധതികൾ ഏറ്റെടുക്കുന്നതും അവർ കൂടുതൽ സുതാര്യമാക്കിയപ്പോൾ ജനങ്ങൾ അവരെ വിശ്വസിച്ചതും പാവങ്ങളുടെ സുൽത്താന്മാരായി വാഴിച്ചതും. സുതാര്യതയോടെ സർക്കാർ മേൽനോട്ടം വഹിച്ചു ഇത്തരം വ്യെക്തികളുടെ സഹായത്തോടെയും നിർദേശത്തോടെയുമെല്ലാം പദ്ധതികൾ റുപ്പീകരിക്കുകയാണെങ്കിൽ അത് കൂടുതൽ ഉചിതമാവും.

  സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഏറെ ഉപകാരിയും ചിലപ്പോൾ അതിലേറെ ഉപദ്രവകാരിയുമാവും എന്നത് പലരും അനുഭവിച്ചവരാണ്.സോഷ്യൽ മീഡിയയുടെ പ്രസരണത്തിൽ അഭിപ്രായ പ്രകടനങ്ങളുടെ തോത് യഥേഷ്ടമായപ്പോൾ അഭിപ്രായ  മൂല്യം വർധിച്ചതിനേക്കാൾ അധ?പതിച്ചു എന്ന് തന്നെ പറയാം. സോഷ്യൽ മീഡിയയുടെ ചില അതിരുകടന്ന കൈകടത്തലുകൾ മനുഷ്യരെ എന്തിലും ഏതിലും വിമർശിക്കാൻ മാത്രം പാകത്തിലാക്കി.നന്മ മരങ്ങളുടെ ചില്ലകൾ വെട്ടുന്ന സഹോദര സഹോദരിമാരേ ഒരപേക്ഷ മാത്രം. നിങ്ങൾ ആ നന്മ മരത്തിന്റെ ചില്ലകൾ വെട്ടി തണൽ ചായുന്നവരുടെ തണലിനെ ഇല്ലാതാക്കരുത്. ഫിറോസ് കുന്നുംപറമ്പിൽ എന്ന സാധാരണക്കാരൻ തന്റെ ജോലി കഴിഞ്ഞ് തിരിച്ചുപോരുമ്പോൾ കണ്ട ചില അനുഭവങ്ങളിൽ നിന്ന് പാവങ്ങളുടെ കൂടെ ഉറച്ചു നിന്നപ്പോൾ ഒരുപാട് പാവപ്പെട്ടവർക്ക് അദ്ദേഹം തണലായി.അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സുതാര്യമായപ്പോൾ ലോകം അദ്ദേഹത്തെ വിശ്വസിച്ചു. ഒരു മടിയും കൂടാതെ അദ്ദേഹം പണം ചോദിക്കുമ്പോൾ ലോക മലയാളികൾ അദ്ദേഹം പറയുന്ന അകൗണ്ടുകളിലേക്കു പണം എത്തിച്ചു നൽകി. സോഷ്യൽ മീഡിയ എങ്ങനെ ഫലപ്രദമായി  ഉപയോഗിക്കാമെന്നും അദ്ദേഹം കാണിച്ചു തന്ന് മാതൃകയായി. അദ്ദേഹം ഒരു ലൈവ് വീഡിയോ ഇട്ടാൽ ലക്ഷങ്ങളാണ് അത് കാണുന്നത്. അവരിൽ ഒാരോരുത്തരും പത്തു രൂപയിട്ടാൽ മതിയല്ലോ ലക്ഷങ്ങൾ സ്വരൂപിക്കാൻ. അങ്ങനെ അദ്ദേഹം ആവശ്യപ്പെടുമ്പോൾ പണം നൽകിയവരോട് അദ്ദേഹം ചിലവഴിച്ച പണത്തിന്റെ കണക്കുകളും സുതാര്യതയോടെ അവതരിപ്പിക്കും. അങ്ങനെ അദ്ദേഹം പാവങ്ങളുടെ സുൽത്താനായി ജനഹൃദയങ്ങളിൽ വാഴ്ത്താൻ തുടങ്ങി. ഫിറോസ് കുന്നുംപറമ്പിൽ എന്ന നന്മകൾ മാത്രം നിറഞ്ഞ സഹോദരനോട് ഞങ്ങൾ ഒാരോ മലയാളിക്കും പറയാനുള്ളത് ഒന്ന് മാത്രം.താങ്കൾ നിങ്ങളുടെ ദൗത്യം തുടരുക. ഞങ്ങൾ ആരും താങ്കളുടെ ഫാൻസ് അല്ലാ. താങ്കളുടെ ഉദ്യമത്തിൽ പങ്കുചേർന്ന് സ്വർഗ്ഗത്തിന്റെ ഒരു ചെറിയ അരികെങ്കിലും പറ്റാൻ ആഗ്രഹിക്കുന്ന താങ്കളുടെ സ്നേഹിതരാണ്.ഇരുളിൽ നിന്നാണ് സൂര്യൻ വന്ന് വെളിച്ചം നൽകാറുള്ളത്. താങ്കൾ നൽകുന്ന നന്മയുടെ തണലുകൾ ഇല്ലാതാക്കാൻ ശ്രമിച്ചവരോട് ദൈവം മറുപടി നൽകും. 

മലയാളിയുടെ മനസ്സിന്റെ വികലത്വവും ഇവിടെ കൂട്ടി വായിക്കേണ്ടതാണ്. എങ്കിലേ യാഥാർഥ്യം തിരിച്ചറിയാൻ സാധിക്കുകയുള്ളൂ.നന്മയും തിന്മയും ലോകത്ത് ആപേക്ഷികമാണോ എന്ന ചോദ്യം ഉന്നയിച്ചാൽ തിന്മയുടെ അതിപ്രസരമാണ് ഇപ്പോൾ ലോകത്തെ നയിക്കുന്നതെന്ന് പറഞ്ഞാൽ ഉത്തരം തെറ്റാവില്ല.നന്മയുള്ള ഒരുപാട് ഹൃദയങ്ങൾ നിസ്വാർത്ഥമായി ദൈവഹിതം മാത്രം ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്നുണ്ട് എന്നത് വിസ്മരിക്കുന്നില്ല.ഇങ്ങനെ ഒരു തലവാചകത്തിൽ വരികൾ കുറിച്ചിടാൻ തോന്നിയത് രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടായ രണ്ട് അനുഭവങ്ങളാണ്.എന്റെ നാട്ടുകാരനും അധ്യാപകനുമായ ഷഫീഖ് എ കെ എന്ന സുഹൃത്ത് കേരളാ പോലീസ് മേധാവി ശ്രീ ലോക്നാഥ് ബെഹ്റയുടെ കയ്യിൽ നിന്നും രക്തദാനത്തിന്റെ ഭാഗമായി ഒരു ഉപഹാരം സ്വീകരിക്കുന്ന ഫോട്ടോ എനിക്ക് ഷെയർ ചെയ്തു.ഒരുപാട് സന്തോഷവും അഭിമാനവും തോന്നി.അദ്ദേഹം പത്താം തരം മുതൽ തന്നെ പാവങ്ങൾക്ക്  ഒരുപാട് സേവനങ്ങൾ ചെയ്തു തുടങ്ങിയിരുന്നു.ഇരുപത്തിയാറുകാരനായ അദ്ദേഹം ഇൗ ചെറുപ്രായത്തിൽ തന്നെ കേരളത്തിൽ പതിനായിരത്തിലധികം പേർക്ക് രക്തം നൽകി തന്റെ പ്രവർത്തി ദൈവത്തെ മാത്രം ബോധിപ്പിച്ചു ഇപ്പോഴും മുന്നോട്ട്  നീങ്ങുന്നു. ഇത് കേരളീയന്റെ യഥാർത്ഥ മനസ്സ്. ഇൗ മനസ്സുമായി ധാരാളം യുവാക്കൾ സജീവമാണ്.ഇത് കേരളീയ നന്മയുടെ ഒരു ഭാഗം. ഇതിന് വിപരീതമായി വികലമായ മനസ്സുള്ളവരുടെ ഒരനുഭവവും മറ്റൊരു സുഹൃത്ത് പങ്കുവെച്ചു. മനുഷ്യന് ഇങ്ങനെയൊക്കെ ചിന്തിക്കാൻ കഴിയുമോ എന്ന അത്ഭുതം നിരാശ നൽകുന്നു. ഇന്ന് വേറെ ചിലർ നാളെ നമ്മൾ ആയിക്കൂടെ എന്ന് ചിന്തിക്കാതെ സ്വാർത്വതയോടെയും അഹങ്കാരത്തോടെയും നെട്ടോട്ടമോടുന്നു. ഫലം ശൂന്യത മാത്രം.. 

       ഇവിടെയെല്ലാം പ്രകടമാവുന്നത് നന്മയുടെ തണൽ വൃക്ഷങ്ങൾ വളർന്നു വലുതാവുമ്പോഴേക്ക് വികലമായ  മനസ്സിന്റെ ഉടമകൾ അസഹിഷ്ണുത പരത്തി ജനങ്ങൾക്കിടയിലേക്ക് എല്ലിൻ കഷ്ണം എറിയുന്നു. അതിൽ കൊത്തിവലിക്കാൻ ധാരാളം കഴുകന്മാർ ഒാൺലൈനിൽ പച്ച ലൈറ്റും കത്തിച്ചു ഇരുപത്തിനാല് മണിക്കൂറും സജീവമാണ്. ആശയ വൈപരീതങ്ങളെ അൻപത്തിയൊന്നു വെട്ടു നൽകി ജീവൻ എടുത്തു നേരിടുന്ന രാഷ്ട്രീയ വികലത്വം വരെ ഇന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിലുണ്ട്.ഇവിടെ മനുഷ്യ മനസ്സുകൾ നേരിലേക്ക് നയിക്കാൻ ഇനി ഒരുപാട് കഷ്ടപ്പെടേണ്ടിവരും. മുകളിൽ പറഞ്ഞ നന്മമരത്തെ പേരെടുത്ത് പരാമർശിച്ചത് അവരർഹിക്കുന്ന അർഹത അവർക്ക് നൽകണം എന്നുള്ളത്കൊണ്ട് തന്നെയാണ്. ഇതുപോലെ ധാരാളം തണൽ വൃക്ഷങ്ങൾ നമ്മുടെ നാട്ടിൽ അർഹർക്ക് തണൽ നൽകുന്നുണ്ടാവും. അവരെ തകർക്കാൻ ഉപയോഗിക്കുന്ന വാക്കുകൾക്ക് പകരം അവരെ പ്രോത്സാഹിപ്പിക്കുന്ന വാക്കുകൾ പറയുക. വികലത്വം സ്വംശീകരിക്കാത്ത ഹൃദയങ്ങളിൽ അത് ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കും. ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളം ഒരിക്കലും വികലമാക്കാൻ ആരെയും നാം അനുവദിക്കരുത്

രാവിലെ എട്ടരയ്ക്ക്  ജോലിക്ക് എത്തുമ്പോൾ റയിൽവേയിൽ ജോലി ചെയ്യുന്ന സുഹൃത്ത് റിസ്വാൻ വിളിക്കുന്നു. ഫോൺ എടുത്തപ്പോൾ അവൻ ചോദിക്കുന്നത് “എടാ ഞാൻ ഇവിടെ ഹോസ്പിറ്റലിന്റെ അത്യാഹിത വിഭാഗത്തിലുണ്ട്.വാഹനാപകടത്തിൽ പെട്ട ഒരാളെയും എടുത്ത് വന്നതാണ്. എന്തെങ്കിലും നിയമനടപടികൾ ഉണ്ടെങ്കിൽ എന്നെ വിളിച്ചോളൂ” എന്ന് പറഞ്ഞ് പിന്നെ ചേർത്ത് വെച്ചത് മലയാളിയുടെ വികല മനസ്സിന്റെ ഉദാഹരണമായിരുന്നു. “എടാ കുറച്ച് നേരത്തെ എത്തിയിരുന്നെങ്കിൽ ഇൗ കുട്ടി രക്ഷപ്പെടുമായിരുന്നു.ആരും റോഡിൽ വീണ ആ കുട്ടിയെ എടുത്ത് ഹോസ്പിറ്റലിൽ എത്തിക്കാൻ തയ്യാറായില്ല.പത്തു മിനുട്ട് അതുവഴി വന്ന ഞാൻ വേഗം കൊണ്ടുവരാൻ നോക്കിയപ്പോൾ കൈകാണിച്ച ഒരു വാഹനവും നിറുത്തിയില്ല.അടുത്ത വീട്ടിലെ ഒരു സഹോദരൻ സ്വന്തം വാഹനവും എടുത്ത് വന്നാണ് ഞങ്ങൾ ഇപ്പോഴെങ്കിലും എത്തിച്ചത്.എടാ ഇത് കേരളമല്ലേ.. ഇവിടെയും ഇങ്ങനെയുള്ളവർ ജീവിക്കാൻ തുടങ്ങിയോ? “.കേരളത്തിലെ ഒരു ഗ്രാമത്തിന്റെ നിരത്തിൽ പിടഞ്ഞുവീണ ഒരു ഇരുപതുകാരനായ കുട്ടിയുടെ അവസ്ഥയാണ് ഇത്.നഗരങ്ങളിലെ കാര്യം പറയാതിരിക്കുകയാവും ഭേദം.ഇവിടെ അവസാനത്തെ അവന്റെ ചോദ്യം എല്ലാവരോടുമുള്ളതായിരുന്നു.

ഇൗ അനുഭവം കേരളീയ മനസ്സിന്റെ പുതിയ സമീപനമാണ്.എങ്ങനെ രൂപപ്പെട്ടു എന്നതിൽ അത്ഭുതം തോന്നുന്നു.നിയമക്കുരുക്കുകളുടെ നൂലാമാലകൾ ഭയന്നാണോ ഇൗ സമീപനം രൂപപ്പെട്ടത് എന്നറിയില്ല.അങ്ങനെയാണെങ്കിലും കുറ്റക്കാർ നമ്മൾ തന്നെയല്ലേ.രണ്ട് അനുഭവങ്ങളും ഇരു ദ്രുവങ്ങളാണ്.നന്മ നിറഞ്ഞ ഹൃദയമുള്ള ഇരുകൂട്ടുകാരും ഒരു ഭാഗത്തും മറിച്ചു മനുഷ്യത്വം വികലമായ കേരളീയ മനസ്സ് മറുഭാഗത്തും.സാക്ഷരതയിൽ പൂർണ്ണത കൈവരിച്ച നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ അറിവിന്റെ കുറവില്ല.ഭൂരിപക്ഷമാളുകളും പേരിന് കൂടെ ബിരുദങ്ങളുടെ വാൽകഷ്ണം ചേർത്തുവെക്കാൻ യോഗ്യതയുള്ളവർ. ഇനി ആത്മീയവും ധാർമികവുമായ അറിവുകൾ  നുകരാനും പകരാനും ധാരാളം അവസരങ്ങൾ.പക്ഷെ, എന്നിട്ടും നമ്മുടെ ഹൃദയങ്ങൾ എങ്ങനെ ഇത്രയധികം വികലമായി തുടങ്ങി.”ഞാനും എന്റെ ഒാളും തട്ടാനും ” എന്ന പഴമക്കാരുടെ ഒരു വാക്കിലേക്ക് ഒതുങ്ങാൻ തുടങ്ങിയപ്പോൾ മനസ്സിന്റെ വിശാലത ചുരുങ്ങിക്കൊണ്ടിരുന്നു.എല്ലാം സ്വാർത്ഥമായി.ബന്ധങ്ങൾ ഫോർമാലിറ്റിയായി. എല്ലാം ഒരു ചിരിയിലും ഹായ് ലും ഒതുങ്ങി. നേരിട്ട് കണ്ടാൽ മിണ്ടാനും ഇരിക്കാനും സമയമില്ല. ഒരേ ബെഡിൽ കിടക്കുന്നവർ സംസാരിക്കുന്നത് പോലും സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിലൂടെ എന്നതാണ് അത്ഭുതം. ഏതെങ്കിലും വിശേഷ ദിവസങ്ങളിൽ വാട്സാപ്പിലും ഫേസ്ബുക്കിലും ടിറ്ററിലും ഇൻസ്റാഗ്രാമിലുമെല്ലാം നല്ല അഭിവാദ്യങ്ങളും സന്തോഷങ്ങളും പങ്കുവെച്ചിട്ടുണ്ടാവും. അല്ലെങ്കിൽ ദിവസവും രാവിലെ പ്രഭാത അഭിവാദ്യങ്ങളും ചിന്തകളും അയക്കാൻ സമയം കണ്ടെത്തിയിട്ടുണ്ടാവും. പക്ഷെ, ഇതേ വ്യെക്തികൾ നേരിട്ട് കണ്ടാൽ പരസ്പരം ഒന്ന് സംസാരിക്കുക പോലുമില്ല.ബന്ധങ്ങളെല്ലാം ഫോര്മാലിറ്റിയിലും സ്റ്റാറ്റസിലും സോഷ്യൽ മീഡിയയിൽ മാത്രമായി ചുരുക്കിയപ്പോൾ പുറം ലോകത്ത് നടക്കുന്ന ഒന്നിനെയും കാണുന്നില്ല. എല്ലാവരും തലകുനിച്ചു മൊബൈലിലാണ്.അപ്പോൾ ചുറ്റുമുള്ളതൊന്നും കാണില്ല, അറിയില്ല. ഘട്ടം ഘട്ടമായി മനുഷ്യർ തമ്മിലുള്ള അടുപ്പം കുറഞ്ഞു.ഇവിടെ കേരളീയരും ഇൗ ജീവിത ശൈലി സ്വീകരിച്ചു. എല്ലാം വാക്കുകളിലും സ്മൈലികളിലും മാത്രം ഒതുങ്ങി.കേരളീയ ഹൃദയങ്ങളും വികലമായി തുടങ്ങി. ഇവിടെ മനുഷ്യർ തമ്മിലുള്ള ബന്ധം ഉൗട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്.സാങ്കേതിക ഉപകരണങ്ങൾ പരസ്പര ബന്ധങ്ങൾ കൂട്ടിയെങ്കിലും ബന്ധങ്ങളിലെ ആഴം കുറച്ചു.മലയാളി മനസ്സിനെ വികലമാക്കാൻ ഒരു കുതന്ത്രശാലിയെയും അനുവദിക്കരുത്.

അൻവർ കണ്ണീരി അമ്മിനിക്കാട്.