പതനത്തിന്റെ പാഠങ്ങള്‍

Print This page
കഴിഞ്ഞ ലക്കം സത്യധാര വായിച്ചു. ഇസ്‌ലാമിക ഖിലാഫത്തിന്റെ സുവര്‍ണ്ണ കാലഘട്ടം ചരിത്രത്തില്‍ തീര്‍ത്ത അനിഷേധ്യമായ മുന്നേറ്റങ്ങളും സംഭാവനകളും വിശദമാക്കുന്നതില്‍ ലേഖകന്‍ വിജയിച്ചു എന്ന്‌ തന്നെ പറയാം. ഇസ്‌ലാമിക ഖിലാഫത്ത്‌ നിലനിന്നിരുന്ന നാടുകളിലൊക്കെ സാമൂഹിക പുരോഗതിയും സാംസ്‌കാരിക മുന്നേറ്റങ്ങളും ലോക ചരിത്രത്തിന്‌ വലിയ പരിവര്‍ത്തന പാഠങ്ങള്‍ നല്‍കി. കുത്തഴിഞ്ഞ സാമൂഹിക സാഹചര്യങ്ങളെ സൃഷ്ടി പരമായ ഇടപെടല്‍ കൊണ്ട്‌ ഇസ്‌ ലാമിക ഭരണകൂടങ്ങള്‍ മാറ്റിയെടുത്തത്‌ പ്രവാചക ജീവിതത്തിന്റെ മഹത്തായ സന്ദേഷം ഉള്‍ക്കൊണ്ടതു കൊണ്ടായിരുന്നു. ഖുര്‍ആന്‍ നല്‍കിയ ഗവേഷണ പരതയും പ്രവാചക ജീവിതം നല്‍കിയ ജീവിത പാഠങ്ങളും ആവാഹിച്ച കാലത്തെല്ലാം ഇസ്‌ ലാമിക ഖിലാഫത്ത്‌ സുസ്ഥിരതയോടെ നിലനിന്ന ചരിത്രമാണ്‌ കാണാന്‍ കഴിയുന്നത്‌. സച്ചരിതരായ ഖുലഫാഉ റാശിദുകളുടെ ഭരണത്തിനു ശേഷം ഇസ്‌ലാമിക ഭരണം കുടുംബങ്ങളിലേക്കു നീങ്ങിയെങ്കിലും നിര്‍മാണാത്മകമായി ഭരണം നടത്താന്‍ എല്ലാ ഭരണകൂടങ്ങളും ശ്രമം നടത്തിയിട്ടുണ്ട്‌ എന്ന്‌ ചരിത്രത്തില്‍ നിന്ന്‌ മനസ്സിലാക്കാന്‍ കഴിയും. ഇതിനപരാധമായി നിലനിന്ന കാലത്തെല്ലാം ഭരണകൂടം പിന്നോട്ടു പോയിട്ടുണ്ട്‌. ഭൗതിക ഭ്രമം മൂത്ത ചില ഭരണാധികാരികളാണ്‌ സത്യത്തില്‍ ഇസ്‌ ലാമിക ഖിലാഫത്തുകളുടെയെല്ലാം പതനത്തിന്‌ തുടക്കം കുറിച്ചത്‌. എന്നാല്‍ ആധുനിക ചരിത്രത്തോടടുക്കുന്തോറും പടിഞ്ഞാറിന്റെ ഇടപെടലും ഇസ്‌ ലാമിക ഉന്‍മൂലനത്തിന്റെ കോപ്പുകൂട്ടലുകളും സജീവമായതായും ചരിത്രത്തില്‍ നിന്ന്‌ വായിച്ചെടുക്കാം. ഇസ്‌ ലാമിക ഖിലാഫത്തിന്റെ സമൂല നാശത്തിന്റെ പ്രധാന കാരണം പടിഞ്ഞാറിന്റെ അമിത ഇടപെടലാണെന്നത്‌ ചരിത്ര സത്യമാണ്‌. അതിനെ സമര്‍ത്ഥിക്കുന്നതില്‍ ലേഖകന്‍ പിന്നോട്ടു പോയെന്നു തോന്നുന്നു. സത്യധാരയില്‍ ഇത്തരം സൃഷ്ടികള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
മാജിദ്‌ പി


ഇടതു പക്ഷം തകരരുത്‌

വര്‍ഗീയ ഫാസിസം ഭാരതമണ്ണില്‍ ആധിപത്യം നേടുന്ന പുതിയ കാലത്ത്‌ ഇടതു പക്ഷ രാഷ്ട്രീയ ധാര അസ്‌തമിച്ചു കൊണ്ടിരിക്കുന്ന കാഴ്‌ചയാണ്‌ കണ്ടുകൊണ്ടിരിക്കുന്നത്‌. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നിരവധി സമരമുറകള്‍ കൊണ്ടും ജനകീയ മുന്നേറ്റങ്ങള്‍ കൊണ്ടും നിറഞ്ഞു നിന്ന പാരമ്പര്യം ഇന്ത്യയിലെ ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ക്കുണ്ട്‌. രാഷ്ട്രത്തിന്‌ വിനയായിക്കൊണ്ടിരിക്കുന്ന തീവ്ര ഹിന്ദുത്വത്തെ സാംസ്‌കാരികമായി പ്രതിരോധിക്കാന്‍ ഇടതു പക്ഷ പ്രസ്ഥാനത്തിന്‌ കഴിഞ്ഞിരുന്നുവെന്നത്‌ അംഗീകരിച്ചേ പറ്റൂ, ന്യൂനപക്ഷങ്ങളെ ഭരണത്തിലിരിക്കുമ്പോഴൊക്കെ മതവിരോധത്തിന്റെ പേരില്‍ കുത്തിനോവിച്ചപ്പോഴൊക്കെ വര്‍ഗീയ മനോഭാവത്തെ പ്രതിരോധിച്ചു നിര്‍ത്താന്‍ ഇടതു പക്ഷം ശ്രമിച്ചിരുന്നു. സോഷ്യലിസം എന്ന ആശയത്തിന്റെ സംസ്ഥാപനത്തിനായി ഒരു കാലത്ത്‌ ആയുധമേന്തിയവരാണ്‌ ഇന്ത്യയിലെ കമ്മ്യൂണിസ്‌ററുകള്‍. ആയുധം ഒന്നിനും പരിഹാരമല്ലെന്ന്‌ തിരിച്ചറിഞ്ഞ അവര്‍ സൈദ്ധാന്തിക തലങ്ങളില്‍ ഏറെ സ്വാധീനം ചെലുത്തി. ഈ സ്വാധീന ശക്തി ഇന്ത്യയില്‍ തീവ്ര വലതു പക്ഷത്തിന്റെ അപ്രമാദിത്വത്തിന്‌ തടസ്സമായി നിന്നു. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഫാസിസത്തെ തടഞ്ഞു നിര്‍ത്തുന്നതില്‍ ഇടതു പക്ഷത്തിന്റെ സാന്നിധ്യം ഏറെ വലുതായിരുന്നു. തൊഴിലാളികളുടെ അവകാശ ബോധവും ്‌അവകാശ സംരക്ഷണവും സംരക്ഷിക്കുന്നതിലും തൊഴിലാളികളെ മുഖ്യധാരയിലെത്തിക്കുന്നതിലും ഇടതു പക്ഷം വഹിച്ച പങ്ക്‌ വളരെ വലുതാണ്‌. എന്നാല്‍ പാര്‍ട്ടിയുടെ പിളര്‍പ്പും വലതു പക്ഷത്തേക്കുള്ള വ്യതിയാനവും മുതലാളിത്വ ചിന്തയും പാര്‍ട്ടിയുടെ അടിത്തറ മാന്തി. പാര്‍ട്ടിക്ക്‌ ഏറ്റവും അടിത്തറയുള്ള ബംഗാളില്‍ പോലും ഇടതു പക്ഷം നിഷ്‌പ്രഭമായി. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ എന്തു പറഞ്ഞാലും ഇന്ത്യയില്‍ ഇടതു പക്ഷത്തിന്‌ രാഷ്ട്രീയഇടം ആര്‍ക്കും നിഷേധിക്കാനാവില്ല. ഇന്ത്യയില്‍ രാഷ്ട്രീയമായി ഇടമുള്ള ഇടതു പക്ഷ പ്രസ്ഥാനം അതിന്റെ പഴയ പ്രതാപത്തിലേക്ക്‌ മടങ്ങി ഫാസിസത്തെ തടയിടാന്‍ ഒരു പുനര്‍സംഘടന ആവശ്യമായിരിക്കുകയാണ്‌. ന്യൂനപക്ഷങ്ങളോടുള്ള വിവേചനം അവസാനിപ്പിച്ച്‌ ഇടതു പാര്‍ട്ടികള്‍ പുനരാലോചന നടത്തേണ്ട സമയമാണിത്‌.
മുഹമ്മദ്‌ മുഫ്‌ലിഹ്‌ കെ


മതേതരത്വത്തെ ആര്‌ രക്ഷിക്കും

പ്രതീക്ഷിച്ച പോലെ മോഡി ഇന്ദ്രപ്രസ്ഥത്തിലെത്തി. നമ്മുടെ പ്രധാനമന്ത്രി നരവേട്ടയില്‍ നിന്ന്‌ കൈ ഒഴിയാന്‍ പറ്റാത്ത്‌ വിധം പാപക്കറ പേറുന്നവനാണ്‌. കോര്‍പറേറ്റുകളുടെ ഒത്താശയോടെ ഇന്ത്യ ഭരിക്കാന്‍ മോഡിയെത്തുമ്പോള്‍ വിജയിക്കുന്നത്‌ കുത്തകകളും പരാജയപ്പെടുന്നത്‌ നാടിന്റെ പൈതൃകവുമാണ്‌. രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക്‌ നയിക്കുന്നതില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ വഹിച്ച പങ്ക്‌ വളരെ വലുതായിരുന്നു എന്നത്‌ ചരിത്രം. എന്നാല്‍ പഴയ ചരിത്രം ആലോചിച്ച്‌ വോട്ട്‌ ചെയ്യുന്നവരല്ല പുതു തലമുറ. ജനങ്ങളുമായി ഇടപെടുന്നതില്‍ പരാജയപ്പെട്ടുവെന്ന്‌ കോണ്‍ഗ്രസ്‌ യോഗം കൂടി വിലയിരുത്തിക്കഴിഞ്ഞു. ജനക്ഷേമപരമായ നിരവധി പദ്ധതികള്‍ യു പി എ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്‌ എന്നത്‌ യാഥാര്‍ത്ഥ്യമാണ്‌. ബി ജെ പി നയിക്കുന്ന എന്‍ ഡി എക്ക്‌ ഒരിക്കലും മതേതരത്വമോ പാരമ്പര്യമോ പറയാന്‍ ഒരവകാശവുമില്ല. രാഷ്ട്ര പിതാവിന്റെ ജീവനസാനിപ്പിച്ചവര്‍ ചെയ്‌ത പാപങ്ങള്‍ക്ക്‌ കയ്യും കണക്കുമില്ല. രാജ്യത്ത്‌ നടന്ന നിലവധി സ്‌ഫോടനങ്ങള്‍ക്ക്‌ പിന്നില്‍ തീവ്ര ഹിന്ദുത്വമായിരുന്നുവെന്ന്‌ എല്ലാവര്‍ക്കും അറിയാവുന്ന വസ്‌തുതയാണ്‌. സ്വാമി അസിമാനന്ദയെപ്പോലെയുള്ളവര്‍ അത്‌ തുറന്നു പറയുകയും ചെയ്‌തിട്ടുണ്ട്‌. അ്‌ത്തരം അതിക്രമങ്ങളെല്ലാം നമ്മുടെ മതേതര സങ്കല്‍പത്തോടുള്ള വെല്ലുവിളിയായിരുന്നു. സവര്‍ണ ശക്തികള്‍ അധികാരത്തിലെത്തിയ സ്ഥിതിക്ക്‌ ഇനി പഴയ കേസുകളിലൊന്നു നീതി പ്രതീക്ഷിക്കേണ്ട. കോണ്‍ഗ്രസ്‌ വെച്ചു പുലര്‍ത്തിയ മൃതു ഹിന്ദുത്വ സമീപനങ്ങളും മോഡി വിഭാവനം ചെയ്യുന്ന ഐഡിയോളജിയും കൂട്ടിക്കിഴിച്ചാല്‍ സഹതപിക്കാനേ തരമുള്ളൂ. മതേതരത്വം എന്നതൊക്കെ പണ്ടത്തെക്കാര്യം.
സുഹൈല്‍ പി പുല്‍വെട്ടShare