സഹിഷ്‌ണുതയുടെ സ്‌നേഹദൂതന്‍

Print This page
ഇത്‌ തിരുപ്പിറവിയുടെ 1490-ാം മത്‌ ഓര്‍മപ്പെരുന്നാള്‍. ഓരോ റബീഉല്‍അവ്വലും ഒരു ഓര്‍മപ്പെടുത്തലാണ്‌. തിരുനബിയിലേക്ക്‌ കൂടുതല്‍ അടുക്കണമെന്ന ഓര്‍മപ്പെടുത്തല്‍. ഈ പുണ്യമാസത്തില്‍ മുസ്‌ലിം ലോകത്താകെ അലയടിച്ചുയരുന്ന പ്രവാചക പ്രകീര്‍ത്തനങ്ങളും ചരിത്രപാരായണങ്ങളും ഓരോ വിശ്വാസിയേയും കൊണ്ടുപോകുന്നത്‌, തിരുനബിയെ സ്വന്തംജീവിതത്തോടു ചേര്‍ത്തുവയ്‌ക്കാന്‍ സാധിക്കണമെന്ന സന്ദേശത്തിലേക്കാണ്‌.

കലങ്ങിമറിഞ്ഞ ഒരു സാമൂഹികാന്തരീക്ഷത്തിലാണ്‌ നാം ജീവിച്ചുകൊണ്ടിരിക്കുന്നത്‌. സ്‌നേഹവും സഹിഷ്‌ണുതയുമെല്ലാം കടലെടുത്തുകൊണ്ടുപോകുന്ന പ്രതീതിയാണ്‌ എല്ലായിടത്തും. ആര്‍ത്തിമൂത്ത രാഷ്‌ട്രീയ മേലാളന്മാര്‍, പരമാധികാര രാഷ്‌ട്രങ്ങളിലേക്ക്‌ അതിക്രമിച്ചുകയറി സാധാരണക്കാരെയടക്കം കൂട്ടക്കശാപ്പു നടത്തുന്ന രംഗം ഒരു ഭാഗത്ത്‌. അതിനെ പ്രതിരോധിക്കാനെന്ന പേരില്‍ ചാവേറുകളായി പെട്ടിത്തെറിക്കുന്ന വികൃതബുദ്ധികള്‍ മറുഭാഗത്ത്‌. തങ്ങളാരാധിക്കുന്ന ജന്തുക്കളെ മറ്റെല്ലാവരും ആരാധ്യരായി കാണമെന്നു വാശിപിടിക്കുന്നവര്‍, ഞങ്ങള്‍ക്കിഷിടമില്ലാത്തത്‌ മിണ്ടാനോ പറയാനോ പാടാനോ പാടില്ലെന്നു പ്രഖ്യാപിക്കുന്നവര്‍, രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക്‌ സര്‍ക്കാര്‍വക വല്ല സഹായവും കൊടുക്കണമെങ്കില്‍ അവരുടെ മുണ്ട്‌പൊക്കി മതം പരിശോധിക്കണമെന്നു നിര്‍ബന്ധമുള്ളവര്‍, ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം രാജ്യത്തും സമൂഹത്തിലും അസഹിഷ്‌ണുത പരത്തുകയാണെന്നു പറയുന്നവരോട്‌ പോലും രാജ്യം വിടണമെന്ന്‌ കല്‍പിക്കുന്നവര്‍.... ഈ ഒരു സാഹചര്യത്തില്‍ മുസ്‌ലിംകളും അമുസ്‌ലിംകളുമെല്ലാം മുഹമ്മദ്‌ നബി(സ)യിലേക്കൊന്നു തിരിഞ്ഞു നോക്കുന്നത്‌ നന്നായിരിക്കും.

ബഹുമത സമൂഹത്തില്‍ മുസ്‌ലിംകള്‍ എങ്ങനെ ജീവിക്കണമെന്നതിന്‌ എമ്പാടും ഉദാഹരണങ്ങള്‍ അവിടെക്കാണാം. തന്നെ കല്ലെറിഞ്ഞ്‌ ആട്ടിയോടിക്കുകയും ജന്മനാട്ടില്‍ വസിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്‌തവരോട്‌, വിജയശ്രീലാളിതനായി വന്ന പ്രവാചകന്‍ സ്വീകരിച്ച സമീപനം. മദീനയിലെ യഹൂദികളോട്‌ ഉണ്ടാക്കിയ സൗഹൃദ കരാര്‍. ശത്രുരാജ്യത്തിന്‌ അന്നം നിഷേധിച്ച യമാമയിലെ ഉമാമയോട്‌ അരുതെന്നു പറഞ്ഞു വിലക്കിയത്‌.... ഇങ്ങനെ പലതും. അമുസ്‌ലിംകള്‍ക്കും ഇത്‌ മനസ്സിലാക്കാം. പെരുപ്പിച്ചു കാണിക്കപ്പെടുന്ന അത്ര പേടിക്കാന്‍ മാത്രം, എന്താണ്‌ ഇസ്‌ലാമിലും മുസ്‌ലിംകളിലുമുള്ളതെന്ന്‌ നബി ജീവിതം പറഞ്ഞു തരും. അടിപ്പിക്കാനല്ല, അടുപ്പിക്കാനാണ്‌ നബി(സ) ശ്രമിച്ചതെന്ന്‌ ആ ചരിത്രം നിരന്തരം ഓര്‍മിപ്പിക്കും. അകറ്റേണ്ടവരല്ല, അരികത്ത്‌ ചേര്‍പിടിക്കേണ്ടവരാണ്‌ മതങ്ങള്‍ക്കുപരി സര്‍വ മനുഷ്യരുമെന്ന്‌ പ്രവാചക ദര്‍ശനങ്ങള്‍ തര്യപ്പെടുത്തും. അതു തിരിച്ചറിയാന്‍ ഈ തിരുപ്പിറവിയുടെ വസന്തമാസം നിമിത്തമാകട്ടെ.Share