മോദിയും ട്രംപും ജനാധിപത്യത്തിന്റെ പരിമിതികള്‍ തന്നെയാണ്‌

Print This page
മുന്‍ഷി
മാഷ്‌: ഇന്ന്‌ നമ്മള്‍ ജനാധിപത്യത്തെ കുറിച്ചാണ്‌ പഠിക്കാന്‍ പോവുന്നത്‌.
കുട്ടികള്‍: അതെന്തിനാ ഇപ്പൊ ജനാധിപത്യത്തെ കുറിച്ചു പഠിക്കുന്നത്‌?
മാഷ്‌: അത്‌ ഞാന്‍ തീരുമാനിക്കും. നിങ്ങള്‍ കേട്ടാല്‍ മതി.
കുട്ടികള്‍: ശരി, സാര്‍.
അധികാര പ്രക്രിയയുടെ ഏറ്റവും മഹത്തായ രൂപമെന്നു കൊട്ടിഘോഷിക്കപ്പെടുന്ന ജനാധിപത്യത്തിന്റെ പരിധിയും പരിമിതിയും അടയാളപ്പെടുത്തുന്ന കൊച്ചു കഥയാണിത്‌. Democracy is beautiful in theory; in practice it is a fallacy/ജനാധിപത്യം മനോഹരമായ ഒരു സിദ്ധാന്തമാണ്‌; പ്രായോഗികമായി പരാജയവും- എന്ന ആപ്‌തവാക്യത്തിനു അടിവരയിടുന്ന കൊച്ചുകഥ.

ജനങ്ങളുടെ ആധിപത്യമാണ്‌ ജനാധിപത്യം. അഥവാ ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളെ ജനങ്ങള്‍ ഭരിക്കുന്ന സംവിധാനം. പറച്ചിലിന്റെ പ്രാസവും കേള്‍വിയുടെ ഇമ്പവും കേവല യുക്തിയും ഒത്തുവന്നതുകൊണ്ടുതന്നെ അതിമഹത്തായ ഒരു ഭരണസംവിധാനമായിട്ടാണ്‌ ജനാധിപത്യം വിലയിരുത്തപ്പെടുന്നത്‌. പക്ഷേ, പഴയ രാജവാഴ്‌ചയുടെ അധുനീകരിക്കപ്പെട്ട വേര്‍ഷനാണ്‌ മിക്കയിടങ്ങളിലും ജനാധിപത്യം. സ്വാര്‍ത്ഥതാല്‍പര്യങ്ങളെ അടിച്ചേല്‍പ്പിക്കുന്ന സേച്ഛാധിപത്യവും, ഭൂരിപക്ഷത്തിന്റെ ഹുങ്കില്‍ എതിരാളികളെ നിലംപരിശാക്കുന്ന വര്‍ഗീയ/വംശീയ മേല്‍കോയ്‌മയുമാണ്‌ പലപ്പോഴും ജനാധിപത്യത്തിന്റെ പേരില്‍ വേശപ്രച്ഛന്നനായി വരുന്നത്‌. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നരേന്ദ്രമോദി അധികാരമേറ്റതു മുതല്‍, ചരിത്രത്തിലെ പ്രഥമ ലിഖിത ഭരണഘടനയുണ്ടാക്കി ജനാധിപത്യത്തെ ചിട്ടപ്പെടുത്തിയ അമേരിക്കയില്‍ ഡോണാള്‍ഡ്‌ ട്രംപ്‌ ഭരണംപിടിച്ചതുവരെയുള്ള സംഭവങ്ങള്‍ പരിശോധിച്ചാല്‍ ജനാധിപത്യത്തിന്റെ `വിശുദ്ധി' തിരിച്ചറിയാനാവും. അത്തരമൊരു അന്വേഷണമാണ്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌.

ജനങ്ങള്‍ എന്നര്‍ത്ഥമുള്ള ഡമോസ്‌(Demos), ഭരണം എന്നഅത്ഥമുള്ള ക്രറ്റോസ്‌(kratos) എന്നീ പദങ്ങള്‍ ചേര്‍ന്നാണത്രെ ഗ്രീക്കുഭാഷയില്‍ ഡെമോക്രാസിയ (Demokratia) എന്ന സമസ്‌ത പദമുണ്ടായത്‌. ഈ വാക്ക്‌ ആദ്യമായി പ്രയോഗിച്ചത്‌ ബി.സി. 5-ാം നൂറ്റാണ്ടിലെ ഗ്രീക്ക്‌ ചരിത്രകാരനായ ഹെറഡോട്ടസ്‌ ആയിരുന്നു. ഇത്‌ പിന്നീട്‌ ഫ്രഞ്ച്‌ ഭാഷയിലെ démocratie വഴി ഇംഗ്ലീഷിലെ ഡെമോക്രസിയായി (ഉലാീരൃമര്യ). അതിനെയാണ്‌ നാം മലയാളീകരിച്ചു ജനാധിപത്യം എന്നു വിളിക്കുന്നത്‌. `ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളെ ജനങ്ങള്‍ ഭരിക്കുന്നതാണ്‌' ജനാധിപത്യം എന്ന്‌ നിര്‍വചിച്ചത്‌ അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന അബ്രഹാം ലിങ്കണ്‍ ആയിരുന്നു. അമേരിക്കന്‍ സിവില്‍യുദ്ധത്തോടനുബന്ധിച്ച്‌ 1863 നവംബര്‍ 19 നു ഗെറ്റിസ്‌ബര്‍ഗില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിലാണ്‌ ജനാധിപത്യത്തെ ലിങ്കണ്‍ ഇങ്ങനെ നിര്‍വചിച്ചത്‌. എന്നാല്‍ ഇത്‌ ലിങ്കന്‍ ആവിഷ്‌കരിച്ചെടുത്ത നിര്‍വചനം അല്ലെന്നും, 1384 ല്‍ ജോണ്‍വൈക്ലിഫ്‌ എന്ന വേദപണ്ഡിതന്‍ തന്റെ ബൈബിള്‍ പരിഭാഷയുടെ ആമുഖത്തില്‍ ബൈബിളിനെ കുറിച്ചു കൊടുത്ത പരാമര്‍ശം `ജനാധിപത്യ'ത്തിലേക്ക്‌ ലിങ്കണ്‍ മാറ്റിപ്രതിഷ്‌ഠിക്കുകയായിരുന്നു എന്നാണ്‌ പല ചരിത്രകാരന്മാരുടെയും കണ്ടെത്തല്‍. `This Bible is for the hv. government of the people, for the people and by the people' എന്ന ബൈബിള്‍ പരിഭാഷ ആമുഖമാണ്‌ പിന്നീട്‌ ലിങ്കണ്‍ വഴി ജനാധിപത്യത്തെ കുറിച്ചുള്ള ഏറ്റവും ശ്രദ്ധേയമായ നിര്‍വചനമായി വന്നത്‌. (1)

1789 ലെ ഫ്രഞ്ചു വിപ്ലവത്തെ തുടര്‍ന്നാണ്‌ ജനാധപത്യം ശക്തി പ്രാപിക്കുന്നത്‌. അതിനു മുമ്പ്‌ ലോകത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങള്‍ക്ക്‌ അധികാര സ്ഥാപനങ്ങളില്‍ ഇടപെടാനും അധികാരികളെ നിശ്ചയിക്കാനുമുള്ള അധികാരം ഉണ്ടായിരുന്നെങ്കിലും അത്‌ വളരെ പരിമിതവും ഭാഗികവുമായിരുന്നു. പ്രാചീന ഗ്രീസിലാണ്‌ ജനാധിപത്യത്തിന്റെ ജന്മം(2), പൗരാണിക ഭാരതത്തില്‍ നിലനിന്നിരുന്ന സംഘ, ഗണ, ജനപഥ, അയുദ്ധിയ പ്രായ, വാഹിക തുടങ്ങിയ സംവിധാനങ്ങളെല്ലാം ജനാധിപത്യ പരമായിരുന്നു(3), ബുദ്ധ മതാധിപത്യകാലത്തും(4) എ.ഡി 750 ല്‍ ബംഗാളിണ്ടായിരുന്ന പാല വംശവുമൊക്കെ ജനാധിപത്യ വ്യവസ്ഥിതിയിലായിരുന്നു(5) തുടങ്ങിയ അവകാശവാദങ്ങളെല്ലാം ശരിയാവുന്നത്‌ ജനാധിപത്യത്തിന്റെ ഭാഗികമായ പ്രയോഗ രീതിയില്‍ മാത്രമാണ്‌. അത്തരം രീതികള്‍ രാജവാഴ്‌ച കാലത്ത്‌ ഏറിയും കുറഞ്ഞും മിക്കനാടുകളിലും ഉണ്ടായിട്ടുണ്ട്‌. അതു വളര്‍ന്നു വികസിച്ചാണല്ലോ ആധുനിക ജനാധിപത്യം ജന്മമെടുക്കുന്നത്‌.

ജനാധിപത്യത്തിന്റെ പരിമിതികള്‍

ജനഹിതത്തിനൊത്തവരെ അധികാരത്തിലേറ്റാന്‍ സാധിക്കുന്നു എന്നതാണ്‌ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ മഹിമയായി പറയപ്പെടാറുള്ളത്‌. എന്നാല്‍ ജനഹിതത്തിനെതിരെ പ്രവര്‍ത്തിക്കുമ്പോള്‍ അധികാരിയെ താഴെ ഇറക്കാനും തിരിച്ചുവിളിക്കാനും ജനാധിപത്യത്തില്‍ എപ്പോഴും സാധിക്കണമെന്നില്ല. നിശ്ചിത ഇടവേളകളില്‍ വരുന്ന തെരഞ്ഞടുപ്പ്‌ മാമാങ്കങ്ങളെ കാത്തിരിക്കുകയേ അവിടെ മാര്‍ഗമുള്ളൂ. അതുവരെ അധികാരികളുടെ എല്ലാ പേക്കൂത്തുകളും ജനം സഹിക്കണം. അപ്പോഴേക്കും, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍, ജനാധിപത്യ `സമ്മതിദാനാവകാശ'ത്തിലൂടെ തന്നെ എങ്ങനെ അധികാരത്തിലെത്താമെന്ന കുറുക്കുവഴികളെല്ലാം അവര്‍ മനസ്സിലാക്കിയിരിക്കും. അങ്ങനെ തെരഞ്ഞെടുപ്പിനായുള്ള കാത്തിരിപ്പു പോലും ഒരു കടംകഥയായി മാറിയതിനും ജനാധിപത്യ ചരിത്രത്തില്‍ എമ്പാടും ഉദാഹരണങ്ങളുണ്ട്‌. നിഷ്‌പക്ഷവും നീതിപൂര്‍വവുമല്ല തെരഞ്ഞെടുപ്പുകളെന്ന പരാതികളുയരാത്ത നാടുകള്‍ നന്നേ കുറവ്‌.

ജനാധിപത്യ സംവിധാനമുപയോഗിച്ചു, ജനഹിതത്തിനൊത്ത്‌ അധികാരത്തിലേറിയ ജനകീയ നേതാക്കള്‍ അതേ ജനാധിപത്യ സംവിധനത്തെ നോക്കുകുത്തിയാക്കി സേച്ഛാധിപതികളായി മാറിയത്‌ ചരിത്രത്തിലുണ്ട്‌. അഡോള്‍ഫ്‌ ഹിറ്റ്‌ലറും ബനിറ്റോ മുസ്സോളിനിയും കഴിഞ്ഞ നൂറ്റാണ്ടില്‍ അതു പരീക്ഷിച്ചു വിജയിച്ചവരാണ്‌.

1919 ല്‍ ജര്‍മന്‍ വര്‍ക്കേഴ്‌സ്‌ പാര്‍ട്ടിയില്‍ ചേര്‍ന്നു രാഷ്‌ട്രീയ പ്രവര്‍ത്തനമാരംഭിച്ച അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍ 1933 ല്‍ ജര്‍മനിയുടെ ചാന്‍സിലറായി അധികാരമേറ്റത്‌ ജനാധിപത്യ സംവിധാനത്തിലൂടെ തന്നെയായിരുന്നു. 1933 മാര്‍ച്ച്‌ 24 നു പാര്‍ലമെന്റില്‍ `ജനാധിപത്യ' രീതിയനുസരിച്ചു പാസാക്കിയെടുത്ത `എനേബിലിംഗ്‌ ആക്‌ട്‌' ഉപയോഗപ്പെടുത്തിയാത്തിയാണ്‌ ഹിറ്റിലര്‍ ലോകംകണ്ട ഒന്നാന്തരം സേച്ഛാധിപതിയായി മാറുന്നത്‌(6).

1924 ഏപ്രില്‍ 6 നു ഇറ്റലിയില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ 64.9 ശതമാനം വോട്ടുനേടി മൂന്നില്‍ രണ്ടു സീറ്റുകള്‍ പിടിച്ചെടുത്താണ്‌ മുസ്സോളിനിയുടെ നാഷണല്‍ ഫാഷിസ്റ്റ്‌ പാര്‍ട്ടി അധികാരത്തിലേറിയത്‌(7). അഥവാ ഇന്നു നാം വെറുപ്പോടെ മാത്രം ഉരുവിടുന്ന, മാനവരാശിക്കു ഏറ്റവും വലിയ ദുരന്തങ്ങള്‍ സമ്മാനിച്ച ഫാഷിസവും നാസിസവും അധികാരത്തിലേക്കു വഴികണ്ടെത്തിയതും അതില്‍ ദശകങ്ങളോളം പിടിച്ചു നിന്നതും `ജനാധിപത്യ'ത്തിന്റെ കരുത്തും കാതലും ഉപയോഗിച്ചു തന്നെയായിരുന്നു. ഇന്ത്യയിലെ മോദിയും അമേരിക്കയിലെ ട്രംപും ജനാധിപത്യത്തിന്റെ എല്ലാ പരിമിതികളെയും അടയാളപ്പെടുത്തുന്ന സമകാലിക ചിത്രങ്ങളാണ്‌. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണാധികാരിയായി മോദി മാറിയത്‌, ഡെമോക്രസിയുടെ വഴിയും വാതിലുമൊക്കെ ഉപയോഗിച്ചു തന്നെയാണ്‌. അഥവാ ഭരണാധികാരിയെ തെരഞ്ഞെടുക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യത്തെയും ഒരു ദിശയിലേക്കു മാത്രം തിരിച്ചുവിടാന്‍ മോദിക്കു സാധിച്ചു. പ്രചണ്ഡമായ കുപ്രചരണങ്ങളിലൂടെയും വ്യാപകമായ വര്‍ഗീയ ചേരിതിരിവിലൂടെയും `ജനഹിത'ത്തെ തനിക്ക്‌ അനുകൂലമാക്കി മാറ്റി. ഏതു കനത്ത യാഥാര്‍ത്ഥ്യങ്ങളെയും അട്ടിമറിച്ചു ജനഹിതത്തെ വഴിതിരിച്ചുവിടാന്‍ മാത്രം സമ്പന്നമാണ്‌ ആധുനിക കമ്പോളസംസ്‌കാരവും പരസ്യതന്ത്രങ്ങളും. ജനം ഏതു ഭക്ഷണം കഴിക്കണമെന്നും എന്തു വസ്‌ത്രം ധരിക്കണമെന്നും ഏതു രീതിയില്‍ ചിന്തിക്കണമെന്നും മുന്‍കൂട്ടി നിശ്ചയിക്കുകയും അതിനനുസരിച്ചു ജനഹിതങ്ങളെ മാറ്റിയെടുക്കുകയും ചെയ്യുന്ന കമ്പോള മുതലാളിത്തത്തിനു ജനാധിപത്യമെന്നത്‌ ജനം ആര്‍ക്കുവോട്ടു ചെയ്യണമെന്നു മുന്‍കൂട്ടി തീരുമാനിക്കാനും അതിനനുസരിച്ച്‌ അവരെ പാകപ്പെടുത്താനും സാധിക്കുന്ന ഒന്നാണ്‌. ഏതായാലും ഇവയെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുന്നതില്‍ ഏറ്റവും കൂടുതല്‍ വിജയിച്ച വ്യക്തിയാണ്‌ നരേന്ദ്രമോദി.

ജനഹിതത്തിനപ്പുറം കണക്കുകള്‍കൊണ്ടുള്ള ചില കളികള്‍ കൂടിയാണ്‌ ജനാധിപത്യം. ഭൂരിപക്ഷം തോല്‍ക്കുകയും ന്യൂനപക്ഷം ജയിക്കുകയും ചെയ്യുന്ന കണക്കിന്റെ ജാലവിദ്യ. മഹാ ഭൂരിപക്ഷം ഇഷ്‌ടപ്പെട്ടിട്ടില്ലെങ്കിലും ഡെമോക്രസിയുടെ ഡോറിലൂടെ അധികാരത്തിന്റെ അമരത്തെത്താന്‍ സാധിക്കുമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണല്ലോ അമേരിക്കയിലെ ഡോണാള്‍ഡ്‌ ട്രംപ്‌. 2016 ലെ പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പില്‍ 48.1 ശതമാനം വോട്ടു നേടിയ ഹിലാരി ഡെമോക്രാറ്റിക്‌ പാര്‍ട്ടി നേതാവ്‌ ഹിലരി ക്ലിന്റന്‍ പരാജയപ്പെടുകയും 46.0 ശതമാനം വോട്ടുകള്‍ നേടിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ്‌ ട്രംപ്‌ വിജയിക്കുകയും ചെയ്‌തു എന്നതാണ്‌ അവിടെ നിന്നുള്ള വാര്‍ത്ത. 538 അംഗ ഇലക്‌ട്രല്‍ വോട്ടില്‍ 288 എണ്ണം നേടി എതിര്‍ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനായി എന്നതാണ്‌ ട്രംപിനെ അമേരിക്കയുടെ 45 മത്തെ പ്രസിഡണ്ടാക്കി ഉയര്‍ത്തിയത്‌. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലും ഈ കണക്കിന്റെ കളി കാണാം. 2014 ലെ പൊതു തെരഞ്ഞെടുപ്പില്‍ 545 ല്‍ 282 സീറ്റു നേടി ഇവിടെ അധികാരത്തിലെത്താന്‍ ബി.ജെ.പി വേണ്ടി വന്നത്‌ വെറും 31 ശതമാനം വോട്ടുകളാണ്‌. അഥവാ ഇന്ത്യയിലെ 69 ശതമാനം ഇന്ത്യക്കാരും മോദി അധികാരത്തിലെത്തരുതെന്ന്‌ ആഗ്രഹിച്ചിട്ടും അദ്ദേഹം വിജയിച്ചു. ഇതാണ്‌ ജനാധിപത്യത്തിന്റെ കളി. മസില്‍ പവര്‍, മണി പവര്‍, മീഡിയ പവര്‍ തുടങ്ങിയവ ഉപയോഗിച്ച്‌ ഏതുഭാഗത്തേക്കും തിരിക്കാവുന്ന കളി.

ജനാധിപത്യം ഏറ്റവും ക്രൂരമാവുന്നത്‌ പ്രതിപക്ഷത്തിന്റെ അഭിപ്രായത്തെ കൈ കാര്യം ചെയ്യുന്നയിടത്താണ്‌. ഭൂരിപക്ഷത്തിന്റെ ബലത്തില്‍ അധികാരം പിടിച്ചെടുത്തവര്‍ ബാക്കിയുള്ളവരുടെ അഭിപ്രായങ്ങള്‍ മാനിക്കാന്‍ നിര്‍ബന്ധിതരല്ല. ന്യൂനപക്ഷങ്ങളുടെ അവകാശാധികാരങ്ങള്‍ കവര്‍ന്നെടുക്കാനും അവരെ കൂടുതല്‍ ഒറ്റപ്പെടുത്താനും ജനാധപത്യം പലപ്പോഴും വഴി തുറക്കുന്നു. അധികാരത്തിലേക്കു കുറുക്കു വഴി തേടുന്നവര്‍ക്ക്‌ എപ്പോഴും എളുപ്പം ഭൂരിപക്ഷ സമൂഹങ്ങളെ പ്രീണിപ്പിച്ചു അവരുടെ വോട്ടുബാങ്ക്‌ ഉറപ്പു വരുത്തലാണല്ലോ. അതിന്റെ കെടുതികള്‍ മിക്കരാജ്യങ്ങളിലുമുള്ള മത-ഭാഷ-വര്‍ഗ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്നുണ്ട്‌.

ഇസ്‌ലാമും ജനാധിപത്യവും

പരിമിതികള്‍ എമ്പാടും ഉണ്ടെങ്കിലും മനുഷ്യന്‍ പരീക്ഷിച്ചു നടപ്പിലാക്കിയ ഭരണസംവിധാനങ്ങളില്‍ താരതമ്യേന മെച്ചപ്പെട്ടതും മഹത്തരവുമാണ്‌ ജനാധിപത്യം. ഭരണകൂടത്തെ തെരഞ്ഞെടുക്കാനുള്ള ഭാഗികമായ സ്വാതന്ത്ര്യവും അവകാശവും ഓരോ പൗരന്മാര്‍ക്കും അതു വകവെച്ചു തരുന്നുണ്ടല്ലോ. അതുകൊണ്ടുതന്നെ സേച്ഛാധിപത്യം അകത്തുകൊണ്ടു നടക്കുന്ന ഒരു ഭരണാധികാരിക്കുപോലും പൊതു സമൂഹത്തിന്റെ താല്‍പര്യങ്ങളെ തീര്‍ത്തും അവഗണിക്കാന്‍ ജനാധിപത്യത്തിനകത്തു സാധ്യമല്ല. ഈ നന്മകള്‍ ഉള്ളതുകൊണ്ടുതന്നെ, ജനാധിപത്യത്തെ പൂര്‍ണമായി തള്ളിക്കളയാന്‍ പൊതുനന്മ കാംക്ഷിക്കുന്നവര്‍ക്കൊന്നും തന്നെ കഴിയില്ല. ജനാധിപത്യത്തെ കുറിച്ചുള്ള ഇസ്‌ലാമിന്റെ കാഴ്‌ചപ്പാട്‌ പ്രസക്തമാവുന്നത്‌ ഇവിടെയാണ്‌.

ഓരോ കാലഘട്ടത്തിനും സാമൂഹിക സാഹചരങ്ങള്‍ക്കും യോജിച്ച ഭരണരീതിയും വ്യസ്ഥിതിയും നടപ്പിലാക്കാന്‍ വിശ്വാസികള്‍ക്കു സ്വാതന്ത്ര്യം നല്‍കുന്ന മതമാണ്‌ ഇസ്‌ലാം. രാജവാഴ്‌ചയുടെ സുവര്‍ണദശയിലാണ്‌ ഇസ്‌ലാമിന്റെ അരുണോദയം മക്കയില്‍ സംഭവിക്കുന്നത്‌. പിന്നീട്‌ മദീനയില്‍ പ്രവാചകന്‍ ഒരു ഇസ്‌ലാമിക രാഷ്‌ട്രത്തിനു രൂപം നല്‍കി. അതിന്റെ നായകന്‍ പ്രവാചകന്‍ തന്നെയായിരുന്നു. മദീന ആസ്ഥാനമായി പ്രവാചകന്‍ സ്ഥാപിച്ച ഇസ്‌ലാമിക രാഷ്‌ട്രത്തിന്റെ ശൈലി ഒരിക്കലും ഒരു രജാധിപത്യ രീതി ആയിരുന്നില്ല. അത്‌ പ്രവാചകത്വ രീതി മാത്രമായിരുന്നു. നബി(സ)യുടെ ശേഷം ഖലീഫയായി അബൂബക്‌ര്‍, ഉമര്‍, ഉസ്‌മാന്‍, അലി എന്നിവര്‍ യഥാക്രമം തെരഞ്ഞെടുക്കപ്പെട്ടു. അതില്‍ ആധുനിക ജനാധിപത്യത്തിന്റെ ചെറിയൊരു നിഴലാട്ടം കാണാം. എന്നാല്‍ നാലു ഖലീഫമാര്‍ക്കു ശേഷം മുസ്‌ലിം ലോകത്ത്‌ രാജവാഴ്‌ച തിരിച്ചുവന്നു.

സര്‍വ വ്യാപിയായ ഒരു ഭരണ രീതി എന്ന നിലക്കു രാജാധിപത്യത്തെ ഇസ്‌ലാമിക ലോകം നഖശിഖാന്തം എതിര്‍ത്തിരുന്നില്ല. അതത്‌ കാലഘട്ടത്തിലെ സാഹചര്യങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും അനുയോജ്യമെന്നു തോന്നുന്ന ഭരണ സംവിധാനങ്ങള്‍ പരീക്ഷിക്കാം. മതം മുന്നോട്ടുവെക്കുന്ന മൗലിക നിര്‍ദേശങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമാവരുത്‌ അത്തരം ഭരണ സംവിധാനങ്ങള്‍. ഇതാണ്‌ ജനാധിപത്യം, രാജവാഴ്‌ച തുടങ്ങിയവയെ കുറിച്ചുള്ള മതത്തിന്റെ പൊതുനിലപാട്‌. ഇതിനപ്പുറം ക്രിസ്‌ത്യാനിറ്റി ചെയ്‌ത പോലെ, രാജവാഴ്‌ചയെ പൂവിട്ടുപൂജിക്കുന്ന ശൈലി ഈ വിഷയത്തില്‍ ഇസ്‌ലാമിക ലോകം സ്വീകരിച്ചിട്ടില്ല. രാഷ്ര്‌ടീയ അധികാരശക്തികള്‍ക്ക്‌ സമ്പൂണമായി വണങ്ങേണ്ട ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട്‌ പ്രൊട്ടസ്‌ററന്റ്‌ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളിലൊരാളായ മാര്‍ട്ടിന്‍ ലൂതര്‍ പറഞ്ഞു:

`രാജാവ്‌ എന്നെ വിളിച്ചാല്‍ ദൈവം എന്നെ വിളിച്ചതുപോലെയാണ്‌'(8) രാഷ്‌ട്രീയ നേതൃത്വത്തെ ദൈവ പ്രതിനിധികളായി കാണുകയും, അവരുടെ എല്ലാ അരുതായ്‌മകള്‍ക്കും കുടപിടിക്കുകയും ചെയ്യുന്ന ഇത്തരം ശൈലികളും സമീപനങ്ങളും ഇസ്‌ലാമിക സമൂഹത്തില്‍ നിന്നുണ്ടായില്ല. ഭരണനേതൃത്വത്തെ മാനിക്കണമെന്നും അവര്‍ക്കെതിരെ അനാവശ്യ വിപ്ലവത്തിനു പോവരുതെന്നും ഇസ്‌ലാം പറയുന്നുണ്ടെന്നത്‌ ശരി. അതോടൊപ്പം, ഭരണകൂടങ്ങള്‍ക്കു മൂക്കയറിടാന്‍ നിയമ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക ചെയ്യുന്നുണ്ട്‌ ഈ മതം.(9) ഭരണസംവിധാനങ്ങളെ അസ്ഥിരപ്പെടുത്തുന്ന അരാജകത്വത്തെയും, എല്ലാത്തിനെയും അടക്കിഭരിക്കുന്ന സേച്ഛാധിപത്യത്തെയും ഒരുപോലെ പ്രതിരോധിക്കുകയാണിവിടെ മതം.

ആധുനിക ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പരിമിതി ജനഹിതത്തിനു പരിധിവെക്കാന്‍ അതിന്റെ കയ്യില്‍ പ്രത്യേക മാനദണ്ഡങ്ങളൊന്നും ഇല്ലെന്നതാണ്‌. പാര്‍ലമെന്റുകളില്‍ ഭൂരിപക്ഷമുണ്ടെങ്കില്‍ എന്തു തോന്ന്യാസവും നിയമ നിര്‍മാണത്തിലൂടെ വെളുപ്പിച്ചെടുക്കാന്‍ ജനാധിപത്യത്തിനു സാധിക്കും. തെരഞ്ഞെടുക്കപ്പെട്ട ഭൂരിപക്ഷത്തിന്റെ സദാചാരത്തിന്‌ അളവുകോല്‍ ഏര്‍പ്പെടുത്താന്‍ പ്രത്യേക വ്യവസ്ഥയൊന്നും ഇല്ലാത്തതിനാല്‍, ജനതയുടെ പരമാധികാരം ഭരണകൂത്തിന്റെ പിഴവിനും കഴിവില്ലായ്‌മക്കും കാരണമാകുന്ന നിരവധി സന്ദര്‍ഭങ്ങള്‍ക്കു ജനാധിപത്യം സാക്ഷിയാകാറുണ്ട്‌.. അത്തരം വൈകല്യങ്ങളെ പരിഹരിക്കുകയാണ്‌ ഇസ്‌ലാം ചെയ്യുന്നത്‌. വൈകല്യങ്ങള്‍ നിറഞ്ഞ, കടിഞ്ഞാണില്ലാത്ത ഡമോക്രസിയുടെ സ്ഥാനത്ത്‌ ഒരു തിയോ-ഡമോക്രസിയാണ്‌ ഇസ്‌ലാം മുന്നോട്ടു വയ്‌ക്കുന്നത്‌ എന്നു പറയാം. അഥവാ ഭരണ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതിലും ഒഴിവാക്കുന്നതിലും ജനാധിപത്യ രീതിശാസ്‌ത്രത്തെ അംഗീകരിക്കുന്ന ഇസ്‌ലാം, പക്ഷെ നിയമനിര്‍മ്മാണത്തിന്റെ കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ വെക്കുന്നു. ഇസ്‌ലാമിന്റെ തിയോ ഡമോക്രസി പ്രകാരം, അടിസ്ഥാന ധാര്‍മിക നൈതിക മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന രീതിയിലുള്ള നിയമനിര്‍മ്മാണത്തിന്‌ മാത്രമേ പാര്‍ലമെന്റിനും മറ്റു നിയമനിര്‍മാണ സഭകള്‍ക്കും അധികാരമുണ്ടാകൂ.

തിയോക്രസിയും ഡമോക്രസിയും സമന്വയിക്കുന്ന തിയോ-ഡമോക്രസിയില്‍ ഭൂരിപക്ഷത്തിന്റെ ഹുങ്കില്‍ അരുതായ്‌മകളെ വിജയിപ്പിച്ചെടുക്കാന്‍ സാധിക്കില്ല. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെയും മറ്റും നിയമനിര്‍മാണത്തിലൂടെ അട്ടിമറിക്കാനാവില്ല. കാരണം എത്ര വലിയ ഭൂരിപക്ഷം നേടിയാലും കൈവയ്‌ക്കാന്‍ പാടില്ലാത്ത അടിസ്ഥാന നിയമങ്ങളും നിര്‍ദേശങ്ങളും ഈ ജനാധിപത്യത്തിനകത്തുണ്ട്‌. ഗുണത്തിനല്ല, എണ്ണത്തിനാണ്‌ പ്രസക്തമെന്ന ആധുനിക ഡമോക്രാറ്റിക്‌ എത്തിക്‌സുകളെ അത്‌ പൊളിച്ചെഴുതുന്നു. ഇത്തരം കടിഞ്ഞാണുകള്‍ ഇല്ലാതെ ജനാധിപത്യത്തെ കയറൂരി വിട്ടതുകൊണ്ടാണ്‌ ഭൂരിപക്ഷ വര്‍ഗീയ ഇളക്കിവിടുന്നവര്‍ അധികാരത്തിലെത്തുമ്പോഴെല്ലാം ന്യൂനപക്ഷങ്ങള്‍ക്ക്‌ ആശങ്കയോടെ കഴിയേണ്ടിവരുന്നത്‌. ഭരണഘടന തങ്ങള്‍ക്കു വക വെച്ചു തന്നെ അവകാശാധികാരങ്ങളെ പുതിയ നിയമനിര്‍മാണത്തിലൂടെ ഭൂരിപക്ഷത്തിന്റെ ഹുങ്ക്‌ കാണിക്കുന്നവര്‍ തട്ടിത്തെറിപ്പിക്കുമെന്നു പേടിക്കുന്നത്‌. ഭൂരിപക്ഷത്തിന്റെ വികാരത്തോടൊപ്പം നിന്ന്‌ ഏക സിവില്‍കോഡ്‌ പോലുള്ളവ നിയമമാക്കുന്നതിലൂടെ വെളിപ്പെടുന്നത്‌ ജനാധിപത്യത്തിന്റെ പരിമിതികളാണ്‌. ഈ പരിമിതികളെ എങ്ങനെ മറികടക്കാം എന്നതാണ്‌ ഇന്ത്യ പോലുള്ള സെക്യുലര്‍ രാജ്യങ്ങള്‍ ചിന്തിക്കേണ്ടതും ആലോചിക്കേണ്ടതും.

സൂചിക:
1. Hannan, Dan.Retrieved November 19, 2013. http://www.telegraph.co.uk/news/de nielhannan/100246622/
2. http://www.bbc.co.uk/history/ancient/greeks/greekdemocracy_0
3. History of Buddhism in India, Translation: A. Shiefner
4. Democracy in Ancient India by Steve Muhlberger, Associate Professor of History, Nipissing University
5. Sharma, Republics, pp. 15-62, 237
6. Bullock, Alan (1991) [1962]. Hitler: A. Study in Tyranny. New York; London: Harper Perennial. pp. 147–148
7. Nohlen, D & Stöver, P (2010) Elections in Europe: A data handbook, p1047
8.Cited in Roland Bainton, Here I Stand: A Life of Martin Luther, Mentor: New York, 1977 6.Robin B. Wright, "Islam and Liberal Democracy: Two Visions of sh¡ p¶p. Ckvem-ansâ Xntbm Reformation," Journal of Democracy, April. 1996, p. 65-67
9. മിശ്‌കാത്തുല്‍ മസ്വാബീഹ്‌ 3718


Share