Print This page

ഫാഷിസം തത്വശാസ്‌ത്രത്തിനപ്പുറം ഒരു മനോഘടനയാണ്‌

കമല്‍ സി/സവാദ്‌ ചേലേമ്പ്ര
എഴുത്തുകാര്‍ നിരന്തരം വേട്ടയാടപ്പെടുന്ന സാഹചര്യം രാജ്യത്ത്‌ വര്‍ദ്ധിച്ചു വരികയാണിപ്പോള്‍. കല്‍ബുര്‍കി, പെരുമാള്‍ മുരുകന്‍ എന്നിവരില്‍ നിന്നു തുടങ്ങി ഇപ്പോള്‍ മലയാളക്കരയിലെ എം.ടി വാസുദേവന്‍നായരിലും കമല്‍സിയിലൊമൊക്കെ എത്തി നില്‍ക്കുകയാണ്‌. എഴുത്തകാരെ എന്തിനാണ്‌ രാഷ്‌ട്രീയകാര്‍ ഭയക്കുന്നത്‌?

ഗ്മതീര്‍ച്ചയായും അക്ഷരങ്ങള്‍ അഗ്നിക്കു തുല്ല്യമാണ്‌. അക്ഷരങ്ങള്‍ കത്തിതീര്‍ന്നാലും അവിടെ നിന്ന്‌ അതു മനുഷ്യനെ അസ്വസ്ഥപ്പെടുത്തികൊണ്ടിരിക്കും. എം.എന്‍ വിജയന്‍ മാഷ്‌ പറഞ്ഞത്‌ പോലെ, ഒരു തീ കൊള്ളിയില്‍ നിന്നു പുക മത്രമേ വരുന്നുവെന്നു കരുതി നിങ്ങള്‍ ശാന്തരാവണ്ട, ഒരു കരിയില മതി അതിന്‌ കത്തി തുടങ്ങാന്‍. ഇതു പോലെയാണു കാര്യങ്ങള്‍. പുസ്‌തകത്തിനെ എന്തിനാണ്‌ എതിരാളികള്‍ ഭയപ്പെടുന്നത്‌? എന്തിനാണ്‌ അക്ഷരങ്ങളെ ഭയപ്പെടുന്നത്‌? എന്തിനാണ്‌ നാടകത്തെ ഭയപ്പെടുന്നത്‌? കല്‍ബുര്‍കി, പെരുമാള്‍ മുരുകന്‍, ഞാന്‍ ഇതൊന്നും എക ശില സ്ഥാപനമായ കാരണങ്ങള്‍ കൊണ്ടല്ല. പക്ഷേ, എന്തു കൊണ്ട്‌ ഇങ്ങനയൊക്കെ ഉണ്ടാവുന്നുവെന്നതാണ്‌ നാം ഉയര്‍ത്തി കാണിക്കുന്നത്‌, ഇതൊരു അപകടകരമായ അവസ്ഥയാണ്‌. അല്ലെങ്കില്‍ പുസ്‌തകത്തിന്റെയും അക്ഷരങ്ങളുടെയും പ്രസക്തിയാണ്‌ വര്‍ധിക്കുന്നത്‌.

താങ്കളെ പോലുള്ളവരുടെ ഒറ്റയാള്‍ പോരാട്ടങ്ങള്‍കൊണ്ട്‌ പുതിയ കാലത്തെ സാധ്യതകള്‍ എന്താണ്‌

ഞാന്‍ നടത്തിയത്‌ ഒരിക്കലും ഒറ്റയാള്‍ സമരമല്ല. എന്റെ പിന്നില്‍ ഒരുപാട്‌ പേരുണ്ടായിരുന്നു. ഒരുപാട്‌ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. അതോടൊപ്പം തന്നെ ഞാന്‍ ഒറ്റക്കും പോയിട്ടുണ്ട്‌. അതുകൊണ്ടാണ്‌ അതൊരു ഒറ്റയാള്‍ സമരമായി തോന്നിയത്‌. ഒറ്റയാള്‍ സമരങ്ങള്‍ക്ക്‌ പ്രസക്തിയുണ്ടോ എന്നു ചോദിച്ചാല്‍, കൂട്ടായ സമരങ്ങള്‍ക്കാണോ ഒറ്റയാള്‍ സമരങ്ങള്‍ക്കാണോ കുടുതല്‍ പ്രസക്തി എന്നതിന്റെ അളവു കോലുകള്‍ക്ക്‌ വലിയ സാധ്യതയൊന്നുമില്ല. മറിച്ച്‌ ഒരു ഒറ്റയാള്‍ സമരം ഒരു വലിയ വിഭാഗങ്ങള്‍ക്ക്‌ വേണ്ടിയോ, നീതിക്കു വേണ്ടിയോ ആവുന്ന സമയത്ത്‌ ഒരാളില്‍ നിന്നു തുടങ്ങി പലപ്പോഴും വലുതായെന്നിരിക്കാം. ചരിത്രം ചിലപ്പോള്‍ അടയാളപ്പെടുത്തുമ്പോള്‍ അയാളുടെ പേരു മാത്രമായിരിക്കാം(മഹത്മാ ഗാന്ധിജി എന്ന പോലെ) പരാമര്‍ശിക്കുന്നത്‌. പക്ഷേ ആ ആള്‍ക്ക്‌ ആ സമരത്തില്‍ വലിയ പ്രാധാന്യം ഉണ്ടാവും. അതിന്റെ നിഴലിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ മറഞ്ഞു പോവുമെന്നതാണ്‌ യാഥാര്‍ത്ഥ്യം.

കമലിനെ കുറിച്ചുള്ള സംഘ്‌പരിവാര്‍ സംഘടനകളുടെ പ്രതികരണം നാം കണ്ടു. ഓരുപാടുപേര്‍ പ്രധാനമന്ത്രിക്കെതിരെയും അദ്ദേഹത്തിന്റെ തെറ്റായ നടപടികള്‍ക്കെതിരെയും പ്രതികരിച്ചപ്പോള്‍ കമലും പ്രതികരിച്ചു. പക്ഷേ, അയാളെ മതം വെച്ചു ബ്രാന്റുചെയ്യാനാണവര്‍ ശ്രമിച്ചത്‌. അദ്ദേഹത്തോടു പാക്കിസ്ഥാനില്‍ പോകാന്‍ പറയുന്നു. മുസ്‌ലിം പേരുള്ളവരെല്ലാം ഇന്ത്യയില്‍ നിന്ന്‌ പുറത്തു പോവണമെന്ന സംഘി നിലപാടിനോട്‌ താങ്കളുടെ കാഴ്‌ച്ചപ്പാട്‌?

ഗ്മദേശീയത അതിന്റെ അടിസ്ഥാന നിലയില്‍ അപകടകരമെന്ന്‌ വിശ്വസിക്കുന്ന ആളാണ്‌ ഞാന്‍. പാക്കിസ്ഥാന്‍ നമ്മുടെ ശത്രുവാണ്‌. പലപ്പോഴും പാക്കിസ്ഥാനിലേക്ക്‌ പേകാനുള്ള മുദ്രാവാക്യം ഉണ്ടാവുന്നത്‌ ഹൈന്ദവ ഫാസിസത്തിന്റെ ഭാഗമായിട്ടല്ല. മറിച്ച,്‌ ഇന്ത്യന്‍ ദേശീയതയുടെ ഭാഗമായിട്ടാണ്‌. നിങ്ങള്‍ മുസ്‌ലിംകള്‍ക്ക്‌ ഒപ്പമാണെങ്കില്‍ നിങ്ങള്‍ക്ക്‌ പാകിസ്ഥാനിലേക്ക്‌ പേകാം. അവിടെ സ്വസ്ഥമായി ജീവിക്കാം എന്നാണ്‌ പുതിയ `ദേശീയവാദി'കള്‍ പറയുന്നത്‌. നമുക്ക്‌ സത്യത്തില്‍ പറയാനുള്ളത്‌ ഇവരെല്ലാവരും എവിടെയെങ്കിലും പോയാല്‍ ബാക്കിയുള്ളവര്‍ക്ക്‌ സ്വസ്ഥമായി ജീവിക്കാം എന്നാണ്‌. ഇന്ത്യന്‍ ദേശീയത തന്നെയാണ്‌ മുസ്‌ലിമിനെ പാകിസ്ഥാനിലേക്ക്‌ വിടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്‌. അതുകൊണ്ട്‌ ഇന്ത്യയുടെ ദേശീയത തന്നെ മുസ്‌ലിം വിരുദ്ധമാണ്‌.

ഫാഷിസത്തിന്റെ പുതിയ കാലത്ത്‌ പ്രതിരോധ രാഷ്‌ട്രീയത്തിന്റെ രാഷ്‌ട്രീയ ഭാവി?

ഗ്മപുതിയ കാലത്ത്‌ പ്രതിരോധ രാഷ്‌ട്രീയത്തിന്‌ ഭാവി ഉണ്ടെന്നാണ്‌ എന്റെ വിശ്വാസം. ആരാണത്‌ നിര്‍ണ്ണയിക്കുന്നത്‌ എന്നതിനനുസരിച്ചായിരിക്കും ഭാവിയുടെ സ്വഭാവം നില നില്‍ക്കുന്നതെന്ന പേടിമാത്രമാണുള്ളത്‌. പുതിയ കാല രാഷ്‌ട്രീയം ജനാധിപത്യപരമാവണമെന്നാണ്‌ എന്റെ ആഗ്രഹം. അല്ലാത്ത പക്ഷം, വീണ്ടും ഫാസിസം വരികയും അത്‌ ജനങ്ങള്‍ക്ക്‌ ബുദ്ധി മുട്ടാവുകയും ചെയ്യും. പുതിയ തലമുറ ആര്‍ജ്ജവ മുള്ള തലമുറയാണ്‌. സമരങ്ങള്‍ക്ക്‌ മുന്നില്‍ നില്‍ക്കുന്നവരാണ്‌. ശക്തമായ ഒരു ജനത വളര്‍ന്നു വരുന്നുണ്ടെന്നതുകൊണ്ട്‌ പ്രതീക്ഷ നഷ്‌ടപ്പെട്ടിട്ടില്ല.

ശ്‌മശാനങ്ങളുടെ നോട്ടു പുസ്‌തകം' എന്ന താങ്കളുടെ പുസ്‌തകം കത്തിച്ചു. അതോടൊപ്പം മനുസ്‌മൃതിയും കത്തിച്ചു കളഞ്ഞു. ഇങ്ങനെ പ്രതിഷേധിക്കാനുണ്ടായ സാഹചര്യം?

ഗ്മഎന്റെ പേരില്‍ കേസില്ലാ എന്ന്‌ ഭരണകര്‍ത്താക്കളും പോലീസും വിഷ്വല്‍ മീഡിയകളില്‍ പറഞ്ഞിട്ടും എന്നെയും എന്റെ വീട്ടുകാരെയും നിരന്തരം ഷാഡോ പോലിസും മറ്റു പോലിസുകാരും ശല്യപ്പെടുത്തുകയും ചെയ്‌ത സാഹചര്യത്തില്‍ എന്നെ അമ്മ ഒരു ദിവസം ഫോണ്‍ വിളിച്ചു സങ്കടപ്പെടുകയും മുഴുവന്‍ സമയം കരയുകയും ചെയ്‌തു. ഒരു പുസ്‌തകം (ശ്‌മശാനങ്ങളുടെ നോട്ടു പുസ്‌തകം എന്ന നോവല്‍)എഴുതിയതിന്റെ പുറത്തെ കേസാണെങ്കിലും വീട്ടുകാര്‍ക്ക്‌ ഞാന്‍ രാജ്യദ്രോഹ കുറ്റം ചെയ്‌തിട്ടുണ്ടോ(ബ്രീട്ടിഷുകാര്‍ കൊണ്ട്‌ വന്ന പി 124 പ്രകാരം രാജ്യത്തിനു അകത്ത്‌ ഉള്ളവര്‍ അകത്ത്‌ ചെയുന്ന കുറ്റം ആയി കണക്കാക്കുന്നത്‌) എന്ന്‌ വരെ സംശയം തുടങ്ങി.(ഞാന്‍ ആണെങ്കില്‍ രണ്ടര വര്‍ഷമായി വീട്ടിലേക്ക്‌ പോയിട്ട്‌. അവിടുത്തെ പ്രോര്‍പ്പട്ടി എല്ലാം ഞാന്‍ വിറ്റിരുന്നു) എന്റെ വീട്ടിലാണെങ്കില്‍ ഹൃദയ രോഗിയായ അച്ഛന്‍, വയസ്സായ അമ്മ, ബധിരനും മൂകനുമായ സഹോദരനും മാത്രമൊള്ളൂ. പോലിസുകാരുടെയും മറ്റും ശല്യം സഹിക്കവയ്യാതെ ആയപ്പോള്‍ അമ്മ വിളിച്ച്‌ പറഞ്ഞു; `ഞങ്ങള്‍ വയസ്സായ സമയത്ത്‌ നീ പൈസ ഒന്നും തരണ്ട, കുറച്ച്‌ സമാധാനം തന്നാല്‍ മതി' ഈ അവസ്ഥയിലെത്തിയപ്പോള്‍ ഞാന്‍ എഴുതി പുസ്‌തകം പ്രസിദ്ധികരിച്ച ഗ്രീന്‍ ബുക്‌സിനോട്‌ ബാക്കിയുള്ള കോപ്പി തിരിച്ച്‌ തരാനും നഷ്‌ട പരിഹാരം നല്‍കാമെന്നും പറഞ്ഞ്‌, എഴുത്ത്‌ നിര്‍ത്തുന്നു, പ്രതീകാത്മകമായി ഞാന്‍ പുസ്‌തകം കത്തിക്കുന്നു എന്ന ഫേസ്‌ ബുക്ക്‌ സ്റ്റാറ്റസ്‌ ഇടുകയും ചെയ്‌തു. ഇതിന്‌ പിന്നിലെ കാരണം പോലിസും മറ്റും പറയുന്ന ഒരു തെറ്റും ചെയ്‌തിട്ടില്ലാത്ത ഒരാളെ നിരന്തരം ശല്യം ചെയ്യുമ്പോള്‍ ഉണ്ടാകാവുന്ന വികാരമാണ്‌.(പോലിസിന്റെ ഭാഗത്തും മറ്റും ഒരുപാട്‌ ദൂരുഹത നിറഞ്ഞ്‌ നില്‍ക്കുന്നു)കത്തിക്കുന്നു എന്ന്‌ പറഞ്ഞപ്പോള്‍ കേരളത്തിന്‌ അകത്ത്‌ നിന്ന്‌ തന്നെ ഒരുപാട്‌ അനുകൂലികളും പ്രതികൂലികളും ഉണ്ടായിരുന്നു. ഇതിനിടയില്‍ എന്റെ ഒരു സുഹൃത്ത്‌ വിളിച്ച്‌ ഞങ്ങള്‍ മനുസ്‌മൃതി കത്തിച്ചോട്ടേ എന്ന്‌ ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു; നിങ്ങള്‍ക്ക്‌ കത്തിക്കുന്നതെല്ലാം കത്തിക്കാം. ഞാന്‍ കത്തിക്കുന്നത്‌ എന്റെ വ്യക്തി പരമായ പ്രശ്‌നമാണ്‌.

പുതിയ കാലത്തെ ജാതി വ്യവസ്ഥയുടെ രാഷ്‌ട്രീയ മാറ്റങ്ങള്‍ നമ്മുടെ സമൂഹത്തെ എങ്ങനെയാണ്‌ സ്വാധീനിച്ചുകൊണ്ടിരിക്കുന്നത്‌?

ഗ്മഇന്ത്യന്‍ ഫാസിസം എന്ന്‌ പറയുന്നത്‌ തന്നെ ബ്രാഹ്മണിക്കല്‍ ഫാസിസമാണ്‌. ലോകത്തുള്ള മറ്റു ഏതു ഫാസിസത്തോടും ഉപമിക്കാന്‍ കഴിയാത്ത അത്ര സുക്ഷ്‌മമായ അജണ്ടകളുള്ള ഫാസിസമാണ്‌ നമ്മുടെത്‌. ഫാസിസമെന്നത്‌ ഒറ്റ ഫാസിസമേയുള്ളൂ, അത്‌ ബ്രാഹ്മണിക്കല്‍ ഫാസിസമാണ്‌ എന്നതാണ്‌ എന്റെ നിലപാട്‌. കാരണം ഈ ബ്രാഹ്മണിക്കല്‍ ഫാസിസം എതൊക്കെ വിധത്തില്‍ ഏതല്ലാം തരത്തില്‍ നമ്മുടെ സര്‍വമേഖലകളില്‍ വര്‍ക്ക്‌ ചെയ്യുന്നുവെന്നത്‌ സൂക്ഷ്‌മമായി പരിശോധിക്കേണ്ടതുണ്ട്‌. ബ്രാഹ്മണിക്കല്‍ ഫാസിസം എന്നത്‌ നമ്മള്‍ ഐഡന്റിഫിക്കേഷന്‍ വേണ്ടി പറയുന്ന പേരാണ്‌. അതായത്‌ തൊട്ടുകൂടായ്‌മയുടെയും തീണ്ടിക്കൂടായ്‌മയുടെയും മനോരോഗം ഒരു പക്ഷേ ലേകത്ത്‌ വേറെ എവിടെയും ഉണ്ടായിട്ടുണ്ടാവില്ല. പഴയകാലത്തെ അയിത്തം ഇന്നും നിലനില്‍ക്കുന്നു. ഫാസിസത്തിന്‌ നേരെ ശബ്‌ദം ഉയര്‍ത്തുന്നവര്‍ക്ക്‌ നേരെ ഫാസിസം ഉപയോഗിക്കുന്നതും അതു തന്നെ. അത്‌ മാര്‍കിസ്റ്റ്‌ ഫാസിസം ആയാലും ഹൈന്ദവ ഫാസിസം ആയാലും ശരി, നമ്മുടെ രാഷ്‌ട്രീയം നിര്‍ണയിക്കുന്നതില്‍ നിര്‍ണായക സ്ഥാനം ഫാസിസത്തിന്‌ അല്ലെങ്കില്‍ ഹൈന്ദവതക്ക്‌ ഉണ്ടെന്നതില്‍ സംശയമില്ല. അതുകൊണ്ട്‌ തന്നെ അവര്‍ ദളിതുകള്‍ക്ക്‌ വേണ്ടി സംസാരിക്കുമ്പോഴും മുസ്‌ലിംകള്‍ക്ക്‌ വേണ്ടി സംസാരിക്കുമ്പോഴും അവരുടെ ഒരു അവ്യക്തത ബോധ്യപ്പെടും. മതേതര ബോധമെന്ന്‌ പറഞ്ഞാലും ഹൈന്ദവത രാഷ്‌ട്രീയത്തില്‍ അധിഷ്‌ഠിതമായ ഒരു സാധനം രുപപ്പെടുത്തിയെടുക്കുകയാണ്‌ ചെയ്യുന്നത്‌. സ്വാഭാവികമായും അത്‌ അങ്ങനെയല്ലേ എന്ന്‌ ചോദിച്ചാല്‍ നമ്മള്‍ ഫാസിസ്റ്റ്‌ വിരുദ്ധനാവും. അല്ലെങ്കില്‍ മുസ്‌ലിം തീവ്രവാദിയാവും. ഇങ്ങനെ അവര്‍ മുദ്രകുത്തി കൊണ്ടിരിക്കും. ഏറ്റവും വലിയ കാപട്യം എന്നത്‌, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആദ്യമായി ബാബരി മസ്‌ജീദ്‌ തകരുമ്പോഴാണ്‌ പലയിടത്തും മുസ്‌ലിം പ്രതിരോധങ്ങള്‍ ഉണ്ടായി വരുന്നത്‌. അതിന്‌ മുമ്പ്‌ ഉണ്ടാവുന്നില്ല. എന്ത്‌ കൊണ്ടാണ്‌ `മുസ്‌ലിം തീവ്രവാദം' ഉണ്ടായി വരുന്നതെന്ന്‌ അന്വേഷിക്കുമ്പോള്‍ വളരെ പ്രധാനമായി മനസ്സിലാക്കേണ്ടത്‌, ഹിന്ദുത്വമാണ്‌ `മുസ്‌ലിം തീവ്രവാദം' ഉല്‍പാദിപ്പിക്കുന്നത്‌. ഇവിടെ ഭൂരിപക്ഷ തീവ്രവാദം ഇല്ലെങ്കില്‍ ഈ ന്യൂനപക്ഷ തീവ്രവാദം ഉണ്ടാവുകയില്ല. ഇതിനെ നമ്മള്‍ നോക്കി കാണുന്നിടതാണ്‌ പ്രശ്‌നം. ഭൂരിപക്ഷ തീവ്രവാദത്തെ ചെറുതായി കാണുകയും ന്യൂനപക്ഷ തീവ്രവാദത്തെ വലുതായി കാണുകയും ഇതാണ്‌ യഥാര്‍ത്ഥ തീവ്രവാദം എന്നു പറഞ്ഞ്‌ വേറൊരുതരത്തില്‍ ഉപയോഗിക്കുകയും ചെയുക. ഇന്ന്‌ എല്ലാ തരത്തിലും ഹിന്ദുത്വത്തില്‍ അധിഷ്‌ഠിതമായിട്ടാണ്‌ നമ്മുടെ രാഷ്‌ട്രത്തിന്റെ വ്യവഹാരങ്ങള്‍ നടക്കുന്നത്‌. ഞാന്‍ വിശ്വസിക്കുന്നത്‌ ഫാസിസമെന്നത്‌ ത്വതശാസ്‌ത്രത്തിനപ്പുറം മനുഷ്യന്റെ എല്ലാ മേഖലയിലും അലിഞ്ഞ്‌ ചേര്‍ന്ന സംഗതിയാണ്‌.

ബ്രാഹ്മണിസം സൃഷ്‌ടിച്ച പൊതുബോധത്തില്‍ നിന്നും മേല്‍കോയ്‌മയില്‍ നിന്നും രാജ്യത്തെ ദളിതരും മറ്റു പിന്നാക്കവിഭാഗങ്ങളും ഇപ്പോഴും രക്ഷപ്പെട്ടിട്ടില്ല. എന്തുകൊണ്ടണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌?

ഗ്മഅധികാരം ഉണ്ടായകാലം മുതല്‍ ബ്രാഹ്മണരുടെ പേരിലാണ്‌ ഭരണം നിലനില്‍ക്കുന്നത്‌. ബി.ആര്‍. അംബേദ്‌ക്കര്‍ ഇന്ത്യന്‍ ഭരണഘടന രൂപപ്പെടുത്തുന്നതില്‍ ഇടപ്പെട്ടിടില്ലായെങ്കില്‍ എത്ര ദാരുണമാവുമായിരുന്നു ഇവിടുത്തെ ദളിത്‌ ജീവിതങ്ങളുടെ അവസ്ഥ. അങ്ങനെയൊരു ഭരണഘടന ഉണ്ടാക്കി വെച്ചത്‌ കൊണ്ടാണ്‌ ഇപ്പോഴും നമ്മുക്ക്‌ ശബ്‌ദിക്കാന്‍ കഴിയുന്നത്‌. സ്വാഭാവികമായും ബ്രീട്ടിഷുകാരില്‍ നിന്ന്‌ നേരെ ബ്രാഹ്മണര്‍ക്കാണ്‌ ഭരണം കൈ മാറുന്നത്‌. ഇന്നു വരെയുള്ള അധികാര മേഖലകളിലും ഹൈന്ദവ സവര്‍ണ മേധാവിത്വം തന്നെയാണ്‌ അധികാരം കൈയാളിയിട്ടുള്ളത്‌.
കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ ദളിതര്‍ക്ക്‌ വേണ്ടി സമരം ചെയ്‌തുവെന്ന്‌ പറയുമ്പോള്‍, കേന്ദ്ര കമ്മിറ്റിയിലോ സംസ്ഥാന കമ്മറ്റിയിലോ പി.ബിയിലോ എത്ര പേര്‍ ദളിതര്‍ ഉണ്ടെന്ന്‌ ചിന്തിച്ചാല്‍ മതി. ഇവര്‍ തുലനം ചെയ്യാന്‍ വേണ്ടി ഒരാളെ മാത്രമാണ്‌ മുമ്പില്‍ നിര്‍ത്തുന്നത്‌. ബാക്കി 99 പേരും ഞങ്ങള്‍(ബ്രാഹ്മണര്‍)മതി എന്നാണ്‌.

കേരളത്തിലും ഇപ്പോള്‍ നീതി നിഷേധം നിത്യസംഭവമായി മാറികൊണ്ടിരിക്കുന്നു. ഇതിനെ എങ്ങനെ നോക്കി കാണുന്നു?

ഗ്മഭരണകൂടത്തിന്റെ ഭീകരതയും ഫാസിസത്തിന്റെ ഭീകരതയും കൈകോര്‍ത്ത്‌ പിടിച്ച്‌ ഏറ്റവും പാരമ്യതയില്‍ എത്തി നില്‍ക്കുന്ന സമയമാണിപ്പോള്‍. അതുകൊണ്ട്‌ നീതി നിഷേധം എന്ന്‌ പറയുന്നത്‌ ഒരു സ്വാഭാവിക പ്രവര്‍ത്തനമായിട്ടാണ്‌ കണക്കാക്കാന്‍ കഴിയുക. എനിക്കാണ്‌ നീതി നിഷേധിക്കപ്പെടുന്നതെങ്കില്‍ ഞാന്‍ ഒഴിച്ച്‌ ബാക്കിയുള്ളവരെല്ലാം അതിനെ സ്വാഭാവിക പ്രവര്‍ത്തനമായിട്ടാണ്‌ കാണുന്നത്‌. മറ്റൊരു പ്രതികരണവും അതിന്റെ പേരില്‍ രുപപ്പെടുന്നില്ല. അപ്പോള്‍ നീതി നിഷേധമായാലും മനുഷ്യാവകാശ ധ്വംസനമായാലും, ഒരു സമൂഹം സഹിക്കാന്‍ നിര്‍ബന്ധിതരാവുന്നു. ഇതെല്ലാം അതിരൂക്ഷമായി കൂടുതല്‍ ശക്തിയോടെ നടത്തികൊണ്ടിരിക്കുന്ന ഒരു ഭരണ വര്‍ഗ്ഗം അവരുടെ മറുചേരിയിലും. ഇത്‌ രണ്ടും ചേര്‍ന്നാണ്‌ നമ്മുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കി കൊണ്ടിരിക്കുന്നത്‌. ഇവിടെ ഏറ്റവും അപകടകരമാവുന്നത്‌ പ്രതിഷേധമുണ്ടാകാതെയുള്ള ജനതയാണ്‌. ഇത്തരത്തിലുള്ള ഫാസിസം വളര്‍ത്തുന്നത്‌.

ഒരുപാടു സമരങ്ങള്‍ക്ക്‌ വേദിയായ നാടാണ്‌ നമ്മുടെ കേരളം. പുസ്‌തകം കത്തിച്ചു പ്രതിഷേധിക്കുന്നത്‌ ഒരു പുതിയ രൂപമാണ്‌. ഇത്തരം സമര മുറകളുടെ പരിണിത ഫലങ്ങള്‍?

ഗ്മവ്യവസ്ഥാപിതമായ പൊളിറ്റിക്കല്‍ മൊറാലിറ്റിയില്‍ നിന്ന്‌ ചിന്തിക്കുമ്പോഴാണ്‌ ഇങ്ങനെയൊരു സാധനം ഉണ്ടാവുന്നത്‌. പൊളിറ്റിക്കല്‍ മൊറാലിറ്റി എന്ന്‌ പറയുന്നത്‌ ഒരൂ സമരമുണ്ടായാല്‍ അതിനൊരു ഫോളോ അപ്പ്‌ ഉണ്ടാവണമെന്നാണ്‌. അതു കഴിഞ്ഞാല്‍ അവര്‍ ഒരുമിച്ചിരുന്ന്‌ മറ്റൊരു വിഷയത്തില്‍ ഇടപെടണം. സത്യത്തില്‍ വ്യവസ്ഥാപിതമായ പൊളിറ്റിക്കല്‍ മൊറാലിറ്റി തന്നെ ആകെ തന്നെയും അനുഷ്‌ഠാനങ്ങളാവുകയും അപ്രസക്തമാകുകയും ചെയ്യുന്ന സ്ഥലത്താണ്‌ ഒറ്റപ്പെട്ട ഇത്തരം സമരങ്ങള്‍ ഉണ്ടാവുന്നത്‌. ഇതല്ലൊം കുടിച്ചേരേണ്ട സ്ഥലത്ത്‌ തന്നെ കുടിച്ചേരുമെന്നാണ്‌ എന്റെ വിശ്വാസം. നമ്മുടെ സമരങ്ങളെല്ലാം എക ആശയത്തിന്റെ പുറത്തായിരുന്നു. ഒറ്റ ആശയത്തിന്റെയോ സിദ്ധാന്തത്തിന്റെയോ പുറത്താണ്‌ നമ്മുടെ സമരങ്ങള്‍ രുപപ്പെടാറ്‌. പിന്നെ അത്‌ വോട്ട്‌ ബാങ്കാവുകയും അനുഷ്‌ഠാനമാവുകയും ചെയ്യും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ മനുഷ്യച്ചങ്ങല. എത്രത്തോളം അപഹാസ്യമായ സമരമുറയാണത്‌. സമരങ്ങള്‍ അപഹാസ്യമാവുന്നതിനെക്കാള്‍ നല്ലത്‌ ഇല്ലാതാവുകയാണ്‌.
Share