ശരിയായ വിശ്വാസത്തിന്റെ ആവശ്യകത

Print This page
ഡോ. സഈദ്‌ റമള്വാന്‍ ബൂത്വി
വിവ: സഈദലി വാഫി:
ഇസ്‌ലാം എന്തിനാണ്‌ മനുഷ്യരെ അല്ലാഹുവിന്റെ അടിമകളാക്കിയത്‌? എന്തിനാണ്‌ ഇസ്‌ലാമിന്റെ ആരാധനകളും വിശ്വാസകാര്യങ്ങളും നിയമങ്ങളും സ്വീകരിക്കാന്‍ മനുഷ്യനെ നിര്‍ബന്ധിതനാക്കിയത്‌? ദൈവത്തിന്‌ മനുഷ്യരെ സ്വതന്ത്രരായി ജീവിക്കാന്‍ അനുവദിക്കാമായിരുന്നില്ലെ? അവരെ ഇഛക്കനുസരിച്ച്‌ ജീവിതം ക്രമീകരിക്കുന്നവരാക്കി മാറ്റാമായിരുന്നില്ലെ? ഇസ്‌ലാമിക സംസ്‌കാരം പൂര്‍ണ്ണമായി ഉള്‍കൊള്ളാത്ത ചിലര്‍ ചോദിക്കുന്ന ചോദ്യങ്ങളാണിത്‌. ചിലര്‍ ചോദ്യം തുടര്‍ന്ന്‌ കൊണ്ടേയിരിക്കും. അവസാനം അത്ഭുതത്തോടെ ചോദിക്കും. ഞാന്‍ എന്റെ ആയുസ്സ്‌ മുഴുവന്‍ അല്ലാഹുവിന്‌ ആരാധിച്ച്‌ ജീവിക്കുന്നത്‌ കൊണ്ട്‌ ദൈവം എന്ത്‌ നേടാനാണ്‌....! ഞാന്‍ ആരാധനകളര്‍പ്പിച്ചില്ലെങ്കില്‍ ദൈവത്തിന്‌ എന്ത്‌ നഷ്ടം സംഭവിക്കാനാണ്‌....!

ഇസ്‌ലാമിന്റെ വിശ്വാസധാരയുമായി ബന്ധപ്പെട്ട്‌ എന്ത്‌ ചര്‍ച്ച ചെയ്യുന്നതിന്‌ മുമ്പും ഇതിന്‌ കൃത്യമായ മറുപടി നല്‍കേണ്ടതുണ്ട്‌. മനുഷ്യന്റെ ബുദ്ധി ഏക ദൈവ വിശ്വാസം സ്വീകരിക്കണമെങ്കില്‍ അത്‌ വ്യക്തമായി ബോധ്യപ്പെടണം. അത്‌ ബോധ്യപ്പെടാന്‍ അവലംബിക്കുന്ന മാധ്യമവും പരിശുദ്ധമാവണം.

അതിന്‌ മറുപടി പറയാം.

വ്യത്യസ്‌ത തരത്തില്‍ പെട്ട സൃഷ്ടിജാലങ്ങളോട്‌ കൂടി അല്ലാഹു പ്രപഞ്ചം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ മനുഷ്യനെ പ്രപഞ്ചത്തിലെ സകല വസ്‌തുക്കളുടെയും നേതാവാക്കാനും എല്ലാ വസ്‌തുക്കളും അവന്‌ കീഴ്‌പ്പെടുന്നതും സേവനം ചെയ്യുന്നതുമാക്കാനും തീരുമാനിച്ചു. പ്രപഞ്ചത്തിന്റെ കൈകാര്യകര്‍തൃത്വവും പരിപാലനവും അവനെ ഏല്‍പിച്ചു. ഞാനിതാ ഭൂമിയില്‍ ഒരു പ്രതിനിധിയെ നിയോഗിക്കാന്‍ പോവുകയാണ്‌ എന്ന്‌ നിന്റെ നാഥന്‍ മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക). (2:30) എന്ന സൂക്തത്തില്‍ പ്രതിനിധി എന്ന പദത്തിന്റെ വിവക്ഷയും അവന്‍ നിങ്ങളെ ഭൂമിയില്‍ നിന്ന്‌ സൃഷ്ടിച്ചു വളര്‍ത്തുകയും നിങ്ങളെ പരിപാലനം ഏല്‍പിക്കുകയും ചെയ്‌തിരിക്കുന്നു (11:61) എന്ന സൂക്തത്തിലെ പരിപാലനം എന്ന പദത്തിന്റെ വിവക്ഷയും ഇത്‌ തന്നെയാണ്‌.

മനുഷ്യന്റെ നൈപുണ്യവും സവിശേഷതകളും അല്ലാഹു പല നൈപുണ്യങ്ങളും സവിശേഷതകളും മനുഷ്യന്‌ നല്‍കി. അത്‌ അത്യാവശ്യവുമാണ്‌. ഈ പ്രപഞ്ചത്തിന്റെ കൈകാര്യകര്‍തൃത്വവും പരിപാലനവും സാധ്യമാവാനും പ്രപഞ്ചം വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താനും ബുദ്ധിയും അതിന്റെ ഉപോല്‍പന്നമായ ജ്ഞാനവും തിരിച്ചറിവും കഴിവും അല്ലാഹു മനുഷ്യന്‌ നല്‍കി. അല്ലാഹു അതെല്ലാം നല്‍കിയത്‌ അതുപയോഗിച്ച്‌ കാര്യങ്ങള്‍ അപഗ്രഥിക്കാനും അതിന്റെ നിഗൂഢതകളിലേക്ക്‌ പോകാനും അതിന്റെ പിന്നിലെ രഹസ്യം കണ്ടെത്താനുമാണ്‌. മനുഷ്യന്‌ സ്വാര്‍ത്ഥതയും അതിനെ തുടര്‍ന്നുണ്ടാവുന്ന തര്‍ക്കവും ആര്‍ത്തിയും കൈവശാധികാരവും നല്‍കുകയും അവനെ ശക്തനും കാര്യനിര്‍വ്വഹണത്തിന്‌ ശേഷിയുള്ളവനാക്കുകയും ചെയ്‌തു. അത്‌ മുഖേന ഔന്നത്യത്തിനും താന്‍പോരിമക്കും വേണ്ടി തര്‍ക്കിക്കുന്നവനാക്കി. സ്‌നേഹം, വെറുപ്പ്‌, ഇഷ്ടം തുടങ്ങിയവ ഉണ്ടാകുവാനായി വികാര വിചാരങ്ങള്‍ നല്‍കി.

ഇത്തരം സവിശേഷതകളും നൈപുണ്യങ്ങളും മനുഷ്യന്‌ നല്‍കാതിരുന്നാല്‍ പ്രപഞ്ചം കീഴ്‌പെടുത്താനോ സ്വസ്ഥമായ ജീവിതം നയിക്കാനോ സാധിക്കുമായിരുന്നില്ല.

ഇത്തരം സവിശേഷതകളും നൈപുണ്യങ്ങളും അങ്ങേയറ്റം അപകടം നിറഞ്ഞതാണ്‌, ഇരു തല മൂര്‍ച്ചയുള്ള വാളുപോലെയാണ്‌. പ്രപഞ്ചത്തിനും മനുഷ്യനും നന്മകള്‍ വരുത്താനും തീരാനഷ്ടം വരുത്താനും അത്‌ കൊണ്ട്‌ സാധിക്കും.

അത്‌ കൊണ്ടാണ്‌ മനുഷ്യന്‌ അല്ലാഹു നല്‍കിയ പ്രസ്‌തുത വാളിനെ വിശ്വസ്‌ത ദൗത്യം എന്ന്‌ പറയുന്നത്‌. അതിന്റെ പ്രാധാന്യം വിശദീകരിക്കുകയും ചെയ്‌തു. തീര്‍ച്ചയായും നാം ആ വിശ്വസ്‌ത ദൗത്യം (ഉത്തരവാദിത്വം) ആകാശങ്ങളുടെയും ഭൂമികളുടെയും പര്‍വ്വതങ്ങളുടെയും മുമ്പാകെ എടുത്ത്‌ കാട്ടുകയുണ്ടായി. എന്നാല്‍ അത്‌ ഏറ്റെടുക്കുന്നതിന്‌ അവ വിസമ്മതിക്കുകയും, അതിനെ പറ്റി അവയ്‌ക്ക്‌ പേടി തോന്നുകയും ചെയ്‌തു. മനുഷ്യന്‍ അത്‌ ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയും ആയിരിക്കുന്നു. (33:72) ദൈവികമായ ഇത്തരം വിശേഷണങ്ങളുടെ അപകടം പതിയിരിക്കുന്നത്‌ ജ്ഞാനം, ശക്തി, രാജാധികാരം, കൈവശാധികാരം, പരമാധികാരം എന്നീ വിശേഷണങ്ങളിലാണ്‌. അത്‌ ഒരു വ്യക്തിയെ മത്ത്‌ പിടിപ്പിക്കുകയും അതിന്റെ യാഥാര്‍ത്ഥ്യം മറപ്പിക്കുകയും ചെയ്‌താല്‍ അവന്‍ ദൈവികതയോട്‌ മത്സരിക്കുന്നത്‌ കാണാം. അക്ഷരാര്‍ത്ഥത്തില്‍ മനുഷ്യന്റെ പക്കലുള്ളത്‌ ദൈവിക വിശേഷണങ്ങളുടെ നിഴലുകള്‍ മാത്രമാണ്‌. അത്‌ ദൈവിക വിശേഷണങ്ങളേയല്ല. അത്‌ ദൈവിക വിശേഷണത്തിന്‌ സമാനമായ നാമങ്ങള്‍ മാത്രമാണ്‌.

തദ്‌ഫലമായി ശക്തിയെന്ന വിശേഷണം മറ്റുള്ളവരെ അക്രമിക്കാന്‍ പ്രേരിപ്പിക്കുന്നു. ദുര്‍ബല ജന വിഭാഗത്തിന്‌ മേല്‍ തങ്ങളുടെ അധീശത്വം സ്ഥാപിക്കാനും രാജാധികാരം നടപ്പാക്കാനും വ്യഗ്രത കാണിക്കുന്നു. പണം വാരിക്കൂട്ടാനും അത്‌ കൊണ്ട്‌ പ്രശ്‌നങ്ങളുണ്ടാക്കാനും പ്രേരിതനാകുന്നു. അതെല്ലാം മനുഷ്യനെ എത്തിക്കുന്നത്‌ അധികാരത്തിനും ഭരണത്തിനും നേതൃത്വത്തിനും തന്‍പോരിമക്കും വേണ്ടി രക്തപ്പുഴ ഒഴുകുന്ന പോരാട്ട ഭൂമിയിലേക്കാണ്‌.

അങ്ങനെ വിജയിക്കാനും പുരോഗതി കൈവരിക്കാനും വേണ്ടി മനുഷ്യന്‌ ദൈവം നല്‍കിയ വിശേഷണങ്ങള്‍ പരാജയപ്പെടാനും സാമൂഹിക ജീവിതം കൂടുതല്‍ പ്രയാസകരമാക്കാനും ഉപയോഗിക്കുന്നു.

അതിനാല്‍ മനുഷ്യനെ നന്മയിലേക്ക്‌ മാത്രം തിരിച്ച്‌ വിടുന്നതും വാളിന്റെ ഉപകാരപ്രദമായ ഭാഗം മാത്രം പ്രയോഗിക്കാന്‍ മനുഷ്യനെ പ്രാപ്‌തനുമാക്കുന്ന ഒരു ശക്തി അനിവാര്യമാണ്‌. ഇത്‌ മനുഷ്യന്റെ സ്വഭാവ ഗുണങ്ങളെ നേരായ വഴിയിലേക്ക്‌ കൈപിടിച്ച്‌ നടത്തുന്ന ശക്തിയായിരുന്നെങ്കില്‍ നന്നായിരുന്നു.

യഥാര്‍ത്ഥ മതം നന്മയിലേക്ക്‌ വഴികാട്ടുന്നു

അത്‌ കൊണ്ടാണ്‌ മതം മനുഷ്യരാശിക്ക്‌ അത്യാവശ്യമായി വരുന്നത്‌. മനുഷ്യനെയും പ്രപഞ്ചത്തെയും ജീവിതത്തെയും സംബന്ധിച്ച്‌ ശരിയായ വിശ്വാസം പുലര്‍ത്തുന്ന വിശ്വാസധാര അനിവാര്യമാണ്‌.

അല്ലാഹുവിലും അവന്റെ ഏകത്വത്തിലുമുള്ള വിശ്വാസമാണ്‌ ബുദ്ധിയും യുക്തിയും പിന്‍ബലമേകുന്ന ശരിയായ വിശ്വാസധാര. അവന്റെ അധികാരമല്ലാതെ മറ്റു അധികാരമില്ല. അവന്റെ ശക്തിയല്ലാതെ മറ്റു ശക്തിയില്ല. അവന്റെ ഉടമസ്ഥതയല്ലാതെ മറ്റു ഉടമസ്ഥതകളില്ല. എല്ലാം അവന്റെ സൃഷ്ടിയാണ്‌. അവന്‍ തോന്നുമ്പോള്‍ നല്‍കുകയും തോന്നുമ്പോള്‍ പിന്‍വലിക്കുകയും ചെയ്യുന്നു. എല്ലാവരെയും സസൂക്ഷ്‌മം നിരീക്ഷിക്കുന്നവനാണവന്‍. മരണ ശേഷം സൃഷ്ടികളെ പുനരുജ്ജീവിപ്പിക്കുന്നു. ഓരോരുത്തരെയും തങ്ങളുടെ പ്രവര്‍ത്തനത്തിന്റെ പേരില്‍ ചോദ്യം ചെയ്യുന്നു. അപ്പോള്‍ ആര്‌ ഒരണുവിന്റെ തൂക്കം നന്മ ചെയ്‌തുവോ അവനത്‌ അനുഭവിക്കും. ആര്‌ ഒരണുവിന്റെ തൂക്കം തിന്മ ചെയ്‌തുവോ അവനത്‌ അനുഭവിക്കും.

സ്വതന്ത്രമായ ചിന്തകള്‍ക്കും ശാസ്‌ത്രീയ പരീക്ഷണങ്ങള്‍ക്കും ശേഷം ആരെങ്കിലും അല്ലാഹുവില്‍ വിശ്വസിച്ചാല്‍ അവന്‍ ഏകനും മഹോന്നതനുമായ ദൈവത്തിന്റെ ദാസനാണെന്ന്‌ ബോധ്യപ്പെടും. തദവസരത്തില്‍ മനുഷ്യന്റെ സവിശേഷമായ വിശേഷണങ്ങളൊരിക്കലും ദൈവത്തിന്റെ ദാസനാണെന്ന ബോധത്തിനപ്പുറത്തേക്ക്‌ കടക്കാന്‍ അവനെ അനുവദിക്കില്ല. അത്തരം വിശേഷണങ്ങള്‍ അവന്റെ വ്യക്തിപരവും സാമൂഹികവുമായ വിജയത്തിന്‌ കാരണമാവുകയും ചെയ്യും. ജനങ്ങള്‍ക്കിടയില്‍ സാഹോദര്യവും ദൈവത്തിന്‌ മുന്നില്‍ തുല്യരാണെന്ന ബോധവും സ്ഥാപിക്കും. മത്തിന്റെയും ഭ്രാന്തിന്റെയും ഫലമായി ദുര്‍ബലനെ അവമതിക്കുന്നവന്‍ പോലും നല്ല നടപ്പുകാരനായി മാറും.

അതിന്റെ ഫലമായി ഉടമസ്ഥാവകാശത്തിന്‌ വേണ്ടിയുള്ള തര്‍ക്കം നീതിയുക്തമായ ജീവിതം നയിക്കാനുള്ള പ്രചോദനമാകുന്നു. അതുവഴി ഭൂമിയുടെ പരിപാലനം വിജയകരമായ രീതിയില്‍ നടത്തപ്പെടുന്നു. ഭൂമി നന്മയുടെ പൂന്തോപ്പായിത്തീരുന്നു. മനുഷ്യന്റെ ശക്തി അവകാശ സംരക്ഷണത്തിനും നീതി നടപ്പിലാക്കാനും ശ്രേഷ്‌ഠമായ മാതൃകകളെ നിലനിര്‍ത്താനും പ്രചോദനമാകുന്നു. വിജ്ഞാനവും തിരിച്ചറിവും പ്രപഞ്ചത്തെ പരിപാലിക്കാന്‍ കൂടുതല്‍ ഉള്‍കാഴ്‌ച നല്‍കുന്നതും ഏകനായ ദൈവത്തിന്റെ സാന്നിദ്ധ്യം ബോധ്യപ്പെടുത്തുന്നതുമാക്കുന്നു. അവന്റെ അടിമത്വമെന്ന സങ്കല്‍പം നിഷേധിക്കുന്നതും, സത്യനിഷേധത്തിലേക്കും അക്രമത്തിലേക്കും ചേക്കേറുന്നതും തടയുന്നു.

ചുരുക്കത്തില്‍ ഇസ്‌ലാമിക വിശ്വാസം അഹങ്കാരികളെയും ദൈവികത ചമയുന്നവരെയും അവരുടെ അധീശാധിപത്യത്തില്‍ നിന്നും താഴെയിറക്കുന്നു. മറ്റുള്ളവരെ അക്രമിക്കാനനുവദിക്കുന്നില്ല. ദുര്‍ബല ജനവിഭാഗത്തെ തങ്ങള്‍ക്ക്‌ കല്‍പിക്കപ്പെട്ട നിന്ദ്യതയില്‍ നിന്ന്‌ കൈപിടിച്ചുയര്‍ത്തുന്നു. അവര്‍ക്ക്‌ സ്വാതന്ത്ര്യവും ആദരവും നല്‍കുന്നു. അവര്‍ക്ക്‌ നഷ്ടപെട്ട പ്രതാപം തിരികെ നല്‍കുന്നു. അതിനാല്‍ രണ്ട്‌ വിഭാഗം ജനതയും ഒരേ ബിന്ദുവില്‍ യോജിക്കുന്നു. അവിടെ തുല്യ നീതി സ്ഥാപിക്കപ്പെടുന്നു. ആര്‍ക്കും ആരെയും അക്രമിക്കാനോ അവമതിക്കാനോ അവസരമില്ല.

ഗതകാല ചരിത്രത്തില്‍ കഴിഞ്ഞ പോല ഇസ്‌ലാമിക ജീവിതവും ലോകചരിത്രവും ഇതിന്‌ സാക്ഷ്യം വഹിക്കുന്നുണ്ട്‌.

ദൈവ സൂക്തത്തിലും മുകളിലെ ആശയം അനാവൃതമാകുന്നുണ്ട്‌. മൂസാ (അ) നെ ഫിര്‍ഔനിലേക്ക്‌ അയക്കാനുള്ള കാരണമായി പറയുന്നു. തീര്‍ച്ചയായും ഫിര്‍ഔന്‍ നാട്ടില്‍ ഔന്നത്യം നടിച്ചു. അവിടത്തുകാരെ അവന്‍ വ്യത്യസ്‌ത കക്ഷികളാക്കിത്തീര്‍ക്കുകയും ചെയ്‌തു; അവരില്‍ ഒരു വിഭാഗത്തെ ദുര്‍ബലരാക്കിയിട്ട്‌ അവരുടെ ആണ്‍മക്കളെ അറുകൊല നടത്തുകയും, അവരുടെ പെണ്‍മക്കളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്‌ത്‌ കൊണ്ട്‌. തീര്‍ച്ചയായും അവന്‍ നാശകാരില്‍ പെട്ടവനാകുന്നു. നാമാകട്ടെ ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തോട്‌ ഔദാര്യം കാണിക്കുവാനും, അവരെ (നാടിന്റെ) അനന്തരാവകാശികളാക്കുവാനുമാണ്‌ ഉദ്ദേശിക്കുന്നത്‌. അവര്‍ക്ക്‌ (ആ മര്‍ദ്ദിതര്‍ക്ക്‌) ഭൂമിയില്‍ സ്വാധീനം നല്‍കുവാനും, ഫിര്‍ഔന്നും ഹാമാന്നും അവരുടെ സൈന്യങ്ങള്‍ക്കും അവരില്‍ നിന്ന്‌ തങ്ങള്‍ ആശങ്കിച്ചിരുന്നതെന്തോ അത്‌ കാണിച്ച്‌ കൊടുക്കാനും (നാം ഉദ്ദേശിക്കുന്നു). (28: 4-6)

അതിനാല്‍ മനുഷ്യരാശി മുഴുവനായും പ്രപഞ്ച സ്രഷ്ടാവില്‍ അടിയുറച്ച്‌ വിശ്വസിക്കുകയും അവന്റെ സാന്നിദ്ധ്യം തീര്‍ച്ചപ്പെടുത്തുകയും വേണം. ജീവിതത്തിലുടനീളം ദൈവത്തിന്‌ വിനീത വിധേയരായിത്തീരണം. അല്ലാഹുവിന്‌ ഇത്തരത്തിലുള്ള വഴിപ്പെടലിന്റെ ആവശ്യമില്ല. പക്ഷെ മനുഷ്യരുടെ ഐഹിക വിജയത്തിന്‌ (പാരത്രിക വിജയത്തിന്‌ പുറമെ) വേണ്ടിയാണ്‌ ദൈവ ദാസന്മാരാവുന്നത്‌.

അല്ലാഹു പറഞ്ഞത്‌ വളരെ ശരിയാണ്‌. ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. ഞാന്‍ അവരില്‍ നിന്ന്‌ ഉപജീവനമൊന്നും ആഗ്രഹിക്കുന്നില്ല. അവര്‍ എനിക്ക്‌ ഭക്ഷണം നല്‍കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു തന്നെയാണ്‌ ഉപജീവനം നല്‍കുന്നവനും ശക്തനും പ്രബലനും. (51:56-58)


Share