അവയവദാനത്തിന്റെ ഇസ്‌ലാമിക വിധി

Print This page
എം.എ. ജലീല്‍ സഖാഫി, പുല്ലാര
അവയവ മാറ്റവും പ്ലാസ്റ്റിക്‌ സര്‍ജറിയും സംബന്ധിച്ച്‌ കര്‍മശാസ്‌ത്ര വിധികള്‍ വ്യക്തമാക്കാം. ഏഴു രീതിയില്‍ അവയവ മാറ്റം നടത്തുന്നുണ്ട്‌.

ഒന്ന്‌, കൃത്രിമ അവയവങ്ങളുടെ ഉപയോഗം. സ്വര്‍ണം, വെള്ളി എന്നിവ ഒഴിച്ചുള്ള ശുദ്ധിയുള്ള ഏതൊരു വസ്‌തുവും ഇതിനായി ഉപയോഗിക്കാം. അതു അനുവദനീയമാണ്‌.

സ്വര്‍ണം, വെള്ളി എന്നിവ കൊണ്ടുള്ള കൃത്രിമാവയവങ്ങള്‍ സ്‌ത്രീക്കു നിരുപാധികം അനുവദനീയമാണ്‌. എന്നാല്‍ മൂക്ക്‌ മുറിഞ്ഞുപോയവര്‍ക്കു മൂക്കും കണ്‍മണി പറഞ്ഞുപോയവര്‍ക്ക്‌ കണ്ണും വിരല്‍കൊടികള്‍ മുറിഞ്ഞുപോയവര്‍ക്ക്‌ അതും പല്ലിനു പകരം പല്ലും സ്വര്‍ണം കൊണ്ടും വെള്ളികൊണ്ടും ഉണ്ടാക്കി ഉപയോഗിക്കല്‍ സ്‌ത്രീപുരുഷ ഭേദമന്യേ അനുവദനീയമാണ്‌.

രണ്ടു കണ്ണുകളും മുഴുവന്‍ പല്ലുകളും എല്ലാ വിരല്‍കൊടികളും ഒന്നിച്ച്‌ സ്വര്‍ണം, വെള്ളി എന്നിവകൊണ്ട്‌ വയ്‌ക്കുന്നതിനു വിരോധമില്ല. ഇളകിയ പല്ല്‌ സ്വര്‍ണ നൂലുകൊണ്ട്‌ കെട്ടുകയും ആവാം. ഇങ്ങനെ ചെയ്യല്‍ സ്‌ത്രീക്കും പുരുഷനും അനുവദനീയമാണ്‌. എന്നാല്‍ ഒരു വിരല്‍ പൂര്‍ണമായോ ഒരു വിരലിന്റെ ഒന്നിലധികം കൊടികളോ സ്വര്‍ണം കൊണ്ടും വെള്ളികൊണ്ടും വെച്ചുപിടിപ്പിക്കല്‍ പുരുഷനു അനുവദനീയമല്ല. സ്‌ത്രീക്ക്‌ അനുവദനീയമാണ്‌ (തുഹ്‌ഫ-ശര്‍വാനി: 3/275, നിഹായ, മുഗ്‌നി).

രണ്ട്‌: ഒരു ഭോജന മൃഗത്തിനെ അറുത്തതിനു ശേഷം അതിന്റെ അവയവം ഉപയോഗിക്കല്‍. ഇതു അനുവദനീയമാണ്‌. അപ്പോള്‍ ഒരാളുടെ അവയവം പൊട്ടുകയോ മുറിയുകയോ ചെയ്‌താല്‍ ഇവ്വിധം കഷ്‌ണം വയ്‌ക്കുകയോ പകരം വയ്‌ക്കുകയോ ചെയ്യാവുന്നതാണ്‌ (തുഹ്‌ഫ: 2/125, നിഹായ, മുഗ്‌നി).

മൂന്ന്‌: നജസായ ഒരവയവത്തിന്റെ ഉപയോഗം. അവയവം ശവത്തില്‍ നിന്നോ മനുഷ്യേതര ജീവിയില്‍ നിന്നോ എടുക്കുമ്പോഴാണ്‌ നജസ്‌ (അശുദ്ധം) ആകുന്നത്‌. ഇതു നിര്‍ബന്ധ ഘട്ടത്തില്‍ മാത്രമേ അനുവദനീയമാകൂ. ശുദ്ധമായ അവയവം ലഭിക്കുമെങ്കില്‍ നജസായ അവയവം ഉപയോഗിക്കല്‍ നിഷിദ്ധമാണ്‌.

നജസായ അവയവം വെച്ചു പിടിപ്പിച്ചാല്‍ അതോടൊപ്പം അവന്റെ നിസ്‌കാരം സ്വഹീഹാകുമെങ്കിലും ശുദ്ധമായ അവയവം ലഭിച്ചാല്‍ നജസായ അവയവം എടുത്തുമാറ്റല്‍ നിര്‍ബന്ധമാണ്‌. എടുത്തുമാറ്റുന്നതുകൊണ്ട്‌ അസഹ്യമായ ബുദ്ധിമുട്ടുണ്ടെങ്കില്‍ എടുത്തുമാറ്റല്‍ നിര്‍ബന്ധമില്ല. അവന്‍ തക്കതായ കാരണം ഉള്ളവനായതുകൊണ്ട്‌ നിസ്‌കാരം സാധുവാകുന്നതുമാണ്‌ (തുഹ്‌ഫ: 2/126).

നാല്‌: സ്വശരീരത്തില്‍ നിന്നു വേര്‍പ്പെട്ട ഒരവയവത്തിന്റെ ഉപയോഗം. വേര്‍പ്പെട്ട അവയവം തല്‍സ്ഥാനത്തുതന്നെ ചേര്‍ക്കുന്നുവെങ്കില്‍ അനുവദനീയമാണ്‌. ഉദാ: മുറിഞ്ഞ വിരല്‍ ആ സ്ഥാനത്ത്‌ തന്നെ ചേര്‍ത്തിവെക്കുക, മുറിഞ്ഞ കാല്‍ തല്‍സ്ഥാനത്തുതന്നെ വെച്ചുപിടിപ്പിക്കുക. സ്വശരീരത്തില്‍ നിന്നു വേര്‍പ്പെട്ട അവയവം മറ്റൊരു സ്ഥാനത്ത്‌ ചേര്‍ക്കല്‍ നിര്‍ബന്ധ സാഹചര്യത്തില്‍ മാത്രമേ അനുവദനീയമാകൂ (തുഹ്‌ഫ, നിഹായ, മുഗ്‌നി).

ഒരവയവം കേടുവരികയും വൃണബാധിതമാകുകയും ചെയ്‌താല്‍ ഡോക്‌ടര്‍മാരുടെ നിര്‍ദേശപ്രകാരം നിബന്ധനകള്‍ക്കു വിധേയമായി ആ ഭാഗം മുറിച്ചുമാറ്റാവുന്നതാണ്‌.

അഞ്ച്‌: തന്റെ സ്വശരീരത്തിന്റെ ആവശ്യത്തിനുവേണ്ടി സ്വന്തം ശരീരത്തിന്റെ തന്നെ അവയവങ്ങളും കഷ്‌ണങ്ങളും മുറിച്ചുമാറ്റലും മറ്റൊരു ഭാഗത്ത്‌ പ്രതിഷ്‌ഠിക്കലും. ഈ രീതി ഡോക്‌ടര്‍മാരുടെ നിര്‍ദേശപ്രകാരം അനുവദനീയമാണ്‌ (തുഹ്‌ഫ: 9/397).

അപകടം നിമിത്തമോ മറ്റോ ശരീരത്തിന്റെ ഒരു ഭാഗത്ത്‌ മാംസം നഷ്‌ടപ്പെടുകയും മറ്റൊരു ഭാഗത്തുനിന്നു എടുത്തുവെക്കാമെന്നും ഡോക്‌ടര്‍മാര്‍ പറയുകയും ചെയ്‌താല്‍ അതു ആകാവുന്നതാണ്‌.

ആറ്‌: മരിച്ച വ്യക്തിയുടെ അവയവം ഉപയോഗിച്ച്‌ കഷ്‌ണം വയ്‌ക്കുകയോ പകരം വെക്കുകയോ ചെയ്യുക. ഇതു നിര്‍ബന്ധ സാഹചര്യത്തില്‍ യോഗ്യമായ മറ്റൊരവയവം കിട്ടാതിരിക്കുമ്പോള്‍-അവകാശികളുടെ സമ്മതപ്രകാരം-അനുവദനീയമാണ്‌ (ഇബ്‌നു ഖാസിം: 2/126). ശുദ്ധമോ അശുദ്ധമോ ആയ മനുഷ്യേതര അവയവം യോഗ്യമായി കണ്ടെത്തിയാല്‍ മയ്യിത്തിന്റെ അവയവം എടുക്കല്‍ ഹറാമാകും.

അപ്പോള്‍ മരിച്ച വ്യക്തിയുടെ കണ്ണ്‌, വൃക്ക, കരള്‌ മുതലായവ നിബന്ധനകള്‍ക്ക്‌ വിധേയമായി എടുക്കാവുന്നതാണ്‌. എന്നാല്‍, മരണശേഷം തന്റെ കണ്ണോ വൃക്കയോ കരളോ മറ്റോ മറ്റുള്ളവര്‍ക്ക്‌ നല്‍കണമെന്ന്‌ വസ്വിയ്യത്ത്‌ ചെയ്യാവതല്ല. കാരണം വസ്വിയ്യത്ത്‌ ചെയ്യപ്പെടുന്ന വസ്‌തു തന്റെ അധികാരത്തില്‍ നിന്നു മറ്റൊരാളിലേക്ക്‌ നീക്കാന്‍ പറ്റണമെന്ന വ്യവസ്ഥയുണ്ട്‌ (തുഹ്‌ഫ: 7/17). അവയവങ്ങളില്‍ അധികാരമില്ല.

ഏഴ്‌: സ്വശരീരത്തില്‍ നിന്നു ഒരു ഭാഗം എടുത്തു മറ്റൊരാളുടെ ശരീരത്തില്‍ വെച്ചുപിടിപ്പിക്കാന്‍ വേണ്ടി മുറിച്ചെടുക്കുക. വൃക്കദാനം, കരള്‍ ദാനം എന്ന പേരില്‍ ഇന്നിതു അറിയപ്പെടുന്നു. ഇതു ഹറാമാണ്‌. അനുവദനീയമല്ല.

ഒരു മനുഷ്യന്റെ വൃക്ക, കണ്ണ്‌ മുതലായവ മറ്റൊരാളുടെ ആവശ്യത്തിനുവേണ്ടി എടുക്കല്‍ കുറ്റകരമാണ്‌. അതുപോലെത്തന്നെ തന്റെ ആവശ്യത്തിനുവേണ്ടി മറ്റൊരാളുടേത്‌ സ്വീകരിക്കലും ഹറാമാണ്‌. പക്ഷേ, അവയവ ദാതാവ്‌ ഇസ്‌ലാം ജീവനു വിലകല്‍പിക്കാത്തവനാണെങ്കില്‍ അവന്റേതു സ്വീകരിക്കുന്നതുകൊണ്ട്‌ വിരോധമില്ല (തുഹ്‌ഫ: 9/397).

സ്വശരീരത്തിലെ അവയവങ്ങള്‍ മറ്റൊരാള്‍ക്ക്‌ വില്‍പന നടത്തലും ദാനം ചെയ്യലും നിഷിദ്ധമാണ്‌. വില്‍പനയും ദാനവും സാധുവല്ല (തുഹ്‌ഫ: 6/239, മുഗ്‌നി: 2/387).

ഇന്നു വ്യാപകമായ വൃക്കദാനം മുസ്‌ലിംകള്‍ക്ക്‌ അനുവദനീയമല്ല. രണ്ടു വൃക്ക അല്ലാഹു ഒരാള്‍ക്ക്‌ നല്‍കിയത്‌ ആ വ്യക്തിക്ക്‌ രണ്ടും ആവശ്യമുള്ളതുകൊണ്ടാണ്‌. വെറുതെ ഒന്നു കൂടുതല്‍ നല്‍കിയതല്ല. ഇക്കാര്യം എല്ലാവരും ഓര്‍ക്കണം. മനുഷ്യാവയവങ്ങളുടെ ക്രയവിക്രയങ്ങളും കൃത്രിമാവയവങ്ങളും മറ്റുമായി നമ്മുടെ ഫുഖഹാഅ്‌ പ്രസ്‌താവിച്ച ഏഴുവിധം രൂപങ്ങളാണ്‌ ഇവിടെ വിവരിച്ചത്‌.

ചിലരുടെ കയ്യിലോ കാലിലോ ആറാമതൊരു വിരല്‍ കാണാറുണ്ട്‌. ചിലരുടെ ശരീരത്തില്‍ മുഴകള്‍ കാണാം. ഇതെല്ലാം പലപ്പോഴും അഭംഗിയായി കാണാറുണ്ട്‌. ഇവകള്‍ മുറിച്ചു മാറ്റാവുന്നതാണ്‌. പക്ഷേ, അവ മുറിച്ചുമാറ്റല്‍ കൊണ്ട്‌ ശരീരത്തിനു ഒരു കുഴപ്പവും സംഭവിക്കില്ലെന്നു വിദഗ്‌ധ ഡോക്‌ടര്‍മാര്‍ പറയണം (തുഹ്‌ഫ: 9/194).

സംഗ്രഹം 1. സ്വര്‍ണം, വെള്ളി കൊണ്ടുള്ള കൃത്രിമാവയവങ്ങള്‍ സ്‌ത്രീകണ്ടള്‍ക്ക്‌ നിരുപാധികവും പുരുഷന്മാര്‍ക്ക്‌ ഉപാധിയോടെയും അനുവദനീയമാണ്‌.
2. കൃത്രിമമായി വെച്ചുപിടിപ്പിക്കാന്‍ ശുദ്ധമുള്ളത്‌ ലഭിക്കുന്ന വേളയില്‍ നജസായതു അനുവദനീയമല്ല.
3. നായ, പന്നിയുടെ അവയവങ്ങളും മറ്റു നജസായ അവയവങ്ങളും മാത്രം ഉണ്ടാകുമ്പോള്‍ മറ്റു നജസായ അവയവങ്ങള്‍ അനുവദനീയമാണ്‌.
4. നജസായതു ലഭിക്കുന്ന വേളയില്‍ മയ്യിത്തിന്റെ അവയവം എടുക്കല്‍ അനുവദനീയമല്ല.
5. ശുദ്ധിയുള്ളതു ലഭിക്കലോടുകൂടി നജസുള്ള കൃത്രിമാവയവങ്ങള്‍ വെച്ചുപിടിപ്പിച്ചാല്‍ ശക്തമായ ബുദ്ധിമുട്ടില്ലാതെ എടുത്തുമാറ്റാന്‍ പറ്റുമെങ്കില്‍ എടുത്തുമാറ്റല്‍ നിര്‍ബന്ധമാണ്‌.
6. എടുത്തുമാറ്റല്‍ മൂലം അപകട ഭയം ഉണ്ടെങ്കില്‍ എടുത്തുമാറ്റേണ്ടതില്ല. അതോടൊപ്പം നിസ്‌കാരം സാധുവാകുന്നതാണ്‌.
7. കൃത്രിമവയവത്തിന്റെ ആവശ്യം കഴിഞ്ഞാല്‍ വലിയ ബുദ്ധിമുട്ടില്ലാത്തവിധം എടുത്തുമാറ്റാന്‍ സാധിക്കുമെങ്കില്‍ എടുത്തുമാറ്റേണ്ടതാണ്‌.
8. സ്വശരീരത്തില്‍നിന്നു വൃക്ക പോലെയുള്ളത്‌ ഏതു സാഹചര്യത്തിലും മറ്റൊരാള്‍ക്ക്‌ നല്‍കല്‍ നിഷിദ്ധമാണ്‌. അവയവ ദാതാവ്‌ ഇസ്‌ലാം ജിവനു വിലകല്‍പിച്ചവനാണെങ്കില്‍ അവന്റേതു സ്വീകരിക്കലും ഹറാമാണ്‌.
9. അവയവ ദാതാവ്‌ ഇസ്‌ലാം ജീവനു വിലകല്‍പിക്കാത്തവനാണെങ്കില്‍ അവന്റെ വൃക്ക സ്വീകരിക്കല്‍ അനുവദനീയമാണ്‌.
10. നജസായ കൃത്രിമാവയവം വെക്കുകയും ആവശ്യം കഴിഞ്ഞ ശേഷമോ ശുദ്ധിയുള്ളതു ലഭിച്ച ശേഷമോ അപകടം ഭയക്കാതെ അതു എടുത്തുമാറ്റാന്‍ കഴിയുന്ന വേളയില്‍ എടുത്തുമാറ്റാതിരുന്നാല്‍ നിസ്‌കാരം സ്വഹീഹാകില്ല.Share