വൈവിധ്യങ്ങള്‍ നിലനില്‍ക്കണം

Print This page
ഞങ്ങള്‍ ഇന്ത്യക്കാരായിട്ട്‌ എഴുപതു വര്‍ഷമേ ആയിട്ടുള്ളൂ. എന്നാല്‍ ഞങ്ങള്‍ ഏഴായിരം കൊല്ലമായി തമിഴരാണ്‌'. തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട്‌ സമരക്കാര്‍ മുഴക്കിയ മുദ്രാവാക്യങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ വക്കുകളാണിത്‌. 1960 ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍(പ്രിവന്‍ഷന്‍ ഓഫ്‌ ക്രുവല്‍റ്റി റ്റു അനിമല്‍സ്‌) നിയമത്തിന്റെ ചുവടുവെച്ച്‌ തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട്‌ ആഘോഷങ്ങള്‍ക്ക്‌ സുപ്രീംകോടതി നിരോധനമേര്‍പ്പെടുത്തിയപ്പോഴാണ്‌ തമിഴര്‍ തെരുവിലിറങ്ങിയത്‌. അവരുടെ പ്രക്ഷോഭങ്ങള്‍ക്കു മുമ്പില്‍ കേന്ദ്രം മുട്ടുമടക്കുകയും നിയമത്തെ മറികടക്കുന്ന പുതിയ ഓര്‍ഡിനന്‍സ്‌ കൊണ്ടുവരികയും ചെയ്‌തു. ഇതു രാജ്യത്തിനു വലിയ സന്ദേശമാണ്‌ നല്‍കുന്നത്‌.

വൈരുദ്ധ്യങ്ങളുടെയും വൈവിധ്യങ്ങളുടെയും നാടാണ്‌ ഇന്ത്യ. അനേകായിരം ആചാര സമ്പദ്രായങ്ങളും ജീവിതരീതികളും സഹസ്രാബ്‌ദങ്ങളായി ഇവിടെ നിലനില്‍ക്കുന്നുണ്ട്‌. ഒരേ കാര്യം തന്നെ ഒരു വിഭാഗം ഇഷ്‌ടപ്പെടുകയും മറ്റൊരു വിഭാഗം വെറുക്കുകയും ചെയ്യുന്നതിന്റെ ഉദാഹരണങ്ങള്‍ ഇവിടെ എമ്പാടും നിരത്താനാവും. ഒരു ജനസമൂഹത്തിന്റെ ആരാധ്യവസ്‌തു മറ്റൊരു ജനവിഭാഗത്തിന്റെ അന്നവും ഉപചജീവനവുമാണ്‌. അതിന്റെ പേരില്‍ ആരും ഇവിടെ പരസ്‌പരം കൊലവിളികളുയര്‍ത്തിയിട്ടില്ല. അതെല്ലാം അനുവദിച്ചുകൊണ്ടാണ്‌ ഈ നാട്‌ മുന്നോട്ടു പോയത്‌. എന്നാല്‍ സമീപകാലത്ത്‌ ഇന്ത്യയില്‍ ഒരു ഏകശിലാത്മക സംസ്‌കാരം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി നടന്നുകൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമാണ്‌ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഒരേ സിവില്‍ നിയമം തന്നെ വേണമെന്നും വൈവിധ്യം പാടില്ല എന്നുമുള്ള വാദങ്ങള്‍. ഒരു വിഭാഗം ആരാധ്യവസ്‌തുവായി കാണുന്ന പശുവിനെ മറ്റെല്ലാവരും അങ്ങനെ തന്നെ കാണണമെന്ന ആക്രോശങ്ങള്‍.

ഇത്തരം ആക്രോശങ്ങള്‍ക്കും ആഹ്വാനങ്ങള്‍ക്കും എതിരെയുള്ള ഒരു ജനതയുടെ സമര വിജയമാണ്‌ തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട്‌. അതിന്റെ രീതിയോട്‌ രാജ്യത്തെ മറ്റുവിഭാഗങ്ങള്‍ക്ക്‌ വിയോജിപ്പുകളുണ്ടാവാം. ഉണ്ടാകണം. അതോടൊപ്പം തന്നെ ഒരു ജനതയുടെ സാംസ്‌കാരിക വ്യതിരിക്തതയെ അംഗീകരിക്കാന്‍ രാജ്യത്തിനു മനസ്സുണ്ടാവണം. ഇത്‌ ഇല്ലാതെ പോയത്‌കൊണ്ടാണ്‌ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ എപ്പോഴും അസ്വസ്ഥതകള്‍ പുകയുന്നത്‌. കാശ്‌മീര്‍ നിന്നുകത്തുന്നത്‌. പഞ്ചാബിലും മറ്റും വിഘടന വാദങ്ങള്‍ മുളക്കുന്നത്‌. ഇന്ത്യ എന്നത്‌ ഒറ്റ ദേശീയതയല്ല. നിരവധി ദേശീയതകളും ഉപദേശീയതകളും കൂടിച്ചേര്‍ന്ന ബഹുദേശീയതയാണ്‌. ഇത്‌ എന്നാണാവോ ഏകശിലാ സംസ്‌കാര വാദക്കാര്‍ തിരിച്ചറിയുക?Share