കാരുണ്യമെന്ന പ്രബോധനം

സൃഷ്ടിക്കും സ്രഷ്ടാവിനുമിടയിലെ മറയായി മാറുന്നതിനു പകരം സൃഷ്ടിയെ സ്രഷ്ടാവിലേക്കടുപ്പിക്കുന്ന പാലമായി നാം മാറുക. കാരുണ്യം വാരിവിതറുക. ഏതു കഠിനമനസും മൃദുലമനസായി സത്യസരണിയിലണി ചേരും. ആരെയും പിടിച്ചുവലിച്ചു നന്മയിലേക്കു കൊണ്ടുവരേണ്ടതില്ല. അവരുടെ കൂടെ അവരുടെ കൈ പിടിച്ചു നടന്നാല്‍ മതി.

മുഹമ്മദ്

കീശയില്‍നിന്ന് സിഗരറ്റ് പാക്കറ്റ് നിലത്തുവീണ വിവരം തൊഴിലാളി അറിഞ്ഞിരുന്നില്ല. അതു ശ്രദ്ധയില്‍പെട്ട മുതലാളി വേഗം അതെടുത്ത് കൈയ്യിലാക്കി. പുള്ളി പുകവലി വിരുദ്ധ സമിതിയുടെ തലപ്പത്തിരിക്കുന്നയാളാണ് എന്നുകൂടി ഓര്‍ക്കണം.
പതിവുപോലെ വൈകുന്നേരം ജോലി കഴിഞ്ഞ് തൊഴിലാളി കൂലി വാങ്ങാനെത്തി. മുതലാളി അയാള്‍ക്ക് കൂലി കൊടുത്തു. ഒപ്പം സിഗരറ്റ് പാക്കറ്റു വച്ചുനീട്ടിയിട്ടു ചോദിച്ചു: ”ഇതു നിങ്ങളുടേതാണോ..?”
അപ്രതീക്ഷിതമായ ഈ ചോദ്യം തൊഴിലാളിയെ ഒന്നുലച്ചുകളഞ്ഞു. അതീവരഹസ്യമായിട്ടാണ് അദ്ദേഹം പുകവലിക്കാറുള്ളത്. പുകവലിക്കെതിരെ തന്റെ മുതലാളി നടത്താറുള്ള സമരങ്ങളിലെല്ലാം സജീവമായി പങ്കുകൊള്ളാറുമുണ്ട്. ഇവിടെ മുഖംമൂടി അഴിഞ്ഞു വീണിരിക്കുന്നു.
നാണത്തോടെ അദ്ദേഹം പറഞ്ഞു: ”അതെ..”
”എങ്കില്‍ ഇതാ പിടിച്ചോളൂ..” മുതലാളി.
തൊഴിലാളിക്കു വല്ലാത്ത അത്ഭുതം..
അദ്ദേഹം ചോദിച്ചു: ”നിങ്ങളെന്തേയ് ഇതു കത്തിച്ചുകളയാതിരുന്നത്..?”
മുതലാളി പറഞ്ഞു: ”ഞാനിതു കത്തിച്ചാല്‍ നീ മറ്റൊരു പാക്കറ്റു വാങ്ങും.. വാങ്ങുന്നത് നിന്റെ കുഞ്ഞുങ്ങള്‍ക്ക് അരി വാങ്ങാനുള്ള പണത്തില്‍നിന്നായിരിക്കും.. എന്തിന് അവരുടെ അന്നം മുട്ടിക്കുന്ന ഏര്‍പ്പാടു ചെയ്യണം…?”
ഈ വാക്കുകള്‍ ശരിക്കും കുറിക്കുകൊണ്ടു. വര്‍ഷങ്ങളായി തുടര്‍ന്നുപോന്ന ഈ ദുശ്ശീലത്തോട് ഞൊടിയിടയില്‍ അറപ്പും വെറുപ്പും തോന്നി.. അവിടെവച്ചുതന്നെ അയാള്‍ പ്രഖ്യാപിച്ചു: ”ഞാനിതാ പുകവലി നിര്‍ത്തി.. ദൈവമാണേ, ഇനിയെന്റെ ചുണ്ടില്‍ പുകക്കുറ്റി കാണില്ല..”
പ്രബോധനത്തിനു മാര്‍ഗങ്ങള്‍ പലതാണ്. ചിലര്‍ പ്രമാണങ്ങള്‍ ഉദ്ദരിച്ച് വിഷയങ്ങള്‍ അവതരിപ്പിക്കും. വേറെ ചിലര്‍ തിന്മയുടെ ഗൗരവവും അതനുവര്‍ത്തിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളും പറഞ്ഞ് ഭീഷണിപ്പെടുത്തും. മറ്റു ചിലര്‍ പരുഷ സമീപനമാണു സ്വീകരിക്കുക. തിന്മ ചെയ്യുന്നവനെതിരെ രൂക്ഷമായി സംസാരിക്കുകയും തരംകിട്ടിയാല്‍ പ്രഹരിക്കുകയും ചെയ്യും. എന്നാല്‍ ഏറ്റവും ഫലപ്രദവും ലളിതവുമാര്‍ന്ന മാര്‍ഗമാണ് കാരുണ്യപ്രകടനം.
കൂടെ നില്‍ക്കുക. വാത്സല്യം പ്രകടിപ്പിക്കുക… അത്രതന്നെ.
അവിടെ തിന്മയ്‌ക്കെതിരെ പ്രസംഗിക്കേണ്ടതില്ല. പ്രമാണങ്ങള്‍ നിരത്തേണ്ടതില്ല. ഭീഷണിപ്പെടുത്തലുകളുടെ ആവശ്യമില്ല. തിന്മയില്‍നിന്ന് വിട്ടുനില്‍ക്കാനുപദേശിക്കുന്നതു പോയിട്ട് തിന്മയെ പരാമര്‍ശിക്കേണ്ടതു പോലുമില്ല.. ഒരു നേരത്തെ കാരുണ്യപ്രകടനമായിരിക്കും ചിലപ്പോള്‍ ആഴത്തില്‍ വേരൂന്നിയ ഒരു തിന്മയെ പിഴുതെറിയാന്‍ സഹായിക്കുക.
കുടിയനായ ഒരയല്‍വാസിയുണ്ടായിരുന്നു ഇമാം അബൂഹനീഫ(റ)യ്ക്ക്. ദിവസവും രാത്രിയായാല്‍ മദ്യലഹരിയില്‍ അദ്ദേഹം ഇങ്ങനെ പാട്ടുപാടും:
”ജനം എന്നെ ഒഴിവാക്കി. യുദ്ധവേളകളിലും പ്രതിസന്ധിഘട്ടങ്ങളിലും ഏറെ ഉപകരിക്കുന്ന എത്രവലിയ ഒരാളെയാണ് അവര്‍ ഒഴിവാക്കിയത്…!”
ഇമാം അവര്‍കള്‍ എല്ലാ ദിവസവും അദ്ദേഹത്തിന്റെ ഈ വരികള്‍ കേള്‍ക്കുമായിരുന്നു. ഒരു ദിവസം രാത്രി ആ ശബ്ദം കേട്ടില്ല. അന്വേഷിച്ചപ്പോഴാണ് പട്ടാളക്കാര്‍ അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോയെന്ന വിവരമറിയുന്നത്.. ഉടനെ ഗവര്‍ണറെ സമീപിച്ചുകൊണ്ടു പറഞ്ഞു:
”എന്റെ ഒരു അയല്‍വാസിയെ ഇന്നലെ രാത്രി നിങ്ങളുടെ പട്ടാളക്കാര്‍ വന്നു പിടിച്ചുകൊണ്ടുപോയിട്ടുണ്ട്. അവനെ നിങ്ങള്‍ വിട്ടയക്കണം..”
ഇമാമിന്റെ ആവശ്യം കേള്‍ക്കേണ്ട താമസം ഗവര്‍ണര്‍ പ്രസ്തുത ബന്ധിയേയും കൂടെയുണ്ടായിരുന്ന മറ്റു ബന്ധികളേയും മോചിപ്പിക്കാന്‍ ഉത്തരവിട്ടു. അങ്ങനെ അവര്‍ക്കെല്ലാം മോചനം ലഭിച്ചപ്പോള്‍ അവരോടായി ഗവര്‍ണര്‍ പറഞ്ഞു:
”എന്റെ ഗുരുവായ അബുഹനീഫ(റ)യെ മാനിച്ചാണ് നിങ്ങളെയെല്ലാം ഞാന്‍ മോചിപ്പിച്ചിരിക്കുന്നത്. അതിനാല്‍ അദ്ദേഹത്തിന് നിങ്ങള്‍ നന്ദി പ്രകാശിപ്പിക്കുകയും പ്രാര്‍ത്ഥിക്കുകയും വേണം.”
മടങ്ങുന്ന വഴിയെ ഇമാം അയല്‍ക്കാരനോട് ചോദിച്ചു:
”അല്ല!! ഞങ്ങള്‍ നിന്നെ ഒഴിവാക്കിയോ?”
”ഇല്ല. അങ്ങ് എനിക്ക് സംരക്ഷണം നല്‍കുകയും ശിപാര്‍ശ ചെയ്യുകയും ചെയ്തല്ലോ. അല്ലാഹു നിങ്ങള്‍ക്ക് ഗുണം ചെയ്യട്ടെ.. ഇനി മുതല്‍ അങ്ങേക്ക് ബുദ്ധിമുട്ടാകുന്ന ഒരു കാര്യവും ഞാന്‍ ചെയ്യില്ല.”
വീട്ടിലെത്തിയപ്പോള്‍ ഇമാം മകനെ വിളിച്ച് പത്തു ദീനാര്‍ അയല്‍ക്കാരനു നല്‍കാന്‍ കല്‍പിച്ചു.കല്‍പനപ്രകാരം മകന്‍ അദ്ദേഹത്തിന് ആ സംഖ്യ കൊണ്ടുപോയി കൊടുത്തു.
പിന്നീട് ഇമാം അദ്ദേഹത്തോട് പറഞ്ഞു:
”ബന്ധനസ്ഥനായി കഴിഞ്ഞപ്പോള്‍ നിനക്കുവന്ന നഷ്ടം അതുകൊണ്ട് നികത്തിക്കോളൂ.. ഇനിയെന്ത് പ്രയാസമുണ്ടായാലും ചോദിക്കാന്‍ മടിക്കണ്ട.. നമുക്കിടയിലുള്ള ആ ലജ്ജ ഒഴിവാക്കിയേക്കുക..”
താന്‍ ഇത്ര ദുസ്വഭാവിയായിരുന്നിട്ടും പ്രതിസന്ധിഘട്ടത്തില്‍ തനിക്കേറ്റം വലിയ അത്താണിയായി വര്‍ത്തിച്ച ഇമാമിന്റെ തുല്യതയറ്റ ഈ പെരുമാറ്റം കണ്ട് പിന്നീട് ആ വ്യക്തി പശ്ചാത്തപിച്ചു മടങ്ങി. മദ്യപാനം പൂര്‍ണമായി ഉപേക്ഷിച്ചു. തുടര്‍ന്നങ്ങോട്ട് ഇമാമിന്റെ ക്ലാസുകളില്‍ സ്ഥിരം പഠിതാവാകുകയും പില്‍ക്കാലത്ത് കൂഫയിലെ വലിയ കര്‍മശാസ്ത്ര പണ്ഡിതനാവുകയും ചെയ്തു.
സൃഷ്ടിക്കും സ്രഷ്ടാവിനുമിടയിലെ മറയായി മാറുന്നതിനു പകരം സൃഷ്ടിയെ സ്രഷ്ടാവിലേക്കടുപ്പിക്കുന്ന പാലമായി നാം മാറുക. കാരുണ്യം വാരിവിതറുക. ഏതു കഠിനമനസും മൃദുലമനസായി സത്യസരണിയിലണി ചേരും. ആരെയും പിടിച്ചുവലിച്ചു നന്മയിലേക്കു കൊണ്ടുവരേണ്ടതില്ല. അവരുടെ കൂടെ അവരുടെ കൈ പിടിച്ചു നടന്നാല്‍ മതി. നന്നാകേണ്ട വിഷയം പറയേണ്ടതുപോലുമില്ല. ആ നടത്തം തന്നെ അവരുടെ മനസ് മാറാന്‍ സഹായിക്കും.
ദുശ്ശീലങ്ങളിലകപ്പെട്ടവര്‍ രോഗികളെ പോലെയാണ്. രോഗിക്ക് കരുതലും കാരുണ്യവും പരിചരണവുമാണാവശ്യം. രോഗിയെ ഒരിക്കലും നിര്‍ബന്ധിപ്പിക്കരുത്. അവരോട് രൂക്ഷമായി സംസാരിക്കരുത്. അവരുടെ കൂടെ നില്‍ക്കുക. അതു മാത്രം മതി. നന്മയ്‌ക്കൊപ്പം നിന്നാല്‍ തിന്മ ഉരുകിയൊലിക്കും.