ജിംഗോയിസമല്ല; നയതന്ത്രജ്ഞതയാണ് വേണ്ടത്

2003


”പഞ്ചസാരയ്ക്ക് ഞങ്ങളുടെ ഹിന്ദി ഭാഷയില്‍ ചീനി എന്നാണ് പറയുന്നത്. അതിനാലാവാം നിന്റെ വാക്കുകള്‍ക്ക് ഇത്രമധുരം”- ‘ഡോക്ടര്‍ കോട്‌നിസ് കി അമര്‍ കഹാനി’ എന്ന വിഖ്യാതമായ സിനിമയില്‍ ഡോക്ടര്‍ അമര്‍നാഥ് കോട്‌നിസ് തന്റെ ചൈനക്കാരിയായ പ്രിയതമയോട് ഇങ്ങനെ പറയുന്നുണ്ട്. കെ.എ. അബ്ബാസിന്റെ കഥയെ ആസ്പദമാക്കി വി.ശാന്തറാം സംവിധാനം ചെയ്ത് 1946-ല്‍ പുറത്തിറക്കിയ സിനിമയാണ് ‘ഡോക്ടര്‍ കോട്‌നിസ് കി അമര്‍ കഹാനി’. രണ്ടാം ലോക മഹായുദ്ധകാലത്ത് ജാപ്പനീസ് അക്രമത്തില്‍ തകര്‍ന്നുപോയ ചൈനയെ സഹായിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അയച്ച മെഡിക്കല്‍ സംഘത്തിലെ അംഗമായിരുന്നു യുവാവായ ഡോക്ടര്‍ അമര്‍നാഥ് കോട്‌നിസ്. (കോണ്‍ഗ്രസ് പ്രസിഡന്റ് സുഭാഷ് ചന്ദ്ര ബോസിന്റെ ആഹ്വാനപ്രകാരം 1938 ജൂലൈ 7 തീയതി ഇന്ത്യന്‍ ജനത ചൈന ദിവസമായി ആചരിക്കുകയും 22000 രൂപ ചൈനയ്ക്ക് സംഭാവന നല്‍കുകയും ചെയ്തിരുന്നു. ബോസിന്റെ ആഹ്വാനം സ്വീകരിച്ചാണ് കോട്‌നിസ് ചൈനയിലേക്ക് പോയത്). ചിങ് ലാന്‍ എന്ന ചൈനീസ് സുന്ദരിയുമായി പ്രണയത്തിലായ ഡോക്ടര്‍ കോട്‌നിസ് തന്റെ ജീവന്‍ ബലികൊടുത്തും ചൈനീസ് ജനതയ്ക്ക് സേവനമര്‍പ്പിച്ചു. ഇന്നും ചൈന സ്‌നേഹാദരങ്ങളോടെ സ്മരിക്കുന്ന പേരാണ് ഡോക്ടര്‍ കോട്‌നിസിന്റെത്. ഇന്ത്യ സന്ദര്‍ശിക്കുന്ന എല്ലാ ചൈനീസ് രാഷ്ട്രത്തലവന്മാരും ഡോക്ടര്‍ കോട്‌നിസിന്റെ കുടുംബത്തെ സന്ദര്‍ശിക്കാറുണ്ട്. ചൗ എന്‍ ലായ് മുതല്‍ ഷി ജിന്‍പിങ് വരെയുള്ള എല്ലാ ചൈനീസ് നേതാക്കളും ഈ പാരമ്പര്യം തുടരുന്നു.
കോട്‌നിസ്-ചിങ് ലാന്‍ ദമ്പതികള്‍ അവര്‍ക്ക് ജനിച്ച കുട്ടിക്ക് യിങ് ഹുആ എന്നാണ് പേരിട്ടത്. യിങ് എന്നാല്‍ ഇന്ത്യയെന്നും ഹുആ എന്നാല്‍ ചൈന എന്നുമാണ് അര്‍ഥം. ഇന്ത്യ-ചൈന സൗഹൃദത്തിന്റെ പ്രതീകമാണ് ഡോക്ടര്‍ കോട്‌നിസ്. അഞ്ചാം നൂറ്റാണ്ടില്‍ ബുദ്ധമതം ചൈനയിലെത്തിച്ച ബോധിധര്‍മന്‍ മുതല്‍ ആരംഭിക്കുന്നതാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള സാംസകാരിക-നാഗരിക ബന്ധത്തിന്റെ ചരിത്രം. ഇന്നും ചൈനക്കാര്‍ ആരാധിക്കുന്ന അവരുടെ മഹാകുലപതിയാണ് ബോധിധര്‍മന്‍. ഷായോലിന്‍ ക്ഷേത്രത്തില്‍ കുങ്ഫു എന്ന ആയോധന കലയ്ക്ക് ജന്‍മം നല്‍കിയതും അദ്ദേഹമാണ്. അതിനു ശേഷം ഇന്ത്യ സന്ദര്‍ശിച്ച ഹുയാന്‍ സാങ് ഇന്ത്യന്‍ ബുദ്ധ പാരമ്പര്യത്തെ ചൈനീസ് ബുദ്ധ പാരമ്പര്യവുമായി അടുപ്പിച്ചു. ജഗത് പ്രസിദ്ധമായ നളന്ദ സര്‍വ്വകലാശാലയില്‍ അദ്ദേഹം പഠനം നടത്തി. ബുദ്ധ മതമാണ് ചൈനയിലെ ഇന്ത്യന്‍ മൃദുശക്തിയുടെ (സോഫ്റ്റ് പവര്‍) അടിസ്ഥനം.
ഏതാണ്ട് ഒരേ കാലത്താണ് ഇന്ത്യയിലും ചൈനയിലും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിച്ചത്. ഫ്യൂഡല്‍-സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ പോരാടിയാണ് ഏഷ്യന്‍ ഭീമന്മാരായ ഇന്ത്യയും ചൈനയും സ്വാതന്ത്ര്യം നേടിയത്. അതിനാല്‍ തന്നെ പോസ്റ്റ്-കൊളോണിയല്‍ ലോകത്തില്‍ ഒന്നിച്ചു നിന്ന് ഏഷ്യന്‍ ജനതയുടെ നേതൃത്വം ഏറ്റെടുക്കേണ്ടവരായിരുന്നു ഇരു ശക്തികളും. ഈ ഒരു ആദര്‍ശ ബോധത്തോടെയാണ് ജവാഹര്‍ലാല്‍ നെഹ്‌റു ചൈനയുടെ ഉദയത്തെ നോക്കികണ്ടെതും. 1950-ല്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ ആദ്യമായി അംഗീകരിച്ച രാജ്യങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യ.
1954-ല്‍ ജവാഹര്‍ലാല്‍ നെഹ്‌റുവും ചൗ എന്‍ ലായ്യും ഒപ്പിട്ട പഞ്ചശീല്‍ തത്വങ്ങള്‍ ഇന്നും പ്രസക്തമാണ്. ഈ തത്വങ്ങളില്‍ ഉറച്ചു നിന്നിരുന്നുവെങ്കില്‍ ഏഷ്യന്‍ ഭീമന്മാരായ ഇന്ത്യക്കും ചൈനയ്ക്കും ഇരുപത്തിയൊന്നാം നൂറ്റണ്ടിനെ ഏഷ്യന്‍ നൂറ്റാണ്ടാക്കി മാറ്റാന്‍ സാധിക്കുമായിരുന്നു. 2017-ല്‍ ചൈനയിലെ സിയാമെന്‍ നഗരത്തില്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കവെ ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്, പഞ്ചശീല്‍ തത്വങ്ങളില്‍ ഊന്നിയ ഇന്ത്യ-ചൈന ബന്ധത്തിന് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഇരു രാഷ്ട്രങ്ങളും ഭൂപരമായ അഖണ്ഢതയും പരമാധികാരവും പരസ്പരം മാനിക്കുക, പരസ്പരം ആക്രമിക്കാതിരിക്കുക, ആഭ്യന്തര കാര്യങ്ങളില്‍ പരസ്പരം ഇടപെടാതിരിക്കുക, സമത്വവും പാരസ്പര്യവും നിലനിറുത്തുക, സമാധാനപരമായ സഹവര്‍ത്തിത്വം പാലിക്കുക എന്നിവയാണ് പഞ്ചശീലങ്ങള്‍. ‘ഹിന്ദി-ചീനി ഭായ് ഭായ്’ എന്നത് നെഹ്‌റു ആത്മാര്‍ഥമായി ഉയര്‍ത്തിയ മുദ്രാവാക്യമായിരുന്നു.
എന്നാല്‍, ഈ ആദര്‍ശബോധം നെഹ്‌റുവിനെ യാഥാര്‍ഥ്യ ബോധത്തില്‍ നിന്ന് അകറ്റിയിരുന്നില്ല. ബ്രിട്ടീഷ് കാലം മുതല്‍ ചൈനീസ് മുന്നേറ്റം തടയാന്‍ പ്രാപ്തമായ ഒരു ബഫര്‍ സ്റ്റേറ്റ് ആയാണ് ടിബറ്റിനെ കണ്ടിരുന്നത്. 1904-ല്‍ പ്രശസ്തമായ യങ് ഹസ്ബന്‍ഡ് പര്യവേഷണത്തിലൂടെ ബ്രിട്ടിഷുകാര്‍ ടിബറ്റിനെ വരുതിയില്‍ നിറുത്തിയത് ഇതു കൊണ്ടായിരുന്നു. സ്വാതന്ത്രശേഷം നെഹ്‌റു ടിബറ്റിന്റെ തന്ത്രപരമായ ഭൂമിശാസ്ത്രം മനസിലാക്കി. ബ്രഹ്മപുത്രയടക്കം പല നദികളും ഉദ്ഭവിക്കുന്നത് ടിബറ്റില്‍ നിന്നാണ്. അതിനാല്‍ തന്നെ ചൈന ടിബറ്റിലേക്ക് കടന്നു കയറ്റം നടത്തിയപ്പോള്‍ ദലൈലാമയ്ക്ക് പിന്തുണ നല്‍കാനും ദലൈലാമയെ രണ്ടു കയ്യും നീട്ടി സ്വീകരിക്കാനും നെഹ്‌റുവിന് മടിയുണ്ടായില്ല. മാത്രമല്ല ഹിമാചലിലെ ധര്‍മശാലയില്‍ ഒരു വിപ്രവാസ ഭരണകൂടം സ്ഥാപിക്കാന്‍ ദലൈലാമയ്ക്ക് എല്ലാ പിന്തുണയും നല്‍കി. നെഹ്‌റുവിന്റെ സാര്‍വദേശീയ രംഗത്തെ ആദര്‍ശ രാഷ്ട്രീയം ഒരിക്കലും ഇന്ത്യയുടെ ദേശീയ താല്പര്യങ്ങളെ ബലി കൊടുക്കുന്നതില്‍ കലാശിച്ചില്ല. 1962-ല്‍ ചൈന ഇന്ത്യയെ കടന്നാക്രമിച്ചപ്പോള്‍ അത് യുദ്ധത്തില്‍ കലാശിച്ചു.
1967-ല്‍ ചൈന വീണ്ടും ഇന്ത്യയെ ആക്രമിച്ചു. അതിന് പറഞ്ഞ കാരണം അതീവ ബാലിശമായിരുന്നു. ഇന്ത്യന്‍ സൈനികര്‍ 800 ചെമ്മരിയാടുകളേയും 59 യാക്കുകളേയും ചൈനയില്‍ നിന്ന് മോഷ്ടിച്ചു എന്നാണ് ചൈന ആരോപിച്ചത്. അന്ന് ജനസംഘത്തിന്റെ യുവനേതാവായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി, 800 ചെമ്മരിയാടുകളേയും തെളിച്ച് ഡല്‍ഹിയിലെ ചൈനീസ് എംബസിയിലേക്ക് ചെന്നു. ചെമ്മരിയാടുകളുടെ കഴുത്തില്‍ ഇങ്ങനെ എഴുതി തൂക്കിയിരുന്നു: ”ഞങ്ങളെ നിങ്ങള്‍ തിന്നൊള്ളു, ലോകത്തെ വെറുതെ വിടൂ!’. ഇത് ചൈനയെ ചൊടിപ്പിച്ചു. പ്രധാന മന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിക്ക് ചൈന പ്രതിഷേധ കുറിപ്പ് അയച്ചു.
സിക്കിം എന്നും ടിബറ്റിന്റെ ഒരു അനുബന്ധമായാണ് ചരിത്രത്തില്‍ അറിയപ്പെട്ടത്. പതിമൂന്നമത് ദലൈലാമ 1910-ല്‍ ചൈനയുടെ ആക്രമണത്തില്‍ ഭയന്ന് സിക്കിമില്‍ അഭയം തേടി എത്തിയിരുന്നു. ടിബറ്റന്‍ ബുദ്ധ അഭിജാത വര്‍ഗവുമായി സിക്കിമിലെ ഭരണവര്‍ഗത്തിന് എന്നും ഗാഢമായ ബന്ധമുണ്ടായിരുന്നു. 1940 കളില്‍ സിക്കിമിലെ രാജകുമാരിയായ കോക്കൂല ടിബറ്റിലെ ഗ്യാന്റസി ഗവര്‍ണറുടെ മകനെ വിവാഹം കഴിക്കുകയുണ്ടായി. ബ്രിട്ടീഷ് ഭരണകാലത്തു ബ്രിട്ടീഷ് സര്‍ക്കാര്‍ നിയമിക്കുന്ന ദിവാന്‍മാരാണ് സിക്കിമിലെ ഭരണം നിയന്ത്രിച്ചത്. എന്നാല്‍, ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ സിക്കിം സ്വാതന്ത്ര്യമായി. ചൈന ടിബറ്റ് കീഴടക്കിയപ്പോള്‍ 1950 ഡിസംബറില്‍ സിക്കിം ഇന്ത്യയുടെ കീഴില്‍ സംരക്ഷിത രാഷ്ട്രമായി മാറുന്ന കരാറില്‍ സിക്കിം രാജാവ് താഷി നംഗ്യാലും നെഹ്്‌റുവു ഒപ്പുവെച്ചു. അതേസമയം, സിക്കിമില്‍ ഇന്ത്യന്‍ അനുകൂല സിക്കിം സ്റ്റേറ്റ് കോണ്‍ഗ്രസിനെ ഇന്ത്യ വളര്‍ത്തിയെടുത്തു. സിക്കിമിലെ ജനസംഖ്യയുടെ 25 % മാത്രം ബുദ്ധമതക്കരായ വരുന്ന ലാപ്ച്ച-ബൂട്ടിയ വിഭാഗമായിരുന്നു ഭരണവര്‍ഗം. 75 % വരുന്ന നേപ്പാളി ഹിന്ദുക്കള്‍ ഭരണീയരും. ഈ നേപ്പാളി വിഭാഗത്തെ ഇന്ത്യന്‍ അനുകൂല സിക്കിം സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അണിനിരത്താന്‍ നെഹ്‌റുവിന് സാധിച്ചു.

ഇന്ദിരാ ഗാന്ധിയും സിക്കിം രാജാവ്
പാല്‍ഡണ്‍ തൊണ്ടപ് നംഗ്യാലും

നെഹ്‌റു സിക്കിമില്‍ നേടിയ മേല്‍ക്കൈ ഇന്ദിരാ ഗാന്ധി അരക്കിട്ടുറപ്പിച്ചു. സിക്കിം സ്റ്റേറ്റ് കോണ്‍ഗസിന്റെ നേതൃത്വത്തില്‍ സിക്കിമിലെ ജനാതിപത്യ പ്രക്ഷോഭങ്ങള്‍ക്ക് ഇന്ത്യ പിന്തുണ നല്‍കി. ഇതേ സമയം സിക്കിം രാജാവ് പാല്‍ഡണ്‍ തൊണ്ടപ് നംഗ്യാല്‍ 1950-ലെ ഇന്ത്യ-സിക്കിം കരാര്‍ റദ്ധാക്കനും ഐക്യരാഷ്ട്ര സഭയില്‍ അംഗത്വം നേടാനും ശ്രമിച്ചു. 1972 അവസാനം ഇന്ദിരാ ഗാന്ധി അന്നത്തെ റോ ചീഫ് ആര്‍.എന്‍. കാവിനോടു സിക്കിമിനെ ഇന്ത്യയോട് ചേര്‍ക്കാനുള്ള മാര്‍ഗങ്ങള്‍ ആരായാന്‍ ഉത്തരവിട്ടു. സിക്കിം സ്റ്റേറ്റ് കോണ്‍ഗ്രസിന് ആവശ്യമായ സഹായങ്ങള്‍ ഇന്ദിര നല്‍കി. 1974 -ല്‍ സിക്കിമില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ സിക്കിം സ്റ്റേറ്റ് കോണ്‍ഗ്രസ് വന്‍വിജയം നേടി.1975-ല്‍ സിക്കിം ഇന്ത്യയില്‍ ലയിക്കണെമെന്ന് സിക്കിം സ്റ്റേറ്റ് കോണ്‍ഗ്രസ്സിന് ഭൂരിപക്ഷമുള്ള സിക്കിം നിയമസഭാ പ്രമേയം പാസ്സാക്കി. അങ്ങനെ സിക്കിം ഇന്ത്യയുടെ സംസ്ഥനമായി മാറി. ചൈനയുടെ പിടിച്ചടക്കല്‍ മോഹത്തിനുമേല്‍ ഇന്ത്യ നേടിയ വന്‍വിജയമായിരുന്നു ഇത്.
നേപ്പാളിലും ഇതേ പോലെ ഇന്ത്യന്‍ അനുകൂലികളായ നേപ്പാളി കോണ്‍ഗ്രസിനേയും സദ്ഭാവന പാര്‍ട്ടിയെയുമൊക്കെ നെഹ്‌റുവും ഇന്ദിരയും വളര്‍ത്തി കൊണ്ടു വന്നിരുന്നു. എന്നാല്‍, മോദിയുടെ വല്യേട്ടന്‍ നയവും അവിടെത്തെ ഭരണഘടനാ നിര്‍മാണ പ്രക്രിയയില്‍ വരെ കൈകടത്തിയതുമൊക്കെ നേപ്പാളിലെ സര്‍വ പാര്‍ട്ടികളേയും ഇന്ത്യക്ക് എതിരാക്കി. മാത്രമല്ല ഇപ്പോള്‍ നേപ്പാള്‍ ചൈനയുടെ അടുത്ത സഖ്യരാജ്യമായി മാറുകയും ചെയ്തിരിക്കുന്നു. ഇത് നെഹ്‌റുവിന്റെയും ഇന്ദിരയുടെയും നയതന്ത്രജ്ഞതയ്ക്കും മോദിയുടെ വങ്കത്തതിനും തെളിവാണ്.
അമേരിക്കയില്‍ പ്രസിഡന്റ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ജോണ്‍ ബോള്‍ട്ടന്‍ എഴുതിയ ‘ദി റൂം വെര്‍ ഇറ്റ് ഹാപ്പണ്‍ഡ് ‘ എന്ന വിവാദ കൃതിയില്‍, പ്രസിഡന്റ് ട്രംപ് ആദ്യ പ്രസിഡന്റ് തെരെഞ്ഞടുപ്പില്‍ ജയിക്കാന്‍ അമേരിക്കയുടെ പരമ്പരാഗത ശത്രുവായ റഷ്യയുടെ സഹായം തേടിയെന്നും വരുന്ന തെരെഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിങ്ങിന്റെ സഹായം തേടിയിട്ടുണ്ടെന്നും വെളിപ്പെടുത്തുന്നുണ്ട്. സമാനമായി രാജ്യത്തിന്റെ ദേശീയ താല്പര്യങ്ങളെക്കാള്‍ സ്വന്തം കക്ഷിപരവും വ്യക്തിപരവുമായ താല്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് മോദിയുടെ ചൈനാ നയം. വുഹാനിലും മാമലപ്പുറത്തും മോഡി ഷി ജിന്‍പിങ്ങുമായി നടത്തിയ ഉച്ചകോടികളെല്ലാം മോദിയുടെ വിശ്വനേതാവ് എന്ന വ്യാജപ്രതിച്ഛായ സൃഷ്ടിച്ചെടുക്കാന്‍ മാത്രമാണ് ഉപയോഗിക്കപ്പെട്ടത്. ഇന്ത്യയുടെ ദേശീയ താല്പര്യങ്ങള്‍ ഒന്നും തന്നെ നേടിയെടുക്കാന്‍ മോദിക്ക് കഴില്ല. ബി.ജെ.പി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ഉണ്ടാക്കിയ രഹസ്യബന്ധങ്ങളും സംശയാസ്പദമാണ്. നെഹ്‌റുവോ ഇന്ദിരയോ രാജീവ് ഗാന്ധിയോ ചൈനക്കെതിരായി നേടിയ നയതന്ത്രവിജയങ്ങളുമായി താരതമ്യപ്പെടുത്താന്‍ കഴിയുന്ന ഒന്നുംതന്നെ മോദിയുടെ ക്രെഡിറ്റിലില്ല.
ചൈനയുടെ ഏറ്റവും വലിയ ശക്തി അവര്‍ നേടിയെടുത്ത സാമ്പത്തിക ശക്തിയാണ്. ചൈനീസ് സമ്പദ്വ്യവസ്ഥയുടെ മൂല്യം 13.37 ട്രിലിയന്‍ ഡോളറാണ്. ഇന്ത്യയുടേതാവട്ടെ വെറും 2.94 ട്രിലിയന്‍ ഡോളര്‍ മാത്രമാണ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ മുച്ചൂടും നശിപ്പിച്ച നോട്ടു നിരോധനവും ജി.എസ്.ടി യുടെ അശാസ്ത്രീയമായ നടപ്പാക്കലും ഇന്ത്യയുടെ ശക്തി ചോര്‍ത്തി കളയുകയും ഇന്ത്യയുടെ ചെറുകിട വ്യവസായങ്ങളെ തകര്‍ക്കുകയും ചെയ്തു. ഇത് രാഷ്രീയമായും സാമ്പത്തികമായും ചൈനയെ ശക്തിപ്പെടുത്തി. രണ്ടു ട്രിലിയന്‍ ഡോളര്‍ ചെലവിട്ട് 70 രാജ്യങ്ങളെ ചൈനയുമായി ബന്ധിപ്പിക്കുന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യറ്റീവ് എന്ന ലോക ചരിത്രത്തിലെ ഏറ്റവും വലിയ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്റ്റ് ചൈനയെ സൂപ്പര്‍ പവര്‍ ആക്കി മാറ്റാന്‍ പര്യാപ്തമാണ്. ഈ പദ്ധതിയുടെ ഭാഗമായി നേപ്പാളിനെ ചൈനയുമായി ബന്ധിപ്പിക്കുന്ന ട്രാന്‍സ്-ഹിമാലയന്‍ മള്‍ട്ടി ഡിമെന്‍ഷനല്‍ ഹൈ വേ, നേപ്പാളിനെ ചൈനയുടെ ആശ്രിതരാജ്യമാക്കി മറ്റും. അല്ലെങ്കില്‍ തന്നെ നേപ്പാള്‍ തീര്‍ത്തും ഇന്ത്യാ-വിരുദ്ധ നിലപാടിലേക്ക് മാറിയിട്ടുണ്ട്. ഈ പ്രൊജക്റ്റ് യാഥാര്‍ഥ്യമായാല്‍ നേപ്പാള്‍ ഇന്ത്യയുടെ ശത്രു രാജ്യമായി മാറും. കാലാപാനി എന്‍ക്ലേവ് വിഷയം ഉന്നയിച്ച് നേപ്പാള്‍ ഇന്ത്യയുമായി പേരിന് വരുന്നത് ഒരു സൂചന മാത്രമാണ്.
ശ്രീലങ്കയില്‍ ഹബന്‍തോട്ട തുറമുഖം ചൈന വികസിപ്പിക്കുന്നുണ്ട്. ആദ്യം മഹിന്ദ രാജപക്ഷെയെയും പിന്നീട് മൈത്രീപാല സിരിസേനയെയും അട്ടിമറിക്കാന്‍ ഇന്ത്യ ശ്രമിച്ചുവെന്ന് അവര്‍ തന്നെ ആരോപിച്ചു. മൈത്രിപാല സിരിസേന തന്നെ ഇന്ത്യന്‍ ചാരസംഘടനയായ റോ വധിക്കാന്‍ ശ്രമിക്കുന്നുവെന്ന് പരസ്യമായി ആരോപിച്ചു. ചൈനാ അനുകൂലിയായ ഗോതബായ രാജപക്ഷെ-മഹിന്ദ രാജപക്ഷെ സഹോദരന്മാര്‍ ശ്രീലങ്കയില്‍ അധികാരം പിടിച്ചതോടെ ശ്രീലങ്ക ഇന്ത്യക്കെതിരെ ചൈനാ പക്ഷത്ത് നില്‍ക്കുമെന്ന് ഉറപ്പാണ്. മാലദ്വീപും ബംഗ്ലദേശും തതൈവ. പാകിസ്താനുമായുള്ള ചൈനയുടെ ബന്ധം പൂര്‍വാധികം ശക്തമാണ്. പാക് അധീന കാശ്മീരിലൂടെ ചൈന പാകിസ്താനിലേക്ക് നിര്‍മിക്കുന്ന ചൈന-പാക്കിസ്ഥാന്‍ ഇക്കണോമിക് കോറിഡോര്‍ ഇന്ത്യക്ക് പലതരത്തിലും തലവേദനയാണ്. പാക് അധീന കാശ്മീരും അക്‌സായ് ചിനും തിരിച്ചു പിടിക്കും എന്ന അമിത് ഷായുടെ വീരവാദമാണ് ഇപ്പോള്‍ ചൈനയെ പ്രകോപിപ്പിച്ചത്. ഇന്ത്യ ഒന്നും തിരിച്ചു പിടിച്ചതുമില്ല; ഗള്‍വാന്‍ താഴവരായില്‍ ഒട്ടറെ ഇന്ത്യന്‍ സൈനികരുടെ രക്തം ചൈന ചിന്തുകയും ചെയ്തു.
ഇന്ത്യയുടെ പരമ്പരാഗത വിദേശ നയത്തെ മോഡി തകര്‍ത്തു കളഞ്ഞു. ഇന്ത്യ നേതൃത്വം നല്കിയിരുന്ന 120 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ചേരിചേരാ പ്രസ്ഥാനത്തെ മോഡി അവഗണിച്ചു. അമേരിക്കയെ പ്രീതി പെടുത്താന്‍ ഇന്ത്യയുടെ നിര്‍ണായകമായ ഒരു ശക്തി ദുര്‍ഗത്തെയാണ് മോഡി ഇതുവഴി നഷ്ടപ്പെടുത്തിയത്. രാജീവ് ഗാന്ധി കെട്ടിപ്പടുത്ത ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ സാര്‍ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജിയണല്‍ കോഓപ്പറേഷന്‍) ഇന്ത്യയുടെ മറ്റൊരു ശക്തി ദുര്‍ഗമായിരുന്നു. അതും തകര്‍ത്തു. എന്നാല്‍, ബദലായി ഒരു അന്താരാഷ്ട്ര കൂട്ടായ്മ കെട്ടിപ്പടുക്കാന്‍ മോഡി കഴിഞ്ഞുമില്ല. അന്താരാഷ്ട്രരംഗത്ത് ഇന്ത്യയുടെ ശക്തി അതിന്റെ ജനാധിപത്യ-മതേതര മൂല്യങ്ങളായിരുന്നു. പൗരത്വ നിയമ ഭേദഗതി, കാശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ആക്കല്‍, വംശീയ കലാപങ്ങള്‍ എന്നിവ ഈ സോഫ്റ്റ് പവറും തകര്‍ത്തു. മോഡി വളര്‍ത്തിയ ഇസ്‌ലാമോഫോബിയ ഓര്‍ഗനൈസഷന്‍ ഓഫ് ഇസ്‌ലാമിക കോഓപ്പറേഷന്‍ (ഐ.ഒ.സി) പോലുള്ള അന്താരാഷ്ട്ര കൂട്ടായ്മകളെയും എതിര്‍പക്ഷത്താക്കി. ചുരുക്കത്തില്‍ ഇന്ത്യയുടെ നയതന്ത്ര മൂലധനത്തെ മുച്ചൂടും മുടിച്ച മോഡിയാണ് ചൈനയ്ക്ക് ഇന്ത്യക്കെതിരെ നീങ്ങാനുള്ള ഊര്‍ജം നല്‍കിയത്.
ചൈന, അമേരിക്കയെ മറികടന്ന് സൂപര്‍ പവര്‍ ആയി മാറിക്കൊണ്ടിരിക്കുന്ന രാജ്യമാണ്. ശത്രുവായാലും മിത്രമായാലും ചൈനയെ ഈ പരിപ്രേക്ഷ്യത്തില്‍ വേണം കാണാന്‍. സൗത്ത് ഏഷ്യയിലും ആഫ്രിയ്ക്കയിലും സൈനിക താവളങ്ങള്‍ നിര്‍മിച്ച് കൊണ്ട് ഇന്ത്യയെ വളഞ്ഞു കൊണ്ടിരിക്കുകയാണ് ചൈന. ദക്ഷിണ ചൈനാ കടല്‍ മുതല്‍ ആഫ്രിക്കയിലെ ജിബൂട്ടിയില്‍ പണിതിട്ടുള്ള സൈനിക താവളം വരെ നീളുന്ന ‘സ്ട്രിംഗ് ഓഫ് പേള്‍സ്’ പദ്ധതി ചൈന യാഥാര്‍ഥ്യമാക്കി കഴിഞ്ഞു. ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ മുഴുവന്‍ ചൈനയുടെ പക്ഷത്താണ്. അരുണാചല്‍ പ്രദേശ് പിടിച്ചടക്കാന്‍ ചൈന സൈനിക നീക്കം നടത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഈ അപകട സ്ഥിതി മറികടക്കാന്‍ നെഹ്‌റുവിന്റെയും ഇന്ദിരയുടെയും നയതന്ത്രജ്ഞതയാണ് വേണ്ടത്. മോദിയുടെ വങ്കത്തവും ജിങ്കോയിസവുമല്ല.

സി.കെ. ഫൈസല്‍ പുത്തനഴി

LEAVE A REPLY

Please enter your comment!
Please enter your name here