പ്രവാചക സ്നേഹത്തിന്റെ പ്രത്യയശാസ്ത്ര ഭേദങ്ങള്‍

1168
Print

സ്നേഹത്തില്‍ നിന്നാണ് സമൂഹങ്ങള്‍ രൂപം കൊള്ളുന്നത്. സ്നഹബന്ധങ്ങളാണ് സാമൂഹ്യബന്ധങ്ങളെ സൃഷ്ടിക്കുന്നതും ശാക്തീകരിക്കുന്നതുമെന്ന് സാമുഹ്യശാസ്ത്രം പറയുന്നു. അപ്പോള്‍ പിന്നെ മാനുഷികവും മാനസികവുമായ ഈ വൈകാരികനിര്‍മിതിക്ക് മതപരമായ ഒരുതലം കൂടിയുണ്ടെങ്കിലോ.? തീവ്രതയുടെ താപോര്‍ജമായിരിക്കുമതെന്നുറപ്പ്.! അത്തരമൊരു തലത്തില്‍ നിന്നുകൊണ്ട് ഹുബ്ബിനെ വായിക്കപ്പെടേണ്ടതുണ്ട്. വൃണപ്പെടാന്‍ മാത്രമുള്ള വൈകാരിക വിവക്ഷകള്‍ നിലനില്‍ക്കുന്ന ഇക്കാലത്ത് തീര്‍ച്ചയായും അത്തരമൊരു വായനക്ക് പ്രസക്തിയുണ്ട്. മുസല്‍മാനെ സംബന്ധിച്ചിടത്തോളം അവന്റെ വിശ്വാസപരമായ പൂര്‍ണതയുടെ ഭാഗമാണ് ഹുബ്ബുറസൂല്‍ അഥവാ പ്രവാചക സ്നേഹം. വിശ്വാസത്തിന്റെ അളവുകോലായി അല്ലാഹു തന്നെ നിശ്ചയിച്ചിരിക്കുന്നത് പ്രവാചക സ്നേഹത്തെയാണ്. പ്രണയത്തിന്റെ പൊതു സ്വഭാവം പോലെത്തന്നെ അനുകരണവും അനുധാവനവുമാണ് പ്രവാചകാനുരാഗത്തിന്റെ അടരും അടയാളവും. ജീവിതത്തിന്റെ ഓരോ ഇഴയും സമാനതകളില്ലാത്ത വിധം
രേഖപ്പെടുത്തപ്പെടുകയും ക്രോഡീകരിക്കപ്പെടുകയും ചെയ്യപ്പെട്ട ഒരു നേതാവായതു കൊണ്ടുതന്നെ ആ അനുകരണത്തിന്റെ സ്വഭാവവും സ്പര്‍ശവും സമഗ്രവും ശ്രേഷ്ടവുമാവുക സ്വാഭാവികവുമാണ്. മതത്തിന്റെ രണ്ടാം പ്രമാണം എന്നതിലുപരി അടക്കവും അനക്കവുമൊക്കെ അറിവോടെ ആ ജീവിതത്തിന്റെ അനുസ്മരണമായി മാറുന്നത് പ്രതിഫലാര്‍ഹമാണെന്ന് പ്രമാണവും പാരമ്പര്യവും സാക്ഷ്യപ്പെടുത്തുന്നുണ്ടെന്നിരിക്കെ പ്രത്യേകിച്ചും.
അനുരാഗത്തിന്റെ ആഴം കണ്ട സ്വഹാബയും ശ്രേഷ്ടരായ താബിഉകളുമായിരുന്നു ആ രംഗത്തെ ആദ്യകാല മാതൃകകള്‍. തിരുനബി സ്നേഹം തീക്ഷ്ണമായിരിക്കുമ്പോള്‍ തന്നെ ആ വികാരം വിവേകത്തെ വിമലീകരിക്കാനുള്ള മാധ്യമമാക്കി ഉപയോഗപ്പെടുത്തിയവരായിരുന്നു അവരെല്ലാം. അവിടത്തെ അഭിശംസിക്കാനൊരുങ്ങുന്നതും അപനിര്‍മിക്കാനൊരുങ്ങുന്നതും അസഹനീയമാവുമ്പോള്‍ തന്നെ അതിനെ രചനാത്മകവും ക്രിയാത്മകവുമായ വഴിയിലേക്ക് തിരിച്ചുവിടാന്‍ അവര്‍ക്കു സാധിച്ചത് അതു കൊണ്ടായിരുന്നു. എല്ലാത്തിലുമെന്ന പോലെ സ്വരാജ്യ സ്നേഹഗത്തിന്റെ കാര്യത്തിലും അവര്‍ക്ക് മാതൃക നബി(സ്വ)തന്നെയായിരുന്നു. സ്വര്‍ഗമെന്ന തറവാടുവിട്ട് ദൈവ നിശ്ചയപ്രകാരം ഭൂമിയിലിറങ്ങേണ്ടിവന്ന ആദം നബി(അ) മുതല്‍ ഇറാഖില്‍ നിന്ന് മക്കയിലേക്ക് കുടിയേറി അവിടെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ കേന്ദ്രഭൂമികയാക്കിയ ഇബ്റാഹീം(അ) ലൂടെ, അവിശ്വാസിയായ ഭരണാധികാരിക്കു കീഴില്‍ രാഷ്ട്രക്ഷേമത്തിനായി ഭാരിച്ച ഉത്തരവാദിത്വങ്ങളേല്‍ക്കാന്‍ സ്വയം തയ്യാറായ യൂസുഫ് (അ)ലൂടെ, ജന്മനാടായ മക്കയില്‍ മദീനയലേക്ക് പലായനം ചെയ്യേണ്ടിവന്ന മുഹമ്മദ് നബി(സ്വ) യില്‍ പൂര്‍ണത പ്രാപിക്കുന്നതായിരുന്നു ആ വലിയ മാതൃക.
ഹിജ്റയുടെ വേളയില്‍ മക്കയോട് യാത്ര ചോദിച്ചുകൊണ്ട് ഇടറുന്ന സ്വരത്തില്‍ നബി(സ്വ) മൊഴിഞ്ഞ വാക്കുകള്‍ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അല്ലാഹുവാണേ, അവന്റെ ഇഷ്ടഭൂമികയാണു നീ, അല്ലാഹുവിന്റെ ഭൂമിയില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഭൂപ്രദേശവും നീയാണ് നിന്റെ ആളുകള്‍ എന്നെ പുറത്താക്കിയില്ലായിരുന്നുവെങ്കില്‍ ഞാനൊരുക്കലും നിന്നില്‍ നിന്ന് അകലുമായിരുന്നില്ല”. ”അല്ലാഹുവേ മക്ക ഞങ്ങള്‍ക്കെത്ര പ്രിയങ്കരമായിരുന്നോ അത്രതന്നെയോ അതിലധികമോ മദീനയേയും ഞങ്ങള്‍ക്ക് പ്രിയങ്കരമാക്കേണമേ”. എന്ന് മദീനയിലെത്തിയതിനു ശേഷം അവിടുന്ന് പ്രാര്‍ഥിച്ചതായും കാണാം. മജ്ജയും മാംസവുമുള്ള മുഹമ്മദെ(സ്വ)ന്ന മനുഷ്യന്റെ എല്ലാ വികാരവിചാരങ്ങളുമുണ്ട് ഈ വാക്കുകളില്‍. സ്വജീവനും ജീവസന്ധാരണത്തിനും സുരക്ഷയും സൗകര്യവുമൊരുക്കുന്ന ഭൂമിയിലേതു പ്രദേശവും വിശ്വാസിക്ക് സ്വദേശമാണ് എന്ന സന്ദേശമുണ്ടതില്‍ വിശ്വാസ സംരക്ഷണത്തിന്റെ സ്വഛതയാണ് വിധേയത്വത്തിന്റെ തോത് നിര്‍ണയിക്കുന്നത് എന്ന ഉത്ബോധനമുണ്ട്. വിശ്വാസ സ്വാതന്ത്ര്യത്തിന് വൈതരണികളുണ്ടാകുമ്പോഴോ വിശ്വാസപ്രചാരണം ആവശ്യമായി വരുമ്പോഴോ വീട് വിട്ടിറങ്ങന്‍ ആ സ്നേഹം വിശ്വാസിക്ക് വിഘ്നമാവരുതെന്ന ഓര്‍മപ്പെടുത്തലുണ്ട്. അതിലുപരി ‘രാജൃസ്നേഹ’ തിന്റെ അര്‍ഥമെന്തെന്നും അതിന്റെ അളവെത്രെയെന്നുമുളള വിവരണമുണ്ട് ആവാക്കുകളുടെ വായനാ പരിസരങ്ങളില്‍.
മദീനയിലെത്തിയതിനു ശേഷമുള്ള നബി ജീവിതത്തിലാണ് ഈ സമീപനം കൂടുതല്‍ പ്രകടമാകുന്നത്. അടിയാരുടെ വാക്കുകള്‍ കടമെടുത്താല്‍: സത്യ വേദത്തിന്റെ പുതിയ സന്ദേശവുമായി മദീനയിലെത്തിയ പ്രവാചകന്‍ ആദ്യമായി ചെയ്തത് വ്യവസ്ഥാപിതമായ ഒരു സാമൂഹ്യക്രമം രൂപപ്പെടുത്തുകയായിരുന്നു. അതിനൊരു ഭരണഘടനയുടെ ഭദ്രതയും ശില്‍പ ചാരുതയുമുണ്ടായിരുന്നു. തങ്ങളെ ആശങ്കയോടും അവിശ്വാസത്തോടും കൂടി നോക്കിക്കാണുന്നവരുടെ സന്ദേഹനിവൃത്തിക്കുതകും വിധം തെളിവുറ്റതായിരുന്നു അതിലെ നിര്‍ദേശങ്ങളും പരാമര്‍ശങ്ങളുമെല്ലാം. 47 ഖണ്ഡികകളുള്ള ഒരു ബൃഹത് രേഖയായിരുന്നു അത്. അതനുസരിച്ച്:

  • മുസ് ലിംകളും മദീനയിലുള്ള ക്രിസ്ത്യാനികള്‍ യഹൂദര്‍ തുടങ്ങിയ ഇതര മതസ്ഥരും ഒരൊറ്റ ജനതയായി അനുരജ്ഞനത്തോടെ കഴിയും.
  • ഓരോ വിഭാഗവും തങ്ങളുടെ വിശ്വാസാദര്‍ശങ്ങള്‍ പരിരക്ഷിക്കുകയും മറ്റുള്ളവരുടേതില്‍ ഇടപെടാതിരിക്കുകയും ചെയ്യും.
  • മദീനയുടെ സംരക്ഷണം എല്ലാവരുടെയും ഉത്തരവാദിത്വമായികണക്കാക്കും.
  • യുദ്ധസന്ദര്‍ഭങ്ങളിലും സമാധാന കാലങ്ങളിലും പരസ്പരം കൂടിയാലോചിക്കും.
  • ശത്രുവിന്റെ ആക്രമണത്തിനെതിരെ പരസ്പര സഹായിക്കും.
  • മദീനയുടെ മണ്ണില്‍ ആരും രക്തമൊഴുക്കുകയില്ല.
    (ഇസ്ലാം സംസ്‌കൃതി ചില സൗമ്യ വിചാരങ്ങള്‍)
    ദേശസ്നേഹത്തെക്കുറിച്ചും മത സഹിഷ്ണുതയെക്കുറിച്ചുമുള്ള ഇസ്ലാമിന്റെ കാഴ്ച്ചപ്പാടുകള്‍ ഇവിടെ നിന്നാണ് രൂപപ്പെടുന്നതും വികാസം പ്രാപിക്കുന്നതും. ‘ജന്മനാട്’ എന്ന സങ്കല്‍പത്തെ ആദര്‍ശവത്കരിക്കുന്ന സമീപനം അതിലൊന്നുമുണ്ടായിരുന്നില്ല. അതേസമയം, അങ്ങനൊരു വികലമായ ആദര്‍ശവത്കരണത്തില്‍ നിന്നാണ് തീവ്രദേശീയത ഉടലെടുക്കുന്നത്. അവിടെ എല്ലാം ജന്മസിദ്ധവും ചലനരഹിതവുമാണ്. ശുദ്ധരക്തവാദവും ചാതുര്‍വര്‍ണ്യവുമൊക്കെയാണ് അതിന്റെ ചേരുവകള്‍. അശുദ്ധിയും അയിത്തവുമാണ് അതിന്റെ ചലന നിയമങ്ങള്‍. വംശവും വര്‍ഗവുമൊക്കെ വിധിയുടെ ഗതിനിശ്ചയിക്കുന്ന അത്തരം ദേശീയതകള്‍ക്കകത്ത് പ്രവേശിക്കാനോ പുറത്തുകടക്കാനോ കഴിയാത്ത വിധം ഭദ്രമാക്കപ്പെട്ട വാതിലുകള്‍ മാത്രമേകാണൂ. എന്നിട്ട് അവരതിനെ ‘ദേശസ്നേഹം’ എന്നു വിളിക്കും; വിളിക്കാത്തവരെ കൊണ്ട് വിളിപ്പിക്കും!
    ദേശീയതയുടെ ഈ ‘വിപുല’രൂപമാണ് പണ്ട് ഹിറ്റ്ലറുടെ ജര്‍മനിയിലും മുസ്സോളിനിയുടെ ഇറ്റലിയിലും വംശീയത ഉഗ്രരൂപം പൂണ്ട ഇതര ദേശ രാഷ്ട്രങ്ങളിലും ഹിംസാത്മക രൂപം പുറത്തെടുത്തത്. ചരിത്രം ദുരന്തമെന്ന് വിധിയെഴുതിയ ഈ വൈകല്യത്തിന്റെ സ്ഥലികള്‍ പുന:രവതരിപ്പിക്കപ്പെടുന്നോയെന്ന് ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത് ഇന്ത്യയിലേക്കാണ്. കാരണം, സംഘ് ഭരണത്തിനു കീഴില്‍ ഇന്ത്യ ഇവിടെയിപ്പോള്‍ ദേശ സ്നേഹികളും ദേശദ്രോഹികളും നിരന്തരം ജനിച്ച് മരിക്കുന്നത് അവര്‍ കണ്ടുകൊണ്ടിരിക്കുകയാണ്.
    ഇന്ത്യന്‍ ഫാഷിസമെന്ന് വിളിക്കപ്പെടുന്ന ഈ സങ്കുചിത ഹിന്ദുത്വ ദേശീയതയുടെ അടിവേര് കിടക്കുന്നത് 1925-ല്‍ രൂപീകരിക്കപ്പെട്ട ആര്‍.എസ്.എസ്സിലാണ്. വി.സി സവര്‍ക്കറും എം.എസ് ഗോള്‍ വാള്‍ക്കറും ഇറക്കുമതിചെയ്ത ഫാഷിസ്റ്റ് ഷോവനിസ്റ്റ് പ്രത്യയ ശാസ്ത്രങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഹെസ്ഗേവാര്‍ സ്ഥാപിച്ചതായിരുന്നു ഈ സംഘടന. ഗരുജി ഗോള്‍ വാള്‍ക്കറുടെ ‘നാമും നിര്‍വചിക്കപ്പെട്ട നമ്മുടെ ദേശീയതയും’ (we or our nationelhood defiened)വി.സി.സവര്‍ക്കറുടെ ‘ഹിന്ദുത്വത്തിന്റെ മൂലതത്വങ്ങളു'(essentiol of hindutva) മൊക്കെയായിരുന്നു അതിന്റെ വിശുദ്ധ വേദങ്ങള്‍. ഹെഡ്ഗേവാറുടെ ‘വിചാരധാര’ യോടുകൂടി ആ ഹിന്ദുത്വ ദേശീയത അതിന്റെ പ്രത്യയശാസ്ത്രരൂപം പൂര്‍ത്തിയാക്കി പ്രയോഗതലത്തിലേക്കു കടന്നു.
    ഇന്ത്യയെന്ന സങ്കല്‍പത്തെ തന്നെ തകിടം മറിക്കുകയും അതിര്‍ത്തികള്‍ക്കകത്തെ ഒരു ഭൂപ്രദേശം എന്നതിലുപരി സാംസ്‌കാരിക ദേശീയതയാണ് ഭാരതമെന്ന് വാദിക്കുകയും ഹിന്ദു സംസ്‌കാരം സ്വീകരിക്കാത്തവര്‍ക്ക് ആ ദേശീയതയില്‍ അംഗമാവാനാകില്ലെന്ന് സമര്‍ഥിക്കുകയും ഹിറ്റലര്‍ ജര്‍മനിയില്‍ ചെയ്യുന്നതുപോലൊരു സാംസ്‌കാരിക ശുദ്ധീകരണമാണ് ഇന്ത്യയില്‍ ആവശ്യമെന്ന ആര്‍.എസ്.എസ് ആശയം വ്യക്തമാക്കുകയും ചെയ്യുന്നതായിരുന്നു പ്രസ്തുത ഗ്രന്ഥങ്ങള്‍. ഇന്ത്യന്‍ പാരമ്പര്യത്തിലും സംസ്‌കാരത്തിലും രൂഢമൂലമായ ബഹുസ്വരതയുടെ ദേശബോധം അതിന് അന്യവും അജ്ഞാതവുമായിരുന്നു. അതുകൊണ്ട് തന്നെ ചേരമാന്‍ പെരുമാളിന്റെ മുസ്ലിം നാവികപ്പടയെയോ ടിപ്പുവിന്റെ ഹിന്ദുവായ മന്ത്രിയെയോ ശിവജിയുടെ മുസ്ലിമായ സേനാനായകനെയോ വിശദീകരിക്കാന്‍ അതിന്റെ കൈയ്യില്‍ വാക്കുകളുണ്ടായിരുന്നില്ല. എന്നല്ല, അടിച്ചേല്‍പ്പിക്കപ്പെട്ട ആ ‘ബാധ’ക്ക് രാഷ്ട്രപൈതൃകത്തെയോ രാഷ്ട്ര പിതാവിനെത്തന്നെയോ കാണാനുള്ള കണ്ണുണ്ടായിരുന്നില്ല. ഗാന്ധിവധം, ബാബരി ധ്വംസനം, മറ്റു വര്‍ഗീയ കലാപങ്ങള്‍… ആ ശുദ്ധീകരണ യജ്ഞം തുടര്‍ന്നു. ഘര്‍വാപസി മുതല്‍ ഏകസിവില്‍കോഡ് വാദം വരെ എത്തിനില്‍ക്കുന്നതെല്ലാം അതിന്റെ പുതിയ കാല പരിഛേദങ്ങളായി. അതിനിടയില്‍ കുറേ പേര്‍ ദേശസ്നേഹികളായി അതിലേറെപേര്‍ ദേശവിരുദ്ധരുമായി. രാജ്യസ്നേഹത്തിന്റെ മാനദണ്ഡങ്ങള്‍ മാറിമാറിവന്നു. അടുക്കള മുതല്‍ അറവുശാലവരെ, സര്‍വകലാശാല മുതല്‍ സനിമാശാലവരെ, അതിന്റെ അനുരണനങ്ങള്‍ അനുഭവിച്ചു./ അനുഭവിച്ചു കൊണ്ടിരിക്കുന്നു.
    ചേര ഭരണത്തിനു കീഴില്‍ അനുസരണയുള്ള പ്രജകളും ആദരിണീയരായ സഹോദരങ്ങളായി ജീവിച്ച മാലിക് ദീനാര്‍ (റ)വും സംഘവും, പറങ്കിപ്പടക്കെതിരെ പോരാടിമരിച്ച സാമൂതിരിയുടെ സൈന്യാധിപന്മാരായ കുഞ്ഞാലി മരക്കാന്മാര്‍, ഇന്ത്യയുടെ ആത്മാവുകണ്ടെത്തിയ ആദ്യവ്യക്തിയെന്നും ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ യുദ്ധമുഖത്തു മരിച്ച് വീണ ഒരേയൊരിന്ത്യന്‍ ഭരണാധികാരിയെന്നും ഭഗവദ് ദിഗ്വാനി വിശേഷിപ്പിച്ച ടിപ്പു സുല്‍ത്താന്‍, കേരള സിംഹം ആത്മഹത്യയിലഭയം കണ്ടെത്തിയപ്പോള്‍ പഴശ്ശിയുടെ പടനയിച്ച് പോര്‍ക്കളത്തില്‍ പോരാടി വീരമൃത്യു വരിച്ച ഉണ്ണി മൂസയും അത്തന്‍ കുരിക്കളും ചെമ്പന്‍ പോക്കരുമടങ്ങുന്ന മാപ്പിള നേതാക്കള്‍, ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ അണികള്‍ക്കാവേശം പകര്‍ന്ന വയോവൃദ്ധനായ ബഹദൂര്‍ഷാ സഫര്‍, നേതൃത്വം കൊടുത്ത ജനറല്‍ ഭക്ത്ഖാന്‍, മൗലവി അഹത്തുള്ള, ലിയാഖത്ത് അലി, ഖാന്‍ ബഹദൂര്‍ഖാന്‍,ബീഗം ഹസ്റത്ത് മഹല്‍ തുടങ്ങിയ മുന്‍നിര നേതാക്കള്‍. ദേശീയപ്രസ്ഥാനത്തില്‍ മഹാത്മാഗാന്ധിക്ക് ശക്തി പകര്‍ന്ന മൗലാനാ അബ്ദുല്‍ കലാം ആസാദ്, അലി സഹോദരങ്ങള്‍, ഖാന്‍ അബ്ദുല്‍ ഖാഫര്‍ ഖാന്‍, മുഹമ്മദലി ജിന്ന, എന്നിവരടങ്ങുന്ന മഹാത്മാരായ നേതാക്കള്‍. ഇങ്ങനെ നേതൃനിരയുടേതുമാത്രമായ ഈ പട്ടിക എണ്ണിക്കണക്കാക്കാവുന്നതിലുമപ്പുറമാണ്.
    പിറന്ന നാടിനെ സ്നേഹിച്ചതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ കഷ്ടനഷ്ടങ്ങളനുഭവിക്കേണ്ടിവന്ന മതവിഭാഗമേതെന്ന സാമുദായികവായനയില്‍ തെളിയുന്നതും മറ്റൊന്നല്ല. മുസ്ലിം സമുദായം എന്തു കൊണ്ട് ‘ചരിത്രപരമായി’ പിന്നോക്കമായി എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാണത്. അധിനിവേശ ചരിത്രത്തില്‍ ഗാമയും പിന്മുറക്കാരും ഈ സമുദായത്തോട് പകതീര്‍ത്തതിന്റെ കണക്കുകള്‍ ചരിത്ര പുസ്തകങ്ങളില്‍ കെട്ടിക്കിടക്കുന്നുണ്ട് എ.ഡി 1500-ല്‍ ഇന്ത്യയിലെത്തിയ കബ്രാള്‍ കടല്‍ മധ്യത്തില്‍ വെച്ച് കത്തിച്ചു കളഞ്ഞത് ചോരക്കുകളടങ്ങുന്ന 10 കപ്പലുകളിലെ 600 ഓളം മുസ്ലിം നാവികരെയായിരുന്നു. 1502-ലെ ഗാമയുടെ രണ്ടാം വരവില്‍ സ്ത്രീകളചക്കം ഹജ്ജ് യാത്രകരായ 400 തീര്‍ഥാടകരെയാണ് അധിനിവേശസംഘം അഗ്‌നിക്കിരയാക്കിയത് 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ഡല്‍ഹിക്കും സമീപപ്രദേശങ്ങളിലും മാത്രം കൊലചെയ്യപ്പെട്ടത് 25000 ത്തോളം മുസ്ലിംകളായിരുന്നുവെത്രെ. അന്ന് സ്വന്തം ചോരയില്‍ പിറന്ന മക്കളുടെ ശിരസ്സറ്റ കബന്ധങ്ങള്‍ക്കു മുന്നില്‍ നിന്ന് റങ്കൂണിലേക്ക് നാടുകടത്തപ്പെടുമ്പോള്‍ ബഹദൂര്‍ഷാ സഫര്‍ ഒരു പിടി മണ്ണ് വാരിയത് സ്വന്തം മണ്ണില്‍ അടക്കം ചെയ്യാനുള്ള അടങ്ങാത്ത അഭിലാഷം ഒന്നു കൊണ്ട് മാത്രമായിരുന്നു.
    വിശ്വസിക്കുന്ന ആദര്‍ശത്തെയും ആദര്‍ശ പുരുഷനെയും സ്നേഹിക്കലും ആ അടിത്തറയില്‍ ജീവിതവും കാഴ്ചപ്പാടുകളും രൂപപ്പെടലും സ്വാഭാവികമായ പ്രക്രിയയാണെന്നു ചുരുക്കം. തന്നെ പോലെ മറ്റുള്ളവരുടെ വികാര വിചാരങ്ങള്‍ക്ക് വില കല്‍പിക്കലായിരുന്നു പ്രവാചക സമീപനം. ശത്രുതയോടെ പ്രവാചകനെ കണ്ട് പ്രവാചകനെതിരെ നിരന്തരം തെറിയഭിഷേക പാട്ടുപാടിയ കവി, പ്രവാചക സാമീപ്യം ആസ്വദിച്ചപ്പോള്‍ ഏറ്റവും വലിയ പ്രവാചക വക്താവായി മാറിയ ചരിത്രം മറന്നുകൂട. വര്‍ഗ,വര്‍ണ വ്യത്യാസങ്ങള്‍ മാനുഷിക ബന്ധങ്ങളെ ഒരിക്കലും ബാധിക്കരുത്. വിശ്വാസിയുടെ സാമീപ്യം ഇതരര്‍ക്ക് കാവലൊരുക്കുന്ന രീതിയിലായിരിക്കണം. അതായിരുന്നു പ്രവാചക സാമൂപ്യത്തിന്റെ ഏറ്റവും വലിയ സവിശേഷത. പ്രവാചക സ്നേഹം ആവാഹിക്കുന്നതിലൂടെ, പ്രവാചക ജീവിതം വാക്കിലൂടെയും നാക്കിലൂടെയും പ്രസരിപ്പിക്കപ്പെടുമ്പോള്‍ തിരുജീവിതം പ്രചോദനമാവണം. അല്ലാതെ പ്രവാചക ജീവിതം തെറ്റായ രീതിയില്‍ അവതരിപ്പിച്ച് പ്രവാചക ജീവിതത്തെയും സമുദായ സൗഹാര്‍ദ്ദ യജ്ഞങ്ങളെയും പ്രതിക്കൂട്ടിലാക്കുന്നത് അത്ര ശുഭകരമല്ല.

മുആവിയ മുഹമ്മദ് ഫൈസി