മാറരിഞ്ഞ് മാര്‍ഗക്കല്യാണം നടത്തുന്നവരുടെ തോല് !

411

വാഷിംഗ്ടണിലെ ബാര്‍ബര്‍ഷോപ്പ് റിസപ്ഷനിസ്റ്റായിരുന്ന ജറേത്ത് നെബുല എന്ന 33 വയസ്സുള്ളയാള്‍ അന്യഗ്രഹജീവിയാണെന്ന് അവകാശപ്പെട്ട് അവ്വിധം രൂപഭേദം വരുത്തി സാമൂഹികപ്രവേശം നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. സ്ത്രീയായി ജനിച്ച അവര്‍ ഇരുപത്തൊമ്പതാം വയസ്സില്‍ തന്റെ അകത്തുള്ളത് പുരുഷനാണെന്ന് ‘കണ്ടെത്തി’ ട്രാന്‍സ്മാന്‍ ആയതിനു ശേഷമാണ് അതിന്റെയുമുള്ളിലെ ‘ഏലിയനെ’ കണ്ടെത്തി അന്യഗ്രഹജീവിയായത്. പക്ഷേ, താമസിക്കുന്നത് ഇതേഗ്രഹത്തില്‍ തന്നെയാണിപ്പോഴും. ഏലിയന്‍സ് ന്യൂട്രല്‍ ജന്‍ഡര്‍ ആയതിനാല്‍ തന്നെ ആരും സ്ത്രീ പുരുഷ സര്‍വനാമങ്ങളില്‍ അഭിസംബോധന ചെയ്യരുതെന്നും അചേതനമായ വസ്തുക്കളെ കുറിച്ച് നിര്‍ലിംഗപദം മാത്രമേ തന്നെ കുറിച്ച് ഉപയോഗിക്കാവൂ എന്നുമാണ് കക്ഷിയുടെ (അതിന്റെ) ആവശ്യം. ജപ്പാനില്‍ നിന്നൊരാള്‍ തന്റെ അകത്തുള്ളത് നായയാണെന്ന് കണ്ടെത്തി ലക്ഷങ്ങള്‍ മുടക്കി അക്കോലത്തിലായി (ട്രാന്‍സ്പീഷ്യസ്)കോളി എന്ന് സ്വനാമകരണം നടത്തിയിട്ട് ദിവസങ്ങളേയായുള്ളൂ. കറുത്തവര്‍ഗക്കാരായി സ്വയം പ്രഖ്യാപിക്കുന്ന വെള്ളവര്‍ഗക്കാരും മറിച്ചും (ട്രാന്‍സ്റേസിസം)ഇന്ന് പുതിയ പ്രവണതയാണ്. രചല്‍ ഡോലീസല്‍ എന്ന അമേരിക്കന്‍ വെളുത്ത വംശജ ഇനി മുതല്‍ തന്റെ മനസ് കറുത്തവംശത്തിന്റേതാണെന്ന് കണ്ടെത്തി വര്‍ഗമാറ്റം പ്രഖാപിച്ചതോടെയാണ് ലോകം അതേക്കുറിച്ച് ചിന്തിക്കുന്നത്.
ഇങ്ങനെ ലോകത്ത് ആര്‍ക്കും ആരുമാകാവുന്ന, എന്തുമാകാവുന്ന കാലത്താണ് കോഴിക്കോട് അച്ഛന്‍ പ്രസവിച്ച വാര്‍ത്ത നമ്മുടെ മാധ്യമങ്ങളും മന്ത്രി തന്നെയും ക്വിയര്‍ ആക്ടീവിസത്തിന്റെ മഹാവിജയമായും ശാസ്ത്രത്തിന്റെ നേട്ടമായും പ്രഖ്യാപിച്ചത്. കോഴിക്കോട് സംഭവിച്ചതിന്റെ പ്രത്യക്ഷം ഇങ്ങനെമാത്രമാണ്. തന്റെ അകത്തുള്ളത് പുരുഷനാണെന്ന് സ്വയം പ്രഖ്യാപിച്ച ഒരു സഹോദരി തന്റെ സ്തനം സര്‍ജറിയിലൂടെ നീക്കം ചെയ്ത ശേഷം, തന്റെ മനസ് സ്ത്രൈണമാണെന്ന് സ്വയം പ്രഖ്യാപിച്ച് (ഔട്ട് കമിംഗ്) ഹോര്‍മോണ്‍ തെറാപ്പി ചെയ്ത് സ്ത്രീയുടെ വേഷത്തിലേക്ക് മാറിയ ഒരു സഹോദരനിലൂടെ ഗര്‍ഭിണിയാവുന്നു. രണ്ടുപേരും ബോട്ടം സര്‍ജറി ചെയ്തിരുന്നില്ല. അഥവാ പ്രസവിച്ച ‘അച്ഛന്‍’ ഓവറിയും വജീനയും നീക്കം ചെയ്ത് ലിംഗം വെച്ചുപിടിപ്പിച്ചിരുന്നില്ല. ഗര്‍ഭമുണ്ടാക്കിക്കൊടുത്ത ‘സ്ത്രീ’ ലിംഗമോ ജനനേന്ദ്രിയമോ നീക്കം ചെയ്ത് സ്ത്രീഘടനയിലേക്ക് മാറിയിട്ടുമുണ്ടായിരുന്നില്ല. ഫലത്തില്‍ പ്രകൃതിദത്തമായ ലൈംഗികബന്ധത്തിലൂടെ സ്വാഭാവികമായ ഫലത്തിലെത്തി പ്രസവിച്ചതാണ് കഥ. അവര്‍ക്ക് ജനിച്ച കുട്ടി ‘പെണ്ണാണ്’ എന്ന് അതേറ്റുപിടിച്ചവര്‍ തന്നെ ആഘോഷമധ്യേ പ്രഖ്യാപിച്ചത് സെല്‍ഫ്ഗോളണെന്ന് മനസ്സിലാക്കാന്‍ അവര്‍ക്കെന്താണില്ലാതെ പോയതെന്ന് വിവേകമുള്ള മലയാളികള്‍ക്ക് മനസ്സിലാക്കാനാവും.
‘ട്രാന്‍സ് ജന്‍ഡേഴ്സ് ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു’ എന്ന തലക്കെട്ട് വാസ്തവത്തില്‍ ഒരു ട്രോളാണ്. ട്രാന്‍സ് വുമണ്‍ സ്വമേധയാ ഗര്‍ഭിണിയാവാനോ ട്രാന്‍സ്മാന്‍ ഗര്‍ഭമുണ്ടാക്കാനോ കഴിയുന്നത്ര ലോകത്തൊരിടത്തും വൈദ്യശാസ്ത്രം വികസിച്ചിട്ടില്ലെന്നിരിക്കെ, ശാസ്ത്രത്തിന്റെ നേട്ടമായി ഇതിനെ വാഴ്ത്തിയവര്‍ സ്യൂഡോ സയന്‍സിന്റെ കാര്യമാണ് പറയുന്നതെന്ന് എല്ലാവര്‍ക്കുമിനിയും മനസ്സിലായിട്ടില്ല. യഥാര്‍ഥ സയന്‍സിന്റെ നേട്ടമാണെന്നാണെങ്കില്‍ അവരോട് പറയാനുള്ള കഥയും കോഴിക്കോട് തന്നെയുണ്ട്. തെക്കോട്ട് പോവാനുള്ള യാത്രക്കാരന്‍ ആദ്യമായി ട്രൈയിന്‍ കയറിപ്പോള്‍ വണ്ടിമാറി വടക്കോട്ടുള്ള വണ്ടിയായിപ്പോയി. യാത്രാമധ്യേ, അടുത്തിരിക്കുന്ന ആളോട് എങ്ങോട്ടേക്കാണെന്നാരാഞ്ഞപ്പോള്‍ മംഗലാപുരത്തേക്ക് എന്നായിരുന്നു കൃത്യമായ മറുപടി. മറുപുറത്തെ തിരുവനന്തപുരത്തേക്ക് കയറിയ തനിക്ക് പിണഞ്ഞ അബദ്ധം അപ്പോഴും തിരിച്ചറിയാതെ സ്വല്‍പം ശാസ്ത്രഭക്തിയുടെ ആസ്‌ക്യതയുള്ള കക്ഷി പറഞ്ഞു: ‘ശാസ്ത്രത്തിന്റെ ഒരു പുരോഗതിയേ, ഒരേ ട്രൈയിന്‍ ഒരേസമയം തെക്കോട്ടും വടക്കോട്ടും പോവുന്നു’. ഇത്രേയുള്ളൂ അത്തരം ആര്‍മാദങ്ങള്‍.


ട്രാന്‍സ്ജന്‍ഡര്‍, അങ്ങനെയൊന്നുണ്ടോ ?
വസ്തുനിഷ്ഠമല്ലാത്തതിനാല്‍ നിര്‍വചനപരമായ കൃത്യതക്കുറവുണ്ടെങ്കിലും, ശാരീരികമായ ലൈംഗിക രൂപത്തിനോട് സാധര്‍മ്യപ്പെടാത്ത മാനസിക ലിംഗബോധം പേറുന്നവരെന്ന് സ്വയം വെളിപ്പെടുത്തി, സഹജ ലൈംഗികാവയവങ്ങളെ മനസ്സിനിണങ്ങുന്നതെന്ന് തോന്നുന്ന (ആ തോന്നല്‍ മാറാം) എതിര്‍ലിംഗാവസ്ഥയിലേക്ക് ശസ്ത്രക്രിയകളിലൂടെ പരിവര്‍ത്തിപ്പിച്ചവരെയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് പറയപ്പെടുന്നത്. അവര്‍ക്ക് വേണ്ടിയും മറ്റു ഭിന്നലൈംഗികവാദികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് ക്വിയര്‍ ആക്ടീവിസ്റ്റുകള്‍. അവരുടെ വാദപ്രകാരം, ജന്മാര്‍ജിതമായി ഒരുവ്യക്തിക്ക് ലഭിക്കുന്നത് സെക്ഷ്വല്‍ ഐഡന്റിറ്റി മാത്രമാണ്. ജെന്‍ഡറും(പുരുഷനാണോ സ്ത്രീയാണോ എന്ന ബോധം) സെക്ഷ്വല്‍ ഓറിയന്റേഷനും(തനിക്ക് ആരോടാണ്, എന്തിനോടാണ് ലൈംഗികാസക്തി തോന്നുന്നതെന്ന ബോധം) പിന്നീട് മാനസികമായി രൂപപ്പെടുന്നതാണ്, അഭിരുചിയനുസരിച്ച് മാറാവുന്നതാണ്. അല്ലെങ്കില്‍, ഗുപ്തമായത് കണ്ടെത്തപ്പെടേണ്ടതാണ്, സാങ്കേതികമായി ആത്മനിഷ്ഠമാണെന്ന് പറയും. ജെന്‍ഡര്‍ ഒരു നിശ്ചിത പ്രായമെത്തുമ്പോള്‍ വ്യക്തി സ്വയം കണ്ടെത്തുന്നതു വരെ സമൂഹമോ രക്ഷിതാക്കളോ തീരുമാനിക്കാതെ നിര്‍ലിംഗമാക്കിവെക്കുന്നതിനാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന് പറയുന്നത്. ചുരുക്കത്തില്‍, മേല്‍പ്പറഞ്ഞ പ്രകാരം മനസ്സിലാക്കാവുന്ന ഭിന്ന ലിംഗബോധ, ലൈംഗികാസക്തിബോധവാദത്തിന്റെ ന്യൂനതകള്‍ സംഗ്രഹിച്ച് ചുവടെ മനസ്സിലാക്കാം.
ഒന്ന്: ജെന്‍ഡറും സെക്സും രണ്ടാണെന്ന ക്വിയര്‍സിദ്ധാന്തവും രണ്ടാവാമെന്ന ലിബറല്‍ യുക്തിയും ശാസ്ത്രീയ യാഥാര്‍ഥ്യത്തിനെതിരാണ്. കോശങ്ങള്‍ക്കകത്തെ ന്യൂക്ലിയസില്‍ അല്ലെങ്കില്‍ മര്‍മത്തിനകത്തെ
ക്രോമാറ്റിന്‍ ജാലികയില്‍ സ്ഥിതിചെയ്യുന്ന ക്രോംസോമുകളാണ് മനുഷ്യനെ സ്ത്രീയോ പുരുഷനോ ആയി വേര്‍തിരിക്കുന്ന ഭൗതികനിദാനം. മനുഷ്യന് 23 ജോഡിയായി 46 ക്രോമസോമുകളാണുള്ളത്. ഇവയില്‍ 44 എണ്ണം സ്വരൂപികളും(സൊമാറ്റിക്) 2 എണ്ണം ലിംഗനിര്‍ണയ ക്രോമസോമുകളുമാണ്. അവയാണ് X ഉം Y ഉം അല്ലെങ്കില്‍ അണ്ഡവും ബീജവും. പുരുഷന്റെ ബീജത്തില്‍ X ഉം Y ഉം ഉണ്ടാവും. സ്ത്രീയുടെ അണ്ഡത്തില്‍ Y മാത്രവും. ബീജസങ്കലനത്തിന്റെ വേളയില്‍ സ്ത്രീയുടെ X ന്റെ കൂടെ ചേരുന്നത് പുരുഷന്റെ X ആണെങ്കില്‍ കുഞ്ഞ് പെണ്ണും Y ആണെങ്കില്‍ കുഞ്ഞ് ആണുമാവുകയാണ്. അതായത്, 44 XX സ്ത്രീയും 44 XY പുരുഷനും. ഇത് വിശുദ്ധ ഖുര്‍ആനില്‍ നിന്നും നേരിട്ട് ഗ്രഹിക്കാം എന്നതാണ് വാസ്തവം. ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്ക് ശാസ്ത്രീയ പിന്‍ബലമില്ല. അവിടെ ജന്മാനാ ചില ക്രോമസോം വ്യതിയാനങ്ങള്‍ വരുമ്പോള്‍ കുഞ്ഞ് ഇന്റര്‍സെക്സ് അഥവാ പഴയപ്രയോഗപ്രകാരമുള്ള ഹിജഡ ആവുന്നു. 46 xx, 46 xy, ഠrue Gonadal intersex, Complex intersex എന്നിങ്ങനെ നാലു രൂപങ്ങള്‍ അതിനുണ്ട്. ഇത് ഗര്‍ഭസ്ഥാവസ്ഥയില്‍ കണ്ടെത്തിയോ ശേഷമോ പരിഹരിക്കാന്‍ മാര്‍ഗങ്ങളുണ്ട്. എന്നാല്‍, ട്രാന്‍സ്ജന്‍ഡേഴ്സ് ഇവരല്ല. ശാരീരികമായി യാതൊരു ലൈംഗികഭിന്നതയുമില്ലാത്തവരാണവര്‍. ശേഷം, മറ്റൊരാക്കോ ശാസ്ത്രീയ സംവിധാനങ്ങള്‍ക്കോ നിര്‍ണയിക്കാനാവാത്തവിധം മനസ്സിന്റെ തോന്നലുകള്‍ക്കനുസരിച്ച് ലിംഗമാറ്റ ശസ്ത്രക്രിയയും എതിര്‍ലിംഗ ഹോര്‍മോണ്‍ സ്വീകരണവും നടത്തുകയാണവര്‍.
രണ്ട്: യഥാര്‍ഥത്തില്‍ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ഇന്റര്‍സെക്സ് സമൂഹത്തിനു വേണ്ടി ക്വിയര്‍ പ്രവര്‍ത്തകരും ലിബറലുകളും മിണ്ടാതെ കൃത്രിമ സമസ്യയുണ്ടാക്കി അത് പ്രത്യയശാസ്ത്രവത്കരിച്ച് ക്വിയര്‍ഫോബിയ എന്ന ഇരവാദം മുഴക്കുകയാണ്. എന്നാല്‍, ഒരഭിനിവേശം എന്ന നിലയില്‍ വ്യക്തിപരമായി ജെന്‍ഡര്‍ മാറുകയും അതിന്റെ പ്രചാരകരാവാതെ സ്വന്തം സന്തോഷങ്ങളില്‍ ജീവിക്കുകയും ചെയ്യുന്നവരെ ജനാധിപത്യപരമായി ഉള്‍ക്കൊള്ളാന്‍ ആര്‍ക്കും പ്രയാസമില്ല. മറിച്ച്, അത്തരം ഭ്രമങ്ങളെ മഹത്വവത്കരിക്കുകയും വിപണനം നടത്തുകയും ശാസ്ത്രീയവത്കരിക്കുകയും മറുപക്ഷത്തെ അപരിഷ്‌കൃതരായി അവതരിപ്പിക്കുകയും ചെയ്യുന്നവരും അതേറ്റുപിടിച്ച് മതവിരുദ്ധതയുടെ സാധ്യതകള്‍ കണ്ടെത്തുന്ന യുക്തന്മാരായ ക്ഷുദ്രജീവികളുമാണ് താളഭംഗം വരുത്തുന്നത്. മതിയായ തെളിവില്ലാത്ത കാര്യങ്ങള്‍ സാമാന്യവത്കരിക്കാന്‍ കൂട്ടുനിന്ന് നിയമപരമാക്കുന്ന ഭരണകൂട രീതിയും പുന:പരിശോധിക്കപ്പെടേണ്ടതുണ്ട്.
മൂന്ന്: ജെന്‍ഡര്‍ കണ്‍ഫേര്‍ഷന്‍ പ്രായമായി ഭരണകൂടം അംഗീകരിക്കുന്ന പതിനെട്ട് വയസ്സ് എന്ന പരിധി അശാസ്ത്രീയമാണ്. വിവേകമുറക്കുന്ന ഘട്ടമാണ് മനുഷ്യന്റെ ബൗദ്ധിക പ്രായപൂര്‍ത്തി (Intellectual Pubetry). ന്യൂറോ സയന്‍സിന്റെ ഏറ്റവും പുതിയ പഠനങ്ങള്‍ പ്രകാരം 25-40 വയസ്സിന്റെ ഇടയിലാണത്. സ്തനങ്ങള്‍ നീക്കം ചെയ്തില്ലായിരുന്നുവെങ്കില്‍ സ്വന്തം അകിടില്‍ നിന്നും വാവക്ക് പാല് കൊടുക്കാമായിരുന്നുവെന്ന് പറഞ്ഞ് നിര്‍ഭാഗ്യത്തെ പഴിക്കുന്ന കോഴിക്കോട്ടെ ട്രാന്‍സ്മാതൃത്വം തന്നെയാണ് നമുക്ക് മുമ്പിലെ ജീവിക്കുന്ന തെളിവ്.
ഒരാവേശത്തിന് സ്വന്തം ലൈംഗികാവയവങ്ങള്‍ ഛേദിച്ച് ജനനേന്ദ്രിയ പ്രകൃതങ്ങള്‍ മാറ്റിയ വ്യക്തിക്ക് തൊട്ടടുത്ത നിമിഷം തന്നെ അടിസ്ഥാന, ശാരീരിക,ലൈംഗിക സ്വത്വത്തിലേക്ക് മാറാന്‍ തോന്നാം. ഈ മനോവ്യതിയാനം Gender Dispheria എന്നാണറിയപ്പെടുന്നത്. പക്ഷേ, ഒരിക്കല്‍ മാറ്റിയ ശരീരം വീണ്ടും മാറ്റത്തിന് വഴങ്ങാതെ വരുമ്പോള്‍ ആത്മഹത്യ മാത്രം അഭയമാവുന്നു. ട്രാന്‍സ് ആത്മഹത്യയുടെ വാര്‍ത്തകള്‍ക്കിപ്പോള്‍ ആവര്‍ത്തന വിരസതയാണ്.
ഭാരിച്ച പണച്ചെലവുകളും സാഹസം നിറഞ്ഞ ശസ്ത്രക്രിയകള്‍ക്കും ശേഷം പോലും പൂര്‍ണമായ ട്രാന്‍സ്മിഷനോ ഒട്ടും പ്രത്യുല്‍പ്പാദനമോ സാധ്യമല്ല. ലൈംഗികമായ സഹജീവനം മാത്രം സാധ്യമാവുന്ന ഈ രീതിയെ മാര്‍ക്കറ്റിലെത്തിച്ചതിന്റെ പിറകില്‍ ലൈംഗികവ്യവസായ താല്‍പര്യങ്ങളാണ്. ട്രാന്‍സ് സമൂഹം ലൈംഗിക തൊഴിലാളികളാണെന്നാണ് മത,ധാര്‍മികപക്ഷ വിമര്‍ശനം എന്നാക്കി ഇതിനെ ചിലര്‍ അട്ടിമറിക്കാറുണ്ട്.
അത്തരക്കാര്‍ ലോകപ്രശസ്ത ന്യൂറോസയന്‍സ് പണ്ഡിതനും സെക്സോളജിസ്റ്റുമാര്‍ Dr. Derba Soh bpsS End of Gender , Dr. Ryan T. Anderosn sâ When Harry became Sally : Responding to the Transgender , Wall tSreet Journal കോളമിസ്റ്റായ Abigail shrier sâ lrreversible Damage തുടങ്ങിയ കൃതികള്‍ വായിക്കേണ്ടതാണ്. അമേരിക്കന്‍ കോളേജ് ഓഫ് പീഡിയാട്രീഷ്യന്‍സ് പ്രസിഡന്റ് Dr. Michelle A Crettella യുടെ പ്രഭാഷണങ്ങള്‍ കേട്ടാലും ട്രാന്‍സ്ജന്‍ഡേഴ്സ് കൃത്യമായ നിര്‍മിത പൊതുബോധത്തിന്റെ ഇരകളാണെന്ന് മനസ്സിലാവും.
അഞ്ച്: ആര്‍ക്കും മറുത്ത് പറയാനാവാത്തവിധം ആത്മനിഷ്ഠമായ ജെന്‍ഡര്‍ ട്രാന്‍സ്മിഷന്‍ അറ്റമിറ്റാത്ത സ്ത്രീപീഡനങ്ങള്‍ക്കാണ് ഭാവിയില്‍ കാരണമാവുക. ലിംഗവും വൃഷ്ണവും നീക്കം ചെയ്യാതെ ഈസിസ്ട്രോജിന്‍ സ്വീകരിച്ച് ക്ലീന്‍ഷേവും സ്ത്രീവേഷവും അണിഞ്ഞത് കൊണ്ട് മാത്രം ഒരാള്‍ ട്രാന്‍സ് വുമണ്‍ ആവുമോ ഇല്ലേ എന്നതിനുത്തരം ക്വിയര്‍ ആക്ടീവിസ്റ്റുകള്‍ തരേണ്ടതാണ്. ആവുമെങ്കില്‍ സാമൂഹിക ദ്രോഹികളുടെ സുവര്‍ണ ഘട്ടമാണത് വഴി സാധ്യമാവുക. യഥാര്‍ഥ ലിംഗമാറ്റം വരുത്തി സ്ത്രീയായ എമിലി ബ്രിഡ്ജസ് എന്ന കായിക താരത്തെ സ്ത്രീകളോടൊപ്പം സൈക്ലിംഗ് മല്‍സരത്തില്‍ നിന്ന് 2 വര്‍ഷം വിലക്കിയിരിക്കുകയാണ്. സ്ത്രീകളുടെ ജയിലില്‍ കടന്ന് അവിഹിത ഗര്‍ഭം വരുത്തുന്ന സ്യൂഡോ ട്രാന്‍സ്മാന്‍ പ്രതികളുടെ വാര്‍ത്തകളും ആഗോളതലത്തിലുണ്ട്. ബോട്ടം യൂറിനറി പ്ലാസ്റ്റിക് സര്‍ജറികള്‍ ചെയ്യാതെ കേവലം രൂപം മാറിയവര്‍ യഥാര്‍ഥ ട്രാന്‍സ് സമൂഹത്തോടാണ് അനീതി ചെയ്യുന്നത്. അക്കാര്യത്തില്‍ നിലപാട് പറയേണ്ടത് പൂര്‍ണ ലിംഗഭേദം വരുത്തിയവരാണ്.


അതിനിടയിലെ ചേലാകര്‍മം
സ്വയം സ്തനം ഛേദിച്ചതില്‍ വേദനിക്കുന്ന അമ്മയുടെ ദൃശ്യം മനുഷ്യഹൃദയങ്ങളെ നൊമ്പരപ്പെടുത്തുമ്പോള്‍ തന്നെയാണ് ഇസ്ലാമില്‍ നിന്നും പുറത്തുപോയി ഇസ്ലാമിനെതിരെ പറയാന്‍ സംഘടനയുണ്ടാക്കി ജീവിക്കുന്ന, സവര്‍ണ നാസ്തികരുടെ ചാവേര്‍പടയായ ഒരുകൂട്ടര്‍ ഇസ്ലാമിലെ ചേലാകര്‍മം നിരോധിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. പതിനെട്ട് വയസ്സിനു മുമ്പുള്ള മാര്‍ഗക്കല്യാണമാണത്രെ നിരോധിക്കേണ്ടത്. പുരുഷന്റെ ജനനേന്ദ്രിയവ്യൂഹം പൂര്‍ണമായും ഛേദിച്ച് അവിടെ ദ്വരമുണ്ടാക്കി പത്തിലേറെ ചെറുതും വലുതുമായ സര്‍ജറികള്‍ ചെയ്ത് ഒരാള്‍ സ്ത്രീയായി മാറുന്നതില്‍ അവര്‍ക്ക് വേദനയോ കടച്ചിലോ ഇല്ല. സെക്ഷ്വല്‍ റീ അസൈന്‍മെന്റ് എന്ന ലോകത്ത് ഒരിടത്തും പൂര്‍ണമായി സാധ്യമാവാത്ത ഒരു കാര്യത്തിനു വേണ്ടി പ്രലോഭനം പരത്തി കാമ്പയിന്‍ നടത്തുന്നതിലും അവര്‍ക്ക് പരാതിയില്ല. ജനിക്കുന്ന കുട്ടിക്ക് സ്വയം പാലൂട്ടാന്‍ സാധിക്കാത്ത വിധം സ്തനങ്ങള്‍ മുറിച്ചെടുക്കുന്നവര്‍ പിറക്കുന്ന പൈതലിന് അവകാശപ്പെട്ട മുലപ്പാല്‍ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാവുമെന്ന, അത്തരക്കാര്‍ക്ക് ഗര്‍ഭംധരിക്കുന്നത് കുറ്റകൃത്യമാക്കണമെന്ന നിയമജ്ഞരുടെ തന്നെ നിരീക്ഷണങ്ങള്‍ അവര്‍ക്ക് ബാധകമാവുന്നില്ല. ലിംഗത്തിന്റെ ഉപരിചര്‍മം (For skin ) മാത്രം നീക്കുന്നതാണ് അവര്‍ നിരോധിക്കാന്‍ നടക്കുന്ന ഇസ്ലാമിലെ ചേലാകര്‍മം. അത് ലിംഗാഗ്രത്തിലെ (Glanza ) പൂപ്പലുകള്‍ (Smegmas) വൃത്തിയാക്കാന്‍ എളുപ്പമാവുമെന്നും ലൈംഗിക രോഗങ്ങള്‍ ഇല്ലാതാവുമെന്നുമുള്ള നൂതനമായ ശാസ്ത്രീയ പഠനങ്ങള്‍ അവര്‍ കാണാറില്ല. ലൈംഗികാര്‍ബുദം വ്യാപകമായ നാടുകളില്‍ ചേലാകര്‍മമാണ് ചികിത്സയുടെ ആദ്യമുറ തന്നെ,
സ്ത്രീ ചേലാകര്‍മവും. അതേസമയം അന്ധവിശ്വാസം, അടിച്ചമര്‍ത്തല്‍ തുടങ്ങിയ കാരണങ്ങളാല്‍ തെറ്റായ രീതികളില്‍ നടക്കുന്ന അപകടരമായ ചേലാകര്‍മങ്ങള്‍ ലോകത്തുണ്ട്. അതാവട്ടെ മുസ്ലിംകള്‍ക്കിടയിലല്ല താനും. ഇസ്ലാമിലെ ചേലാകര്‍മത്തിന്റെ ആരോഗ്യ നേട്ടങ്ങള്‍ വിശദീകരിക്കുന്ന മെഡിക്കല്‍ ജേര്‍ണല്‍ പഠനങ്ങള്‍ ആര്‍ക്കും സുലഭമാണ്. ബൈബിളും തോറയും പുണ്യകരമാക്കിയ സെമിറ്റിക് സംസ്‌ക്കാരം കൂടിയാണത്. കാത് കുത്തുന്നതും മൂക്ക് കുത്തുന്നതുമടക്കം ദേഹം തുളക്കുന്നത് പോണ്‍ ടോയിസ് രഹസ്യഭാഗങ്ങളില്‍ അറ്റാച്ച് ചെയ്ത് ഘടിപ്പിക്കുന്നതും അവര്‍ക്ക് മനുഷ്യാവകാശമാണെന്നത് കൂടി ഓര്‍ക്കണം. പതിനെട്ട് വയസ് തികയും വരെ പാരന്റിംഗിന്റെ കാലമാണ്. അത്രയും വയസ്സ് വരെ യുക്തിവാദികള്‍ മക്കളെ പഠിപ്പിക്കാതെ, ശരിപ്പെടുത്താതെ പൊത്തില്‍ വെക്കാറാണോ പതിവ്. മക്കള്‍ സ്വതന്ത്രമായി വളരട്ടെ എന്ന കാഴ്ചപ്പാട് തന്നെ രക്ഷിതാക്കളുടെ കാഴ്ചപ്പാട് അടിച്ചേല്‍പ്പിക്കലല്ലേ?, മനുഷ്യന്റെ നൈസര്‍ഗിക പ്രകൃതം ആരെങ്കിലും അവരെ പരിപാലിച്ച് വളര്‍ത്തണം എന്ന സനാഥത്വ ബോധമാണ്.


ആഫ്രിക്കന്‍ ചേലാകര്‍മമല്ല ഇസ്ലാമിലേത്
സ്ത്രീയുടെ ചേലാകര്‍മം(ഫീമെയില്‍ സര്‍കംസിഷന്‍) ഇസ്ലാമുമായോ മറ്റു മതങ്ങളുമായോ ബന്ധപ്പെട്ട വിഷയമല്ല. സഹസ്രാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ലോകനാഗരികതകളുമായും ഉപോല്‍പ്പന്നങ്ങളായ വിവിധ സംസ്‌കാരങ്ങളുമായും ബന്ധപ്പെട്ട ആചാരമാണ്. അതുസംബന്ധിച്ച് ലോകത്ത് വിവിധ സര്‍വകലാശാലകളുടെ കീഴില്‍ ഗഹനമായ ഗവേഷണം നടന്നുകൊണ്ടിരിക്കുന്നുണ്ട്. പഠനങ്ങള്‍ പ്രകാരം ‘യോനീഛേദക്രിയ’ വൈദ്യശാസ്ത്രത്തിന്റെ വിഷയമല്ല.
ലാറ്റിനമേരിക്ക, ആഫ്രിക്ക, ചില ദ്വീപ് ഗോത്രസമൂഹങ്ങള്‍ എന്നിവയില്‍ പ്രാചീനകാലം മുതലും മധ്യേഷ്യ, യൂറോപ്പ്, അമേരിക്കന്‍ ഐക്യനാടുകള്‍ തുടങ്ങിയിടങ്ങളില്‍ മധ്യകാലം മുതലും ഈ ആചാരം വിവിധ രൂപത്തില്‍ നടന്നുവരുന്നു. അനാചാരം, അത്യാചാരം, ആചാരം എന്നീ ത്രിതലമാനങ്ങളില്‍ ഇതു വിലയിരുത്തപ്പെട്ടിട്ടുണ്ട്. നിലവില്‍ ഇരുപതു രാജ്യങ്ങളിലെങ്കിലും സ്ത്രൈണ പ്രജനനാവയവങ്ങളുടെ വിവിധ ഭാഗങ്ങള്‍ മുഴുവനായോ ഭാഗികമായോ ഛേദിച്ചുകളയുന്ന സമ്പ്രദായം നിലനില്‍ക്കുന്നുണ്ടെന്നാണ് സാമൂഹികവിശാരദനും ഭിഷഗ്വരനുമായ ഡോ.ഡസ്മണ്ട് മോറിസ് രേഖപ്പെടുത്തുന്നത്. (നഗ്നനാരി മാതൃഭൂമി പബ്ലിക്കേഷന്‍സ്).
ഇതുമായി ബന്ധപ്പെട്ട ഏറ്റവും ശ്രദ്ധേയമായ പഠനം നാന്‍സി എഹ്റെന്റിക്ക്, മാര്‍ക്ക്ബാര്‍ എന്നിവര്‍ ചേര്‍ന്നു രചിച്ച ‘ഇന്റര്‍സെക്സ് സര്‍ജറി, ഫീമെയില്‍ ജനിറ്റല്‍ കട്ടിങ് ആന്‍ഡ് ദ സെലക്ടീവ് കണ്ടംനേഷന്‍ ഓഫ് കള്‍ച്ചറല്‍ പ്രാക്ടീസസ് ‘ എന്ന ഗവേഷണ കൃതിയാണ്. സ്ത്രൈണ ചേലാകര്‍മവുമായി ബന്ധപ്പെട്ട ആയിരത്തിലധികം പഠനങ്ങളെ ആസ്പദമാക്കി എഴുതപ്പെട്ട കൃതിയെന്ന നിലയില്‍ അത് വേറിട്ടുനില്‍ക്കുന്നു. സ്ത്രീകള്‍ക്കിടയിലെ ചേലാകര്‍മം സാമ്പ്രദായിക മുസ്ലിംകളുടെയും ചില ആഫ്രിക്കന്‍ നാടുകളുടെയും അപരിഷ്‌കൃതമായ ആചാരമാണെന്ന മൂടിക്കെട്ടല്‍ എത്രത്തോളം ഭീമാബദ്ധമാണെന്ന് അതു വായിച്ചാല്‍ ബോധ്യമാവും.
ശരിതെറ്റുകള്‍ക്കപ്പുറം, ഇന്ന് മൂന്നു രൂപങ്ങളിലുള്ള യോനി ഛേദക്രിയകളാണു സ്ത്രീ ചേലാകര്‍മത്തിനു ലോകത്തുള്ളത്. പൊതുവായി അവ ‘ശിശ്നികാഗ്രഛേദം’ (ഫീമെയില്‍ സര്‍കംസിഷന്‍) എന്നറിയപ്പെടുന്നു. ഇതിന്റെ രണ്ടു രൂപങ്ങളാണു ഫീമെയില്‍ ജനിറ്റല്‍ കട്ടിംഗും ലൈംഗികാന്തര ശസ്ത്രക്രിയയും. സ്ത്രൈണ പ്രജനനാവയവത്തിന്റെ ഭഗാധരങ്ങള്‍ മാത്രം നുള്ളിക്കളയുന്ന രീതിയാണു പൊതുവെ നിലവിലുള്ളത്. ഈ രീതി ഇപ്പോള്‍ അമേരിക്കയിലും വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും ചില അറബ് നാടുകളിലും അനുഷ്ഠിക്കപ്പെടുന്നു.
ചിലര്‍ ഗുരുതരമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നു. ഭഗാധരങ്ങളും ഭഗശിശ്നികയും മുറിച്ചുകളയുകയോ ചീകിക്കളയുകയോ ചെയ്തു യോനീദ്വാരം മൂത്രസരിത്തിനും ആര്‍ത്തവ ഒഴുക്കിനുമുള്ള വിടവു മാറ്റിനിര്‍ത്തി തുന്നിക്കൂട്ടുന്ന സമ്പ്രദായമാണത്. അതിന് ഇന്‍ഫിബുലേഷന്‍ എന്നാണു പറയുക. മുകളില്‍ പരാമര്‍ശിക്കപ്പെട്ട രീതികള്‍, സൂചിപ്പിക്കപ്പെട്ട നാടുകളില്‍ സാര്‍വത്രികമായി നടന്നുകൊണ്ടിരിക്കുന്നു എന്നല്ല പറഞ്ഞത്. സാമൂഹികമോ സാംസ്‌കാരികമോ ആയ പ്രേരണകളാല്‍ പ്രാക്തനകാല ശീലങ്ങളായിപ്പോലും എല്ലാതരത്തിലുമുള്ള സ്ത്രീചേലാകര്‍മങ്ങളെയും എതിര്‍ക്കുന്നില്ല എന്നതു പ്രത്യേകം പ്രസ്താവ്യമാണ്. FGC യിലെ മാനുഷികവിരുദ്ധമല്ലാത്ത ചില രീതികളെ അവര്‍ സംസ്‌കാരത്തിന്റെ ഭാഗമായി വകവച്ചു കൊടുക്കുന്നുണ്ട്.
സ്ത്രീ ചേലാകര്‍മങ്ങളുടെ പ്രേരകഘടകങ്ങള്‍ നോക്കിയാലും വൈവിധ്യങ്ങള്‍ കാണാനാകും. ആഫ്രിക്കയിലെ ആധുനികരീതികളും അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ടതാണ്; അവര്‍ക്ക് അതു വിശ്വാസത്തിന്റെ ഭാഗമാണ്. അമേരിക്കയിലും യൂറോപ്പിലും കറുത്തവര്‍ഗക്കാര്‍ക്കിടയിലെ സ്ത്രീകളുടെ പ്രത്യുല്‍പാദനശേഷി ഇല്ലാതാക്കാനായി വെളുത്തവര്‍ഗക്കാരായ ഭരണാധികാരികള്‍ ക്രൂരമായ ചേലാകര്‍മ ക്രീഡകള്‍ നടപ്പില്‍ വരുത്തിയിരുന്നു.
അതിലേറെ വൈചിത്ര്യം, നിരന്തരമായ ലൈംഗികാനന്ദത്തിനായി മധ്യകാല യൂറോപ്പിലെ വരേണ്യവിഭാഗത്തിലെ സ്ത്രീകള്‍ പ്രത്യേക തരത്തില്‍ ശിശ്നികാഗ്രഛേദം ആവിഷ്‌കരിച്ചിരുന്നുവെന്നതാണ്. മറ്റൊന്ന്, സ്ത്രീലൈംഗികാവയവങ്ങളുടെ ശാരീരികമോ വൈകാരികമോ ആയ ന്യൂനതകള്‍ പരിഹരിക്കാനുള്ളതാണ്. ഇത് വൈദ്യശാസ്ത്രത്തിന്റെ ഭാഗമാണ്. ചുരുക്കത്തില്‍, സ്ത്രീചേലാകര്‍മമെന്നത് ഒരു സാംസ്‌കാരികാചാരമാണെന്നും അവയില്‍ അതിക്രൂരവും മാനവികവിരുദ്ധവുമായ രീതിയിലുള്ളതു മുതല്‍ സാധാരണരീതിയിലുള്ളതുവരെയുണ്ടെന്നും മനസ്സിലാക്കാം. പ്രധാന കാര്യം, ഇന്റര്‍നെറ്റിലും അക്കാദമിക് ലൈബ്രറികളിലും ലഭ്യമായ ഫെമിനിസ്റ്റ് പുസ്തകങ്ങളിലും സാമൂഹികനിരൂപണങ്ങളിലും അപരിഷ്‌കൃതമെന്നും സ്ത്രീവിരുദ്ധമെന്നും പറയപ്പെട്ടത് അക്കൂട്ടത്തില്‍ ചിലതിനെ സംബന്ധിച്ചാണ്.
ആ നിരൂപണമൂശയിലും വിമര്‍ശനഭാഷയിലുമാണ് ഇപ്പോള്‍ കേരളത്തില്‍ ചര്‍ച്ചയായ ‘മുസ്ലിം സ്ത്രീ ചേലാകര്‍മം’ വായിക്കപ്പെടുന്നത് എന്നതാണു ഖേദകരം. മേല്‍പറയപ്പെട്ട ക്രിയകളില്‍ ചിലത്, പ്രജനനശേഷി, ലൈംഗികാസക്തി, രതിമൂര്‍ച്ഛ തുടങ്ങിയവയെ ഇല്ലാതാക്കും. അതിന്റെ ‘ഇര’ ചിലപ്പോള്‍ കടുത്ത മാനസിക ക്ഷോഭത്താല്‍ ഹതാശയായി മാറുകയും ചെയ്യും. അത്തരം ആരോപണങ്ങള്‍ കേട്ട് അസ്ഥാനത്ത് തരിപ്പു കയറിയവരാണ് അവയൊന്നുമല്ലാത്ത ‘ഖിതാനുല്‍മര്‍അതി’നെതിരെ രംഗത്തു വരുന്നത്.
ഇസ്ലാമിക സ്ത്രീചേലാകര്‍മവും മറ്റൊരര്‍ഥത്തില്‍ സാംസ്‌കാരികം തന്നെയാണ്. നാഗരികതകളുടെ സംഗമഭൂമിയിലാണ് പ്രവാചക നിയോഗം നടന്നത്. ഒന്നര സഹസ്രാബ്ദങ്ങള്‍ക്കു മുമ്പത്തെ പ്രധാന ലോകസംസ്‌കൃതികളായ പേര്‍ഷ്യന്‍, റോമന്‍, ഇന്ത്യന്‍, അറബ് സമൂഹങ്ങളുടെ മധ്യകേന്ദ്രമായിരുന്നു പ്രവാചകന്റെ കേളീനിലമായ ഹിജാസ്. ഇസ്ലാമിനെ അയത്ന ലളിതമായി പ്രചരിപ്പിക്കല്‍ ചില നാഗരികശീലങ്ങളെ പ്രവാചകന്‍ പഴയതുപോലെ സമ്മതിച്ചു കൊടുത്തിരുന്നു. ഭാഷ, വേഷം, ഭക്ഷണം, പേരുകള്‍ തുടങ്ങിയവയില്‍ പിഴവില്ലാത്തതിനെ നബി തിരുമേനി(സ്വ) നിലനിര്‍ത്തിയത് ഇസ്ലാമിനെ പ്രകൃതിയുടെ മതമായി വളര്‍ത്തുന്നതിന്റെ ഭാഗമായിട്ടുകൂടിയാണ്.
മനുഷ്യന്റെ നൈസര്‍ഗികവും ആത്മീയവും ജൈവികവുമായ എല്ലാ നന്മകളെയും പ്രചോദിപ്പിക്കുന്നതിന്റെ ഭാഗമായാണു മൂവായിരത്തോളം വര്‍ഷങ്ങള്‍ പഴക്കമുള്ള ചേലാകര്‍മം നബി (സ്വ) നിലനിര്‍ത്തുന്നത്. ഇബ്റാഹിം നബി (അ)മിന്റെ സഞ്ചാരപഥം മെസപ്പെട്ടോമിയ മുതല്‍ ഫലസ്തീന്‍ വരെയായിരുന്നു. അന്ത്യപ്രവാചകന്റെ കാലമാകുമ്പോഴേയ്ക്ക് ഈ പ്രവിശാലമായ പ്രവിശ്യയിലെ ഇബ്റാഹീമി മതം വികലമായിപ്പോയിരുന്നു. പക്ഷേ, ജനങ്ങള്‍ അനുവര്‍ത്തിച്ചുവന്ന അദ്ദേഹത്തിന്റെ ശീലങ്ങളില്‍ ചേലാകര്‍മം നിലനിന്നു. വൃത്തിയുടെ ഭാഗമായി അറേബ്യന്‍ പെനിന്‍സുല അതിനെ അന്ത്യപ്രവാചകനു മുമ്പേ നിലനിര്‍ത്തി.
അതുകൊണ്ടാണ് നബി(സ്വ)യുടെ കാലത്തു കൂട്ടംകൂട്ടമായി ഇസ്ലാമിലേക്ക് ആളുകള്‍ വന്ന വിപ്ലവഗാഥകളിലൊന്നും ‘മാര്‍ഗകല്യാണ’ങ്ങളുടെ കഥകള്‍ കാണാത്തത്. ആഫ്രിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍നിന്നെല്ലാം മദീനയിലേക്കു മതംകൂടാന്‍ ആളുകള്‍ വന്നിട്ടുണ്ട്. പക്ഷേ, മദീനയില്‍ ഒരു ‘സുന്നത്ത് കല്യാണ കാമ്പ്’ നടത്തേണ്ടിവന്നിട്ടില്ല. അത് നാഗരികതയുടെ സംഭാവനയാണ്. സ്ത്രീകളും ആരോഗ്യത്തിനു ഹാനികരമല്ലാത്ത ചേലാകര്‍മം പ്രവാചകാഗമനത്തിനു മുമ്പേ ചെയ്തുവന്നിരുന്നു. ഇസ്ലാം അതിനെ വ്യവസ്ഥപ്പെടുത്തിക്കൊണ്ടു നിലനിര്‍ത്തി. ഭഗാധരങ്ങളുടെ പുറത്തുള്ള അനാവശ്യമായ തൊലിമാത്രം നുള്ളിക്കളയലാണ് ഇസ്ലാമിലെ സ്ത്രീ ചേലാകര്‍മം. അതൊരിക്കലും ശിശ്നികാഗ്രഛേദമല്ല. ഗ്രന്ഥങ്ങളില്‍ പറഞ്ഞതുപോലെ ചര്‍മഛേദം മാത്രമാണ്.
അത്തറിനെയും പെണ്ണിനെയും പുഷ്പത്തെയും ഒരേ ചരടിലെണ്ണിയ മാനവിക സുഗന്ധമാണ് മുഹമ്മദീയത. ധിഷണയും സ്നേഹവും ഭാവനയും പൂര്‍ണമായ ഒരു മനുഷ്യനെ അങ്ങനെ കോര്‍ക്കാനാവൂ. മറ്റൊരിടത്ത് സ്ത്രീയെ സ്ഫടികത്തോടാണു നബി ഉപമിച്ചത്. ഐഹികവിഭവങ്ങളുടെ തലപ്പത്തു സ്ത്രീസൗന്ദര്യത്തെ പ്രതിഷ്ഠിച്ച പ്രായോഗികവാദികൂടിയാണ് പ്രവാചകന്‍. അങ്ങനെയൊരാള്‍ക്കു സ്ത്രീയെ വേദനിപ്പിച്ചു പീഡിപ്പിക്കുന്ന സംസ്‌കാരം നിലനിര്‍ത്താനാവില്ല. പ്രവാചകനെ സ്ത്രീമോഹിയായി വികലമാക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെയാണ് ആ പ്രവാചകന്റെ മതം സ്ത്രീലൈംഗികസ്വാതന്ത്ര്യത്തെ ഛേദിക്കുന്നുവെന്നു വിലപിക്കുന്നതെന്നതാണു വിരോധാഭാസം.
ചില വിമര്‍ശനങ്ങള്‍ക്കു മറുപടി പറയാതെ വയ്യ. സ്ത്രീയുടെ ശരീരം മുറിക്കുന്നതാണു ചിലര്‍ കാണുന്ന അനൗചിത്യം. പുതിയ ലെസ്ബിയന്‍ കോസ്മറ്റോളജിയുടെ ഭാഗമായ ശസ്ത്രക്രിയ പ്രകാരം സ്ത്രീ ലൈംഗികാവയവം വിവിധ രൂപങ്ങളില്‍ തുളച്ച് സെക്സ്ടോയിസ് ഘടിപ്പിക്കുന്നത് ആധുനികതയുടെ ഭാഗമാണ്. നിലക്കാത്ത ലൈംഗികാസ്വാദനത്തിനായി ഇങ്ങനെ വിവിധ രൂപങ്ങളില്‍ ഓപ്പറേഷനുകള്‍ നടക്കുന്നുവെന്ന് അന്വേഷണവായനയില്‍ ആര്‍ക്കും കണ്ടെത്താം. അത് പുതിയൊരു സംസ്‌കാരത്തിന്റെ ഭാഗമാണെന്നതിനാല്‍ ലൈംഗിക ന്യൂനപക്ഷത്തിന്റെ അവകാശമാണ് ബോളിവുഡ് നടിമാരെ അനുകരിച്ച് മലയാളി സ്ത്രീകള്‍ മൂക്കിനു കുത്താന്‍ തുടങ്ങി. കര്‍ണാഭരണദ്വാരവും അങ്ങനെ തന്നെ.
കേരളം പോലൊരു നാട്ടില്‍ ഇന്ന് അത് നിലവിലില്ലാത്തതിന്റെ കാരണം നിപുണകളായ സഹവര്‍ത്തിനികളുടെ അഭാവമാണ്; സാംസ്‌കാരിക മാറ്റം. മുസ്ലിംസ്ത്രീകള്‍ക്ക് അത് ഖണ്ഡിതമായി നിര്‍ബന്ധമല്ല താനും. വൃത്തിക്കും ആരോഗ്യത്തിനും ഇസ്ലാമിക ചേലാകര്‍മം ഉത്തമമാണെന്ന മെഡിക്കല്‍ പഠനങ്ങള്‍ ധാരാളമുണ്ട്. ഛേദിച്ചു കളയേണ്ട ഭാഗം സൃഷ്ടിപ്പില്‍ പൂര്‍ണനായ സ്രഷ്ടാവ് എന്തിനുണ്ടാക്കി എന്നതാണു ചില യുക്തിവാദികളെ അലട്ടുന്ന സംശയം. ബ്രാന്‍ഡഡ് കമ്പനികള്‍ ഒരുല്‍പന്നം പുറത്തിറക്കുമ്പോള്‍, ഏറ്റവും പ്രധാനഭാഗങ്ങള്‍ കവര്‍ ചെയ്തിട്ടു മാത്രമേ പുറത്തിറക്കാറുള്ളൂ, മുഖാവരണം നീക്കം ചെയ്താലേ ഉപയോഗം എളുപ്പത്തില്‍ ആവുകയുള്ളൂ എന്ന് യുക്തികൊണ്ട് തിരിച്ചു ചിന്തിച്ചാല്‍ തീരുന്ന പ്രശ്നമേ അതിലുള്ളൂ.

ശുഐബുല്‍ ഹൈതമി

LEAVE A REPLY

Please enter your comment!
Please enter your name here