മില്ലതുഇബ്റാഹീം; സമര്‍പണത്തിന്റെ അതിജീവന പാഠങ്ങള്‍

1758

കോവിഡ് വ്യാപനം ആഗോള പ്രതിസന്ധിയായി മാറിയ കാലത്താണ് നാം ജീവിക്കുന്നത്. സാമൂഹിക ജീവിതത്തിന്റെ എല്ലാ തലങ്ങളെയും വ്യത്യസ്ത രൂപങ്ങളിലായി ഇതിന്റെ അലയൊലികള്‍ ബാധിച്ചു കഴിഞ്ഞു. കൊറോണക്കാലം തീര്‍ത്തുകൊണ്ടിരിക്കുന്ന വിഷമ സന്ധിയിലാണ് ഈവര്‍ഷത്തെ ഹജ്ജ് കടന്നുവരുന്നതെങ്കിലും ഖലീലുല്ലാഹി ഇബ്രാഹീം നബി(അ)ന്റെയും കുടുംബത്തിന്റെയും യുക്തിഭദ്രമായ ചിന്താധാരകളും ജീവിതാവിഷ്‌കാരങ്ങളും ഇലാഹീ വഴിയിലെ സമര്‍പണ ചരിതങ്ങളും പൈശാചികാധിപത്യത്തിനെതിരെയുള്ള പ്രതിരോധ/പ്രതികരണ നടപടികളും ദൈവിക പ്രീതിക്ക് വേണ്ടിയുള്ള ത്യാഗോജ്ജ്വല പ്രയത്നങ്ങളും ഭൗതിക പ്രതിസന്ധികള്‍ക്കെതിരെയുള്ള അതിജീവനപാഠങ്ങളും ഏതുകാലത്തും പ്രസക്തവും നിത്യഹരിത മാതൃകാപാഠങ്ങളുമാണ്.

അതിജീവനത്തിന്റെ ഇബ്റാഹീമീ പാഠങ്ങള്‍
കോവിഡ് കാരണം പുറമേ നിന്നുള്ള ഹാജിമാര്‍ക്ക് സഊദി വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ദേശഭാഷാവൈവിധ്യങ്ങള്‍ക്കധീതമായി മക്കയുടെ മണ്ണില്‍ വച്ചുള്ള ലോകമുസ്ലിംകളുടെ ആഗോള സംഗമം സാധ്യമല്ലെങ്കിലും ശാരീരികമായ കൂടിച്ചേരലുകള്‍ക്കപ്പുറം ലോക മുസ്ലിം സമൂഹം മാനസികമായി ഹജ്ജിന്റെ ഉള്‍സാരങ്ങളെ ഹൃദയത്തോടു ചേര്‍ത്തുവച്ച് ഇബ്റാഹീമീയോര്‍മകളില്‍ ലയിച്ചുചേര്‍ന്ന് ചരിത്രത്തിലെ മഹോന്നത നിമിഷങ്ങളെ വര്‍ത്തമാനത്തോട് ചേര്‍ത്തുവക്കുന്ന കാലമാണിത്. കോവിഡ് കാലത്തോടെന്നു മാത്രമല്ല, ഏതുകാലത്തോടും സംവദിക്കാനും ആശയവിനിമയം നടത്താനും സാധിക്കുന്ന ഉള്‍ക്കാമ്പുള്ള ആശയങ്ങളുടെ സമാഹാരമാണ് ഹജ്ജ്.
ഇസ്ലാമിലെ പ്രധാനപ്പെട്ട ഘടകമായ ഹജ്ജ്, കേവല ആചാരങ്ങളുടെയും കര്‍മങ്ങളുടെയും സമാഹാരമല്ല. മറിച്ച്, ആത്മീയാനുഭവത്തിന്റെ അതിരുകള്‍ക്കധീതമായ അവസ്ഥകളെയാണ് ഹജ്ജ് പ്രതിനിധീകരിക്കുന്നത്. ഹജ്ജിന്റെ ഓരോ കര്‍മങ്ങളും ചരിത്രത്തിന്റെ ഉജ്ജ്വല സാക്ഷ്യങ്ങളുടെ പ്രതീകങ്ങളാണ്. കേവല ദിനരാത്രങ്ങളുടെ നീളമാണ് ഹജ്ജിനുള്ളതെങ്കിലും ദൈവിക സാന്നിധ്യത്തിന്റെ രസമറിഞ്ഞ് ആ പുണ്യലായനിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന നീണ്ടുകിടക്കുന്ന ഇന്നലെകളുടെ ഓര്‍മകളെയാണ് അത് പുന:രര്‍പണം ചെയ്യുന്നത്.
ഹജ്ജിന്റെ ഓരോ കര്‍മങ്ങളും കേന്ദ്രങ്ങളും ചരിത്രത്തിന്റെ പുനരാവിഷ്‌കാരമാണ്. സഫയും മര്‍വയും മിനയും അറഫയും ജംറകളും മത്വാഫും മഖാമു ഇബ്റാഹീമും സംസമും അടക്കമുള്ള ഓരോ കേന്ദ്രങ്ങള്‍ക്ക് പിന്നിലും ജ്വലിക്കുന്ന ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ആ ഓര്‍മകള്‍ ഊര്‍ജമായി നമ്മുടെ ഹൃത്തടങ്ങളില്‍ നിലക്കാത്ത പ്രവാഹമായി മാറണം. ആ ശക്തമായ പ്രവാഹത്തില്‍ ഖല്‍ബില്‍ കുടികൊള്ളുന്ന അശാന്തിയുടെ വിത്തുകള്‍,ഭൗതിക പ്രമത്തത,പൈശാചിക ചിന്തകള്‍,മാനസിക വൈകല്യങ്ങള്‍ തുടങ്ങിയ എല്ലാ അരുതായ്മകളെയും കടപുഴക്കിയെറിയപ്പെടണം. ഹജ്ജിനെത്തിപ്പെടാന്‍ ഭാഗ്യം ലഭിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ സാധിക്കുന്ന/സാധിക്കേണ്ട കാര്യമാണിത്. കോവിഡ് തീര്‍ക്കുന്ന പരിമിതികളും പ്രതിസന്ധികളുമുളള ഈ ഹജ്ജു കാലത്തെ നാം ഇങ്ങനെയാണ് ചേര്‍ത്തുവക്കേണ്ടത്.
കറകളഞ്ഞ ഹൃദയമാണ് ഒരു മനുഷ്യന് ഭൂമിയില്‍ വച്ചു ലഭിക്കാവുന്ന ഏറ്റവും മൂല്യമേറിയ സമ്പത്ത്. ആ വിശുദ്ധി ലഭ്യമാകാന്‍ നിരവധി വഴികളുണ്ടെങ്കിലും ഹജ്ജിനോളം വരില്ല അതൊന്നും. ദേഹത്തിന്റെ മോഹങ്ങള്‍ക്കും നിരര്‍ഥകമായ നാട്യങ്ങള്‍ക്കുമൊപ്പം മാത്രമായി സഞ്ചരിച്ച് തളര്‍ന്ന ദേഹിയെ സ്ഫുടം ചെയ്തെടുക്കാനുള്ള രാസപ്രവര്‍ത്തനങ്ങളാണ് ഹജ്ജിലൂടെ അരങ്ങേറുന്നത്. ഭൗതിക ജീവിതത്തോടുള്ള സകല ബന്ധങ്ങളും പരിത്യജിച്ച് അല്ലാഹുവിന്റെ വഴിയിലേക്കു വെമ്പുന്ന ഹൃദയവുമായി നടന്നടുക്കുകയാണ് ഓരോ ഹാജിയും. ഓരോ അടിമയും പ്രണയാതുരമായ മനസ്സോടെ തന്റെ യജമാനനില്‍ ലയിച്ചു ചേരാനുളള യാത്രയില്‍ എല്ലാ ത്യാഗങ്ങളും പൂമാലകളായി കഴുത്തിലണിഞ്ഞാണ് മക്കയുടെ മണ്ണില്‍ കാലുകുത്തുന്നത്. കറകള്‍ പൂര്‍ണമായും നീങ്ങി പരിശുദ്ധിയുടെ ചെപ്പായി ഹൃദയം മാറുമ്പോഴാണ് അല്ലാഹുവിന്റെ വഴിയിലുള്ള സമര്‍പണത്തിന്റെ മാറ്റുകൂടുന്നത്. ആത്മചൈതന്യത്തിന്റെ പ്രഭാകിരണങ്ങള്‍ക്ക് ഹൃദയാന്തരാളങ്ങളില്‍ വെളിച്ചം വിതറാനാകണമെങ്കില്‍ മാനസിക വിശുദ്ധി അനിവാര്യമാണ്. ഈ വിശുദ്ധി നേടിക്കഴിഞ്ഞാല്‍ ഭൗതികത സമ്മാനിക്കുന്ന മന:സംഘര്‍ഷത്തില്‍ നിന്നും നമുക്ക് മോചനം ലഭിക്കും. ഇങ്ങനെ അല്ലാഹുവിനോടുള്ള പ്രണയം സമ്മാനിക്കുന്ന പരമാനന്ദത്തിന്റെ അനുഭൂതിയിലേക്ക് മനസ്സിനെയും ശരീരത്തെയും വഴിതിരിച്ചുവിടാന്‍ ഹജ്ജിനെ പോലെ സാധ്യമാകുന്ന മറ്റൊരു വഴിയുമില്ല. ദൈവിക സമര്‍പണത്തിന്റെ എല്ലാ ഭാഷയും സമ്മേളിച്ച ഇബാദത്താണ് ഹജ്ജ്. ഇഹ്റാമിന്റെ തൂവെള്ള വസ്ത്രം ധരിച്ച് ഒരു പരിവ്രാജചകനെ പോലെ ആത്മസാക്ഷാത്കാരത്തിന്റെ വഴിയിലേക്ക് കണ്ണെറിയുന്ന ഹാജിക്ക് മുന്നില്‍ ഭൗതികമായ ആനന്ദത്തിന്റെയും ആസ്വാദനത്തിന്റെയും എല്ലാവഴികളും അപ്രസക്തമായി മാറുന്നു.
ഏതുകാലത്തും വിശ്വാസികള്‍ക്ക് ശുഭപ്രതീക്ഷയും ആശ്വാസവും നല്‍കുന്നതാണ് ഇബ്റാഹീമീ കുടുംബത്തിന്റെ സ്മരണകള്‍. സ്വജീവിതം കൊണ്ട് ഉത്കൃഷ്ടമായ മാതൃകകളുടെ സ്മരണകളുയര്‍ത്തുന്ന ഓര്‍മക്കൊട്ടാരങ്ങള്‍ അവര്‍ ചേര്‍ന്നു പണിതുയര്‍ത്തി. ഇബ്‌റാഹീം നബി(അ) അല്ലാഹുവിന്റെ പരീക്ഷണങ്ങള്‍ മുഴുവന്‍ പുഞ്ചിരിയോടെ നേരിടുകയും സമര്‍പണത്തിന്റെ ഉദാത്തമായ അധ്യായങ്ങള്‍ രചിച്ച് റബ്ബിന്റെ സമീപസ്ഥനാകാനും ഇഷ്ടദാസനാകാനും മത്സരിക്കുകയും ചെയ്തു. റബ്ബിന്റെ വഹ്ദാനിയ്യത്തിനെ പ്രബോധനം ചെയ്തതിന്റെ പേരില്‍ ഏറെ പീഢനങ്ങളും പ്രയാസങ്ങളും സ്വപിതാവില്‍ നിന്നും സമൂഹത്തില്‍ നിന്നും ഭരണകൂടത്തില്‍ നിന്നും ഏല്‍ക്കേണ്ടി വന്നു. പക്ഷേ, എല്ലാ തടസ്സങ്ങളെയും ഈമാനിക കരുത്തു കൊണ്ട് മഹാന്‍ മറികടന്നു.
നംറൂദിന്റെ അഗ്‌നിനാളങ്ങളെ തവക്കുലിന്റെ കരുത്തുകൊണ്ട് ഇബ്റാഹീം നബി(അ) ഊതിക്കെടുത്തി. മകനെയും ഭാര്യയെയും വിജനമായ മരുഭൂമിയില്‍ ഉപേക്ഷിക്കാനുളള കല്‍പ്പനയെ ഇബ്‌റാഹീം നബി(അ)യെന്ന പിതാവിനെ തെല്ലും അലോസരപ്പെടുത്തിയില്ല. അല്ലാഹുവിന്റെ നിര്‍ദേശങ്ങളെ അനുസരിക്കുകയും പ്രായോഗിക വത്കരിക്കുകയും ചെയ്യുന്നതിലായിരുന്നു മഹാന്‍ ആനന്ദം കണ്ടെത്തിയത്. ഭൗതികമായ എല്ലാസുഖങ്ങളെയും ആ ലക്ഷ്യത്തിനു വേണ്ടി മഹാന്‍ വഴിയിലുപേക്ഷിച്ചു. മകന്‍ ഇസ്മാഈല്‍(അ)നെ അറക്കുവാനുള്ള കല്‍പനക്ക് മുന്നില്‍ പോലും ചഞ്ചലചിത്തനാകാതെ അത് ശിരസ്സാവഹിച്ചു. ഇബ്റാഹീം നബി(അ)ക്ക് തന്നോടുള്ള ഇഷ്ടത്തിന്റെ ഗാഢതയളക്കാന്‍ ജീവിതത്തിലുടനീളം അല്ലാഹു വ്യത്യസ്ത രൂപത്തില്‍ പരീക്ഷിച്ചുകൊണ്ടേയിരുന്നു. പക്ഷേ, ഓരോ പരീക്ഷണങ്ങള്‍ക്കു ശേഷവും മഹാന്റെ ഈമാനിക തീവ്രതക്ക് വീര്യം കൂടുകയായിരുന്നു. പ്രതിസന്ധികള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കാതെ എല്ലാം റബ്ബില്‍ നിന്നാണെന്ന ബോധത്തോടെ അവനില്‍ ഭരമേല്‍പ്പിച്ച് ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളെയും മറികടക്കുകയായിരുന്നു ഇബ്‌റാഹീം നബി(അ).
വിവിധ രൂപത്തിലും പേരുകളിലുമുള്ള മഹാമാരികള്‍ ഒന്നിനുപിറകെ മറ്റൊന്നായി നമ്മുടെ തലക്കുമുകളില്‍ പെയ്തുകൊണ്ടിരിക്കുന്ന പുതിയ കാലത്ത് ഖലീലുല്ലാഹിയുടെ മാതൃകകള്‍ ജീവിതത്തോടു ചേര്‍ത്തുവച്ച് എല്ലാം റബ്ബിലേക്ക് ഭരമേല്‍പ്പിക്കാനും നമ്മുടെ ഇഷ്ടങ്ങള്‍ക്കപ്പുറത്ത് അല്ലാഹുവിന്റെ ഇഷ്ടങ്ങളെ പ്രതിഷ്ഠിക്കാനും നമുക്ക് സാധിക്കണം. ക്ഷമിക്കാനും സഹിക്കാനും ആശ്വസിക്കാനുമുളള മാനസികാവസ്ഥയിലേക്ക് നാം എത്തിപ്പെടുകയും അതുവഴി പ്രതിസന്ധികളെ അതിജീവിക്കാനും പ്രത്യാശകളും പ്രതീക്ഷകളും നിറഞ്ഞ ജീവിത ചുറ്റുപാടുകളൊരുക്കാനും നമുക്ക് സാധിക്കും. പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും പാഠങ്ങളും സന്ദേശങ്ങളും നിറഞ്ഞുനില്‍ക്കുന്ന വ്യവഹാരങ്ങളുടെ ആകത്തുകയാണ് ഇബ്‌റാഹീമീ ജീവിതം.
പരീക്ഷണങ്ങളെ പരമാനന്ദത്തിന്റെ രൂപത്തിലേക്ക് പരിവര്‍ത്തിപ്പിക്കാനായിരുന്നു ഇബ്റാഹീം നബി(അ)പരിശ്രമിച്ചത്. അവസാനം അല്ലാഹു ഖലീല്‍(സ്നേഹിതന്‍)എന്ന മഹോന്നത പദവി നല്‍കി ഇബ്‌റാഹീം നബി(അ)യെ ആദരിക്കുകയും ചെയ്തു. പരിശുദ്ധ ഖുര്‍ആനില്‍ ഇബ്‌റാഹീം നബി(അ)യുടെ മഹത്വത്തിന്റെ നിരവധി വൃത്താന്തങ്ങള്‍ കാണാം. എല്ലാകാലത്തേക്കുമുള്ള ജനതതികള്‍ക്കായി അല്ലാഹു കാത്തുവച്ച മാതൃകകളുടെ വിളിപ്പേരാണ് ഇബ്റാഹീം (അ) എന്ന നാമം. അല്ലാഹുവിന് ഇബ്രാഹീം നബിയോടുണ്ടായിരുന്ന കടുത്ത സ്നേഹം കാരണമാണ് അദ്ദേഹത്തെ ‘ഖലീല്‍’ എന്നു വിളിക്കാന്‍ കാരണം(ഇബ്നുകസീര്‍:2/423)
പരീക്ഷണങ്ങളഖിലവും ഇബ്റാഹീം നബി(അ) സമചിത്തതയോടെ നേരിട്ട് റബ്ബിന്റെ പ്രീതി നേടിയതിനെക്കുറിച്ചും മഹാനെ എല്ലാവര്‍ക്കുമുള്ള നേതാവാക്കി മാറ്റിയതിനെക്കുറിച്ചും ഖുര്‍ആന്‍ പറയുന്നത് കാണുക: ഇബ്റാഹീം നബിയെ തന്റെ നാഥന്‍ ചില അനുശാസനങ്ങളിലൂടെ പരീക്ഷിച്ചതും താനവ പൂര്‍ത്തീകരിച്ചതും സ്മരണീയമത്രെ. അല്ലാഹു പറഞ്ഞു: ഞാന്‍ താങ്കളെ മാനവതക്ക് നേതാവാക്കുകയാണ്.(അല്‍ബഖറ:124)
ഇബ്റാഹീം നബി(അ)യുടെ ദര്‍ശനങ്ങളും ചിന്താരീതികളും ജീവിത ചര്യകളും ജീവിതത്തില്‍ പുലര്‍ത്താനും അത് തന്റെ ഉമ്മത്തിനോട് പിന്‍പറ്റാന്‍ കല്‍പിക്കാനുമാണ് മുത്ത് നബി(സ്വ)യോടുള്ള ഖുര്‍ആന്റെ നിര്‍ദേശം: ‘സത്യമാര്‍ഗമവലംബിയും ബഹുദൈവ വിശ്വാസികളില്‍ പെടാത്തയാളുമായ ഇബ്റാഹീം നബിയുടെ പാന്ഥാവ് അനുധാവനം ചെയ്യുക’ എന്ന് നാം താങ്കള്‍ക്ക് ബോധനം നല്‍കി(സൂറത്തുന്നഹ്ല്‍:123)
എല്ലാ നന്മകളുടെയും സംഗമ കേന്ദ്രമായിരുന്നു ഇബ്റാഹീം നബി(അ). എല്ലാ ഗുണവിശേഷണങ്ങളും ഒത്തിണങ്ങിയതുകൊണ്ടു തന്നെ ഇബ്റാഹീം നബി(അ) എന്ന വ്യക്തി ഒരു സമുദായമായിരുന്നു എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്: നിശ്ചയം ഇബ്റാഹീം നബി അല്ലാഹുവിന് സര്‍വാത്മനാ വിധേയനും സന്മാര്‍ഗാവലംബിയുമായിരുന്ന സമുദായ സമാനനായിരുന്നു. ഒരിക്കലും അദ്ദേഹം ബഹുദൈവ വിശ്വാസിയായിരുന്നിട്ടില്ല. ദിവ്യാനുഗ്രഹങ്ങള്‍ക്ക് കൃതജ്ഞനായിരുന്നു. അദ്ദേഹത്തെയവന്‍ പ്രത്യേകം തെരഞ്ഞെടുക്കുകയും സല്‍പന്ഥാവിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുകയുമുണ്ടായി. ഐഹിക ലോകത്ത് അദ്ദേഹത്തിന് നാം നന്മയേകി; പരലോകത്ത് അദ്ദേഹം സുകൃതന്മാരില്‍ പെട്ടയാള്‍ തന്നെ(സൂറതുന്നഹ്ല്‍:121,122) ഒരു സമുദായത്തിന് മൊത്തമായുണ്ടാകുന്ന എല്ലാ നന്മകളും ഇബ്റാഹീം നബി(അ) എന്ന ഒരൊറ്റ വ്യക്തിയില്‍ മാത്രം സമ്മേളിച്ചത് കൊണ്ടാണ് അദ്ദേഹത്തെ ‘ഉമ്മത്ത്’ എന്ന് അല്ലാഹു വിശേഷിപ്പിച്ചതെന്ന് മഹാനായ ഇബ്നു അബ്ബാസ്(റ) വിശദീകരിക്കുന്നുണ്ട്.
ഇബ്റാഹീം നബി(അ)യുടെ ജാജ്ജ്വല്യമാനമായ ജീവിത പാഠങ്ങളെ അവഗണിക്കുന്നവര്‍ വിഢികളാണെന്നാണ് ഖുര്‍ആനിക പ്രഖ്യാപനം: ‘സ്വയം അവഹേളനാപാത്രമായവനല്ലാതെ ഇബ്റാഹീം നബിയുടെ മാര്‍ഗത്തില്‍ വിരക്തനാകുമോ?’ (സൂറത്തുല്‍ ബഖറ:130)
വിനയവും സഹനശീലവും ഇബ്റാഹീം നബി(അ)യുടെ സ്വഭാവത്തിന്റെ സൗന്ദര്യമായിരുന്നു. പുതിയ കാലത്ത് നേരിട്ടുകൊണ്ടിരിക്കുന്ന പ്രയാസങ്ങളെ സഹനശീലത്തോടെ മറികടക്കാനും വിനയാന്വിതരായി ഭൂമിയില്‍ ജീവിക്കാനും ഇബ്റാഹീം നബി(അ)യുടെ മാതൃകകള്‍ നമ്മോട് ആവശ്യപ്പെടുന്നുണ്ട്. അല്ലാഹു പറയുന്നു: ഇബ്റാഹീം നബി വളരെ വിനീതനും സഹനശീലനും തന്നെയാകുന്നു(സൂറത്തുത്തൗബ:114)
മരുഭൂമിയുടെ വിജനതയില്‍ ഏകാന്തയായി മകനെ നന്മയുടെ സംരക്ഷണ മതില്‍ തീര്‍ത്ത് വളര്‍ത്തിയ ഹാജറ ബീവി(റ)യും റബ്ബിന്റെ കല്‍പന നിറവേറ്റി എന്നെ അറുത്തോളൂ എന്നുറച്ച സ്വരത്തോടെ പറഞ്ഞ് പിതാവിന് കഴുത്തുനീട്ടിക്കൊടുത്ത ഇസ്മാഈല്‍ നബി(അ)യും വെളിച്ചം മങ്ങിത്തുടങ്ങിയ വര്‍ത്തമാനകാലത്ത് ചേര്‍ത്തുവപ്പിന്റെ വലിയ മാതൃകകളും സന്ദേശങ്ങളുമാണ് നമുക്ക് നല്‍കുന്നത്.

ബലിപെരുന്നാള്‍ കര്‍മങ്ങള്‍
ഊര്‍ജം, പാഠം, മഹത്വം

ഇബ്റാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും ജീവിതത്തോടു ചേര്‍ന്നുനില്‍ക്കുന്ന ഇടങ്ങളും കര്‍മങ്ങളും അടയാളങ്ങളും സ്മരണകള്‍ എല്ലാകാലത്തും ഹജ്ജിലൂടെ ലോക ജനത ഓര്‍മിച്ചുകൊണ്ടേയിരിക്കുകയാണ്. ചില പ്രത്യേക ലക്ഷ്യംവച്ച് കഅ്ബയെ ലക്ഷ്യമാക്കുക എന്നതാണ് ഹജ്ജ് എന്നതിന്റെ കര്‍മശാസ്ത്ര വിവക്ഷ. ശവ്വാല്‍, ദുല്‍ഖഅദ്, ദുല്‍ഹിജ്ജ ആദ്യത്തെ പത്ത് ദിവസം എന്നിവയാണ് ഇതിന്റെ സമയം. ‘ഹജ്ജ് അറിയപ്പെട്ട ചില മാസങ്ങളിലാകുന്നു'(2;197)എന്ന് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു പ്രത്യേകം അനുഗ്രഹിച്ച ദിനങ്ങളില്‍ സവിശേഷ സ്ഥാനമര്‍ഹിക്കുന്ന ദിനങ്ങളാണ് ദുല്‍ഹജ്ജ് മാസത്തിലെ എട്ട് മുതല്‍ പതിമൂന്ന് വരെയുള്ള കാലയളവ്. മുസ്ലിംകള്‍ അല്ലാഹുവിലലിഞ്ഞ് ചേരുകയെന്ന പരമമായ ചിന്തയുമായി ആത്മീയസാഫല്യം തേടി നടത്തുന്ന ഹജ്ജിന്റെ കര്‍മങ്ങള്‍ നടക്കുന്നത് ഈ ദിനങ്ങളിലാണ്.
ദുല്‍ഹജ്ജ് എട്ട് യൗമുത്തര്‍വിയ എന്നാണ് അറിയപ്പെടുന്നത്. ഹജജിന്റെ കര്‍മങ്ങള്‍ക്ക് സമാരംഭം കുറിക്കുന്നത് ഈ ദിനത്തിലാണ്. രാവിലെ തന്നെ വിശ്വാസികള്‍ മിനയിലേക്ക് പുറപ്പെടുകയും ദൈവിക ചിന്തകളില്‍ മാത്രം മനസ്സിനെ വഴി നടത്തുകയും ചെയ്യുന്നു അറഫ ദിവസമെന്നത് പരിശുദ്ധ ഇസ്ലാമില്‍ വളരെ മഹത്വമുളള ഒന്നാണ്. ഈ ദിനത്തിന്റെ ശ്രേഷ്ടതകളും പുണ്യങ്ങളും വിവരിക്കുന്ന നിരവധി പ്രവാചക വചനങ്ങള്‍ നമുക്ക് കാണാവുന്നതാണ്. ദുല്‍ഹജ്ജ് ഒമ്പതിനാണ് അറഫയില്‍ നില്‍ക്കേണ്ടത്. ഭൂമിയിലെ മനുഷ്യാരംഭത്തിനു തുടക്കം കുറിച്ച ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് അറഫ. മനുഷ്യ പിതാവ് ആദമും മാതാവ് ഹവ്വയും ഭൂമിയില്‍ വച്ച് സന്ധിച്ചത് ഈ മണ്ണില്‍ വച്ചായിരുന്നു. അതുതന്നെയാണ് ലോക ജനതയുടെ മഹത്തായ സംഗമത്തിന് ഈ ഭൂമിക തെരഞ്ഞെടുക്കപ്പെടാനുള്ള നിദാനവും. ഹജ്ജിലെ ഏറ്റവും പ്രധാനപ്പെട്ട കര്‍മമാണ് അറഫയില്‍ നില്‍ക്കല്‍ എന്നത്. ‘അല്‍ഹജ്ജു അറഫ’ ഹജ്ജ് എന്നാല്‍ അറഫയില്‍ നില്‍ക്കലാണെന്ന് നബി തങ്ങള്‍ പറഞ്ഞിട്ടുണ്ട്. അറഫയില്‍ നില്‍ക്കാന്‍ സാധിക്കാത്തവന് ഹജ്ജില്ലെന്ന് സാരം. ദുല്‍ഹിജ്ജ ഒമ്പതിന് ഉച്ച മുതല്‍ പെരുന്നാള്‍ ദിവസത്തിലെ ഫജ്റ് വരെയുള്ള സമയങ്ങളില്‍ അല്‍പസമയമെങ്കിലും ഹാജിമാര്‍ അറഫയില്‍ നില്‍ക്കല്‍ നിര്‍ബന്ധമാണ്. അറഫാ ദിനത്തിന്റെ പകലും രാത്രിയും ലഭിക്കത്തക്ക രീതിയില്‍ നില്‍ക്കല്‍ പ്രത്യേക സുന്നത്തുള്ള കാര്യമാണ്.
ആഇശാ (റ) നിവേദനം ചെയ്ത ഹദീസ് കാണുക; നബി(സ്വ) പറഞ്ഞു; അറഫ ദിവസത്തെക്കാള്‍ അല്ലാഹു അടിമകള്‍ക്ക് നരകമോചനം നല്‍കുന്ന മറ്റൊരു ദിവസവുമില്ല. ആ ദിവസത്തില്‍ മലക്കുകളുടെ മുന്നില്‍ അടിമകളെക്കൊണ്ട് അല്ലാഹു അഭിമാനം പ്രകടിപ്പിക്കുന്നതാണ്(മുസ്ലിം)
അറഫാ ദിനത്തിലെ നോമ്പിന് വലിയ പവിത്രതയാണുള്ളത്. അറഫാ ദിവസം ഒരാള്‍ നോമ്പനുഷ്ടിച്ചാല്‍ കഴിഞ്ഞു പോയ ഒരു വര്‍ഷത്തെയും വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും പാപങ്ങള്‍ അല്ലാഹു പൊറുത്തു കൊടുക്കുന്നതാണെന്ന് ഹദീസില്‍ കാണാം.
അല്ലാഹു മുസ്ലിംകള്‍ക്ക് നല്‍കിയ രണ്ട് ആഘോഷ ദിനങ്ങളിലൊന്നാണ് ബലിപെരുന്നാള്‍ ദിനം അഥവാ ദുല്‍ഹിജ്ജ പത്ത്. ത്യാഗ നിര്‍ഭരമായ വിശുദ്ധ റമള്വാനിലെ ജീവിതത്തിലൂടെ സ്ഫുടം ചെയ്തെടുത്ത മനസ്സിന്റെ സന്തോഷമായാണ് ചെറിയ പെരുന്നാള്‍ കടന്നുവരുന്നതെങ്കില്‍ മക്കയുടെ മണലാരണ്യത്തില്‍ വച്ച് മുസ്ലിം ഉമ്മത്തിന്റെ പ്രതിനിധിനികള്‍ ഹജ്ജിന്റെ കര്‍മങ്ങളിലൂടെ ഉമ്മപെറ്റ കുഞ്ഞിനെ പോലെ നിഷ്‌കളങ്കരായി മാറുന്നതിന്റെ സന്തോഷ പ്രകടനമാണ് ബലി പെരുന്നാള്‍ കടന്നുവരുന്നത്. മുസ്ലിംകള്‍ക്ക് സന്തോഷിക്കാന്‍ വേണ്ടി അല്ലാഹു നിശ്ചയിച്ച ഈ ദിനം അവന്റെ പൊരുത്തത്തിലാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വഴിവിട്ട ആഘോഷങ്ങളില്‍ നിന്നും മാറി നില്‍ക്കാനും ഇബാദത്തുകള്‍ കൊണ്ട് ആ ധന്യ നിമിഷങ്ങളെ ഭാസുരമാക്കാനുമാണ് വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടത്.
പെരുന്നാള്‍ നിസ്‌കാരമാണ് അന്നേദിവസം പ്രധാനപ്പെട്ട ആരാധനയായി റബ്ബ് നിശ്ചയിച്ചിരിക്കുന്നത്. ഹിജ്റ രണ്ടാം വര്‍ഷമാണ് നബി തങ്ങള്‍ ആദ്യമായി ചെറിയ പെരുന്നാള്‍ നിസ്‌കരിച്ചത്. ബലി പെരുന്നാള്‍ ഹജ്ജ് നിര്‍ബന്ധമാക്കപ്പെട്ട ഹിജ്റ ആറിനും. രണ്ട് റക്അത്താണ് പെരുന്നാള്‍ നിസ്‌കാരം. ഉപേക്ഷിക്കല്‍ കറാഹത്താണ്. ഹാജിമാര്‍ ഒറ്റക്കും മറ്റുള്ളവര്‍ ജമാഅത്തായുമാണ് അത് നിര്‍വഹിക്കേണ്ടത്.
സൂര്യോദയം മുതല്‍ മധ്യാഹ്നം വരെയാണ് പെരുന്നാള്‍ നിസ്‌കാരത്തിന്റെ സമയം. ഉദയാനന്തരം ഏഴ് ചാണ്‍(ഏകദേശം ഇരുപത് മിനുട്ട്) ഉയരുംവരെ പിന്തിക്കല്‍ പ്രത്യേക സുന്നത്തുണ്ട്. സ്ത്രീ, അടിമ, കുട്ടി തുടങ്ങി എല്ലാവര്‍ക്കും ഇത് പ്രത്യേക സുന്നത്തുണ്ട്. പെരുന്നാള്‍ നിസ്‌കാരത്തിനു വേണ്ടി കുളിക്കലും പുതിയ വസ്ത്രങ്ങള്‍ ധരിക്കലും പുണ്യമുള്ള കാര്യമാണ്. സുബ്ഹിക്കു ശേഷം കുളിക്കലാണ് ഏറ്റവും ഉത്തമം(നിഹായ;2/392) അതുപോലെത്തന്നെ ആ ദിവസത്തില്‍ സുഗന്ധം ഉപയോഗിക്കലും പ്രത്യേകം സുന്നത്തുള്ള കാര്യമാണ്(തുഹ്ഫ;3/47) പള്ളിയിലേക്ക് പുറപ്പെടുന്നതും മടങ്ങുന്നതും രണ്ട് വഴിയിലൂടെയാകലാണ് നല്ലത്. നിസ്‌കാരക്കാരുടെ ബറക്കത്ത് ഇരുവഴികളിലുമുള്ളവര്‍ക്ക് ലഭ്യമാകാനും ഇരു വഴികളും നമുക്ക് സാക്ഷി നില്‍ക്കലും ഇവിടെയുള്ള കുടുംബങ്ങളെ സന്ദര്‍ശിക്കലും ഇതിലൂടെ കരഗതമാകുന്നുണ്ട്(തുഹ്ഫ;3/49)
ഹജ്ജുമായി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ട ഒരു ആരാധനാ കര്‍മമാണ് ഉള്ഹിയ്യത്ത്. ഇബ്റാഹീം നബി(അ) ഇസ്മാഈല്‍ നബി(അ)യെ ബലിയറുക്കാന്‍ സന്നദ്ധനായ സംഭവമാണ് ഉള്ഹിയ്യത്തിന്റെ പശ്ചാത്തലം. ദുല്‍ഹജ്ജ് പത്ത് മുതല്‍ പതിമൂന്ന് വരെയാണ് ഇതിന്റെ സമയം. പത്തിന് തന്നെയാകല്‍ പ്രത്യേകം പുണ്യമുള്ള കാര്യമാണ്. ‘നബിയേ താങ്കളുടെ നാഥന് വേണ്ടി അങ്ങ് നിസ്‌കരിക്കുകയും അറവ് നടത്തുകയും ചെയ്യുക’ എന്ന സൂറത്തുല്‍ കൗസറിലെ സൂക്തം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഉള്ഹിയ്യത്തിന്റെ ശ്രേഷ്ടതകള്‍ വിവരണാധീതമാണ്.നബി (സ്വ) പറഞ്ഞു: ബലി പെരുന്നാളില്‍ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ടുള്ള ഉള്ഹിയ്യത്തിനേക്കാള്‍ അവന് ഇഷ്ടപ്പെട്ട ഒരു കര്‍മവുമില്ല. കൊമ്പ്,കുളമ്പ്,രോമം തുടങ്ങിയവയൊന്നും നഷ്ടപ്പെടാതെ പൂര്‍ണരൂപത്തില്‍ അറക്കപ്പെടുന്ന മൃഗം അന്ത്യനാളില്‍ വരുന്നതും ഭൂമിയില്‍ അതിന്റെ രക്തം വീഴുന്നതിന് മുമ്പ് അല്ലാഹു ആ കര്‍മം സ്വീകരിക്കുന്നതുമാണ്. അതിനാല്‍ ഉള്ഹിയ്യത്തിന് വേണ്ടി നിങ്ങള്‍ ശരീര ശുദ്ധി വരുത്തുക (തുര്‍മുദി) ‘നിങ്ങള്‍ ഉള്ഹിയ്യത്ത് മൃഗത്തെ നന്നാക്കുക. കാരണം അത് സ്വിറാത്ത് പാലത്തില്‍ നിങ്ങളുടെ വാഹനമാണെന്ന്’ നബി തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
മറ്റൊരു ഹദീസ് കാണുക; സ്വഹാബികള്‍, നബിയേ എന്താണ് ഉള്ഹിയ്യത്ത് എന്ന് അമ്പേഷിച്ചപ്പോള്‍ നിങ്ങളുടെ പിതാവ് ഇബ്റാഹീം നബിയുടെ ചര്യയാണതെന്ന് നബി (സ്വ) മറുപടി നല്‍കി.അവര്‍ ചോദിച്ചു; എന്ത് പ്രതിഫലമാണ് അതിലൂടെ ലഭിക്കുക?. നബി(സ്വ) പറഞ്ഞു; അതിന്റെ ഓരോ രോമത്തിനു പകരവും പുണ്യം ലഭിക്കും(ഹാകിം), ഇങ്ങനെ ഉള്ഹിയ്യത്തിന്റെ പുണ്യങ്ങള്‍ വിവരിക്കുന്ന നിരവധി ഹദീസുകള്‍ കാണാവുന്നതാണ്. ആട്, മാട്, ഒട്ടകം എന്നീ ഇനങ്ങളില്‍പെട്ട മൃഗങ്ങളെയാണ് ഉള്ഹിയ്യത്ത് നടത്തേണ്ടത്. ഒട്ടകം, പശു, കോലാട്,നെയ്യാട് എന്ന ക്രമത്തിലാണ് ഉത്തമം. പ്രായപൂര്‍ത്തിയും ബുദ്ധിയുമുളള സ്വതന്ത്ര്യനായ മുസ്ലിമിന് കഴിവുണ്ടെങ്കില്‍ ശക്തിയാക്കപ്പെട്ട സുന്നതാണ് ഈ കര്‍മം. കഴിവുള്ള ആളുകള്‍ക്ക് ഇത് നിര്‍ബന്ധമാണെന്ന് ഇമാം അബൂ ഹനീഫ(റ) വ്യക്തമാക്കിയിട്ടുണ്ട്. ശാഫിഈ മദ്ഹബില്‍ നേര്‍ച്ചയാക്കിയാല്‍ മാത്രമാണ് ഇത് നിര്‍ബന്ധമാകുന്നത്.
ഈ ദിനങ്ങളിലെ പ്രധാനപ്പെട്ട മറ്റൊരു ഇബാദത്താണ് തഖ്ബീര്‍ ചൊല്ലല്‍. മുര്‍സലായ തഖ്ബീര്‍,മുഖയ്യദായ തഖ്ബീര്‍ എന്നീ രണ്ട് രീതിയിലുള്ള തഖ്ബീറുകളുണ്ട്. പെരുന്നാള്‍ രാവിന്റെ സൂര്യസ്തമയം മുതല്‍ പെരുന്നാള്‍ നിസ്‌കാരത്തിന്റെ ഇഹ്റാമില്‍ പ്രവേശിക്കുന്നതു വരെയാണ് മുര്‍സലായ തഖ്ബീറിന്റെ സമയം. ദുല്‍ഹജജ് ഒമ്പത് സുബ്ഹ് മുതല്‍ പതിമൂന്നിന് അസ്വ്റ് വരെയുള്ള എല്ലാ നിസ്‌കാരങ്ങള്‍ക്കു പിറകെയുമാണ് മുഖയ്യദായ തഖ്ബീറിന്റെ സമയം. നിസ്‌കാര ശേഷം ദിക്റ്-ദുആകളിലേക്ക് പ്രവേശിക്കുന്നതിനു മുമ്പാണ് ഇത് ഏറ്റവും നല്ലത്. ബലി പെരുന്നാളിന് മാത്രമുള്ള മുഖയ്യദായ തഖ്ബീറിനാണ് ഏറ്റവും പുണ്യമുള്ളതെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. (തുഹ്ഫ,ശര്‍വാനി;3/51) അതുപോലെത്തന്നെ ദുല്‍ഹജ്ജ് ഒന്നു മുതല്‍ പത്തു വരെ ആട്,മാട്,ഒട്ടകം എന്നിവയെ കാണുകയോ അവയുടെ ശബ്ദം കേള്‍ക്കുമ്പോഴോ തഖ്ബീര്‍ ചൊല്ലലും പ്രത്യേകം പുണ്യമുള്ള കാര്യമാണ്.
അയ്യാമുത്തശ്രീഖിന്റെ (11,12,13) ദിനങ്ങളില്‍ മൂന്ന് ജംറകളില്‍ ഏഴുവീതം എറിയല്‍ ഹജ്ജിന്റെ വാജിബാത്തുകളില്‍ പെട്ടതാണ്. ഈ സന്ദര്‍ബങ്ങളിലെല്ലാം മറ്റുള്ളവര്‍ അവരോട് താദാത്മ്യപ്പെട്ട് ഹജ്ജിന്റെ ഉള്‍സാരമായ ഇബ്റാഹീം നബിയും കുടുംബവും പ്രതിസന്ധി നിമിഷങ്ങളെ ഈമാനിന്റെ കരുത്തുകൊണ്ട് അതിജയിച്ച ജീവിത നിമിഷങ്ങളെ ഓര്‍ത്തെടുക്കുകയും തഖ്ബീര്‍ ധ്വനികളിലൂടെയും മറ്റും അതിനെ പ്രഫുല്ലമാക്കുകയും ചെയ്യേണ്ടതുണ്ട്. തഖ്വയും ഇഖ്ലാസുമാണ് എല്ലാ കര്‍മങ്ങളുടെയും വിജയം. തഖ്വയില്ലെങ്കില്‍ എല്ലാം കേവല ശാരീരിക വ്യായാമങ്ങള്‍ മാത്രമായി മാറും. അല്ലാഹു പറയുന്നത് കാണുക: ഹജ്ജിന് പഥേയം കരുതുക. എന്നാല്‍, തഖ്വയാണ് ഏറ്റവും ഉത്തമമായ പഥേയം. ബുദ്ധിയുള്ളവരേ,എന്നോട് നിങ്ങള്‍ ഭക്തി കാണിക്കുവിന്‍(സൂറത്തുല്‍ ബഖറ:197) ‘നിശ്ചയം മുത്തഖീങ്ങളില്‍ നിന്നും മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ'(മാഇദ:27)
മുസ്ലിംകളൊന്നടങ്കം അല്ലാഹുവിന്റെ അടയാളങ്ങളെക്കുറിച്ച് ബോധവാന്മാരാകുകയും ഈമാനിന്റെ വശ്യ സൗന്ദര്യത്തിന് ഹൃദയത്തിലും ശരീരത്തിലും ഇടമൊരുക്കുകയും ചെയ്യുന്ന നേരമാണ് ഹജ്ജ് കാലം. മുസ്ലിം ലോകം ഇത്രമേല്‍ ഐക്യത്തോടെ സുന്ദരമായി സമ്മേളിക്കുന്ന നിമിഷം മറ്റൊന്നില്ല. അല്ലാഹു പോലും മനുഷ്യരുടെ കാര്യത്തില്‍ മലക്കുകളുടെ മുന്നില്‍ അഭിമാനിക്കുന്ന നിമിഷങ്ങളാണത്. അല്ലാഹുവിന്റെ അടയാളങ്ങളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നത് ഹൃദയത്തിന്റെ തഖ്വയുടെ ഭാഗമാണെന്ന ഖുര്‍ആനികാധ്യാപനമാകണം നമ്മെ ഏതു നേരവും വഴി നടത്തേണ്ടത്. നിലവിലുള്ള പ്രതിസന്ധികള്‍ മാറി ലോകമുസ്ലിം രാഷ്ട്രങ്ങളിലെ പ്രതിനിധികളൊന്നടങ്കം മക്കയുടെ മണ്ണില്‍ സമ്മേളിച്ച് തൂവെള്ള വസ്ത്രത്തിന്റെ വിശുദ്ധിയോടെ ലബ്ബൈക്കിന്റെ മന്ത്രധ്വനികളുരുവിട്ട് ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും മഹാവിളംബരം മുഴക്കുന്ന ഹജ്ജ് കാലം എത്രയും പെട്ടെന്ന് പുലരാന്‍ ആത്മാര്‍ഥമായി നമുക്ക് നാഥനോടു തേടാം.

എം.എ സലാം റഹ്മാനി കൂട്ടാലുങ്ങല്‍