അവകാശം സംരക്ഷിക്കാന്‍ അസ്തിത്വം നിലനിര്‍ത്തണം

1828

വ്യക്തി, സമുദായം, സമൂഹം, നാട് എല്ലാം വ്യതിരക്തമാകുന്നത് അസ്തിത്വപരമായ സവിശേഷത കൊണ്ടാണല്ലോ. ഓരോ നാടുകളുടെയും വിഭാഗങ്ങളുടെയും മതം, സംസ്‌കാരം, പാരമ്പര്യം തുടങ്ങിയവയാണ് ഇതര വിഭാഗങ്ങള്‍ക്കിടയില്‍ ഇവരെ വേറിട്ടു നിര്‍ത്തുന്നത്. വ്യക്തി സാമുദായിക ചട്ടക്കൂടില്‍ അസ്തിത്വം കണ്ടെത്തുമ്പോള്‍, നാടിന്റെ സ്വത്വം ഭരണാധികാരികളുടെയും ഭരണീയരുടെയും പൊതു മത-രാഷ്ട്രീയ നിലപാടുതറയില്‍ പരുവപ്പെടുത്തപ്പെടുന്നതാണ്.
ഇന്ത്യന്‍ സാഹചര്യത്തില്‍ ഭൂരിപക്ഷത്തെയും മതസമുദായമെന്ന തലത്തില്‍ വിലയിരുത്താനാവില്ല. വിശേഷിച്ചും ഹൈന്ദവതയെന്ന കള്‍ട്ടിനെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മതമെന്ന തരത്തില്‍ സംഘപരിവാര്‍ സൈദ്ധാന്തികര്‍ രൂപപ്പെടുത്തുന്നതിനു മുമ്പുള്ള കാലത്ത്. എന്നാല്‍, സര്‍വരെയും ഉള്‍ക്കൊള്ളുന്ന ദ്രാവിഡ സംസ്‌കാരമായിരുന്നു ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ആദിമ കാലം തൊട്ടേയുണ്ടായിരുന്നത്. സിന്ധു നദീതട സംസ്‌കാരം ദ്രാവിഡ ജനതയുടേതായിരുന്നുവെന്നും പില്‍ക്കാലത്ത് രാജ്യത്ത് അധിനിവേശം നടത്തിയ ആര്യന്മാര്‍ അവര്‍ക്ക് മേല്‍ രാഷ്ടീയവും മതപരവുമായ അധീശത്വം സ്ഥാപിച്ചതാണെന്നും വ്യക്തമാകുന്ന ചരിത്ര പഠനങ്ങള്‍ അനവധിയാണ്. അഥവാ ആദിമ കാലംതൊട്ടേ ഉള്‍ക്കൊള്ളലിന്റെ (ശിരഹൗശെ്‌ലില)ൈ സാംസ്‌കാരിക മേന്മ നമ്മുടെ നാടിന്റെ അസ്തിത്വത്തിന്റെ ഭാഗമാണെന്നര്‍ഥം. എന്നാല്‍, ആ മേന്മ ചൂഷണം ചെയ്തെത്തിയ ആര്യന്മാര്‍ ഹൈന്ദവതയില്‍ ചാതുര്‍വര്‍ണ്യം സൃഷ്ടിച്ചെടുത്ത് ദ്രാവിഡരെ മതപരമായ അടിമത്തത്തില്‍ തളച്ചിടുകയായിരുന്നു. സര്‍വരെയും ഒരുപോലെ കണ്ട നാടിന്റെ സ്വഭാവത്തിലെ ആദ്യ വ്യതിയാനമിതാണ്. നാട്ടുരാജാക്കന്മാര്‍ ഭരിച്ചു കൊണ്ടിരുന്ന രാജ്യത്ത് പിന്നീട് രാഷ്ട്രീയാധികാരം നേടിയത് മുഗളന്മാരും മംലൂക്കുകളുമൊക്കെയടങ്ങുന്ന മുസ്‌ലിം ഭരണാധികാരികളാണ്. രാജ്യത്ത് അധികാര വടംവലിയുടെ ഭാഗമായി ഇവര്‍ പരസ്പരവും നാട്ടുരാജാക്കന്മാരുമായും പോരാട്ടങ്ങള്‍ നടന്നു. ഇവയെല്ലാം സാമ്രാജ്യ വികാസവും സംരക്ഷണവും ലക്ഷ്യമിട്ട് മാത്രമായിരുന്നു. ഇവര്‍ ജനങ്ങളെ വംശീയതയുടെയേ വര്‍ഗീയതയുടെയോ കണ്ണുകളോടെ കണ്ടതേയില്ലെന്നതിന് പില്‍ക്കാല ജനവിഭാഗം തന്നെ സാക്ഷിയാണ്. മാത്രമല്ല ഉദ്യോഗസ്ഥ തലത്തിലെല്ലാം തദ്ദേശീയ ജനവിഭാഗങ്ങളുടെ അപരിമിത സ്വാധീനമുണ്ടായിരുന്നു. ഹൈന്ദവ സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന രാജാക്കന്മാരും കച്ചവടാവശ്യാര്‍ഥം ഇവിടെയെത്തിയ മുസ്ലിംകളോടും തദ്ദേശീയരായ മുസ്ലിംകളോടും വളരെ സ്നേഹപൂര്‍വമാണ് പെരുമാറിയത്. നേരത്തെ പറഞ്ഞ ആര്യബോധം പേറുന്ന സവര്‍ണരോ അനുകൂലികളോ മാത്രമാണ് ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചത്. അവര്‍ തദ്ദേശീയരായ പിന്നാക്ക വിഭാഗത്തോടും സമാന നിലപാടിലായിരുന്നു. അതിനാല്‍ തന്നെ സെമിറ്റിക് മതങ്ങളായ ഇസ്ലാമിനും ക്രിസ്ത്യാനിസത്തിനുമൊക്കെ അവരില്‍ നിന്ന് വളരെ സ്വീകാര്യത ലഭിച്ചു. കടല്‍ യുദ്ധം പോലുള്ളവയില്‍ ഭാഗവാക്കാവാനും ഇതര മതം സ്വീകരിക്കാന്‍ പിന്നാക്ക ജാതിക്കാരെ രാജാവ് പ്രോത്സാഹിപ്പിച്ചതുമൊക്കെ ചരിത്രത്തില്‍ കാണാം. ചുരുക്കത്തില്‍, മതപരമായ വിഭജനം പഴയ കാല ഇന്ത്യയുടെ പൈതൃകത്തിലില്ല തന്നെ. സര്‍വരെയും ഉള്‍ക്കൊള്ളുന്നതായിരുന്നു പൊതുസംസ്‌കാരം.
സ്വാതന്ത്ര്യാനന്തരം ഭരണഘടനപരമായി ന്യൂനപക്ഷങ്ങളെ ഒന്നടങ്കം ഉള്‍ക്കൊണ്ടെന്ന് മാത്രമല്ല, സവിശേഷ പരിഗണന നല്‍കുകയും ചെയ്തു. ഇത്തരം സാഹചര്യത്തിലുള്ള രാജ്യത്താണ് തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പലരെയും അപരരാക്കുന്നതും അവകാശങ്ങള്‍ നിഷേധിക്കുന്നതും. ആഗോള തലത്തിലെന്ന പോലെ മുസ്ലിംകള്‍ ഈ അവകാശ നിഷേധത്തിനും അപരവത്കരണത്തിനും ഇരയാകുന്നു. ഇതര വിഭാഗങ്ങള്‍ക്കും ഈ അസ്വസ്ഥത ഉണ്ടാകുന്നുവെങ്കിലും ഇതിനെതിരെ കൂട്ടായ പ്രതിരോധങ്ങള്‍ ഉണ്ടാകുന്നില്ല. അതിനാല്‍ നഷ്ടമാകുന്നത് ഇന്ത്യയെന്ന പൈതൃകവും. ഇല്ലാതാകുന്നത് എല്ലാ പൗരന്മാരുടെയും അവകാശങ്ങളുമാണ്. രാജ്യത്തിന്റെ വളര്‍ച്ചയും സമാധാനാന്തരീക്ഷവും തകരുന്നതോടെ നഷ്ടം മുഴുവന്‍ പൗരന്മാര്‍ക്കുമാണെന്ന് വര്‍ഗീയ രാഷ്ട്രീയാന്ധത ബാധിച്ച പലര്‍ക്കും കഴിയുന്നില്ലെന്നതാണ് സത്യം.

അവകാശം ചോദിക്കാനെന്ത് അവകാശം?
ഇന്ത്യന്‍ സംസ്‌കാര നിര്‍മിതിയില്‍ മുസ്ലിംകള്‍ അസംഖ്യം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ ഭരണ സംവിധാനം, സംസ്‌കാരം, വാസ്തുവിദ്യ, വിദ്യാഭ്യാസം, സാങ്കേതികത തുടങ്ങിയവയിലെല്ലാം മുസ്ലിം സംഭാവനകള്‍ ദൃശ്യമാണ്. രാജ്യത്തെ അധീനപ്പെടുത്തിയ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തിലും മുസ്ലിംകളുടെ സാന്നിധ്യം ഏറെ സജീവമായിരുന്നു. 800 വര്‍ഷത്തിലേറെ മുസ്ലിംകള്‍ ഇന്ത്യ ഭരിച്ചിട്ടുണ്ട്. ഡച്ചുകാരും ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരുമൊക്കെ ഇന്ത്യയില്‍ നിന്ന് പലതും അപഹരിച്ചെങ്കില്‍ മുസ്ലിം ഭരണാധികാരികള്‍ ഈ മണ്ണില്‍ നിന്ന് ഒന്നും കൊണ്ടുപോയില്ല. അവര്‍ ഇവിടെ ജീവിച്ചു, ഭരിച്ചു. അന്ത്യവിശ്രമവും ഈ മണ്ണില്‍ തന്നെയാക്കി. സാഹിത്യം, വാസ്തുവിദ്യ, നീതിന്യായം, രാഷ്ട്രീയ സംവിധാനം, ഭരണ വ്യവസ്ഥ, കാര്യനിര്‍വഹണം എന്നീ തലങ്ങളിലെല്ലാം വൈജ്ഞാനിക ഉണര്‍വ് സൃഷ്ടിച്ച് അവര്‍ ഇന്ത്യയെ പരിഷ്‌കൃത രാജ്യമായി വികസിപ്പിച്ചു. ഇന്നും ഇന്ത്യ ഉപയോഗിക്കുന്നത് ഇവരുടെ കാര്യനിര്‍വഹണ രീതികളാണ്.

സംസ്‌കാരവും മൂല്യങ്ങളും
സമൂഹത്തില്‍ മൗലികാവകാശങ്ങളും കര്‍ത്തവ്യങ്ങളും പരിചയപ്പെടുത്തിയതാണ് മുസ്ലിംകള്‍ നാടിന് നല്‍കിയ ഏറ്റവും വലിയ സംഭാവന. മാനവിക സ്വാതന്ത്ര്യമെന്തെന്നും അവരാണ് നാടിനെ പഠിപ്പിച്ചത്. മുസ്ലിം ഭരണ കാലത്തുണ്ടായ പുരോഗതിയോടെ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യന്‍ വാസ്തുവിദ്യ പുതിയ രൂപഭാവങ്ങള്‍ കൈവരിച്ചു. പ്രകൃതിദത്തമായ രൂപങ്ങള്‍ക്ക് പുറമേ വിവിധ മാതൃകകളുടെ ഉപയോഗം, അലങ്കാരത്മകമായ അക്ഷര വിന്യാസമോ കാലിഗ്രഫിയോ ഉപയോഗിച്ചുള്ള കൊത്തുപണികള്‍, മുത്തുകളും രത്നങ്ങളും ഉള്‍ച്ചേര്‍ത്തുവച്ചും നിറം നല്‍കിയ മാര്‍ബിളുകള്‍, തിളങ്ങുന്ന ടൈലുകള്‍, പ്ലാസ്റ്ററുകള്‍ തുടങ്ങിയവ ഉപയോഗിക്കുക, എന്നീ നിര്‍മാണ രീതികള്‍ ഇന്ത്യക്ക് പരിചയപ്പെടുത്തിയത് മുസ്ലിം ഭരണാധികാരികളാണ്. ഇന്‍ഡോ ഇസ്ലാമിക് വാസ്തുവിദ്യാ മാതൃകകങ്ങള്‍ കുറച്ചൊന്നുമല്ല ഇന്ത്യ ശില്‍പ്പികള്‍ക്ക് അറിവും അനുഭവവും നല്‍കിയത്. ഇന്ത്യയിലെ മുസ്‌ലിം നിര്‍മിതികള്‍ അതുല്യമാക്കാന്‍ ഇവരുടെ വൈദഗ്ദ്യവും വര്‍ഷങ്ങളുടെ അനുഭവ സമ്പത്തും ഉപയോഗപ്പെടുത്തപ്പെട്ടു. ഡല്‍ഹി, ആഗ്ര, ലാഹോര്‍, അലഹബാദ് തുടങ്ങിയ മുഗള്‍ കേന്ദ്രങ്ങളിലെല്ലാം വാസ്തുവിദ്യ വികാസം പ്രാപിച്ചു.
ബംഗാള്‍, ഗുജറാത്ത്, ഡെക്കാന്‍ ജോന്‍പൂര്‍, കശ്മീര്‍ എന്നീ പ്രാദേശിക ഭരണ കേന്ദ്രങ്ങളില്‍ പ്രാദേശികമായ നിര്‍മാണ രീതികളും നടപ്പിലാക്കപ്പെട്ടു. ഇത്തരം വാസ്തുവിദ്യയുടെ സുവര്‍ണ കാലമായിരുന്ന മുഗള്‍ ആധിപത്യത്തില്‍ ഹൈന്ദവ നിര്‍മിതികളില്‍ പോലും ഇസ്ലാമിക വാസ്തു ശില്‍പ സ്വാധീനം കാണാം. കമാനങ്ങളും കുംഭ ഗോപുരങ്ങളും നിര്‍മിച്ചതില്‍ ഈ സ്വാധീനം ദൃശ്യമാണ്. കൊട്ടാര നിര്‍മിതിയില്‍ ഈ രീതികള്‍ കൂടുതല്‍ സ്വീകരിക്കപ്പെട്ടു. മുഗള്‍ സാമ്രാജ്യത്തിന്റെ പതനത്തിന് ശേഷം ലഖ്നൗ, ഹൈദരാബാദ്, മൈസൂര്‍ തുടങ്ങിയ പ്രാദേശിക നവാബുമാരും ഈ നിര്‍മാണ രീതികള്‍ പിന്തുടര്‍ന്നു.
ഇത്തരത്തില്‍ ഇന്‍ഡോ ഇസ്‌ലാമിക വാസ്തു വിദ്യയുടെ സ്വാധീനം ആധുനിക ഇന്ത്യ, പാക്കിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ നിര്‍മാണ രീതികളില്‍ ഇന്നും കാണാവുന്നതാണ്. മത-ഭൗതിക ആവശ്യങ്ങള്‍ക്കായി നിര്‍മിക്കപ്പെടുന്ന കെട്ടിടങ്ങളിലെല്ലാം ഈ സ്വാധീനം ദൃശ്യമാണ്.

വിദ്യാഭ്യാസം
പതിനൊന്നാം നൂറ്റാണ്ടിലെ മുസ്ലിം ഭരണാധികാരികളുടെ രംഗപ്രവേശനം രാജ്യത്തിന്റെ സാമൂഹിക രാഷ്ടീയ രംഗങ്ങളില്‍ മാത്രമല്ല മാറ്റമുണ്ടാക്കിയത്, വിദ്യാഭ്യാസ രംഗത്തും വലിയ പുരോഗതിയുണ്ടാക്കി. ഇസ്ലാമിക രീതിയിലുള്ള പഠനത്തിന് ഇവര്‍ പ്രോത്സാഹനം നല്‍കി. വിദ്യാഭ്യാസ രംഗം നിയന്ത്രിക്കുന്നതിനും പുതുരീതികള്‍ നടപ്പാക്കുന്നതിനും അവര്‍ ഏറെ പ്രാധാന്യം നല്‍കി. അതുവഴി തങ്ങളുടെ രാഷ്ട്രീയ സംവിധാനം ശക്തിപ്പെടുത്തുകയും അവരുടെ ലക്ഷ്യമായിരുന്നു. ഇന്ത്യ പോലുള്ള വ്യത്യസ്ത നഗരികതയും സംസ്‌കാരവുമുള്ള നാട്ടില്‍ അവരുടെ ഇടം ഉറപ്പിക്കാന്‍ സവിശേഷ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ടായിരുന്നു. ഇക്കാരണങ്ങളാല്‍ പ്രാഥമികവും ഉന്നതതലത്തിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവര്‍ സ്ഥാപിച്ചു .
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളും തന്റെ ഭരണത്തിന് കീഴില്‍ കൊണ്ടുവന്ന ചക്രവര്‍ത്തിയാണ് ഔറന്‍ഗസീബ്. 158 മില്യണിലധികം പൗരന്മാര്‍ ഇദ്ദേഹത്തിന്റെ സാമ്രാജ്യത്തില്‍ അധിവസിച്ചു. 450 മില്യണ്‍ ഡോളര്‍ ഇദ്ദേഹത്തിന്റെ ഭരണകൂടത്തിന് വാര്‍ഷിക വരുമാനമുണ്ടായിരുന്നു. 1690 ല്‍ ഇദ്ദേഹത്തിന്റെ സമകാലികനായിരുന്ന ഫ്രാന്‍സിലെ ലൂയിസ് പതിനാലാമന്റെ വാര്‍ഷിക വരുമാനത്തിന്റെ പത്തിരട്ടിയിലേറെയായിരുന്നത്. (ഫ്രഞ്ച് ഡോളര്‍: 38,624,680/ കചഞ 2,879,469,894). ഉല്‍പ്പാദന രംഗത്തെ അതികായരും വന്‍ സാമ്പത്തിക ശക്തിയുമായ ചൈനയെ ഇദ്ദേഹത്തിന്റെ കാലത്ത് ഇന്ത്യ പിറകിലാക്കി. ആഗോള ജി.ഡി.പി യുടെ കാല്‍ ശതമാനവും പടിഞ്ഞാറേ യൂറോപ്പിന്റെ മൊത്തം ജി.ഡി.പി യുടെ അത്ര തന്നെയും വരുമാനം ഈ സാമ്രാജ്യത്തിന് കൈവരിക്കാനായി. രാജ്യത്തിന്റെ സമ്പന്നമായ ഉപവിഭാഗമായ ബംഗാള്‍ വ്യവസായവത്കരണത്തിലെ പ്രാഥമിക മുന്നേറ്റത്തിന് നാന്ദി കുറിച്ചു. ഈ കാലത്ത് തന്നെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ യന്ത്രവത്കരണവും സാങ്കേതിക പുരോഗതിയും വര്‍ധിച്ചു. പതിമൂന്നാം നൂറ്റാണ്ട് മുതല്‍ ഇസ്ലാമിക ലോകത്ത് നിന്നുള്ള യന്ത്രവത്കരണ രീതികള്‍ ഇന്ത്യ സ്വീകരിച്ചു തുടങ്ങി. കപ്പിയും കയറും ഉപയോഗിച്ച് വെള്ളം കോരുന്ന സംവിധാനം, പിടിയുള്ള യന്ത്രങ്ങള്‍, കടലാസ് നിര്‍മാണം, നെയ്ത്ത് യന്ത്രം എന്നിവയെല്ലാം ഇത്തരത്തില്‍ പ്രാബല്യത്തില്‍ വന്നവയാണ്.
ഖുഷ്വന്ത് സിംഗ് പറയുന്നു: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം മുസ്ലിംകളുടെ രക്തം കൊണ്ടെഴുതപ്പെട്ടതാണ്. സമരത്തില്‍ അവരുടെ പ്രാതിനിധ്യം ജനസംഖ്യാപരമായ സാന്നിധ്യത്തേക്കാളേറെയായിരുന്നു. അവരുടെ സംഭാവനകള്‍ മൂടിവെക്കപ്പെടുകയോ അരികുവത്കരിക്കപ്പെടുകയോ ചെയ്തു. വസ്തുനിഷ്ഠവും മതേതരവുമായ ചരിത്ര വായന നടന്നില്ല. പകരം വര്‍ഗീയ ചുവയോടെയാണ് ചരിത്ര നിര്‍മിതി നടന്നത്. ഇതിനാല്‍ മുസ്ലിം വിപ്ലവകാരികളുടെയും കവികളുടെയും സാഹിത്യകാരുടെയും സംഭാവനകള്‍ ഇന്നും അജ്ഞാതമായിക്കുന്നു.

തിരിച്ചുപിടിക്കണം അസ്തിത്വം; നാടിന്റെയും നമ്മുടെതും
മുസ്‌ലിം, ഇന്ത്യന്‍, മലയാളി, എന്നിങ്ങനെ തീര്‍ത്തും ക്രിയാത്മകമാണ് കേരളമുസ്‌ലിംകളുടെ അസ്തിത്വം. പ്രതിസന്ധികളില്‍ യഥാര്‍ഥ ഇന്ത്യ മുസ്‌ലിംകളോടൊപ്പം നിന്നിട്ടുണ്ട്. ഇന്ത്യ- പാക് വിഭജന കാലത്ത് ന്യൂനപക്ഷങ്ങള്‍ക്ക് ഇവിടെ തുടരാന്‍ ഭരണഘടനാപരമായ അവകാശം വകവച്ചു നല്‍കുന്നത് ഇന്നാട്ടിലെ മതേതര സമൂഹം ഉത്സാഹം കാണിച്ചു. ഫലസ്തീനടക്കം ലോക മുസ്ലിംകളുടെ പൊതുവികാരങ്ങള്‍ക്കൊത്ത് വിദേശ നയം സ്വീകരിച്ചു. മറ്റു പല രാജ്യങ്ങളിലുമില്ലാത്ത സ്വാതന്ത്ര്യം ഈ മണ്ണില്‍ ലഭിച്ചു. മുസ്‌ലിം പേഴ്‌സണല്‍ ലോ എന്ന പേരില്‍ ശരീഅത്ത് പ്രകാരം വ്യക്തിനിയമം ക്രമീകരിച്ചു. അന്നത്തെ അതേ ഭൂരിപക്ഷം ജനങ്ങളും ഇന്നും മതേതര പാതയിലാണ്. വര്‍ഗീയ ഫാഷിസത്തിന്റെ രാഷ്ട്രീയ മുഖമായ ബി.ജെ.പിക്ക് 2019 തെരഞ്ഞെടുപ്പില്‍ 37.36% വോട്ട് മാത്രമാണ് ലഭിച്ചത്. ബാക്കി 62.64 ഇപ്പോഴും എതിര്‍പക്ഷത്താണെന്നത് പ്രതീക്ഷയാണ്. കൃത്രിമ സ്വത്വം രൂപവത്കരിക്കുന്നതും പാന്‍ ഇസ്‌ലാമിക് എന്ന പോലെ ഒരേ മാനത്തിലുള്ള ഇസ്‌ലാം സൃഷ്ടിക്കുന്നതും ആപത്കരമാണ്. ഭാരതീയതയെ പൂര്‍ണമായി തളളി അറബ് കേന്ദ്രീകൃത ജീവിത ശൈലി സ്വീകരിക്കുന്നത് നാട്ടുനടപ്പുകള്‍ക്ക് പ്രാധാന്യം നല്‍കിയ ഇസ്‌ലാമിന്റെ വഴിയല്ല. ഇസ്‌ലാമിസ്റ്റ് സലഫീ ശൈലി അപരവത്കരണത്തിന് മാത്രമേ ഉപകരിക്കൂ.
നവ മാധ്യമങ്ങള്‍ യഥാര്‍ഥ ലോകത്തേക്കാള്‍ സജീവമായ പബ്ലിക് സ്ഫിയര്‍-അഥവാ പൊതുവിടമാണെന്ന ബോധ്യം പലര്‍ക്കും ഇപ്പോഴുമില്ല. ഗുണാത്മക ചര്‍ച്ചകളേക്കാള്‍ ഉപദ്രവകരായ വിഷയങ്ങളാണ് ഇവിടെ കറങ്ങി തിരിയുന്നതെന്ന തിരിച്ചറിവും ഇല്ലാതെ പോകുന്നു. മാധ്യമങ്ങള്‍ പോലും പലവിധ അജണ്ടകളില്‍ വന്നു പെടുമ്പോള്‍ അത്ര തന്നെ ജാഗ്രതരല്ലാത്ത പൊതുജനം വഴിവിട്ട ചര്‍ച്ചകളിലകപ്പെടാനും അവ സാമൂഹികദ്രോഹ നടപടികള്‍ക്ക് ഹേതുവാകാനും വഴിവെച്ചേക്കാം.
ഫാഷിസത്തിന്റെ നോട്ടപ്പുള്ളികളാണെന്ന ചിന്ത ഓരോ പ്രവര്‍ത്തനങ്ങളിലും കൂടുതല്‍ ജാഗ്രതയുണ്ടാക്കുന്നു. എന്നാല്‍, അവര്‍ക്ക് അനിഷ്ടകരമെന്ന് കരുതി നാം നിശബ്ദരാകുകയുമരുത്. കാരണം ഏറ്റവും വലിയ ധര്‍മസമരം അനീതിയുള്ള രാജാവിന്റെ മുമ്പില്‍ നീതിയുടെ വചനം ഉറക്കെപ്പറയലാണ്. അതിനര്‍ഥം വൈകാരികമായി എടുത്തുചാടലല്ല, വൈചാരികമായി ഇടപെടലാണ് വിശ്വാസികള്‍ക്ക് കരണീയമെന്നാണ്.
അന്താരാഷ്ട്ര പ്രശ്‌നങ്ങളും നമ്മുടെ പ്രതികരണങ്ങളും നവമാധ്യമങ്ങളിലെ വൈറല്‍ വിഷയങ്ങളിലൊന്നാണ്. അന്യായമായി അപരനെ വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ബുദ്ധിമുട്ടിച്ചാല്‍ അതിന് മറുപടി പറഞ്ഞ ശേഷമല്ലേ പരലോക വിചാരണ തീരില്ലെന്ന് പഠിപ്പിച്ച മതത്തിന്റെ അനുയായികള്‍ എന്തിന് ഇത്തരം പാപഭാരം ഏറ്റെടുക്കണം. അറബിപ്പേര് കൊണ്ടോ കാനേഷുമാരി കണക്ക് കൊണ്ടോ ലഭിക്കുന്നതല്ല ഇസ്‌ലാം എന്ന് നാം ലോകത്തെ പഠിപ്പിക്കണം. മനസ്സറിഞ്ഞ പ്രവര്‍ത്തനങ്ങളാണ് വിശ്വാസികളെ അടയാളപ്പെടുത്തുന്നതെന്നും ഓര്‍മിപ്പിക്കണം. ഇതിനെതിരെ പ്രവര്‍ത്തിക്കുന്ന ഏത് സ്വയം പ്രഖ്യാപിത മുസ്‌ലിമിനോടും നമുക്ക് യാതൊരു ബാധ്യതയുമില്ലെന്ന് ഉണര്‍ത്തണം. അവര്‍ തെറ്റിദ്ധരിക്കുന്നതില്‍ പരിഭവപ്പെട്ടിട്ട കാര്യമല്ല, ശരിയായ മതം പരിചയപ്പെടാത്തതാണല്ലോ അവര്‍ മറുപക്ഷത്തിരിക്കുന്നതിന്റെ കാരണം. അപ്പോള്‍ ആരോഗ്യകരമായ സംവാദങ്ങളും സംവേദനങ്ങളും മാത്രമാണ് പ്രതിവിധി.
ആദ്യം പ്രതികരിക്കണമെന്ന വാശി ഇന്ററാക്ടീവ് മീഡിയയുടെ കൂടെ പിറപ്പാണെന്ന് പറയാം. ചിന്തിത്ത് പേശാന്‍ നാം മറക്കുമ്പോള്‍ വായില്‍ വരുന്നത് കോതക്ക് പാട്ടായി തീരുന്നു. പ്രശ്‌നങ്ങളുടെ മൂലകാരണം കണ്ടെത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നതിന് പകരം ആദ്യമേ പ്രതിഷേധമുയര്‍ത്തുന്നത് ഒട്ടും ഗുണകരമല്ല. പ്രശ്‌നം അതത് അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുന്നത് പോലെയുള്ള ഇടപെടലുകള്‍ നടത്തിയ ശേഷം പരിഹാരമുണ്ടായിട്ടില്ലെങ്കില്‍ മിണ്ടാതിരിക്കുന്നത് ഭൂഷണമല്ല.
അവകാശ പോരാട്ടത്തിനിറങ്ങുമ്പോള്‍ സമുദായത്തിന്റെ പേരില്‍ ചിലര്‍ വാങ്ങിയെടുത്ത സ്ഥാനങ്ങളടക്കമുള്ളവ എത്രത്തോളം ഉപയോഗപ്രദമായെന്ന വീണ്ടു വിചാരവും വേണം. വിദ്യാഭ്യാസം കച്ചവടമാക്കാതെ സമുദായത്തിനും സമൂഹത്തിനും ഗുണകരമാകുന്ന രീതിയില്‍ ഇവ മാറണം.
ഏറ്റവും ഒടുവിലായ നടന്ന ഭരണഘടന വിരുദ്ധ നടപടിയാണ് സവര്‍ണ സംവരണം. മുന്നാക്കത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ പരിഗണിക്കപ്പെടുക തന്നെ വേണം. എന്നാല്‍ അവരുടെ സാമ്പത്തിക പരാധീനതക്ക് പരിഹാരമായി സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്താമായിരുന്നു. പകരം രാഷ്ട്രീയവും മതപരവും ജാതീയവുമായ കാരണങ്ങളാല്‍ പിന്നാക്കം നില്‍ക്കുന്നവരെ ഉയര്‍ത്തി കൊണ്ടുവരാന്‍ ഭരണഘടന വിദഗ്ദര്‍ വിഭാവനം ചെയ്ത സംവരണാനുകൂല്യം ഇവര്‍ക്കും നല്‍കുകയായിരുന്നു. അതും മൊത്തം ശേഷിയുടെ പത്ത് ശതമാനം. ഏറ്റവും കൂടുതല്‍ സംവരണമുള്ള പിന്നാക്ക വിഭാഗത്തേക്കാള്‍ വളരെ കൂടുതല്‍ ആനുകൂല്യമാണ് വളരെ ന്യൂനപക്ഷമായ ഇവര്‍ക്ക് നല്‍കിയത്. ഉദ്യോഗസ്ഥ തലത്തിലുള്ള ഇവരുടെ സാന്നിധ്യത്താല്‍ ഇവ നടപ്പായത് അതിവേഗത്തിലായിരുന്നു. അസ്തിത്വം വഴി നഷ്ടപ്പെട്ട ആനുകൂല്യങ്ങള്‍ തിരിച്ചു നല്‍കുന്നതാണ് ജനാധിപത്യ വഴി. അങ്ങനെ പിന്നാക്ക ജനതതികള്‍ നഷ്ടപ്പെട്ടവ തിരിച്ചുപിടിക്കുക തന്നെ വേണം. ആരുടെയും അവകാശം ഹനിച്ചിട്ടല്ല. സ്വന്തം അവകാശം ത്യജിച്ചിട്ടുമല്ല.

ഇജാസ് ഹസനൈന്‍