ആത്മാവിന് അന്നമൂട്ടണം

1947

ഹൃദയം ദൈവിക സ്‌നേഹം കൊണ്ട് നിറഞ്ഞുകവിയാനും ദൈവഭയം കാത്തുസൂക്ഷിക്കാനും സാധിക്കുന്ന എളുപ്പവഴികളെക്കുറിച്ച് എല്ലാവരും ആലോചിക്കാറുണ്ടല്ലോ. അല്ലാഹു ചെയ്ത കൃപാകടാക്ഷങ്ങളേയും മഹ്ശറിലെ വിചാരണയേയും ഓര്‍ക്കുകയെന്നതാണ് ഇതിനുള്ള മാര്‍ഗം. സ്‌നേഹത്തിന്റെയും പേടിയുടെയും രണ്ടു കാലുകളിലായാണ് അവനിലേക്ക് വിശ്വാസി നടന്നടുക്കേണ്ടത്. അവനെ സ്‌നേഹിക്കുക മാത്രം ചെയ്ത് പേടിക്കാതിരിക്കുകയോ, പേടിക്കുക മാത്രം ചെയ്ത് സ്‌നേഹിക്കാതിരിക്കുകയോ ചെയ്താല്‍ അവന്‍ ശരിയായ വഴിയിലല്ല എന്നാണര്‍ഥം. വിശുദ്ധ റമളാന്‍ നമുക്ക് നല്‍കുന്ന ഊര്‍ജമതാവണം. സുഖകരവും സുരക്ഷിതവുമായ നിദ്ര പ്രദാനം ചെയ്യുന്ന, ഉറക്കിലും ഉണര്‍ച്ചയിലും കാവലൊരുക്കുന്ന, രണ്ടുകാലില്‍ തലയുയര്‍ത്തി നിന്നെ നടത്തിക്കുന്ന, സ്വസ്ഥമായി ഇരിക്കാനുള്ള ശേഷി നല്‍കുന്ന, ഭക്ഷണം സുഖമായി ശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്കെത്തിക്കുന്ന, നിന്റെ ഓരോ ചലനങ്ങളിലും സംരക്ഷണ കവചമൊരുക്കാന്‍ മലക്കുകളെ സംവിധാനിക്കുന്ന അല്ലാഹുവിനെ സ്‌നേഹിക്കാനും ഭയപ്പെടാനും കഴിഞ്ഞില്ലെങ്കില്‍ ജീവിതത്തിന് എന്തര്‍ഥമാണുള്ളത്. ഭൗതിക ലോകത്ത്, വല്ല പ്രയാസവും നേരിടുമ്പോള്‍ ആരില്‍ നിന്നെങ്കിലും സഹായങ്ങള്‍ സ്വീകരിക്കേണ്ടി വന്നാല്‍ ജീവിതകാലം മുഴുവന്‍ അദ്ദേഹത്തെ ബഹുമാനിച്ചും ആദരിച്ചും സ്‌നേഹിച്ചും കഴിയുന്ന മനുഷ്യരെ കാണാറില്ലേ. ഈ സഹായത്തിന്റെ എത്രയോ മടങ്ങ് സഹായം നിരന്തരം ചെയ്തു കൊണ്ടിരിക്കുന്ന അല്ലാഹുവിനോടു നാമെത്ര കടപ്പെട്ടിരിക്കുന്നു. പിഞ്ചുകുഞ്ഞിനോട് മാതാവ് കാണിക്കുന്ന വാത്സല്യമാണ് അല്ലാഹു അടിമകളോടു കാണിക്കുന്നത്. തന്നെ വളര്‍ത്തുന്നതും പരിപാലിക്കുന്നതുമൊക്കെ തന്റെ സ്‌നേഹനിധിയായ ഉമ്മയാണെന്നറിഞ്ഞില്ലെങ്കില്‍ പോലും കുട്ടി നിരപരാധിയാണ്. എങ്കില്‍ പോലും കുട്ടി മാതാവിനോട് തിരിച്ചു സ്‌നേഹം പ്രകടിപ്പിക്കുന്ന കാഴ്ച നമുക്ക് കാണാം. എന്നാല്‍, ബുദ്ധിയും വകതിരിവുമുള്ള, അല്ലാഹുവിന്റെ അനുഗ്രഹങ്ങളുടെ മടിത്തട്ടില്‍ ഒരു കുട്ടിയെപ്പോലെ കഴിയുന്ന മനുഷ്യര്‍, അവര്‍ക്കു വേണ്ടി അല്ലാഹു ചെയ്തുവച്ച അനുഗ്രഹങ്ങള്‍ക്കു നേരെ കണ്ണടക്കുന്നത് എങ്ങനെയാണ്! പുണ്യങ്ങളേറേയുള്ള വിശുദ്ധ റമളാന്‍ വിശ്വാസിക്ക് ഇത്തരം ചിന്തകളുടേതും പുനര്‍വിചിന്തനങ്ങളുടേതു കൂടിയാവണം.
ദൈവിക സ്‌നേഹം സമ്പൂര്‍ണമാവുക, ആ സ്‌നേഹത്തില്‍ നിന്നുയിര്‍കൊള്ളുന്ന ഭയം കൂടി സമ്മേളിക്കുമ്പോള്‍ മാത്രമാണല്ലോ. ജീവിതത്തില്‍ നിര്‍ബന്ധമായും അഭിമുഖീകരിക്കേണ്ട ചില നിമിഷങ്ങളെ നിരന്തരം ഓര്‍ത്തുകൊണ്ടിരിക്കുക. മരിച്ചു കിടക്കുന്ന നിസ്സഹായാവസ്ഥയോര്‍ക്കുക, അന്നു നിനക്ക് എല്ലാത്തിലും വലുത് അല്ലാഹു മാത്രമായിരിക്കും, അവന്റെ സ്‌നേഹവും കാരുണ്യവും മാത്രമായിരിക്കും. പക്ഷേ, അന്നത്തെ ആ സ്‌നേഹവും ഭയവും തെല്ലും നിനക്ക് ഫലം ചെയ്യില്ല. ഖബ്‌റിലെ ഏകാന്തനായുള്ള കിടത്തത്തെക്കുറിച്ചോര്‍ക്കുക, ഖബ്‌റില്‍ പല മയ്യിത്തുകളും ഇറക്കിവക്കുമ്പോള്‍, ദുനിയാവില്‍ ശേഖരിച്ചുവച്ചതൊന്നുമില്ലാതെ വെറും കൈയ്യോടെ പോകുമ്പോള്‍, മൂന്നുപിടി മണ്ണു വാരിയെറിഞ്ഞ് എല്ലാവരും തിരിച്ചു നടക്കുമ്പോള്‍ അയാള്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളെന്തൊക്കെയാവുമെന്നോര്‍ത്ത് നീ വേദനിച്ചില്ലേ, നിനക്കും നിന്റെ ഖബ്‌റിനുമിടയില്‍ ഇനിയെത്ര മണിക്കൂറുകളുടെ, നിമിഷങ്ങളുടെ ദൂരമുണ്ടെന്നാരു കണ്ടു! പുനര്‍ജീവിതത്തെക്കുറിച്ചോര്‍ക്കുക, യജമാനനായ റിബ്ബിനു മുമ്പില്‍ വിചാരണക്കു വേണ്ടി നില്‍ക്കുന്ന രംഗം, ദുനിയാവിലെ ചെയ്തുകൂട്ടലുകള്‍ക്കു മുഴുവന്‍ കണക്കു പറയേണ്ട നിമിഷങ്ങള്‍. സ്വിറാത്ത് പാലത്തെക്കുറിച്ചോര്‍ക്കുക, ദുനിയാവിലെ ഒറ്റവരിപ്പാലങ്ങള്‍ക്കു മീതെ പോലും പതറാതെ നടക്കാന്‍ കഴിയാത്തവന്‍ മുടിയിഴകളേക്കാള്‍ നേരിയ, വാളിനേക്കാള്‍ മൂര്‍ച്ചയുള്ള പാലത്തിലൂടെ എങ്ങനെ നടന്നു കയറാനാണ്!
വിശുദ്ധ റമളാനിലെ ആദ്യ ദിവസങ്ങളില്‍ കാണുന്ന ആവേശവും ആരാധനകളിലുള്ള താത്പര്യവും ദിനേന കുറഞ്ഞുവരികയും ഏറെ പവിത്രമായ അവസാന ദിനരാത്രങ്ങളില്‍ ചിലപ്പോള്‍ പാടേ ഇല്ലാതാവുകയും ചെയ്യുന്ന പരിതസ്ഥിതി നമ്മുടെ വിശ്വാസത്തെക്കുറിച്ച് ഗൗരവമായ പുനര്‍വിചിന്തനം ആവശ്യമാണെന്നാണു നമ്മോടു പറയുന്നത്. തിരുനബി(സ്വ) തങ്ങളും അനുചരരും വിശുദ്ധ റമളാന്‍ അവസാനത്തോടടുക്കുമ്പോള്‍ ആരാധനാനിരതമാവുകയും സദാസമയം പള്ളിയില്‍ ഭജനമിരിക്കുകയും ചെയ്യുമായിരുന്നുവെന്നാണല്ലോ ഹദീസുകള്‍. എന്നാല്‍, റമളാന്‍ ആഗതമാവുമ്പോള്‍ നിറഞ്ഞു കവിഞ്ഞിരുന്ന നമ്മുടെ പള്ളികള്‍ റമളാന്‍ അവസാനിക്കുമ്പോള്‍ പൂര്‍വസ്ഥിതിയിലാവുന്നത് നല്‍കുന്ന സൂചനയെന്താണ്.
വിശുദ്ധ റമളാന്‍ അവസാനിക്കുന്നതോടെ കാര്യങ്ങളെല്ലാം പൂര്‍വസ്ഥിതി പ്രാപിക്കുന്നു. മനുഷ്യ ദൃഷ്ടിയില്‍ എല്ലാവരും തുല്യരായിരിക്കുമപ്പോള്‍. പക്ഷേ, അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കിയവനും അവന്റെ വിളിയെ അവജ്ഞയോടെ തള്ളിയവനും ഒരിക്കലും ഒരുപോലെയല്ല. ഒരാള്‍ അല്ലാഹുവിന്റെ അനന്തമായ കടാക്ഷത്തില്‍ ധന്യനാവുമ്പോള്‍ മറ്റൊരാള്‍ അവന്റെ കഠിനകോപത്തിനു വിധേയമാവുകയാണ്. സത്യത്തില്‍, വിശുദ്ധ റമളാനില്‍ തെമ്മാടിയായി നടന്നവര്‍ നേടിയ ലാഭവും സുകൃതങ്ങള്‍ ചെയ്തവര്‍ക്കുണ്ടായ നഷ്ടവുമെന്താണ്. തിന്മയുടെ മാധുര്യം നൈമിഷികമാണ്. തിന്മയുടെ സുഖം ആസ്വദിച്ചു തീര്‍ന്നാലും പടച്ചവനുമായുള്ള വിചാരണ ബാക്കിയുണ്ടാവുമെന്ന ചിന്ത നമ്മെയൊക്കെ പിടിച്ചുകുലുക്കേണ്ടതാണ്. തന്റെ നാഥന്റെ കല്‍പനപ്രകാരം ഈ വിശുദ്ധ മാസത്തില്‍ നൈമിഷിക സുഖങ്ങള്‍ സ്വശരീരത്തിനു വിലക്കിയവര്‍ക്ക് അനശ്വരമായ പരലോകത്ത് അതുല്യമായ സുഖങ്ങളാണ് ഒരുക്കിവക്കപ്പെട്ടിട്ടുള്ളത്. ഭൗതികമായ പ്രതിസന്ധികള്‍ പലതും അവന്‍ പോലുമറിയാതെ പരിഹരിക്കപ്പെടുന്നു. ദുനിയാവില്‍ സഹിച്ച പട്ടിണിക്കു പകരമായി ‘നിങ്ങള്‍ മതിയാവോളം തിന്നുകയും കുടിക്കുകയും ചെയ്യുക’യെന്ന ദൈവിക കല്‍പന അവനെ ധന്യനാക്കുന്നു. യഥാര്‍ഥ വിശ്വാസിക്ക് റമളാന്റെ പിരിഞ്ഞുപോക്ക് ഈ ലോകം തന്നെ അവസാനിക്കുന്നതിനു തുല്യമാവും.
വിശുദ്ധ റമളാന്‍ യഥാര്‍ഥ പരീക്ഷണത്തിന്റെ മാസമാണ്. ദുനിയാവിലെ ജീവിതം അതിവിശാലമായും വിശുദ്ധ റമളാന്‍ അതിലെ വെറും ചുരുങ്ങിയ ദിനങ്ങള്‍ മാത്രമായും നമുക്ക് അനുഭവപ്പെടുമെങ്കിലും മരണാനന്തരം ദുനിയാവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ മാത്രമാണ് എത്രചെറുതായിരുന്നു ദുനിയാവിലെ ജീവിതമെന്ന് നാം തിരിച്ചറിയുന്നത്. അവിടേയും ദൈവിക കല്‍പന അനുവര്‍ത്തിക്കാന്‍ കഴിഞ്ഞവര്‍ സര്‍വ ധന്യരും നിരാകരിച്ചവര്‍ ഹതാശരുമായിരിക്കും. റമളാന്‍ മാസം കടന്നുപോവുകയെന്നാല്‍ ദുനിയാവ് അവസാനിക്കുന്നതു പോലെത്തന്നെയാണ്. ശൈശവ ചാപല്യങ്ങള്‍ കൊണ്ടു വഞ്ചിതനായവന്‍ എത്ര പരാജിതനായിരിക്കും. കുട്ടികള്‍ രോഗിയാവുമ്പോള്‍ രക്ഷിതാക്കള്‍ രുചികരമായ ഭക്ഷണങ്ങള്‍ അവരെത്തൊട്ട് വിലക്കുകയും അവര്‍ക്കിഷ്ടമല്ലാതിരുന്നിട്ടും നിര്‍ബന്ധപൂര്‍വം മരുന്നുകള്‍ കുടിപ്പിക്കുകയും ചെയ്യാറില്ലേ. തന്റെ മുന്നിലെ ഭക്ഷണങ്ങള്‍ കാണുമ്പോള്‍ കുട്ടിക്ക് കൊതിയൂറുമെങ്കിലും ഡോക്ടറുടെ നിര്‍ദേശത്തിന്റെ മൂല്യം തിരിച്ചറിയാന്‍ കഴിവില്ലാത്തവനാണ് കുട്ടി. മരുന്ന് കാണുമ്പോള്‍ ഓടിയൊളിക്കുകയും ചെയ്യും. എന്നാല്‍, പ്രായമേറെയായിട്ടും ഇതേ കുട്ടിത്തം കാത്തുസൂക്ഷിക്കുന്നവര്‍ നമുക്കിടയിലുണ്ട്. തെറ്റുകള്‍ കാണുമ്പോള്‍ അവര്‍ക്ക് കൊതിയൂറുകയാണ്. പശ്ചാതാപത്തിന് ഡോക്ടറായ അല്ലാഹു നിശ്ചയിച്ച മരുന്നുകളില്‍ നിന്ന് അവര്‍ ഓടിയൊളിക്കുകയാണ്.
മനുഷ്യരില്‍ ശരീരിക ഇച്ഛ, മൃഗീയ സ്വഭാവങ്ങള്‍, ആത്മാവ് എന്നീ മൂന്നു ഘടകങ്ങള്‍ എപ്പോഴും സമ്മേളിച്ചിരിക്കും. മനുഷ്യന്‍ ഇതിലേറ്റവും പരിഗണനയോടെ കാണുന്നതും കരുതല്‍ നല്‍കുന്നതും ആദ്യത്തേയും രണ്ടാമത്തേയും ഭാഗത്തിനാണ്. ഇവ രണ്ടിന്റെയും ആവശ്യനിര്‍വഹണത്തിനും ലക്ഷ്യപൂര്‍ത്തീകരണത്തിനും ഏതറ്റംവരെ പോവാനും മനുഷ്യന്‍ തയ്യാറാവുകയും ചെയ്യും. അതേസമയം, ഒരു മനുഷ്യനെ മനുഷ്യനാക്കുന്നതിലെ പ്രധാന ഘടകം അവന്റെ ആത്മാവാണെന്ന പരമ സത്യം പാടേ മറന്നുകൊണ്ടാണു പലരുടെയും ജീവിതം. ആത്മാവിനാവശ്യമായ അന്നം കൊടുക്കാതെയും അതിന്റെ വളര്‍ച്ച പരിഗണിക്കാതെയുമുള്ള ജീവിതം തീര്‍ത്തും അപകടമാണ്. ശാസ്ത്രം ആത്മാവിനെക്കുറിച്ചുള്ള വീക്ഷണങ്ങളില്‍ പലപ്പോഴും പരാജയപ്പെടുമ്പോഴും ഇസ്‌ലാമിന് കൃത്യമായ വീക്ഷണങ്ങളുണ്ടതില്‍. മനുഷ്യന്റെ ചിന്തകളേയും ഭാവനകളേയും ആലോചനകളേയും സ്വാധീനിക്കുന്നുണ്ട് ആത്മാവിന്റെ സാന്നിധ്യം. അന്നം കൊടുത്തു വളര്‍ത്തണമെന്ന നിബന്ധനയുടെയടിസ്ഥാനത്തില്‍ അല്ലാഹു നമ്മെ വിശ്വസിച്ചേല്‍പിച്ച സൂക്ഷിപ്പുസ്വത്തു കൂടിയാണത്. ദൈവിക സ്മരണ തന്നെയാണ് ആദ്യാവസാനമായി ആത്മാവിന്റെ അന്നം. തഹ്‌ലീല്‍, ഇസ്തിഗ്ഫാര്‍, തസ്ബീഹ്, മറ്റു ദിക്‌റുകള്‍ കൊണ്ട് രാപകല്‍ ഭേദമന്യേ നമ്മുടെ ആത്മാവിനെ അന്നമൂട്ടണം. അതിനു ലഭിക്കുന്ന സുവര്‍ണാവസരങ്ങള്‍ സമര്‍ഥമായി ഉപയോഗപ്പെടുത്തണം. അത്തരമൊരു അവസരമാണ് വിശുദ്ധ റമളാനിലൂടെ വിശ്വാസികള്‍ക്ക് കൈവന്നിരിക്കുന്നത്. ശരീരത്തിനും വികാരങ്ങള്‍ക്കും പകരം ആത്മാവിനെ മുഖ്യമായിക്കാണാനും അതിനാവശ്യമായ പോഷകങ്ങള്‍ നല്‍കാനും വിശ്വാസി തയ്യാറാവണം. അതുതന്നെയാണ് ഭക്ഷണമടക്കമുള്ള വികാരങ്ങള്‍ക്കൊക്കെ അവധി പറഞ്ഞ് ആത്മാവിനായി വിശ്വാസി ഒരുങ്ങിയിറങ്ങാന്‍ ആഹ്വാനം ചെയ്യുന്ന റമളാനിന്റെ പരമലക്ഷ്യവും. ആത്മാവ് ശക്തി കൈവരിക്കുന്നതോടെ ശരീരേച്ഛകള്‍ക്കും വികാരങ്ങള്‍ക്കും ക്ഷീണം സംഭവിക്കുന്നു. ദൈവനാമങ്ങള്‍ കേള്‍ക്കുമ്പോള്‍ വികാരാധീമാവുന്ന ആത്മാവും കണ്ണുനീര്‍ പടരുന്ന നയനങ്ങളും ഇടറുന്ന ചുണ്ടുകളും വിശ്വാസിക്ക് അലങ്കാരമാണ്. ശരീരത്തിന്റെ കരവലയങ്ങളില്‍ ബന്ധനസ്ഥമായ ആത്മാവിന്റെ കെട്ടുപൊട്ടിച്ച് ദൈവികസ്മരണയുടെയും ത്യാഗത്തിന്റെയും സ്വച്ഛന്ദവായു ശ്വസിക്കാന്‍ ആതിനെ പറഞ്ഞുവിടുക, എന്നാല്‍, എല്ലാം ഒരുപോലെ ധന്യമാവും. വിശുദ്ധ റമളാന്‍ അത്തരമൊരു സുവര്‍ണാവസരമാണ് വിശ്വാസിക്ക് തരുന്നത്. വിശുദ്ധ റമളാനെക്കുറിച്ചുള്ള ഖുര്‍ആനിലെ രണ്ടു സൂക്തങ്ങള്‍ പരിശോധിക്കാം. ‘നിങ്ങളുടെ മുന്‍ഗാമികള്‍ക്കു നോമ്പ് നിര്‍ബന്ധമാക്കപ്പെട്ട പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു, നിങ്ങള്‍ തഖ്‌വ ഉള്ളവരാകാന്‍ വേണ്ടി.'(ബഖറ 183). ‘ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായി വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ റമളാന്‍ മാസം'(ബഖറ 185). റമളാന്‍ നോമ്പിനെക്കുറിച്ചുള്ള പ്രസക്തമായ രണ്ടു ചിന്തകളാണ് ഈ രണ്ടു സൂക്തങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്. അടിമയും ഉടമയും മാത്രമറിയുന്ന, പരമരഹസ്യമായ, ലോകമാന്യത്തിനോ അഹങ്കാരത്തിനോ വകയില്ലാത്ത കര്‍മമാണ് നോമ്പെന്നതാണ് ഒന്നാമത്തെ സൂക്തത്തിന്റെ താത്പര്യം.
നിങ്ങള്‍ തഖ്‌വയുള്ളവരാകാന്‍ വേണ്ടിയെന്ന ദൈവിക വചനം പ്രസക്തമാവുന്നതവിടെയാണ്. അത്രമേല്‍ സ്വകാര്യമായ ഇടപാടായാണ് അല്ലാഹു അതിനെ സംവിധാനിച്ചിട്ടുള്ളത്. ‘മനുഷ്യന്റെ എല്ലാ കര്‍മങ്ങളും അവനു തന്നെയുള്ളതാണ്. നോമ്പുമാത്രം എനിക്കുള്ളതാണ്, അതിന്റെ പ്രതിഫലം നല്‍കുന്നതും ഞാന്‍ തന്നെയാണ്’ എന്ന നബിവചനത്തില്‍ തന്നെ അതിന്റെ പരമാര്‍ഥം ഒളിഞ്ഞുകിടക്കുന്നുണ്ട്. ഈ വിശുദ്ധ മാസത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് രണ്ടാമത്തെ സൂക്തം വിശദീകരിക്കുന്നത്. പരസ്യമായി ഭക്ഷണം കഴിച്ചും നിഷിദ്ധകാര്യങ്ങള്‍ ചെയ്തും നോമ്പിന്റെ പവിത്രത കളങ്കപ്പെടുത്തുന്നവര്‍ ഏല്‍ക്കേണ്ടി വരുന്ന ശിക്ഷ അതിദാരുണമാവും. ‘അല്ലാഹുവിന്റെ അടയാളങ്ങളെ ബഹുമാനിക്കുകയെന്നാല്‍ ഹൃദയഭക്തിയുടെ ലക്ഷണമാണ്’ (ഹജ്ജ് 23) എന്ന സൂക്തത്തിന്റെ താത്പര്യം അതാണ്. ‘എന്റെ അടിമകള്‍ അങ്ങയോടെന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ സമീപസ്ഥന്‍ തന്നെയാണെന്ന് മറുപടി നല്‍കുക. അര്‍ഥിക്കുന്നവന്‍ എന്നോടു പ്രാര്‍ഥിച്ചാല്‍ ഞാനുത്തരം നല്‍കും. അതുകൊണ്ട് അവരെന്റെ കല്‍പന സ്വീകരിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ, അവര്‍ നേര്‍മാര്‍ഗത്തിലാവാന്‍ വേണ്ടി'(അല്‍ ബഖറ 186) എന്ന ആയത്തു കൂടി ഇതോടു ചേര്‍ത്തുവായിക്കുന്നതോടെ വിശ്വാസിയുടെ വിജയം പരിപൂര്‍ണമാവുന്നു. വിശുദ്ധ റമളാന്‍ അവന്ന് ഇരക്കലുകളുടേയും പടച്ചവനിലേക്കുള്ള അടുക്കലിന്റേയും ആത്മാവിനുള്ള അന്നമൂട്ടിന്റേയും തഖ്‌വയില്‍ കടഞ്ഞെടുത്ത മനസ്സ് സാധ്യമാക്കുന്നതിന്റേയും മാസമാകുന്നു.
നമ്മുടെ ആരാധനകളൊക്കെ തന്നെ വ്യക്തമായ ദൈവിക വിധേയത്വത്തില്‍(ഉബൂദിയ്യത്ത്) നിന്നുയിര്‍ കൊള്ളുന്നതാവണം. ആരാധനയും(ഇബാദത്ത്) വിധേയത്വവും(ഉബൂദിയ്യത്ത്) രണ്ടും രണ്ടാണ്. ആരാധനയുടെ മേലങ്കി മാത്രം എടുത്തണിയുകയും വിധേയത്വത്തിന്റെ പാഠങ്ങള്‍ കാറ്റില്‍ പറത്തുകയും ചെയ്യുന്നിടത്താണ് നമ്മുടെ പ്രശ്‌നങ്ങള്‍ അനന്തമായി നീണ്ടുതുടങ്ങുന്നത്. പള്ളികള്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ ഉയര്‍ന്നു വരികയും ദിക്‌റ് സദസ്സുകള്‍ മഴക്കൂണുകള്‍ പോലെ മുളച്ചുപൊങ്ങുകയും പള്ളികളില്‍ ആള്‍ക്കാര്‍ നിറഞ്ഞുകവിയുകയും ദാനധര്‍മങ്ങളടക്കമുള്ള സുകൃതങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ലാതെ തുടരുകയും ചെയ്യുമ്പോഴും ഹൃദയശാന്തിയും മനഃസമാധാനവും മനുഷ്യന് കിട്ടാക്കനിയാവുന്നത് അതുകൊണ്ടാണ്. അവസാന കാലത്ത് മുസ്‌ലിം ജനസംഖ്യ ഒരുപാടുണ്ടാവുമെങ്കിലും ‘മലവെള്ളപ്പാച്ചലിലെ ചണ്ടികള്‍ പോലെയാവും നിങ്ങളന്ന്’ എന്ന് നബി തങ്ങള്‍ പറഞ്ഞതിന്റെ പൊരുളും ദൈവിക വിധേയത്വം നഷ്ടപ്പെട്ട ഒരു സമൂഹത്തെക്കുറിച്ചാണ്. പ്രത്യക്ഷത്തില്‍ നാം കാണുന്ന നിസ്‌കാരവും ഹജ്ജും ദാനധര്‍മങ്ങളുമൊക്കെയടങ്ങുന്ന കര്‍മങ്ങളാണ് ആരാധനകള്‍. എന്നാല്‍, ആത്മാവിന്റേയും ഹൃദയത്തിന്റേയും ഊര്‍ജവും അന്നവുമാണ് ഉബൂദിയ്യത്ത്. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഉയര്‍ന്നുവരേണ്ടതാണത്. അവന്റെ മുന്നില്‍ ഒന്നുമല്ലാത്ത അടിമയായി പരിഭവപ്പെടുകയും വിധേയപ്പെടുകയും ചെയ്യുമ്പോഴേ അതു പൂര്‍ണമാവുന്നുള്ളൂ. അടിമയായിരിക്കുകയെന്നതാണ് വിശ്വാസിയുടെ ഏറ്റവും വലിയ ലക്ഷണവും. ഇസ്‌റാഅ് മിഅ്‌റാജ് രാപ്രയാണം പറയുന്നിടത്ത് ‘അടിമ’ എന്നാണല്ലോ തിരുനബിയെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. വിശ്വാസിക്ക് വിശുദ്ധ റമളാന്‍ നല്ലൊരു അടിമയാവാനുള്ള അവസരം കൂടിയാണ്.

ഡോ. സഈദ് റമളാന്‍ ബൂത്വി
വിവ: മുഹമ്മദ് ശാക്കിര്‍ മണിയറ