ആധുനിക ദേശരാഷ്ട്രം; ഇസ്ലാമികമാവുന്നതിലെ സങ്കീര്‍ണതകള്‍

951

ആജ്ഞാനുവര്‍ത്തിത്വത്തിന്റെ പ്രായോഗിക ഘടന അധികാരവൃത്തത്തില്‍ നിന്നും പൗരബോധത്തിലെത്തുന്ന രീതി ശാസ്ത്രത്തിന്റെ പേരാണ് ദേശരാഷ്ട്രം. മതാഹ്വാനങ്ങള്‍ വിശ്വാസിയില്‍ സാധ്യമാക്കുന്ന ആന്തരിക അനുവര്‍ത്തിത്വബോധങ്ങളും ബോധ്യങ്ങളും ആധുനിക ദേശരാഷ്ട്രങ്ങള്‍ക്ക് അന്യമാണെന്ന് വാഇല്‍ ഹല്ലാഖ് പറയുന്നു. പൗര സങ്കല്‍പത്തില്‍ പരിമിതമാവുന്ന ദേശ രാഷ്ട്രീയം, അത്തരം അതിര്‍വരമ്പുകളെ ഭേദിക്കുന്ന ഉമ്മത്ത് കേന്ദ്രീകൃത ഇസ്ലാമിക രാഷ്ട്രീയ ഭാവനകളോട് പരിപൂര്‍ണാര്‍ഥത്തില്‍ വൈരുദ്ധ്യമാണ്. അതുകൊണ്ടാണ് മുഹമ്മദ് അസദിന്റെയും മൗദൂദിയുടെയും ഇസ്ലാമിക് സ്റ്റേറ്റ് എന്ന പരാമര്‍ശങ്ങളെ തലാല്‍ അസദ് വിമര്‍ശിക്കുന്നത്. സ്റ്റേറ്റിനു പകരമായി വാഇല്‍ ഹല്ലാഖ് ഇസ്ലാമിക ഭരണം എന്ന് ഉപയോഗിക്കുന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. വരേണ്യവര്‍ഗത്തിന്റെ അധികാരക്രമത്തില്‍ സാധ്യമാവുന്ന ദേശരാഷ്ട്രത്തിന്റെ നിയമവ്യവസ്ഥകള്‍ ഏകപക്ഷീയമാണെന്നു മാത്രമല്ല, അതിലൂടെ അത്തരം വിഭാഗങ്ങള്‍ ഭരണകൂടത്തിനുള്ളില്‍ നിയമബാഹ്യ അധികാരമുള്ള വിശിഷ്ട വര്‍ഗമായി മാറുകയും ചെയ്യുന്നുണ്ട്. അന്തലൂസ് അധിനിവേശം സാധ്യമാക്കിയ കൊളോണിയല്‍ ലോകക്രമവും 1648-ലെ വെസ്റ്റ്ഫാലിയന്‍ ഉടമ്പടിയുമാണ് യൂറോപ്യന്‍ സാഹചര്യത്തില്‍ ദേശരാഷ്ട്രം എന്ന ആശയത്തിനു തുടക്കമിട്ടത്. അതുകൊണ്ടുതന്നെ ആധുനിക ദേശരാഷ്ട്രം എന്നത് ഒരിക്കലും ചരിത്രാതീതമോ സ്വാഭാവിക പ്രതിഭാസമോ ആവുന്നില്ല. ഒരു രാഷ്ട്രം, ഒരു മതം, ഒരു സ്വത്വം എന്ന സങ്കല്‍പം അധിനിവേശ ശക്തികള്‍ കൊളംബസിനു മുന്നില്‍ അവതരിപ്പിക്കുന്നതിലൂടെയാണ് ആദ്യമായി അതാരംഭിക്കുന്നത്. ഇത്തരത്തില്‍ ഒരു യൂറോപ്യന്‍ ഏകാധിപത്യത്തിന്റെ ചരിത്ര സാഹചര്യത്തില്‍ ആവിര്‍ഭവിക്കുകയും, രാജാധിപത്യ ശക്തികള്‍ സ്വന്തം പ്രജകളെ നിയന്ത്രിക്കുവാനും അമിതമായ ധനശേഖരണത്തിനു വേണ്ടി രൂപപ്പെടുത്തുകയും ചെയ്ത സംവിധാനമാണ് ദേശരാഷ്ട്രം. പൗരജീവിതത്തിന്റെ സമസ്ത മേഖലകളിലും പരോക്ഷവും പരസ്യവുമായ നിയന്ത്രണം സാധ്യമാക്കിയ അതിന്റെ നിയമവ്യവസ്ഥകള്‍ പൗരവൃത്തത്തിന്റെ ചിന്താമണ്ഡലങ്ങളില്‍ ഒരു സവിശേഷ മാനസികാവസ്ഥ ജനിപ്പിച്ചിട്ടുണ്ട്. അധികാരത്തിന്റെ പ്രസ്തുത രീതിശാസ്ത്രത്തെ മിഷേല്‍ ഫുക്കോ വിശേഷിപ്പിക്കുന്നത് ‘ഗവണ്‍മെന്റാലിറ്റി’ എന്നാണ്. ദേശരാഷ്ട്രം നിലവില്‍ വന്നതെ മുതലുള്ള അതിന്റെ ചരിത്രത്തിലെ വ്യത്യസ്ത സാമൂഹിക പ്രതിബന്ധങ്ങളെ മറികടക്കുന്നതിനായി അത് സ്ഥാപിച്ച വ്യവസ്ഥകളും സ്ഥാപനങ്ങളുമാണ് ഒരു സവിശേഷ പൗരധര്‍മത്തെ നിര്‍മിച്ചത്. ദേശരാഷ്ട്രത്തിന്റെ മുതലാളിത്ത ലോകക്രമത്തിലെ വ്യത്യസ്ത സാമൂഹിക അനുഭവങ്ങളാല്‍ സൃഷ്ടിക്കപ്പെട്ട സാമൂഹിക ക്ഷേമവും പൊതുജനാരോഗ്യ സംവിധാനങ്ങളും വിദ്യാഭ്യാസ വ്യവസ്ഥയും ഭരണവര്‍ഗത്തെ സഹായിക്കുവാനും തൊഴിലാളി വര്‍ഗത്തെ അനുസരിപ്പിക്കുവാനും വേണ്ടിയായിരുന്നു. ഇങ്ങനെ ഓരോ വ്യക്തിയെയും നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും അവന്റെ ജീവിതത്തിന്റെ സര്‍വ സാഹചര്യങ്ങളെയും നിര്‍വചിക്കുകയും ചെയ്യുന്നതിലൂടെ ആധുനിക ദേശരാഷ്ട്രം ഒരു ജൈവികാധികാരമായി രൂപം പ്രാപിച്ചിരിക്കുകയാണ്. ഇങ്ങനെ നിര്‍വചിക്കപ്പെടുന്ന പൗരനാണ് ദേശരാഷ്ട്രത്തിന്റെ മാതൃകാ വ്യക്തിത്വം എന്ന് സൂചിപ്പിച്ചുകൊണ്ട് വാഇല്‍ ഹല്ലാഖ് ഇസ്ലാമിക ആഭിമുഖ്യത്തിലുള്ള ദേശരാഷ്ട്രത്തിന്റെ സാധ്യതയെ നിരാകരിക്കുന്നുണ്ട്. ഇസ്ലാമിന്റെ ആധുനിക ദേശരാഷ്ട്ര പരിവര്‍ത്തന സാധ്യത അതിന്റെ ദൈവിക പരമാധികാരത്തിന്റെ നിരാകരണത്തിലൂടെ മാത്രമാണെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍, ഇതില്‍ നിന്നും വ്യത്യസ്തമായാണ് സല്‍മാന്‍ സയ്യിദ് ഇസ്ലാമിക രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കുന്നത്. സാമൂഹിക സാമ്പത്തിക മേഖലകളിലെ ഇസ്ലാമിക സ്വത്വ സാധൂകരണത്തിന്റെ അനിവാര്യതയായി അദ്ദേഹം ഇസ്ലാമിക രാഷ്ട്രത്തെ പരിഗണിക്കുന്നുണ്ട്. ഇസ്ലാമിന്റെ രാഷ്ട്രീയ അധികാരത്തിന്റെ മേഖലയില്‍ മുസ്ലിം സ്വത്വത്തിന്റെ വൈവിധ്യമാര്‍ന്ന സാമൂഹിക ആവിഷ്‌കാരങ്ങളെ ഇസ്ലാമിക രാഷ്ട്രീയമായി മനസ്സിലാക്കുന്ന സയ്യിദ് ഭരണകൂടം എന്നത് ഇത്തരം ഒരു മുസ്ലിം അധികാരത്തിന്റെ ഭാഗമായി വരുന്നതില്‍ കുഴപ്പമൊന്നും കാണുന്നില്ല. എന്നാല്‍, ഇസ്ലാമിക ഭരണകൂടത്തിന്റെ ലക്ഷ്യം സാമൂഹികതയാണെന്നും അത് ആധുനിക രാഷ്ട്രത്തില്‍ പരിമിതമല്ല എന്നുമാണ് ഇര്‍ഫാന്‍ അഹ്മദ് പറയുന്നത്. അത്തരം ഒരു സാമൂഹികതയുടെ ഭാഗമായി ഭരണകൂടം അതില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും അത് ഇസ്ലാമിക രാഷ്ട്രീയത്തിന്റെ അവസാനഘട്ടമൊന്നുമല്ല എന്നും ഇര്‍ഫാന്‍ അഹ്മദ് പറയുന്നു. ശരീഅത്ത് എന്ന ഇസ്ലാമിന്റെ സാമൂഹിക സ്ഥാപനത്തെ ബദല്‍ സംവിധാനമായി സങ്കല്‍പ്പിച്ചുകൊണ്ടുള്ള ഹല്ലാഖിന്റെ വിമര്‍ശന പദ്ധതിയോട് ഇര്‍ഫാന്‍ അഹ്മദ് പ്രതികരിക്കുന്നത്. ആധുനികതയുടെ ബൃഹദ് ആഖ്യാനങ്ങളോടുള്ള ഇസ്ലാമിന്റെ ബൈനറി സ്വഭാവത്തെ കുറിക്കുന്ന പദപ്രയോഗങ്ങളിലേക്ക് ഹല്ലാഖ് ശരീഅത്തിനെയും കൂടി ചേര്‍ത്തു എന്നാണ്.
അതിക്രമങ്ങളിലൂടെ സാധ്യമായ ആധുനിക ദേശരാഷ്ട്രം നിലവില്‍ വയലന്‍സിനെ അതിന്റെ സ്റ്റേറ്റ് പോളിസിയായി സ്വീകരിച്ചിട്ടുണ്ട്. വയലന്‍സിനെ കുറിച്ചുള്ള അതിന്റെ നിര്‍വചനങ്ങളും വ്യവഹാരങ്ങളും ദേശരാഷ്ട്രങ്ങള്‍ നിര്‍വഹിക്കുന്ന വയലന്‍സിന് മനുഷ്യാവകാശത്തിന്റെയോ ധാര്‍മിക സംസ്ഥാപനത്തിന്റെയോ സ്വഭാവം നല്‍കുകയും ചെയ്തു.


വയലന്‍സിനെ നിര്‍വചിക്കുന്ന വിധം
ആധുനിക ലിബറല്‍ ജനാധിപത്യ രാഷ്ട്രങ്ങള്‍ 2001 മുതലാണ് വയലന്‍സിനെ അതിന്റെ സ്റ്റേറ്റ് പോളിസിയായി സ്വീകരിക്കുന്നത്. യുദ്ധത്തെ കുറിച്ചുള്ള അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും പുതിയ വ്യാവഹാരിക നിര്‍മിതികള്‍ അന്നുമുതല്‍ രൂപപ്പെട്ടു. അവരുടെ കാര്‍മികത്വത്തിലുള്ള അക്രമങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കും മനുഷ്യാവകാശ സംരക്ഷണത്തിന്റെയും സമാധാന സംസ്ഥാനത്തിന്റെയും നൈതിക പിന്നാമ്പുറം കല്‍പിക്കപ്പെട്ടു. എന്നാല്‍, അത്തരം യുദ്ധങ്ങളും ഭീകരതയും തമ്മില്‍ വൈരുദ്ധ്യമില്ല എന്നാണ് തലാല്‍ അസദ് പറയുന്നത്. മറിച്ച്, ദേശരാഷ്ട്രങ്ങളുടെ സെക്കുലര്‍,ലിബറല്‍ വ്യവഹാരങ്ങള്‍ അവര്‍ നടത്തിയ അതിക്രമങ്ങളെ നീതീകരിക്കുകയായിരുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം രൂപപ്പെട്ട പ്രസ്തുത ആഖ്യാനങ്ങള്‍ ഇസ്ലാമിനെയും അതിന്റെ പരിപാവന സങ്കല്‍പങ്ങളെയും പൂര്‍വാധുനികവും ജനാധിപത്യ വിരുദ്ധവുമാക്കിയതിലൂടെയാണ് മുസ്ലിം നാടുകളിലേക്കുള്ള അമേരിക്കന്‍ അധിനിവേശങ്ങള്‍ സാധ്യമായത്. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തെ കുറിച്ച് ബ്രിട്ടീഷ് നയതന്ത്രജ്ഞനായ റോബര്‍ട്ട് കൂപ്പര്‍ നിരീക്ഷിച്ചത് ഇങ്ങനെയാണ്, ‘നമുക്ക് പരിചിതമായ ലോകം നശീകരണായുധങ്ങളുടെ വരവോടുകൂടി അപ്രത്യക്ഷമായിരിക്കുന്നു. ഭീകരരെ അതുപയോഗിക്കുന്നതില്‍ നിന്നും നാം തടയേണ്ടതുണ്ട്. നമ്മുടെ മഹത്തായ സംസ്‌കാരത്തെ ലോകത്തുടനീളം വ്യാപിപ്പിക്കുക എന്നതാണ് നമ്മുടെ മുമ്പിലുള്ള പോംവഴി’. ഇതിനോട് പ്രതികരിച്ചുകൊണ്ട് അസദ് പറയുന്നത്, കൂപ്പര്‍ ലോകത്തെ ‘ഉത്തരവാദിത്വബോധമുള്ളവരും നിരുത്തരവാദിത്ത സമീപനം സ്വീകരിക്കുന്നവരും’ ആയി വിഭജിച്ചു കൊണ്ട് രണ്ടു ചേരികളാക്കുകയാണ് ചെയ്തത് എന്നാണ്. ‘ഉത്തരവാദിത്വബോധമില്ലാത്തവരു’ടെ പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്ന അപകടങ്ങളെ അതുള്ളവര്‍ നീക്കം ചെയ്യേണ്ടതുണ്ട് എന്നതാണ് അതിന്റെ ഭാഷ്യം. കൂപ്പറിന്റെ പരാമര്‍ശത്തിലെ ‘നമ്മള്‍’ എന്നതിന്റെ സൂചിതം യൂറോ-അമേരിക്കന്‍ ജനതയാണ്. ആധുനിക ദേശരാഷ്ട്രങ്ങളുടെ അധിനിവേശ നിര്‍വഹണത്തെ നൈതികമായി വ്യാഖ്യാനിക്കുന്നതിന് ആവശ്യമായ ഒരു കൃത്യമായ ഭാഷ അവര്‍ക്കുണ്ട് എന്നതാണ് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇവിടെ ‘യുദ്ധം’ നിര്‍വചിക്കപ്പെടുന്നതു പോലെ ‘ഭീകരത’യും നിര്‍വചിക്കപ്പെടുന്നതിലൂടെയാണ് ദേശരാഷ്ട്രത്തിന്റെ നെറികേടുകള്‍ക്ക് നൈതിക പിന്നാമ്പുറം കൂടുതല്‍ ശക്തമാകുന്നത്. അഥവാ, പ്രത്യേക ദേശാതിര്‍ത്തികളൊന്നും ബാധകമല്ലാത്ത അരാജക വിഭാഗങ്ങള്‍ നിരായുധരുടെ മേല്‍ ആസൂത്രിതമായി നടപ്പിലാക്കുന്ന വയലന്‍സ് എന്ന ഭീകരതയെക്കുറിച്ച നിര്‍വചനം സാധ്യമാക്കുന്നത്, സി.ഐ.എ പോലെയുള്ള വിഭാഗങ്ങള്‍ അന്യരാഷ്ട്രങ്ങളിലെ പൗരന്മാരുടെ മേല്‍ നടപ്പിലാക്കുന്ന അക്രമങ്ങള്‍ ഭീകരതയല്ല എന്ന നിര്‍മിതിയെയാണ്. അഥവാ, സ്റ്റേറ്റിന്റെ ലൈസന്‍സ് ഇല്ലാതെ നടത്തുന്നത് മാത്രമാണ് ഭീകരത എന്ന വ്യവഹാരമാണ് ഇതിലൂടെ നിര്‍മിക്കപ്പെടുന്നത് എന്ന് അസദ് പറയുന്നു. നേരത്തെ സൂചിപ്പിച്ചതു പോലെ അക്രമങ്ങളെ ന്യായീകരിക്കുന്ന ഇതുപോലെയുള്ള പല വ്യവഹാരങ്ങളും ഉള്‍ക്കൊണ്ട ഒരു കൃത്യമായ ഭാഷ രൂപപ്പെട്ടിട്ടുണ്ട്. അത് ഉപയോഗിച്ച് കൊണ്ട് അവര്‍ അധിനിവേശിത രാഷ്ട്രങ്ങളെ നിയമലംഘനത്തിന്റെ പേരില്‍ കുറ്റവിചാരണ നടത്തുകയും അതേസമയം തങ്ങളുടെ പൗരന്മാരെ അതില്‍ നിന്ന് രക്ഷിക്കുകയും ചെയ്യുന്നു. നിയമത്തിന്റെ ഭാഷ ഉപയോഗിക്കുന്നതില്‍ പ്രാവീണ്യം നേടിയവരെ കൊണ്ടാണ് അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തപ്പെടുന്നത്. 2001 നു ശേഷം ധാര്‍മിക യുദ്ധങ്ങളെക്കുറിച്ചുള്ള വ്യവഹാരങ്ങള്‍ രൂപപ്പെട്ടത് മുതലാണ് ‘മാനവിക’ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ആക്രമണങ്ങള്‍ക്ക് നൈതിക സാധൂകരണം നല്‍കപ്പെട്ടത് എന്ന് നേരത്തെ പറയുകയുണ്ടായി. സമാധാന സംസ്ഥാപനത്തിനോ സുരക്ഷാ സംവിധാനങ്ങള്‍ക്കോ വേണ്ടി നടത്തപ്പെടുന്ന യുദ്ധങ്ങളോടുള്ള മധ്യകാല ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെ സമീപനം അത് ചര്‍ച്ചിന്റെ സമ്മതത്തിലായാലും നരഹത്യയാണ് എന്നായിരുന്നു. കൊലക്ക് പിന്നിലെ ഉദ്ദേശശുദ്ധിക്കപ്പുറത്തും പ്രായശ്ചിത്തം നിര്‍ബന്ധമായിരുന്നു. എന്നാല്‍, പന്ത്രണ്ടാം നൂറ്റാണ്ടോടു കൂടിയാണ് പ്രായശ്ചിത്തത്തെ കുറിച്ച് പുതിയ തിയോളജി രൂപപ്പെടുന്നത്. അത് മുതല്‍ ഉദ്ദേശശുദ്ധി പരിഗണിക്കപ്പെട്ടു. നല്ല ഉദ്ദേശത്തോടുകൂടിയുള്ള കൊലകള്‍ക്ക് നീതീകരണം സാധ്യമായി. ലിബറല്‍ ദേശരാഷ്ട്രങ്ങളുടെ നിലനില്‍പ്പ് സാധ്യമാകുന്നത് പൗരന്മാര്‍ നിരന്തരം നിരീക്ഷിക്കപ്പെടുന്നതിലൂടെയാണ്. രഹസ്യനിരീക്ഷണത്തിന്റെ ഭാഗമായി ലിബറല്‍ സ്റ്റേറ്റ് നടപ്പാക്കുന്ന ബലാത്കാരത്തോടെയുള്ള ചോദ്യംചെയ്യലുകളെ ചിലരെങ്കിലും കണക്കാക്കുന്നത് അതിന്റെ ലിബറല്‍ മൂല്യങ്ങളില്‍ നിന്നുള്ള വ്യതിയാനമായിട്ടാണ്. എന്നാല്‍, അസദ് പറയുന്നത്; അത് ലിബറല്‍ സ്റ്റേറ്റിന് അകത്തുതന്നെ അന്തര്‍ലീനമായ ഒന്നാണെന്നാണ്. അതിലൂടെയാണ് ദേശരാഷ്ട്രത്തിന്റെ നിലനില്‍പ്പ് സാധ്യമാകുന്നത്. പത്തൊമ്പതാം നൂറ്റാണ്ടു മുതലുള്ള അമേരിക്കന്‍ വിദേശനയം ലോകത്തെ രണ്ടായി തിരിച്ചിട്ടുണ്ടെന്നാണ് അസദ് സൂചിപ്പിക്കുന്നത്. സമാധാനം പ്രഘോഷിക്കുന്നവരും (മതേതര ലിബറല്‍ ദേശരാഷ്ട്രങ്ങള്‍) ഭീകരത പ്രോത്സാഹിപ്പിക്കുന്നവരുമാണ് (പാശ്ചാത്യേതര അറബ് മിഡിലീസ്റ്റ് രാഷ്ട്രങ്ങള്‍) ആ രണ്ട് വിഭാഗങ്ങള്‍. ഇനിയും നാഗരികവത്കരിക്കപ്പെട്ടിട്ടില്ലാത്ത അത്തരം രാഷ്ട്രങ്ങള്‍ക്ക് സമാധാന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിയില്ല എന്ന പൊതുബോധം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു അത്. അല്‍ഖാഇദയും മറ്റു ഭീകരരും കെടുത്തുന്ന സമാധാനത്തെ പുന:സ്ഥാപിക്കുന്നതിനു വേണ്ടിയായിരുന്നു അഫ്ഗാന്‍, ഇറാഖ് അധിനിവേശങ്ങള്‍ എന്ന് വരുത്തിതീര്‍ക്കലായിരുന്നു അതിന്റെ ചേതോവികാരം. യഥാര്‍ഥത്തില്‍ ഭീകരരും ആധുനിക ദേശരാഷ്ട്രങ്ങളും പങ്കിടുന്ന വയലന്‍സിനെ നിരീക്ഷിച്ചുകൊണ്ട് അസദ് രണ്ട് വിഭാഗങ്ങളിലും ചില സാമ്യതകള്‍ കാണുന്നുണ്ട്. എന്നാല്‍, ലോകത്തെ ഒന്നടങ്കം നിര്‍വീര്യമാക്കാനുള്ള ശേഷിയുള്ളത് ഭീകരര്‍ക്കെല്ലാ; മറിച്ച് ദേശരാഷ്ട്രങ്ങള്‍ക്കാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
നിലവിലെ ലിബറല്‍ മതേതര ലോകക്രമത്തില്‍ നിയമാനുസൃതവും നിയമബാഹ്യവുമായ കാര്യങ്ങളെ നിര്‍വചിക്കുന്നത് ദേശരാഷ്ട്രത്തിലെ പരമാധികാരിയാണ്. അയാളുടെ പരമാധികാരമാണ് നിയമത്തിന്റെ പരിധിയും പരിമിതിയും വ്യാപ്തിയും നിര്‍ണയിക്കുന്നത്. അത്തരമൊരു പരമാധികാരത്തിന് ഒരു മതപരമായ മാനം ഉണ്ടായിരിക്കെ ഇവിടെ അതൊരു മതേതരവത്കരിക്കപ്പെട്ട വിശുദ്ധ സങ്കല്‍പ്പമായി മാറുന്നു. അതിനാല്‍, ഇവിടെ ആധുനിക ദേശരാഷ്ട്രം ഒരു മതേതരവത്കൃത ദൈവശാസ്ത്ര സങ്കല്‍പമായി മാറുന്നുണ്ട് എന്ന് ചിലര്‍ വാദിക്കുന്നുണ്ട്.


പരമാധികാരവും ദൈവശാസ്ത്രവും
പരമാധികാരം എന്നത് ആധുനിക ദേശരാഷ്ട്രങ്ങളുടെ പ്രത്യേകതയാണ്. ദൈവത്തെ മാറ്റിനിര്‍ത്തി ഒരു പുതിയ മതേതര ദൈവശാസ്ത്രം സ്ഥാപിക്കുകയാണ് ദേശരാഷ്ട്രങ്ങള്‍ ചെയ്തത്. പൗരവൃത്തത്തെ നിയന്ത്രിക്കുകയും പൗരത്വത്തെ നിര്‍വചിക്കുകയും ചെയ്യുന്നതിലൂടെ അതൊരു ദൈവമായി നിലനില്‍ക്കുകയാണ് ചെയ്യുന്നത്. ലിബറല്‍ രാഷ്ട്രീയ വീക്ഷണപ്രകാരമുള്ള ഭരണകൂടം, സാമൂഹിക ക്രമം, തുടങ്ങിയ നിയമത്തിന്റെയും നിയമവാഴ്ചയുടെയും മേഖലകള്‍ക്കപ്പുറത്ത് ആ നിയമത്തെയും അതിന്റെ പ്രയോഗത്തെയും നിര്‍ണയിക്കുന്ന മറ്റൊരു പരമാധികാരം അതേ ലിബറല്‍ നിയമവാഴ്ചയ്ക്ക് മുകളിലായി നിലനില്‍ക്കുന്നുണ്ട് എന്ന് കാള്‍ സ്മിത്ത് പറയുന്നു. അതാണ് ആധുനിക രാഷ്ട്രീയ സാമൂഹിക ക്രമങ്ങളിലെ ശക്തിസ്രോതസ്സ്. അതൊരു മതേതരവത്കരിക്കപ്പെട്ട വിശുദ്ധ സങ്കല്‍പമാണെന്ന് സൂചിപ്പിച്ചുകൊണ്ട് സ്മിത്ത് പറയുന്നത് ആധുനിക ദേശരാഷ്ട്രം എന്നത് ഒരു മതേതരവത്കരിക്കപ്പെട്ട ദൈവശാസ്ത്ര സങ്കല്‍പമാണ് എന്നാണ്. ആധുനിക മതേതര സ്ഥാപനങ്ങളില്‍ പരമാധികാരം നിലനില്‍ക്കുന്നത് പഴയകാല ദൈവികാധികാരത്തിന് സമാനമായാണ്. അനിശ്ചിതത്വങ്ങളില്‍ നിന്നും രാഷ്ട്രീയ പ്രതിസന്ധികളില്‍ നിന്നും ജനങ്ങളുടെ വിമോചനത്തെ സാധ്യമാക്കുന്ന രക്ഷകനായിട്ടാണ് അത് നിലനില്‍ക്കുന്നത്. ആധുനിക ഭരണകൂടത്തിന്റെ എല്ലാ സവിശേഷ സങ്കല്‍പങ്ങളും മതെതരവത്കരിക്കപ്പെട്ട ദൈവശാസ്ത്ര സങ്കല്‍പങ്ങളാണെന്നും, മതേതരമെന്ന് കരുതുന്ന രാഷ്ട്രീയ സങ്കല്‍പങ്ങളെല്ലാം ദൈവശാസ്ത്രപരവും മതപരവുമായ അടിസ്ഥാനങ്ങളില്‍ നിര്‍മിതമാണെന്നുമൊക്കെയാണ് കാള്‍ സ്മിത്തിന്റെ വാദങ്ങള്‍.
ദേശരാഷ്ട്രത്തെ സംബന്ധിച്ച ഇത്തരം വാദഗതികള്‍ അതിന്റെ സങ്കീര്‍ണതകളെയാണ് സൂചിപ്പിക്കുന്നത്. അതിന്റെ നിയമവ്യവസ്ഥയുടെ പ്രയോഗിക തലത്തിലെ രീതിയെ സംബന്ധിച്ച് വാഇല്‍ ഹല്ലാഖ് പറഞ്ഞത് ‘ടോപ് ഡൗണ്‍ ഡിസിപ്ലിന്‍'(വിശിഷ്ട വര്‍ഗത്തില്‍ നിന്നും പൗരബോധത്തിലേക്കുള്ള ഒരു അച്ചടക്ക ഉപകരണം) എന്നാണ്. പക്ഷേ, ഇസ്ലാം എന്നത് വിശ്വാസിയില്‍ ഒരു ആന്തരിക അനുവര്‍ത്തിത്വ ബോധം സാധ്യമാക്കുന്നുണ്ട്. അതു കൊണ്ടാണ് അദ്ദേഹം ഇസ്ലാമിക ദേശരാഷ്ട്രം എന്നത് അസാധ്യമാണെന്ന് പറയുന്നത്. ഇസ്ലാമിക രാഷ്ട്രീയത്തിന്റെ ഏതൊരു മൂല്യവും വിശ്വാസിയില്‍ പ്രവര്‍ത്തിക്കുന്നത് അവന്റെ ആന്തരീക ബോധത്തിനുള്ളില്‍ നിന്നാണ്. അതു കൊണ്ടാണ് നാലാം ഖലീഫ അലി(റ) തങ്ങളുടെ പടയങ്കിയുടെ കാര്യത്തില്‍ സാക്ഷിയായി തന്റെ മകനെ കൊണ്ട് ന്യായാധപനെ സമീപിച്ചപ്പോള്‍, സാക്ഷി മകനായതിനാല്‍ സാക്ഷി മൊഴി സ്വീകരിക്കില്ലെന്ന് ന്യായാധിപന്‍ ഖലീഫയോട് പറഞ്ഞത്.

അലി ജൗഹര്‍ ചങ്ങരത്ത്