ഇനിയും ക്രൂശിക്കണോ ഈ ജനതയെ?

1406

‘എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല. ഞാന്‍ വെറും പത്തു വയസ്സുകാരി മാത്രമാണ്. ഞാനെന്താണ് ചെയ്യേണ്ടത്? ഈ തകര്‍ന്ന കെട്ടിടം ശരിയാക്കാന്‍ എനിക്ക് കഴിയുമോ? ഞാന്‍ ഒരു ഡോക്ടര്‍ ആയിരുന്നെങ്കിലെന്നാഗ്രഹിക്കുന്നു. എന്നാല്‍, എനിക്കെന്റെ ആളുകളെ പരിചരിക്കമായിരുന്നല്ലോ, അവരെ ശുശ്രൂഷിക്കമായിരുന്നല്ലോ. എന്നാല്‍, ഞാന്‍ വെറുമൊരു കുട്ടിയാണ്. എന്റെ ആളുകള്‍ക്കായി എനിക്കെന്തെങ്കിലും ചെയ്യണം. പക്ഷേ, ഒന്നിനും കഴിയുന്നില്ല. ദിവസവും ഇതൊക്കെ കണ്ട് ഞാന്‍ നിസ്സഹായനായി കരയുകയാണ്. ഇങ്ങനെയൊക്കെയുണ്ടാകാന്‍ ഞങ്ങള്‍ ചെയ്ത തെറ്റെന്താണ്? എന്റെ കുടുംബം പറയുന്നത് ഇസ്രയേല്‍ ഞങ്ങളെ വെറുക്കുന്നു എന്നാണ്, ഞങ്ങള്‍ മുസ് ലിംകളായതു കൊണ്ട് ഞങ്ങളെ അവര്‍ക്ക് ഇഷ്ടമില്ലെന്നാണ്. എന്റെ ചുറ്റുമുള്ളവരെ കണ്ടോ? അവര്‍ വെറും കുഞ്ഞുങ്ങളാണ്. എന്തിനാണ് മിസൈലുകള്‍ അവര്‍ക്ക് നേരെ അയക്കുന്നത്? എന്തിനാണ് അവരെ കൊല്ലുന്നത്? ഇത് ശരിയല്ല….ഇത് ശരിയല്ല.’ തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് വിങ്ങുന്ന മനസ്സുമായി നിസ്സഹായയായി നദീന്‍ അബ്ദുല്ലത്തീഫ് എന്ന കുട്ടി ഇത് പറഞ്ഞ വാക്കുകളാണിത്.
‘മനസ്സില്‍ ഒരു തുള്ളി കാരുണ്യം ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് മോചനം തരൂ. ജൂതരായ നിങ്ങളില്‍ നിന്ന് അല്ലാഹുവാണ് സത്യം ഞങ്ങള്‍ മോചിതരാവും അന്ന് ബൈത്തുല്‍ മുഖദ്ദസ്സില്‍ ഞങ്ങള്‍ നന്ദിയുടെ സാഷ്ടാംഗം നമിക്കും.’ മറ്റൊരു പെണ്‍കുട്ടി ആര്‍ജ്ജവത്തോടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പറഞ്ഞ ഈ വാക്കുകള്‍ ഫലസ്തീനികളുടെ ധൈര്യത്തെയും ലോക ജനതക്ക് മുന്നില്‍ വിളിച്ചു കാട്ടുന്നു.
ഇനിയും ക്രൂശിക്കണോ ഈ ജനതയെ? പതിറ്റാണ്ടുകളായി ഫലസ്തീന്‍ ജനത പിറന്ന നാട്ടില്‍ നിലനില്‍പ്പിനു വേണ്ടി പൊരുതുകയാണ്. ദിവസങ്ങള്‍ക്കു മുമ്പ് 11 ദിവസത്തെ തുല്യതയില്ലാത്ത വിധമുള്ള ആക്രമണങ്ങള്‍ക്ക് ശേഷം ഇസ്രയേല്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഇതെത്ര കാലത്തേക്കെന്ന് പറയാന്‍ പോലും കഴിയില്ല. പശ്ചിമേഷ്യയില്‍ ഇടക്കിടക്ക് പുകഞ്ഞു പൊന്തുന്ന ഈ സംഘര്‍ഷം അവസാനിപ്പിക്കാന്‍ തീര്‍ത്തും ബാധ്യതയുള്ള ഐക്യരാഷ്ട്രസഭ പോലും ആത്മാര്‍ഥമായ ഒരു നീക്കവും ഇതുവരെ നടത്തിയിട്ടില്ല എന്നുവേണം പറയാന്‍. അമേരിക്കയില്‍ ട്രംപ് മാറി ബൈഡന്‍ അധികാരത്തില്‍ വന്നപ്പോള്‍ രാജ്യത്തിന്റെ പശ്ചിമേഷ്യന്‍ നയത്തില്‍ കാര്യമായ മാറ്റം ഉണ്ടാകുമെന്ന് ലോകമൊട്ടാകെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബൈഡന്‍ ഇസ്രയേലിനു നല്‍കിയ പിന്തുണ ആ പ്രതീക്ഷയും അസ്തമിപ്പിച്ചു.
അധികാരം ഒരു ഭരണാധികാരിയെ എത്രത്തോളം ഭീകരനാക്കുമെന്ന് ഈ സംഘര്‍ഷത്തില്‍ വ്യക്തമാണ്. അഴിമതി ആരോപിതനായ നെതന്യാഹുവിന് തന്റെ പ്രധാനമന്ത്രി സ്ഥാനം ഒന്നുകൂടി ഉറപ്പിക്കാനാണ് ഇപ്പോഴത്തെ ഈ സംഘര്‍ഷം ഉയര്‍ത്തി കൊണ്ട് വരാനുണ്ടായ പ്രധാന കാരണം. എന്നാല്‍, പ്രതിപക്ഷ കക്ഷികളൊന്നിച്ച് നെതന്യാഹുവിനെ പടിയിറക്കുന്ന കാഴ്ചക്കും ലോകം സാക്ഷിയായി. ഫലസ്തീന്‍ വിഷയത്തില്‍ ഭരണ പക്ഷമായാലും പ്രതിപക്ഷമായാലും നയ വ്യതിയാനം ഒട്ടും പ്രതീക്ഷിക്കേണ്ട. എന്നാല്‍, അധികാരത്തിന് വേണ്ടി പാവപ്പെട്ട ഒരു ജനതയെ ഇത്രമേല്‍ ക്രൂരമായി കൊന്നൊടുക്കുമ്പോള്‍ അതിനെതിരെ ഒരു ചെറു വിരല്‍ അനക്കാനെങ്കിലും ലോക രാജ്യങ്ങള്‍ തയ്യാറാവുന്നില്ല. ഇന്ത്യ പോലെ ചേരിചേരാ നയം തുടര്‍ന്നിരുന്ന രാജ്യം പോലും ജൂതാനുകൂല പ്രസ്താവന നടത്തുന്ന വിരോധാഭാസത്തിനും ലോകം സാക്ഷിയായി.
1967ല്‍ കിഴക്കന്‍ ജറുസലേം ഇസ്രയേല്‍ നിയമവിരുദ്ധമായി കയ്യടക്കിയതിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജൂതന്മാര്‍ അല്‍ അഖ്‌സക്ക് സമീപം മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു. പിന്നാലെയാണ് ഇസ്രയേല്‍ സൈന്യം പള്ളി കോമ്പൗണ്ടില്‍ കയറി അക്രമം അഴിച്ചു വിട്ടത്. കയ്യേറ്റ വര്‍ഷികാഘോഷത്തോടനുബന്ധിച്ച് കിഴക്കന്‍ ജറുസലേം പൂര്‍ണമായും കൈയ്യേറുക എന്ന നിഗൂഢ ലക്ഷ്യം ഇതിന് പിന്നിലുണ്ടായിരുന്നു. അത് നടപ്പാക്കാന്‍ കൂടിയായിരുന്നു പള്ളിയില്‍ കയറി അക്രമം നടത്താന്‍ ഇസ്രയേല്‍ സേന തയ്യാറായത്. ഫലസ്തീനികളെ ഭയപ്പെടുത്തി അഖ്സ മസ്ജിദിന് സമീപമുള്ള ശൈഖ് ജര്‍റാഹ് പ്രദേശത്തെ താമസക്കാരെ കുടിയിറക്കുക, പിന്നാലെ കിഴക്കന്‍ ജറുസലേം പൂര്‍ണമായും ജൂത കയ്യേറ്റ ഭൂമിയാക്കുക എന്നതായിരുന്നു ആക്രമണത്തിന് പിന്നിലെ ഇസ്രയേല്‍ പദ്ധതി.
വര്‍ഷങ്ങളായി ഫലസ്തീനികള്‍ താമസിച്ചു വരുന്ന അവരുടെ പ്രദേശങ്ങളില്‍ നിന്ന് നിയമവിരുദ്ധമായി അവരെ ഒഴിപ്പിക്കാനെത്തിയ ഇസ്രയേല്‍ ക്രൂരതക്കെതിരെ പ്രതിരോധിക്കുകയാണ് ഫലസ്തീന്‍ ജനത ചെയ്തത്. ലോകത്തെ ഏറ്റവും വലിയ ആയുധ ശേഷിയുള്ള രാജ്യത്തിന്റെ സൈനികര്‍ക്കെതിരെ വെറും കരിങ്കല്‍ ചീളുകള്‍ കൊണ്ടു വരെ പ്രതിരോധിക്കുന്ന പിഞ്ചു കുട്ടികളുടെ ഫോട്ടോ വരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഫലസ്തീനിലെ ഉമ്മമാര്‍ പകര്‍ന്നു നല്‍കുന്ന അമ്മിഞ്ഞ പാലില്‍ കലര്‍ന്ന ആത്മധൈര്യത്തിന്റെ വീര്യം എത്രത്തോളമുണ്ടെന്ന് ആ പിഞ്ചു കുഞ്ഞുങ്ങളില്‍ നിന്ന് ലോക ജനത മനസ്സിലാക്കി. ഇക്കാലമത്രയും ഇസ്രയേല്‍ ജനത ഫലസ്തീനില്‍ നടത്തിയ കൂട്ടക്കുരുതികളില്‍ മരണമടഞ്ഞതില്‍ പകുതിയും അത്തരം പിഞ്ചു കുഞ്ഞുങ്ങളാണെന്നത് മനസാക്ഷിയെ വേദനിപ്പിക്കുന്നതാണ്. ഗാസയില്‍ മാത്രം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 65 ലധികം കുട്ടികള്‍ പിടഞ്ഞു മരണപ്പെട്ടിരിക്കുന്നു എന്നതാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ മെയ് 10 ന് ആരംഭിച്ചു 11 ദിവസത്തോളം നീണ്ട് മേയ് 21 വരെ നീണ്ടു നിന്ന ഇസ്രയേലിന്റെ അതിക്രമങ്ങള്‍ക്ക് താത്കാലിക വെടി നിര്‍ത്തലോടെ പരിഹാരമായി. മുന്നൂറോളം ഫലസ്തീനികളുടെയും പതിനഞ്ചോളം ഇസ്രഈല്യരുടെയും മരണത്തിലേക്കും നയിച്ച യുദ്ധ സമാന സാഹചര്യമാണ് ഈ 11 ദിവസത്തിനുള്ളില്‍ ഗാസയിലും വെസ്റ്റ് ബാങ്കിലും ശൈഖ് ജര്‍റാഹിലും അരങ്ങേറിയത്. നഷ്ടകണക്ക് നോക്കുമ്പോള്‍ എക്കാലത്തെയും പോലെ ഫലസ്തീനു തന്നെ. നിരവധി ഹോസ്പിറ്റലുകളും സ്‌കൂളുകളും മാധ്യമ സ്ഥാപനങ്ങള്‍ വരെ നാമാവശേഷമായി.
എന്നാല്‍, ഈ താല്‍ക്കാലിക വെടിനിര്‍ത്തല്‍ എത്ര കാലത്തേക്ക്? ഈ പ്രതിസന്ധി സുസ്ഥിരമായി അവസാനിക്കാന്‍ പോകുന്നില്ല എന്ന് എത്രെയോ വെടിനിര്‍ത്തല്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. അടുത്ത യുദ്ധതിനുള്ള തീയ്യതി കുറിച്ചിട്ടതിന് ശേഷമായിരിക്കും സയണിസ്റ്റ് പട്ടാളക്കാര്‍ ഫലസ്തീന്‍ മണ്ണില്‍ നിന്നും മടങ്ങിയിട്ടുണ്ടാവുക. കാരണം സയണിസത്തിന്റെ ലക്ഷ്യങ്ങള്‍ അത്രക്കും വിശാലമാണ്. അത് പൂര്‍ത്തീകരിക്കാതെ ഫലസ്തീന്റെ മണ്ണില്‍ സമാധാനം സ്വപ്‌നം കാണുന്നത് ബുദ്ധി ശൂന്യതയായിരിക്കും. കാരണം, സയണിസത്തിന്റെ ലക്ഷ്യങ്ങള്‍ ലോകത്ത് നടന്ന മറ്റു കൊളോണിയല്‍ ലക്ഷ്യങ്ങളെ പോലെ വിഭവ ചൂഷണമല്ല. സയണിസമെന്നാല്‍ ലോകം തങ്ങളുടെ കാല്‍കീഴില്‍ തളച്ചിടുക എന്നതാണ്.
ഇസ്രയേല്‍ പാര്‍ലമെന്റായ നെസറ്റിന്റെ നടുത്തളത്തില്‍ ഇങ്ങനെ എഴുതിവച്ചിട്ടുണ്ട്. ‘ഇസ്രാഈലേ… നിന്റെ അതിര്‍ത്തികള്‍ നൈല്‍ മുതല്‍ യൂഫ്രട്ടീസ് വരെയാണ്’ അതിനര്‍ഥം ഫലസ്തീന്‍ ദേശത്തില്‍ ഇനിയും അവശേഷിക്കുന്ന ഭാഗം കൂടി തങ്ങളിലേക്ക് കൂട്ടിചേര്‍ക്കുന്നതില്‍ പരിമിതപ്പെടുന്നില്ല, അതിനുമപ്പുറം മധ്യപൂര്‍വേഷ്യയിലെ ഏതാണ്ടെല്ലാ രാജ്യങ്ങളും പിടിച്ചടക്കി വാഴുകയാണ് അത്യന്തിക ലക്ഷ്യമെന്ന് ഈ വാക്കുകള്‍ സൂചിപ്പിക്കുന്നു. അപ്പോള്‍ പിന്നെ ആരെയാണ് ഈ വെടിനിര്‍ത്തല്‍ കൊണ്ട് സമാധാനത്തിന് ഇസ്രയേല്‍ തയ്യാറെന്നു ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്?. ഇത്തരം വെടി നിര്‍ത്തലുകളോ വാക്കുകളോ പ്രമേയങ്ങളോ ഉച്ചക്കോടികളോ അല്ല ഇസ്രയേലിനെ കൊണ്ട് നീതി മാര്‍ഗം അംഗീകരിപ്പിക്കുക. കാരണം ഇതൊക്കെ എത്രെയോ തവണ ലംഘിക്കപ്പെട്ടിരിക്കുന്നു. ഇപ്പോഴത്തെ വെടിനിര്‍ത്തലിനു ശേഷവും വ്യാപകമായ അറസ്റ്റുകളും ഒറ്റപ്പെട്ട അക്രമങ്ങളും ഇസ്രയേല്‍ സൈന്യം നടത്തിയിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപ്പോള്‍ പിന്നെ വേണ്ടത് ഇച്ഛാശക്തിയുള്ള തീരുമങ്ങളാണ്. അതിനു തയ്യാറാകേണ്ടത് ലോക രാജ്യങ്ങള്‍ എല്ലാം ആണ്. അവിടെ നിഷ്പക്ഷമായി ഒരു അന്തരാഷ്ട്ര കമ്മീഷന്‍ വിഷയം പഠിക്കട്ടെ. അവര്‍ നീതി പൂര്‍വമായ കാര്യങ്ങള്‍ തീരുമാനിക്കട്ടെ. അവിടെ വീറ്റോ പാടില്ല.

സൈനുല്‍ ആബിദ് കമാലി