ഇസ്‌ലാം; അപനിര്‍മിതിയുടെ കാണാപ്പുറങ്ങള്‍

2673

ഇസ്‌ലാമിനോടുള്ള വിരോധമോ അതിലൂന്നിയ വിരുദ്ധാഖ്യാനങ്ങളോ പുതുമയുള്ളതല്ല. പ്രാരംഭകാലം തൊട്ടേ പരിചയിച്ചതും ഏതു കാലത്തും അതുണ്ടാവുമെന്ന് പ്രവാചകര്‍ തന്നെ പ്രവചിച്ചതുമായ സ്ഥിതിസാഹചര്യത്തില്‍ അതില്‍ ഭയപ്പെടാനൊന്നുമില്ല. എന്നാല്‍, മൊത്തമായും ചില്ലറയായും സര്‍വലോക ജനങ്ങള്‍ക്കും ജനാധിപത്യ-സ്ഥിതിസമത്വ സ്വാതന്ത്ര്യ സാഹചര്യങ്ങള്‍ താലത്തില്‍ വെച്ചു കൊടുക്കുന്നുവെന്ന് പെരുമ്പറയടിക്കുന്ന ലിബറല്‍ ജനാധിപത്യം ഇസ്‌ലാമിക പക്ഷത്തെത്തുമ്പോള്‍ കാണിക്കുന്ന കപട മുഖത്തെ കാണാതിരുന്നു കൂടാ.

അജ്‌നാസ് വൈത്തിരി

സൈദ്ധാന്തികമായും പ്രായോഗികമായും ഇസ്‌ലാമിനെ സവിശേഷമാക്കുന്നത് വിശ്വാസ-ആചരണ-അനുഷ്ഠാന തലങ്ങളെല്ലാം ലളിതമായി എന്നതാണ്. സുന്ദരവും സുഭദ്രവുമായ ആശയ തലങ്ങളെ വിശകലനം ചെയ്യുമ്പോള്‍ സുവ്യക്തമാവുന്ന വാസ്തവമാണത്. വിശുദ്ധ ഖുര്‍ആന്‍ പലയിടങ്ങളിലായി (ഉദാ:2:185,4:28,5:06,7:157,22:78) അത് പ്രഖ്യാപിക്കുന്നുമുണ്ട്. എന്നാല്‍, മധ്യമ സമീപനത്തിന്റെ സുന്ദരമായ ഇസ്ലാമിനെ പലപ്പോഴും പരിചയപ്പെടുത്തിക്കാണുന്നത് ഇതിന് നേരെ വിരുദ്ധമായാണ്. മൗലികാശയങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തും അനുഷ്ഠാന വഴികളെ ദുരുപയോഗം ചെയ്തും ചിലര്‍ മറ്റൊരു ഇസ്‌ലാമിന് ദൃശ്യത നല്‍കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. അതുവഴി ഇസ്‌ലാമിനെ പ്രത്യയശാസ്ത്രപരമായും അതിന്റെ വാഹകരെ അസ്തിത്വപരമായും പ്രതിസന്ധിയിലാക്കാമെന്നാണ് അവര്‍ വ്യാമോഹിക്കുന്നത്.

സുന്ദരമായ ഇസ്ലാമിന്റെ സ്ഥാനത്ത് ഭീകരമായ ഇസ്ലാമിനെ പ്രതിഷ്ഠിക്കാന്‍ ഒരുമ്പെടുന്ന പ്രത്യയശാസ്ത്രങ്ങളെ പ്രശ്‌നവത്കരിച്ചു തന്നെ കാണേണ്ടതുണ്ട്. പൊതുയിടങ്ങളില്‍ അവരുടെ അസത്യവും അര്‍ധസത്യവും കലര്‍ന്ന നരേഷനുകള്‍ക്ക് ദൃശ്യതയുണ്ടാവുമ്പോള്‍ അതിന്റെ താത്പര്യങ്ങളെയും പ്രേരകങ്ങളെയും വിശകലനം ചെയ്യുന്നത് നന്നാവും. ‘പൊതുമണ്ഡലം നിക്ഷിപ്ത താത്പര്യക്കാരുടെ സ്വകാരമണ്ഡലമാണെ’ന്ന തലാല്‍ അസദിന്റെ നിരീക്ഷണം നിതാന്ത ജാഗ്രതയോടെ തന്നെ കാണേണ്ടതുണ്ട്. നിക്ഷിപ്ത താത്പര്യക്കാരുടെ സ്വകാര്യമണ്ഡലമായി പൊതുമണ്ഡലം സങ്കുചിതമാവുമ്പോള്‍ സങ്കീര്‍ണമായ സാമൂഹിക സാഹചര്യങ്ങളുണ്ടാവുമെന്ന് തീര്‍ച്ച. അത് സുഭദ്രമായ ആശയാടിത്തറയുള്ള ഇസ്‌ലാമിനെ പോലും അപനിര്‍മിക്കാനും പുന:നിര്‍മിക്കാനും വെമ്പല്‍ കൊള്ളുമ്പോള്‍ സജീവമായി തന്നെ ചില സത്യങ്ങള്‍ വിളിച്ചു പറയേണ്ടതുണ്ട്.

ഇസ്ലാമിനോടുള്ള വിരോധമോ അതിലൂന്നിയ വിരുദ്ധാഖ്യാനങ്ങളോ പുതുമയുള്ളതല്ല. പ്രാരംഭകാലം തൊട്ടേ പരിചയിച്ചതും ഏതു കാലത്തും അതുണ്ടാവുമെന്ന് പ്രവാചകര്‍ തന്നെ പ്രവചിച്ചതുമായ സ്ഥിതിസാഹചര്യത്തില്‍ അതില്‍ ഭയപ്പെടാനൊന്നുമില്ല. എന്നാല്‍, മൊത്തമായും ചില്ലറയായും സര്‍വലോക ജനങ്ങള്‍ക്കും ജനാധിപത്യ-സ്ഥിതിസമത്വ സ്വാതന്ത്ര്യ സാഹചര്യങ്ങള്‍ താലത്തില്‍ വെച്ചു കൊടുക്കുന്നുവെന്ന് പെരുമ്പറയടിക്കുന്ന ലിബറല്‍ ജനാധിപത്യം ഇസ്‌ലാമിക പക്ഷത്തെത്തുമ്പോള്‍ കാണിക്കുന്ന കപട മുഖത്തെ കാണാതിരുന്നു കൂടാ. ഒരു പ്രത്യേക ജനവിഭാഗത്തെ മാത്രം പുറന്തള്ളാനും അതിലൂന്നിയ സാമൂഹിക ക്രമത്തെ പുന:സൃഷ്ടിക്കാനും താത്പര്യപ്പെടുന്ന അത്തരം ചില സവര്‍ണ ബോധ്യങ്ങളെയാണ് ചോദ്യം ചെയ്യേണ്ടത്.

നിരന്തരമായ അക്രമണങ്ങളും ആരോപണങ്ങളും ഇസ്‌ലാമിനെതിരെ മാത്രമാവുന്നതിലെ വൈരുദ്ധ്യാത്മകത ആലോചനാ വിധേയമാക്കണം. ‘മത’ പ്രശ്‌നം എന്നതില്‍ നിന്ന് മാറി ‘പൊതു’ പ്രശ്‌നമെന്ന നിലക്ക് അതിനെ സമീപിക്കാനും അതിനോട് സംവദിക്കാനും സര്‍വര്‍ക്കും കഴിയണം. 9/11 ന് ശേഷം ശക്തമായ ഇസ്ലാം വിരുദ്ധ മുന്നേറ്റങ്ങളില്‍ ആഗോള തലത്തില്‍ തന്നെയുള്ള സംഭവവികാസങ്ങളെ സസൂക്ഷ്മം വിലയിരുത്തുമ്പോള്‍ കൃത്യമായ വംശീയ ഉന്മൂലന പ്രവര്‍ത്തികളില്‍ തന്നെയാണ് ശത്രു പക്ഷം വ്യാപൃതരാവുന്നത്. ‘ഇസ്ലാമോഫോബിയ’ എന്ന വാക്കിന് ലഭിച്ച പ്രചുരപ്രചാരം തന്നെ അതിന്റെ എത്രയും പോന്ന ഉദാഹരണമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഫ്രാന്‍സില്‍ ആദ്യമായി ഉപയോഗിച്ചുവെന്നു പറയപ്പെടുന്ന ഈ വാക്ക് ബ്രിട്ടണിലെ റണ്ണിമീഡ് ട്രസ്റ്റ് സ്ഥാപിച്ച കമ്മീഷന്‍ ഓണ്‍ ബ്രിട്ടീഷ് മുസ്ലിംസ് ആന്റ് ഇസ്ലാമോഫോബിയയുടെ ‘Islamophobia; A challenge for all’ എന്ന 1997 ലെ റിപ്പോര്‍ട്ടിലൂടെ സജീവ ശ്രദ്ധ തന്നെ കയ്യടക്കി. പിന്നെ അക്കാദമിക്-ആക്ടിവിസ്റ്റ് വ്യവഹാരങ്ങളിലെല്ലാം പല താത്പര്യങ്ങളിലായി വ്യാപകമായി തന്നെ ‘ഇസ്ലാമോഫോബിയ’ ഉപയോഗിക്കപ്പെട്ടു.

പൊതുമണ്ഡലത്തിലും രാഷ്ട്രീയ-അക്കാദമിക വ്യവഹാരങ്ങളിലും ബഹുമുഖ ദൃശ്യത കൈവരിച്ച ‘ഇസ്ലാമോഫോബിയ’ ലിബറല്‍ ജനാധിപത്യത്തിന്റെ മൂല്യങ്ങളെയാണ് അപ്രസക്തമാക്കുന്നതെന്ന് പലരും കാണാതെ പോവുന്നു. ഇസ്ലാമും മുസ്ലിംകളും ഭയത്തിന്റെയും ഭീഷണിയുടേയും സിംബലാവുന്ന അഭിശപ്ത സാഹചര്യങ്ങളിലും അതിലൂന്നിയ സാമാന്യവത്കരണമോ ലളിതവത്കരണമോ ബുദ്ധിജീവി കേന്ദ്രങ്ങളില്‍ നിന്ന് പുറത്തു വരുന്നുവെന്നത് അങ്ങേയറ്റം നിന്ദ്യമാണെന്ന് പറയാതെ വയ്യ.

തൊണ്ണൂറുകളില്‍ പാരീസിലെ തെരുവുകളില്‍ അള്‍ജീരിയന്‍ മുസ്ലിംകള്‍ ബോംബ് സ്‌ഫോടനം നടത്തിയെന്ന അഭ്യൂഹത്തെ തുടര്‍ന്നുണ്ടായ സംസാരങ്ങളെ സംവാദാത്മകമായി വിശകലനം ചെയ്ത് ഫ്രഞ്ച് സാമൂഹിക ശാസ്ത്രജ്ഞനായ പിയറെ ബോര്‍ദ്യു നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. ഇസ്ലാമിനെക്കുറിച്ചുള്ള ഏതൊരു സമകാലിക ചര്‍ച്ചയും യാഥാര്‍ത്ഥ്യം, വസ്തുത എന്നിവയെക്കുറിച്ചുള്ള സര്‍വനിര്‍വചനങ്ങളും അട്ടിമറിക്കുന്ന വാക്കുകളിലൂടെയുള്ള ആശയക്കുഴപ്പം (Verbal confusion) ആണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. പൊതുതാത്പര്യങ്ങളെന്ന പേരില്‍ നിയോലിബറല്‍ പോളിസികള്‍ നടത്തുന്ന കര്‍തൃത്വ നിഷേധത്തിന്റെയും അപരവത്കരണത്തിന്റെയും ആശയതലങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ബോര്‍ദ്യുവിന്റെ ‘Acts of Resistance: Against the New myths of our time’ ഈ ധാരയിലെ ശക്തമായ ചില അന്വേഷണങ്ങള്‍ മുന്നോട്ടു വക്കുന്നു. ആഗോളീകരണത്തിന്റെ തുടര്‍ച്ചയില്‍ ഉണ്ടായ യൂറോ കേന്ദ്രീകൃത ലോകക്രമത്തിന്റെ ആഗമനം ന്യൂനപക്ഷവിരുദ്ധവും സവര്‍ണ സാംസ്‌കാരികതയുടെ ആധിപത്യവും അതിലൂടെ സങ്കുചിത പ്രൊപഗണ്ട ഇന്‍ജക്റ്റ് ചെയ്യുന്ന രാഷ്ട്രീയ തലവും അടിസ്ഥാനപ്പെടുത്തിയതായിരുന്നു. അതിലൂടെ അപനിര്‍മിതിക്കും അപരവത്കരണത്തിനും പാത്രമായ കമ്മ്യൂണിറ്റികളില്‍ ഇസ്‌ലാമിന് മുന്‍ സ്ഥാനം തന്നെ പ്രാപ്യമായി എന്നതാണ് വാസ്തവം. അതിന് വഴിവെട്ടിയ പലതിന്റെയും തുടര്‍ച്ചയില്‍ പുതിയ കാലത്തെ ചില നയരൂപീകരണങ്ങള്‍ക്കുള്ള പങ്കിനെ ബോര്‍ദ്യുവിലൂന്നി തന്നെ അന്വേഷിക്കാവുന്നതാണ്.

ഏകദേശം മുപ്പതുവര്‍ഷങ്ങള്‍ക്കു മുമ്പുള്ള സംഭവവികാസങ്ങളെ ആധാരമാക്കി ബോര്‍ദ്യുവിനെ പോലുള്ളവര്‍ നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ക്ക് പുതിയ കാലത്തും വലിയ അളവില്‍ തുടര്‍ച്ചകളുണ്ടാവുന്നുണ്ട്. ‘ജയ്‌ശെ മുഹമ്മദി’ന് ‘മുഹമ്മദിന്റെ സൈന്യ’മെന്ന് ചില മാധ്യമ അധമത്വങ്ങള്‍ക്ക് വിവര്‍ത്തനം കൊടുക്കാന്‍ പറ്റുന്നത് അതിന്റെ ഭാഗമാണ്. അതിലൂടെ തീവ്രവാദ അക്രമണങ്ങളുടെ കണക്കുകള്‍ ഒരു ജനവിഭാഗത്തിന്റെ അക്കൗണ്ടില്‍ വക്കാന്‍ സാധിക്കുമല്ലോ. നരവംശ ശാസ്ത്രജ്ഞനായ ആന്‍ഡ്രൂ ഷ്റയേക്കും സംഘവും നടത്തിയ ഗവേഷണ പഠനങ്ങളിലും ഭരണകൂട- മാധ്യമ കൂട്ടുകെട്ടെല്ലാം ഇസ്ലാം വിരുദ്ധ നിലപാടുകള്‍ രൂപപ്പെടുത്തുന്ന ശൈലികള്‍ വിവരിക്കുന്നുണ്ട്. ഭരണകൂട നിര്‍വഹണ അജണ്ടയായി ഇത്തരം ഇസ്ലാം വിരുദ്ധ നയങ്ങള്‍ രൂപപ്പെടുന്നതിലെ സാംഗത്യം മനസ്സിലാക്കാന്‍ പുതിയ കാലത്ത് പ്രയാസമേതുമുണ്ടാവില്ല.

മധ്യപ്രദേശില്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പോലീസ് സംഘം അതിക്രൂരമായി മര്‍ദ്ദിച്ച അഭിഭാഷകനായ ദീപക് ബുണ്ടേലെയുടെ വാര്‍ത്ത ഉപര്യുക്ത സംഭവ വികാസങ്ങളിലെ ഏറ്റവുംപുതിയ ഉദാഹരണങ്ങളിലൊന്നാണ്. ക്രൂരമായി അക്രമിക്കപ്പെട്ട ദീപക് ബുണ്ടേലെ പോലീസിനെതിരെ നല്‍കിയ പരാതി മുന്‍നിര്‍ത്തി നടന്ന അന്വേഷണങ്ങളിലാണ് ഞെട്ടിപ്പിക്കുന്ന പലതും പുറത്തുവന്നത്. കേസന്വേഷണം ശക്തമായപ്പോള്‍ പ്രതികളായ പോലീസുദ്യോഗസ്ഥര്‍ അദ്ദേഹത്തെ സമീപിക്കുകയും പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തില്‍ മാപ്പു പറയാന്‍ തങ്ങള്‍ സന്നദ്ധരാണെന്നറിയിച്ച പോലീസുകാര്‍ ”മുസ്ലിമാണെന്നു കരുതിയാണ് താങ്കളെ മര്‍ദ്ദിച്ചതെ”ന്ന് പറഞ്ഞത് നമ്മെ ചിലത് ഓര്‍മിപ്പിക്കുന്നതാണ്. പോലീസുകാരുടെ ഫോണ്‍ കോള്‍ റെക്കോഡിങുള്‍പ്പെടെ ദീപക് ബുണ്ടേലെ മാധ്യമങ്ങള്‍ക്ക് കൈമാറുകയും ചെയ്തു. ഒരു വിഭാഗത്തെ ഭരണകൂടം ഉന്മൂലനം ചെയ്യുന്നതിന്റെ ഭീകരമായ ഉദാഹരണങ്ങളിലൊന്നാണത്. പൗരത്വഭേദഗതി സമരങ്ങളുടെ തുടര്‍ച്ചയില്‍ ഇന്നും തടവറകളില്‍ പീഡിപ്പിക്കപ്പെടുന്ന പലരുടെയും സ്ഥിതിഗതികളും ഇതിനോട് ചേര്‍ത്തു വക്കാം. സഫൂറാ സര്‍ഗാര്‍, മീരാന്‍ ഹൈദര്‍, ഗുല്‍ഷിഫ ഫാത്തിമ, താഹിര്‍ ഹുസൈന്‍ തുടങ്ങീ പലരും ഈ കോവിഡ് കാലത്തും തടവറകളില്‍ കഴിയേണ്ടിവരുന്നതിന്റെ താത്പര്യം പരിശോധിക്കുമ്പോള്‍ ഉപരി സൂചക വംശവിരുദ്ധതയുടെ ചിത്രങ്ങള്‍ തെളിഞ്ഞു വരുന്നത് കാണാം.

മറ്റൊന്ന്, തീവ്രവാദവുമായി ബന്ധപ്പെടുത്തി മതത്തെ ചേര്‍ത്തു കെട്ടുന്ന വ്യാപകമായ പ്രവണതയെയാണ് ആലോചിക്കുന്നത്. മുസ്‌ലിം നാമധാരികളായ എണ്ണത്തില്‍ വളരെ ചുരുക്കം ചിലര്‍ ചെയ്യുന്ന ഭീകര-തീവ്രവാദ പ്രവര്‍ത്തനങ്ങളെ അധികരിച്ചുള്ള സംസാരങ്ങളില്‍ ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്ന രീതിശാസ്ത്രം ജുഗുപ്സാവഹമാണ്. ബഹുഭൂരിപക്ഷം വരുന്ന മുസ്‌ലിംകള്‍ എന്തു ചെയ്താലും അതൊന്നും ഇസ്‌ലാമികമാവാതിരിക്കുകയും ന്യൂനാല്‍ ന്യൂനപക്ഷത്തിന്റെ അധമ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിന്റെ മുഖമായി പൊതുയിടങ്ങളില്‍ പ്രതീകവത്കരിക്കുകയും ചെയ്യുന്ന മനോഗതി മനോരോഗമല്ലാതെ മറ്റൊന്നുമല്ല. ഇസ്‌ലാമിനെ സാധ്യമാംവിധം പ്രതിരോധിക്കുകയെന്ന ഏകമാനമായ ലക്ഷ്യത്തില്‍ തീവ്രവാദത്തിന് വേരോട്ടം നല്‍കുകയാണ് ചെയ്യുന്നതെന്ന് അവര്‍ കാണാതെ പോവുന്നു. ഇസ്ലാം വിരുദ്ധ മിഷണറി പ്രവര്‍ത്തനം തത്വത്തില്‍ സുഖദായകമെങ്കിലും ഫലത്തില്‍ തീവ്രവാദ ആശയങ്ങള്‍ക്ക് പ്രകാശനങ്ങള്‍ നല്‍കുന്നത് തന്നെയാണ്. ഇത്തരം ദുര്‍വ്യാഖ്യാനങ്ങളും അതിലൂന്നിയ ഇസ്‌ലാമോഫോബിയയുടെ വികാസവും വംശീയ വിരുദ്ധ ഉദ്ദേശ്യത്തില്‍ പുലരുന്നതും മുസ്ലിം രാഷ്ട്രീയ കര്‍തൃത്വ നിഷേധവുമാണെന്ന് സല്‍മാന്‍ സയ്യിദിനെ പോലുള്ളവര്‍ നിരീക്ഷിക്കുന്നുണ്ട്. ശ്രേണീകൃതവും (hierarchical) വ്യവസ്ഥാപരവുമായ (Systemic) കൊളോണിയല്‍ രൂപത്തെ സ്ഥിരപ്പെടുത്തുന്ന യൂറോകേന്ദ്രീകൃത സമീപനങ്ങളുടെ പൊതുസ്വഭാവം തന്നെയാണിതും.

”മുസ്ലിം” എന്നതിന് ശത്രുതയുടെയും ഭീകരതയുടെയും ഇമേജ് കല്‍പിക്കാനും അതിലൂടെ ഘടനാപരമായ വംശീയ ഉന്മൂലനം സാധ്യമാക്കാനും ശ്രമിക്കുന്ന ആധുനിക ദേശരാഷ്ട്രങ്ങളുടെ പരികല്‍പനകളെ തലാല്‍ അസദ് ചോദ്യം ചെയ്യുന്നുണ്ട്. മിലിറ്റന്റും ലോകത്തിനു മേല്‍ വയലന്‍സ് പ്രയോഗിക്കാന്‍ ആയുധം പേറി നടക്കുന്നവനുമാണ് മുസ്‌ലിമെന്ന ബോധം സൃഷ്ടിക്കുന്നതില്‍ ആധുനിക ദേശരാഷ്ട്രങ്ങള്‍ ഭീകരമായ പങ്കാണ് വഹിക്കുന്നത്. ദാരുണവും ദയനീയവുമായ മുസ്ലിം വിരുദ്ധ അക്രമണങ്ങള്‍ക്കു ശേഷം ”മുസ്ലിം ലൈവ്‌സ് മാറ്റര്‍” കാമ്പയിനുകള്‍ക്ക് ഹാഷ്ടാഗുമിട്ട് സേഫ് സോണിലിരിക്കുകയാണ് ഇവിടുത്തെ പ്രബല അധികാരീ വര്‍ഗമെന്നതാണ് ഇതിലെ മറ്റൊരു തലമെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.

മതത്തെ വ്യാപകമായി ദുര്‍വ്യാഖ്യാനം ചെയ്ത് പ്രതിലോമപരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നവര്‍ ബോധപൂര്‍വം വിസ്മരിക്കുന്ന ചില സത്യങ്ങളുണ്ട്. മതമെന്നതിലുപരി മനുഷ്യന്റെ ദുര്‍ബോധവും പ്രകൃത്യാലുള്ള പ്രവണതയുമാണ് പ്രശ്‌നങ്ങള്‍ക്ക് നിദാനമെന്ന് കാണാതെ പോവരുത്. മാനുഷികമായ ചപലതകളുടെ ഇത്തരം പ്രതിലോമ പ്രതിഫലനങ്ങള്‍ മതപരമെന്ന പോലെ മതരഹിതമായ സമൂഹങ്ങളിലും സ്പഷ്ടമാണ്. ദൈവ വിശ്വാസവും ആത്മീയ ദര്‍ശനവും അപ്രസക്തമെന്ന് സിദ്ധാന്തിച്ച യൂറോകേന്ദ്രീകൃത ജ്ഞാനോദയ – നവോത്ഥാന മൂല്യങ്ങള്‍ക്കും പ്രശ്‌നവത്കരിക്കേണ്ട ഈ തലങ്ങളുണ്ടായിരുന്നല്ലോ. പരിണാമ സിദ്ധാന്തവും ലൈംഗിക സ്വാതന്ത്ര്യവും കമ്മ്യൂണിസ്റ്റ് ആശയങ്ങളും ലോകത്ത് ഭീകരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. സോഷ്യല്‍ ഡാര്‍വിനിസവും ലെനിന്‍-സ്റ്റാലിന്‍ പ്രഭൃതികളുടെ കമ്മ്യൂണിസവും ലോകത്തെ രക്തപങ്കിലമാക്കിയ സൈദ്ധാന്തിക ആയുധങ്ങളാണ്. ആകയാല്‍ ദാസ് ക്യാപിറ്റലും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ഒറിജിന്‍ ഓഫ് സ്പീഷീസുമെല്ലാം മറ്റേത് മതഗ്രന്ഥങ്ങളെക്കാളും രക്തച്ചൊരിച്ചിലുകള്‍ക്കുള്ള സൈദ്ധാന്തിക ന്യായീകരണം നല്‍കിയിട്ടുണ്ടെന്ന് അതിശയോക്തിയില്ലാതെ തന്നെ പറയാം.

ആധുനിക ദേശരാഷ്ട്ര സങ്കല്‍പങ്ങളുടെ അടിസ്ഥാനമായ സെക്യുലര്‍ സമീപനങ്ങള്‍ പുലരാന്‍ മതമുക്ത സമൂഹം സാധ്യമാവണമെന്ന മിഥ്യാധാരണയാണ് പ്രശ്‌നവല്‍ക്കരിക്കേണ്ട മറ്റൊരു തലം. മതമുക്തമോ മതനിഷേധമോ ഒക്കെയായി രൂപപ്പെടുന്ന പ്രസ്തുത വാദത്തിന് ജ്ഞാനശാസ്ത്രപരമായി തന്നെ അടിത്തറയില്ലായെന്നതാണ് വാസ്തവം. ദെക്കാര്‍ത്തെ, ഹോബ്‌സ്, ജോണ്‍ ലോക്ക്, റൂസ്സോ തുടങ്ങീ തത്വചിന്താ ആചാര്യന്മാരൊന്നും പുതിയകാലത്തെ നവനാസ്തിക സൈദ്ധാന്തിക ബിംബങ്ങളെപ്പോലെ മത നിരാസമോ നിഷേധമോ കൂലിത്തൊഴിലായി സ്വീകരിച്ചവരായിരുന്നില്ലായെന്ന് മനസ്സിലാക്കണം. യൂറോകേന്ദ്രീകൃതവും പുരുഷാധിപത്യപരവുമായ നവനാസ്തികതയുടെ ആശയ-ആചരണ തലങ്ങളിലൊക്കെ അവരുടെ യുക്തിരാഹിത്യം പ്രകടമാണ്. ഇന്ത്യയിലെത്തുമ്പോള്‍ അതിന് ബ്രാഹ്മണിക് ബോധത്തിന്റെ തലം കൈവരുന്നുവെന്ന് മാത്രം. വാസ്തവത്തില്‍ നാസ്തികത സവര്‍ണ ഹൈന്ദവതയുടെ പ്രഛന്നത തന്നെയാണ്. കല്യാണം പോലേയുള്ള ചടങ്ങുകളിലെ പ്രകടനങ്ങളിലും പൗരത്വ നിഷേധ-സംവരണ വിരുദ്ധ സംസാരങ്ങളിലും അത് കാണാവുന്നതുമാണ്.

ഇസ്ലാമിന്റെയും സെക്യുലര്‍ സമീപനങ്ങളുടെയും ഒത്തുപോവലിന്റെ സാധ്യതയും സാധുതയുമാണ് പുതിയ കാലത്ത് പ്രധാനമായും ഉദയം ചെയ്യുന്ന സംവാദതലങ്ങള്‍. ഫ്രഞ്ച് തത്വചിന്തകനായ ദെറീദയെ മുന്‍നിര്‍ത്തി വായിക്കുമ്പോള്‍ ഇതിനെ കേന്ദ്രീകരിച്ചുള്ള ആശങ്ക അസ്ഥാനത്താണെന്ന് ബോധ്യപ്പെടുകയും ചെയ്യും. ഈ ധാരയിലെ പ്രസക്തമായ അവലംബങ്ങളിലൊന്നാണ് ‘ഇസ്ലാമും പടിഞ്ഞാറും’ എന്ന ശീര്‍ഷകത്തില്‍ മുസ്തഫ ഷെരീഫ് ദെറീദയുമായി നടത്തിയ സംഭാഷണം. ഇസ്ലാം ആധുനിക വിരുദ്ധമാണെന്നും ജനാധിപത്യ വിരുദ്ധമാണെന്നും പ്രഛണ്ഡമായി പ്രചരിപ്പിക്കുകയും പടിഞ്ഞാറിനും ഇസ്ലാമിനുമിടയില്‍ വിയോജിപ്പിന്റെ മതിലുകളുയര്‍ത്തുകയും ചെയ്യുന്ന സജീവ ചര്‍ച്ചകളെയാണ് പ്രസ്തുത സംഭാഷണം അപഗ്രഥിക്കുന്നത്. ഓറിയന്റലിസ്റ്റുകള്‍ നിര്‍മിച്ചെടുത്ത ഇത്തരം അജണ്ടകള്‍ വെറുപ്പിന്റെയും വിയോജിപ്പിന്റെയും വളര്‍ച്ചയ്ക്കും വികാസത്തിനും വഴിയൊരുക്കിയിട്ടുണ്ടെന്ന എഡ്വേര്‍ഡ് സൈദിന്റെ നിരീക്ഷണവും ഇതിനോട് ചേര്‍ത്തുവക്കേണ്ടതുണ്ട്.

പാശ്ചാത്യ തത്വചിന്തയുടെ പൈതൃകത്തെയും തത്വചിന്താരീതികളുടെ ആധികാരികതയെയും ചോദ്യം ചെയ്തതിലൂടെ ശ്രദ്ധേയനായ ദെറീദ പ്ലേറ്റോ മുതല്‍ ലെവിസ്‌ട്രോസ് വരെയുള്ള പാശ്ചാത്യ തത്വചിന്തയുടെ അടിസ്ഥാന വിശകലന സങ്കല്‍പങ്ങളോട് നിരന്തരം കലഹത്തിലേര്‍പ്പെട്ടു. ഏകശിലാത്മകതയെ അഭിശപ്തമെന്ന് വിശേഷിപ്പിച്ച അദ്ദേഹം അപനിര്‍മാണം (ഡീ കണ്‍സ്ട്രക്ഷന്‍) എന്ന തന്റെ സിദ്ധാന്തത്തിലൂടെ നാനാര്‍ത്ഥങ്ങളെ വാദിക്കുകയും ബഹുസ്വര സമൂഹത്തിന്റെ ആവിഷ്‌ക്കാരത്തെ പ്രബലപ്പെടുത്തുകയും ചെയ്തു. ലോക നാഗരികതയുടെ നിര്‍മിതിയില്‍ ഇസ്‌ലാമിന്റെ സംഭാവനകളെ വില കുറച്ചു കാണുന്ന പടിഞ്ഞാറിന്റെ പ്രബലമായ മതവിരുദ്ധതയെ ജുഗുപ്സാവഹമെന്ന് വിശേഷിപ്പിച്ച ദെറീദ ഇസ്ലാമിന് നവലോക ക്രമങ്ങളുമായി സംവാദത്തിലേര്‍പ്പെടാന്‍ സുനിശ്ചിതമായും സാധിക്കുമെന്ന് സിദ്ധാന്തിച്ചു. ആധുനിക പാശ്ചാത്യതയുടെ ത്രിത്വങ്ങളായ സെക്യുലറിസം, സയന്റിസം, ക്യാപിറ്റലിസം എന്നിവ അസമത്വവും അസന്തുലിതത്വവും ഉണ്ടാക്കുന്നുവെന്ന അദ്ദേഹത്തിന്റെ നിരീക്ഷണവും ശ്രദ്ധേയമാണ്.

അതിനുപുറമേ, ലോകക്രമത്തില്‍ സജീവമാവുന്ന നല്ല മുസ്ലിം/ചീത്ത മുസ്ലിം എന്ന ദ്വന്ദ്വ നിര്‍മിതിയെയും വിശകലനം ചെയ്യണം. കപട സെക്യുലര്‍ ബോധങ്ങളോട് വിധേയപ്പെട്ട് ജീവിച്ചാല്‍ ലഭിക്കുന്ന ഭിക്ഷയായി ‘നല്ല മുസ്‌ലി’മെന്ന ഫ്രെയിം മാറുന്നു. ഹിജാബനുബന്ധ വ്യവഹാരങ്ങളിലെ സ്വീകരണ-നിരാകരണ തീരുമാനങ്ങളെ പോലും ഇത്തരം വാര്‍പ്പുനിര്‍മിതികള്‍ സ്വാധീനിക്കുന്നുവെന്ന് കാതറിന്‍ ബുള്ളോകും അഭിപ്രായപ്പെടുന്നുണ്ട്. ആസ്‌ത്രേലിയ സ്വദേശിനിയും ടൊറണ്ടോ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ലക്ചറുമായ ബുള്ളക് തന്റെ ‘Rethinking Muslim women and the veil, Challenging historical and modern stereotypes’ എന്ന കൃതിയില്‍ സഗൗരവം വായിക്കേണ്ട പല തലങ്ങളും തുറന്നിടുന്നുണ്ട്. മുസ്‌ലിം രാജ്യങ്ങളിലെത്തുന്ന യൂറോ പ്രബലവര്‍ഗം ‘നിങ്ങള്‍ നിന്ദ്യരും ഞങ്ങള്‍ നിങ്ങളെ പരിഷ്‌ക്കരിക്കേണ്ടവരുമാണെ’ ന്ന പ്രചാരമാണ് നടത്തിവരുന്നത്. ഏകശിലാത്മകമായി ഇത്തരം ഡിസ്‌കോഴ്‌സുകളെ ഒതുക്കിയിരുത്താന്‍ തത്രപ്പെടുന്ന അഭിനവ മീഡിയാ കാരിക്കേച്ചറിംഗിനേയും ബുള്ളക് അതിശക്തമായി അപലപിക്കുന്നു. സാംസ്‌കാരികമായ ഏതേതു ചിഹ്നങ്ങളിലും സ്വീകര്‍ത്താക്കളുടെ മാനസിക സാജാത്യങ്ങളേയോ വൈജാത്യങ്ങളേയോ മുഖവിലയ്‌ക്കെടുക്കാതെ ഉപരിപ്ലവമായ വായനയിലൊതുക്കുന്ന ധൈഷണിക ദാരിദ്ര്യത്തിന്റെ പരിണതി പുതിയ കാല ചിത്രങ്ങളിലായി കൃതിയില്‍ അവര്‍ അനാവരണം ചെയ്യുന്നു. ഹിജാബിനെ ഇസ്ലാം വിരുദ്ധതയുടെയും പ്രാകൃത ഇസ്‌ലാം ലേബലിംഗിന്റെയും ടൂളായി അധികാരിവര്‍ഗം ഉപയോഗിക്കുന്നതിനെ ബുള്ളക് കൃത്യമായി വരച്ചുവക്കുന്നുണ്ട്. ഇര്‍ഷാദ് മഞ്ചി, അയാന്‍ ഹിര്‍സ് അലി, ഫാത്തിമ മെര്‍നീസി തുടങ്ങി പലരും ഫെമിനിസത്തിന്റെയും സ്ഥിതിസമത്വത്തിന്റെയും മുഖംമൂടിക്കു പിന്നില്‍ മറച്ചുപിടിക്കുന്ന ഇസ്‌ലാമിക വിരുദ്ധത മുമ്പേ മറ നീക്കി പുറത്തുവന്നതുമാണല്ലോ.

ഇങ്ങനെ ചരിത്രത്തിലും വര്‍ത്തമാനത്തിലും സൗന്ദര്യത്തിന്റെയും സൗകുമാര്യതയുടെയും ഇസ്ലാമിനെ പരുഷ-പുരുഷ പതിപ്പായി അവതരിപ്പിച്ച് കാണിക്കുന്നവര്‍ ഈ പരിതസ്ഥിതിയില്‍ ലളിതമായി പറഞ്ഞാല്‍ സംഘ്പരിവാരാണ്; അതിന്റെ പേരുമാറ്റമുള്ള മറ്റു പതിപ്പുകളാണ്. ആകയാല്‍ തനതു ഇസ്‌ലാമിനെ മൗലികാശയങ്ങളില്‍ നിന്ന് മനസ്സിലാക്കാനാണ് സര്‍വരും സന്നദ്ധരാവേണ്ടത്. അതോടൊപ്പം സൈദ്ധാന്തികമായി സംഘ്പരിവാറുകളായ സെക്യുലര്‍ ദേഹങ്ങളെ തൃപ്തിപ്പെടുത്താനുള്ള ദാസ്യപ്പണിയാവരുത് മുസ്ലിമിന്റെ നിലയും നിലപാടുമെന്ന് നമുക്ക് സംഗ്രഹിക്കാം.