ഇസ്‌ലാമിക് മിസ്റ്റിസവും സ്ത്രീ സൂഫിസവും

2439

ഇസ്‌ലാമിന്റെ പ്രാരംഭ കാലഘട്ടം മുതല്‍ സൂഫിസത്തെ നനവുള്ള വൃക്ഷമാക്കി തീര്‍ക്കുന്നതില്‍ സ്ത്രീകളുടെ പങ്ക് മഹത്തരമാണ്. പ്രവാചകന്‍(സ്വ)യുടെ പ്രിയ പത്‌നി ഖദീജ ബീവി(റ)യുടെ ഇടപെടല്‍ സൂഫിസത്തിന് വലിയൊരു ഉദാഹരണമായി പറയാം. വഹ്‌യില്‍ തുടങ്ങി പ്രബോധന കാലഘട്ടത്തിലൂടെയുള്ള പ്രവാചകരുടെ ജീവിതത്തില്‍ ഖദീജ ബീവിയുടെ ഇടപെടലിനെ സ്ത്രീ സൂഫിസത്തിന്റെ ഉത്ഭവമായാണ് കണക്കാക്കുന്നത്.

ഹബീബ് റഹ്മാന്‍ കോഡൂര്‍

പ്രപഞ്ചോല്‍പത്തി മുതല്‍ മനുഷ്യര്‍, സ്ത്രീയും പുരുഷനും ഒരേപാതയില്‍ സഞ്ചരിക്കുന്നവരാണ്. ഐഹിക ലോകത്ത് നാം വിത്യസ്ത രൂപങ്ങള്‍ പ്രാപിക്കുകയും (അവയില്‍ ചിലതിനെ ആണെന്നും ചിലതിനെ പെണ്ണെന്നും വിളിക്കപ്പെടാമെങ്കിലും) ആധ്യാത്മികമായി ഭൂമിയില്‍ ആണോ പെണ്ണോ ഇല്ലെന്ന സൂഫീ ചിന്താധാരയില്‍ നിന്നാണ് സ്ത്രീകളുടെ സൂഫിസത്തിലേക്കുള്ള കടന്ന് വരവും സ്ത്രീകള്‍ സൂഫീ ജീവിതങ്ങളിലെ പ്രധാന ഭാഗമായി മാറുന്നതും.
സ്ത്രീകള്‍ ഗര്‍ഭപാത്രത്തില്‍ നിന്നുവന്ന് ഗര്‍ഭപാത്രം വഹിക്കുകയും, പുരുഷന്മാര്‍ ഗര്‍ഭപാത്രം സൃഷ്ടിക്കുകയും ഗര്‍ഭപാത്രത്തില്‍ നിന്ന് ജനിച്ചവരായും തീരുന്ന ദൈവിക അവസ്ഥയിലാണ് മറിയം ബീവി ഇസ്‌ലാമിലും സൂഫിസത്തിലും വളരെയധികം ബഹുമാനിക്കപ്പെടുന്നവരാവുന്നത്.
ബിംബാരാധന നടത്തുന്ന അറേബ്യന്‍ ഗോത്രങ്ങള്‍ അവര്‍ക്ക് പിറക്കുന്ന പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചു മൂടിയ സാഹചര്യത്തില്‍, ആത്മാവും ദൈവവും ദൈനംദിന ജീവിതത്തില്‍ സമന്വയിപ്പിക്കുന്ന ഒരു സന്ദേശം പ്രവാചകന്‍ കൊണ്ടുവരികയും സാമൂഹിക ജീവിതത്തില്‍ സ്ത്രീയും പുരുഷനും തുല്യരാണെന്ന ദൈവിക വചനങ്ങള്‍ ജനങ്ങളില്‍ അവതരിപ്പിക്കുകയും ചെയ്തു. സ്ത്രീത്വത്തോടുള്ള ബഹുമാനത്തെയും ആദരവിനെയും തുറന്നുകാട്ടുകയും പ്രകൃതിയുടെ നിലനില്‍പ്പിന് അവള്‍ക്ക് നല്‍കേണ്ടത് നല്‍കാന്‍ ഉപദേശിക്കുകയും ചെയ്തു. ‘ഒരൊറ്റ ശരീരത്തില്‍ നിന്നും നിങ്ങളെ ഞാന്‍ സൃഷ്ടിച്ചിരിക്കുന്നു. അതെ ശരീരത്തില്‍ നിന്നു തന്നെ അതിന്റെ ഇണയെയും പടച്ചു. അവ രണ്ടില്‍ നിന്നുമായി ധാരാളം സ്ത്രീ പുരുഷന്മാരെ ലോകത്ത് അവന്‍ വ്യാപിപ്പിക്കുകയും ചെയ്തു'(അല്‍-നിസാഅ്: 1).
പുരുഷാധിപത്യ വ്യാഖ്യാനത്തിനപ്പുറം ഇസ്‌ലാമിക മനോഭാവത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ലൈംഗികതയോ സമൂഹിക സാഹചര്യമോ പരിഗണിക്കാതെ എല്ലാ ജീവികളോടുമുള്ള ആദരവിനെ ഖുര്‍ആന്‍ വെളിപ്പെടുത്തുന്നു. ” സ്ത്രീയാവട്ടെ പുരുഷനാവട്ടെ നിങ്ങളിള്‍ ആരുടെയും കര്‍മത്തെ ഞാന്‍ നിഷ്ഫലമാക്കുകയില്ല, നിങ്ങളെല്ലാവരും ഒരേ വര്‍ഗത്തില്‍ പെട്ടവരാണല്ലോ. ശാരീരികവും മാനസികവുമായ വിഷയങ്ങളില്‍ പുരുഷനും സ്ത്രീയും വിത്യസ്തത പുലര്‍ത്തുന്നുണ്ടെങ്കിലും ദൈവിക സന്നിധിയില്‍ സ്ത്രീയും പുരുഷനും സമന്മാരാണെന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത് ‘(ആലു ഇംറാന്‍: 195).
ഇസ്‌ലാമിന്റെ പ്രാരംഭ കാലഘട്ടം മുതല്‍ സൂഫിസത്തെ നനവുള്ള വൃക്ഷമാക്കി തീര്‍ക്കുന്നതില്‍ സ്ത്രീകളുടെ പങ്ക് മഹത്തരമാണ്. പ്രവാചകന്‍(സ്വ)യുടെ പ്രിയ പത്‌നി ഖദീജ ബീവി(റ)യുടെ ഇടപെടല്‍ സൂഫിസത്തിന് വലിയൊരു ഉദാഹരണമായി പറയാം. വഹ്‌യില്‍ തുടങ്ങി പ്രബോധന കാലഘട്ടത്തിലൂടെയുള്ള പ്രവാചകരുടെ ജീവിതത്തില്‍ ഖദീജ ബീവിയുടെ ഇടപെടലിനെ സ്ത്രീ സൂഫിസത്തിന്റെ ഉത്ഭവമായാണ് കണക്കാക്കുന്നത്.
വെളിപാടിന്റെ ആദ്യ കാലങ്ങളില്‍ ഖദീജ ബീവി(റ)നബിയുടെ സംശയത്തിനും പരിഭ്രാന്തിക്കും പരിഹാരവും സ്വാന്തനവുമായി നിലകൊണ്ടു. പിന്നീട് പ്രബോധന കാലഘട്ടത്തിലെ പ്രയാസങ്ങള്‍ക്കും വേദനകള്‍ക്കുമിടയില്‍ നബിയുടെ അരികില്‍ പുതിയ വിശ്വാസത്തിന്റെ വെളിച്ചം വഹിക്കാന്‍ മഹതി നബിയെ സഹായിച്ചു. പിന്നീടുള്ള കാലഘട്ടങ്ങളില്‍ അറിവ് തേടാന്‍ നബി ജനങ്ങളോട് കല്‍പിക്കുന്നതിലൂടെ എല്ലാ കാര്യങ്ങളിലും ദൈവത്തെ അന്വേഷിക്കാനും തിരിച്ചറിയാനും അവരെ ഉല്‍ബുദ്ധരാക്കുന്നു. അവര്‍ തിരിച്ചറിയുന്ന കാര്യങ്ങളെ കുറിച്ച് പൂര്‍ണമായ അവബോധം നേടാന്‍ പറയുന്നതിലൂടെ ആരാധനയില്‍ ആത്മാര്‍ത്ഥമായി മുന്നോട്ടുപോകാനും ഭൗതിക ലോകത്തിന്റെ ശ്രദ്ധയില്‍ നിന്നും പിന്തിരിയാനും ശരീരത്തെ സ്വയം പാകപ്പെടുത്തുന്നതിലൂടെ ഉണ്ടായിത്തീരുന്ന അനുഭൂതിയുടെ അവസ്ഥ ഒരു പ്രായോഗിക സൂഫിസത്തിന്റെ നിര്‍വചനമായി കണക്കാക്കാം. ഈ പ്രായോഗികതയില്‍ നിന്നാണ് സൂഫിസം ഭക്തര്‍ക്ക് ദൈവവുമായുള്ള ഐക്യബോധം നല്‍കുന്നത്. സാമൂഹികവും മതപരവുമായ ആരാധനകളില്‍ സമൂഹിക ജീവിതത്തിന്റെ ഒരു മാതൃക അവര്‍ക്ക് സ്ത്രീകളാല്‍ വാഗ്ദാനം ചെയ്തു.
പ്രാവാചകന്റെ കാലഘട്ട ശേഷം സൂഫികളുടെ കാഴ്ചപ്പാട് തികച്ചും വ്യത്യസ്തമായികൊണ്ടിരുന്നു. പ്രശസ്ത തത്വചിന്തകനും മനശാത്രജ്ഞനുമായ വില്യം ജെംയ്‌സ് ഈ മിസ്റ്റിക് ജീവിതത്തെ ഇങ്ങനെയാണ് വിശദീകരിക്കുന്നത്. ‘നമ്മുടെ സ്വാഭാവിക മനുഷ്യ ശേഷിയുടെ ഉയര്‍ന്ന തലത്തിലെത്തുന്ന ഒരാളെ വിവരിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് മിസ്്റ്റിക്’. ഇതേ ആശയക്കാരനായ ന്യൂ ഐജ് സ്റ്റഡി ഓഫ് ഹ്യമാനിറ്റി (new age study of humanity)യുടെ ഡയറക്ടറായ പാട്രീഷ്യാന്‍ കോട്ട റോബിന്‍സിന്റെ ഭാഷ്യം ‘മനുഷ്യന്റെ ബോധ മണ്ഡലങ്ങള്‍ വികസിക്കുമ്പോള്‍ അവനില്‍ സൂഫിസത്തിന്റെ കടന്നുവരവ് സാധ്യമാണെന്ന്’ എന്നതാണ്. എല്ലാത്തിനും ഒരു ഫലമുണ്ട്, അംഗീകാരത്തിന്റെ ഫലം ദൈവത്തിലേക്കു മടങ്ങുന്നു എന്ന റാബിയതുല്‍ അദവിയ്യയുടെ വാക്കിന്റെ നിര്‍വചനമെന്നോണം മുന്‍കാല സൂഫികളില്‍ ചിലര്‍ തങ്ങളുടെ കുടുംബത്തെ ഉപേക്ഷിച്ച് ലൗകിക ആശങ്കകളില്‍ നിന്ന് മുക്തി നേടാനും ദൈവത്തിനായി സ്വയം സമര്‍പ്പിക്കാന്‍ വേണ്ടി മക്ക പോലുള്ള പുണ്യ സ്ഥലങ്ങളിലേക്ക് തീര്‍ഥയാത്ര നടത്തി. എന്നാല്‍, സ്ത്രീകള്‍ അവരുടെ മാതാവ്, സഹോദരി, ജീവിത പങ്കാളി എന്നീ നിലയില്‍ അവരോട് പ്രതികരിക്കുന്ന രീതിയില്‍ വ്യത്യസ്തമായിരുന്നു.
സ്ത്രീ ശിഷ്യന്മാരുണ്ടായിരുന്ന അപൂര്‍വ ആത്മീയാചാര്യന്മാരില്‍ ഒരാളാണ് ജലാലുദ്ദീന്‍ റൂമി. തന്റെ പ്രശസ്ത ഗ്രന്ഥമായ മസ്‌നവിയിലൂടെ സ്ത്രീയെ ‘ദൈവത്തിന്റെ കിരണം’ (ray of god) എന്നു വിളിക്കുന്നതിലൂടെ ഭൂമിയിലെ ദൈവത്തിന്റെ സൃഷ്ടിപരമായ ശക്തിയുടെ ഏറ്റവും മികച്ച ഉദാഹരണമായി റൂമി സ്ത്രീകളെ ലോകത്തിന് പരിചയപ്പെടുത്തുന്നു.
‘ അവള്‍ ഭൗമിക പ്രിയ മാത്രമല്ല
അവള്‍ സൃഷ്ടിപരമാണ്, സ്ൃഷ്ടിക്കപ്പെട്ടിട്ടില്ല’
പന്ത്രണ്ട് പതിമൂന്നു നുറ്റാണ്ടുകള്‍ക്കിടയില്‍ സെവില്ലയില്‍ ജീവിച്ചിരുന്ന ഫാത്വിമ ബിന്‍ത്ത് അല്‍ മുസന്നയുടെ ശിഷ്യന്മാരില്‍ ഒരാളായിരുന്നു പ്രശസ്ത സൂഫി പണ്ഡിതന്‍ ഇബ്‌നുല്‍ അറബി. സ്ത്രീ ആയിരുന്ന അവരുടെ അനുഭവത്തെ ഇബ്‌നു അറബി തന്റെ ഫുതൂഹാത്തുല്‍ മക്കിയ്യ എന്ന ഗ്രന്ഥത്തില്‍ വിവരിക്കുകയുണ്ടായി. എന്നാല്‍, മധ്യ കാലഘട്ടത്തിലെ മിസ്റ്റിക് ഫിലോസഫി ഇസ്‌ലാമിക് മിസ്റ്റിസത്തില്‍ നിന്നും വിത്യസ്ഥമായിരുന്നു. ‘ മറച്ചുവെക്കുകയെന്ന ‘ പുരാതന ഗ്രീക്ക് പദത്തില്‍ നിന്ന് മതവും മതാനുഭവങ്ങളും മനസ്സിലാക്കാന്‍ ദൈവ സാന്നിദ്യത്തിലുള്ള ഐക്യം അനുഭവപ്പെടുത്തുന്നതിനുള്ള ഒരു വിശ്വാസ പരമ്പരയാണ് മിസ്റ്റിസം. തത്വചിന്തയും ജ്ഞാനവും ഇഴ ചേര്‍ന്നിട്ടുള്ള ഹിക്മ എന്ന ആശയത്തില്‍ നിന്നാണ് ഇസ്‌ലാമിക് മിസ്റ്റിസത്തിന്റെ തുടക്കം. ഉദാഹരണമായി ഇബ്രാഹീം ബ്‌നു അദ്ഹമിന്റെ കഥ തന്നെയെടുക്കാം. സൂഫിസത്തിലേക്ക് കടന്നു ചെല്ലുന്ന അദ്ദേഹം തന്റെ ഭാര്യയെയും മകനെയും ഉപേക്ഷിച്ച് മക്കയില്‍ പോയി. ദിവസങ്ങള്‍ക്ക് ശേഷം മകന്‍ ഉപ്പയെ കുറിച്ച് ഉമ്മയോട് ചോദിക്കുമ്പോള്‍ ഭാര്യ എല്ലാ കഥകളും വിവരിക്കുകയും പിന്നീട് അവര്‍ മക്കയില്‍ പോയി ഇബ്രാഹീം ബ്‌നു അദ്ഹമിനെ അന്വേഷിക്കുകയും ചെയ്യുന്നു. മക്കയില്‍വച്ച് അദ്ഹമിനെ കണ്ടുമുട്ടുകയും തിരിച്ചറിയുകയും ചെയ്തു. ഇതറിഞ്ഞ ഇബ്രാഹീം ബ്‌നു അദ്ഹം തന്റെ മകന്റെ മതവിദ്യ പരീക്ഷിച്ചറിയാന്‍ അവനോട് ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ പറയുന്നു. ഇത് മനസ്സിലാക്കിയ മകന്‍ താനൊരു മുസ്‌ലിമാണെന്നും ഖുര്‍ആന്‍ പാരായണം ചെയ്യുമെന്നും മറുപടി നല്‍കി. ഭാര്യയും മകനും തിരിച്ചു നാട്ടിലേക്ക് പോകുമ്പോള്‍ അദ്ഹമിനെ അവരോടൊപ്പം താമസിക്കാന്‍ വിളിക്കുന്നുണ്ടെങ്കിലും അദ്ദേഹം ആത്മീയതില്‍ അലിഞ്ഞ് ചേര്‍ന്നിരുന്നു.
ഇബ്രാഹീം ബ്‌നു അദ്ഹം കുടുംബത്തെ ഉപേക്ഷിച്ചപ്പോള്‍ അയാളുടെ ഭാര്യ കുടുംബത്തിന്റെ ഉത്തരവാദിത്തം വഹിക്കുകയും തനിക്ക് പിറന്ന ആണ്‍കുട്ടിയെ മതവിദ്യ പഠിപ്പിക്കുകയും നന്നായി ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ കഴിവുള്ള മകനായി വളര്‍ത്തിയെടുക്കുകയും ചെയ്തു. വാസ്തവത്തില്‍ ഒരു സ്ത്രീയുടെ ത്യാഗമാണ് ഇബ്രാഹീം ബ്‌നു അദ്ഹമിന്റെ ഭാര്യ നിര്‍വഹിച്ചത്. ചരിത്രത്തില്‍ സ്ത്രീ സൂഫികള്‍ക്ക് ആദരവ് കല്‍പിക്കുകയും ദൈവിക സാമീപ്യം തേടി ഏകാന്തതയിലാകുമ്പോള്‍ ആരാധനയില്‍ അവരെ സഹായിക്കുകയും ചെയ്യുന്നുണ്ട്. ചിലയിടങ്ങളില്‍ പുരുഷന്മാരുടെ ആത്മീയ പ്രയാണത്തിന് തന്നെ സ്ത്രീ കാരണക്കാരിയായിതീരുന്നു. താഴെ ഉദ്ധരിക്കുന്ന സംഭവങ്ങള്‍ അതിന് ഉദാഹരണമാണ്.
അബു നസ്വ്ര്‍ സമര്‍ഖന്ദി ഉദ്ധരിക്കുന്ന ഒരു ചരിത്രത്തില്‍ ഇങ്ങനെ കാണാം; സുന്ദരനായ ഹസനുല്‍ ബസ്വരി ഒരിക്കല്‍ അതീവ സുന്ദരിയായ ഒരു സ്ത്രീയെ കാണ്ട് അവളെ പിന്തുടരാന്‍ തുടങ്ങി. ഇതുകണ്ട് ആ സ്ത്രീ ഹസനുല്‍ ബസ്വരിയോട് ചോദിച്ചു: ‘ഹേ മനുഷ്യാ, നിങ്ങള്‍ അല്ലാഹുവിനെ ഭയക്കുന്നില്ലേ. എന്തിനാണെന്നെ അനാവശ്യമായി പിന്തുടരുന്നത്?’ ഹസനുല്‍ ബസ്വരി കേട്ട ഭാവം നടിച്ചില്ല. അദ്ദേഹം വീണ്ടും അവളെ പിന്തുടരാന്‍ തുടങ്ങി. സ്ത്രീ തന്റെ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു. അപ്പോള്‍ ഹസനുല്‍ ബസ്വരി പറഞ്ഞു: ‘നിന്റെ സുന്ദര നയനമാണ് നിന്നെ പിന്തുടാന്‍ എന്നെ പ്രേരിപ്പിച്ചത്’. മറുപടി കേട്ട സ്ത്രീ തെല്ലും ആശങ്കയില്ലാതെ തന്റെ രണ്ട് കണ്ണും ചൂഴ്‌ന്നെടുത്ത് ഹസനുല്‍ ബസ്വരിക്ക് നേരെ നീട്ടി പറഞ്ഞു: ‘അല്ലാഹുവിനെ ഭയക്കാത്ത ഒരാള്‍ക്ക് എന്റെ കണ്ണ് വേണമെങ്കില്‍ എനിക്കത് വേണ്ട’. ഹസനുല്‍ ബസ്വരി ഞെട്ടിത്തരിച്ചു നിന്നു. ഉടനെ ‘ഒരു സ്ത്രീക്ക് ഇത്രമേല്‍ അല്ലാഹുവിനെ ആരാധിക്കാനാകുന്നുവെങ്കില്‍ എനിക്കെന്ത് കൊണ്ടത് സാധ്യമല്ല’ എന്നദ്ദേഹം പശ്ചാത്തപിച്ചു. ഈയൊരു സംഭവം ഹസനുല്‍ ബസ്വരിയുടെ ഹൃദയത്തെ അല്ലാഹുവുമായി അടുപ്പിച്ചു.
മറ്റൊരു ചരിത്രം അഹ്മദ് ബിനു ഹമ്പലുമായി ബന്ധപ്പെട്ടതാണ്. ഒരിക്കല്‍ ഒരു സ്ത്രീ തന്റെ രോഗ ശമനത്തിന് പ്രാര്‍ത്ഥിക്കാന്‍ ഇമാം അഹ്മദ് ബ്‌നു ഹമ്പലിനടുത്തേക്ക തന്റെ മകനെ പറഞ്ഞയച്ചു. ഹമ്പലി ഇമാമിനടുത്ത് അവശയായ തന്റെ മാതാവിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അഭ്യര്‍ത്ഥിച്ച് തിരച്ചുവന്ന മകന്‍ കണ്ടത് ആരോഗ്യവതിയായി ഇരിക്കുന്ന തന്റെ മാതാവിനെയാണ്. അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരില്‍ പെട്ടവനായിരുന്ന ഇമാം ഹമ്പല്‍ പ്രാര്‍ത്ഥിച്ചാല്‍ അതിന്ന് ഉടനെത്തന്നെ പ്രതിഫലം ലഭിക്കുമെന്ന് ആ സ്ത്രീക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു.
ദൈവികാരാധനയില്‍ പരസ്പരം സഹായിക്കുന്ന ഭാര്യ-ഭര്‍തൃ ബന്ധത്തിന്റെ ഉദാഹരണമാണ് അബൂ ഉബൈദ(റ) ന്റെ ചരിത്രം. വിശുദ്ധ റമളാന്‍ വന്നെത്തിയ സമയത്ത് അദ്ദേഹം തന്റെ പ്രിയ പത്‌നിയോട് പറഞ്ഞു: അനുഗ്രത്തിന്റെ നാളുകളാണ് കടുന്നു വരുന്നത്. അതിനാല്‍ തന്നെ ഞാന്‍ ഒരു മുറിയില്‍ ഏകാന്തനായി ആരാധനയില്‍ കഴിയാന്‍ താല്‍പര്യപ്പെടുന്നു. നീ എന്റെ മുറി ലോക്ക് ചെയ്ത് വെക്കുകയും ഓരോ ദിവസവും ഓരോ റൊട്ടി വീതം എനിക്ക് അത്താഴത്തിന് നല്‍കുകയും ചെയ്യണം. അദ്ദേഹം പറഞ്ഞത് പ്രകാരം തന്നെ ഭാര്യ ചെയ്തു. മുപ്പതാം നാള്‍ ചെന്ന് വാതില്‍ തുറന്ന് നോക്കുമ്പോള്‍ ഭാര്യ കണ്ടത് മുപ്പത് കഷ്ണം റൊട്ടിയും അത് പോലെയിരിക്കുന്നതാണ്. ചുരുക്കത്തില്‍ സമൂഹത്തിലെ ഒരംഗമെന്ന നിലയില്‍ സ്ത്രീകള്‍ പ്രത്യക്ഷമായും പരോക്ഷമായും സൂഫിസത്തില്‍ കുടുംബത്തിന്റെ പ്രധാന പങ്കുവഹിക്കുകയും സൂഫിസത്തിലുള്ള തങ്ങളുടെ നിലപാടിനെ വ്യക്തമാക്കുകയും ചെയ്തു.