ഓര്‍മകൊട്ടുന്ന അത്താഴംമുട്ടുകള്‍

2247
Taste of Kerala Kitchen

റമളാന്‍ മാസത്തില്‍ നടക്കുന്ന നോമ്പുതുറകളാണ് പലപ്പോഴും ചര്‍ച്ചകളില്‍ ഇടം നേടാറുള്ളത്. നോമ്പുതുറ പോലെ തന്നെ പുണ്യപൂര്‍ണമായ കര്‍മമാണ് അത്താഴം കഴിക്കലും. അത്താഴ സമയത്ത് കൃത്യമായി എഴുന്നേല്‍ക്കാന്‍ പലരും അലാറം ഉപയോഗിക്കലാണ് പതിവുരീതി. പള്ളിയില്‍ നിന്നും കേള്‍ക്കുന്ന ഖുര്‍ആനോത്ത്/ തസ്ബീഹ് ശ്രവിച്ച് അത്താഴത്തിനു ഉണരുന്നവരുമുണ്ട്. എന്നാല്‍, ചില പ്രദേശങ്ങളില്‍ പുണ്യമാസമായ റമളാനില്‍ അത്താഴം കഴിക്കാന്‍ ഉള്ള സമയം അറിയാന്‍ ആരും ക്ലോക്കുകളിലോ മൊബൈല്‍ ഫോണുകളിലോ അലാറം വെക്കാറില്ല. അവര്‍ക്കു അറിയാം കൃത്യ സമയത്തു തന്നെ ‘അത്താഴം മുട്ടുകാരന്‍’ന്‍റെ അറിയിപ്പ് ചെണ്ട മുഴങ്ങുമെന്ന്. നോമ്പ് എടുക്കുന്ന ജനങ്ങള്‍ക്ക് അത്താഴത്തിനു ഉണരാന്‍ വേണ്ടി റമളാന്‍ മാസപ്പിറവി കണ്ടതു മുതല്‍ ശവ്വാല്‍ മാസപിറവി കാണുന്നത് വരെ രാത്രിയുടെ അവസാന സമയങ്ങളില്‍ പ്രത്യേക തരത്തിലുള്ള ചെണ്ട മുട്ടി ശബ്ദം ഉണ്ടാക്കി പ്രദേശങ്ങളില്‍ നടക്കുന്നവരെയാണ് അത്താഴം മുട്ടുക്കാര്‍ എന്ന് പറയുന്നത്.

മുട്ടിവിളിക്കുന്ന മെസ്ഹറാത്തി

ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ റമളാനില്‍ ഇത്തരം അത്താഴം മുട്ടുക്കാറുണ്ടെന്നാണ് ജോര്‍ദാനില്‍ നിന്നുളള സയ്യിദ് പറയുന്നത്, “ഈ ചടങ്ങ് ആദ്യമായി തുടങ്ങിയത് ഈജിപ്റ്റിലാണെന്നാണ് ചരിത്രം പറയുന്നത്. അത്താഴം മുട്ടുക്കാരെ മെസ്ഹറാത്തി എന്നാണ് പൊതുവേ പറയുന്നത്. ചെണ്ടയ്ക്ക് പകരം ചെറിയ ദഫാണ് അവര്‍ ഉപയോഗിക്കുന്നത്. ഒപ്പം വിളക്ക് പിടിക്കാന്‍ ഒരാളും കൂടെ ഉണ്ടാകും. ഈജിപ്ത്,സിറിയ,സുഡാന്‍,സൗദി,കുവൈറ്റ്,ജോര്‍ദാന്‍,ലെബനന്‍,ഫലസ്തീന്‍ എന്നീ രാജ്യങ്ങളില്‍ മെസ്ഹറാത്തിമാര്‍ ഉണ്ടായിരുന്നു. എന്നാല്‍, കാലത്തിന്‍റെ മാറ്റത്തില്‍ ഇപ്പോള്‍ മെസ്ഹറാത്തി അത്ര പ്രചാരത്തില്‍ ഇല്ല. മെസ്ഹറാത്തിമാരുടെ കൊട്ട് കേള്‍ക്കാന്‍ പോലും ഇല്ലാതെ ആയിരിക്കുകയാണ്. കാലം മാറുന്നത് അനുസരിച്ചു ഇല്ലാതാകുന്ന ഒന്നാവുകയാണ് മെസ്ഹറാത്തിയും.

താഴത്തങ്ങാടിയിലെ അത്താഴം മുട്ട്

രണ്ട് നൂറ്റാണ്ടായി വടകര താഴത്തങ്ങാടി പ്രദേശത്ത് മുഹമ്മദിന്‍റെ കുടുംബക്കാരാണ് ‘അത്താഴ മുട്ട്’ അറിയിപ്പ് നല്‍കുന്നത്. മുമ്പ് അത്താഴം മുട്ട് അറിയിപ്പിനായി ചെണ്ടയും കൊട്ടി താഴത്തങ്ങാടിയില്‍ എത്തിയിരുന്നത് മുഹമ്മദിന്‍റെ ജ്യേഷ്ഠനായിരുന്നു. അതിന് മുമ്പ് മുഹമ്മദിന്‍റെ ബാപ്പ, അതിനും മുമ്പ് മുഹമ്മദിന്‍റെ ബാപ്പയുടെ ബാപ്പ. കഴിഞ്ഞ 200 വര്‍ഷമോ അതിനേക്കാള്‍ മുന്‍പോ തുടങ്ങിയ ചടങ്ങാണ് ഇപ്പോഴും തലമുറ തലമുറ കൈമാറി മുഹമ്മദിന്‍റെ കുടുംബം തുടരുന്നത്. രാത്രിയില്‍ ഒരു മണിക്ക് അത്താഴം മുട്ടിനായി ഇറങ്ങുന്ന മുഹമ്മദ് വെളുപ്പിനെ മൂന്നര വരെ തന്‍റെ ചെണ്ട കൊട്ടല്‍ തുടരും. പതിനഞ്ചാമത്തെ വയസ്സില്‍ ജ്യേഷ്ഠനൊപ്പം വിളക്ക് പിടിച്ചാണ് മുഹമ്മദ് അത്താഴം മുട്ടിനായി കൂടെ ചേര്‍ന്നത്. പിന്നീട് ജ്യേഷ്ഠന്‍ ഗള്‍ഫില്‍ പോയപ്പോള്‍ മുഹമ്മദ് അത്താഴം മുട്ട് ഏറ്റെടുത്തു. ഇപ്പോള്‍ 36 വര്‍ഷം ആയി മുഹമ്മദ് തന്നെയാണ് ഈ ചടങ്ങ് തുടരുന്നത്. “താഴത്തങ്ങാടിയില്‍ എല്ലാ വീടുകളിലും കയറും, അവരെ അത്താഴം ഉണ്ണാന്‍ ചെണ്ട കൊട്ടി ഉണര്‍ത്തും. അവരെല്ലാം ഞാന്‍ വരാന്‍ പ്രതീക്ഷിച്ചു ഇരിക്കും. ചിലര്‍ കൈനീട്ടം തരും ചിലര്‍ തരില്ല. മക്കള്‍ ഇത് തുടരുമോ എന്ന് അറിയില്ല.” എന്താണെങ്കിലും ഇത് ഒരു പുണ്യപ്രവര്‍ത്തിയായിട്ടാണ് താന്‍ കാണുന്നതെന്ന് മുഹമ്മദ് പറയുന്നു.
പെരുന്നാളിനു ശേഷം അത്താഴംമുട്ടുക്കാര്‍ ഓരോ വീടുകള്‍ തോറും കയറി ഇറങ്ങി അവിടുനിന്ന് അരിയും (ചിലപ്പോള്‍ പണമായും) നല്‍കുന്ന പതിവുണ്ട്. ഈ സന്ദര്‍ഭത്തില്‍ വീട്ടുകാര്‍ തങ്ങളുടെ കുട്ടികളെകൊണ്ട് ആ വലിയ പെരുമ്പറ കൊട്ടിപ്പിക്കുകയും ചെയ്യാറുണ്ട്. വടകര താഴെഅങ്ങാടി കോതിബസാറിലേക്ക് വള്ളങ്ങളില്‍ ചരക്കുകളുമായി വന്നിരുന്ന കച്ചവടക്കാരെയും യാത്രക്കാരെയും തുഴച്ചിലുക്കാരെയും ഉദ്ദേശിച്ചാണ് അത്താഴ മുട്ട് ആരംഭിച്ചതെന്നാണ് കരുതുന്നത്.
വടകര താഴെ അങ്ങാടി കോതിബസാറിലേക്ക് കച്ചവടത്തിന് വള്ളങ്ങളില്‍ ചരക്കുകളുമായി വന്നിരുന്ന കച്ചവടക്കാരെയും യാത്രക്കാരെയും തുഴചിലുക്കാരെയും ഉദ്ദേശിച്ചാണ് 1928 ല്‍ അത്താഴംമുട്ട് ആരംഭിച്ചത്. ഇന്നിപ്പോള്‍ അത് മലബാര്‍ മുസ്ലിം ചരിത്രത്തിലെ അപൂര്‍വ വിശേഷങ്ങളില്‍ ഒന്നാണ് വടകരയിലെ അത്താഴ കമ്മിറ്റി. എണ്‍പത്തിയഞ്ചാനടിന്‍റെ പാരമ്പര്യമുള്ള ഈ കമ്മിറ്റി ഈ കാലം അത്രയും നോമ്പ് തുരപ്പികുകയും അത്താഴം മുട്ടുകയും ചെയ്തവരുടെ എണ്ണം ലക്ഷങ്ങളാണ്
മര്‍ഹൂം മാടത്ത് കിഴില്‍ മമ്മദ് സാഹിബിന്‍റെ നേതൃത്വത്തില്‍ വടകര വലിയ ജുമാഅത്ത് പള്ളി കേന്ദ്രികരിച്ചയിരുന്നു ഇതിന്‍റെ തുടക്കം. കുടാതെ പള്ളി മുതവല്ലിമാരുടെ പിന്തുണയും ഇതിനു ഉണ്ടായിരുന്നു. ആ കാലത്തേ പട്ടിണിയും ദാരിദ്ര്യാവസ്ഥയും സാധാരണക്കാരെ അത്താഴ കമ്മിറ്റിയിലേക്ക് ആകര്‍ഷിച്ചു. ഗുജറാത്തിലെ കച് എന്ന പ്രദേശത്തെ മേമന്‍ സമുദായത്തിലെ കച്ചവടക്കാര്‍ വ്യാപാരത്തിനായി വരുകയും ഈ കമ്മിറ്റിയെ കുറിച്ച് കേള്‍ക്കുകയും കമ്മിറ്റിക്ക് സാമ്പത്തിക സഹായം നല്‍കുകയും ചെയ്തതോടെ കമ്മിറ്റി വളരാന്‍ തുടങ്ങി. പുരാതന മുസ് ലിം കേന്ദ്രമായ ചാവക്കാടും പൊന്നാനിയിലും അത്താഴംമുട്ടു സംഘങ്ങള്‍ അടുത്ത കാലം വരെ സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ കാലക്രമേണ വന്ന പരിഷ്കാരങ്ങളോട് പൊരുത്തപ്പെട്ടു പോകാന്‍ ഇത്തരം നല്ലശീലങ്ങള്‍ക്ക് കഴിയാതെ വന്നു.

നബി(സ്വ)പറഞ്ഞ അത്താഴ പാഠങ്ങള്‍

രാത്രി ഭക്ഷണം കഴിക്കുന്നതിന് പൊതുവെ അത്താഴം എന്ന് പറയാറുണ്ടെങ്കിലും അര്‍ധരാത്രിക്ക് ശേഷം വല്ലതും കഴിക്കുന്നതിനാണ് ‘സുഹര്‍’/അത്താഴം കഴിക്കല്‍ എന്ന് ഫിഖ്ഹിലെ പ്രയോഗം. നോമ്പിന് ഇത് ഒരു അനുഷ്ഠാനമായി, പുണ്യമായിട്ടാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. നബി(സ്വ)പറഞ്ഞു: നിങ്ങള്‍ നോമ്പിന് അത്താഴം കഴിക്കണം. നിശ്ചയം അതില്‍ ബറകത്തുണ്ട്.’ ‘പകലിലെ നോമ്പിന് നിങ്ങള്‍ അത്താഴം കഴിച്ച് സഹായം തേടുക’.
ഭക്ഷണമുപേക്ഷിക്കല്‍ പ്രധാനമായി നോമ്പിന്‍റെ ആരംഭത്തിന് മുമ്പായി അല്‍പം എന്തെങ്കിലും കഴിക്കുക എന്നത് സുന്നത്താക്കിയിരിക്കുന്നു. ഭക്ഷണം ആവശ്യമില്ലെന്നു തോന്നിയാലും ഭക്ഷ്യവസ്തുക്കള്‍ ലഭ്യമല്ലെങ്കിലും അത്താഴം കഴിക്കുക എന്ന സുന്നത്ത് നേടാന്‍ ശ്രമിക്കണം. അതിന് ഒരിറക്ക് വെള്ളം മാത്രം നിയ്യത്തോടെ കുടിച്ചാല്‍ മതി. അധികം കഴിക്കണമെന്നോ വയര്‍ നിറക്കണമെന്നോ ഇന്നതായിരിക്കണമെന്നോ ഇല്ല. നബി(സ്വ) നിര്‍ദേശിച്ചു; ഒരിറക്ക് വെള്ളം കൊണ്ടെങ്കിലും നിങ്ങള്‍ അത്താഴം കഴിക്കല്‍ എന്ന സുന്നത്ത് നേടുക.
നോമ്പ് ഒരു പീഡനമെന്ന നിലയിലല്ലാത്തതിനാല്‍ വൈകി അത്താഴം കഴിച്ച് പകല്‍ സമയത്തെ ഉന്‍മേഷം സംരക്ഷിക്കാന്‍ നിര്‍ദേശമുണ്ട്. അതിന് ഗുണമുണ്ടെന്ന് അറിയിച്ചിട്ടുമുണ്ട്. നബി(സ്വ) പറഞ്ഞു: അത്താഴം കഴിക്കല്‍ പിന്തിക്കുകയും നോമ്പ് തുറക്കല്‍ വേഗത്തില്‍ നിര്‍വഹിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ എന്‍റെ സമുദായം ഗുണത്തിലായിരിക്കും. നബി(സ്വ) സ്വന്തം ജീവിതത്തിലൂടെ അത്താഴസമയത്തെ കുറിച്ച് മാതൃക നല്‍കിയിട്ടുണ്ട്. സൈദ്ബ്നു സാബിത്(റ) പറയുന്നു: ഞങ്ങള്‍ നബി(സ്വ)യോടൊപ്പം അത്താഴം കഴിച്ചു. പിന്നെ ഞങ്ങള്‍ നിസ്കരിച്ചു. നിസ്കാരത്തിന്‍റെയും അത്താഴത്തിന്‍റെയും ഇടയില്‍ അമ്പത് ഖുര്‍ആന്‍ ആയത്തുകള്‍ പാരായണം ചെയ്യാനെടുക്കുന്നതിന് സമാനമായ സമയമുണ്ടായിരുന്നു’. നബി(സ)യില്‍ നിന്ന് മാതൃക സ്വീകരിച്ച സ്വഹാബികളും അതാണ് പിന്തുടര്‍ന്നത്. സഹ്ല്‍ (റ) പറയുന്നു. ‘ഞാന്‍ എന്‍റെ കുടുംബത്തോടൊപ്പം അത്താഴം കഴിച്ചതിന് ശേഷം വേഗത്തില്‍ പള്ളിയില്‍ ചെന്ന് നബി(സ്വ)യോടൊപ്പം നിസ്കാരത്തില്‍ പങ്കെടുത്തിരുന്നു’
അത്താഴം കഴിക്കല്‍ സുന്നത്തായ ഒരു കര്‍മമാണ്. അത് വൈകിക്കുന്നത് നല്ലതുമാണ്. പക്ഷേ, നോമ്പിന്‍റെ സമയം, ആരംഭിക്കുന്നതിന് മുമ്പു തന്നെ അതവസാനിപ്പിച്ചിരിക്കണം. നമ്മുടെ നാടുകളില്‍ വ്യത്യസ്തമായ ബാങ്കുകള്‍ കേള്‍ക്കാറുണ്ട്. കൃത്യസമയത്ത് വിളിക്കപ്പെടുന്ന ബാങ്കിനെ മാത്രമേ നാം അവലംഭിക്കാവൂ. സുബ്ഹിയുടെ സമയം ആയിക്കഴിഞ്ഞ ശേഷം വൈകി ബാങ്ക് വിളിക്കുന്നവരുണ്ട്. അതിനനുസരിച്ച് അത്താഴത്തെ വൈകിച്ച് നോമ്പ് നഷ്ടപ്പെടുത്തരുത്.

അബൂസഈദില്‍ ഖുദ്രി (റ) നബി (സ്വ) യില്‍ നിന്ന് നിവേദനം ചെയ്യുന്നു, അത്താഴം ബറക്കത്ത് ആണ്.അത് നിങ്ങള്‍ ഒഴിവാക്കരുത്. ഒരിറക്ക് വെള്ളം കുടിച്ചിട്ട് ആണെങ്കിലും (അഹ്മദ്). ജാബിര്‍ (റ) നിവേദനം ചെയ്യുന്നു. നബി (സ്വ) പറഞ്ഞു: നോമ്പ് നോല്‍ക്കാന്‍ ഉദ്ദേശിക്കുന്നവന്‍ എന്തെങ്കിലും അത്താഴം കഴിക്കട്ടെ ( അഹ്മദ്). അപ്പോള്‍ കേവലം വെള്ളം കുടിച്ചാലും അത്താഴത്തിന്‍റെ സുന്നത്ത് ലഭിക്കും. ഈത്തപ്പഴം ആണ് അത്താഴത്തിന് ഏറ്റവും നല്ലത്. അബൂഹുറൈറ (റ) പറയുന്നു. നബി പറഞ്ഞു: വിശ്വാസിയുടെ ഏറ്റവും നല്ല അത്താഴം ഈത്തപ്പഴമാണ്. അത്താഴ സമയത്ത് അമിതമായി ഭക്ഷണം കഴിക്കുന്നത് നല്ലതല്ല. ഒരു ദിവസത്തിലെ ഏറ്റവും ബറക്കത്തുള്ള നിമിഷങ്ങളാണ് അത്താഴ സമയം. ഈ അതി പ്രഭാതത്തിലുള്ള സമയത്ത് എന്‍റെ ‘സമുദായത്തിന് അനുഗ്രഹം ചൊരിയണമേ എന്ന് നബി(സ്വ) പ്രത്യേകം പ്രാര്‍ത്ഥിച്ചിട്ടുണ്ട്. ചോദിക്കുന്നവന് അവന്‍റെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നതും പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഉത്തരം നല്‍കപ്പെടുന്നതും പാപമോചനം തേടുന്നവരക്ക് പാപങ്ങള്‍ പൊറുക്കപ്പെടുന്നതുമായ സമയമാണ് അത്താഴ സമയം എന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. മുസ്ലിംകളുടെ നോമ്പിന്‍റെ വ്യതിരിക്തത കൂടിയാണ് അത്താഴം. നബി (സ്വ) പറഞ്ഞു: നമ്മുടെ നോമ്പും വേദം നല്‍കപ്പെട്ടവരുടെ (ജൂതډാരും ക്രിസ്ത്യാനികളും) നോമ്പും തമ്മിലുള്ള വ്യത്യാസം അത്താഴ ഭക്ഷണമാണ് (മുസ്ലിം). അഥവാ പ്രതിഫലാര്‍ഹമായ അനുഷ്ഠാനം എന്ന നിലയില്‍ അവര്‍ക്ക് അത്താഴം ഉണ്ടായിരുന്നില്ല. രാത്രിയുടെ അവസാനഭാഗത്ത് അത്താഴം കഴിക്കുന്നതാണ് പ്രവാചക മാതൃക.

തന്‍സീര്‍ ദാരിമി കാവുന്തറ