”കരുത്തരാകാന്‍ കരുതിയിരിക്കാം”

1590

ജാഗ്രതയും കരുതലുമായി നാം കോവിഡിനെ അതിജീവിക്കുമ്പോഴും സൈബര്‍ സുരക്ഷ ചോദ്യചിഹ്നമായി തന്നെ അവശേഷിക്കുന്നു. സൈബര്‍ സാങ്കേതികതയുടെ സാങ്കല്‍പിക ലോകത്തിരുന്നു ജീവിതം ആസ്വദിക്കുന്നവര്‍ മദ്യത്തിനും മയക്കുമരുന്നിനുമുള്ള പ്രേരണ പോലെതന്നെ ഇന്ന് ഇന്റര്‍നെറ്റിനും അടിമപ്പെട്ടുകൊണ്ടിരിക്കുന്നു. അതിവിപത്കരമായ പ്രതിസന്ധി നമ്മുടെ സാമൂഹിക ജീവിത ക്രമത്തിന്റെ ഇടനാഴികളിലെല്ലാം മനുഷ്യന്റ നന്മകളെ കരിച്ചുകളയുകയും തിന്മകളെ വേവിച്ചെടുക്കുകയും ചെയ്യുന്നവിധം അനാരോഗ്യപരമായ സൈബര്‍ ഇടപെടലുകള്‍ ഉയര്‍ന്നുവരുന്നു. ലിംഗഭേദമില്ലാതെ അറിവുള്ളവനും അറിവില്ലാത്തവനും സുരക്ഷിതമല്ലാത്ത സൈബര്‍ ലോകത്തിലെ ഇരകളായികൊണ്ടിരിക്കുന്നു.
ഫ്രീഫയര്‍ മരണക്കളിയിലൂടെ ജീവന്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികളും, വിരല്‍ത്തുമ്പുകളിലെ അപരിചിത സൗഹൃദബന്ധങ്ങള്‍ വഴിയും വ്യാജ പ്രൊഫൈലുകള്‍ വഴിയും സൈബര്‍ ചതിക്കുഴികളിലകപ്പെട്ടു ജീവന്‍ പൊലിഞ്ഞ സഹോദരിമാരും ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. ഓണ്‍ലൈന്‍ വിദ്യാലയങ്ങളുടെ ഇന്റര്‍ബെല്ലുകള്‍ക്കിടയിലെ അമിതമായ ഓണ്‍ലൈന്‍ ഉപയോഗം കാരണം, മാനസിക-പഠന പ്രശ്നങ്ങള്‍ അനുഭവിക്കുന്ന കുട്ടികളേയും അവരെ ഓര്‍ത്തു വിഷമിക്കുന്ന മാതാപിതാക്കളേയും ഇവിടെ ചേര്‍ത്തു വായിക്കുക. സൈബറിടങ്ങളിലെ മതബോധവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നുവെന്നതും ആശങ്കയുളവാക്കുന്നതാണ്. മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്നും ഒറ്റപ്പെടലുകളില്‍ നിന്നും ആശ്വാസം കണ്ടെത്താന്‍ യാഥാര്‍ഥ്യ ലോകത്ത് നിന്നും മാറി സൈബറിടങ്ങളില്‍ വിഹരിക്കുമ്പോള്‍, ഓണ്‍ലൈന്‍ ചൂഷണങ്ങളിലും ചതിക്കുഴികളിലും അകപ്പെടുന്നവര്‍ നിരവധിയാണ്. രാജ്യത്തെ പൗരന്മാരുടെയും ഭരണ കേന്ദ്രങ്ങളിലെയും വിവര ചോര്‍ച്ചകള്‍ സുരക്ഷിതമല്ലാത്ത സൈബര്‍ ലോകത്തിന്റെ നേര്‍ചിത്രങ്ങളാണ്.
മാരകായുധങ്ങളുമായി കായിക ബലത്തിലൂടെ നടത്തുന്ന മോഷണ കഥകളെ വെല്ലുന്നവിധമാണ് ഓണ്‍ലൈന്‍ സാമ്പത്തിക-തൊഴില്‍ തട്ടിപ്പുകള്‍. തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് മൂന്നുലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന ഒരമ്മയുടെ പരാതിയില്‍ പോലീസ് അന്വേഷിച്ചെത്തിയത് ഓണ്‍ലൈന്‍ ഗെയിമിനടിമപ്പെട്ട ഒമ്പതാം ക്ലാസുകാരനായ ആ അമ്മയുടെ തന്നെ മകനിലേക്കാണ്. സുരക്ഷിതമല്ലാത്ത സൈബറിടപെടലുകള്‍ പവിത്രമായ കുടുംബ-സാമൂഹ്യ ബന്ധങ്ങളിലുണ്ടാക്കുന്ന അരക്ഷിതാവസ്ഥയും ഗുരുതരമാണ്. സാമൂഹ്യ മാധ്യമങ്ങളും, മൊബൈല്‍ ഫോണും കാരണം കുടുംബ ജീവിതം വഴിമുട്ടിയ അനവധി കേസുകളാണ് സാമൂഹ്യ ക്ഷേമവകുപ്പിനു കീഴിലുള്ള കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്.
2020 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള ഗാര്‍ഹിക പീഡന കേസുകളില്‍ അറുന്നൂറിലധികം കേസുകളും ഇത്തരത്തിലുള്ളതായിരുന്നു.
ലോക്ഡൗണ്‍ കാലത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വലിയ അളവില്‍ വര്‍ദ്ധിച്ചുവെന്ന ക്രൈം റിപ്പോര്‍ട്ടുകള്‍ നാം ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. പഞ്ചാബില്‍ 280 ഉം തമിഴ്നാട്ടില്‍ 184 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കേരളത്തില്‍ രണ്ടായിരത്തോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തതിന്റെ പകുതി കേസുകള്‍ 2021 മെയ് വരെയുള്ള കാലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍, ഓണ്‍ലൈന്‍ ലൈംഗിക ചൂഷണങ്ങള്‍, വ്യക്തിഗത വിവരചോര്‍ച്ചകള്‍ തുടങ്ങിയവയാണ് റിപ്പോര്‍ട്ട് ചെയ്തവയില്‍ മിക്കതും. ഫ്രീ ഫയര്‍ പോലെയുള്ള ഗെയിമുകളും വ്യാജ അപ്ലിക്കേഷനുകളും സൈബര്‍ കുറ്റകൃത്യങ്ങളുടെ ആഴംവര്‍ധിക്കാന്‍ ഇടയാക്കിയതായി വിലയിരുത്തപ്പെടുന്നു.
ഈ പ്രതിസന്ധികളില്‍ നിന്നും കരകയറാന്‍ നന്മകളില്‍ ഊന്നിയ സൈബര്‍ സംസ്‌കാരം വളര്‍ത്തിയെടുക്കണം. സൈബര്‍ സാക്ഷരതയുള്ള ഒരു സമൂഹം വളരണം. ഊഷ്മളമാകുന്ന സൈബര്‍ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കണം. വിവേകപൂര്‍ണമായി സൈബര്‍ ഇടപെടലുകള്‍ നടത്തുന്നതിനൊപ്പം മതമൂല്യങ്ങള്‍ സൈബറിടങ്ങളില്‍ കാത്തുസുക്ഷിക്കുന്ന ഒരു യുവസമൂഹം വളര്‍ന്നു വരണം. അതിനു സഹായകമായ ഒരു കാമ്പയിനാണ് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്നത്.
”കരുതിയിരിക്കാം കരുത്തരാവാന്‍” എന്ന സന്ദേശവുമായാണ് ദ്വിമാസ ബോധവത്കരണ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. സുരക്ഷിത സൈബര്‍ ഉപയോഗത്തെക്കുറിച്ച് രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍, കൗമാര പ്രായക്കാര്‍ തുടങ്ങിയവരെ ബോധവത്കരിക്കാന്‍ ഈ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നു. ഓണ്‍ലൈന്‍ അഡിക്ഷനുള്ളവരെ സര്‍വേയിലൂടെ കണ്ടെത്തി വിമുക്തിക്കുള്ള സഹായങ്ങള്‍ നല്‍കി പുന:രധിവസിപ്പിക്കുക. ഓണ്‍ലൈന്‍ അഡിക്ഷന്റെ വ്യാപനം തടയാനുള്ള ഇടപെടലുകള്‍ സമൂഹത്തില്‍ നടത്തുക. ഓണ്‍ലൈന്‍ ഉപയോഗം മൂലം കുട്ടികളുടെ സ്വഭാവത്തിലും സാമൂഹ്യ ജീവിതത്തിലും വന്ന മാറ്റങ്ങള്‍ വിലയിരുത്തുക. ജീവിതത്തില്‍ പുതുമയുള്ള സാഹചര്യങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവ് കുട്ടികളില്‍ വളര്‍ത്തുക. അമിതമായ ഓണ്‍ലൈന്‍ ഉപയോഗത്തിന്റെ ആത്മീയ നഷ്ടങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനോടൊപ്പം വിദ്യാര്‍ഥികള്‍ക്കിടയില്‍ ദീനിചിന്ത വളര്‍ത്തിയെടുക്കുക തുടങ്ങിയവയും കാമ്പയിന്റെ ലക്ഷ്യങ്ങളാണ്.
നെറ്റ് അഡിക്ഷന്‍, ഓണ്‍ലൈന്‍ അബ്യൂസ്, സൈബര്‍ നിയമങ്ങള്‍, പാരന്റെല്‍ കണ്‍ട്രോളിംഗ് സിസ്റ്റം തുടങ്ങിയ വിഷയങ്ങളിലുള്ള ബോധവത്കരണ ക്ലാസുകള്‍, വെബിനാര്‍, ചര്‍ച്ചകള്‍, ഓണ്‍ലൈന്‍ അഡിക്ഷന്‍ സര്‍വേ, സാമൂഹ്യ മാധ്യമ ഇടപെടലുകള്‍, കൗണ്‍സിലിംഗ്, ക്യാമ്പുകള്‍, സപ്പോര്‍ട്ടിംഗ് കൂട്ടായ്മകളുടെ രൂപീകരണം, സൗജന്യ ടെലികൗണ്‍സിലിംഗ്, ലൈഫ് സ്‌കില്‍ ട്രെയിനിംഗ്, ആത്മീയാവബോധനം, മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവിധ പരിപാടികളാണ് കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
സംസ്ഥാന സമിതിക്കു കീഴില്‍ ജില്ല, മേഖല, ക്ലസ്റ്റര്‍, ശാഖ കമ്മിറ്റികള്‍, ഇബാദ്, മീഡിയ വിംഗ്, കാമ്പസ് വിംഗ്, ഇസ്തിഖാമ, മനീഷ, മെഡിക്കല്‍ വിംഗ്, ഓര്‍ഗാനെറ്റ്, സഹചാരി, സര്‍ഗലയ, സത്യധാര, ട്രന്റ്, ത്വലബ വിംഗ്, വിഖായ തുടങ്ങിയ ഉപ സമിതികള്‍, മറ്റു ബഹുജന കൂട്ടായ്മകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയെ ഏകോപിപ്പിച്ചു കൊണ്ടാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍