കുട്ടികളിലെ മൊബൈല്‍ ഉപയോഗവും വെര്‍ച്വല്‍ ഓട്ടിസവും

1972

വെര്‍ച്വല്‍ ഓട്ടിസം
ടി.വി, മൊബൈല്‍, ടാബ്‌ലറ്റ് പോലെയുള്ള സ്‌ക്രീനുകളുടെ മുമ്പില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന കുട്ടികളില്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ കാണപ്പെടുന്നു എന്നു പഠനങ്ങള്‍ തെളിയിക്കുന്നു. ഈ അവസ്ഥയെ വെര്‍ച്വല്‍ ഓട്ടിസം എന്നാണ് വിളിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ കൂടുതല്‍ സമയം സ്‌ക്രീന്‍ ഉപയോഗിക്കുന്നവരിലാണ് ഇതു കൂടുതലായി കാണപ്പെടുന്നത്. ഇത് ആദ്യമായി കണ്ടെത്തുന്നത് റൊമാനിയക്കാരനായ ഡോക്ടര്‍ മാരിയസ് സംഫീര്‍ എന്ന ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ്. റൊമാനിയയില്‍ രണ്ട്-മൂന്ന് വയസ്സിനിടയിലുള്ള കുട്ടികളില്‍ ഓട്ടിസം ബാധിച്ചവരായി കണ്ടെത്തിയവരില്‍ 90% പേരും ടെലിവിഷന്‍, മൊബൈല്‍, മറ്റു ഗാഡ്ഗറ്റുകള്‍ എന്നിവയുടെ സ്വാധീനം കണ്ടെത്തിയിരുന്നു. അവരുടെ നിരീക്ഷണ പ്രകാരം 1975 വരെ 5000 കുട്ടികളില്‍ ഒരു കുട്ടിക്ക് ഓട്ടിസം ബാധിച്ചതായി കണ്ടെത്തിയിരുന്നതെങ്കില്‍, 2005 ല്‍ അത് 500 ല്‍ ഒന്നും 2015 ല്‍ 68 ല്‍ ഒന്നും എന്ന അനുപാദത്തിലെത്തി നില്‍ക്കുന്നു. ഇതിനു പ്രധാനമായും അവര്‍ ചൂണ്ടിക്കാണിക്കുന്നത്, 1975 ശേഷമാണ് ടി.വി, കമ്പ്യൂട്ടര്‍, ലാപ്ടോപ്, മൊബൈല്‍, ടാബ്‌ലറ്റ് തുടങ്ങിയ ഉപകരണങ്ങള്‍ ഘട്ടംഘട്ടമായി ജനകീയമാകുന്നത്.


എന്താണ് ഓട്ടിസം
നാഡീ സംബന്ധമായ തകരാറുകള്‍ കൊണ്ട് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതുമൂലം ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന അവസ്ഥയാണ് ഓട്ടിസം. തീര്‍ത്തും സമൂഹത്തില്‍ നിന്നുമാറി നിന്ന് തന്റേതായ ഒരു ലോകത്ത് ജീവിക്കാനാണ് ഇത്തരക്കാര്‍ താല്‍പര്യപ്പെടുന്നത്. മറ്റുള്ളവരെ അഭിമുഖീകരിക്കാനുള്ള പ്രയാസം, യാതൊരു പ്രകോപനവുമില്ലാതെ മറ്റുള്ളവരെ ഉപദ്രവിക്കുക, സ്ഥലങ്ങളിലേക്കും വസ്തുക്കളിലേക്കും ദീര്‍ഘനേരം നോക്കിനില്‍ക്കുക, കൈകളും ശരീരഭാഗങ്ങളും പ്രത്യേക രീതിയില്‍ ചലിപ്പിക്കുക, അലക്ഷ്യമായി ഇറങ്ങി നടക്കുക, ചില വസ്തുക്കളോടും സാധനങ്ങളോടും പ്രത്യേക ഇഷ്ടം കാണിക്കുക, പ്രായത്തിനനുസൃതമായ സാമൂഹിക ഇടപെടലിനുള്ള ശേഷി കാണിക്കാതിരിക്കുക, പേരുവിളിച്ചാല്‍ ഗൗനിക്കാതിരിക്കുക, സ്വന്തം ആവശ്യം അറിയിക്കാന്‍ മറ്റുള്ള വസ്തുക്കളുടെയോ ആളുകളുടെയോ സഹായം തേടുക, സമപ്രായക്കാരുമായി പ്രായത്തിനനുസരിച്ച ഇടപെടല്‍ ഇല്ലാതിരിക്കുക, സംസാര ശേഷിയും ആശയവിനിമയ ശേഷിയും ഇല്ലാതിരിക്കുക, അലക്ഷ്യമായി ശബ്ദങ്ങള്‍ പുറപ്പെടുവിക്കുക, ആംഗ്യങ്ങള്‍ കാണിക്കുക, ചില വാക്കുകള്‍, ശബ്ദങ്ങള്‍ എന്നിവ നിരന്തരം ആവര്‍ത്തിക്കുക, ചില ശബ്ദങ്ങളോട് പ്രത്യേക ഇഷ്ടം തോന്നുകയും അത് നിരന്തരം കേള്‍ക്കാനോ ഉണ്ടാക്കാനോ ശ്രമിക്കുക. അതുപോലെ സംവേദന ക്ഷമതയില്‍(ടലിീെൃ്യ) വ്യത്യാസങ്ങള്‍ ഉണ്ടാവുക. ചില വസ്തുക്കള്‍ സ്പര്‍ശിക്കാന്‍ താല്‍പര്യം ഉണ്ടാവുകയോ മറ്റു ചിലതിനെ സ്പര്‍ശിക്കുന്നതില്‍നിന്ന് ഒഴിവാകുകയോ ചെയ്യുക, ഇതുപോലെ ശബ്ദം, കാഴ്ച, രുചി, വാസന എന്നിവയില്‍ ചിലതിനോട് കൂടുതല്‍ താല്‍പര്യവും മറ്റു ചിലതിനെ ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്യുക എന്നിവയെല്ലാമാണ് ഓട്ടിസത്തിന്റെ പ്രധാന ലക്ഷണങ്ങളായി കണക്കാക്കുന്നത്.
ഓട്ടിസം എന്ന അവസ്ഥയില്‍ ഏറ്റവും പ്രകടമായി കാണുന്നത് സാമൂഹികമായ ഇടപെടലിനു സാധിക്കാതിരിക്കുകയും സംസാരശേഷിയിലും ആശയവിനിമയ ശേഷിയിലും സാരമായ പ്രയാസങ്ങള്‍ നേരിടുക എന്നതുമാണ്. ഈ അവസ്ഥയാണ് പ്രധാനമായും കുട്ടികളില്‍ കാണപ്പെടുന്നത്. മൊബൈല്‍, സ്‌ക്രീന്‍ എന്നിവയുടെ അമിതമായ ഉപയോഗം കാരണത്താല്‍ കുട്ടികളുടെ സംസാരശേഷിയില്‍ നിന്നും സാമൂഹികമായി ഇടപെടാനുള്ള ശേഷിയില്‍ നിന്നും പിന്നാക്കം വരുന്നു എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇതുമൂലം സമൂഹത്തില്‍ നിന്ന് പിന്നോട്ടു വരികയും സ്വഭാവത്തിലും പെരുമാറ്റത്തിലും സാരമായ മാറ്റങ്ങള്‍ വരികയും ചെയ്യുന്നു. തുടര്‍ന്ന് അക്രമം, പെട്ടെന്നുള്ള ദേഷ്യം, പെരുമാറ്റ ദൂഷ്യങ്ങള്‍, സ്വഭാവ പ്രശ്നങ്ങള്‍ എന്നിവ കുട്ടികളില്‍ വളര്‍ന്നു വരുന്നു. മൂന്നു വയസ്സുവരെ കുട്ടികളിലുണ്ടാകുന്ന സ്വഭാവ വൈകൃതങ്ങളെ രക്ഷിതാക്കളില്‍ നിന്ന് കുട്ടികള്‍ക്കു ലഭിക്കേണ്ട അടുപ്പം, പരിഗണന, സംരക്ഷണം, വൈകാരികമായ ആത്മവിശ്വാസം എന്നിവ ലഭിക്കാത്തതിന്റെ പ്രതിഫലനമായി മനസ്സിലാക്കാം.
കുട്ടിയുടെ ആദ്യകാല വളര്‍ച്ചയില്‍ തലച്ചോറിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത് വിവിധ ഇന്ദ്രിയങ്ങലിലൂടെയും ചുറ്റുപാടുകളിലൂടെയുമാണ്. ഈ സമയത്ത് അവര്‍ പല പ്രവര്‍ത്തനങ്ങളോടും പ്രതികരിക്കുന്നതും കാര്യങ്ങള്‍ ഗ്രഹിക്കുന്നതും വ്യത്യസ്ത ഇന്ദ്രിയങ്ങളിലൂടെയാണ്. അതുകൊണ്ടാണ് കുട്ടി പാല് വലിച്ചു കുടിക്കുന്നതും, കൈകള്‍ മുറുകെ പിടിക്കുന്നതും. ഒരു കുട്ടിയുടെ തലച്ചോറിന് സ്പര്‍ശനം, കാഴ്ച, വാസന, കേള്‍വി എന്നിവയിലൂടെയുള്ള മാത്രമേ വികസിക്കാന്‍ കഴിയൂ. എന്നാല്‍, ടി.വിയിലൂടെയും മറ്റും കാഴ്ചയിലൂടെയും കേള്‍വിയിലൂടെയും മാത്രമാണ് കുട്ടികളിലേക്ക് വിവരങ്ങള്‍ എത്തുന്നത്. സ്‌ക്രീനുകളില്‍ നിന്ന് പ്രകാശവും ശബ്ദവും കുട്ടിയുടെ ശ്രദ്ധപിടിച്ചു പറ്റുന്നുവെങ്കിലും അവ ആരോഗ്യകരമായി തലച്ചോറിനെ വികാസത്തിലേക്കു നയിക്കുന്നില്ല. ആശയവിനിമയത്തിനും ഭാഷാ വളര്‍ച്ചക്കും നൈപുണ്യ വികസനത്തിനും ആവശ്യമായ മാനുഷിക ഇടപെടലുകളില്‍നിന്ന് സ്‌ക്രീന്‍ കുട്ടിയെ അകറ്റുകയാണ് ചെയ്യുന്നത്. കൂടാതെ, അതില്‍നിന്നുള്ള ശബ്ദവും വെളിച്ചവും കുട്ടിക്ക് നേരിടാന്‍ കഴിയാത്ത വേദനാജനകമായ വികാരങ്ങള്‍ സൃഷ്ടിക്കുകയും അവ കുട്ടിയില്‍ അക്രമാസക്തിയും ആക്രമണാത്മകമായ പെരുമാറ്റത്തിലേക്കു നയിക്കുകയും ചെയ്യുന്നു. അവരുടെ പ്രായത്തിനനുസൃതമായ സാമൂഹികമായ ഇടപെടലിനും ആശയവിനിമയത്തിനും സ്‌ക്രീന്‍ ഉപയോഗം തടസ്സമാകുമ്പോള്‍, അതവരെ സ്വഭാവ പ്രശ്നങ്ങളിലേക്കും അക്രമണ സ്വഭാവങ്ങളിലേക്കുമാണെത്തിക്കുന്നത്. അതുകൊണ്ടാണ് കൂടുതല്‍ സമയം മൊബൈലുപയോഗിക്കുന്ന കുട്ടികളില്‍ സ്വഭാവ പ്രശ്നങ്ങള്‍ കൂടുതലായി കാണപ്പെടുന്നു എന്നു പറയുന്നത്. കാര്‍ട്ടൂണുകളിലും ഗെയിമുകളിലും കാണുന്നതും കേള്‍ക്കുന്നതുമായ ശബ്ദങ്ങളും ലൈറ്റുകളും കുട്ടികളുടെ മനസ്സില്‍ സഹിക്കാനും ഉള്‍ക്കൊള്ളാനും സാധിക്കാത്ത വികാരങ്ങള്‍ ഉദ്ദീപിപ്പിക്കുകയും അതവരില്‍ അക്രമാസക്തിയും ദേഷ്യവും വര്‍ധിപ്പിക്കുന്നു. ഒരു കുട്ടിയുടെ വളര്‍ച്ചയില്‍ രണ്ടു വയസ്സു വരെയാണ് സെന്‍സറി മോട്ടോര്‍ വളര്‍ച്ച കാര്യമായി നടക്കുന്നത്. ഈ സമയത്ത് ഗെയിമുകളിലും മറ്റും കാണുന്ന പ്രകടനങ്ങള്‍ അവന്റെ അവയവങ്ങള്‍ കൊണ്ട് സാധിക്കുമെന്ന മിഥ്യാധാരണ വളര്‍ത്തുന്നു. ഇത് വലിയ അപകടങ്ങളിലേക്കാണവരെ നയിക്കുന്നത്. ഗെയിമുകളിലും മറ്റും കാണുന്നത് യാഥാര്‍ഥ്യ ലോകമല്ലെന്നു തിരിച്ചറിയാന്‍ സാധിക്കാത്തതു മൂലം ഈ പ്രായത്തില്‍ ഏറ്റവും കൂടുതല്‍ പ്രകടിപ്പിക്കുന്ന അനുകരണ സ്വഭാവം അവര്‍ ജീവിതത്തിലേക്കും ചേര്‍ത്തുവക്കുന്നു. അതിലൂടെ ഗെയിമുകളിലും വീഡിയോകളിലും കാണുന്ന നായകന്മാരുടെ പ്രകടനങ്ങള്‍ അനുകരണത്തിലൂടെ പ്രകടിപ്പിക്കാന്‍ ശ്രമിക്കുകയും വലിയ അപകടത്തിലേക്കെത്തുകയും ചെയ്യുന്നു.
ടി.വി, മൊബൈല്‍ എന്നിവയുടെ ഉപയോഗം മൂലം ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കുട്ടികളില്‍ നാഡീവ്യവസ്ഥയുടെ വളര്‍ച്ചയില്‍ കുറവുകള്‍ കാണപ്പെടുന്നു. ഇതിനു കാരണം മാനസികമായും ശാരീരികമായും ലഭിക്കേണ്ട ഉത്തേജനത്തിന്റെ അഭാവമാണ്. ഫോണിലൂടെയോ മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെയോ മാത്രം ഒരു കുട്ടി അറിവ് നേടുന്നു എന്നു പറയപ്പെടുമ്പോഴും സംവേദനാത്മകമായ കൈമാറ്റം നടക്കുന്നതിനു പകരം നിഷ്‌ക്രിയമായ അനുഭവം മാത്രമാണ് ഒരു കുട്ടിയുടെ മനസ്സിലേക്ക് കിട്ടുന്നത്. മാനസിക പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ചാണ് നാഡികളുടെ വളര്‍ച്ചയുണ്ടാകുന്നതെന്നതിനാല്‍ സ്‌ക്രീനുകളോടു കൂടുതല്‍ താല്‍പര്യം കാണിക്കുന്നതിലൂടെ കുട്ടികളില്‍ മെന്റല്‍ എബിലിറ്റി വളരാന്‍ സാധ്യത കുറവാണ് എന്ന് പഠനങ്ങള്‍ പറയുന്നു.

മസ്തിഷ്‌കത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍
ടി.വി, മൊബൈല്‍ എന്നിവയില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന കുട്ടികളില്‍ ശ്രദ്ധക്കുറവ്, ബുദ്ധിക്കുറവ്, പഠന താല്‍പര്യക്കുറവ്, ഭാഷാ വികസനക്കുറവ്, മാനസിക സന്തുലിതവസ്ഥക്കുറവ്, ഹൈപ്പര്‍ ആക്ടിവിറ്റി(അമിത ചലനാത്മകത) എന്നിവ കണ്ടുവരുന്നു. ഇവയെല്ലാം ഓട്ടിസന്റെ പ്രധാന ലക്ഷണങ്ങളാണ്. രണ്ടു മണിക്കൂറിലധികം സ്‌ക്രീന്‍ ഉപയോഗിക്കുന്ന ചെറിയ കുട്ടികളുടെ മസ്തിഷ്‌കത്തില്‍ വെളുത്ത ദ്രവ്യം(ംവശലേ ാമേേലൃ) കുറയുന്നതായി കാണുന്നു. ഇവ ചിന്തയുടെ ഏകോപനത്തിനും സംസ്‌കരണത്തിനും മറ്റു സുപ്രധാന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിനും സഹായിക്കുന്നവയാണ്. ഭാഷാപഠനം, സാക്ഷരത, ഓര്‍മ എന്നിവ ഉണ്ടാക്കുന്നത് തലച്ചോറിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ലൈനുകള്‍ പോലെയുള്ള ട്രാക്കുകളാണ്. കൂടുതല്‍ സമയം സ്‌ക്രീനുപയോഗിക്കുന്ന കുട്ടികളില്‍ ഈ വികസനം തീരേ കുറവായാണ് കാണുന്നത്. അതുപോലെ തലച്ചോറിലെ ന്യൂറോ കെമിക്കലുകളുടെ മാറ്റങ്ങള്‍ക്കും കാരണമാകുന്നു. മേലാറ്റോണിന്‍, ഡൊപ്പോമിന്‍, അസറ്റന്‍ കോളിന്‍, ഗാമാ ആമിനോബുട്ടിറിക് ആസിഡ്(ഏഅആഅ), 5 ഹൈഡ്രോടൈപ്റ്റമിന്‍ (5ഒഠ)തുടങ്ങിയ ന്യുറോ ട്രാന്‍സ്മിറ്ററുകളുടെ കുറവുകളും കാണപ്പെടുന്നു, ഇതുമൂലം സ്വഭാവ വൈകൃതങ്ങളും അപകടങ്ങളിലേക്കുള്ള എടുത്തുചാട്ടവും വര്‍ധിക്കുന്നു.
കേരളത്തിലെ വ്യത്യസ്ത ജില്ലകളിലെ പതിനാറു സ്പീച്ച് തെറാപ്പി സെന്ററുകളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ചികിത്സക്കായെത്തിയ 2219 കുട്ടികളില്‍ 687 കുട്ടികള്‍ക്ക് (30%) മൊബൈല്‍ ഉപയോഗം മൂലം സംസാര കാലതാമസവും, സംസാര പ്രയാസങ്ങളും കാണുകയും അവയില്‍ പലതും ഓട്ടിസത്തിന്റെ ലക്ഷണങ്ങളോട് സമാനമായ ലക്ഷണങ്ങള്‍ കാണിക്കുന്നു എന്നത് ഗൗരവതരമായ കാര്യം തന്നെയാണ്. അണു കുടുംബങ്ങളിലും, ഫ്ലാറ്റുകളിലും നഗരങ്ങളിലും താമസിക്കുന്നവരിലും, ജോലിയുള്ള രക്ഷിതാക്കളുടെ മക്കളിലും ഇത്തരം പ്രയാസങ്ങള്‍ കൂടുതല്‍ കാണുന്നു. മുതിര്‍ന്നവരുടെ സൗകര്യത്തിനും മറ്റും കുട്ടികള്‍ക്കു മൊബൈല്‍ നല്‍കി പോകുമ്പോള്‍ സമൂഹം എത്തിച്ചേരുന്നത് വലിയ അപകടങ്ങളിലേക്കാണെന്നു നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്.
അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക് നിര്‍ദ്ദേശിക്കുന്നത് രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളില്‍ ഒരിക്കലും മൊബൈല്‍, ടാബ്, ടി.വി പോലുള്ളവയുടെ സ്‌ക്രീന്‍ ഉപയോഗം ഉണ്ടാവാന്‍ പാടില്ല എന്നുള്ളതാണ്. രണ്ടു മുതല്‍ അഞ്ചു വയസ്സുവരെയുള്ള കുട്ടികളില്‍ ഒരു ദിവസം പരമാവധി രണ്ടു മണിക്കൂറില്‍ ചുരുക്കണം, ഇതിനു മുകളിലുള്ള കുട്ടികളില്‍ പഠനാവശ്യത്തിനു മാത്രമായി സ്‌ക്രീന്‍ ഉപയോഗം പരിമിതമാക്കണമെന്നും അതു കഴിഞ്ഞുള്ള സമയങ്ങളില്‍ പ്രകൃതിയോടും സമൂഹത്തോടും ഇടപെടാന്‍ അവസരം നല്‍കണമെന്നുമാണ് പറയുന്നത്.


പരിഹാര മാര്‍ഗങ്ങള്‍
മുകളില്‍ സൂചിപ്പിച്ച പ്രയാസങ്ങള്‍ നിങ്ങളുടെ കുട്ടികളില്‍ കാണുന്നുണ്ടെങ്കില്‍, ഒരു നല്ല സൈക്കോളജിസ്റ്റിനെയോ സ്പീച്ച് തെറാപ്പിസ്റ്റിനെയോ സമീപിക്കുക. അതോടൊപ്പം കഴിയുന്നത്ര ദിവസവും നിങ്ങളുടെ കുട്ടിയുമായി സംസാരിക്കുകയും വായിപ്പിക്കുകയും ചെയ്യുക. ചെറിയ കഥകള്‍, പാട്ടുകള്‍ എന്നിവ അവരുടെ മുഖത്തു നോക്കി പറയുകയും അവര്‍ പറയുമ്പോള്‍ ശ്രദ്ധ കൊടുക്കുകയും ചെയ്യുക. കളിപ്പാട്ടങ്ങള്‍, വിരല്‍ ചായം തുടങ്ങി കൃത്രിമത്വം ആവശ്യമായ വസ്തുക്കള്‍ വാങ്ങി നല്‍കുക.
ദിവസത്തില്‍ ഒരു തവണയെങ്കിലും വീടിനു പുറത്തു പോയി കുട്ടിക്ക് ഒറ്റയ്ക്കും മറ്റു കുട്ടികളുമായും കളിക്കാന്‍ സമയമുണ്ടെന്ന് ഉറപ്പാക്കുക. നിങ്ങള്‍ കുട്ടികളോടൊപ്പമിരിക്കുമ്പോള്‍ സ്‌ക്രീനുകള്‍ ഉപയോഗിക്കാതിരിക്കുക. നിങ്ങളുടെ കുഞ്ഞിനോ കൊച്ചുകുട്ടിക്കോ ഫോണ്‍ കൈമാറാതിരിക്കുക. കുട്ടിയുടെ ആരോഗ്യകരമായ വികാസത്തിനും ദീര്‍ഘായുസ്സിനും ക്ഷേമത്തിനും ഈ നടപടികള്‍ എന്തുകൊണ്ട് അനിവാര്യമാണെന്ന് കുടുംബാംഗങ്ങളോടും വീട്ടിലുള്ളവരോടും വിശദീകരിക്കുക.

(കാസര്‍ഗോഡ്, അക്കര ഫൗണ്ടേഷന്‍ സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡവലപ്മെന്റ് മാനേജരാണ് ലേഖകന്‍)

മുഹമ്മദ് യാസിര്‍ വാഫി