ജെന്‍ഡര്‍ ന്യൂട്രാലിറ്റിയും കമ്മ്യൂണിസം നിറഞ്ഞ തലച്ചോറുകളും

763

കേരളത്തില്‍ നിലവില്‍ വലിയ ചര്‍ച്ചകളിലൊന്ന് ജെന്‍ഡര്‍ നൂട്രാലിറ്റിയാണ്. അഥവാ, ലൈംഗിക നിഷ്പക്ഷത. പ്രത്യക്ഷത്തില്‍ പുരോഗമനമായി തോന്നുമെങ്കിലും സാംസ്‌കാരിക മൂല്യങ്ങളെ പാടേ ഇല്ലാതാക്കാന്‍ മാത്രം പ്രഹരശേഷിയുള്ള പദാവലി കൂടിയാണിത്. ഇതിനെതിരെ പ്രതികരിക്കുന്നവരെ ആറാം നൂറ്റാണ്ടില്‍ നിന്നും വണ്ടി കിട്ടാത്തവര്‍ എന്ന പേരില്‍ അക്ഷേപിക്കുന്ന തിരിക്കിലാണ് നവ ലിബറലുകള്‍.
‘കംഫര്‍ട്ട് യൂണിഫോം’ എന്ന പേരില്‍ ആണിനും പെണ്ണിനും തുല്യമായി ഒരേ വസ്ത്രം നടപ്പിലാക്കുക എന്നതിന്റെ ഭാഗമായി കടന്നുവന്ന വിവാദം സാമൂഹികവും രാഷ്ട്രീയപരവുമായ വിവാദങ്ങള്‍, ചര്‍ച്ചകള്‍, എന്നിവയിലൂടെ കത്തിപ്പടര്‍ന്നു. വിദ്യാർഥികള്‍ വിവേചനമില്ലാതെ ഒരേ സ്വഭാവത്തോടെ പഠിക്കട്ടെ എന്ന വാദം സര്‍ക്കാര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ഇതിന്റെ പിന്നാമ്പുറ കാഴ്ചകള്‍ വേറെയാണെന്ന് പറയാതെ വയ്യ. കംഫര്‍ട്ട് യൂണിഫോം എന്ന ലേബലില്‍ പൊതിഞ്ഞ് െജന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന വലിയ ആശയത്തെ ഒളിച്ചു കടത്തുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. പാന്റ് ധരിക്കുന്ന ചര്‍ച്ചയിലോ യൂണിഫോമെന്ന ചോദ്യത്തിലോ ഒതുങ്ങേണ്ട ബാലിശമായ വിഷയമല്ല സത്യത്തില്‍ ഇത്. മറിച്ച്, ലിബറല്‍ െജന്‍ഡര്‍ പൊളിറ്റിക്‌സ് വ്യാപകമായി പ്രചരിപ്പിച്ച് സാമൂഹിക പൊതുബോധത്തെ തകര്‍ക്കുക എന്ന അത്യന്ത്യമായ ലക്ഷ്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ആണ്‍-പെണ്‍ വേര്‍തിരിവില്ലാതെ ജെന്‍ഡര്‍ ഐഡിന്റിയില്ലാതെ ഇഷ്ടത്തിനനുസരിച്ച് തെരഞ്ഞെടുക്കുന്ന സ്വന്തമായി സ്വത്വ പരികല്‍പന നടത്തുന്ന കാടന്‍ ആശയങ്ങളെ വിദ്യാര്‍ഥികളിലൂടെ പരീക്ഷണം നടത്തുന്നത് ആധാര്‍മികതയുടെ മറ്റൊരു കിരാത വാഴ്ചയാണ്.
െജന്‍ഡര്‍ ന്യൂട്രാലിറ്റിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. വിവിധ രാജ്യങ്ങളില്‍ അതുമായി ബന്ധപ്പെട്ട പഠനങ്ങളും നിരീക്ഷണങ്ങളും ചര്‍ച്ചകളും നടന്നിട്ടുണ്ട്. 1955ല്‍ വിവാദപരമായ ജെന്‍ഡര്‍ തിയറി അവതരിപ്പിച്ച ശാസ്ത്രജ്ഞനാണ് പ്രശസ്ത സെക്‌സോളജിസ്റ്റായ ജോണ്‍മണി. ഒരു മനുഷ്യന്‍ ജനിക്കുന്നത് ലിംഗം മാത്രമായിട്ടാണ്, അതിലൂടെ ആ വ്യക്തിയുടെ െജന്‍ഡര്‍ തീരുമാനിക്കാന്‍ കഴിയില്ല, വളര്‍ച്ചയെത്തിയിട്ട് സ്വയം ബോധം വരുന്ന സമയത്ത് സ്വന്തം ഐഡന്റിറ്റി സ്വയം തീരുമാനിക്കട്ടെ എന്ന വിചിത്രമായ െജന്‍ഡര്‍ തിയറിയുടെ അടിസ്ഥാനത്തില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നടപ്പാക്കാന്‍ ശ്രമിച്ച് പാളിപ്പോയതാണ് ഈ തിയറി. ഇത് നടപ്പിലാക്കിയ പാശ്ചാത്യ രാജ്യങ്ങളില്‍ ‘ജെന്‍ഡര്‍ നോണ്‍ കണ്‍ഫോം’ എന്ന രീതിയില്‍ ഐഡന്റിറ്റി ക്രൈസിസ് (identtiy crisis), െജന്‍ഡര്‍ ഡിസ്‌ഫോറിയ (gender dysphoria )പോലെ നേരിട്ട് ജന്‍ഡര്‍ ഏതെന്ന് തിരിച്ചറിയാനാവാത്ത വിധത്തിലുള്ള അരാജകത്വം വളര്‍ന്നുവന്നത് നമുക്ക് കാണാന്‍ സാധിക്കും. ഇതുമൂലം രാജ്യങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും അതിന്റെ അനന്തരഫലങ്ങളും ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാവുന്നതേയുള്ളൂ. കൃത്യമായ പഠനങ്ങളോ ശാസ്ത്രീയമായ അടിത്തറയോ ഇല്ലാതെ പുരോഗമനമെന്ന പേരില്‍ അശാസ്ത്രീയമായ, യുക്തിക്ക് നിരക്കാത്ത കാര്യങ്ങള്‍ സമൂഹത്തില്‍ നടപ്പിലാക്കുമ്പോള്‍ അതുണ്ടാക്കാവുന്ന അനന്തരഫലങ്ങളില്‍ നാം ബോധവാന്മാരാവേണ്ടതുണ്ട്.
ലിബറലിസ്റ്റുകള്‍ എത്രതന്നെ പോസിറ്റീവായി കാണാന്‍ പറഞ്ഞാലും ലിംഗവിവേചനത്തിനുള്ള പരിഹാരമാവുന്നില്ല ജെന്‍ഡര്‍ ന്യൂട്രാലിറ്റി. മറിച്ച്, മൗലികാവകാശത്തിനെതിരെയുള്ള അക്രമമായിട്ടാണ് അത് സമൂഹത്തില്‍ പ്രതിഫലിക്കുന്നത്. ലിംഗ സമത്വത്തേക്കാള്‍ പ്രധാനം നീതിയാണ് എന്നത് തിരിച്ചറിയേണ്ടതുണ്ട്. ശാസ്ത്രീയമായ ഒരു അടിത്തറയുമില്ലാതെ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയാണ് ലിംഗവിവേചനത്തിന് പരിഹാരം എന്ന് പറഞ്ഞു തീര്‍ത്തത് വിഢിത്തമല്ലാതെ എന്താണ് ?. വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന പ്രതിസന്ധികളും ബുദ്ധിമുട്ടുകളും പരിഹരിക്കേണ്ടിടത്ത് സമൂഹത്തിന് ദഹിക്കാന്‍ കഴിയാത്ത ഉപരിതലവിപ്ലവങ്ങള്‍ സര്‍ക്കാരിന്റെ കുടില തന്ത്രങ്ങള്‍ക്ക് ഒരു ഉദാഹരണമാണ്.
സമൂഹത്തില്‍ നിലനില്‍ക്കുന്ന ആണ്‍-പെണ്‍ ദ്വന്ദത്തെ തകര്‍ക്കലാണ് ഇടതുപക്ഷത്തിന്റെ ഉദ്ദേശമെന്ന് സോഷ്യല്‍ മീഡിയയില്‍ ഇടതു പ്രൊഫൈലുകള്‍ ശ്രദ്ധിച്ചാല്‍ ബോധ്യമാകും. സമത്വവും നീതിയും നടപ്പിലാക്കേണ്ടത് ആണ്‍-പെണ്‍ വര്‍ഗങ്ങളെ ഒരുപോലെയാക്കിയിട്ടല്ല. ആണിനും പെണ്ണിനും അതിന്റേതായ ജൈവിക വ്യത്യാസങ്ങളുണ്ട്. രണ്ടും പരസ്പരം പൂരകങ്ങളാണ്. ഒന്നില്ലാതെ മറ്റൊന്ന് അപൂർണമാണ്. പരിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ച പോലെ ഇണകളും തുണകളുമായിട്ടാണ് പടച്ചവന്‍ മനുഷ്യവര്‍ഗത്തെ സൃഷ്ടിച്ചിട്ടുള്ളത്. ഭൂമിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും ഇണകളുണ്ട്. സൃഷ്ടിപരവും സാമൂഹികവുമായി തുല്യരല്ലാത്ത രണ്ടു വിഭാഗങ്ങളെ എങ്ങനെ സമന്മാരാക്കാന്‍ കഴിയും? പ്രകൃതിവിരുദ്ധമായ, യുക്തിക്ക് നിരക്കാത്ത ഇത്തരം ആശയങ്ങള്‍ സമൂഹത്തില്‍ നടപ്പിലാക്കുന്നതു കൊണ്ട് ആര്‍ക്കാണ് ലാഭം?.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വിദ്യാര്‍ഥികളിലൂടെ സമൂഹത്തില്‍ പടര്‍ത്താന്‍ ശ്രമിക്കുന്ന അപചിന്തകളെ കാമ്പസിന്റെ അകത്തളങ്ങളില്‍ പോയാല്‍ ഞെട്ടലോടെ മാത്രമേ കാണാന്‍ കഴിയൂ. ചുവരുകളിലും പോസ്റ്ററുകളിലും അശ്ലീലം എഴുതിവച്ച് ഇത് ഞങ്ങളുടെ അവകാശമാണെന്ന് പറയുന്ന ഒരു വിദ്യാര്‍ഥി സമൂഹമാണ് അവിടെ വളര്‍ന്നുവരുന്നത്. ലൈംഗികതയും മാസ്റ്റര്‍ബേഷനും സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും അതാണ് പുരോഗതിയുടെ അടയാളമെന്നും വാദിക്കുന്ന, സ്വത്വം നഷ്ടപ്പെട്ട ഒരു വിഭാഗമായി ഇടതു വിദ്യാര്‍ഥിത്വം മാറികൊണ്ടിരിക്കുകയാണ്. മൂല്യങ്ങള്‍ നഷ്ടപ്പെട്ട, ലൈംഗികതയും സ്വകാര്യതയും തുറന്നു കാട്ടുന്ന ഒരു സമൂഹത്തെയല്ല രാജ്യത്തിനാവശ്യം. മറിച്ച്, വിവേകവും വിജ്ഞാനവുമുള്ള പക്വതയുമുള്ള തലമുറയാണ് ആവശ്യം.
സ്വന്തത്തെ മറ്റുള്ളവര്‍ക്ക് മുമ്പില്‍ തുറന്നുകാട്ടി പുരുഷനെ പോലെ അനുകരിച്ചു നടക്കലല്ല തുല്യത. ശരീരം തുറന്നു കാട്ടിയും തന്റെ പരിധിക്കപ്പുറത്തെ കാര്യം ചെയ്യുമെന്നും വാദിക്കുന്നവര്‍ ആണിനെ പോലെ പെണ്ണാവാന്‍ ശ്രമിക്കേണ്ടതുണ്ട് എന്ന ലിബറല്‍ ചിന്തയാണ് ഒളിച്ചുകടത്തുന്നത്. ഇസ്‌ലാം ശക്തമായി ഇത്തരം ചിന്താഗതികളെ നിരാകരിക്കുന്നു. പുരുഷനും സ്ത്രീക്കും അവരുടേതായ മൂല്യങ്ങളും പ്രാധാന്യവും മതം നല്‍കുന്നുണ്ട്. ഇസ്‌ലാമിക വീക്ഷണത്തില്‍ ജീവശാസ്ത്രപരമായും ജനിതകമായും സ്ത്രീയും പുരുഷനും വ്യത്യസ്തരാണ്. പുരുഷനെ അപേക്ഷിച്ചു സ്ത്രീക്ക് അല്‍പം കൂടി സംരക്ഷണ കവചം ആവശ്യമാണെന്നതു കൊണ്ട് തന്നെയാണ് ഇസ്‌ലാമിലെ പ്രമാണങ്ങളില്‍ സ്ത്രീക്ക് ഇത്രയേറെ പ്രാധാന്യം നല്‍കുന്നത്. സ്ത്രീയുടെ മാനസികവും ശാരീരികവുമായ അവസ്ഥാന്തരങ്ങള്‍ അംഗീകരിച്ച്, അവള്‍ക്കാവശ്യമായ സ്വതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടി സംസാരിക്കുകയാണ് ഇസ്‌ലാം ചെയ്തത്. മുസ്‌ലിം സ്ത്രീകള്‍ വിലക്കുകള്‍ക്കുള്ളില്‍ നിന്നും പുറത്തുവരട്ടെ എന്ന ആഹ്വാനം ഏത് വിവാദങ്ങള്‍ക്കിടയിലും അവര്‍ ഉന്നയിക്കുന്നുണ്ടെന്നത് കമ്മ്യൂണിസം ഭരിക്കുന്ന തലച്ചോറുകളുടെ മാറാ രോഗമാണ്. എല്ലാവരും വ്യത്യസ്തരാണ്, വ്യത്യസ്തതയാണ് ഈ പ്രപഞ്ചത്തിന്റെ തന്നെ മനോഹാരിതയും. അറിവന്വേഷണത്തിന്റെ സര്‍വകലാശാലകള്‍ പോലും എല്ലാ ഇരുട്ടുകളും ഒളിച്ചുപാര്‍ക്കുന്ന ഇടങ്ങളായി മാറ്റുകയാണ് തല തിരിഞ്ഞ ലിബറലിസം. കലാലയങ്ങളില്‍ വര്‍ഗീയതയും ലൈംഗികതയും അനാവശ്യ അജണ്ടകളും കുത്തി നിറക്കുന്ന നേരം കൊണ്ട് വിദ്യയുടെ, നന്മയുടെ ബാലപാഠം പഠിപ്പിക്കുക.

ഫാത്തിമ ശബാന ചെറുമുക്ക്