നജ്ജാശി രാജാവ് ; തണല്‍ വിരിയിച്ച മാമരം

5186

വില പേശിക്കൊണ്ടിരുന്ന ആ കച്ചവടക്കാരന്‍ അവസാനം ആറുനൂറ് ദിര്‍ഹമിന് ആ കുട്ടിയെ വാങ്ങാമെന്നേറ്റു. പ്രഭുസംഘം അവനെ കച്ചവടക്കാരന് കൈമാറി തിരികെ പോന്നു. അന്ന് വൈകുന്നേരം ഹേമന്തകാലത്തെ ശക്തമായ മഴ വര്‍ഷിക്കാന്‍ തുടങ്ങി. തണുത്തുറഞ്ഞ അന്തരീക്ഷത്തില്‍ പെയ്യുന്ന നൂല്‍മഴ കൊള്ളാന്‍ രാജാവ് തന്റെ മട്ടുപാവില്‍ നിന്ന് പുറത്തിറങ്ങി നടന്നു. അദ്ദേഹത്തിന്റെ മനസ്സ് അപ്പോഴും പ്രക്ഷുബ്ധമായിരുന്നു. ഇന്ന് രാവിലെയാണ് തന്റെ സഹോദരപുത്രനെ ഒരു അടിമയെ പോലെ വിറ്റൊഴിവാക്കിയത്. മന്ത്രി പ്രഭുക്കന്മാരുടെ നിരന്തര പ്രേരണ കാരണമാണ് അതിനദ്ദേഹം അവസാനം സമ്മതിച്ചത്.

സത്യത്തില്‍ മുമ്പത്തെ രാജാവിന്റെ ആകെയുണ്ടായിരുന്ന ഒരു മകനായിരുന്നു അവന്‍. ഒരു രാഷ്ട്രത്തെ നിയന്ത്രിക്കുന്നത് എന്നും ഭരണാധികാരിക്ക് ചുറ്റുമുള്ള ഉപജാപ സംഘമായിരിക്കുമല്ലോ…. അബ്‌സീനിയ സാമ്രാജ്യത്തിന്റെ കാര്യത്തിലും അതുതന്നെ സംഭവിച്ചു. ഒറ്റ മകനെ കൊണ്ട് അബ്ജര്‍ രാജാവിന് ഒന്നും ചെയ്യാന്‍ പറ്റുകയില്ലെന്ന് പാതിരിമാരും പ്രഭുക്കളും നിജപ്പെടുത്തി. പിന്നെ ഒട്ടും അമാന്തിക്കാതെ തന്നെ മുമ്പത്തെ രാജാവും തന്റെ സഹോദരനുമായ അബ്ജറിനെ അവര്‍ കൊന്നു പന്ത്രണ്ടു മക്കളുടെ പിതാവായ തന്നെ രാജാവായി വാഴിച്ചു.
ഇങ്ങനെ ഓരോന്നും ചിന്തിച്ച് ഉലാത്തി കൊണ്ടിരിക്കെ, പൊടുന്നനെ രാജാവിന്റെ മേല്‍ ഒരു മിന്നല്‍ പിളര്‍പ്പ് ചുറ്റി പിണഞ്ഞതും രാജാവ് ഭൂമിയിലേക്ക് മലര്‍ന്നടിച്ച് വീണതും ഒരുമിച്ചായിരുന്നു. രാജാവിന്റെ അകാല മരണമറിഞ്ഞ് അങ്കലാപ്പിലായ മന്ത്രി പ്രഭുവര്‍ഗം അടുത്ത രാജാവിന് വേണ്ടി അദ്ദേഹത്തിന്റെ പന്ത്രണ്ട് മക്കളില്‍ നിന്ന് അനുയോജ്യനായ ഒരാളെ അന്വേഷിച്ചു നോക്കിയെങ്കിലും, രാജഭരണത്തിന് പറ്റിയ ഒരാളെയും കിട്ടിയില്ല. കൂട്ടത്തിലൊരാര്‍ പറഞ്ഞു ‘നമുക്ക് ഭരണം അസ്ഹമത്തിനെ തന്നെ ഏല്‍പിക്കാം’

അതിനിപ്പോള്‍ എവിടെയാണ് അവന്‍! നമ്മളവനെ കച്ചവടക്കാരന് വിറ്റുതുലച്ചില്ലേ ?…..അവര്‍ക്കിടയില്‍ ശബ്ദ കോലാഹലമായി, ഒടുവില്‍ അന്വേഷിച്ച് കണ്ടുപിടിക്കാന്‍ ധാരണയായി. കരയുടെയും കടലിന്റെയും നാലു ദിക്കുകളിലേക്കും രാജ സൈനികര്‍ ഓടിത്തുടങ്ങി. അവസാനം അവര്‍ അസ്ഹമത്തിനെ കണ്ടെത്തി. അസ്ഹമത്തിന്റെ പിതാവിനെയാണ് പ്രഭുവര്‍ഗം കൊന്ന്, ഭരണം പന്ത്രണ്ട് മക്കളുള്ള അദ്ദേഹത്തിന്റെ സഹോദരനെ ഏല്‍പിച്ചത്. പിതാവ് ക്രൂരമായി കൊല്ലപ്പെട്ടെങ്കിലും പിതൃവ്യന്റെ കീഴില്‍ അടുത്ത സഹായിയായി തന്നെ അസ്ഹമത്ത് ജീവിച്ചു. രാജാവിന് തന്റെ മക്കളെക്കാള്‍ അസ്ഹമത്തിന്റെ ബുദ്ധി കൂര്‍മതയിലും പ്രവര്‍ത്തന വൈഭവത്തിലുമാണ് പ്രതീക്ഷ. ഇത് മനസ്സിലാക്കിയ കൊട്ടാര പ്രഭുക്കള്‍ പേടിക്കാന്‍ തുടങ്ങി. ഭരണം അസ്ഹമതിന് കിട്ടിയാല്‍ അവന്റെ പിതാവിനെ കൊന്ന ഞങ്ങളെ വെറുതെ വിടുമോ?!….
അവര്‍ ഗൂഢതന്ത്രങ്ങള്‍ മെനയാന്‍ തുടങ്ങി. എങ്ങനെയെങ്കിലും അസ്ഹമതിനെ ഇല്ലാതാക്കണം. അവര്‍ രാജാവിനോട് ആശങ്ക അറിയിച്ചു. എന്തുചെയ്യണമെന്നറിയാത്ത രാജാവ് അവരോട് പറഞ്ഞു ‘ നിങ്ങളെല്ലാവരും കൂടി ഏതായാലും അവന്റെ പിതാവിനെ കൊന്നു, ഇനി അവനെയും കൊല്ലുക എന്നത് അംഗീകരിക്കാന്‍ പറ്റുന്ന കാര്യമല്ല,
‘എങ്കില്‍ ഞങ്ങള്‍ അപകടത്തിലാണ് ‘ ….
പ്രഭുക്കള്‍ അസ്വസ്ഥരായി….
‘അവനെ നിങ്ങള്‍ നാട് കടത്തിക്കോ ‘ ….. രാജാവ് ഉപായം പറഞ്ഞു കൊടുത്തു.
അങ്ങനെയാണ് അസ്ഹമതിനെ അവര്‍ കച്ചവടക്കാരന്ന് വിറ്റത്.


നിരന്തര തെരച്ചിലിനൊടുവില്‍ അവര്‍ അസ്ഹമതിനെ കണ്ടെത്തി. കൊട്ടാരത്തിലേക്ക് എഴുന്നള്ളിച്ച് രാജസിംഹാസനത്തിലിരുത്തി. ഇതറിഞ്ഞ കച്ചവടക്കാരന്‍ കൊട്ടാരത്തിലേക്ക് വന്ന് പ്രഭുക്കളോട് പറഞ്ഞു ‘എനിക്ക് എന്റെ അടിമയെ തിരിച്ച് തരണം, അല്ലെങ്കില്‍ അവന്റെ വിലയെങ്കിലും ? ….
അവന്‍ ഇപ്പോള്‍ ഈ നാടിന്റെ രാജാവാണ്. ഒരു ചില്ലിക്കാശുപോലും പ്രതീക്ഷിക്കണ്ട ….
‘ഞാന്‍ രാജാവിനോട് നേരിട്ട് പറഞ്ഞോളാം’ , ഇതും പറഞ്ഞ് കച്ചവടക്കാരന്‍ നേരെ രാജസന്നിധിയിലേക്ക് കയറിച്ചെന്ന്, പരാതി ബോധിപ്പിച്ചു…
പരാതി ശ്രവിച്ച പുതിയ നജ്ജാശി രജാവ് അസ്ഹമത് ബ്‌നു അബ്ജര്‍ തന്റെ കൊട്ടാരത്തിലെ പ്രമുഖരെ വിളിച്ചു വരുത്തി പറഞ്ഞു ‘ ഒന്നുകില്‍ ഇയാള്‍ക്ക് തന്റെ അടിമയുടെ വില നല്‍കുക, അല്ലെങ്കില്‍ അയാളെ തന്റെ അടിമയെയും കൊണ്ട് പോകാനുവദിക്കുക…..
ഇത് കേട്ട കൊട്ടാര സദസ്യര്‍ ഒന്നടങ്കം പറഞ്ഞു ‘ ഞങ്ങള്‍ അയാളുടെ വില ഇപ്പോള്‍തന്നെ കൊടുത്തോളാം …..
രാജസ്ഥനായി മലിക് ന്നജ്ജാശി അസ്ഹമത് ബ്‌നു അബ്ജര്‍ ആദ്യമായി എടുത്ത നടപടി ഇതായിരുന്നു. ഇത് അദ്ദേഹത്തിന്റെ നൈതിക ബോധത്തെയും ധാര്‍മികതയേയും കൃത്യമായും വരച്ചുകാട്ടുന്നുണ്ട്. ഇസ്‌ലാമിക ലോകത്ത് മലിക് ന്നജ്ജാശി (രജ്ജാശി രാജാവ്) എന്നറിയപ്പെടുന്ന രാജാവ് ഇദ്ദേഹമാണ്. നജ്ജാശി എന്നത് കിസ്‌റാ, കൈസര്‍, പോലൊരു സ്ഥാനപ്പേരാണ് .


ഇസ്‌ലാമിക പ്രബോധനത്തിന്റെ തുടക്കകാലഘട്ടം, മക്കയില്‍ മഹാവിസ്‌ഫോടനം സംഭവിച്ചിരിക്കുകയാണ്. ജനം ഒന്നടങ്കം ഒരു വ്യക്തിയെ താറടിക്കുകയാണ്. നടക്കുന്ന വഴികളിലും, പോകുന്ന ഇടങ്ങളിലും കൂക്കിവിളികളും കല്ലേറുകളും ആ മനുഷ്യനെ വിടാതെ പിന്തുടര്‍ന്നു. തന്നെ പിന്‍പറ്റിയ വിരലിലെണ്ണാവുന്ന പാവങ്ങളെയും മക്കാ പ്രമാണി വര്‍ഗം വെറുതെ വിട്ടിരുന്നില്ല. പീഡനങ്ങളും യാതനങ്ങളും ആ മഹാ മനുഷ്യനെ നിരന്തരം പിന്തുടര്‍ന്നു. ആത്മധൈര്യത്തിന്റെയും സഹനത്തിന്റെയും ക്ഷമയുടെയും ചവിട്ടുപടികളിലൂടെ ലോകത്തിന്റെ ഗുരുവര്യര്‍ സുസ്‌മേരവദനവുമായ് മന്ദംമന്ദം മുന്നോട്ടു ഗമിച്ചു കൊണ്ടിരിന്നു. പക്ഷേ, പ്രവാചക പുംഗുവരെ എന്നും വേദനപ്പിച്ചിരുന്നത് തന്നെ വിശ്വസിച്ച് തന്റെ കൂടെ നില്‍ക്കുന്ന അനുചരന്മാരുടെ നിലവിളികളായിരുന്നു.

പ്രവാചകര്‍ അവരോട് പറഞ്ഞു ‘ഇനി നിങ്ങള്‍ ഇവിടെ നില്‍ക്കണ്ട, മക്ക വിട്ട് അബ്‌സീനിയയിലേക്ക് പോകണം, അവിടെ പ്രജകളെ സനേഹിക്കുന്ന ഒരു രാജാവുണ്ട് , ആ രാജാവ് നിങ്ങള്‍ക്ക് അഭയം നല്‍കും. നബി തിരുമേനിയില്‍ നിന്ന് ഗുഡ് സെര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ലോകത്തെ ആദ്യ രാജാവാണ് നജ്ജാശി. പിന്നെ ഒട്ടും അമാന്തിച്ചില്ല, ആദ്യ സംഘം അബ്‌സീനയിലേക്ക് കരയിലൂടെയും കടലിലൂടെയുമായി പുറപ്പെട്ടു. പലായനം വളരെ രഹസ്യമായിരുന്നു. സംഘത്തില്‍ സ്ത്രീ പുരുഷന്മാരായി 83 പേരുണ്ടായിരുന്നു. മക്കാ പ്രമാണികള്‍ക്ക് വാര്‍ത്ത കിട്ടുമ്പൊഴേക്കും പലായനസംഘം അബ്‌സീനിയയിലെത്തിക്കഴിഞ്ഞിരുന്നു. മക്കക്കാരും വിട്ടു കൊടുക്കാന്‍ തയ്യാറല്ലായിരുന്നു. അവരും രണ്ട് ദൂതന്മാരെ ഇവരെ നാട്ടിലേക്ക് തിരിച്ചുകൊണ്ടു വരാന്‍ വേണ്ടി നജ്ജാശി രാജാവിന്റെയടുത്തേക്ക് പറഞ്ഞു വിടാന്‍ തീരുമാനിച്ചു. ക്രിസ്തു മതമായിരുന്നു അബ്‌സീനിയ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതം. രാജകൊട്ടാരത്തില്‍ ക്രിസ്ത്യന്‍ പാതിരിമാര്‍ക്കാണ് മേല്‍ക്കോയ്മ. മക്ക മുശ്‌രിക്കുകള്‍ ഒരുപാട് സമ്മാനങ്ങളും കാണിക്കകളും സ്വരൂക്കൂട്ടി പ്രമുഖരായ രണ്ട് പ്രതിനിധികളെ അബ്‌സീനയിലേക്ക് പറഞ്ഞയച്ചു. അംറുബ്‌നുല്‍ ആസും അബ്ദുല്ലാഹിബ്‌നു അബീ റബീഅയുമായിരുന്നു ആ രണ്ട് പ്രമുഖര്‍. അവര്‍ സമുദ്ര മാര്‍ഗമാണ് യാത്ര പുറപ്പെട്ടത്. അവിടെ എത്തിയ ഉടനെ അവര്‍ ആദ്യം കൊട്ടാരത്തിലെ പ്രമുഖ പാതിരമാരെ കണ്ട് സമ്മാനങ്ങള്‍ നല്‍കി തങ്ങളുടെ പാട്ടിലാക്കി. പിന്നെയാണ് ദൂതന്മാര്‍ നജ്ജാശിയെ കാണാന്‍ പുറപ്പെടുന്നത്. രജാവിനുള്ള കാണിക്കകള്‍ മുന്നില്‍ സമര്‍പ്പിച്ച് അവര്‍ രാജാവിനെ സാഷ്ടാംഗം പ്രണമിച്ചു തങ്ങള്‍ വന്ന കാര്യത്തിലേക്ക് കടന്നു.

‘ഓ മഹാരാജാവേ, നമ്മുടെ നാട്ടില്‍ നിന്നും വിഢികളായ ചിലയാളുകള്‍ അങ്ങയുടെ രാജ്യാതിര്‍ത്തിയിലേക്ക് കടന്നു വന്നിട്ടുണ്ട്. അവര്‍ ഞങ്ങളുടെ മതത്തെ ധിക്കരിച്ച് പുതിയൊരു മതത്തെ പിന്തുടര്‍ന്നിരിക്കുകയാണ്. ഇപ്പോള്‍ അവര്‍ ലോകത്ത് തന്നെ പുതിയൊരു മതം ഉണ്ടാക്കുകയാണ്. താങ്കളുടെ മതത്തെ അവര്‍ പുച്ഛിിക്കുകയാണ് മഹാരാജാവേ …..
അവരെ നമ്മുടെ കൈകളില്‍ തന്നെ തിരിച്ചേല്‍പിച്ചാലും ‘……ചുറ്റും ഉപവിഷ്ഠരായ പാതിരിമാര്‍ ഒരുമിച്ച് പറഞ്ഞു, ‘ മഹാരാജാവേ.. ഇവര്‍ പറഞ്ഞ് മുഴുവനും സത്യമാണ്, അവരെ ഇവരുടെ കൂടെ പറഞ്ഞയക്കുന്നതാണ് നല്ലത് ‘ ശ്രദ്ധാപൂര്‍വം കേട്ടുകൊണ്ടിരുന്ന നജ്ജാശി രാജാവ് പറഞ്ഞു ‘അതെങ്ങനെയാണ് ഒരു പക്ഷത്തിന്റെ വാക്ക് മാത്രം വിശ്വസിച്ച് എന്റെ നാട്ടിലേക്ക് രക്ഷയും അഭയവും തേടിവന്നവരെ ഞാന്‍ തിരിച്ചയക്കുക ?!
രജാവ് മുസ്‌ലിംകളെ ഹാജരാക്കാന്‍ ഉത്തരവിട്ടു. ജഅ്ഫറുബ്‌നു അബീത്വാലിബിന്റെ നേതൃത്വത്തില്‍ മുസ്‌ലിംകള്‍ രാജകൊട്ടാത്തിലേക്ക് കടന്നുവന്നു.
‘നിങ്ങള്‍ സ്വീകരിച്ച പുതിയ മതം ഏതാണ്, എന്തിനാണതിനെ പിന്തുടര്‍ന്നത് ? രാജാവ് ചോദിച്ചു.
ജഅ്ഫറുബ്‌നു അബീത്വാലിബാണ് മുസ്‌ലിംകളുടെ ഭാഗത്തു നിന്ന് സംസാരിച്ചത്. അദ്ദേഹം അന്ന് നടത്തിയ പ്രസംഗം ചരിത്രത്തിലിടം നേടി, അദ്ദേഹം പറഞ്ഞു ‘ ഓ … മഹാരാജാവേ … അജ്ഞതാ കാലത്ത് ഞങ്ങള്‍ ബിംബാരാധകരും ശവം തീനികളും അസന്‍മാര്‍ഗികളും അക്രമികളും കുടുംബബന്ധ വിഛേദകരുമായിരുന്നു. ഞങ്ങളില്‍ ശക്തര്‍ എന്നും ബലഹീനരെ നിഗ്രഹിച്ചു കൊണ്ടിരിന്നു. ഇതിനിടെയാണ് ഞങ്ങളുടെ ഇടയില്‍ നിന്നുതന്നെ ഒരു പ്രവാചകനെ അല്ലാഹു നിയോഗിക്കുന്നത്. അദേഹത്തിന്റെ കുടുംബം, സത്യസന്ധത, ചാരിത്ര്യശുദ്ധി തുടങ്ങി എല്ലാ കാര്യവും മക്കയിലെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. അദ്ദേഹം ഞങ്ങളെ ഏകദൈവ വിശ്വാസത്തിലേക്കും നന്മയിലേക്കും ക്ഷണിച്ചു. മോശത്തരങ്ങളെ തൊട്ടും, അക്രമത്തെ തൊട്ടും വിട്ടു നില്‍ക്കാന്‍ കല്‍പിച്ചു. നിസ്‌കാരം, വ്രതം, സക്കാത്ത് തുങ്ങിയവ ജീവിതചര്യയില്‍ കൊണ്ടുവരാന്‍ ആഹ്വാനം ചെയ്തു. ഞങ്ങള്‍ അദ്ദേഹത്തെ വിശ്വസിച്ച് അദ്ദേഹം പറഞ്ഞ മതത്തില്‍ ചേര്‍ന്നിരിക്കുകയാണ്. അതിന്റെ പേരില്‍ ഇവര്‍ ഞങ്ങളെ ഒറ്റപ്പെടുത്തിയും പീഡിപ്പിച്ചും പ്രയാസപ്പെടുത്തി. നില്‍ക്കപ്പൊറുതി ഇല്ലാതായപ്പോഴാണ് തിരുദൂതരുടെ ആഹ്വാനപ്രകാരം ഞങ്ങള്‍ അങ്ങയുടെ അരികിലേക്ക് ഓടി വന്നത്.

‘അല്ലാഹുവില്‍ നിന്ന് നിങ്ങളുടെ പ്രവാചകര്‍ക്കവതരിച്ചെതെന്തെങ്കിലും നി നിങ്ങളുടെ അടുക്കലിലുണ്ടോ ….?.
മര്‍യം അദ്ധ്യായത്തിന്റെ ആദ്യത്തെ അല്‍പ സൂക്തങ്ങള്‍ ജഅ്ഫര്‍ ഓതിക്കൊടുത്തു. ഇതുകേട്ട നജ്ജാശി രാജാവും ചുറ്റുമുണ്ടായിരുന്ന ക്രിസ്ത്യന്‍ മേലദ്ധ്യക്ഷന്മാരും കണ്ണീര്‍ വാര്‍ത്തു പോയി. താടി രോമങ്ങള്‍ പോലും കണ്ണീരില്‍ നനഞ്ഞ രാജാവ് അവിടെന്ന് പ്രഖ്യാപിച്ചു ‘ അല്ലാഹുവാണേ സത്യം ഇദ്ദേഹം കൊണ്ടുവന്നതും മൂസ കൊണ്ടുവന്നതും ഒരേ വിളക്കു മേടയില്‍ നിന്നാണ് , ഇവരെ ഞാനൊരിക്കലും നിങ്ങളെ ഏല്‍പിക്കില്ല. മക്കയില്‍ നിന്ന് വന്ന ദൂതരോട് പറഞ്ഞു, ‘ നിങ്ങള്‍ക്ക് പിരിഞ്ഞു പോകാം’ .
അന്ന് സദസ്സ് പിരിഞ്ഞു പോകവേ അംറ് രാജാവിനോട് പറഞ്ഞു ‘ ഈസബ്‌നു മര്‍യമിനെ ഇവര്‍ ദൈവമാണെന്ന് അംഗീകരിക്കുന്നില്ല. പിറ്റേ ദിവസം വീണ്ടും അഭയര്‍ത്ഥികളെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ച് ഈസബ്‌നു മര്‍യമിനെ പറ്റി അവരുടെ നിലപാടെന്താണെന്നാരാഞ്ഞു. ജഅ്ഫര്‍ അര്‍ഥശങ്കക്കിടവരാത്ത വിധം വ്യക്തമാക്കി പറഞ്ഞു ‘ അദ്ദേഹം ദൈവദാസനും ദൈവദൂതനും, പതിവ്രതയും കന്യകയുമായ മര്‍യമിലേക്ക് ദൈവമിട്ടു കൊടുത്ത വചനവും ആത്മാവുമാണ്.
സാകൂതം ശ്രവിച്ചുകൊണ്ടിരുന്ന രാജാവ് ഭൂമിയിലേക്ക് കൈയടിച്ച് ഒരു കമ്പിന്‍ കഷ്ണമെടുത്ത് പറഞ്ഞു ‘ ഈ പറഞ്ഞത് ഈ കമ്പ് പോലെ സത്യമാണ് ‘ .
ഇതിഷ്ടപ്പെടാത്ത പാതിരിമാര്‍ അവരുടെ അനിഷ്ടം പ്രകടിച്ചപ്പോള്‍ രജാവ് കനത്തില്‍ പറഞ്ഞു ‘ നിങ്ങള്‍ നെറ്റി ചുളിച്ചാലും, ഇവര്‍ ഈ നാട്ടില്‍ സുരക്ഷിതരായിരിക്കും, ഇവരെ ആരും തൊട്ടു പോകരുത്, ഒരു മല സ്വര്‍ണം തന്നാലും ഞാനിവരെ നിങ്ങള്‍ക്ക് വിട്ടുതരില്ല.
അംറിനെയും അബ്ദുല്ലാഹിബ്‌നു റബീഅയേയും നോക്കി രാജാവ് പറഞ്ഞു, ‘ നിങ്ങള്‍ കൊണ്ടുവന്ന സമ്മാനങ്ങളും കാണിക്കകളും എടുത്ത് എത്രയും പെട്ടന്ന് ഇവിടെന്ന് സ്ഥലം കാലിയാക്കണം…,പടച്ചവന്‍ എനിക്ക് അധികാരം തിരിച്ചു നല്‍കിയപ്പോള്‍ എന്നേട് കൈകൂലി വാങ്ങിയിട്ടില്ല ‘.


മുസ്‌ലിംകള്‍ അബ്‌സീനയില്‍ സന്തോഷത്തിലും സമധാനത്തിലും ജീവിച്ചു കൊണ്ടിരിക്കെ വീണ്ടും പ്രശ്‌നങ്ങള്‍ തല പൊക്കിത്തുടങ്ങി. രജാവ് ക്രിസ്തുമതം വെടിഞ്ഞ് ഇസ്‌ലാം സ്വീകരിച്ചെന്ന് ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചു തുടങ്ങി. ജനം ഒന്നടങ്കം ഇളകി മറിഞ്ഞ്, കൊട്ടാര വാതിലില്‍ തടിച്ചു കൂടി. ഇതറിഞ്ഞ രാജാവ് ഒരു തോല്‍ കഷ്ണത്തില്‍ എഴുതി, ‘ അല്ലാഹു ഏകനാണ്, മുഹമ്മദ് അവന്റെ ദൂതരാണെന്നും, മര്‍യമിന്റെ മകന്‍ ഈസ അല്ലാഹുവിന്റെ ദൂതനും മര്‍യമിലേക്ക് അവനിട്ടുകൊടുത്ത തന്റെ വചനവും, ആത്മാവുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു ‘ .
ഈ തോല്‍ കഷ്ണം അദ്ദേഹം തന്റെ വസ്ത്രത്തിനടിയില്‍ നെഞ്ചിന്റെ ഭാഗത്തായിവച്ച് ജനങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടു ചോദിച്ചു ‘എന്താണ് നിങ്ങളുടെ പ്രശ്‌നം ?
അങ്ങ് നമ്മുടെ മതം വെടിഞ്ഞ്, മറ്റൊരു മതത്തില്‍ ചേര്‍ന്നുവെന്ന് കേള്‍ക്കുന്നുവല്ലോ ?
‘ഈസയുടെ കാര്യത്തില്‍ നിങ്ങളെന്ത് പറയുന്നു ?.
രജാവ് ജനത്തോടായി ചോദിച്ചു
‘ദൈവത്തിന്റെ മകന്‍ ‘ ജനം ഒന്നിച്ച് പറഞ്ഞു. തന്റെ കൈ വസ്ത്രത്തിനുള്ളിലെ തോല്‍കഷ്ണത്തിന്റെ മുകളില്‍വച്ച് പറഞ്ഞു ‘ ഈ പറഞ്ഞത് തന്നെയാണ് ഞാനും വിശ്വസിക്കുന്നത് …. ഇതില്‍ ഒരു മാറ്റവുമില്ല…..
രാജാവിന്റെ ഉത്തരം കേട്ട് ജനം ശാന്തരായി പിരിഞ്ഞു പോയി.


മനസ്സ് കൊണ്ട് ഇസ്‌ലാം സ്വീകരിച്ച നജ്ജാശി രാജാവ് എന്നും നബി തിരുമേനിയുടെയും ഇസ്‌ലാമിന്റെയും അഭ്യുദയകാംഷിയായിരുന്നു. ഹിജ്‌റ വര്‍ഷം ഏഴില്‍ നബി തിരുമേനിയുടെ കത്ത് കൈയ്യില്‍ ലഭിച്ചപ്പോള്‍ ബഹുമാനാര്‍ത്ഥം തന്റെ കണ്‍കളില്‍വക്കുകയും, ആ സദസ്സില്‍വച്ച് താന്‍ ഇസ്‌ലാം സ്വീകരിച്ച കാര്യം പരസ്യമാക്കുകയും ചെയ്തു. താനിരുന്നിരിന്ന രാജസിംഹാസനത്തില്‍ നിന്ന് താഴെയിറങ്ങി അവിടെന്ന് പ്രഖ്യാപിച്ചു, സാധിക്കുമെങ്കില്‍ ഞാന്‍ മുഹമ്മദ് നബിയുടെ ചാരത്ത് പോയി അദ്ദേഹത്തിന്റെ കാല്‍പാദത്തില്‍ എന്റെ ശിരസ്സ് വക്കും.

അംറുബ്‌നു ഉമയ്യ കൊണ്ടുവന്ന കത്തിന്റെ കൂടെ അവിടെ അഭയാര്‍ത്ഥിയായി കഴിയുന്ന വിധവയായ ഉമ്മു ഹബീബയെ പ്രവാചകര്‍ക്ക് കല്യാണം കഴിച്ചു കൊടുക്കാനും നിര്‍ദേശമുണ്ടായിരുന്നു. നബി തങ്ങള്‍ക്ക് വേണ്ടി നാനൂറ് ദിര്‍ഹം മഹ്‌റ് നല്‍കി നജ്ജാശി ആ കാര്യവും നിര്‍വ്വഹിച്ചു കൊടുത്തു.

പ്രവാചകരെയും ഇസ്‌ലാമിനെയും മുന്‍വേദ ഗ്രന്ഥങ്ങളില്‍ നിന്ന് പഠിച്ചെടുത്ത അപാര പാണ്ഡിത്യത്തിന്റെ ഉടമയും കൂടിയായിരുന്നു നജ്ജാശി രാജാവ്. ചെറുപ്രായത്തില്‍ തന്നെ ഭരണമേറ്റടുത്ത രാജാവ് ഹിജറ വര്‍ഷം 9 (അ: ഉ 630 ) റജബ് മാസത്തില്‍ ഇഹലോകവാസം വെടിഞ്ഞു. മരണ സമയത്ത് മദീനയിലായിരുന്ന പ്രവാചകര്‍ മുഹമ്മദ് (സ്വ) തന്റെ അനുചരോട് പറഞ്ഞു ‘ അബ്‌സീനയിലുള്ള നിങ്ങളുടെ
സഹോദരന്‍ അസ്ഹമത് അല്ലാഹുവിലേക്ക് യാത്രയായിരിക്കുന്നു ‘ തുടര്‍ന്ന് മരുഭൂമിയില്‍ എല്ലാവരും സ്വഫ്ഫ് കെട്ടി നബി തിരുമേനിയുടെ നേതൃത്വത്തില്‍ മറഞ്ഞവര്‍ക്കുള്ള ജനാസ നിസ്‌കരിച്ചു. നജ്ജാശി രാജാവിന്റെ മേല്‍ മാത്രമായിരുന്നു തിരുദൂതര്‍ ഇങ്ങനെ നിസ്‌കരിച്ചത്. ഇത് അദ്ദേഹത്തിന്റെ അതുല്യതയെ വ്യക്തമാക്കിത്തരുന്നതാണ്.

നീതിക്കും ധര്‍മത്തിനും സത്യത്തിനും വേണ്ടി തന്റെ അധികാരം വിനിയോഗിച്ച നജ്ജാശി രാജാവ് എന്നും വിനയാന്വിതനായിരുന്നു. ബദര്‍ വിജയമറിഞ്ഞപ്പോള്‍ വെറും മണലിലിരുന്ന് വിനയം കൊണ്ട് വിജയമാഘോഷിക്കുന്ന സച്ചരിതനായ രാജാവിനെയാണ് ചരിത്രം നമുക്ക് കാട്ടിത്തരുന്നത്. അദ്ദേഹത്തിന്റെ സഹായ സഹകരണം ഇസ്‌ലാമിന്റെ വളര്‍ച്ചയില്‍ വഹിച്ച പങ്ക് ചെറുതല്ലാത്തതാണ്.

അമീന്‍ ഹുദവി ഖാസിയാറകം

അവലംബം

1 ) താരീഖു റുസ്‌ലി വല്‍ മുലൂക്
2 ) അല്‍മഗാസി
3 ) സിയറു അഅ്ലാമു ന്നുബലാഅ്
4 ) അല്‍ ബിദായതുവന്നിഹായ
5 ) അസ്സീറതു ന്നബവിയ്യ (ഇബ്‌നു ഹിഷാം )
6 ) താരീഖുല്‍ ഇസ്ലാം
7 ) സീറതു ബ്‌നു കസീര്‍