നാസര്‍ ഫൈസി തിരുവത്ര; കര്‍മനിരതനായ സംഘാടകന്‍

1522

പ്രിയപ്പെട്ട നാസര്‍ ഫൈസി തിരുവത്രയും നാഥന്റെ തിരുസന്നിധിയിലേക്ക് യാത്രയായിരിക്കുന്നു. നാം പ്രതീക്ഷിക്കാത്ത മരണങ്ങളെ അകാലമരണമെന്ന് നാം വിശേഷിപ്പിക്കുന്നു. കാലവും അകാലവും കണക്കാക്കുന്നത് കാലം കണക്കാക്കിയവന്‍ മാത്രമാണല്ലോ. അവധിയെത്തിയാല്‍ ഒരു ശരീരവും പിന്തിക്കപ്പെടില്ലെന്നത് വിശുദ്ധ വാക്യം. എന്നിരുന്നാലും, ഫൈസിയുടെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ആ പുഞ്ചിരിക്കുന്ന മുഖം മനസ്സില്‍നിന്ന് മായുന്നില്ല. സമൂഹത്തിനു വേണ്ടി ഓടിനടന്നു പ്രവര്‍ത്തിച്ചിരുന്ന ആ രംഗം മനോമുകുരത്തില്‍ എന്നുമുണ്ടാകും. ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞപ്പോഴും ഇഷ്ടപ്പെടാത്ത ആ വാര്‍ത്ത കേള്‍ക്കാനിടവരരുതേ എന്നായിരുന്നു തേട്ടം. പൂര്‍ണ സൗഖ്യത്തോടെ പൂര്‍വസ്ഥിതി പ്രാപിച്ച് സമൂഹത്തില്‍ സമസ്തക്കുവേണ്ടി സജീവമാകാന്‍ സൗഭാഗ്യം നല്‍കണേ എന്നായിരുന്നു പ്രാര്‍ഥന. പക്ഷേ, അത് സംഭവിച്ചിരിക്കുന്നു. ആ യാഥാര്‍ഥ്യം ഉള്‍കൊള്ളാന്‍ നാമെല്ലാവരും നിര്‍ബന്ധിതമായിരിക്കുന്നു. ദുല്‍ഹിജ്ജ മാസത്തിലെ പവിത്ര നാളുകളില്‍ പുണ്യമേറിയ വെള്ളിയാഴ്ച കാലത്ത് ആ കര്‍മകുശലനായ പണ്ഡിത നേതാവ് യാത്രയായിരിക്കുന്നു.
1999 ലെ വാദിനൂറിലെ ദശവാര്‍ഷിക സമ്മേളനത്തോടെയാണ് ഫൈസിയുമായി കൂടുതല്‍ അടുപ്പം തുടങ്ങിയത്. അതിനു മുമ്പ് സംസ്ഥാന സെക്രട്ടറിയേറ്റ് മീറ്റിംഗുകളിലും കൗണ്‍സില്‍ കാമ്പുകളിലും അടുത്തിടപഴകിയിരുന്നെങ്കിലും, കുറ്റിപ്പുറത്തെ ഭാരപ്പുഴയിലെ മണല്‍പ്പുറത്തെ ദിവസങ്ങളോളമുള്ള പാര്‍പ്പും പ്രവര്‍ത്തനങ്ങളും ഫൈസിയിലെ കര്‍മനിരതനായ പ്രവര്‍ത്തകനെ കൂടുതല്‍ പരിചയപ്പെടാന്‍ അവസരമൊരുങ്ങി. ലൈറ്റ് ആന്‍ഡ് സൗണ്ട് കമ്മിറ്റിയുടെ ജോയിന്റ് കണ്‍വീനറായിരുന്നു നാസര്‍ ഫൈസി. വാദിനൂറില്‍ ചരിത്രം സൃഷ്ടിച്ച ഇസ്‌ലാമിക് എക്‌സ്‌പോ എക്‌സിബിഷന്‍ സമിതിയുടെ ജനറല്‍ കണ്‍വീനറായിരുന്നു വിനീതന്‍. അതിനു മാസങ്ങള്‍ക്ക് മുമ്പ് വാദിനൂര്‍ സമ്മേളനത്തിന്റെ പ്രഖ്യാപനം കുന്ദംകുളത്ത് നടന്നപ്പോള്‍ ആ സമ്മേളനത്തിന്റെ കണ്‍വീനറായിരുന്ന നാസര്‍ ഫൈസിയുടെ സംഘാടന മികവ് അന്നത്തെ നേതാക്കള്‍ക്ക് അനുഭവിച്ചറിയാന്‍ സാധിച്ചു. അന്ന് തൃശൂര്‍ ജില്ലാ എസ്.കെ.എസ്.എസ്.എഫിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന ഫൈസി ഒരു ആതിഥിയേന്റെ റോളിലായിരുന്നു ആ പ്രഖ്യാപന സമ്മേളനത്തെ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റിയത്. കുന്ദംകുളം ടൗണ്‍ അന്നോളം കാണാത്ത ജനബാഹുല്യത്തെ അവിടെ എത്തിക്കുന്നതില്‍ ഫൈസിയുടെ നേതൃത്വത്തിലുള്ള സംഘാടക ടീമിനു സാധിച്ചു.
ഈ ലേഖകന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ 2001-2004 ടേമിലെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായിരുന്നു ഫൈസി. സെക്രട്ടറിയേറ്റ് യോഗങ്ങളില്‍ പ്രസക്തമായ അഭിപ്രായങ്ങളും പ്രായോഗികമായ നിര്‍ദേശങ്ങളും സമര്‍പിക്കുന്നതില്‍ ഫൈസി മുന്നിലുണ്ടായിരുന്നു. മധ്യകേരളത്തില്‍ നമ്മുടെ സംഘടന ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സംഘാടനത്തിന്റെ അനിവാര്യതയും ഫൈസി ഓരോ യോഗത്തിലും അവതരിപ്പിക്കാറുള്ളത് ഓര്‍മയിലിന്നുമുണ്ട്.
ഇന്നത്തെപ്പോലെ വാഹന സൗകര്യം ലഭ്യമല്ലാതിരുന്ന അക്കാലത്ത് ഗുരുവായൂരില്‍നിന്നുള്ള ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സില്‍ കോഴിക്കോട്ടെത്തി യോഗത്തില്‍ സംബന്ധിച്ച് വളരെ വൈകി തിരിച്ചുപോകുന്ന രംഗം ഓര്‍ക്കുമ്പോള്‍ ഫൈസിയെപ്പോലുള്ളവര്‍ സമൂഹത്തിനു വേണ്ടി സഹിക്കുന്ന ത്യാഗത്തിന്റെ മഹത്വം മനസ്സിലാക്കാറുണ്ട്. അന്ന് കൊരട്ടിക്കര ജുമാ മസ്ജിദിലായിരുന്നു സേവനം ചെയ്തിരുന്നത്. പള്ളിയിലെ സേവനവും സംസ്ഥാന തലത്തിലുള്ള സംഘടനാ നേതൃസ്ഥാനവും കോട്ടമില്ലാതെ ഒന്നിച്ചുകൊണ്ടുപോകുന്നതിലെ വൈദഗ്ധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.
സംഘടനാ നേതൃരംഗത്ത് നിറഞ്ഞു പ്രവര്‍ത്തിക്കുമ്പോഴും ഒരു പണ്ഡിതന്റെ സൂക്ഷ്മത നിലനിര്‍ത്തി സഹവസിക്കുവാന്‍ നാസര്‍ ഫൈസി ബദ്ധശ്രദ്ധനായിരുന്നു. ദീര്‍ഘകാലത്തെ ദര്‍സീ പഠനവും ഫൈസാബാദിലെ അനുഭവസമ്പത്തും ജന്മസിദ്ധമായ പുഞ്ചിരിയുമെല്ലാം ഫൈസിയുടെ സംഘടനാ രംഗത്തെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ മികവുറ്റതാക്കി. അതേസമയം, അരുതാത്തത് കാണുമ്പോള്‍ ധാര്‍മിക രോഷം പ്രകടിപ്പിക്കാനും തന്റെ അഭിപ്രായം വെട്ടിത്തുറന്നു പറയാനും ഫൈസി മടിക്കാറുണ്ടായിരുന്നില്ല.
തിരുവത്രയിലെ വാദിനൂര്‍ എന്ന സ്ഥാനം നാസര്‍ ഫൈസിയുടെ മുഖ്യ കാര്‍മികത്വത്തില്‍ പിറന്നു വളര്‍ന്ന സംരംഭമാണ്. മറ്റു സ്ഥാപനങ്ങള്‍ക്കൊപ്പം ഭിന്നശേഷിക്കാരായ കുരുന്നുകളെ പരിശീലിപ്പിക്കാനും പരിപാലിക്കാനുമുള്ള സംരംഭവും തുടങ്ങിയതിനു പിന്നിലെ പ്രധാന ബുദ്ധികേന്ദ്രം ഫൈസിയുടേതായിരുന്നു. അവിടെ വളര്‍ന്നുവരുന്ന ബുദ്ധിവികാസം വരാത്ത കുഞ്ഞുമക്കളുടെ നിശബ്ദമായ പ്രാര്‍ഥനയില്‍ ഫൈസിക്കും ഒരു പ്രധാന ഇടം ഉണ്ടകുമെന്നതില്‍ സംശയമില്ല. ആ സ്ഥാപനത്തിന്റെ മുന്നോട്ടുള്ള ഗമനത്തിനായി നാട്ടിലും മറുനാട്ടിലും ഓടിനടന്ന് പ്രവര്‍ത്തിച്ചിരുന്നു നാസര്‍ ഫൈസി.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തിയിരുന്ന ഒഋജ യുടെ മാതൃകയില്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ സിവില്‍ സര്‍വിസ് പരിശീലനത്തിന് യുവാക്കളെ തെരഞ്ഞെടുക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കാനും ഫൈസിയുടെ നേതൃത്വത്തില്‍ പദ്ധതികളാവിഷ്‌കരിച്ച് നടപ്പാക്കിയിരുന്നു. ഈ പദ്ധതിയുടെ പ്രഥമ പരീക്ഷയും അഭിമുഖവും നടത്താന്‍ 2009 ഡിസംബര്‍ 12 ന് മര്‍ഹൂം പ്രൊഫ.ഇ മുഹമ്മദ് (പി.എസ്.എം.ഒ കോളേജ്) സാറിനൊപ്പം തൃശൂര്‍ എം.ഐ.സിയില്‍ പോയതോര്‍ക്കുന്നു. ജില്ലാ കമ്മിറ്റിയുടെയും ഫൈസിയുടെയും ഒരു സ്വപ്‌ന പദ്ധതിയായി ഇതിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ ഉദ്ദേശ്യമുണ്ടായിരുന്നെങ്കിലും സാങ്കേതികത്വത്തില്‍ തടഞ്ഞ് അതു മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെന്ന് ഫൈസി പറഞ്ഞതോര്‍ക്കുന്നു. ഭൗതിക വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ലെങ്കിലും പുതുതലമുറയെ ഈ രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തുന്നതിലും പ്രോത്സാഹനം നല്‍കി പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിലും ഫൈസി മുന്നില്‍നിന്നു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചശേഷം പിന്നീട് ഞങ്ങള്‍ സംഗമിക്കുന്നത് മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്റെയും സുന്നി യുവജന സംഘത്തിന്റെയും സംസ്ഥാന വേദികളിലാണ്.
തൃശൂരിന്റെ തീരപ്രദേശങ്ങളില്‍ പലയിടങ്ങളിലായി പഠന ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ ഈ വിനീതന് അവസരമുണ്ടായിട്ടുണ്ട്. അവിടങ്ങളിലെല്ലാം ഒരു സംഘാടകനായോ പ്രഭാഷകനായോ എന്നെ സ്വീകരിക്കുന്ന ആതിഥേയനായോ നാസര്‍ ഫൈസിയുണ്ടായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് ഒമ്പതിന് ചൊവ്വാഴ്ച. അന്നാണ് ഞങ്ങള്‍ തമ്മില്‍ അവസാനമായി അടുത്തു കണ്ടത്. തൃശൂര്‍ ജില്ലാ മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്റെ ജില്ലാ കാമ്പില്‍ പെരുമ്പിലാവിനടുത്ത കൊരട്ടിക്കരയിലെ മജ്‌ലിസുല്‍ ഫുര്‍ഖാനില്‍വച്ച് നടന്ന ആ സമാഗമം അവസാനത്തേതായിരുന്നു എന്ന് ഇപ്പോള്‍ തിരിച്ചറിയുകയാണ്.
പുഞ്ചിരിയോടെ കര്‍മനിരതനായി രാപ്പകലില്ലാതെ സമസ്തയുടെയും കീഴ്ഘടകളങ്ങളുടെയും നേതൃനിരയില്‍ സംഘാടകനായും പ്രഭാഷകനായും പ്രവര്‍ത്തകനായും ഫൈസിയുണ്ടായിരുന്നു. എസ്.കെ.എസ്.എസ്.എഫ് ഇരുപത്തഞ്ചാം വാര്‍ഷിക സമ്മേളനത്തിന്റെ-സമര്‍ഖന്ദിന്റെ മുഖ്യസംഘാടകരിലൊരാളായിരുന്ന ഫൈസിയുടെ കര്‍മനൈരന്തര്യവും ആത്മാര്‍ഥതയുമായിരുന്നു ആ മഹാ സമ്മേളന വിജയത്തിന്റെ മുഖ്യഹേതു. നാഥാ… പാപങ്ങള്‍ പൊറുത്ത് ഞങ്ങളുടെ സോദരന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കണേ… കുടുംബത്തിന് സഹനശേഷി നല്‍കണേ. ആ അനാഥകള്‍ക്ക് അത്താണിയേകണേ.. സമസ്തയെന്ന പ്രസ്ഥാനത്തിന് വന്ന നഷ്ടം നികത്തണേ…

ഷാഹുല്‍ ഹമീദ് മേല്‍മുറി