പാശ്ചാത്യ വനിതകള്‍ കുടുംബത്തിലേക്ക് മടങ്ങുമ്പോള്‍!

964

വനിതാ ശാക്തീകരണവും സ്ത്രീ സ്വാതന്ത്ര്യവും ആധുനിക സമൂഹത്തിന്റെ സവിശേഷതയായി ഗണിക്കപ്പെടുന്ന കാര്യങ്ങളാണല്ലോ. പല സമൂഹങ്ങളിലും വിശിഷ്യ, യൂറോപ്യന്‍ ക്രൈസ്തവര്‍ക്കിടയില്‍ കിരാതമായ വിവേചനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും വിധേയരായ സ്ത്രീ സമൂഹത്തിന് സുദീര്‍ഘ പോരാട്ടങ്ങള്‍ക്കൊടുവിലാണ് മോചനത്തിലേക്കുള്ള വാതിലുകള്‍ തുറക്കപ്പെടുന്നത്. പത്തൊമ്പതാം നുറ്റാണ്ടിന്റെ ഒടുവിലാണ് ഫെമിനസം എന്ന പേരില്‍ സ്ത്രീപക്ഷ വാദ സമീപനങ്ങള്‍ സാമൂഹിക ഘടനയെ അഗാധമായി സ്വാധീനിച്ചത്. യൂറോപ്പിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് പൗരസ്ത്യ ദേശങ്ങളിലും മുസ്ലിം സമൂഹങ്ങളിലേക്കും അതിന്റെ സ്വാധീനം വ്യാപിച്ചു. എന്നാല്‍, സ്ത്രീ മോചനത്തിന് ഉടലെടുത്ത ഈ പ്രസ്ഥാനം പുരുഷാധിപത്യത്തിന്റെ, കമ്പോള മുതലാളിത്തത്തിന്റെ ചൂഷണോപാധിയായി പരിവര്‍ത്തിതമാകുന്നതാണ് പിന്നീട് ലോകം ദര്‍ശിച്ചത്. ഇസ്ലാം നിര്‍ദേശിക്കുന്ന കുടുംബ-ധാര്‍മിക കാഴ്ച്ചപ്പാടുകളെയും ശരീഅത്ത് നിയമങ്ങളെപ്പോലും ചോദ്യം ചെയ്യുന്ന വലിയ ടൂളായും അത് വികാസം പ്രാപിച്ചു. ഇസ്ലാം സ്ത്രീയെ അടിച്ചമര്‍ത്തുന്നുവെന്നും പര്‍ദ്ദക്കുള്ളില്‍ തളച്ചിടുന്നുവെന്നും പ്രസവയന്ത്രമായി കാണുന്നുവെന്നും ആക്ഷേപങ്ങള്‍ പലതായി.
സ്ത്രീയുടെ ജൈവിക,മാനസിക,സാമൂഹിക പ്രത്യേകതകളൊന്നും പരിഗണിക്കാതെ, കമ്പോള താല്‍പര്യങ്ങള്‍ക്കനുസൃതമായ സ്ത്രീ വിമോചന കാഴ്ച്ചപ്പാട് വികസിപ്പിക്കാനും അതിലൂടെ സ്ത്രീകളെ വീണ്ടും ചൂഷണം ചെയ്യാനുമായിരുന്നു പലപ്പോഴും ഫെമിനസം വഴി തുറന്നത്. എന്നാല്‍, പതിയെ സ്ത്രീ സമൂഹം അത് തിരിച്ചറയുന്നുവെന്നതാണ് സമീപകലാത്തായി പശ്ചാത്യനാടുകളില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍. പല വികസിത രാജ്യങ്ങളിലും തൊഴില്‍ രംഗത്തുള്ള സ്ത്രീ സാന്നിധ്യ വളര്‍ച്ചാനിരക്ക് നിലച്ചിരിക്കുന്നു. ധാരാളം സ്ത്രീകള്‍ കുടുംബ ജീവിത്തതിന്റെ പ്രാധാന്യം തിരിച്ചറിയുന്നു. ഭര്‍ത്താക്കന്മാര്‍ ജോലി ചെയ്യുകയും തങ്ങള്‍ കുടുംബ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്നത് ജീവിതത്തിന് കൂടുതല്‍ ആനന്ദവും അര്‍ഥവും നല്‍കുന്നതായി അവര്‍ തിരിച്ചറിയുന്നു. അവ സോഷ്യല്‍ മീഡിയയിലും മറ്റും ആവേശപൂര്‍വം പങ്കുവെക്കുന്നു. സ്ത്രീകള്‍ അടുക്കളകള്‍ തിരിച്ചുപിടിച്ച ആധുനിക ചൂഷണ വ്യവസ്ഥിതിയില്‍ നിന്ന് വിമോചിതരാകണമെന്ന് കേരളത്തിലെ പ്രശസ്ത ഫെമിനിസ്റ്റ് കവിയത്രി പോലും ആഹ്വാനം ചെയ്യുന്നു. സന്തുഷ്ടകരമായ ജീവിതത്തിന് കുടുംബത്തിലെ സ്ത്രീ സാന്നിധ്യം ഗുണം ചെയ്യുമെന്ന മതമേഖലകളിലുള്ളവരുടെ കാഴ്ച്ചപ്പാടിനെ നിരന്തരം പരിഹസിച്ചിരുന്ന, മതം സ്ത്രീകളെ അടിച്ചമര്‍ത്തുന്നുവെന്ന് ആക്ഷേപിച്ചിരുന്ന മാധ്യമങ്ങള്‍ തന്നെ കുടുംബ ജീവിതത്തിലേക്ക് തിരികെ നടക്കുന്ന സ്ത്രീകളുടെ പല വാര്‍ത്തകളും പ്രാധാന്യ പൂര്‍വം റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നത് ശുഭ സുചനയാണ്.


ആധുനിക സിദ്ധാന്തങ്ങളുടെ അപചയം
മനുഷ്യ പ്രകൃതിയോ സ്ത്രീത്വത്തിന്റെ പ്രത്യേകതയോ തീരെ പരിഗണിക്കാതെയാണ് വനിതാ വിമോചനത്തിനായുള്ള പല ആധുനികാ സിദ്ധാന്തങ്ങളും വികസിപ്പിച്ചത്. സ്ത്രീയുടെ വിമോചനത്തിനപ്പുറും കമ്പോളതാല്‍പര്യമാണ് അവയെ നയിച്ചത്. വ്യാവസായിക വിപ്ലവത്തിനു ശേഷം കുറഞ്ഞ കൂലിക്ക് കൂടുതല്‍ തൊഴിലാളികളെ ലഭ്യമാക്കാനുള്ള കുറുക്കുവഴിയായാണ് പലപ്പോഴും സ്ത്രീകളെ ജോലിക്കിറക്കാന്‍ പ്രേരിപ്പിച്ചത്. സ്ത്രീയുടെ പ്രകൃതിക്കിണങ്ങാത്ത കഠിനമായ പല തൊഴിലും സ്വീകരിക്കാന്‍ പോലും അവര്‍ നിര്‍ബന്ധിതരായി. ജോലിക്കിറങ്ങാത്തവരെ അപരിഷ്‌കൃതരെന്നു മുദ്രകുത്തി. കേവലമായ ഭൗതിക പരിപ്രേക്ഷ്യത്തിലൂടെ മാത്രം ജീവിതത്തെ നോക്കിക്കണ്ടതും ഇതിനു നിമിത്തമായി. ജീവിതം ആസ്വാദിക്കാനുള്ളതാണെന്നാണല്ലോ വെപ്പ്. അതിന് കൂടുതല്‍ വരുമാനമാണ് വഴിയെന്നും പുരുഷനൊപ്പം സ്ത്രീകൂടി അധ്വാനിക്കുമ്പോഴേ അത് സാധ്യമാകുകയുള്ളുവെന്നായി. ഒരു കുടുംബത്തിലേക്ക് രണ്ട് വരുമാനങ്ങള്‍ വരുന്നത് അഭികാമ്യമാണെന്ന് എല്ലാവരും ചിന്തിച്ചു. സമൂഹത്തിന്റെ പാതി വരുന്ന സ്ത്രീകളെ തൊഴില്‍ മേഖലയിലേക്ക് എത്തിക്കുന്നത് ഉത്പാദന വര്‍ദ്ധനവിനും തദ്വാര സാമ്പത്തിക ഉണര്‍വിലേക്കും നയിക്കുമെന്ന് മുതലാളിത്തം പ്രചണ്ഡമായി പ്രചരിപ്പിച്ചു.
എന്നാല്‍, സാമ്പത്തിക പരിപ്രേക്ഷ്യത്തിലൂടെ മാത്രം സ്ത്രീ തൊഴിലിനെ സമീപിച്ചത് വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. പലപ്പോഴും സ്ത്രീകള്‍ക്ക് ഇരട്ട ഭാരമായിരുന്നു ഫലം. ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ അപ്പോഴും അവരുടെ ചുമലില്‍ തന്നെ അവശേഷിച്ചു. കുട്ടികള്‍ക്കും കുടുംബ ജീവിതത്തിനും സമയം ചെലവഴിക്കാന്‍ സാധിക്കാത്തത് പലര്‍ക്കും വലിയ മാനസിക സംഘര്‍ഷം സമ്മാനിച്ചു. മാതാവിന്റെ പരിലാളനകളില്ലാതെ വളര്‍ന്നുവരുന്ന പുതുതലമുറക്ക് ധാര്‍മിക കാഴ്ച്ചപ്പാടുകളോ, സാമൂഹിക പ്രതിബദ്ധതയോ ഇല്ലാതാകുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. തൊഴിലിടങ്ങളിലെ വ്യാപകമായ ലൈംഗിക, മാനസിക പീഡനങ്ങള്‍ വലിയ വെല്ലുവിളിയായി. പലപ്പോഴും സാമൂഹികമായി ഉന്നതിയിലെത്തിയ കുടുംബങ്ങളിലെ സ്ത്രീകള്‍ക്കുമാത്രമാണ് തൊഴിലുകള്‍ ലഭ്യമായത്. പാവപ്പെട്ട കുടുംബങ്ങളില്‍ പുരുഷനു പോലും തൊഴിലില്ലാതെ അലയുമ്പോഴായിരുന്നു ഇത്. സമൂഹത്തിലെ സാമ്പത്തിക അസമത്വം വര്‍ദ്ധിക്കാനും ഇത് ഇടവരുത്തി.
തൊഴിലിടത്തെത്തിയ സ്ത്രീയെ എങ്ങനെ കൂടുതല്‍ ഉപയോഗപ്പെടുത്താമെന്നായിരുന്നു മുതലാളിത്തത്തിന്റെ ചിന്ത. ആദ്യമാദ്യം പ്രസവാവധി അടക്കമുള്ള അവരുടെ പ്രത്യേക ആവശ്യങ്ങളെ പരിഗണിക്കുന്നതിന് ചില നീക്കങ്ങളുണ്ടായിരുന്നു. എന്നാല്‍, സമീപകാലത്തായി സാങ്കേതിക സഹായത്തോടെ പ്രസവം പിന്തിപ്പിക്കാനും ഗര്‍ഭധാരണക്ക് പുതിയ വിദ്യകള്‍ വികസിപ്പിക്കാനുമാണ് ഗവേഷണങ്ങള്‍ പുരോഗമിക്കുന്നത്. ഫെസ്ബുക്കിനെപ്പോലുള്ള ആഗോള ഭീമന്‍മാര്‍ ഇത്തരം പദ്ധതികള്‍ സജീവ പരിഗണനയിലാണെന്ന് പ്രഖ്യാപിച്ചിരുന്നുവല്ലോ. ചില കാര്യങ്ങള്‍ക്ക് ഭര്‍ത്താവിന്റെ സമ്മതം വേണമെന്ന ഇസ്ലാമിക അധ്യാപനത്തെ വിമര്‍ശിച്ചവര്‍ സ്ത്രീയുടെ ജന്മാവകാശമായ ഗര്‍ഭധാരണ പോലും തൊഴിലുടമയുടെ താല്‍പര്യത്തിന് അനുസൃതമാക്കുകയാണെന്നത് എത്രമാത്രം സ്ത്രീവിരുദ്ധമാണ്.


ആണധികാരത്തിന്റെ ചട്ടുകമാകുന്ന ഫെമിനിസം
വിവേചനങ്ങളില്‍ നിന്ന് സ്ത്രീ സമൂഹത്തിന് മോചനം വാഗ്ദാനം ചെയ്താണല്ലോ ഫെമിനസം ശക്തിപ്രാപിക്കുന്നത്. അടിച്ചമര്‍ത്തപ്പെട്ടിരുന്ന സ്ത്രീകള്‍ക്ക് ഒരളവോളം സ്വതന്ത്ര വായു ശ്വസിക്കാന്‍ അത് അവസരം നല്‍കിയെന്നത് നിഷേധിക്കാവതല്ല. എന്നാല്‍, അപകടം മണത്ത മുതലാളിത്തം തന്ത്രത്തില്‍ സ്ത്രീകളെ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് ചലിപ്പിക്കാവുന്ന സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ച് വശത്താക്കുകയായിരുന്നു. സ്ത്രീ വസ്ത്രധാരണയോടുള്ള ആധുനിക സമീപനം പരിശോധിച്ചു നോക്കൂ. പോരാടി നേടിയതായിരുന്നു മാറ് മറക്കാനുള്ള, മാന്യമായ വസ്ത്രം ധരിക്കാനുള്ള അവരുടെ അവകാശം. പുരുഷന് ആസ്വദിക്കാനുള്ള ദൈവ സമ്മാനമായി മാത്രമായിരുന്നു പല സമൂഹങ്ങളും സ്ത്രീയെ സമീപിച്ചത്. ഉന്നത കുല സ്ത്രീകള്‍ വീടറകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ട അന്തര്‍ജനങ്ങളായി. താഴ്ന്ന ജാതിക്കാര്‍ മാറ് മറക്കാതെ പുരുഷന് ആസ്വദിക്കാന്‍ അവസരം നല്‍കണം. കാമവെറി മൂത്ത് അവന്‍ കയറിപ്പിടിക്കുമ്പോള്‍ മാത്രം താഴ്ന്ന ജാതിക്കാരിയുടെ തൊട്ടുകൂടായ്മ അവസാനിക്കുന്ന സാമൂഹിക ക്രമം. യൂറോപ്പിലെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. പുരുഷന്റെ വസ്തു മാത്രമായിരുന്നു സ്ത്രീ. സ്വത്തവകാശമോ, സാമ്പത്തിക ഇടപാടുകള്‍ക്കുള്ള സ്വാതന്ത്ര്യമോ ഒന്നും അവള്‍ക്കില്ലായിരുന്നു. പുരുഷന് സുഖം നല്‍കാന്‍ മാത്രം പടക്കപ്പെട്ടവള്‍. അധികാരത്തിലൂടെ, ആധിപത്യത്തിലൂടെ അടിച്ചമര്‍ത്തിയായിരുന്നു ആണാധിപത്യ മേല്‍ക്കോയ്മ സ്ഥാപിച്ചിരുന്നത്. എന്നാല്‍, ജനാധിപത്യ-സ്വാതന്ത്ര്യ ബോധം ശക്തിപ്പെട്ടതോടെ സിദ്ധാന്തങ്ങളിലൂടെ സ്ത്രീകളെ വരുതിയിലാക്കുകയായിരുന്നു പാട്രിയാര്‍ക്കി. സ്ത്രീ സൗന്ദര്യം പ്രകടിപ്പിക്കുന്നതായി ഔന്നത്യം. അര്‍ദ്ധ നഗ്‌നത പുരോഗമനമായും മാന്യമായ വസ്ത്രം അപരിഷ്‌കൃതമായും ചിത്രീകരിക്കപ്പെട്ടു. രാഷ്ട്രീയ,സാമൂഹിക,മാധ്യമ,സിനിമാ,കായിക മേഖലകളെല്ലാം പിരശോധിച്ച് നോക്കൂ. പുരുഷന്‍ സ്യൂട്ടും കോട്ടും ധരിച്ച് വരുമ്പോള്‍ സ്ത്രീ അര്‍ദ്ധനഗ്‌നയായിട്ടായിരിക്കും പ്രത്യക്ഷപ്പെടുക. നഗ്‌നത സ്വമേധയാ തെരഞ്ഞെടുക്കുന്നതിലേക്ക് സ്ത്രീയെ നയിച്ചുവെന്നതാണ് സിദ്ധാന്തങ്ങള്‍ വരുത്തിയ സ്ത്രീ പുരോഗതി. സൂത്രത്തില്‍ പുരുഷാധിപത്യം ഒളിച്ചു കടത്തുകയാണ് ഇവയെന്നര്‍ഥം. സ്ത്രീത്വത്തിന്റെ പ്രത്യേകതകളെല്ലാം ഉപേക്ഷിച്ച് വസ്ത്രം, ജോലി, ഉത്തരവാദിത്തം എന്നിവയിലെല്ലാം പുരുഷനപ്പോലെയാകലാണ് പുരോഗതിയെന്ന പൊതു ബോധത്തിലേക്ക് പലരെയും എത്തിക്കാനാകുന്നുവെന്നതാണ് അതിന്റെ പരിണിതി. സ്ത്രീത്വം പവിത്രമാണെന്നും അവര്‍ ചെയ്യുന്ന സേവനങ്ങളെല്ലാം മഹത്തരമാണെന്നും കുഞ്ഞിന് ജന്മംനല്‍കി വളര്‍ത്തുന്നത് ഒരു കാലത്തും പുരുഷന് നിര്‍വഹിക്കാന്‍ പോലും സാധിക്കാത്ത് മനുഷ്യ നിലനില്‍പ്പിന് അനിവാര്യമായ ദൗത്യമാണെന്നും ഉള്‍കൊണ്ട് നയനിലപാടുകളുണ്ടാക്കുമ്പോഴാണ് യഥാര്‍ഥ സ്ത്രീ വിമോചനം സാധ്യമാകുന്നത്. ഇസ്ലാം ഊന്നല്‍ നല്‍കുന്നതും അതിനാണല്ലോ.


ഇസ്ലാമിലെ സ്ത്രീയും മുസ്ലിം സ്ത്രീയും
ഇസ്ലാം സ്ത്രീയെ അടിച്ചമര്‍ത്തുന്നുവെന്നാണല്ലോ മുറവിളി. സത്യത്തില്‍ അടിസ്ഥാന കാര്യങ്ങളിലെല്ലാം സ്ത്രീ-പുരുഷ വ്യത്യാസമില്ലെന്നാണ് മതനിലപാട്. ദൈവഭക്തിയാണ് വിജയത്തിനാധാരം. എന്നാല്‍, ഇരുവരുടെയും പ്രകൃതിപരമായ വൈജാത്യങ്ങള്‍ പരിഗണിച്ച് അവകാശാധികാരങ്ങളില്‍ വ്യത്യസ്തമായ കാഴ്ച്ചപ്പാടാണ് ഇസ്ലാം മുന്നോട്ടുവെക്കുന്നത്. ചില മത നിയമങ്ങളിലും ഇത്തരം വേര്‍തിരിവുകള്‍ ദര്‍ശിക്കാം. സ്രഷ്ടാവായ അല്ലാഹു സൃഷ്ടികളുടെ പ്രത്യേകതകളും അവരുടെ ജീവിത ദൗത്യവും മുന്‍നിര്‍ത്തിയാണ് അത്തരം വൈജാത്യങ്ങള്‍ ക്രമീകരിച്ചത്. അത്കൊണ്ടുതന്നെ ഇസ്ലാമിലെ സ്ത്രീ നിയമങ്ങള്‍ വിവേചനപരമല്ലെന്നത് സുവ്യക്തമാണ്. കുടുംബം, സമൂഹം എന്നീ രണ്ട് മേഖലകളെയും ഒരുപോലെ പരിഗണിക്കുന്ന ജീവിത വ്യവസ്ഥിതിയാണ് ഇസ്ലാം പഠിപ്പിക്കുന്നത്. പുരുഷ പ്രകൃതിക്ക് അനുസൃതമായതിനാല്‍ സാമൂഹിക ഉത്തരവാദിത്തങ്ങള്‍ കൂടുതലും അവനാണ്. തുല്യ പ്രാധാന്യമുള്ള കുടുംബ ഉത്തരവാദിത്തങ്ങള്‍ പ്രധാനമായും സ്ത്രീകളുടെ ചുമതലയും. പുരുഷന്റെ കായിക ബലവും സാമൂഹിക സ്വാധീനവും ആണധികാരത്തിലേക്ക് വഴുതിമാറാതിരിക്കാന്‍ നിരവധി ഉത്തരവാദിത്തങ്ങളാണ് അവന് നല്‍കുന്നത്. സ്ത്രീകളോട് നീതികാണിക്കണമെന്ന കര്‍ക്കശമായ ഉപദേശവും. ശാരീരിക-സാമൂഹിക ചുറ്റുപ്പാട് സ്ത്രീ ചുഷണ വിധേയമാകാനുള്ള സാധ്യതകളുള്ളതിനാല്‍ അവളുടെ അവകാശങ്ങള്‍ക്കും സുരക്ഷക്കുമാണ് ഇസ്ലാം പ്രാധാന്യം നല്‍കുന്നത്. പുരുഷന്‍ നിര്‍വഹിക്കുന്ന സാമൂഹകി സേവനത്തില്‍ നിന്ന് ഒട്ടും പ്രാധാന്യം കുറഞ്ഞതല്ല സ്ത്രീ നിര്‍വഹിക്കുന്ന കുടുംബ സേവനങ്ങള്‍. എന്നാല്‍, അവ നിര്‍വഹിക്കുന്ന സാമൂഹിക ദൗത്യം അവഗണിച്ച് സാമ്പത്തിക വരുമാനമെന്ന മാനദണ്ഡത്തില്‍ മാത്രം സേവനങ്ങള്‍ക്ക് മാര്‍ക്കിട്ടതാണ് മുതലാളിത്ത വ്യവസ്ഥയുടെ പ്രശ്നം. വരുമാനമില്ലാത്ത സ്ത്രീ സേവനങ്ങളുടെ പ്രധാന്യം അവര്‍ അവഗണിച്ചത് സമൂഹത്തിന്റെ സുസ്ഥിര വികാസത്തിന് ആഘാതമാകുകയാണ് ചെയ്യുന്നത്.
ഇസ്ലാം സ്ത്രീക്ക് നീതി ഉറപ്പ് വരുത്തുന്നുവെന്ന് അവകാശപ്പെടുന്നതിനര്‍ഥം; മുസ്ലിം സ്ത്രീ എല്ലാ അര്‍ഥത്തിലും വിമോചിതയാണെന്നല്ല. പ്രമാണം എന്ത് പറയുന്നുവെന്നതിനപ്പുറം സമൂഹത്തില്‍ എന്ത് നടക്കുന്നുവെന്നതും പരിശോധിക്കപ്പെടണം. സ്ത്രീക്ക് ഇസ്ലാം നല്‍കിയ പരിഗണനയും അവകാശവും കുടുംബാധികാരവും പലപ്പോഴും സമൂഹം അംഗീകരിക്കുന്നില്ല. പുരുഷാധിപത്യ പൊതു ബോധത്തിന്റെ അലയൊലികള്‍ സമുദായത്തിനകത്തും കാണാം. സ്ത്രീകള്‍ നിര്‍വഹിക്കുന്ന ഗാര്‍ഹിക സേവനങ്ങള്‍ അവരുടെ ബാധ്യതയാണെന്നാണ് പലരും ധരിക്കുന്നത്. എന്നാല്‍, മതപരമായി അവ സ്ത്രീയുടെ ഉത്തരവാദിത്തമല്ലെന്ന് പുരുഷന്‍ തിരിച്ചറിയണം. പ്രവാചകര്‍(സ്വ) തന്റെ ഭാര്യമാരെ ഗാര്‍ഹിക ജോലികളില്‍ സഹായിച്ചിരുന്നുവല്ലോ. എന്നിട്ടും വീട്ടുജോലികളില്‍ പുരുഷനും പങ്കാളിയാകണമെന്നത് കുടുംബ മന്ത്രാലയങ്ങളുടെ കാമ്പയിനില്‍ നിന്ന് പഠിക്കേണ്ടിവരുന്നത് സമുദായത്തിന്റെ ദുരന്തമാണ്. പല ഗാര്‍ഹിക ജോലികള്‍ക്കും പ്രതിഫലം നല്‍കണമെന്ന് പോലും കര്‍മശാസത്ര പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നുണ്ട്. വീട്ടുജോലി ചെയ്യുന്ന സ്ത്രീക്ക് പുരുഷന്‍ പണം നല്‍കണമെന്ന രീതിയില്‍ നിയമനിര്‍മാണം നടത്തുന്നതിനെക്കുറിച്ച് രാജ്യത്തിനകത്തു പോലും സജീവമായി ചര്‍ച്ചകളാണ് ഇന്ന് നടക്കുന്നത്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് അത് പുരുഷന്റെ ധാര്‍മിക ഉത്തരവാദിത്തമാണെന്ന് മതപണ്ഡിതര്‍ വ്യക്തിമായി പഠിപ്പിച്ചിട്ടും ധാര്‍മിക മൂല്യങ്ങളേതുമില്ലെന്ന് നാം നിരന്തരം ആരോപിക്കുന്ന ആധുനിക നിയമസംഹിത വേണ്ടിവരുന്നു അത്തരം രീതിയിലേക്ക് നമ്മുടെ ആലോചന പോകാനെന്നത് ഖേദകരമാണ്. ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ വെളിച്ചത്ത് വരുമ്പോള്‍ ഇത് നേരത്തെ ഖുര്‍ആനില്‍ പരാമര്‍ശിച്ചതാണെന്ന് പ്രസംഗിക്കുന്നതു പോലെ, രാജ്യം ഗാര്‍ഹിക ജോലിക്ക് വേതനം നല്‍കണമെന്ന നിയമമുണ്ടാക്കുമ്പോള്‍ അത് നേരത്തെ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ പറഞ്ഞതാണെന്ന് ഊറ്റം കൊണ്ടാല്‍ പോരാ. ഉത്തമ സമുദായമായ നമ്മള്‍ പ്രായോഗികതലത്തില്‍ അത്തരം മാതൃകകള്‍ സ്വയം സൃഷ്ടിക്കണം. പുരുഷനെപ്പോലെ സമ്പാദിക്കാനും സാമ്പത്തിക ഇടപാടുകള്‍ നടത്താനും സ്ത്രീക്ക് അവകാശമുണ്ടല്ലോ. വിവാഹ സമ്മാനം, അനന്തരാവകാശം തുടങ്ങി സ്ത്രീക്ക് വരുന്ന സമ്പാദ്യം അവരുടേത് തന്നെയാകണം. അവയെല്ലാം അനാവശ്യമായി പുരുഷന്‍ കൈകാര്യം ചെയ്യുന്ന രീതി തിരുത്തപ്പെടണം. വീട്, വാഹനം, മറ്റു കുടുംബ ബജറ്റെല്ലാം അടിസ്ഥാനപരമായി പുരുഷന്റെ ബാധ്യതയാണെന്ന് തിരിച്ചറിവുണ്ടാകണം. പ്രതിഫലാര്‍ഹമായ തൊഴിലിനു പോകാതെ കുടുംബിനിയായി കഴിയുന്ന സ്ത്രീക്കും സ്വന്തം കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സാമ്പത്തിക ഭദ്രത പുരുഷന്‍ ഉറപ്പ്വരുത്തണം.


സാഹചര്യങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താം
സാമൂഹിക യാഥാര്‍ഥങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നതാണല്ലോ ഇസ്ലാമിക ശൈലി. അടിമ വ്യവസ്ഥിതി സാര്‍വത്രികമായിരുന്നതിനാല്‍ അതിനെ നിരോധിക്കുന്നതിനു പകരം മാനുഷിക മൂല്യങ്ങളും നീതിബോധവും അടിസ്ഥാനമാക്കി പരിഷ്‌കരിക്കുകയായിരുന്നല്ലോ ഇസ്ലാം. അടിമയും ഉടമയും തമ്മിലുള്ള അന്തരം കേവലം സാങ്കേതികമാക്കി പരിവര്‍ത്തിപ്പിച്ചു ഇസ്ലാം. സ്ത്രീ തൊഴിലുമായി ബന്ധപ്പെട്ട സമുദായ സമീപനങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ ഇത് ശ്രദ്ധിക്കണം. തൊഴില്‍, കച്ചവടം തുടങ്ങിയ വരുമാന മാര്‍ഗങ്ങള്‍ സ്ത്രീക്ക് നിര്‍ബന്ധ ബാധ്യതയല്ലെങ്കിലും അവളുടെ സ്വാതന്ത്ര്യമാണല്ലോ. ഇസ്ലാമിക മൂല്യങ്ങള്‍ ഉറപ്പ് വരുത്തണമെന്ന് മാത്രം. സ്ത്രീ ഡോക്ടറും പിരിചാരകിയുമെല്ലാം ഉണ്ടാകുകയെന്നത് ഫര്‍ള് കിഫായയാണെന്നത് വിസ്മരിച്ചുകൂടാ. സാമൂഹിക,സാമ്പത്തിക മേഖലകളില്‍ വ്യാപകമായ സ്ത്രീ സാന്നിധ്യം യാഥാര്‍ഥ്യമായ ആധുനികകാലത്ത് അതിനോട് നിഷേധാത്മക സമീപനം സ്വീകരിക്കുന്നത് നിരര്‍ഥകമാണ്. തൊഴിലെടുക്കാന്‍ താല്‍പര്യപ്പെടുന്ന സ്ത്രീകള്‍ക്ക് മത മുല്യങ്ങള്‍ ഉള്‍കൊണ്ട് അതിനുള്ള സാഹചര്യം സൃഷ്ടിക്കലാണ് സമൂഹത്തിന്റെ കടമ. എന്നാല്‍, കുടുംബിനിയാകാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് അതിനുള്ള അവകാശം നല്‍കണം. കുടില്‍ വ്യവസായങ്ങള്‍, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്, വര്‍ക് അറ്റ് ഹോം തുടങ്ങിയ സാധ്യതകള്‍ മുസ്ലിം സ്ത്രീക്ക് അനുഗണമായി പ്രയോജനപ്പെടുത്താന്‍ ആലോചനകളുണ്ടാകണം.
പഴയ തലമുറയില്‍ പൊതുവെ പത്ത് മക്കളെ വരെ പ്രസവിക്കുന്ന സ്ത്രീകള്‍ വിവാഹാനന്തരം പ്രയാധിക്യം വരെ സന്താന പരിപാലനവുമായി വ്യാപൃതമായിരുന്നു. അത് അവരുടെ ജീവിതത്തിന് അര്‍ഥം നല്‍കി. അതോടൊപ്പം അടുക്കളത്തോട്ടം, കൃഷി തുടങ്ങിയ പല മേഖലകളിലും അവര്‍ സജീവമായിരുന്നു. എന്നാല്‍, രണ്ടോ മൂന്നോ കുഞ്ഞുങ്ങളില്‍ പരിമിതമാകുന്ന ആധുനിക കാലത്ത് ഗാര്‍ഹിക ഭരണം മാത്രം ജീവിതത്തിന് അര്‍ഥം സമ്മാനിക്കണമെന്നില്ല. അവര്‍ക്ക് അനുയോജ്യമായ, ധാര്‍മിക മൂല്യങ്ങള്‍ സൂക്ഷിക്കാന്‍ പറ്റുന്ന തൊഴിലിടങ്ങള്‍ സൃഷ്ടിക്കന്നുത് സമുദായ താല്‍പര്യം കൂടിയാണ്. പാശ്ചാത്യര്‍ ഇടുന്ന ഓരോ ചൂണ്ടയിലും കൊത്തി അവരെ അനുധാവനം ചെയ്യുകയല്ല വേണ്ടത്. മറിച്ച് ഇസ്ലാമിക മൂല്യങ്ങളില്‍ നിന്ന് മാതൃകായോഗ്യമായ സാമൂഹിക വ്യവസ്ഥിതി സൃഷ്ടിക്കാന്‍ സമുദായത്തിനാകണം. ആത്മാഭിമാനത്തോടെയും ആത്മസംതൃപ്തിയോടെയും ജീവിക്കാനുള്ള സാഹചര്യം മുസ്ലിം സ്ത്രീക്കുണ്ടാകണം.

എം.കെ ജാബിര്‍ അലി ഹുദവി