പിണങ്ങോട്; വിടപറഞ്ഞ സംഘാടക പ്രതിഭ

2026

പിണങ്ങോട്. വയനാട് ജില്ലയിലെ കല്‍പറ്റക്കടുത്തുള്ള ഒരു നാടന്‍ ഗ്രാമം. മറ്റുപ്രദേശങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്ന പലതുമുണ്ട് പിണങ്ങോടിനു പറയാന്‍. ജില്ലയിലെ ആദ്യകാല മുസ്‌ലിം കുടിയേറ്റ പ്രദേശങ്ങളിലൊന്നായ ഇവിടെയാണ് ജില്ലയിലാദ്യമായി ബിദ്അത്തിന്റെ വിത്ത് വിതച്ചത്. പരമ്പരാഗതമായി നടന്നുവന്നിരുന്ന ഒരു മഹല്ല് സംവിധാനം ഒന്നടങ്കം വഹാബിസത്തിന്റെ കൈയിലകപ്പെട്ടുപോയ വയനാട്ടിലെ ഏക പ്രദേശമാണിവിടം. ആരുടേയോ അശ്രദ്ധ മുതലെടുത്ത് ഖബര്‍സ്ഥാനും ജുമാ മസ്ജിദുമെല്ലാം കൈപ്പിടിയിലാക്കിയ മുജാഹിദ് ആശയക്കാര്‍ക്കൊപ്പം ജമാഅത്തുകാര്‍ക്കും പഞ്ചായത്തിലേക്കൊരു മെമ്പറെ പറഞ്ഞയക്കാനാവുന്ന ജില്ലയിലെ ഏക പ്രദേശമാണ് ഈ നാട്. ബഹുഭൂരിഭാഗം മുസ്‌ലിംകളും സമസ്തയുടെ ആശയ വാഹകാരണെങ്കിലും വിഘടിത വിഭാഗത്തിനും സ്വന്തമായി പള്ളിയും മദ്‌റസയുമുണ്ടിവിടെ. മുസ്‌ലിം സമുദായത്തിലെ വ്യത്യസ്ത വിഭാഗങ്ങളുടെ സംഗമഭൂമിയായ പിണങ്ങോടെന്ന പ്രദേശത്തെ പക്ഷേ പുറംലോകമറിയുന്നത് ഒരു വ്യക്തിയുടെ നാമമായാണ്. അബൂബക്ര്‍ എന്ന യഥാര്‍ഥ നാമം പോലുമറിയാത്ത അനേകമായിരങ്ങള്‍ക്ക് പിണങ്ങോടെന്ന പേരുകൊണ്ട് പ്രശസ്തനായ വ്യക്തിയെ അറിയാം.
പെരിങ്ങത്തൂരില്‍നിന്ന് വയനാട്ടില്‍ കുടിയേറിയും പള്ളിക്കണ്ടി തറവാട്ടിലായിരുന്നു അബൂബക്‌റിന്റെ ജനനം. 1956 ജനുവരി ഒന്നിന്. ഇബ്‌റാഹീം ആണ് പിതാവ്. പിണങ്ങോട് പ്രദേശത്തെ മണ്ണില്‍ ഖദീജയാണ് മാതാവ്. തലമുറകുടെ ചരിത്രം അയവിറക്കാനുള്ള പിണങ്ങോട് ഗവ. യു.പി. സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. പിണങ്ങോട് സിറാജുല്‍ ഇസ്‌ലാം മദ്‌റസയിലാണ് മതപഠനത്തിനു തുടക്കം കുറിച്ചത്. സമസ്തയുടെ പൊതുപരീക്ഷയില്‍ ഏഴാം ക്ലാസില്‍ സംസ്ഥാനതലത്തില്‍ ഒന്നാം റാങ്ക് നേടിയതും പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങിയതും അദ്ദേഹം അഭിമാനപൂര്‍വം അയവിറക്കാറുണ്ട്.
1972 ല്‍ കംബ്ലക്കാട് വലിയ ജുമുഅത്ത് പള്ളിയില്‍ മുതഅല്ലിമായതോടെ ഒരു പതിറ്റാണ്ടോളം നീണ്ടുനിന്ന ദര്‍സ് ജീവിതത്തിനു തുടക്കമായി. കാപ്പുണ്ടിക്കല്‍ (വയനാട്), ശ്രീകണ്ഠപുരം (കണ്ണൂര്‍), അങ്കടിമുഗള്‍ (കാസര്‍കോട്) എന്നിവിടങ്ങളിലെ പഠനകാലത്ത് ഹൈദ്രോസുകുട്ടി മൊല്ലാക്ക, കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍, ബീരാന്‍കുട്ടി ഹാജി, ശ്രീകണ്ഠപുരം അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവര്‍ പ്രധാന ഗുരുനാഥന്മാരായിരുന്നു. പള്ളി ദര്‍സിലെ പഠനകാലത്തുതന്നെ മദ്‌റസാധ്യാപന രംഗത്തും കടന്നുവന്ന അദ്ദേഹം കല്‍പറ്റ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജോ. സെക്രട്ടറി സ്ഥാനം ഏറ്റെടുത്തുകൊണ്ട് തുടങ്ങിയ സംഘടനാ പ്രവര്‍ത്തനം സമസ്തയുടെ ജനറല്‍ മാനേജറെന്ന പദവിയും എസ്.എം.എഫ്, എസ്.വൈ.എസ് സംസ്ഥാന കാര്യദര്‍ശിയുമൊക്കെയായി ഉയര്‍ന്നപ്പോഴും പിറന്ന നാട്ടിലെ മഹല്ല് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തും തുടര്‍ന്നു. എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റി, ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി എന്ന സ്ഥാപനം 2002 ല്‍ ആരംഭിച്ച കാലം മുതല്‍ മരണംവരെയും അതിന്റെ ട്രഷറര്‍ പിണങ്ങോടായിരുന്നു. പദവികള്‍ അലങ്കാരത്തിനു കൊണ്ടുനടക്കുന്നതിനു പകരം തന്റെ പങ്കു ഭംഗിയായി നിര്‍വഹിക്കാന്‍ അദ്ദേഹം കാണിച്ച താല്‍പര്യത്തിന്റെ ഉദാഹരണമാണ് വിദ്യാഭ്യാസ ബോര്‍ഡിന്റെ നിലവിലുള്ള ഘടനയും പുരോഗതിയും.
ഇടക്കാലത്ത് പ്രവാസജീവിതം തെരഞ്ഞെടുത്ത അദ്ദേഹം അതിനു കണ്ടെത്തിയ ഇടം ബഹ്‌റൈനായിരുന്നു. സമസ്ത ബഹ്‌റൈന്‍ ഘടകത്തിന്റെ സ്ഥാപകനായ അദ്ദേഹം തന്നെയാണ് ഇന്ന് വിഘടിതരുടെ നിയന്ത്രണത്തിലുള്ള ബഹ്‌റൈന്‍ സുന്നി ജമാഅത്തിന്റെയും സ്ഥാപകന്‍. താനുണ്ടാക്കിയ സംഘടന വഴിപിഴക്കുന്നതു കണ്ടപ്പോള്‍ ശംസുല്‍ ഉലമയുടെ പാത പിന്‍പറ്റാന്‍ അദ്ദേഹം കണ്ടെത്തിയ വഴിയായിരുന്നു ബഹ്‌റൈന്‍ സമസ്ത 1979-ല്‍ ആരംഭിച്ച പ്രവാസ ജീവിതം ഒന്നര പതിറ്റാണ്ടോളം നീണ്ടുനിന്നു.
സുന്നികള്‍ക്കൊരു ദിനപത്രമെന്ന ആശയവുമായി സിറാജ് പത്രം തുടക്കം കുറിച്ചപ്പോള്‍ അതിന്റെ പത്രാധിപരില്‍ പിണങ്ങോടുണ്ടായിരുന്നു. പത്രം ലക്ഷ്യം തെറ്റി സഞ്ചരിക്കാന്‍ തുടങ്ങിയതോടെ സിറാജിന്റെ പടിയിറങ്ങിയ പിണങ്ങോടിന്റെ മനസ്സിലെ ആഗ്രഹമാണ് സുപ്രഭാതമായി പിന്നീട് യാഥാര്‍ഥ്യമായത്. സമസ്തയുടെ മുഴുവന്‍ പ്രസിദ്ധീകരണങ്ങളിലും ചന്ദ്രിക ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളിലും അനേകം സ്ഥാപനങ്ങളുടെയും സംഘടനകളുടെയും വാര്‍ഷിക പതിപ്പുകളുടെയും പേജുകള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ സമ്പന്നമായി. അന്‍പതിലധികം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. സമസ്തയുടെ പഴയകാല നേതാക്കളെ പുതുതലമുറ പഠിക്കുന്നത് അദ്ദേഹത്തിന്റെ വരികളിലൂടെയാണ്. എന്നാല്‍, താനെഴുതിയ പുസ്തകങ്ങളിലൊന്നും തന്നെ പരിചയപ്പെടുത്തുന്ന വരികളൊന്നുമില്ലെന്നത് പിണങ്ങോടിന്റെ മാത്രം പ്രത്യേകതയായിരിക്കും.
വായനയും പഠനവും വഴി സമയം ചെലവഴിക്കാനായിരുന്നു അദ്ദേഹത്തിന് ഏറെ ഇഷ്ടം. പുലര്‍ച്ചെ മൂന്നു മണിക്ക് ഉണരുന്ന അദ്ദേഹം തഹജ്ജുദ് നിസ്‌കാര ശേഷം സമയം ചെലവഴിക്കുന്നത് വായനക്കോ എഴുത്തിനോ വേണ്ടിയാവും. നേരത്തെ ഉറങ്ങുക എന്നതും അദ്ദേഹം ശീലമാക്കിയെടുത്തു. സേവനരംഗത്ത് സാധ്യമാവുംവിധം ഇടപെടുന്നതില്‍ അദ്ദേഹം മടി കാണിച്ചില്ല. ആരോഗ്യം അനുവദിച്ച കാലമത്രയും തന്റെ മഹല്ലിലെ മരണാനന്തര കര്‍മങ്ങളുടെ നേതൃത്വം അദ്ദേഹം തന്നെയായിരുന്നു. വിദ്യാഭ്യാസ ബോര്‍ഡ് മാനേജറായിരുന്ന കാലത്ത് നാട്ടിലെ മരണ വിവരങ്ങള്‍ അറിഞ്ഞാല്‍ തന്റെ ചെലവില്‍ വാഹനമെടുത്തുവന്ന് ജനാസ കുളിപ്പിക്കല്‍ ഉള്‍പ്പെടെ നടത്തി തിരിച്ചുപോയ അനുഭവങ്ങളും ധാരാളമാണ്.
താന്‍ ക്ഷണിക്കപ്പെട്ട പൊതു പരിപാടികളിലും പങ്കെടുക്കേണ്ട യോഗങ്ങളിലും സമയനിഷ്ഠ പാലിക്കല്‍ അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. സദസ്സില്‍ ഒരാളുപോലുമില്ലാതെ വേദിയില്‍ പരിപാടി ആരംഭിച്ച രസകരമായ അനുഭവങ്ങള്‍ ഏറെയാണ്. സമ്പന്നനായിരുന്നില്ല പിണങ്ങോട്. ജീവിതം ഒരുവിധം കടന്നുപോകുമെന്നുമാത്രം. എങ്കിലും തന്നെ ആശ്രയിച്ചു കഴിയുന്ന ചിലരുണ്ടായിരുന്നു. അവരുടെ മരുന്നു ഭക്ഷണവും മുടങ്ങാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധവച്ചു. ആരുടെ മുന്നിലും കൈനീട്ടേണ്ട അവസ്ഥ വരാതിരിക്കാന്‍ എപ്പോഴും അദ്ദേഹം പ്രവര്‍ത്തിക്കുമായിരുന്നു. പ്രശ്‌നങ്ങളില്‍ ഇടപെട്ട് തീര്‍പ്പു കല്‍പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് മലപോലെ വന്ന പല പ്രശ്‌നങ്ങളെയും മഞ്ഞാക്കി മാറ്റിയ അനുഭവങ്ങള്‍ക്ക് സാക്ഷിയാണ് തന്റെ വീടകം.
കുടുംബബന്ധം സംരക്ഷിക്കുന്നതില്‍ അദ്ദേഹം കാണിച്ച മാതൃക അനുകരണീയമാണ്. വര്‍ഷത്തിലൊരിക്കലെങ്കിലും അകന്ന ബന്ധുക്കളെപോലും തേടി അദ്ദേഹമെത്താതിരിക്കില്ല. പൂരപ്പിലാക്കല്‍ ഖദീജയാണ് ഭാര്യ. നുസൈബയും ഉമൈബയും സുവൈബയുമാണ് മക്കള്‍. മൂന്നുപേരും വിവാഹിതരാണ്. എന്നാല്‍, ഓരോ പെരുന്നാളിനും തങ്ങള്‍ക്ക് പുതുവസ്ത്രമെടുക്കാന്‍ മറക്കാത്ത പിതാവായിരുന്നു ഇവര്‍ക്ക് പിണങ്ങോടെന്ന വലിയ മനുഷ്യന്‍. ഈ വര്‍ഷവും അത് തെറ്റാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. രണ്ടുമാസക്കാലത്തോളം നീണ്ട മിംസ് ആശുപത്രി വാസത്തിനും ശേഷം വീട്ടിലെത്തിയ് അദ്ദേഹം മരണമടയുന്നതിന്റെ രണ്ട് ദിവസം മുമ്പ് അതിനാവശ്യമായ സംഖ്യ മക്കള്‍ക്ക് കൈമാറി. സമസ്തയുടെ പഴയകാല നേതാക്കളോടുള്ള തീഷ്ണമായ ബന്ധം അദ്ദേഹം മങ്ങാതെ സൂക്ഷിച്ചു. പാണക്കാട് കുടുംബത്തോടുള്ള അടുപ്പം പ്രത്യേകിച്ചും ഉമറലി ശിഹാബ് തങ്ങളെ അനുകരിക്കുന്നതിലുള്ള അഭിമാനം അദ്ദേഹം പലപ്പോഴും പങ്കുവച്ചു. മനസ്സിലൊന്നും ഒളിപ്പിക്കാതെ എല്ലാം എല്ലാവരോടും തുറന്നുപറഞ്ഞു. ആദര്‍ശ രംഗത്ത് ശക്തമായ നിലപാട് സ്വീകരിക്കുമ്പോഴും വ്യക്തിബന്ധങ്ങള്‍ തകരാതിരിക്കാന്‍ ശ്രദ്ധിച്ചു. ഉറച്ച രാഷ്ട്രീയക്കാരനായിരുന്നിട്ടും രാഷ്ട്രീയം തനിക്കിണങ്ങുന്ന കുപ്പായമല്ലെന്ന് കണ്ട് സൂക്ഷ്മത പാലിച്ചു. ചുരുക്കത്തില്‍ പിണങ്ങോട് എല്ലാമായിരുന്നു. പണ്ഡിതന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍, പ്രവര്‍ത്തകന്‍, സംഘാടകന്‍, നേതാവ്, മധ്യസ്ഥന്‍, എല്ലാറ്റിലുമുപരി മക്കളോടും കുടുംബത്തോടും വല്ലാത്ത ഇഷ്ടംവച്ച കുടുംബനാഥന്‍.
സമസ്ത കുടുംബത്തോടൊപ്പം വയനാടിന് അദ്ദേഹത്തിന്റെ വിയോഗം വരുത്തിയ നഷ്ടം അപരിഹാരം. വയനാടിന്റെ മത മേഖലയില്‍ പിണങ്ങോടിനു തുല്യം പിണങ്ങോട് മാത്രം. 2021 ഏപ്രില്‍ 19, ഹിജ്‌റ വര്‍ഷം 1442 റമളാന്‍ ഏഴിന് ആ ചരിത്ര പുരുഷന്‍ ഈ ലോകത്തോട് വിടപറഞ്ഞു.

ഇബ്‌റാഹീം ഫൈസി പേരാല്‍