പ്രവാസികള്‍ക്കു നാം തുറന്നു വെച്ച വാതിലുകള്‍

2399

പ്രവാസികളെ സ്വീകരിക്കാന്‍ സര്‍വ്വാത്മനാ സന്നദ്ധമാണെന്ന മലയാളമണ്ണിന്റെ ഒത്തുപറച്ചില്‍ ഈ നാടിന്റെ ഭാഗധേയം നിര്‍ണ്ണയിച്ചത് പ്രവാസികള്‍ കൂടിയാണെന്ന ഏറ്റുപറച്ചിലാണ്.
നല്ലവാക്കിന്റെ താക്കോലു കൊണ്ട് സ്‌നേഹത്തിന്റെ ഒരായിരം വാതായനങ്ങള്‍ നമുക്ക് മലര്‍ക്കെ തുറക്കാം, പ്രവാസികള്‍ക്കായി

മലയാളിയുടെ പ്രവാസ ജീവിതത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും, ഗള്‍ഫ് നാടുകളുടെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നതോടെയാണ് പ്രവാസം അഭിലഷണീയമായിത്തീര്‍ന്നത്. പ്രതിവര്‍ഷം 75000 കോടി രൂപയാണ് പ്രവാസി സമൂഹം കേരളത്തിലേക്ക് എത്തിക്കുന്നത്. മുപ്പതു ലക്ഷത്തോളം വരുന്ന മലയാളി പ്രവാസി സമൂഹത്തിലെ ഓരോരുത്തരും അവനവന്റെ ബന്ധുമിത്രാദികളെ ദൈനംദിനം പരിപാലിക്കുകവഴി ഒരു സംസ്ഥാനത്തെ തന്നെയാണ് പരിപാലിച്ചു പോരുന്നത്. ക്ലേശകരവും ദുരിതങ്ങള്‍ നിറഞ്ഞതുമായിരുന്ന പഴയകാല, ബര്‍മീസ്, ശ്രീലങ്കന്‍ പ്രവാസ ജീവിതങ്ങളെ കടംകഥയാക്കി പേര്‍ഷ്യയിലേക്കുള്ള കുടിയേറ്റം തുടങ്ങിയത് മുതല്‍ മലയാളി പ്രവാസ ചരിത്രത്തിന്റെ സുവര്‍ണ അധ്യായങ്ങള്‍ ആരംഭിക്കുകയായിരുന്നു.
സാമ്പത്തികമായി മലയാളക്കര ഐശ്വര്യഭൂമിയായി മാറുകയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഒരു കേരള മോഡല്‍ നമ്മുടെ രാജ്യത്ത് രൂപപ്പെടുകയും ചെയ്തതിന്റെയെല്ലാം പിന്നില്‍ പ്രവാസിയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.

കൊറോണ കാലത്തെ പ്രവാസി

മരുക്കാട്ടിലെ ചുടുകാറ്റേറ്റ് ജീവിത സ്വപ്നം നെയ്യുന്ന പ്രവാസികള്‍ കോവിഡ് 19 ന്റെ ഭീതിദ നാളുകളെയും അതിജയിക്കുക/ അതിജീവിക്കുക തന്നെ ചെയ്യുമെന്നത് തീര്‍ച്ച. എന്നാല്‍ പ്രവാസത്തിന്റെ സുഖക്കാറ്റില്‍ ആനന്ദം കൊള്ളുന്ന ചിലര്‍ക്ക് പ്രവാസികളെ കാണുന്നത് തന്നെ ചതുര്‍ഥിയായിരിക്കുന്നതിനും കോവിഡ് കാലം മൂകസാക്ഷിയാവുകയാണ്. എത്രപെട്ടെന്നാണ് ഗള്‍ഫുകാര്‍ നാട്ടുകാര്‍ക്ക് മുന്നില്‍ അപരാധികളായിപ്പോയത്! നാട്ടിലെ ഉത്സവത്തിനും പെരുന്നാളിനും ആഘോഷങ്ങള്‍ക്കുമെല്ലാം ജാതിമത രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ പ്രവാസികള്‍ കൈയയച്ച് സഹായം നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ സാമ്പത്തികമേഖലയുടെ തിളക്കത്തിന് പ്രധാനകാരണം ഗള്‍ഫ് നാടുകളില്‍നിന്നുള്ള പണമാണ്.
കത്തുന്ന ചൂടില്‍ അക്ഷരാര്‍ഥത്തില്‍ ചോരനീരാക്കിയാണ് പ്രവാസികളില്‍ ബഹുഭൂരിപക്ഷവും നാട്ടിലേക്ക് വിദേശ നാണ്യം എത്തിക്കുന്നത്. അവര്‍ അയയ്ക്കുന്ന പണം നാട്ടിന്റെ പല മേഖലകളിലേക്ക് പലവഴികളിലായി ചെന്നെത്തുന്നുണ്ട്. നാട്ടിലെ എല്ലാ നല്ലകാര്യങ്ങള്‍ക്കും അവര്‍ ചാടിയിറങ്ങുന്നവരാണിവര്‍. ഇക്കഴിഞ്ഞ പ്രളയത്തില്‍പ്പോലും പ്രവാസിയുടെ കാരുണ്യം ലോകം കണ്ടറിഞ്ഞതാണ്.
ഇപ്പോള്‍ കേരളത്തില്‍ ഗള്‍ഫുകാരന്‍ പഴികേള്‍ക്കേണ്ടി വരുമ്പോഴും അവരുടെ ചിന്തകളില്‍ മാറ്റമൊന്നുമില്ല. ഒരു പ്രതിഫലവും മോഹിക്കാതെ സ്വന്തം ചെലവില്‍ത്തന്നെ കൊറോണ വൈറസ് കാലത്ത് രോഗം സംശയിക്കുന്നവര്‍ക്കായി മുന്നിട്ടിറങ്ങുന്ന പ്രവാസികള്‍ തന്നെയാണ് അതിന്റെ ഉദാഹരണം.

കാസര്‍കോട് രോഗബാധ പടരാന്‍ ഇടയാക്കിയത് ദേരയില്‍ താമസിച്ചിരുന്ന കാസര്‍കോട്ടെ ഒരു യുവാവാണ് എന്ന കാര്യം പുറത്തറിഞ്ഞപ്പോള്‍ തന്നെ ആ സമയത്ത് ഈ യുവാവിനൊപ്പം താമസിച്ചിരുന്നവര്‍ പരിഭ്രാന്തിയിലായിരുന്നു. ചിലര്‍ക്ക് അപ്പോഴേക്കും പനിയുടെ ലക്ഷണങ്ങള്‍ പ്രകടമായിരുന്നു.
ഇതിനെന്ത് ചെയ്യണം, എവിടെ പോകണം, ആരെ വിളിക്കണം എന്നൊക്കെ ആലോചിച്ച് വേവലാതിപ്പെട്ടവര്‍ക്ക് സഹായിയായി എത്തിയതും പ്രവാാസ ലോകത്തെ പൊതുപ്രവര്‍ത്തകരായിരുന്നു.
എല്ലാവര്‍ക്കും ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കാന്‍ രാപകലില്ലാതെ അധ്വാനിക്കുന്ന ഇവരൊക്കെ ത്തന്നെയാണ് പ്രവാസിയുടെ ആര്‍ദ്രമായ മനസ്സിന്റെ പ്രതീകങ്ങള്‍. സ്വന്തം ആരോഗ്യംപോലും നോക്കാതെയാണ് ഇവരില്‍ പലരും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസിനുമൊപ്പം ഒരുപക്ഷെ അവരേക്കാള്‍ മുന്നില്‍ രംഗത്തിറങ്ങിയത്. ആ പ്രവര്‍ത്തനം ഇപ്പോഴും തുടരുന്നു. സ്വയം നിരീക്ഷണത്തില്‍ ഗള്‍ഫില്‍ ഏകാന്തവാസത്തില്‍ കഴിയുക എന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വളരെ ദുഷ്‌കരമാണ്.
ഒരുമുറിയില്‍ എട്ടുംപത്തും ചിലയിടത്തും പന്ത്രണ്ടും പേര്‍ വരെ ജീവിക്കുന്ന താമസയിടങ്ങളാണ് ഇവിടെ ബാച്ചിലര്‍ റൂമുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ലേബര്‍ ക്യാമ്പുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല.
അവര്‍ക്ക് പിന്തുണനല്‍കാന്‍ ചില പ്രമുഖവ്യക്തികളും കൂടി മുന്നോട്ടുവന്നതോടെ നിരീക്ഷണത്തില്‍ കഴിയേണ്ടിവന്നവര്‍ക്ക് വലിയ ആശ്വാസമായി. അവരെ സുരക്ഷിതസ്ഥാനത്തേക്ക് എത്തിക്കാനായതിന്റെ ആശ്വാസം കൂട്ടുകാര്‍ക്കും.
ഇതിനെല്ലാം പൊതുപ്രവര്‍ത്തകരും സംഘടനകളും മുന്നിട്ടിറങ്ങിയതാകട്ടെ പ്രവാസികളുടെ കൂട്ടായ്മയുടെ വലിയ വിളംബരവുംകൂടിയായി. ഭക്ഷണംനല്‍കാന്‍ സന്നദ്ധരായി മലയാളികളുടെ ഉടമസ്ഥതയിലുള്ള ഒട്ടേറെ റെസ്റ്റോറന്റുകളും രംഗത്തുണ്ട്. ചില വ്യക്തികളും സ്വമനസ്സാലെ അത്തരം പുണ്യകര്‍മങ്ങളില്‍ ഏര്‍പ്പെടുന്നു.
ഏത് പ്രതിസന്ധിക്കിടയിലും ജീവിതത്തിന്റെ താളം തെറ്റാതെ മുന്നോട്ടുപോകാന്‍ നയിക്കുന്നതും പ്രേരിപ്പിക്കുന്നതും ഇത്തരം പുണ്യകര്‍മങ്ങളാണ്.

ഗള്‍ഫുകാരാണ് ഇന്ന് കാണുന്ന കേരളത്തെ നിര്‍മിച്ചത് എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല, കണക്കുകള്‍ നോക്കിയാല്‍ അച്ചട്ടായിരിക്കുകയും ചെയ്യും. ഈ രോഗ കാലത്ത് ഓരോ പ്രവാസി മലയാളിയും നാട്ടിലെത്താന്‍ സ്വാഭാവികമായും ആഗ്രഹിക്കും. കാരണം സ്വന്തം നാടുപോലെ സുരക്ഷിതമായ വേറൊരു സ്ഥലവും ഒരു മനുഷ്യനും ലോകത്ത് മറ്റൊരിടത്തുമുണ്ടാകില്ല. വൈറസ് വ്യാപനം തടയപ്പെടുകയും (അതിനായി ലോകം കഠിനാധ്വാനം നടത്തുന്നു, ആ പ്രതീക്ഷയാണ് ലോകത്തെ ഇന്നു നയിക്കുന്നതും) വിമാനത്താവളങ്ങള്‍ തുറക്കപ്പെടുകയും ചെയ്താല്‍ കേരളത്തിലേക്ക് പ്രവാസി മലയാളികളുടെ കുത്തൊഴുക്കായിരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.

ഗള്‍ഫില്‍ നിന്നു മാത്രമല്ല, മലയാളികളുള്ള എല്ലാ സ്ഥലങ്ങളിലും നിന്നും അതു തന്നെ സംഭവിക്കും, കേരളത്തിലേക്കുള്ള താല്‍ക്കാലികമായ മടങ്ങിവരവ്. കേരളത്തിലേക്ക് വരാതെ യൂറോപ്പിലും അമേരിക്കയിലും തുടര്‍ന്ന മലയാളികളില്‍ പലരുടെയും മനോനില പോലും ഇപ്പോള്‍ എങ്ങിനേയും നാടണയമെന്നതാണ്. കേരളം അവര്‍ക്ക് തീര്‍ച്ചയായും ലോകത്തെവിടേയുമുള്ളതിനേക്കാള്‍ സുരക്ഷിതത്വവും ആത്മവിശ്വാസവും പകരുന്ന സ്ഥലമായി മാറിയിരിക്കുന്നു.

ഗള്‍ഫില്‍ കഴിയുന്ന മലയാളിക്ക് എന്നും കേരളം തന്നെയായിരുന്നു സുരക്ഷിത സ്ഥലം. കാരണം അവര്‍ ഒരിക്കല്‍ നാട്ടിലേക്ക് മടങ്ങാന്‍ തന്നെ ആഗ്രഹിച്ചവരും തീരുമാനിച്ചവരുമാണ്. എന്നാല്‍ ഇനി നാട്ടിലേക്കില്ല എന്ന നിലയാണ് യൂറോപ്പിലേക്കും അമേരിക്കയിലേക്കും കുടിയേറിയ മലയാളികളില്‍ മഹാഭൂരിഭാഗവും ജീവിച്ചു വന്നിരുന്നത്. കൊറോണയുടെ ആക്രമണം കുറച്ചു നാളത്തേക്കാണെങ്കിലും കേരളത്തിലേക്ക് വരണമെന്ന തോന്നല്‍ അവരില്‍ പോലും ശക്തമായിരിക്കുന്നു.

കേരളത്തിന്റെ പുരോഗതിയില്‍, മത രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രവാസികളുടെ പങ്കിനെ കാണാതെ കേരളത്തിന്റെ ചരിത്രമെഴുതാനാകില്ല. കെട്ടിപ്പൊക്കിയ കേരളത്തിലെ മതരാഷ്ട്രീയ പാര്‍ട്ടികളുടെ കെട്ടിടങ്ങളുടെ ചുമരുകളില്‍ ഇവരുടെ വിയര്‍പ്പിന്റെ അംശമുണ്ട്. കേരളത്തിലെ സമ്പന്നര്‍ക്ക് ആശുപത്രി ഉള്‍പ്പെടെ ആയിരക്കണക്കിന് കെട്ടിടങ്ങള്‍ വിദേശത്തുണ്ട്. പ്രവാസികളുടെ ചികിത്സക്കായി അത് വിട്ടുനല്‍കാനുള്ള സന്നദ്ധത പലരും നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി അവിടെ നടക്കുന്നുമുണ്ട്. പക്ഷെ അവരുടെ നാട് ഇതാണ്. ഇവര്‍ക്ക് വേണ്ടി കരഞ്ഞ് കണ്ണുനീര് പോലും വറ്റിപ്പോയ കുടുംബാംഗങ്ങള്‍ ഇവിടെയുണ്ട്. ഇതൊക്കെ കണ്ടില്ലെന്ന് നടിക്കാന്‍ ഒരു ജനകീയ ഭരണകൂടത്തിന് കഴിയില്ലെന്നതാണ് നേര്.

വീടുകള്‍, സ്‌കൂളുകള്‍, ഓഡിറ്റോറിയങ്ങള്‍, മദ്‌റസകള്‍, കോളേജുകള്‍ തുടങ്ങിയവയെല്ലാം പ്രവാസികള്‍ക്കു ആവശ്യമെങ്കില്‍ വിട്ടുതരാമെന്നാണ് കേരളക്കരയുടെ ഏകസ്വരം.പ്രവാസികളെ സ്വീകരിക്കാന്‍ സര്‍വ്വാത്മനാ സന്നദ്ധമാണെന്ന മലയാളമണ്ണിന്റെ ഒത്തുപറച്ചില്‍ ഈ നാടിന്റെ ഭാഗധേയം നിര്‍ണ്ണയിച്ചത് പ്രവാസികള്‍ കൂടിയാണെന്ന ഏറ്റുപറച്ചിലാണ്.
നല്ലവാക്കിന്റെ താക്കോലു കൊണ്ട് സ്‌നേഹത്തിന്റെ ഒരായിരം വാതായനങ്ങള്‍ നമുക്ക് മലര്‍ക്കെ തുറക്കാം, പ്രവാസികള്‍ക്കായി

തന്‍സീര്‍ ദാരിമി കാവുന്തറ