രാഷ്ട്രീയ അജണ്ടയാകാത്ത മലബാര്‍ വികസനം

1990

എന്തുകൊണ്ടാണ് മലബാര്‍ നാളിതുവരെ രാഷ്ട്രീയ പാര്‍ട്ടികളുടെ വികസന അജണ്ടകളില്‍ ഇടംപിടിക്കാത്തതെന്ന ചര്‍ച്ചയ്ക്ക് ഏറെ പ്രസക്തിയുണ്ട്. കേരളം മാറി മാറി ഭരിച്ച ഇടതുവലതു മുന്നണികള്‍ക്ക് നല്ല വേരോട്ടമുള്ള മണ്ണാണ് പാലക്കാടു മുതല്‍ കാസര്‍കോടു വരെ വ്യാപിച്ചു കിടക്കുന്ന മലബാര്‍ എന്ന ഭൂപ്രദേശം. എന്നിട്ടും ഒരു മുന്നണികളുടെയും തെരഞ്ഞെടുപ്പു പ്രകടനപത്രികയിലോ വികസന മാപ്പിലോ ഈ പ്രദേശം അര്‍ഹിക്കുന്ന ഇടം പിടിച്ചില്ല. ‘മലബാര്‍ പാക്കേജ്’ എന്ന ഓമനപ്പേരിലുള്ള പ്രഖ്യാപനങ്ങളുടെ കപടത പലവുരു മലബാറുകാര്‍ അനുഭവിച്ചറിഞ്ഞതാണ്. ബജറ്റ് വിഹിതത്തില്‍ മലബാര്‍ പാക്കേജിനുള്ള പണം കടലാസില്‍ നീക്കിവച്ചു നടപ്പാക്കാത്ത പദ്ധതികള്‍ പ്രഖ്യാപിച്ചു കാലം കഴിക്കുകയായിരുന്നു ഭരണാധികാരികള്‍. മലബാര്‍ വികസനം എന്ന മുദ്രാവാക്യത്തിലൂന്നി സെമിനാറുകളും സിംപോയിസങ്ങളും സംഘടിപ്പിച്ചു. ഭരിക്കുന്ന പാര്‍ട്ടിക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ സമഗ്ര റിപ്പോര്‍ട്ടായി സര്‍ക്കാരിനു കൈമാറുമെന്ന പ്രഖ്യാപനം നടത്തി, പ്രതിപക്ഷത്തുള്ളവരാകട്ടെ ഇനി ഭരണത്തിലെത്തിയാല്‍ ഈ പദ്ധതികള്‍ നടപ്പിലാക്കുമെന്ന വാഗ്ദാനം നടത്തി. ഇരു മുന്നണികളും മാറിമാറി കേരളം ഭരിച്ചു. എന്നിട്ടുമെന്താണ് മലബാര്‍ പാക്കേജ് അട്ടിമറിക്കപ്പെട്ടത്. അല്ലെങ്കില്‍ മലബാറിനെ വികസനത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ഒരു യഥാര്‍ഥ കാഴ്ചപ്പാട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എന്തുകൊണ്ട് ഇല്ലാതെ പോയി?
മലബാറിന്റെ വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥ പരിഹരിച്ചുവെന്നാണ് ഭരണാധികാരികള്‍ ഇപ്പോള്‍ അവകാശപ്പെടുന്നത്. ഹയര്‍ സെക്കണ്ടറി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിച്ചുവെന്നതില്‍ വസ്തുതയില്ലാതില്ല. എന്നാല്‍, തിരു-കൊച്ചിയുമായി താരതമ്യം ചെയ്യുമ്പോള്‍ മുന്‍പത്തേക്കാള്‍ കൂടുതല്‍ സീറ്റുകളും സ്‌കൂളുകളും കിട്ടിയെന്നതൊഴിച്ചാല്‍ ഇവിടെയുള്ള വിദ്യാര്‍ഥികളുടെ ആനുപാതവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് എത്രയോ കുറവാണ്. പ്രാഥമിക, ഹൈസ്‌കൂള്‍ തലത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇപ്പോഴും മലബാര്‍ ഏറെ പിന്നിലാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ കുറിച്ചുള്ള ചര്‍ച്ച മലബാറുകാര്‍ നടത്തണമെങ്കില്‍ ഇനിയും കാലമേറെ കഴിയണം.
നമുക്ക് ആരോഗ്യ രംഗത്തെകുറിച്ചുള്ള പരിശോധന നടത്താം. കേരളമെന്ന കൊച്ചു സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ ഏതാണ്ട് 45 ശതമാനം പേരും താമസിക്കുന്നത് മലബാറിലാണ്. എന്നാല്‍, ഇവിടെ ഇപ്പോഴും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു മെഡിക്കല്‍ കോളജ് എന്നു പറഞ്ഞാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മാത്രമാണ്. മറ്റ് ജില്ലകളിലെല്ലാം മെഡിക്കല്‍ കോളജുകള്‍ പ്രഖ്യാപിക്കുകയോ നിലവിലുള്ള സര്‍ക്കാര്‍ ആശുപത്രികളുടെ പേരുകള്‍ മാറ്റി ‘മെഡിക്കല്‍ കോളജുകള്‍’ ആക്കുകയോ ചെയ്തിട്ടുണ്ട്. അതുകൊണ്ട് എന്തു പ്രയോജനമാണ് ഇവിടുത്തെ ജനങ്ങള്‍ക്ക് കിട്ടുന്നത്. കണ്ണൂര്‍ ജില്ലയില്‍ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുണ്ട്. സഹകരണ മേഖലയിലുള്ള പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുത്ത് സര്‍ക്കാര്‍ ഗവ. മെഡിക്കല്‍ കോളജ് ആക്കുകയായിരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്ക് ഏറെ ഉപകാരപ്രദമാകുന്നതായിരുന്നു പരിയാരം മെഡിക്കല്‍ കോളജ് എന്തിലും അവിടുത്തെ ഇപ്പോഴത്തെ അവസ്ഥ ഏറെ പരിതാപകരമാണ്. ആവശ്യത്തിന് ഡോക്ടര്‍മാരോ നഴ്സുമാരേ ഇല്ലാത്തതിനാല്‍ രോഗികളെല്ലാം കൈയൊഴിഞ്ഞു. മംഗലാപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജുകളാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ സാധാരണക്കാരുടെ ജീവന്‍ രക്ഷിക്കുന്നത്. എന്നാല്‍, കൊവിഡ് കാലത്ത് അയല്‍ക്കാരുടെ ആതുരാലയങ്ങള്‍ ജീവന്‍ രക്ഷിക്കില്ലെന്നും നാം കണ്ടു. കര്‍ണാടക അതിര്‍ത്തികള്‍ കൊട്ടിയടച്ചപ്പോള്‍ ചികിത്സ കിട്ടാതെ ദേശീയപാതയില്‍ ആംബുലന്‍സില്‍ കിടന്നു മരിക്കേണ്ടി വന്നത് നിരവധി മലയാളികളാണ്. എന്നിട്ടും നമ്മള്‍ പ്രതിഷേധിച്ചില്ല. കാരണം, വര്‍ഷങ്ങളായി തുരടുന്ന അവഗണനയുമായി ഇഴുകി ചേര്‍ന്നതിനാല്‍ അത് ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. വയനാട്ടില്‍ വാഹനാപകടങ്ങള്‍ മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. എന്നാല്‍, അപകടത്തില്‍പെടുന്നവര്‍ മരണപ്പെടുന്നത് കൂടുതലും. കാരണം ഗുരുതരമായി പരുക്കേറ്റ വയനാട്ടില്‍ നിന്നും ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിക്കണമെങ്കില്‍ മണിക്കൂറുകള്‍ നീണ്ട യാത്ര വേണം. ഭാഗ്യമുണ്ടെങ്കില്‍ മാത്രമാണ് ഇത്രയും സമയം ആ ശരീരത്തില്‍ ജീവന്റെ തുടിപ്പു തങ്ങി നില്‍ക്കൂ. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പ്രസവങ്ങള്‍ നടക്കുന്ന ആശുപത്രിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. സാധാരണക്കാര്‍ക്ക് മികച്ച പ്രസവ ശുശ്രൂഷ നല്‍കാന്‍ പോലും മലബാറില്‍ മറ്റ് ആതുരാലയങ്ങള്‍ ഇല്ലാത്തതിനാലാണ് ഈ ‘മേന്മ’. ഇത് ഒരു ദേശത്തിന്റെ വികസനത്തിന്റെ അടയാളമല്ല, വികസനമില്ലാത്തതിന്റെയാണ്.
മലബാറിന് ഒരു വലിയ രാഷ്ട്രീയ പാരമ്പര്യമുണ്ട്. സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തില്‍ മായാത്ത ഏടുകളാണത്. ഐക്യകേരളത്തിനു മുമ്പ് മലയാളക്കരയുടെ മറ്റ് ഭാഗങ്ങളില്‍ സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള പ്രക്ഷോഭങ്ങള്‍ നടന്നപ്പോള്‍ മലബാറില്‍ നടന്നത് സ്വാതന്ത്ര്യ സമരമായിരുന്നു. ത്വാഗോജ്ജ്വലമായ ഈ സമരത്തില്‍ നിരവധി പേര്‍ രക്തസാക്ഷികളായി. ഉപ്പു സത്യഗ്രഹത്തിലൂടെ സ്വാതന്ത്ര്യ സമരത്തിന്റെയും കോണ്‍ഗ്രസിന്റെയും ചരിത്രത്തിലും ഇടം നേടി മലബാര്‍. വാഗണ്‍ ട്രാജഡി പോലുള്ള മനസാക്ഷി മരവിക്കുന്ന ബ്രിട്ടീഷ് ക്രൂരയുടെ ഇരകളായി ഇവിടുത്തെ ജനത. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പിറവിക്ക് സാക്ഷിയായി ഈ നാട്. പില്‍ക്കാലത്ത് ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ആസ്ഥാനമായി. ഈ പ്രസ്ഥാനങ്ങളൊക്കെ നിരവധി കഴിവുറ്റ നേതാക്കളെ രാഷ്ട്രീയ കേരളത്തിനു സംഭാവന ചെയ്തിട്ടും ഇതിന്റെ ഗുണം എന്തുകൊണ്ട് ഈ ദേശത്തിനു കിട്ടാതെ പോയി. മാതൃരാജ്യ സ്നേഹത്തിനൊപ്പം നിന്ന് മലബാര്‍ ജനത സ്വാതന്ത്ര്യത്തിനായി പൊരുതിയപ്പോള്‍ കേരളത്തിന്റെ ഇതര ദേശങ്ങള്‍ സാമ്രാജ്യത്തിന്റെ ആനുകൂല്യങ്ങള്‍ അനുഭവിക്കുകയായിരുന്നു. വിദ്യാഭ്യാസപരമായി മുന്നാക്കം പോയ അവര്‍ കേരളപിറവിയ്ക്ക് ശേഷം സര്‍വാധികാരികളായ ഉദ്യോഗസ്ഥ മേലാളന്‍മാരായി. പിന്നീട് അവരുടെ നേതൃത്വത്തില്‍ വികസന നയങ്ങള്‍ രൂപപ്പെടുത്തിയപ്പോള്‍ മലബാര്‍ വീണ്ടും അവഗണിക്കപ്പെട്ടു. നമ്മുടെ ജനപ്രതിനിധികള്‍ അവിടെ കാഴ്ചക്കാരായി മാറി. ഇവിടെയാണ് ഐക്യകേരളത്തിലെ മലബാര്‍ അവഗണനയുടെ ചരിത്രം ആരംഭിക്കുന്നതും.
മലബാറിന്റെ മതേതരത്വ മനസും വികസന പിന്നാക്കത്തിന് കാരണമായി. കേരളപ്പിറവി മുതല്‍ തന്നെ വിദ്യാഭ്യാസ വകുപ്പിനെ ഏറെ കാലം നിയന്ത്രിച്ചത് മലബാറില്‍ നിന്നുള്ള മുസ്ലിം ലീഗ് മന്ത്രിമാരാണ്. ലീഗ് മന്ത്രിമാരുടെ മതേതരത്വ സംരക്ഷണവും മറ്റു ചില മന്ത്രിമാരുടെ സ്വസമുദായ പ്രീണനവും ഒരു ജനതയെ എങ്ങനെ ബാധിച്ചുവെന്ന് മലബാറിന്റെ വികസന ചരിത്രം മാത്രം പരിശോധിച്ചാല്‍ മതിയാകും.
അടിസ്ഥാന വികസനങ്ങളുടെ അപര്യാപ്തതയാണ് മലബാറിന്റെ ഇപ്പോഴത്തെ പിന്നാക്കാവസ്ഥയ്ക്കും കാരണം. ഒരു സര്‍ക്കാരിനുളള കാലാവധിയായ അഞ്ചു വര്‍ഷം ഒരു പ്രദേശത്തെ സമൂലമായി മാറ്റാനുള്ള കാലാപരിധിയല്ല. മലബാറില്‍ ഒരു വന്‍ വ്യവസായം കൊണ്ടുവരാന്‍ മന്ത്രിമാര്‍ക്കോ സര്‍ക്കാരിനോ ആഗ്രഹമുണ്ടെങ്കില്‍ പോലും യാഥാര്‍ഥ്യമാക്കല്‍ വലിയ കടമ്പയാണ്. നിക്ഷേപത്തിന്റെ ഏറിയ പങ്കും അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ വിനിയോഗിക്കേണ്ടി വരുമ്പോള്‍ സ്വഭാവികമായും ഭരണാധികാരികള്‍ തിരിയുക എല്ലാ സൗകര്യങ്ങളുമുള്ള പ്രദേശങ്ങളായിരിക്കും. കാരണം അഞ്ചു വര്‍ഷത്തെ വികസന നേട്ടത്തില്‍ ഈ പദ്ധതിയും അടയാളപ്പെടുത്തണമെങ്കില്‍ ഒന്നില്‍ നിന്നും തുടങ്ങിയാല്‍ സാധിക്കില്ല.
ഇപ്പോള്‍ അധികാരത്തില്‍ ഇരിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരില്‍ മുഖ്യമന്ത്രിയുള്‍പ്പെടെ അരഡസനിലേറെയാണ് മലബാറില്‍ നിന്നുള്ള മന്ത്രിമാര്‍. എന്നിട്ടും ഈ അഞ്ചു വര്‍ഷത്തെ സര്‍ക്കാരിന്റെ വികസന മാപ്പില്‍ മലബാര്‍ എത്ര തവണ അടയാളപ്പെടുത്തിയെന്ന പരിശോധന നിരാശപ്പെടുത്തുന്നതിന്റെ കാരണം മറ്റൊന്നല്ല.
വിവിധ സര്‍ക്കാരുകള്‍ മലബാറിനെ അവഗണിക്കുമ്പോഴും കാര്‍ഷിക മേഖലയും ഗള്‍ഫില്‍ നിന്നുള്ള പണവും മലബാറുകാരുടെ ജീവിതത്തെ കൈപിടിച്ചുയര്‍ത്താന്‍ സഹായിച്ചിരുന്നു. ഓരോ വീട്ടിലേക്കും ഗര്‍ഫില്‍ നിന്നും എത്തിയിരുന്ന പണം നാടിന്റെ സമ്പദ്വ്യവസ്ഥയെ സംരക്ഷിച്ചതിനാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞു. സ്വകാര്യ വ്യക്തികളുടെ സംരംഭങ്ങളും സ്ഥാപനങ്ങളും ഉയര്‍ന്നു. നാട്ടിലുള്ളവര്‍ക്കും തൊഴിലും വരുമാനവുമായി. എന്നാല്‍, ഇപ്പോള്‍ ആ ചിത്രവും പതിയെ മാറികൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ഇപ്പോള്‍ മലബാറുകാര്‍ ഉയര്‍ത്തുന്ന വികസന വാദത്തിന് അതിജീവനത്തിന്റെ വിലയുണ്ട്. കാര്‍ഷിക മേഖലയിലെ കഠിനാധ്വാനവും ഗര്‍ഫ് നാടുകളില്‍ വിയര്‍പ്പ് നീരാക്കിയതിലൂടെയും ലഭിച്ച വരുമാനവും കൊണ്ടാണ് മലബാറിലെ ജനത ഇതുവരെ കടുത്ത ഭരണകൂട അവഗണനയിലും പിടിച്ചു നിന്നത്. എന്നാല്‍, ഈ രണ്ടു മേഖലകളില്‍ നിന്നും ഇപ്പോള്‍ വരുന്നത് ആശ്വാസകരമായ വാര്‍ത്തകളല്ല. അതിനാല്‍ മലബാറിലെ ജനതയ്ക്കും ഇനി നിവര്‍ന്നു നില്‍ക്കണമെങ്കില്‍ അധികൃതരുടെ സഹായം കൂടിയേ കഴിയൂ. അതിന് സര്‍ക്കാരിന്റെ വ്യവസായികവും വാണിജ്യവും അടക്കമുള്ള വികസന മാപ്പില്‍ മലബാറിന്റെ കൂടുതല്‍ ഇടങ്ങളും അടയാളപ്പെടുത്തണം.
സംസ്ഥാനം വീണ്ടും ഒരു നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോകുകയാണ്. പ്രകടനപത്രികകള്‍ തയാറാക്കുന്നതിനുള്ള തിരക്കിലാണ് മുന്നണി നേതാക്കള്‍. അതില്‍ മലബാര്‍ എങ്ങനെ പ്രതിഫലിക്കുന്നുവെന്നതിന്റെയടിസ്ഥാനത്തിലായിരിക്കും വരുന്ന അഞ്ചു വര്‍ഷത്തെ ഈ ദേശത്തിന്റെ വികസനം. പ്രകടനപത്രികകള്‍ തയാറാക്കുന്ന നേതാക്കള്‍ തിരിച്ചറിയേണ്ടത് ‘വികസനം ആരുടെയും ഔദാര്യമല്ല, ജനതയുടെ അവകാശമാണ്’ എന്ന മലബാറുകാരുടെ വികാരമാണ്.

ടി.കെ ജോഷി