വംശീയത: വിജ്ഞാന ചരിത്രത്തിനും ആധിപത്യ വ്യവഹാരങ്ങള്‍ക്കുമിടയില്‍

984

അമേരിക്കയിലെ ആഫ്രോ-അമേരിക്കന്‍ വംശജനായിരുന്ന ജോര്‍ജ്ജ് ഫ്ളോയിഡിനെ ക്രിമിനല്‍ കുറ്റം ആരോപിച്ച് അമേരിക്കന്‍ പോലീസുകാര്‍ മര്‍ദ്ധിച്ചുകൊന്ന സംഭവം വെള്ള വംശീയതക്കെതിരായ ആഗോള വ്യാപകമായ പ്രക്ഷോഭങ്ങള്‍ക്ക് പുതിയ ഉണര്‍വ് നല്‍കിയിരിക്കുകയാണ്. കറുപ്പെന്നാല്‍ അപരിഷ്‌കൃതവും വെറുക്കപ്പെടേണ്ടതുമാണെന്ന പാശ്ചാത്യന്‍ വംശീയ യുക്തി എത്രമാത്രം ചരിത്ര വിരുദ്ധവും അപരിഷ്‌കൃതവുമാണെന്ന് വൈജ്ഞാനിക ചരിത്രവും അധികാര ചരിത്രവും മുന്‍നിറുത്തി പുനര്‍വായിക്കുന്ന, വംശീയതയെ കുറിച്ച് പുതിയ സംവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഉള്‍ക്കാഴ്ചയേകുന്ന നിരീക്ഷണങ്ങളാണ് ഇവിടെ കുറിക്കുന്നത്. റേസിസത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായി കൊണ്ടിരിക്കുകയാണ്. ടാല്‍കം പൗഡറിലും കുങ്കുമപൂവിലുമൊക്കെ നമ്മള്‍ റേസിസം കണ്ടെത്തി കൊണ്ടിരിക്കുകയാണ്. ഒന്നാമതായി റേസിസം ഉല്‍ഭവിക്കുന്നത് മനുഷ്യന്റെ ഇതുപോലുള്ള തോന്നലുകളിലാണോ എന്നതിനെ കൂടി അഡ്രസ് ചെയ്യേണ്ടതുണ്ട്. ബ്ലാക്ക് മെയില്‍, ബ്ലാക്ക് ഡെത്ത്, കരിമ്പൂച്ച പോലുള്ള പ്രയോഗങ്ങളിലുമൊക്കെ നാം റേസിസത്തിന്റെ എലമെന്റ് കാണുമ്പോള്‍ അവയില്‍ അതില്ലെന്ന് തീര്‍ത്തുപറയാന്‍ പറ്റാത്തതു പോലെ തന്നെ, അവ തീര്‍ത്തും അതിനെ ഉള്‍ക്കൊളുന്നുവെന്നും പറയാന്‍ കഴിയില്ല. ഒരു ജനതയില്‍ നൈസര്‍ഗികമായി വംശീയത ഉരുത്തിരിഞ്ഞു വരുമോ എന്നതുകൂടി ആലോചിക്കേണ്ടതുണ്ട്. ഇല്ല എന്നതാവും ഒരളവുവരെ ഉത്തരം, ഒരളവുവരെ എന്ന ക്ളോസ് വരാന്‍ കാരണം, അതില്‍ തീരെ വസ്തുത ഇല്ല എന്ന് പറയാനൊക്കാത്തത് കൊണ്ടും കൂടിയാണ്.
എന്നാല്‍, ഇത്തരം ആലോചനകളെ പോലും റദ്ദ് ചെയ്യും വിധം, നമ്മുടെ വംശീയ വിരുദ്ധ പരിസരം അല്‍പം തീവ്രമാവുന്നുണ്ടോ എന്ന ആശങ്ക പറയാതിരിക്കാന്‍ കഴിയില്ല. നൈസര്‍ഗികതയെ നമ്മള്‍ ഒരാളുടെ ജന്മത്തോടെ അയാള്‍ക്ക് കൈവരുന്ന കഴിവുകള്‍ എന്നു മാത്രം വായിച്ചെടുക്കാത്തത് കൊണ്ടാണ് മേല്‍പറഞ്ഞതിനെ പൂര്‍ണമായി നിഷേധിക്കാത്തത്. നാം മനുഷ്യനെന്ന നിലയില്‍ സ്വയം തിരിച്ചറിയപ്പെടുമ്പോള്‍ തന്നെ ജന്മത്തില്‍ നിന്ന് കുറെദൂരം നമ്മള്‍ സഞ്ചരിച്ചു കഴിഞ്ഞിരിക്കും. ആ സഞ്ചാരപദത്തില്‍ ചുറ്റുപാടുകള്‍ കുറെയേറെ തന്നെ നമ്മളില്‍ സ്വാധീനം ചെലുത്തിയിരിക്കും. ആ സ്വാധീനവലയത്തിലാണ് പലപ്പോഴും നമ്മുടെ അഭിരുചികള്‍ രൂപപ്പെടുക. കറുപ്പ്, വെളുപ്പ് പ്രയോഗങ്ങളുടെ സ്വാഭാവിക സ്വാധീനം ആ ഘട്ടത്തിലാണ് നമുക്ക് കൈവരിക. എന്നാല്‍, അതിന്റെ വേരുകളെക്കുറിച്ചുള്ള അന്വേഷണം നമ്മെ സത്യത്തില്‍ കൊളോണിയലിസത്തിലാണ് കൊണ്ടു ചെന്നെത്തിക്കുക എന്നു കണ്ടെത്താന്‍ കഴിയും.
എങ്ങനെയാണ് മനുഷ്യന്റെ സര്‍ഗാത്മകതയും നൈസര്‍ഗികതയും കൊളോണിയലിസം രൂപീകരിച്ചെടുത്തത് എന്ന് ‘ഫാനന്‍’ വളരെ വസ്തുനിഷ്ഠമായി ചര്‍ച്ച ചെയ്യുന്നുണ്ട്. നീഗ്രോ എന്ന് വിളിക്കപ്പെടുന്നതിലുള്ള കൊളോണിയല്‍ അജണ്ടകള്‍ തന്റെ ‘black skin and white mask ‘-യില്‍ ഫാനന്‍ പൊളിച്ചെഴുത്തു നടത്തുന്നുണ്ട്. ചരിത്രം അനല്‍പമായ വെളിച്ചങ്ങള്‍ ഈ വിഷയത്തില്‍ നല്‍കുന്നുണ്ട്. ചരിത്രത്തെയും ശാസ്ത്രത്തെയും ഏഷ്യയുടെയും ആഫ്രിക്കയുടെയും അക്കൗണ്ടില്‍ നിന്ന് മാറ്റിസ്ഥാപിക്കുന്ന യൂറോപ്യന്‍ പദ്ധതിയെ നിരവധി ചിന്തകര്‍ തുറന്നു കാട്ടിയിട്ടുണ്ട്. തോമസ് അര്‍ണോള്‍ഡ് അദ്ദേഹത്തിന്റെ legacy of islam എന്ന പുസ്തകത്തില്‍ പറയുന്നത് ‘അക്വിനാസിനെയും ഡാന്റെയും പോലുള്ള നവോഥാന പണ്ഡിതന്മാര്‍ സ്പെയിനിനെ യൂറോപ്പിന്റെ തീപ്പന്തമായി കണ്ടെത്തുന്നുണ്ട്. നമുക്ക് അവരെ മൂര്‍ എന്നോ അറബ് എന്നോ വിളിക്കാം. പക്ഷേ, യാഥാര്‍ഥ്യം അതല്ല, ആദ്യം സ്പെയിനിലെത്തിയ താരീഖ് ഇബ്നു സിയാദ് ഒരു ആഫ്രിക്കന്‍ ബെര്‍ബെര്‍ ആണ് ‘എന്നാണ്. അതായത്, നവോഥാന പരിശ്രമത്തില്‍ യൂറോപ്പിനെ inovolve ചെയ്യിച്ചതിന്റെ പിതൃത്വം അര്‍ണോള്‍ഡ് ആഫ്രിക്കന്‍ ബെര്‍ബറായ താരീഖ് ഇബ്നു സിയാദിന് കല്‍പിച്ചു നല്‍കുന്നു. കറുപ്പിനെ നിങ്ങള്‍ നിങ്ങളിലൊരാളായി കൂട്ടുകയല്ല, പല കാര്യങ്ങളിലും നിങ്ങളെക്കാള്‍ മുന്‍പന്തിയിലാണ് എന്ന തിരിച്ചറിവ് കൂടെ വേണമെന്ന് തന്നെയാണ് അര്‍ണോള്‍ഡ് പറഞ്ഞുവക്കുന്നു.
പക്ഷേ, ഇതുപോലുള്ള ചരിത്രവായനകള്‍ നമ്മുടെ പൊതു ഇടങ്ങളില്‍ നിന്ന് യാദൃശ്ചികമായി പിന്‍വലിഞ്ഞു പോവുന്നു. അല്ല, പിന്‍വലിക്കുന്നു എന്ന് പറയുന്നതാവും ശരി. ഇങ്ങനെയുള്ള വായനകളിലൂടെ നമ്മള്‍ ജീവിക്കുന്ന യൂറോ കേന്ദ്രീകൃത ലോകത്തിന് ഒട്ടും പരിചയമില്ലാത്ത ഒരു ഭൂതകാലം നമുക്ക് ലഭിക്കും. പുരാതന ഈജിപ്ത്തിലെ കേമത് ഭരണകൂടവും മധ്യകാലത്തെ അന്തലൂസ്, അല്‍മോവറിഡ്, അല്‍മോഹദ്, തിമ്പുക്തു തുടങ്ങിയ ആഫ്രിക്കന്‍ വംശജരുടെ ഭരണകൂടങ്ങളും നമ്മളെ അതിലേക്ക് ക്ഷണിക്കുന്നുണ്ട്.
3200 വര്‍ഷത്തെ പാരമ്പര്യമുള്ള കേമെത് ഈജിപ്ത്തില്‍ അവര്‍ ഗ്രീക്കുകാരെ പ്രവേശിപ്പിക്കാറില്ലായിരുന്നു. സാംസ്‌കാരികമായി ഈജിപ്ത്ത് മുന്നിട്ടുനിന്ന കാലത്ത് ഗ്രീക്കുകാര്‍ അറിവ് സമ്പാദിക്കാന്‍ വേണ്ടി അന്നത്തെ ഈജിപ്ത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ പോയി താമസിക്കാറുണ്ടായിരുന്നു. പിന്നീട് അലക്സാണ്ടര്‍ ഈജിപ്ത്ത് കീഴടക്കിയപ്പോഴാണ് പുരാതന ഈജിപ്ത്തിന്റെ അറിവിന്റെ ഖനികള്‍ യൂറോപ്പിലേക്ക് കടത്തപ്പെടുന്നത്.
രാഷ്ട്രീയപരമായ മേല്‍ക്കോയ്മ നമ്മുടെ സാമൂഹ്യ സാഹചര്യത്തെ എത്രത്തോളം സ്വാധീനിക്കാറുണ്ടായിരുന്നു എന്നത് ഇത്തരം വായനകളിലൂടെ മനസ്സിലാക്കാം. പുരാതന ഈജിപ്ത്ത് തകരുകയും ഗ്രീക്കോ-റോമന്‍ ആധിപത്യം പുലരുകയും ചെയ്തപ്പോള്‍ സാമൂഹ്യ സാഹചര്യങ്ങള്‍ വീണ്ടും മാറി. കറുത്തവനു മേല്‍ വെളുത്തവന്‍ നിറത്തിന്റെ പേരിലുള്ള ആധിപത്യം കൊണ്ടുവന്നു. പിന്നെ ആറാം നൂറ്റാണ്ട് കഴിഞ്ഞപ്പോള്‍ ബൈസന്റൈന്‍, സസ്സാനിദ് വ്യവസ്ഥിതികള്‍ തകര്‍ക്കപ്പെടുകയും ഇസ്ലാമിക വ്യവസ്ഥിതി സ്ഥാപിക്കപ്പെടുകയും ചെയ്തു. പ്രവാചകന്‍ (സ്വ)യുടെ ആദ്യ കാല സന്ദേശങ്ങളില്‍ പ്രധാനപ്പെട്ട നയങ്ങളില്‍ ഒന്നായിരുന്നു വംശീയതക്ക് എതിരായുള്ള നിലപാടുകള്‍.
ഇസ്ലാമിക നാഗരികത വളരെ പെട്ടെന്ന് ആധിപത്യം സ്ഥാപിക്കുകയും നിറത്തിന്റെയും വംശത്തിന്റെയും ചിഹ്നങ്ങള്‍ ഒഴിവാക്കുകയും ചെയ്തു. പ്രവാചകാനന്തരം രണ്ടാം ഖലീഫ ഉമര്‍ (റ)മരണം കാത്തുകിടന്നപ്പോള്‍ അടുത്ത ഭരണാധികാരി ആരു വേണം എന്ന ചര്‍ച്ചക്കിടയില്‍ ‘സാലിം ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെ ഞാന്‍ തെരഞ്ഞെടുത്തേനേ ‘ എന്ന് പറഞ്ഞതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. സാലിം മൗല അബൂഹുദൈഫ ഒരു കറുത്ത വര്‍ഗക്കാരനും അടിമത്വത്തില്‍ നിന്ന് മോചിതനും ആയിരുന്നു. പുരാതന അറബ് നാഗരികതയില്‍ ഇവ രണ്ടും പിന്നാക്ക ചിഹ്നങ്ങളായിരുന്നു. പിന്നീട് അമവീ സാമ്രാജ്യത്തിന്റെ കാലഘട്ടം വന്നപ്പോള്‍ അറബ്-ആഫ്രിക്കന്‍ ബന്ധം കൂടുതല്‍ ദൃഢമാവുകയും പല അറബ് ഭരണാധികാരികളും ആഫ്രിക്കന്‍ ജനതയുമായി വിവാഹബന്ധങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. എമിരേറ്റ്സ് ഓഫ് കോര്‍ഡോവയിലെ ആദ്യത്തെ അമീര്‍ ആയിരുന്ന അബ്ദു റഹ്മാന്‍ ഒന്നാമന്റെ മാതാവ് ആഫ്രിക്കന്‍ ബെര്‍ബെര്‍ ആയിരുന്നു. പിന്നീട് ഏഴ് നൂറ്റാണ്ടോളം സ്പെയിന്‍ ഭരിച്ചത് മൂര്‍ വംശജരായിരുന്നു. ആ സമയത്ത് സ്പെയിനില്‍ കറുത്തവര്‍ എന്നാല്‍ ഭരണവര്‍ഗം ആയിരുന്നു. യൂറോപ്യന്‍ നവോഥാനത്തിന് അടിത്തറ പാകിയ സ്പാനിഷ് മുന്നേറ്റങ്ങള്‍ അവരുടെ നേതൃത്വത്തിലായിരുന്നു നടന്നത് എന്നര്‍ഥം.
ആ കാലത്ത് മോറോക്കോയിലെ അല്‍ ഇദ്രീസി വരച്ച ലോക ഭൂപടത്തിന്മേല്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ആധുനികമായ ഒരു ഭൂപടം നമുക്കതില്‍ നിന്ന് കണ്ടെടുക്കാം. പക്ഷേ, പ്രസ്തുത ചിത്രത്തിലെ നിര്‍ണായകമായ ഒരുകാര്യം നമ്മുടെ കൈയ്യിലുള്ള ആധുനിക ഭൂപടത്തില്‍ നിന്ന് വിരുദ്ധമായി തല തിരിഞ്ഞാണ് അതുള്ളതെന്നാണ്. നോര്‍ത്ത് പോള്‍ താഴെയാണ് വരുന്നത്. ആരാണ് നോര്‍ത്ത് പോളിനെ പിന്നീട് മുകളില്‍ കൊണ്ട് വന്നത് എന്ന ചോദ്യത്തില്‍ നിന്ന് നമുക്ക് കണ്ടെത്താനുള്ളത് ആഫ്രിക്കയുടെ മുകളിലുള്ള യൂറോപ്പിന്റെ മാനസികാവസ്ഥയാണ്.
1300-കളില്‍ മാലി ഭരിച്ചിരുന്ന മാന്‍സ മൂസ സ്ഥാപിച്ച സോന്‍കോറോ യൂണിവേഴ്സിറ്റി അന്നുണ്ടായിരുന്നതില്‍ ഏറ്റവും മികച്ചതായിരുന്നു. 25000-വിദ്യാര്‍ഥികളായിരുന്നു അവിടെ പഠിച്ചിരുന്നത്. അന്നത്തെ സോന്‍കോറോയിലെ ഗണിതശാസ്ത്ര പഠനങ്ങള്‍ ഫ്രഞ്ച് ഭാഷയിലേക്ക് തര്‍ജമ ചെയ്തപ്പോള്‍ പാരിസിലെ സോര്‍ബോര്‍ണെ യൂണിവേഴ്സിറ്റിയിലെ രണ്ടാം വര്‍ഷ ബിരുദ പഠനങ്ങളുടെ നിലവാരം ഉണ്ടായിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലോകത്തെ മികച്ച ഒരു ഗണിതശാസ്ത്ര സര്‍വകലാശാലയിലെ പഠനങ്ങള്‍
അറുന്നൂറു വര്‍ഷം മുമ്പുള്ള ആഫ്രിക്കയിലെ സര്‍വകലാശാലയിലെ പഠനങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്നു എന്നത് അവരുടെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ മുന്നാക്കാവസ്ഥയെ കാണിക്കുന്നു.
ആ കാലഘട്ടത്തില്‍ കറുത്തവര്‍ക്കു സാമൂഹികമായി ഉണ്ടായിരുന്ന മേല്‍ക്കോയ്മ അക്കാലത്തെ ഇന്ത്യയില്‍ വരെ അലയടിച്ചു. ഡെക്കാന്‍ സുല്‍ത്താനെറ്റുകളിലും മറ്റും ഭരണകൂടങ്ങളുടെ താക്കോല്‍ സ്ഥാനങ്ങളില്‍ അക്കാലത്തു ഹബിഷിയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയിരുന്ന ആഫ്രിക്കക്കാര്‍ ഉണ്ടായിരുന്നു. ശിവജിയുടെ രാഷ്ട്രീയ ഗുരുവും മുഗളര്‍ക്കു തീരാ തലവേദനയുമായിരുന്ന മാലിക് അംബര്‍ അക്കൂട്ടത്തില്‍ പ്രമുഖനാണ്. ആഫ്രിക്കന്‍ ഖനികളില്‍ ആര്‍ത്തിപൂണ്ട് യൂറോപ്യന്‍ സാമ്രാജ്യങ്ങള്‍ നടത്തിയ പടയോട്ടങ്ങള്‍ അധികാര സമവാക്യങ്ങളെ മാറ്റിമറിച്ചപ്പോള്‍ ചരിത്രവും സാമൂഹ്യശാസ്ത്രവും മാറി. ശാസ്ത്രവും കണ്ടെത്തലുകളും തിരുത്തി എഴുതപ്പെട്ടു എന്നതാണ് വസ്തുത.
1500-കളോടെ ആരംഭിച്ച അടിമക്കച്ചവടങ്ങളിലൂടെ ആഫ്രിക്കന്‍ ജനത അമേരിക്കയിലേക്കും പറിച്ചു നടപ്പെട്ടു. സംസ്‌കാരമില്ലാത്തവരും ഇരുണ്ട ഭൂഖണ്ഡത്തില്‍ ജീവിക്കുന്നവരുമാണ് അവരെന്ന് യൂറോപ്പ് ലോകത്തോട് വിളിച്ചു പറഞ്ഞു. പക്ഷേ, ചരിത്രം ഒരു പരിധിയില്‍ കൂടുതല്‍ മൂടിവെക്കാന്‍ പറ്റില്ലല്ലോ. ഒമര്‍ സൈദിനെയും അബ്ദുറഹ്മാന്‍ സൂരിയെയും പോലുള്ളവരിലൂടെ യൂറോപ്പിന്റെ കൊടും കൊള്ള ലോകം അറിഞ്ഞു വരുമ്പോഴേക്കും കുറെയേറെ വൈകിയിരുന്നു. ലോകം യൂറോപ്പിന്റെ കണ്ണിലൂടെ വായന ആരംഭിച്ചിരുന്നു.
വ്യക്തികളില്‍ നിര്‍ണയിക്കപ്പെടുന്ന റേസിസവും വ്യവസ്ഥിതി നിര്‍ണയിക്കുന്ന റേസിസവും പരസ്പര പൂരകങ്ങളാണെങ്കിലും, സമൂഹം പലപ്പോഴും ഈ വിഷയത്തില്‍ ചെറിയ ഒരളവോളം നിരപരാധികളാണ്. ഇങ്ങനെയുള്ള വിഷയങ്ങളൊന്നും അവരറിയുന്നില്ല എന്നതും അവര്‍ പോലും അറിയാതെ അവരില്‍ വംശീയത നിക്ഷേപിക്കപ്പെടുന്നു എന്നതുമാണ് കാരണം.
ഒരിക്കല്‍ അമേരിക്കന്‍ ഐക്യനാടുകളിലെ വംശീയത എങ്ങനെ അവസാനിപ്പിക്കാം എന്ന് മാല്‍കം ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം കൊടുത്ത മറുപടി ജനങ്ങളെ ഭരണകൂടം പുന:ര്‍ വിദ്യാഭ്യാസം ചെയ്യണം എന്നായിരുന്നു. ഒരു ഭരണകൂടത്തിന് പുന:ര്‍ വിദ്യാഭ്യാസം ചെയ്യുന്നതിലൂടെ ജനതയുടെ ഇഷ്ടങ്ങള്‍ മാറ്റാനൊക്കുമോ എന്ന് മറുചോദ്യം വന്നപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ‘ലോക യുദ്ധങ്ങള്‍ക്കു മുമ്പുതന്നെ അമേരിക്കന്‍ ജനതക്ക് ഏറ്റവും ഇഷ്ടമില്ലാത്ത ജനത ജര്‍മനിക്കാരും ഇറ്റലിക്കാരുമായിരുന്നു. എന്നാല്‍, ലോകയുദ്ധം കഴിഞ്ഞപ്പോള്‍ അവര്‍ വെറുക്കുന്നത് റഷ്യക്കാരെയും ചൈനക്കാരെയുമാണ്. ഇത് ഭരണകൂടം ജനതയെ പുന:ര്‍വിദ്യാഭ്യാസം ചെയ്തതാണ്. പിന്നെന്തുകൊണ്ട് കറുത്തവനെ സ്നേഹിക്കാന്‍ വെളുത്തവനെ പഠിപ്പിച്ചു കൂട.’
കറുപ്പും വെളുപ്പും വേര്‍പിരിയുന്നത് പൂര്‍ണമായും രാഷ്ട്രീയമാണെന്നല്ല പറഞ്ഞുവക്കുന്നത്. പകരം, അതിന്റെ പിറകില്‍ കുറെയേറെ രാഷ്ട്രീയ മാനങ്ങള്‍ ഉണ്ടെന്നുള്ളതാണ്. മാത്രമല്ല അമേരിക്കയിലും യൂറോപ്പിലുമുള്ള റേസിസത്തെ കേരളത്തിലെ ഗര്‍ഭിണികള്‍ കുങ്കുമം കലക്കി കുടിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ അതിലെ യഥാര്‍ഥ പ്രശ്നങ്ങള്‍ അഡ്രസ് ചെയ്യപ്പെടാതെ പോവും. ഇങ്ങനെയുള്ള ചര്‍ച്ചകള്‍ പാടില്ല എന്നതല്ല. പകരം, വംശീയതയുടെ വേരുകള്‍ കിടക്കുന്നത് അവിടെയല്ല എന്നതാണിവിടെ പരിഗണിക്കേണ്ടത്. പലയിടങ്ങളിലും വര്‍ഗ,വംശ രൂപീകരണങ്ങള്‍ മനുഷ്യന്റെ കേവല വികാരങ്ങളില്‍ രൂപം കൊള്ളുന്നതല്ല, പകരം നിര്‍മിക്കപ്പെട്ട വ്യവസ്ഥിതികള്‍ അതിന്റെ വളര്‍ച്ചക്ക് ആവശ്യപ്പെടുന്ന സമയത്ത് സാമാന്യജനം മൗനികളാകുന്നതോടെ സംഭവിക്കുന്നതാണ്.

മുഹമ്മദ് ഇസ്മായില്‍ ഇബ്റാഹിം