വ്യാജ വാര്‍ത്തകള്‍; മാധ്യമങ്ങള്‍ നിര്‍വ്യാജം ഖേദിക്കുമോ?

960

ചൂടുപിടിച്ച അന്തിച്ചര്‍ച്ചകളും സരസവും വിരസവും പലപ്പോഴും ആകര്‍ഷണ തൃഷ്ണയെ ഉണര്‍ത്തുന്നതുമായ പശ്ചാത്തലമുള്ള മാധ്യമ സംസ്‌കാരം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ മൂന്ന് വിഭാഗങ്ങളായി ചുരുക്കിപ്പറയാം. ഒന്ന്, മാധ്യമങ്ങളും വാര്‍ത്താസ്ഥാപനങ്ങളും സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന ആശയങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും വളര്‍ത്തുന്ന രീതിയില്‍ അജണ്ടകളോടെ പ്രവര്‍ത്തിക്കുന്നു. രണ്ട്, ശീഘ്രമായ പ്രസരണ ശേഷിയുള്ള ഡിജിറ്റല്‍ യുഗത്തില്‍ ക്രെഡിബിലിറ്റി പ്രശ്നങ്ങളുള്ള വാര്‍ത്തകളും, ആധികാരികമല്ലാത്ത വിവരങ്ങളും മാധ്യമങ്ങള്‍ അതീവ താല്‍പര്യത്തോടെ പ്രസിദ്ധപ്പെടുത്തുന്നു. മൂന്ന്, പ്രേക്ഷകരെ അല്ലെങ്കില്‍ വായനക്കാരെ പിടിച്ചിരിത്തുന്ന ഉള്ളടക്കങ്ങളില്ലാതിരിക്കുമ്പോള്‍ വാര്‍ത്തയാവാന്‍ യോഗ്യതയില്ലാത്ത സംഭവങ്ങളെ വായനക്കാരന്റെ തൃഷ്ണയെ ഉണര്‍ത്തുന്ന രീതിയിലുള്ള ടാഗ് ലൈനോടെ പ്രസിദ്ധപ്പെടുത്തുന്നു. സൂചിപ്പിക്കപ്പെട്ട മൂന്നു വിഷയങ്ങളിലും സമൂഹവും സ്ഥാപനങ്ങളും വ്യക്തികളും പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെടുകയും പില്‍ക്കാലത്ത് സത്യാവസ്ഥകള്‍ പുറത്തുചാടുമ്പോള്‍ വലിയ ജനക്കൂട്ടമുള്ളതുകൊണ്ടുതന്നെ സ്ഥാപനങ്ങള്‍ക്കും സമൂഹത്തിനും റികവറി സാധ്യമാവുന്നുണ്ട്. എന്നാല്‍, വ്യക്തികള്‍ പ്രതിസ്ഥാനത്തിരിക്കുന്ന വാര്‍ത്തകളുടെ മറുവശം പുറത്തുവരുമ്പോള്‍ അവരെ തിരുത്തി മനസ്സിലാക്കാന്‍ പൊതുബോധം തയ്യാറാവാറില്ല. പലപ്പോഴും, അത്തരം തിരുത്ത് വാര്‍ത്തകള്‍ക്ക് പ്രാധാന്യം ലഭിക്കാറുമില്ല എന്നതാണ് അപ്രിയ സത്യം.
തീവ്ര വലതുപക്ഷ ആശയങ്ങളും വംശീയ യാഥാസ്ഥിതികത്വവും ഫാസിസ്റ്റ് വ്യവഹാരങ്ങളും മനുഷ്യനെ ശാരീരികമായി ബുദ്ധിമുട്ടിക്കുന്നതിനു മുമ്പായി പ്രസ്തുത ആശയങ്ങളെ അവയുടെ ഉപയുക്തരിലേക്ക് പടര്‍ത്താറുണ്ട്. ജൂതന്മാരെ കണ്ടിടത്തുവച്ചെല്ലാം കൊല്ലണമെന്ന നിലപാട് ഹിറ്റ്ലറുടെ ജര്‍മനിയിലെ പൊതുവികാരമായി രൂപപ്പെട്ടിരുന്നു. ഹിറ്റ് ലര്‍ ഭരണത്തിലേറുന്ന നാളുകളില്‍ ഈ അക്രമവാസന ഏതാനും പ്രമാണികളിലും രാഷ്ട്രീയനേതാക്കളിലും മാത്രം നിക്ഷിപ്തമായിരുന്നു. അതായത്, അജണ്ടയോടെ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളും വാര്‍ത്താവിതരണ ഏജന്‍സികളുമായിരുന്നു ഹോളോകോസ്റ്റ് നരബലിക്ക് എതിര്‍പ്പില്ലാത്തൊരു സ്വാഭാവിക അന്തരീക്ഷം നിര്‍മിച്ചത്. ആശയങ്ങോടും പ്രസ്ഥാനങ്ങളോടും ചേര്‍ന്നിരിക്കുക എന്നത് പലപ്പോഴും മാധ്യമങ്ങളുടെ സ്വഭാവമാണ്. മത,സാംസ്‌കാരിക,രാഷ്ട്രീയ ധാരകളോട് ചേര്‍ന്നിരിക്കാത്ത, പുറം വ്യവസ്ഥകളോട് സന്ധിചെയ്യാത്ത മാധ്യമങ്ങള്‍ തുലോം കുറവാണ് താനും. എന്നാല്‍, അജണ്ടകളും നയങ്ങളും തീവ്രനിലപാടുകള്‍ക്ക് വളംവക്കുന്ന രീതിയില്‍ രൂപപ്പെടുത്തുന്നത് മാധ്യമധര്‍മത്തെ സാരമായി ബാധിക്കും.
എന്‍.ഡി.ടി.വിയുടെ 29.18 ശതമാനം ഓഹരികള്‍ കൈവശമുള്ള പ്രൊമോട്ടര്‍ കമ്പനിയായ ആര്‍.പി.എച്ചിനെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിനെ തുടര്‍ന്ന് മുതിര്‍ന്ന് മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാര്‍ ചാനലില്‍നിന്നും രാജിവച്ച വാര്‍ത്ത അടുത്തിടെ വായിച്ചിട്ടുണ്ടാകും. ഇന്ത്യയിലെ തീവ്രഹിന്ദുത്വത്തെ പ്രൊമോട്ട് ചെയ്തും കാവി രാഷ്ട്രീയത്തിന് സാമ്പത്തിക അടിത്തറ ഒരുക്കിക്കൊടുത്തും വളര്‍ന്നുകൊണ്ടിരിക്കുന്ന അദാനി ഗ്രൂപ്പ് ഒരു മാധ്യമത്തിന്റെ ഇന്‍വെസ്റ്റേര്‍സാകുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളെ മുന്നില്‍കണ്ടാണ് രവീഷ് കുമാറിന്റെ രാജി. അല്ലെങ്കിലും വംശീയ-വര്‍ഗീയ ചീട്ടുകളിച്ചും ക്രമക്കേടുകള്‍ നടത്തിയും അധികാരം ഉറപ്പിക്കുന്ന പാര്‍ട്ടി ഭരിക്കുന്ന രാജ്യത്ത് ശുഭകരമായതൊന്നും പ്രതീക്ഷിക്കാന്‍ വകയില്ലല്ലോ. ‘രാജ്യത്തെ ജുഡീഷ്യറി തകരുകയും അധികാരത്തിലിരിക്കുന്നവര്‍ പലരുടെയും ശബ്ദം ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഈ ഏറ്റെടുപ്പിന് പിന്നിലെ ദുരുദ്ദേശം സുവ്യക്തിമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മറ്റൊരു ഉദാഹരണം, പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ വംശീയത പറഞ്ഞുപൊലിപ്പിച്ച ഖത്തറിന്റെ മാനുഷിക വിരുദ്ധ സമീപനത്തെ തുടര്‍ന്ന് അന്താരാഷ്ട്ര ചാനലായ ബി.ബി.സി ഖത്തര്‍ വേള്‍ഡ് കപ്പിന്റെ ഉദ്ഘാടന ചടങ്ങുകളുടെ സംപ്രേക്ഷണത്തില്‍ നിന്നും പിന്മാറിയിരിക്കുന്നു. വെസ്റ്റിലെ ഇസ്ലാം ഭീതിയുടെ അണിയറയില്‍ രൂപപ്പെട്ട മധ്യപൗരസ്ത്യ ദേശങ്ങളെക്കുറിച്ചുള്ള വെറുപ്പും ഫുട്ബോള്‍ അധിനിവിഷ്ട ശക്തികള്‍ എന്ന നിലക്ക് തങ്ങളുടേതാണെന്നും വെള്ളക്കാരുടെ ഭൂമിയിലല്ലാതെ അതിന് കളമൊരുങ്ങരുതെന്നുമുള്ള വാദവുമാണ് ഖത്തര്‍ വിരുദ്ധതയിലേക്ക് പാശ്ചാത്യനാടുകളെ നയിച്ച ഘടകം. ഈ വിഷയം തെളിവുകള്‍ സഹിതം ബോധ്യപ്പെട്ട ബി.ബി.സി വേള്‍ഡ് കപ്പ് സംപ്രേക്ഷണം ചെയ്യാതിരിക്കുന്നതിന്റെ മൂല കാരണം തീവ്രവലതുപക്ഷ വംശീയതയുടെ പ്രചാരകരാവുക എന്ന അജണ്ടയുടെ ഭാഗമാണെന്ന് ആര്‍ക്കാണ് ഇനിയും മനസ്സിലാവാത്തത്.
വിശ്വാസ യോഗ്യമല്ലാത്ത ഉറവിടങ്ങളില്‍ നിന്നുള്ളതോ വസ്തുതാവിരുദ്ധമോ ആയ പരാമര്‍ശങ്ങളോ, കെട്ടിച്ചമച്ചതും അസത്യവുമായ വിവരങ്ങളോ വ്യാജ വാര്‍ത്തകളാണ്. ആക്ഷേപമോ പരിഹാസനുകരണമോ-അപായപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ലാത്തവ, ആള്‍മാറാട്ടം ലക്ഷ്യം വച്ചുള്ളവ, കെട്ടിച്ചമച്ച ഉള്ളടക്കമുള്ളവ, തെറ്റായ ബന്ധങ്ങളുള്ളവ, തെറ്റായതും കെട്ടിച്ചമച്ചതുമായ വിവരങ്ങളുള്ളവ എന്നിങ്ങനെ വിവിധ തരത്തില്‍ വ്യാജ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയുടെ ഉപയോഗം അനിയന്ത്രിതമായി കൂടുകയും അറിവിന്റെ സ്രോതസ്സുകളെക്കുറിച്ച് കൃത്യമായ അവബോധമില്ലാതിരിക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്ക് വാട്സാപ്പ് പോലെയുള്ള ജനകീയ സാമൂഹ്യമാധ്യമങ്ങളിലൂടെ വരുന്ന വാര്‍ത്തകളെല്ലാം സത്യവും മറുവശമില്ലാത്തതുമാണ്. ഇത് കേവലമൊരു വാട്സാപ്പ് സന്ദേശങ്ങളുടെ മാത്രം പ്രശ്നമല്ലെന്ന് ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ബ്ലോഗുകളും സമൂഹത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന തെറ്റിദ്ധാരണകളുടെ അനന്തരഫലങ്ങളെക്കുറിച്ചാലോചിക്കുമ്പോള്‍ മനസ്സിലാകും.
വ്യാജവാര്‍ത്തകള്‍ പലപ്പോഴും ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പ്രശസ്തി നശിപ്പിക്കുകയോ, അല്ലെങ്കില്‍ മറ്റുചില സ്ഥാപനങ്ങളെയും സംരംഭങ്ങളെയും വലിയ തോതില്‍ വളരുന്നതിനായി പ്രൊമോട്ട് ചെയ്യുകയും, അതേസമയം പരസ്യ വരുമാനത്തിലൂടെ പണം സമ്പാദിക്കുകയും ചെയ്യുന്ന ഏജന്‍സികളാണ്. ചരിത്രത്തിലുടനീളം തെറ്റായ വാര്‍ത്തകള്‍ എല്ലായ്‌പ്പോഴും പ്രചരിപ്പിച്ചിട്ടുണ്ടെങ്കിലും, ”വ്യാജ വാര്‍ത്ത” എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1890 കളില്‍ പത്രങ്ങളില്‍ സെന്‍സേഷണല്‍ റിപ്പോര്‍ട്ടുകള്‍ സാധാരണമായിരുന്നപ്പോഴാണ്. എന്നിരുന്നാലും, ഇപ്പോഴും ഈ പദത്തിന് ഒരു നിശ്ചിത നിര്‍വചനം ഇല്ല. ഏതെങ്കിലും തരത്തിലുള്ള തെറ്റായ വിവരങ്ങളെ ഇങ്ങനെ പരാമര്‍ശിച്ചു വരുന്നു. ശരിയെ തെരഞ്ഞെടുക്കാന്‍ വലിയ പ്രയാസമാവുന്ന തരത്തിലേക്ക് തെറ്റായി ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ ടെക്നോളജികള്‍ ഈ രംഗത്ത് ഉയര്‍ത്തുന്ന ഭീഷണി ചെറുതൊന്നുമല്ല.
മധുമോഹനന്റെ മരണവാര്‍ത്ത, നടി ദിവ്യ എം നായരുടെ വ്യാജ സന്ദേശം, മണിയന്‍പിള്ള രാജുവിന്റെ മകന്‍ പോലീസ് കസ്റ്റഡിയില്‍, ഗുസ്തി താരം നിഷ ദഹിയയുടെ മരണവാര്‍ത്ത, കലാഭവന്‍ ഷാജോണിന്റെ ബി.ജെ.പി അംഗത്വം എന്നിങ്ങനെ വ്യക്തികളെ വിഷമിപ്പിക്കുന്ന വ്യാജ വാര്‍ത്തകള്‍ അടുത്തിടെ പത്രമാധ്യമങ്ങളില്‍ ശ്രദ്ധിച്ചിരുന്നു. അതേസമയം, കുളിക്കുന്ന രീതിയും പക്ഷാഘാതവും തമ്മില്‍ബന്ധമുണ്ട്, ആമസോണ്‍ സൗജന്യ സമ്മാനം, കോവിഡ് 19 ഡാറ്റ ചോര്‍ച്ച, അതിവേഗ റെയില്‍വേ പാതയുടെ തെറ്റായ ഗൂഗിള്‍ മാപ്പ് എന്നിങ്ങനെ സമൂഹത്തെ മുഴുവനായും ബാധിക്കുന്ന വ്യാജവാര്‍ത്തകളും അടുത്തകാലത്ത് ശ്രദ്ധയില്‍പെട്ടിരുന്നു. 2008 ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് (സെക്ഷന്‍ 66 ഡി) ഇലക്ട്രോണിക് ആശയവിനിമയവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയാനും, ദുരന്തങ്ങളെ കുറിച്ചോ അവയുടെ ആഴത്തെ സംബന്ധിച്ചോ പരിഭ്രാന്തി പരത്തുന്ന തരത്തില്‍ തെറ്റായ വിവരങ്ങളോ അപായ മുന്നറിയിപ്പുകളോ പ്രചരിപ്പിക്കുന്നത് തടയാനുള്ള 2005 ലെ ഡിസാസ്റ്റര്‍ മാനേജ്മന്റ് ആക്ടും(സെക്ഷന്‍ 54), 1860 ലെ ഇന്ത്യന്‍ സി നിയമത്തിലെ 153, 499, 500(1) സെക്ഷനുകളും വ്യാജവാര്‍ത്തകളെ നിയമവിരുദ്ധമാക്കിയുള്ള ഭരണഘടനാ അമെന്‍ഡ്മെന്റുകളാണ്. നിയമപാലകരുടെ സൈബര്‍ സെല്ലും മറ്റും ഊര്‍ജസ്വലമായ ഇക്കാലത്ത് മേല്‍സൂചിത നിയമങ്ങളുടെ പരിരക്ഷയുണ്ടായിട്ടും വ്യാജവാര്‍ത്തകളുടെ എണ്ണത്തിലും വണ്ണത്തിലും വര്‍ധനവ് വരുന്നത് പ്രസ്തുത കൃത്യങ്ങള്‍ക്കുപിന്നില്‍ രാഷ്ട്രീയമോ, അതല്ലെങ്കില്‍ സാമ്പത്തികമോ ആയ അജണ്ടകള്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്.


വാര്‍ത്തയല്ലാത്ത വാര്‍ത്തകള്‍
പ്രേക്ഷകരെ അല്ലെങ്കില്‍ വായനക്കാരെ പിടിച്ചിരിത്തുന്ന ഉള്ളടക്കങ്ങളില്ലാതിരിക്കുമ്പോള്‍ വാര്‍ത്തയാവാന്‍ യോഗ്യതയില്ലാത്ത സംഭവങ്ങളെ വായനക്കാരന്റെ തൃഷ്ണയെ ഉണര്‍ത്തുന്ന രീതിയിലുള്ള ടാഗ് ലൈനോടെ പ്രസിദ്ധപ്പെടുത്തുന്നു എന്നതാണ് ഈ രംഗത്തെ മൂല്യച്യുതി അറിയിക്കുന്ന മറ്റൊരു സംഗതി. ഇത്തരം വാര്‍ത്താപ്രാധാന്യമില്ലാത്ത വാര്‍ത്തകളുടെ പ്രത്യേകത കാലക്രമേണ അത് പ്രാധാന്യമര്‍ഹിക്കുന്ന തലത്തിലേക്ക് വളരുന്നു എന്നതാണ്. പൊതു ഇടങ്ങളില്‍ ചര്‍ച്ചക്ക് സ്വീകാര്യത ലഭിക്കുന്ന വിഷയങ്ങള്‍ തുലോം കുറവാകുമ്പോഴും വാര്‍ത്തയാക്കപ്പെടുന്നവയോട് ജനങ്ങള്‍ക്ക് താല്‍പര്യമില്ലാതിരിക്കുമ്പോഴും മാധ്യമങ്ങളുടെ നിലനില്‍പ്പുതന്നെ ഇത്തരം ചെത്തിമിനുക്കിയെടുക്കുന്ന ന്യൂസുകളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. പലപ്പോഴും ഇത്തരം രാകിയെടുക്കുന്ന വാര്‍ത്തകള്‍ മതങ്ങളുടെ ഭാഗത്തേക്ക് ചേര്‍ത്തുവക്കാന്‍ കഴിയുന്ന പരാമര്‍ശങ്ങളും സൂക്ഷ്മതയുടെ വീക്ഷണത്തോടെ മതാനുയായികള്‍ക്ക് അവരുടെ നേതൃത്വം നല്‍കുന്ന ഉപദേശങ്ങളുമാണെന്ന് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഹലാല്‍ ഭക്ഷണചര്‍ച്ചകള്‍, ലോകകപ്പും നിസ്‌കാരവും, ആരാണ് കാഫിര്‍ എന്ന ടാഗ് ലൈനുള്ള ചര്‍ച്ച എന്നിങ്ങനെയുള്ള വളരെ പ്രത്യക്ഷമായ ഉദാഹരങ്ങളില്‍തന്നെ ഇവയുടെ സ്വഭാവവും ലക്ഷ്യവും ഒളിഞ്ഞിരിപ്പുണ്ട്.
അടുത്തകാലത്ത് പ്രാദേശിക തലം മുതല്‍ അന്താരാഷ്ട്രയിടം വരെ കൊണ്ടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ വിഷയമായിരുന്നല്ലോ ഹലാല്‍ വിവാദം. മതത്തിന്റെ നിരുപദ്രവമായ സാങ്കേതിക പദം എന്നതിലപ്പുറം പൊതു സമൂഹത്തെ ഒരു വിധേനയും ബാധിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യാത്ത കാഴ്ചപ്പാടാണ് ഹലാല്‍ ഭക്ഷണത്തിന്റേത്. ഇതറിയാത്തതുകൊണ്ടൊന്നുമല്ലെങ്കിലും ‘മുസ്ലിം ജിഹാദെ’ന്ന ഏറെ ഭീകരവത്കരിക്കപ്പെട്ട സങ്കേതത്തെ കുറച്ചുകൂടി അജണ്ടയോടെ പുറത്തെടുക്കാന്‍ പറ്റിയ അവസരമായാണ് അവരിത് ഉപയോഗിച്ചത്. യഥാര്‍ഥത്തില്‍, ഇസ്ലാം വിരോധികള്‍ക്ക് മതത്തെ എപ്പോഴും പ്രതിസ്ഥാനത്തു നിര്‍ത്തണം; എന്നിട്ട് എല്ലാവരെയും കൂട്ടി എറിഞ്ഞു കൊല്ലണം. അതിന് എത്രമേല്‍ വസ്തുതാ വിരുദ്ധമായ കാര്യവും സത്യസന്ധത നടിച്ച് പ്രചരിപ്പിക്കും. ആരെയും തെറ്റിദ്ധരിപ്പിക്കും വിധം പ്രചാരണങ്ങള്‍ നടത്തും. വിശ്വാസികള്‍ പാലിക്കേണ്ട വിധിവിലക്കുകളായ ഹലാലും ഹറാമും ‘സാമ്പത്തിക ജിഹാദെ’ന്ന ആഗോള ഭീകര പ്രവര്‍ത്തനമായി എഴുന്നെള്ളിക്കുകയും ചെയ്യും. കഴിഞ്ഞ ക്രിസ്തുമസ് കാലത്ത് അതുവരെയും ഇല്ലാതിരുന്ന തട്ടിക്കൂട്ട് സംഘങ്ങള്‍ പ്രത്യക്ഷപ്പെട്ട് കേരളത്തെ ആകെ ഹലാലില്‍ മുക്കിക്കൊന്നൊടുക്കാന്‍ ശ്രമിച്ചതു മുതല്‍ ഒരു ആത്മീയ ചടങ്ങില്‍ വിതരണം ചെയ്യാനുണ്ടാക്കിയ ഭക്ഷണത്തില്‍ മന്ത്രം ചൊല്ലി ഊതിയതുപോലും മലിനമായി അവതരിപ്പിച്ച് കേരളത്തെ ആകെ നാറ്റിച്ചതടക്കം, എന്നല്ല അതുമായി ഒരു ബന്ധവുമില്ലാത്ത ഹലാല്‍ ഭക്ഷണ ചര്‍ച്ചയിലേക്ക് ഈ സംഭവത്തെ വലിച്ചിഴച്ച് ആത്മീയ ചടങ്ങിലെ സൗജന്യ അന്നദാനത്തില്‍ മന്ത്രവും ഊത്തുമൊക്കെ ഇഷ്ടപ്പെടുന്ന തനിത്തങ്കം വിശ്വാസികള്‍ക്കു വേണ്ടി ചെയ്ത ഒരു മതാനുഷ്ഠാനത്തെ തുപ്പലാക്കിയതും വീട്ടിലെയും ഹോട്ടലുകളിലേയുമടക്കം മുസ് ലിംകള്‍ തയ്യാറാക്കുന്ന എല്ലാ ഭക്ഷണ വസ്തുക്കളിലേക്കും വ്യാപിപ്പിച്ചും മുസ് ലിം വിരുദ്ധര്‍ മൈലേജ് തേടുന്നത് കാണുമ്പോള്‍, മനുഷ്യ സ്‌നേഹവും സൗഹാര്‍ദവുമൊക്കെ ഇവരെ എത്രമേല്‍ അസ്വസ്ഥരാക്കുന്നുവെന്ന് തിരിച്ചറിയുക. പൊതു സമൂഹത്തെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുകയും ന്യൂനപക്ഷ മോര്‍ച്ചകള്‍ സൃഷ്ടിച്ച് ഈ വാദം വസ്തുതാപരമാണെന്ന് തെളിയിക്കാന്‍ നിരന്തരം മത്സരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ തന്നെ ഈ തുപ്പല്‍ അഭിഷേകം കൊണ്ട് പുളകിതനാവുകയും തനി
ഇസ് ലാം വിമര്‍ശകനായി രംഗത്തു വരികയും ചെയ്തത് എത്രമേല്‍ അനുചിതമല്ല!
വിഭാഗങ്ങളെ മൊത്തത്തില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള മാധ്യമ സമീപനങ്ങള്‍ വളര്‍ന്നുവളര്‍ന്ന് വ്യക്തികളെയും അതിലൂടെ അവര്‍ പ്രതിനിധാനം ചെയ്യുന്ന രീതിശാസ്ത്രത്തെയും അവഹേളിക്കുന്ന തരത്തിലെത്തിയിരിക്കുന്നു എന്നതാണ് ഇതിന്റെ പരിണിതി. മതസംഘടനയുടെ തലപ്പത്തിരിക്കുന്ന വ്യക്തി ആഗോള ഫുട്ബോള്‍ മാമാങ്കം നടക്കുന്ന പശ്ചാത്തലത്തില്‍ വ്യക്തിജീവിതം തകിടംമറിയുന്ന തരത്തിലുള്ള ആരാധനാപ്രവണതകളെ കുറിച്ച് വിശ്വാസികള്‍മാത്രം ഒരുമിക്കുന്ന ജുമുഅ: നിസ്‌കാരാനന്തരം ഉദ്ബോധനം നടത്തണമെന്ന് മതനേതാക്കളോട് തെര്യപ്പെടുത്തിയത് അടുത്ത ദിവസം വാര്‍ത്തയാവുകയും അതിനെ തുടര്‍ന്ന് രാത്രികാല ചര്‍ച്ചകള്‍ നടത്തപ്പെടുകയും ചെയ്യുന്നു. പിന്നീട്, നിര്‍ദേശങ്ങളുടെ സ്വഭാവത്തെയും ശബ്ദത്തെയും വക്രീകരിച്ച് ഇസ്ലാമും പന്തുകളിയും എന്ന ദ്വന്ദനിര്‍മിതിവരെ കാര്യങ്ങള്‍ എത്തുന്ന കാഴ്ചവരെ കണ്ടു. വിവിധ മതധാരകള്‍ സഹവസിക്കുന്ന ഇന്ത്യയില്‍ എത്ര മതനേതാക്കള്‍ തങ്ങളുടെ അനുയായികളെ ഉപദേശിക്കാറുണ്ട്, അവയില്‍ എത്രയെണ്ണം വിവാദമാവാറുണ്ട്. മതവിദ്വേഷം പരത്തുന്ന മതപ്രഭാഷണങ്ങള്‍പോലും വിവാദമാവാത്ത കാലത്താണ് ഇത്തരം വിവാദങ്ങള്‍ രംഗം കൊഴുപ്പിക്കുന്നതെന്നോര്‍ക്കണം.
ഒരു സംഘടനയുടെ ആദര്‍ശങ്ങളെയും നയങ്ങളെയും ഒരുപോലെ അംഗീകരിക്കുന്ന വിശ്വാസികള്‍. പൊതുപരിപാടികളില്‍, പ്രത്യേകിച്ച് പുരുഷന്മാരുടെ സാന്നിധ്യമുള്ളവയില്‍ പ്രായപൂര്‍ത്തിയായ സ്ത്രീകളെയും പെണ്‍കുട്ടികളെയും പങ്കെടുപ്പിക്കരുതെന്നാണ് അവരുടെ നയം. അങ്ങനെയിരിക്കെ സമ്മാനം ഏറ്റുവാങ്ങിക്കാന്‍ കയറിവന്ന പെണ്‍കുട്ടിയെ സ്റ്റേജില്‍ കയറുന്നതിനെ തഴയുന്ന മുതിര്‍ന്ന മതനേതാവിന്റെ സമീപനം വളരെ വിവാദപരമാവുന്നു. സ്ത്രീകള്‍ സ്റ്റേജില്‍ കയറുന്നത് ഹറാമാണോ, അങ്ങനെ സ്ത്രീസാന്നിധ്യമുണ്ടായാല്‍ ഖിയാമം സംഭവിക്കുമോ എന്നൊക്കെ കലിപ്പ് പ്രതികരണങ്ങള്‍ നടത്തി പ്രസ്തുത വ്യക്തിയെയും സംഘടനയെയും മാനുഷിക മൂല്യങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുന്നു. അധിക്ഷേപിക്കപ്പെട്ട കുട്ടിക്കോ, അവരുടെ മാതാപിതാക്കള്‍ക്കോ പരാതിയില്ലെന്നുമാത്രമല്ല, തടഞ്ഞവ്യക്തിയുടെ സമീപനത്തെ തീര്‍ത്തും ഗുണകാംക്ഷാപരമായി ശിരസാവഹിക്കുകയും ചെയ്തു. എന്നിട്ടും ചിലരുടെ പ്രതികരണങ്ങള്‍ കേള്‍ക്കുമ്പോള്‍ മനംപുരട്ടല്‍ തോന്നും. കണ്‍മുമ്പില്‍ വലിയ മാനഭംഗങ്ങളും സ്ത്രീവിരുദ്ധതയും നടന്നിട്ടും അതിനെയൊന്നും വിമര്‍ശനാത്മകമായി സമീപിക്കാത്ത ഈ വ്യക്തികളുടെ പ്രതികരണത്തില്‍ തന്നെ ദുഷ്ടലാക്കുണ്ട്.
ഏതായാലും, വ്യക്തി,ജീവിതങ്ങളെ പൊതുയിടത്തില്‍ പിച്ചിച്ചീന്തുന്ന മാധ്യമ വാഴ്ചകള്‍ ശരികേട് തന്നെയാണ്. പൊതുനന്മയ്ക്കായി ഉന്നയിക്കുന്ന സത്യമായ ആരോപണങ്ങള്‍, ഒരു പബ്ലിക് സെര്‍വന്റിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തെ സംബന്ധിച്ച പെരുമാറ്റത്തെക്കുറിച്ചോ അതില്‍നിന്നു വെളിവാകുന്ന സ്വഭാവത്തെക്കുറിച്ചോ ഉത്തമവിശ്വാസമായി പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍, ഒരു പൊതുപ്രശ്നത്തെ സംബന്ധിച്ചിടത്തോളം ഒരാളുടെ പെരുമാറ്റത്തെക്കുറിച്ചോ സ്വഭാവത്തെക്കുറിച്ചോ ഉത്തമ വിശ്വാസമായി പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍, കോടതിനടപടികളുടെ സത്യസന്ധമായ
റിപ്പോര്‍ട്ടുകള്‍, വിധികഴിഞ്ഞ കേസിന്റെ ഗുണദോഷങ്ങളെപ്പറ്റിയോ ആ കേസിലെ കക്ഷിയുടെയോ സാക്ഷിയുടെയോ പെരുമാറ്റത്തെക്കുറിച്ചോ സ്വഭാവത്തെക്കുറിച്ചോ ഉത്തമവിശ്വാസമായി പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍, പൊതുജനാഭിപ്രായത്തിനു വിട്ടുകൊടുത്ത ഒരു പെര്‍ഫോമന്‍സിന്റെ ഗുണദോഷങ്ങളെ സംബന്ധിച്ചുള്ള ന്യായമായ അഭിപ്രായങ്ങള്‍, അധികാരമുള്ള ആള്‍ ഉത്തമവിശ്വാസത്തോടെ മറ്റൊരാളുടെ പെരുമാറ്റത്തെ അപലപിക്കുക, അധികാരസ്ഥാനങ്ങളില്‍ കൊടുക്കുന്ന പരാതി, തന്റെയോ മറ്റൊരുടെയെങ്കിലുമോ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ഉന്നയിക്കുന്ന ആരോപണം, ആരോപണവിധേയനായ ആളിന്റെ നന്മയ്ക്കോ പൊതു ജനനന്മയ്ക്കോ വേണ്ടി കൊടുക്കുന്ന മുന്നറിയിപ്പുകള്‍ എന്നിവയല്ലാത്തവയെല്ലാം അഭിമാനത്തെ ഭംഗപ്പെടുത്തുന്നവയാണ്. ഇത്തരം അഭിമാന പ്രശ്നങ്ങള്‍തന്നെ വാര്‍ത്താപ്രാധാന്യമുള്ളവയാണെന്ന് മാത്രം പറയാം.
One of the essential features of democracy is that it enhances the digntiy of citizens, by providing them equal status and opportuntiy to each and every one of them. ഭരണഘടനയുടെ സുപ്രധാനമായ സവിശേഷത തുല്യ അവകാശവും അവസരവും നല്‍കി പൗരന്മാരുടെ അഭിമാനം സംരക്ഷിക്കുന്നുവെന്നതാണ്. ട്രോളുകളുടെയും പൊതുവിമര്‍ശനങ്ങളുടെയും കാലത്ത് നേരത്തെ പറഞ്ഞ രണ്ട് ഉദാഹരണങ്ങളും അഭിമാന വിഘ്നത്തില്‍ ഉള്‍പ്പെടുമെന്ന് പോലും മനസ്സിലാവാത്ത രൂപത്തില്‍ നമ്മുടെ പൊതുബോധം രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു. അതൊരു പ്രശ്നമായി ഉയര്‍ത്തപ്പെടുമ്പോഴാണ് പരിഹാരങ്ങള്‍ ഉണ്ടാവുകയെന്ന് മാത്രം.

നാജിയ നസ്റിന്‍