സംഘ്പരിവാറിനു മുന്നില്‍ സംവാദ വാതിലുകള്‍ അടച്ചിടാമോ?

754

നെതര്‍ലന്റിലെ ‘പാര്‍ട്ടി ഫോര്‍ ഫ്രീഡം’ എന്ന രാഷ്ട്രീയ കക്ഷിയുടെ നേതാവും 2010-14 കാലത്ത് ഡച്ച് പാര്‍ലമെന്റ് അംഗവുമായിരുന്നു ജോറാം വാന്‍ ക്ലാവറന്‍. ഇസ്‌ലാം വിരുദ്ധ പ്രസ്താവനകളിലൂടെയും ആന്റി മുസ്‌ലിം കാമ്പയിനുകളിലൂടെയുമാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. ഇസ്‌ലാം എന്നത് ഒരു നുണയാണ്, ഖുര്‍ആന്‍ മാരക വിഷമാണ്, പര്‍ദ്ദയും പള്ളികളും നിരോധിക്കണം. ഇസ്‌ലാമിക കലാലയങ്ങള്‍ അനുവദിക്കരുത്, മുസ്‌ലിം കുടിയേറ്റക്കാരെ നാടുകടത്തണം, എന്നിങ്ങനെയുള്ള ക്ലാവറന്റെ പ്രസ്താവനകള്‍ ഡച്ചുകാര്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുകയും അത് ഇസ്‌ലാമോഫോബിയ വളര്‍ത്തുകയും ചെയ്തു. കൂടുതല്‍ തീവ്രവാദിയായി മാറിയ അദ്ദേഹം ഇസ്‌ലാമിനെ വിമര്‍ശിച്ചുകൊണ്ട് വലിയൊരു ഗ്രന്ഥം തന്നെ എഴുതിത്തുടങ്ങി.
റഫറന്‍സുകളും ഇസ്‌ലാം വിമര്‍ശ ഗ്രന്ഥങ്ങളും പരതി ഗ്രന്ഥരചന തുടര്‍ന്നു. പക്ഷേ, 2018 ഒക്ടോബറില്‍, ഇസ്‌ലാം വിരുദ്ധ പുസ്തകം എഴുതി പാതിവഴിയില്‍ എത്തിനില്‍ക്കെ വാന്‍ ക്ലാവറന്റെ മനസ്സ് മാറി. ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ട് ‘ഞാനിതാ ഇസ്‌ലാം സ്വീകരിക്കുന്നു’ എന്ന് അദ്ദേഹം പ്രഖ്യാപിച്ചു! ആഗോള മീഡിയ പൊതുവിലും ഡച്ച് ജനത പ്രത്യേകിച്ചും വലിയ അത്ഭുതത്തോടെയാണ് ആ വാര്‍ത്ത ശ്രവിച്ചത്. അദ്ദേഹത്തിന്റെ മുന്‍ രാഷ്ട്രീയ നേതാവ് വൈല്‍ഡേഴ്‌സ് (പി.വി.വി) വാന്‍ ക്ലാവറന്റെ മതംമാറ്റത്തെ വിശേഷിപ്പിച്ചത് egetarian working in a slaughterhouse(ഒരു സസ്യാഹാരി ഒരു അറവുശാലയില്‍ ജോലി ചെയ്യാന്‍ പോകുന്നതുപോലെ) എന്നാണ്.
മുസ്‌ലിമായ ശേഷം, തന്റെ പുസ്തകത്തിന്റെ ശൈലി അദ്ദേഹം മാറ്റി. മതത്തിനായുള്ള അന്വേഷണത്തിനും ഇസ്‌ലാമിലേക്കുള്ള പരിവര്‍ത്തനത്തിനും വേണ്ടി അതിനെ അദ്ദേഹം തിരുത്തിയെഴുതി. Apostate from Christianity to Islam in times of secularization and terror (മതേതരവത്കരണത്തിന്റെയും ഭീകരതയുടെയും കാലത്ത് ക്രിസ്തുമതത്തില്‍ നിന്ന് ഇസ്‌ലാമിലേക്കുള്ള വിശ്വാസത്യാഗം) എന്ന അദ്ദേഹത്തിന്റെ പുസ്തകം ഡച്ചിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു.
ഒരു ശത്രുവിനു മുന്നിലും ഇസ്‌ലാമിന്റെ സംവാദ വഴികള്‍ അടച്ചിടാനാകില്ലെന്ന് തെളിയിച്ച സമീപകാല സംഭവങ്ങളിലൊന്നാണിത്. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും എക്കാലത്തും എതിരാളികളുണ്ടായിട്ടുണ്ട്. മുസ്‌ലിംകളെ മുഴുവന്‍ കൊന്നുതിന്നാന്‍ ആര്‍ത്തിപൂണ്ടു വന്നവര്‍ അവസാനം ഈ മതത്തിന്റെ അനുയായികളും പോരാളികളുമായി മാറിയിട്ടുണ്ട്. മക്കയിലെ അര്‍ഖം ബിന്‍ അബീ അര്‍ഖമിന്റെ വീട്ടില്‍ രഹസ്യ പ്രബോധനം നടത്തിയിരുന്ന പ്രവാചകരെ വധിക്കാന്‍ വാളും ഉയര്‍ത്തി കടന്നുവന്ന ഉമര്‍ ബിന്‍ ഖത്വാബില്‍ നിന്ന് തുടങ്ങുന്നു ആ ചരിത്രം. മദീനയില്‍ താമസിക്കുന്ന നബിനായകരെ വധിക്കാന്‍ ക്വട്ടേഷനെടുത്തു ചെന്ന ഉമൈര്‍ ബിന്‍ വഹബും, ക്വട്ടേഷന്‍ നല്‍കിയ സ്വഫ്‌വാന്‍ ബിന്‍ ഉമയ്യയും മുസ്‌ലിം സമാജത്തിലെ അംഗങ്ങളായി വന്നു അടുത്ത നിരയില്‍ നില്‍ക്കുന്നു. അതിന്റെ തുടര്‍ച്ച ചരിത്രത്തിന്റെ ഓരോ ഘട്ടങ്ങളിലും നമുക്ക് കാണാം. പച്ച മനുഷ്യരുടെ തലയോട്ടികള്‍ കൊണ്ട് പിരമിഡുകള്‍ തീര്‍ത്ത ചെങ്കിസ്ഖാന്റെ(1162-1227) താര്‍ത്താരിപ്പട, ബഗ്ദാദ് അക്രമിച്ചു അവിടെ ചോരപ്പുഴ തീര്‍ത്തപ്പോള്‍ പതിനെട്ടു ലക്ഷം മുസ്‌ലിംകളെയാണ് കൊന്നൊടുക്കിയത്. എന്നിട്ടെന്തുണ്ടായി? മംഗോളിയരെന്നും താര്‍ത്താരികളെന്നും അറിയപ്പെട്ട ആ തെമ്മാടിക്കൂട്ടത്തിലെ പിന്മുറക്കാര്‍ എല്ലാം അവസാനിപ്പിച്ച് കലിമ ചൊല്ലി മുസ്‌ലിംകളായി.
ഇതാണ് ഇസ്‌ലാം. അന്ത്യനാളിന്റെ അവസാനത്തെ വിളിയാളം വരുമ്പോഴും പ്രതീക്ഷയോടെ കാര്യങ്ങളെ സമീപിക്കണമെന്നു പഠിപ്പിച്ച മതം. ഏതു വലിയ ശത്രുവിനെയും പ്രതീക്ഷയോടെ സമീപിക്കണമെന്നാണ് ഈ മതത്തിന്റെ അധ്യാപനം. ഫറവോന്റെ കൊട്ടാരത്തിലേക്ക് മൂസാ പ്രവാചകനെയും അഹറോനെയും പറഞ്ഞയക്കുമ്പോള്‍ അല്ലാഹു അവരോട് പ്രത്യേകം നിര്‍ദേശിച്ചത് ഫൗര്‍ഔനോട് മൃദുലതയുടെ ഭാഷ സ്വീകരിക്കാനാണ്. ‘നിങ്ങള്‍ ഇരുവരും ഫിര്‍ഔനിന്റെ അടുത്തേക്ക് പോവുക. അവനോട് സൗമ്യമായ വാക്കുകള്‍ പറയുക. അവന്‍ ചിന്തിച്ചു മനസ്സിലാക്കിയെങ്കിലോ? അല്ലെങ്കില്‍ ഭക്തിപുലര്‍ത്തിയെങ്കിലോ?’ (ഖുര്‍ആന്‍: 20: 43) ഈ വചനത്തില്‍ എല്ലാം അടങ്ങിട്ടുണ്ട്. ഇസ്‌റയേല്യരുടെ കഠിന ശത്രുവും, സാധ്യമായ സര്‍വ മാര്‍ഗങ്ങളിലൂടെയും അവരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയുംചെയ്ത ഫറവോന്‍, താനാണ് ദൈവമെന്ന വാദമുപേക്ഷിച്ചു ഇസ്‌റയേല്യരുടെ ദൈവത്തെ അംഗീകരിക്കുക എന്നത് വിദൂര സാധ്യത മാത്രം അവശേഷിക്കുന്നതാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. എന്നിട്ടും അയാളോടുള്ള സമീപനവും സംവാദ ശൈലിയും സൗമ്യമായിരിക്കണമെന്ന് അല്ലാഹു കല്‍പ്പിച്ചു. ഇതാണ് വിശ്വാസികളുടെ മാതൃക.
എത്ര വലിയ ശത്രുവിനോടും സൗമ്യ ശൈലി സ്വീകരിക്കണമെന്നും ആരുടെ മുന്നിലും സംവാദത്തിന്റെ സാധ്യതകള്‍ ഇല്ലാതെയാക്കരുതെന്നും പറയുമ്പോള്‍, അതിനര്‍ഥം എതിരാളിയുടെ മുന്നില്‍ ചെന്നു, മുട്ടിലിഴയണമെന്നോ ആദര്‍ശം അടിയറ വയ്ക്കണമെന്നോ അല്ല. ആത്മാഭിമാനം പണയപ്പെടുത്തി ആരോടെങ്കിലും രാജിയാകാന്‍ മത ശാസനയില്ല. നടേ സൂചിപ്പിക്കപ്പെട്ട ചരിത്ര സന്ധികളിലൊന്നും അങ്ങനെയൊരു മാതൃകയും ചൂണ്ടിക്കാട്ടാനാകില്ല. 1258 ല്‍ ഇസ്‌ലാമിന്റെ ആസ്ഥാന കേന്ദ്രങ്ങളായിരുന്ന ബഗ്ദാദും സമര്‍ഖന്ദും ബുഖാറയുമെല്ലാം തകര്‍ത്തു തരിപ്പണമാക്കയ താര്‍ത്താരിപ്പട ഇസ്‌ലാമിന്റെ മഹത്വത്തെ കുറിച്ചു ചിന്തിച്ചത് 1620 സപ്തംബര്‍ 3ന് സൈഫുദ്ദീന്‍ ഖുത്സിന്റെ മുസ്‌ലിംകള്‍ റമള്വാന്‍ നോമ്പെടുത്തു ഐന്‍ ജാലൂത്തില്‍ വച്ചു പ്രതിരോധം തീര്‍ത്തപ്പോഴായിരുന്നു.
അപ്പോള്‍, അധികാരവും ശക്തിയും കാണിച്ചു കണ്ണുരുട്ടുന്ന എതിരാളിയുടെ മുന്നില്‍ വിനീതവിധേയനായി മുട്ടിലിഴയുന്നതിനും മസിലുപിടിച്ചു നിസ്സഹകരണ യുദ്ധം പ്രഖ്യാപിക്കുന്നതിനും ഇടയില്‍ ഇസ്‌ലാമിന് ഒരു വഴിയുണ്ട്. അതിരുകവിയുന്ന എടുത്തു ചാട്ടത്തിനും, അലംഭാവത്തിലെത്തുന്ന നിസ്സംഗതയുടെയും ഇടയിലുള്ള മിതത്വത്തിന്റെ വഴി. ആ വഴിയാണ് മുസ്‌ലിം മുഖ്യധാരയുടെ സഞ്ചാരസരണി. അവിടെ ആരോടെങ്കിലും പുറംതിരിഞ്ഞു നില്‍ക്കോനോ ആജന്മശത്രുവിനെ പ്രഖ്യാപിക്കാനോ വകുപ്പില്ല. അല്ലെങ്കിലും, മിത്രത്തെ അതിരുവിട്ടടുപ്പിക്കുന്നതും ശത്രുവിനെ പരിധിക്കപ്പുറം അകറ്റുന്നതും മറ്റു പല പ്രതിസന്ധികളെയും കൊണ്ടുവരാനാണിട. മുഹമ്മദ് നബി(സ്വ) തന്നെ ഒരിക്കല്‍ പറഞ്ഞു: ‘നീ നിന്റെ മിത്രത്തെ ഒരു പരിധി വരെ സ്‌നേഹിക്കുക. എന്നെങ്കിലും ഒരുനാള്‍ അവന്‍ നിന്റെ ശത്രുവായേക്കാം. നീ നിന്റെ ശത്രുവിനെ ഒരു പരിധി വരെ വെറുക്കുക. എന്നെങ്കിലും ഒരു നാള്‍ അവന്‍ നിന്റെ മിത്രമായേക്കാം’ (തിര്‍മിദി: 1997, ത്വബ്‌റാനി: 3395).
വിശ്വാസിയുടെ വ്യക്തി ജീവിതത്തില്‍ മാത്രമല്ല, സാമൂഹിക ജീവിതത്തിലും രാഷ്ട്രീയ,സാംസ്‌കാരിക മേഖലകളിലും ഈ ഹദീസിനു പ്രസക്തിയുണ്ട്. ഒരു സമാജമെന്ന നിലക്ക് മുസ്‌ലിംകളുടെ ശത്രുക്കളായിരുന്നവര്‍ പിന്നീട് മിത്രങ്ങളായിട്ടുണ്ട്. മിത്രങ്ങള്‍ ശത്രുക്കളും. ഉദാഹരണത്തിന് ഫ്രാന്‍സ്. ഒരു കാലത്ത് മുസ്‌ലിംകളുടെ പ്രിയപ്പെട്ട നാടായിരുന്നു അത്. 1526 ല്‍ ഹംഗറി, പോളണ്ട്, ജര്‍മനി, സ്‌പെയിന്‍, ഇറ്റലി, വിശുദ്ധ റോമാ സാമാജ്യം, മാര്‍പ്പാപ്പയുടെ പോപ്പല്‍ സ്‌റ്റേറ്റ് എന്നിവയെല്ലാം ചേര്‍ന്ന ഹബ്‌സ് ബര്‍ഗ് സഖ്യം, ഫ്രാന്‍സിനെ പരാജയപ്പെടുത്തുകയും ഫ്രഞ്ച് ചക്രവര്‍ത്തി ഫ്രാന്‍സിസ് ഒന്നാമനെ(1494-1547) ജയിലടക്കുകയും ചെയ്ത സമയം. ഫ്രാന്‍സ്, രക്ഷയ്ക്കു വേണ്ടി മുസ്‌ലിം ലോകത്തോട് സഹായം അഭ്യര്‍ഥിച്ചു. അന്നത്തെ മുസ്‌ലിം ലോകത്തിന്റെ നായകനും ഉസ്മാനീ ഖലീഫയുമായ സുലൈമാനുല്‍ ഖാനൂനി(1494-1566) ആ അഭ്യര്‍ഥന സ്വീകരിച്ചു. 1526 ആഗസ്റ്റ് 29 ന് ഹംഗറിയിലെ മെഹാക്കില്‍ വച്ചു ഹബ്‌സ് ബര്‍ഗ് സഖ്യത്തെ ഉസ്മാനി മുസ്‌ലിംകള്‍ പരാജയപ്പെടുത്തി ഫ്രാന്‍സിസ് ഒന്നാമനെ രക്ഷപ്പെടുത്തി. അതോടെ ഫ്രാന്‍സിനു ഏറ്റവും പ്രിയപ്പെട്ടവരായി മുസ്‌ലിംകള്‍ മാറി.
ഫ്രാന്‍സ് ഉസ്മാനി സഖ്യത്തിന്റെ പേരില്‍ യൂറോപ്പിന്റെ ക്രൈസ്തവത അധികാര കേന്ദ്രങ്ങള്‍ ക്രൈസ്തവ രാജ്യമായ ഫ്രാന്‍സിന് ‘തെമ്മാടിക്കുഴി’ വിധിച്ചു. ആ ബന്ധം യൂറോപ്പില്‍ ഉസ്മാനികളുടെയും ഇസ്‌ലാമിന്റെയും വേരോട്ടത്തിനും തേരോട്ടത്തിനും സഹായകമാകുന്നു എന്നതായിരുന്നു അവരുടെ പ്രശ്‌നം. എന്നാല്‍, ആ ബന്ധം ലോകത്തിനു മൊത്തത്തില്‍ തന്നെ നന്മയാണ് നല്‍കിയത്. ഇസ്‌ലാമിക ലോകത്തു വന്ന് മുസ്‌ലിംകളുടെ ശാസ്ത്രീയ സംഭാവനകള്‍ പഠിച്ചു പകര്‍ത്താന്‍, ഫ്രഞ്ച് ശാസ്ത്രജ്ഞന്മാരായ ഗില്ലൂം പോസ്റ്റല്‍(1510-1581), പിയറി ബെലോണ്‍(1517-1564) തുടങ്ങിയവര്‍ക്ക് ഇത് അവസരമേകി. വിശ്വവിഖ്യാതനായ കോപ്പര്‍നിക്കസ്( 1473-1543) ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങള്‍ സ്ഥാപിക്കുന്ന സമയത്ത് അതിന് അദ്ദേഹത്തെ സഹായിച്ച, നാസിറുദ്ദീന്‍ തൂസിയുടെ ‘തൂസി കപ്പിള്‍‘ ഉള്‍പ്പടെയുള്ളവ മുസ്‌ലിം ലോകത്ത് നിന്നു യൂറോപ്പിലേക്ക് എത്തുന്നത് അങ്ങനെയാണ്. ഏതായാലും ഉസ്മാനികളോടും മുസ്‌ലിംകളോടുമുള്ള ഫ്രാന്‍സിന്റെ ഈ സ്‌നേഹ ബന്ധം, 1798 ല്‍ ഫ്രഞ്ച് ഭരണാധികാരി നെപ്പോളിയന്‍( 1769-1821) ഈജിപ് ത്ത് അക്രമിക്കുന്നത് വരെ തുടര്‍ന്നു. ഫ്രഞ്ച് വിപ്ലവാനന്തരം ചരിത്രം കാണുന്നത് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കഠിന ശത്രുക്കളായി കാണുന്ന ഫ്രാന്‍സിനെയാണ്. ഇന്ന് തീവ്രസെക്യുലറിസത്തിന്റെയും ലിബറലിസത്തിന്റെയും മറവില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്തുകയും ഹിജാബ് ഉള്‍പ്പടെയുള്ള മുസ്‌ലിം ചിഹ്നങ്ങള്‍ നിരോധിക്കുകയും ചെയ്യുന്നവരുടെ മുന്‍നിരയില്‍ ഫ്രാന്‍സിനെ കാണാം.
സോവിയറ്റ് യൂണിയന്റെ അഫ്ഗാന്‍ അധിനിവേശ കാലത്ത് (1979-1989) കാലത്ത് പല മുസ്‌ലിം മിലിറ്ററി ഗ്രൂപ്പുകളുടെയും കൂട്ടായ്മകളുടെയും പ്രിയപ്പെട്ട കൂട്ടുകാരനും സ്‌നേഹനിധിയായ സഹായിയുമായിരുന്നു അമേരിക്ക. ഉസാമാ ബിന്‍ ലാദന്‍ ഉള്‍പ്പടെയുള്ളവര്‍ ആ സമയത്ത് അമേരിക്കയുടെ സ്‌നേഹലാളനയേറ്റു വളര്‍ന്നവരായിരുന്നു എന്ന വസ്തുത ലോകത്തെല്ലാവര്‍ക്കുമറിയാം. പക്ഷേ, പിന്നീട് ചിത്രംമാറി. പഴയ മിത്രങ്ങള്‍ കഠിന ശത്രുക്കളായിത്തീര്‍ന്നു. കാല്‍നൂറ്റാണ്ടോളമായി അതിന്റെ അലയൊലികളും അപകട സൈറണുകളുമാണല്ലോ ആഗോള രാഷ്ട്രീയ അന്തരീക്ഷത്തില്‍ മുഴങ്ങികൊണ്ടിരിക്കുന്നത്.
ജൂത സമൂഹത്തെ എടുക്കുക. കഴിഞ്ഞ പതിമൂന്ന് നൂറ്റാണ്ടുകാലത്തെ ചരിത്രത്തില്‍ മുസ്‌ലിംകളുമായി അവര്‍ക്ക് എടുത്തുപറയത്തക്ക എതിര്‍പ്പിന്റെ കഥകളില്ല. പറയാനുള്ളത് പാരസ്പര്യം നിറഞ്ഞു നില്‍ക്കുന്ന ചരിത്രങ്ങള്‍ മാത്രം. റോമക്കാരും ക്രൈസ്തവരുമെല്ലാം ഫലസ്തീനില്‍ നിന്ന് ആട്ടിയോടിച്ച യഹൂദികള്‍ക്ക് അവിടെ തിരിച്ചു വരാന്‍ ഉമര്‍(റ) അവസരം നല്‍കി. 711 മുസ്‌ലിംകള്‍ സ്‌പെയിന്‍ കീഴടക്കിയതു മുതല്‍, യൂറോപ്പില്‍ മാറ്റി നിര്‍ത്തപ്പെട്ട ജൂതന്മാര്‍ക്കു അവര്‍ അവിടെ അഭയം നല്‍കി. 1492 ജനുവരി 3ന് സപെയിനിലെ അവസാനത്തെ മുസ്‌ലിം കേന്ദ്രമായ ഗ്രാനഡയും നഷ്ടപ്പെട്ടു മുസ്‌ലിംകള്‍ നാടുവിടുമ്പോള്‍, അവരോടൊപ്പം നാടുവിടാന്‍ അവിടത്തെ ജൂതന്മാരും നിര്‍ബന്ധിതരായി. അതിനു തയാറാകാത്ത ജൂതന്മാരും മുസ്‌ലിംകളുമെല്ലാം മതം മാറണമെന്നായിരുന്നു ഫെര്‍ഡിനന്റ് രാജാവും ഇസ്സബല്ല രാജ്ഞിയും ഒരുക്കിയ ഇന്‍ക്വിസിഷന്‍ കോടതിയുടെ ഉത്തരവ്. രക്ഷപ്പെടാന്‍ വഴികളില്ലാത്ത ജൂതരെയും മുസ്‌ലിംകളെയും മെഡിറ്റേറിയന്‍ സമുദ്രം വഴി സ്‌പെയിനിലേക്ക് കപ്പലയച്ചു ഉസ്മാനീ ഭരണാധികാരി സുല്‍ത്താന്‍ ബായസീദ് രക്ഷപ്പെടുത്തി. യേശുവിന്റെ ഘാതകര്‍ എന്നു പറഞ്ഞ് ക്രൈസ്തവ ലോകം യഹൂദരെ മാറ്റി നിര്‍ത്തയപ്പോള്‍, മുസ്‌ലിംകള്‍ അവരെ ചേര്‍ത്തു പിടിച്ചു.
എന്നാല്‍, തിയോഡര്‍ ഹെര്‍സലിന്റെ നേതൃത്വത്തില്‍ സയണിസവും അതിനെ തുടര്‍ന്ന് 1948 മെയ് 14ന് ഇസ്രയേല്‍ രാഷ്ട്രവും പിറവിയെടുത്തതോടെ ചിത്രമാകെ മാറി. മുസ്‌ലിംകളുടെ ശത്രു യഹൂദരും യഹൂദരുടെ ശത്രു മുസ്‌ലിംകളുമായി മാറുന്ന അവസ്ഥയുണ്ടായി. അതിന്റെ പേരില്‍ അറബികളും ഇസ്രയേലും നിരന്തരം യുദ്ധങ്ങളും പോരാട്ടങ്ങളും നടന്നു. ആഗോള രാഷ്ട്രീയത്തിന്റെ ഭ്രമണപഥം തന്നെ പിന്നീട് അതിനെ ചുറ്റിപറ്റിയായി. തങ്ങളുടെ വിശുദ്ധ ഭൂമിക തട്ടിയെടുത്തതിന്റെയും ഫലസ്തീനികളെ നാടുകടത്തി രാഷ്ട്രം സ്ഥാപിച്ചതിന്റെയും പക മുസ്‌ലിംകള്‍ക്ക് ജൂതന്മാരോടുണ്ടായി. മുസ്‌ലിം ലോകം ഇസ്രയേലുമായി നിസ്സഹകരണം പ്രഖ്യാപിച്ചു. പക്ഷേ, ഇപ്പോള്‍ വീണ്ടും ചിത്രം മാറുന്നു. പല അറബ് രാജ്യങ്ങളും ഇസ്‌റയേലുമായി സഹകരണ കരാറില്‍ ഒപ്പു വയ്ക്കുന്നു. ആ രാജ്യത്തിനകത്തു തന്നെ പാര്‍ലമെന്റില്‍ തൂക്ക് മന്ത്രിസഭ വരുമ്പോള്‍, തീവ്ര ജൂത കക്ഷികള്‍ക്കെതിരെയുള്ള മുന്നണിയില്‍ അറബികളും മുസ്‌ലിംകളും നിര്‍ണായക ശക്തിയായി മാറുന്നു. ഇസ്രയേല്‍ എന്ന രാഷ്ട്രത്തിന്റെ അസ്ഥിത്വം അംഗീകരിക്കാത്ത അറബ് രാജ്യങ്ങള്‍, ഇസ്രയേല്‍ എന്ന യഥാര്‍ഥ്യം അംഗീകരിച്ചു കൊണ്ടു തന്നെ സ്വതന്ത്ര ഫലസ്തീനു വേണ്ടി വാദിക്കുകയും നിലകൊള്ളുകയും ചെയ്യുന്നു. നിതാന്ത ശത്രുതയും ആജന്മ ശത്രുതയും ചരിത്രത്തില്‍ എവിടെയും നിലനിന്നിട്ടില്ലെന്ന് സൂചിപ്പിക്കാനാണ് ഇത്രയും കുറിച്ചത്.
ഇനി ഇന്ത്യയിലേക്കു വന്നാല്‍, ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ പൂര്‍ണമായും മാറ്റി നിര്‍ത്തിയവരാണ് മുസ്‌ലിംകള്‍. 1885 ഡിസംബര്‍ 28ന് ബോംബെയിലെ ഗോഗുല്‍ദാസ് തേജ്പാല്‍ സംസ്‌കൃത് കോളേജില്‍ വച്ചു ബ്രിട്ടീഷുകാരനായ അലന്‍ ഒക്‌റ്റോവിയന്‍ ഹ്യൂം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് രൂപം നല്‍കിയതു മുതല്‍ ഒരു ഘട്ടം വരെ അവര്‍ മുസ്‌ലിംകളെ അടുപ്പിച്ചിരുന്നില്ല. ഹിന്ദുമഹാസഭ പോലുള്ള തീവ്ര സംഘങ്ങള്‍ അതിനകത്ത് പിടിമുറുക്കുന്ന സാഹചര്യമുണ്ടായി. മുസ്‌ലിം വിരുദ്ധ പശ്ചാത്തലത്തില്‍ വിരചിതമായ വന്ദേമാതരം കോണ്‍ഗ്രസ് വേദികളില്‍ വ്യാപകമായി ആലപിക്കപ്പെട്ടു. ഹിന്ദുത്വവാദികളായ ലാല്‍ബാല്‍പാല്‍(ലാലാ ലജ്പത്ത് റായ്, ബാലഗംഗാധര തിലക്, ബിബിന്‍ ചന്ദ്രപാല്‍) കൂട്ടുകെട്ട് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്ന അവസ്ഥ ഉണ്ടായി. അതിനോടെല്ലാമുള്ള മുസ്‌ലിംകളുടെ പ്രതികരണമാണ് 1906 ന് രൂപീകൃതമായ സര്‍വേന്ത്യാ മുസ്‌ലിം ലീഗിലൂടെ പുറത്തുവന്നത്.
അതോടെ മുസ്‌ലിംകളുടെ പാര്‍ട്ടി ലീഗും ഹിന്ദുക്കളുടേത് കോണ്‍ഗ്രസും എന്നും എന്ന പൊതുബോധം നിലവില്‍ വന്നു. കോണ്‍ഗ്രസിലുണ്ടായിരുന്ന നാമമാത്ര മുസ്‌ലിംകള്‍ പല കാരണങ്ങളാല്‍ പരിഹസിക്കപ്പെട്ടു. കണ്ണുതട്ടാതിരിക്കാന്‍ ഒരു ഹിന്ദു പാര്‍ട്ടി അവരുടെ ഷോകൈസില്‍ വച്ച ‘ഷോ ബോയ്’ ആണ് ആസാദ് എന്ന് സാക്ഷാല്‍ മുഹമ്മദലി ജിന്ന വരെ വിമര്‍ശിച്ചു. എന്നാല്‍, ഈ ലീഗ് കോണ്‍ഗ്രസ് ഏറ്റുമുട്ടല്‍ 1947 ആഗസ്റ്റ് 14 ലെ ഇന്ത്യാ വിഭജനത്തില്‍ കലാശിച്ചതോടെ ചിത്രം മാറി. മുസ്‌ലിംകളുടെ രക്ഷക്കുള്ള പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്ന ബോധം ഇന്ത്യയില്‍ ശേഷിച്ച മുസ്‌ലിംകള്‍ക്ക് വന്നു. അതോടെ പുന:സംഘടിപ്പിക്കപ്പെട്ടിട്ടും മുസ്‌ലിംലീഗ് നോര്‍ത്തിന്ത്യയില്‍ ദുര്‍ബലമായി. ആ ലീഗിനെ നോക്കി ജവഹര്‍ലാല്‍ നെഹ്‌റു ചത്ത കുതിരയെന്നു വിശേഷിപ്പിച്ചു. എന്നാല്‍, അതേ ലീഗുമായി കേന്ദ്രത്തിലും വിവിധ സംസ്ഥാനത്തിലും അധികാരം പങ്കുവയ്ക്കാന്‍ പിന്നീട് കോണ്‍ഗ്രസ് നിര്‍ബന്ധിതമായി. ഒരു ഘട്ടത്തില്‍ മുസ്‌ലിം പൊതുബോധത്തിന്റെ ശത്രുപക്ഷത്തു നിര്‍ത്തപ്പെട്ടവര്‍ പിന്നീട് മുസ്‌ലിംകളുടെ മിശിഹയായി വാഴ്ത്തപ്പെടുന്ന രംഗം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പോലും ഉണ്ടായിട്ടുണ്ടെന്നു സാരം. ഈ ചരിത്ര പശ്ചാത്തലവും അനുഭവസമ്പത്തും സമകാലിക സാഹചര്യവും വിലയിരുത്തിയാകണം സംഘ് പരിവാറുമായി സംവാദം സാധ്യമാണോ എന്നും അത് എത്രത്തോളമെന്നും മുസ്‌ലിംകള്‍ പരിശോധിക്കേണ്ടത്.
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ശത്രുപക്ഷത്തു നിര്‍ത്തിയവരോട് ഉമ്മത്ത് സംവദിക്കേണ്ടതും ഇടപെടേണ്ടതും ഒരു ജനതയെന്ന നിലക്കുള്ള നമ്മുടെ നേട്ട,കോട്ടങ്ങളെ സമഗ്രമായി വിലയിരുത്തിയും വിശകലനം ചെയ്തുമാകണം. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്തിയ ചില മാനദണ്ഡങ്ങളുണ്ട്. വോട്ടു ബാങ്ക് രാഷ്ട്രീയത്തില്‍ അതു പ്രസക്തമാകുമെങ്കിലും, മതപരമായി അത് ആവശ്യമാകണമെന്നില്ല. എന്തിനെയും വിവാദമാക്കിയും സമരം ചെയ്തും നേടിയെടുക്കലാണ് രാഷ്ട്രീയ ശൈലി. പക്ഷേ, മതപക്ഷത്തു നില്‍ക്കുന്നവര്‍ക്ക് ആ ശൈലി വേണമെന്നില്ല. സൗഹാര്‍ദ്ദത്തിലൂടെയും പരസ്പര ചര്‍ചകളിലൂടെയും തീര്‍ക്കാവുന്ന കാര്യങ്ങള്‍ക്കാണ് ഇവിടെ മുന്‍ഗണന. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് ഇവിടെ പല വിഷയങ്ങളും സങ്കീര്‍ണമാക്കുന്നത്. ഉദാഹരണത്തിന് ബീഫ് വിവാദം. സത്യത്തില്‍ അത് ഇന്ത്യയിലെ ഒരു ഹിന്ദു-മുസ്‌ലിം പ്രശ്‌നമേയല്ല. അത് രാജ്യത്തിന്റെ ഭക്ഷ്യ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പൊതു പ്രശ്‌നമാണ്. ഇവിടെത്തെ ശുദ്ധ വെജിറ്റേറിയന്‍ എന്നു പറയപ്പെടുന്ന ഏതാനും ചില ജാതി വിഭാഗങ്ങളെ മാറ്റി നിര്‍ത്തിയാല്‍, മുഴുവന്‍ ഇന്ത്യക്കാരുടെയും പ്രശ്‌നമാണത്. പക്ഷേ, ഇവിടെ അത് മിക്കപ്പോഴും കെകാര്യം ചെയ്യപ്പെടുന്നത് ഹിന്ദു-മുസ് ലിം പ്രശ്‌നമായിട്ടാണ്. ഏക സിവില്‍ കോഡ് പോലുള്ള സെന്‍സിറ്റീവായ വിഷയങ്ങളില്‍ പോലും ഇതു കാണാം. ഏകീകൃത സിവില്‍ നിയമം രാജ്യത്തെ ഗോത്രവര്‍ഗക്കാരും ആദിവാസികളും ഉള്‍പ്പെടുന്ന വിവിധ മതജാതി വിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന വസ്തുത മറച്ചുവച്ച് അത് മുസ്‌ലിംകളെ മാത്രം ബാധിക്കുന്നതാണ് എന്നു സ്ഥാപിക്കാനാണ് ഭരിക്കുന്നവര്‍ക്കും ഭരിക്കപ്പെടുന്നവര്‍ക്കും തിടുക്കം.
എതിരാളികളോടുള്ള സൗഹൃദ ബന്ധങ്ങളും കൊള്ള-കൊടുക്കലുകളും വിട്ടുവീഴ്ചകളും ഒരു സമുദായമെന്ന നിലക്ക് മുസ്‌ലിംകള്‍ക്ക് പൊതുവില്‍ ഗുണകരമാണെങ്കില്‍, അതിനോട് പുറംതിരിഞ്ഞു നില്‍ക്കേണ്ട ആവശ്യമില്ല. ഉമര്‍(റ)നെ പോലുള്ള തന്റെ അനുയായികളുടെ വികാരങ്ങളെ മുഴുവന്‍ അവഗണിച്ചു കൊണ്ട് ഹുദൈബിയ സന്ധിയില്‍ ശത്രുക്കള്‍ക്കു മുന്നില്‍ വിട്ടുവീഴ്ച ചെയ്യുന്ന പ്രവാചകന്റെ നടപടിയിലും ദീര്‍ഘദൃഷ്ടിയിലും അതിന്റെ ഏറ്റവും വലിയ മാതൃക കാണാം. സി.ഇ 639. റോമാ സാമ്രാജ്യവുമായുള്ള പോരാട്ടത്തില്‍
മുന്നൂറോളം സ്വഹാബികള്‍. ബന്ദികളായി പിടിക്കപ്പെട്ട സമയം. അവരുടെ തലവന്‍ അബ്ദുല്ലാഹി ബിന്‍ ഹുദാഫ(റ)യെ ബൈസന്റിയന്‍ ചക്രവര്‍ത്തി ഹിറാക്ലിയസി(557-641)ന്റെ മുന്നില്‍ അദ്ദേഹം ഹാജരാക്കപ്പെട്ടു. അവരെ ആദ്യം ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ പ്രലോഭനങ്ങളും പ്രകോപനങ്ങളും ഇറക്കിയ ചക്രവര്‍ത്തി, അതിനൊന്നും മുസ്‌ലിംകള്‍ വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍, അവസാനമായി ആദരവോടെ തന്റെ ശിരസ്സില്‍ ഒരു ചുംബനം നല്‍കിയാല്‍ വെറുതെ വിടാമെന്ന് പറയുന്നുണ്ട്. ശത്രുപക്ഷ നേതാവിന്റെ ശിരസ്സില്‍ നല്‍കുന്ന ഒരു ചുംബനം തന്നെയും മുന്നൂറോളം വരുന്ന അനുയായികളെയും വെറുതെ വിടുമെങ്കില്‍ അവിടെ വാശി പിടിക്കുന്നതില്‍ അര്‍ഥമില്ലെന്ന് അബ്ദുല്ലാഹി ബിന്‍ ഹുദാഫ(റ) മനസ്സിലാക്കുകയും അതിന് തയ്യാറാകുകയും ചെയ്യുന്നു. ജീവന്‍ പോയാലും ആദര്‍ശവും അസ്തിത്വവും അടിയറവ് വെക്കുകയില്ലെന്ന് ഹിറാക്ലിയസിന്റെ മുഖത്തു നോക്കി പറഞ്ഞ അതേ സ്വഹാബിയാണ്, ചെറിയൊരു വിട്ടുവീഴ്ച ഉമ്മത്തിനു ഗുണകരമാകുമെന്ന് ബോധ്യമായപ്പോള്‍ അതിനോട് സഹകരിച്ചത്. അതിലൂടെ ലക്ഷ്യം നേടി, ശത്രുവില്‍ നിന്നു രക്ഷപ്പെട്ട് അവര്‍ മദീനയില്‍ തിരിച്ചെത്തിയ നേരത്ത് ഖലീഫ ഉമര്‍(റ) പറഞ്ഞു: അബ്ദുല്ലാഹി ബിന്‍ ഹുദാഫയുടെ ശിരസ്സില്‍ ചുംബനമര്‍പ്പിക്കുക എന്നത് ഓരോ മുസ്‌ലിംകളുടെയും ബാധ്യതയാണ്. ഞാനിതാ അത് തുടങ്ങുന്നു’
നട്ടെല്ലു നിവര്‍ത്തി നില്‍ക്കേണ്ടയിടത്ത് നിവര്‍ന്നു നില്‍ക്കുക തന്നെ വേണമെന്നും, അല്ലായിടത്ത് അത് നിര്‍ബന്ധമില്ലെന്നും ഈ സംഭവത്തില്‍ നിന്ന് വ്യക്തമാണ്. സ്വാഭാവികമായും നിരവധി ആശങ്കകള്‍ നിറഞ്ഞ മേഖലയാണ് സംവാദങ്ങളുടെയും വിട്ടുവീഴ്ചയുടെയും രംഗം. ഒരു മത സമൂഹമെന്ന നിലക്ക് സ്വന്തം അസ്തിത്വവും ഐഡന്റിറ്റിയും നഷ്ടപ്പെടാന്‍ അതൊരിക്കലും ഇടയാക്കിക്കൂടാ. ചരിത്രത്തില്‍ പല മത സമൂഹത്തിനും കാലിടറിയത് ഇവിടെയാണ്. ഏഷ്യയില്‍ നിന്ന് കുറ്റിയും പറിച്ച് യൂറോപ്പിലേക്ക് ഓടിയ ക്രൈസ്തവത അവിടെ നിറഞ്ഞു നിന്ന പാഗനിസത്തിനു മുന്നില്‍ വിട്ടുവീഴ്ചയുടെയുടെയും വിധേയപ്പെടലിന്റെയും പാരമ്യത പ്രകടിപ്പിച്ചു. നിലനില്‍പ്പിനായി ഗ്രീക്ക് യവന സംസ്‌കാരങ്ങളുടെ സെമിത്തേരിക്കു മുന്നില്‍ സുജൂദ് ചെയ്തു. അതിനോട് പരമാവധി ചേര്‍ന്നു നിന്നു. അവസാനം ക്രിസ്ത്യാനിറ്റിക്ക് സ്വന്തം അസ്തിത്വം നഷ്ടപ്പെട്ടു. ശുദ്ധമായ ഏകദൈവ സങ്കല്‍പ്പത്തിനു പകരം, വിഗ്രഹ പൂജയും പ്രതിമാ സംസ്‌കാരവുമെല്ലാമാണ് പിന്നീട് ക്രിസ്തുമതത്തിന്റെ അടയാളങ്ങളായി വന്നത്. ഇന്ത്യയില്‍ ബുദ്ധമതത്തിനും സിക്ക് മതത്തിനും ഈ അപചയം വന്നു ചേര്‍ന്നത് കാണാനാകും. ഇതൊരിക്കലും മുസ്‌ലിം സമുദായത്തില്‍ സംഭവിച്ചു കൂടാ. സ്വന്തം അസ്തിത്വവും ഐഡന്റിറ്റിയും കളഞ്ഞുകുളിച്ച നാമമാത്ര മുസ്‌ലിംകളെ ഇസ്‌ലാമിന് ആവശ്യമില്ല. നാളിതുവരെയുള്ള ചരിത്രത്തില്‍ ഇസ്‌ലാമും മുസ്‌ലിംകളും അത്തരമൊരു ആത്മഹത്യാപരമായ കീഴടങ്ങലിനോ, അസ്തിത്വം പണയപ്പെടുത്തിയുള്ള രാജിയാകലിനോ തയ്യാറായിട്ടില്ല.
ചുരുക്കത്തില്‍, മുസ്‌ലിംകള്‍ക്കിടയില്‍ അമിതമായ ആശങ്കകള്‍ ഉയര്‍ത്തി, അവരെ തീവ്രചിന്തയിലേക്കും സ്വാര്‍ഥമായ രാഷ്ട്രീയ ലാഭങ്ങളിലേക്കും കൂട്ടികൊണ്ടു പോകുന്ന വിവിധ കക്ഷികള്‍ ഒരു ഭാഗത്തുണ്ട്. മറുഭാഗത്ത് സ്വന്തം അസ്തിത്വവും ഐഡന്റിറ്റിയും കുഴിച്ചുമൂടപ്പെട്ടാലും വേണ്ടില്ല, എങ്ങനെയെങ്കിലും ഇവിടെ ജീവിച്ചു പോയാല്‍ മതി എന്നു വിചാരിക്കുന്നവരും. ഇതിനിടയില്‍ ഒരു മിതത്വത്തിന്റെ മാര്‍ഗം സ്വീകരിക്കാനുണ്ട്. രാജ്യം അനുവദിക്കുന്ന ജനാധിപത്യ സംവിധാനത്തിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തി യോജിക്കേണ്ടയിടങ്ങളില്‍ യോജിച്ചും വിയോജിക്കേണ്ടതില്‍ വിയോജിച്ചും മുന്നോട്ടു പോകാനുള്ള വഴി. അതേ കുറിച്ചുള്ള ചര്‍ച്ചകളും ആലോചനകളുമാണ് ഇനി സമുദായത്തില്‍ നടക്കേണ്ടത്.


പിന്‍കുറി
കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സമ്മേളനം ഇയ്യിടെ കോഴിക്കോട് നടക്കുകയുണ്ടായി. പലവിധ വിവാദങ്ങള്‍ നിറഞ്ഞുനിന്ന പ്രസ്തുത സമ്മേളനത്തിലെ കാര്യമായ ഒരു വിവാദം സംഘ് പരിവാര്‍ നേതാക്കള്‍ മുഖ്യാതിഥികളായി വന്നതും, അവരുടെ ജിഹ്വയായ ജനം ടീവിയില്‍ മുജാഹിദ് കാര്യദര്‍ശി പോയി, മുസ്‌ലിം സമുദായത്തെ ഒറ്റുകൊടുക്കും വിധം സംസാരിച്ചതുമായിരുന്നു. രാജ്യം ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ പ്രതിനിധികളെ ഒരു സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നത് എതിര്‍ക്കപ്പെടേണ്ട കാര്യമൊന്നുമല്ല. പക്ഷേ, നദ്‌വത്തുല്‍ മുജാഹിദീന്‍ ഇപ്പോള്‍ അങ്ങനെ ഒരു ലൈന്‍ സ്വീകരിക്കുന്നതിനു പിന്നില്‍ കൃത്യമായ ഒരു അജണ്ടയുണ്ട്. കേരളത്തിലെ മതകീയ അന്തരീക്ഷത്തില്‍ പരസ്പര വൈര്യത്തിന്റെ വിത്തുപാകിയതില്‍ ആ പ്രസ്ഥാനത്തിനും അതിന്റെ ശാഖകള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ട്. കേരളത്തില്‍ നിന്ന് ഭീകര പ്രസ്ഥാനമായ ഐസിസിലേക്ക് ചേക്കേറിയവര്‍, യമനിലെ ദമ്മാജിലേക്ക് അടുമേക്കാനെന്നും പറഞ്ഞു നടുവിട്ടവര്‍, അഫ്ഗാനില്‍ വധിക്കപ്പെട്ടവര്‍. ഇതിലെല്ലാം പെട്ടു പോയവരെല്ലാം നദ്‌വത്തിന്റെ സജീവ പ്രവര്‍ത്തകരോ അനുഭാവികളോ ആണെന്ന റിപ്പോര്‍ട്ടുകള്‍ പല മാധ്യമങ്ങളും പുറത്തുവിട്ട പശ്ചാത്തലം. മുജാഹിദ് നേതാവ് നടത്തുന്ന പീസ് സ്‌കൂളുമായി ബന്ധപ്പെട്ടുണ്ടായ വര്‍ഗീയതയുടെ പ്രശ്‌നം, മതവിദ്വേഷം പ്രസംഗിച്ചതിന് പ്രമുഖ മുജാഹിദ് പ്രഭാഷകനെതിരെ ഉണ്ടായ കേസ് നാട്ടില്‍ ചര്‍ച്ചയായ പശ്ചാത്തലം. ഇങ്ങനെയുള്ള കടുത്ത പ്രതിസന്ധികളില്‍ കിടന്ന് പ്രാസ്ഥാനികമായും ആശയപരമായും മുജാഹിദ് പ്രസ്ഥാനം വീര്‍പ്പുമുട്ടുമ്പോള്‍, സംഘ് പരിവാര്‍ നേതാക്കള്‍ക്ക് പരവതാനി വിരിക്കുന്നത് നാം നേരത്തെ സൂചിപ്പിച്ച സംവാദത്തിന്റെയോ പരസ്പര്യത്തിന്റെയോ ശൈലിയല്ല. അത് സമുദായത്തിനകത്തും പുറത്തുമുള്ള പലര്‍ക്കും അറിയുന്നതുകൊണ്ടാണ് സമ്മേളനത്തിലെ മുജാഹിദ് സമീപനം ചോദ്യം ചെയ്യപ്പെട്ടത്. അത്തരം ഇരുട്ടു കൊണ്ട് ഓട്ടയടയ്ക്കുന്ന സമീപനവും, താല്‍കാലിക ലാഭത്തിനു വേണ്ടി ചിലര്‍ നടത്തുന്ന മുട്ടിലിഴയലുമല്ല ഇവിടെ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങളുടെ ഉത്തരം. അതിതീവ്രതയ്ക്കും അധികാരികള്‍ക്കായുള്ള കൂട്ടിക്കൊടുപ്പിനും ഇടയില്‍ മാത്രമാണ് സംവാദം സാധ്യമാവുക.

പി.എ സ്വാദിഖ് ഫൈസി താനൂര്‍