‘സാര്‍വ്വ ലൗകിക സത്യങ്ങള്‍’ മതത്തിന്റെ യുക്തി കുറിക്കുന്നു

2904

ദൈവശാസ്ത്ര പഠനങ്ങള്‍ക്ക് അക്കാദമിക് സ്വഭാവം ലഭിച്ചതിനെ തുടര്‍ന്ന് തദ് വിഷയത്തിലും അനുബന്ധ പഠനത്തിലും മൗലികമായ അന്യേഷണങ്ങള്‍ ലോകമെമ്പാടും വ്യാപകമാണ്. എന്നാല്‍, കേരളീയ ജ്ഞാന പരിസരത്ത് മതങ്ങളെക്കുറിച്ചും ദര്‍ശനങ്ങളെക്കുറിച്ചുമുള്ള പഠനങ്ങള്‍ തുലോം വിരളമാണ്. പ്രസ്തുത പഠനമേഖലകള്‍ക്ക് ആക്കം നല്‍കുന്നതാണ് ‘സാര്‍വലൗകിക സത്യങ്ങള്‍ ‘ എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ഡോ. സഈദ് റമദാന്‍ അല്‍ ബൂത്വിയുടെ വിഖ്യാത രചനയായ ‘കുബ്‌റല്‍ യഖീനിയ്യാത്ത് അല്‍ കൗനിയ്യ’ എന്ന ഗ്രന്ഥം. ഇസ്‌ലാമിനെ ഹൃദയത്തോടു സംവദിക്കുന്നതോടപ്പം ധിഷണയെ തൊട്ടുണര്‍ത്തുകയും ചെയ്യുന്ന ശൈലി സ്വീകരിക്കുന്ന ഗ്രന്ഥത്തില്‍ ഇസ്ലാമിക ദൈവശാസ്ത്ര സിദ്ധാന്തങ്ങളെ സമഗ്രവും യുക്തിഭദ്രവുമായി വിശകലനം ചെയ്യുന്നതോടപ്പം വിശ്വാസശാസ്ത്ര സംഹിതകളെ ശാസ്ത്രീയവും യുക്തിസഹവുമായ രീതിശാസ്ത്രമുപയോഗിച്ച് വിശദീകരിക്കുകയും ചെയ്യുന്നു.
ചിരപുരാതന കാലം മുതലേ മനുഷ്യ ബുദ്ധിയുമായി നിരന്തരം തര്‍ക്കിക്കുകയും സംവദിക്കുകയും ചെയ്യുന്ന ദൈവ സങ്കല്‍പങ്ങളും നന്മ-തിന്മ വിചാരങ്ങളും പരലോക സാധ്യതകളും ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ യുക്തിയുടെ ത്രാസില്‍ അപഗ്രഥിക്കാന്‍ ഗ്രന്ഥകാരന്‍ ഇമാം ബൂത്വി ശ്രമിച്ചിട്ടുണ്ട്.
വിവിധ മതങ്ങളിലും ഇസങ്ങളിലുംപരാമര്‍ശിച്ചിട്ടുള്ള മരണാനന്തര ജീവിത യാതാര്‍ഥ്യങ്ങളെ സംബന്ധിച്ച് സരളവും ശാസ്ത്രീയവും യുക്തിഭദ്രവുമായ കാഴ്ചപ്പാടുകളാണ് ഇസ്‌ലാം മനുഷ്യരാശിക്ക് സമര്‍പ്പിച്ചിട്ടുള്ളത് എന്നത് ഗ്രന്ഥ വായനയിലൂടെ ബോധ്യപ്പെടുന്നു. ദൈവാസ്തിക്യം, പ്രവാചകത്വം, സ്വര്‍ഗം, നരകം തുടങ്ങി പല വിഷയങ്ങളും വിശാലമായി ചര്‍ച്ച ചെയ്യുന്ന കൃതി, മുസ്ലിം പണ്ഡിതമതം പുലര്‍ത്തുന്ന ഗവേഷണ രീതിശാസ്ത്രങ്ങളുടെ സമഗ്രതയും ശാസ്ത്രീയതയും അനാവരണം ചെയ്ത് പ്രാപഞ്ചിക സത്യങ്ങളിലെ അത്ഭുതാവഹമായ സംവിധാനങ്ങളെ നിരീക്ഷിക്കുകയും മനുഷ്യര്‍ അല്ലാഹുവിന് വിധേയപ്പെടേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. നവ മാധ്യമങ്ങളിലൂടെയും മതേതര പൊതു ഇടങ്ങളിലൂടെയും വിശ്വാസമനസിലേക്ക് ദൈവ നിരാസത്തിന്റെ വിത്തുമായി വിരുന്നെത്തുന്ന നാസ്തിക-നിരീശ്വര പ്രഭൃതികളുടെ വാദമുഖങ്ങളുടെ യുക്തിരാഹിത്യവും അശാസ്ത്രീയതയും ബോധ്യപ്പെടുന്നതിന് ഈ ഗ്രന്ഥം ഏറെ സഹായകരമാണ്. ഇസ്ലാമിന്റെ അടിസ്ഥാനാശയങ്ങളെ വിമര്‍ശിക്കുകയും വിരുദ്ധാഖ്യാനങ്ങളുമായി രംഗം സജീവമാക്കുകയും ചെയ്യുന്ന മതവിരുദ്ധ- മതനിഷേധ കൂട്ടങ്ങളുടെ പൊള്ളവാദങ്ങളെ അടിവേരോടെ പിഴുതെറിയുന്നതിനും സഹായകമാകുന്ന കൃതി ദൈവമുണ്ടോ?,ദൈവഹിതമനുസരിച്ച് ജീവിക്കേണ്ടതുണ്ടോ?,ആരാണ് പ്രവാചകന്മാര്‍?,സ്വര്‍ഗ-നരകങ്ങളുടെ അര്‍ത്ഥമെന്താണ്?, ആത്മാവും മരണാനന്തര ജീവിതവും, യാഥാര്‍ത്ഥ്യം തന്നെയാണോ?, മനുഷ്യസൃഷ്ടിപ്പും വികാസവും എങ്ങനെ മനസ്സിലാക്കാം? മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യവും ധര്‍മവും എന്താണ്…?! തുടങ്ങി നിരവധി സംശയങ്ങള്‍ക്ക് സവിസ്തരം മറുപടി നല്‍കുന്നു. അത്തരമൊരു വായന ബൗദ്ധിക സുഭദ്രതോടെ ഇസ്ലാമിന്റെ മൗലികാശയങ്ങളെ ലളിതമായ ഭാഷയില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നു. ലോക വ്യാപകമായി വിശ്വാസശാസ്ത്ര പഠിതാക്കള്‍ ഗൗരവത്തോടെ വായിക്കുന്ന കൃതിയുടെ മലയാള വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത് വളാഞ്ചേരി മര്‍കസുത്തര്‍ബിയ്യത്തില്‍ ഇസ്‌ലാമിയ്യയിലെ അധ്യാപകന്‍ ഹാഫിള് സഈദലി വാഫിയാണ്. പരമ്പരാഗത ഇസ്‌ലാമിക ജ്ഞാന സ്രോതസ്സുകളില്‍ ഊന്നി നിന്ന് ആധുനിക ഗവേഷണ സങ്കേതങ്ങളുടെ വെളിച്ചത്തില്‍ മതമീംമാസാ തത്വങ്ങള്‍ വിശകലനം ചെയ്യുന്ന ഈ ഗ്രന്ഥം മലയാളി വായനക്കാരുടെ ധൈഷണികതയ്ക്ക് കൂടുതല്‍ ബലമേകും എന്ന് പ്രതീക്ഷിക്കാം. പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് വാഫി അലുംനി അസോസിയേഷന്റെ പ്രസാധക വിഭാഗമായ വേ ബുക്‌സാണ്.

ഹാരിസ് അമീന്‍ വാണിമേല്‍