സ്വാബൂനി; വിജ്ഞാനദാഹിയായ പണ്ഡിതന്‍

2020

അടുത്തിടെ വിടപറഞ്ഞ, സ്വാബൂനി എന്ന നാമത്തില്‍ മുസ്‌ലിം ലോകം ആദരവോടെ വിളിച്ച ശൈഖ് മുഹമ്മദ് അലി അസ്സ്വാബൂനി നിരവധി സവിശേഷതകള്‍ സമ്മേളിച്ച മഹത് വ്യക്തിത്വമായിരുന്നു. സിറിയന്‍ പണ്ഡിതസഭാ മുന്‍ അധ്യക്ഷന്‍, ലോകപ്രശസ്ത പണ്ഡിതന്‍, നിരവധി യൂണിവേഴിസിറ്റികളിലെ പാഠ്യപദ്ധതികളില്‍ ഉള്‍പെട്ടതും അല്ലാത്തതുമായ അമ്പതിലതികം വിഖ്യാത ഗ്രന്ഥങ്ങളുടെ രചയിതാവ്, ലോകം അംഗീകരിച്ച മുഫസ്സിര്‍, 2007ലെ ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ജേതാവ്, ഇങ്ങനെ പലതുമായിരുന്നു ശൈഖ് സ്വാബൂനി.
സിറിയയിലെ രണ്ടാമത്തെ വലിയ നഗരമാണ് ഹലബ്. ചരിത്രത്തില്‍ പ്രതാപത്തോടെ തലഉയര്‍ത്തി നിന്നിരുന്ന ആ നഗരം ആഭ്യന്തര തര്‍ക്കങ്ങളുടെ നിശ്ചല ദൃശ്യങ്ങളായി ചാരവും ചോരയും പൊതിഞ്ഞ് നില്‍ക്കുകയാണിന്ന്. ഒരു വൈജ്ഞാനിക നഗരമായാണ് ഹലബ് അതിന്റെ പ്രതാപകാലത്ത് പ്രശസ്തി നേടിയിരുന്നത്. അവിടുത്തെ സായാഹ്നങ്ങള്‍ വൈജ്ഞാനിക ചര്‍ച്ചകളുടെ സമ്മേളനമായിരുന്നു. അവിടുത്തെ പ്രാന്തങ്ങള്‍ പണ്ഡിത സംഗമങ്ങളുടെ അവിസ്മരണീയ പ്രദേശങ്ങളായിരുന്നു. അറിവും നിറവും ദര്‍ശനങ്ങളും രൂപപ്പെടുത്തപ്പെട്ടും പരിഷ്‌കരിക്കപ്പെട്ടും, ചിന്തകള്‍ സ്വതന്ത്ര്യമാക്കപ്പെട്ടും വിദ്യാഭ്യാസവും സംസ്‌കാരവും സമ്മേളിപ്പിച്ച് ജീവിച്ച് വന്നിരുന്ന നിരവധി പണ്ഡിതന്മാരെ വളര്‍ത്തി വലുതാക്കിയ സുന്ദരമായ ഭൂമികയാണത്. സ്വാബൂനി ആ നഗരത്തിന് നേരത്തെ കേട്ടു പരിചയമുള്ള നാമമാണ്. നിരവധി പണ്ഡിതന്മാര്‍ക്ക് ജന്മം നല്‍കിയ കുടുംബമാണ് സ്വാബൂനി. ശൈഖ് ജമീല്‍ അസ്വാബൂനി, ശൈഖ് അത്വാഉല്ലാഹ് അസ്വാബൂനി, ശൈഖ് അഹ്മദ് അസ്വാബൂനി തുടങ്ങിയവര്‍ ഈ പണ്ഡിത കുടുംബത്തിലെ തലമുതിര്‍ന്നവരായിരുന്നു. മുഹമ്മദലി അസ്വാബൂനിയുടെ പിറവിയോടെ ഹലബ് ചരിത്രത്തില്‍ പുതിയ ഒരേടു കൂടി ചേര്‍ത്തുവക്കുകയായിരുന്നു. 1930ലായിരുന്നു മുഹമ്മദ് അലി സ്വാബൂനിയുടെ ജനനം.
മുഹമ്മദ് അലി അസ്വാബൂനി തന്റെ പിതാവിന്റെ അതേ പകര്‍പ്പു തന്നെയായിരുന്നു എന്ന് പറയുന്നതാണ് ഏറെ ഉചിതം. അദ്ദേഹത്തിന്റെ പിതാവ് ശൈഖ് ജമീല്‍ അസ്വാബൂനി ഹലബിന്റെ വെളിച്ചമായി പരിലസിച്ചിരുന്ന മഹാ പണ്ഡിതനായിരുന്നു. മുഹമ്മദ് അലി അസ്വാബൂനിയുടെ ആദ്യ പാഠശാലയും അദ്ദേഹത്തിന്റെ പിതാവ് തന്നെയായിരുന്നു. ശൈഖ് മുഹമ്മദ് സഈദ് ഇദ്ലിബി, ശൈഖ് മുഹമ്മദ് റാഗിബ് ത്വബാഹ്, ശൈഖ് അഹ്മദ് ശമാഅ്, ശൈഖ് മുഹമ്മദ് നജീബ് ഖയാത്വ, ശൈഖ് മുഹമ്മദ് സൈനുല്‍ ആബിദീന്‍, ശൈഖ് മുഹമ്മദ് അസ്സല്‍ഖീനി, ശൈഖ് അബ്ദുല്ല ഹമ്മാദ്, ശൈഖ് മുഹമ്മദ് നാജി അബൂ സ്വാലിഹ് തുടങ്ങിയ പണ്ഡിതരില്‍ നിന്നും പ്രാഥമിക പഠനം മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസം കരസ്ഥമാക്കി. ഹലബ് തന്നെയായിരുന്നു ഈ പാഠ്യകാലത്തിനു സാക്ഷിയായ ഭൂമിക. പ്രാഥമിക പഠനകാലം മുതല്‍ തന്നെ മുഹമ്മദലി സ്വാബൂനിയുടെ ബുദ്ധിശക്തിയും കഴിവും അധ്യാപകരില്‍ അത്ഭുതമുളവാക്കിയിരുന്നു. പരിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയതോടൊപ്പം മറ്റു മേഖലകളിലും അദ്ദേഹം അവഗാഹം നേടിയത് പിറന്ന നാടായ ഹലബില്‍ നിന്നു തന്നെയാണ്. ഖുര്‍ആന്‍, തഫ്സീര്‍, ഫിഖ്ഹ്, താരീഖ്, അറബി ഭാഷാ ശാസ്ത്രം, ഗണിത ശാസ്ത്രം, ഫിസിക്സ്, കെമിസ്ട്രി, ജിയോഗ്രഫി, ഇംഗ്ലീഷ് തുടങ്ങി അറിവിന്റെ വ്യത്യസ്ത തലങ്ങളെ ഈ കാലഘട്ടത്തില്‍ അദ്ദേഹം തന്റെ കൈപ്പിടിയിലൊതുക്കി.
വൈജ്ഞാനിക മേഖലയില്‍ സ്വാബൂനിക്ക് ലഭിച്ച ആദ്യത്തെ അംഗീകാരം അദ്ദേഹത്തിന്റെ മാതൃരാജ്യം തന്നെയായിരുന്നു നല്‍കിയിരുന്നത്. പഠനത്തിലെ അദ്ദേഹത്തിന്റെ മികവ് തിരിച്ചറിഞ്ഞ് അദ്ദേഹത്തെ ഉന്നത പഠനത്തിന് സര്‍ക്കാറിന്റെ ചെലവില്‍ അയക്കാന്‍ തെരഞ്ഞെടുക്കുകയായിരുന്നു സിറിയന്‍ മതകാര്യ മന്ത്രാലയം. 1949ല്‍ ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയിലേക്ക് സ്വാബൂനി കടന്നു ചെല്ലുന്നതിങ്ങിനെയാണ്. അറിവ് മണക്കുന്ന അസ്ഹറിന്റെ മുറ്റത്ത് നിന്നും 1952 ഓടെ ബിരുദവും 1955 ഓടെ നിയമപഠനത്തില്‍ ബിരുദാനന്തര ബിരുദവും സ്വാബൂനി കരസ്ഥമാക്കി.

അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയിലെ പഠന ശേഷം അദ്ദേഹം തന്റെ ജന്മനാടായ ഹലബിലേക്ക് തന്നെയാണ് മടങ്ങിയത്. കര്‍മരംഗത്തേക്കിറങ്ങിയ സ്വാബൂനിക്ക് തന്റെ ദൗത്യത്തെ കുറിച്ച് പൂര്‍ണ ബോധ്യമുണ്ടായിരുന്നു. താന്‍ പഠിച്ചു വളര്‍ന്ന പ്രദേശത്തെ പുതു തലമുറ അദ്ദേഹത്തിന്റെ അറിവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ ഭാഗ്യം ലഭിച്ചവരായി മാറി. ഏഴു വര്‍ഷത്തോളം ഹലബില്‍ തന്നെയായിരുന്നു സ്വാബൂനിയുടെ കര്‍മ മണ്ഡലം. 1962 മുതല്‍ സഊദി അറേബ്യയിലേക്ക് താമസവും അധ്യാപകവൃത്തിയും മാറിയതോടെയാണ് മുഹമ്മദ് അലി സ്വാബൂനിയെ ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. അദ്ദേഹത്തിന്റെ പാണ്ഡിത്യവും അഗാധജ്ഞാനവും തിരിച്ചറിഞ്ഞ് സഊദിഅറേബ്യ അദ്ദേഹത്തെ തങ്ങളുടെ നാട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. പുണ്യഭൂമിയുടെ ചാരത്തിരിക്കാനും അവിടെയിരുന്ന് കിതാബോതിക്കൊടുക്കാനും കിട്ടിയ അവസരം അദ്ദേഹം വലിയ അംഗീകാരമായാണ് സ്വീകരിച്ചത്. മക്കയിലെ ഉമ്മുല്‍ ഖുറാ യൂണിവേഴ്സിറ്റിയിലാണ് അദ്ദേഹം അധ്യാപകനായി നിയമിതനായത്. ഇസ്‌ലാമിക് സ്റ്റഡീസ്, ശരീഅത്ത് വിഭാഗങ്ങളുടെ തലവനായായി ശൈഖ് സ്വാബൂനി തന്റെ അറേബ്യന്‍ ജീവിതമാരംഭിച്ചു.
മുപ്പതോളം വര്‍ഷത്തെ അറേബ്യയിലെ ജീവിതകാലയളവിലാണ് മുഹമ്മദ് അലി സ്വാബൂനി ലോകത്തിനു സംഭാവനയായി തന്റെ മുദ്രകള്‍ നല്‍കിത്തുടങ്ങിയത്. അദ്ദേഹത്തിന്റെ ഗവേഷണപാടവവും അന്വേഷണാത്മകതയും തിരിച്ചറിഞ്ഞ സര്‍വകലാശാല ശാസ്ത്രീയാന്വേഷണ പഠനങ്ങള്‍ക്കായി സെന്റര്‍ ഫോര്‍ സയിന്റിഫിക് സ്റ്റഡീസിന്റെയും ഇസ്ലാമിക് കള്‍ച്ചറല്‍ എംപവര്‍മെന്റ് വകുപ്പ് സ്ഥാപിച്ച് അതില്‍ ശൈഖ് സ്വാബൂനിയെ ഗവേഷകനായി നിയമിച്ചു. പിന്നീട് സഊദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമി (മുസ്ലിം വേള്‍ഡ് ലീഗ്)ന്റെ ഖുര്‍ആനിലെയും ഹദീസിലെയും ശാസ്ത്രത്തെ കുറിച്ച് പഠിക്കുന്ന അതോറിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സ്വാബൂനി ദീര്‍ഘകാലം അവിടെത്തന്നെയായിരുന്നു കഴിച്ച് കൂട്ടിയത്. ഗവേഷണ പരത അദ്ദേഹത്തില്‍ പഠനകാലം തൊട്ടേ പ്രകടമായിരുന്നതിന്റെ അംഗീകാരമായിരുന്നു ഇത്തരം നിയമനങ്ങളെല്ലാം. അദ്ദേഹത്തിന്റെ തൂലികത്തുമ്പില്‍ നിന്നുയര്‍ന്നു വന്ന കനപ്പെട്ട അമ്പതിലധികം വരുന്ന ഗ്രന്ഥങ്ങള്‍ ഈ അന്വേഷണ ത്വരയുടെ ഉത്തമ ഉദാഹരണങ്ങള്‍ തന്നെയാണ്. 2007ല്‍ ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി ഇസ്‌ലാമിക് പേഴ്സണാലിറ്റി അവാര്‍ഡ് നല്‍കി ശൈഖ് സ്വാബൂനിയെ ആദരിച്ചു. ഇസ്ലാമിക ലോകത്തിനും വൈജ്ഞാനിക മേഖലക്കും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് മറ്റു പല ആദരവുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
മേല്‍ സ്ഥാനങ്ങളെല്ലാം വഹിച്ചു കൊണ്ടിരുന്നപ്പോഴും അധ്യാപനം അദ്ദേഹം നിറുത്തിയിരുന്നില്ല. ഒരേ സമയം ആഴത്തില്‍ വൈജ്ഞാനിക ഗവേഷണങ്ങളില്‍ വ്യാപൃതനാകുകയും താന്‍ സ്വയത്തമാക്കിയ അറിവുകള്‍ പകര്‍ന്നു നല്‍കുകയും ചെയ്യുകയായിരുന്നു ശൈഖ് സ്വാബൂനി. മസ്ജിദുല്‍ ഹറമില്‍ നടന്നു വന്നിരുന്ന ദര്‍സില്‍ ദിവസേന ക്ലാസ്സുകളെടുക്കാനും ഫത്‌വ നല്‍കാനും ശൈഖ് സ്വാബൂനി സമയം കണ്ടെത്തിയിരുന്നു. ഇതിനു പുറമേ ജിദ്ദയിലെ ഒരു പള്ളിയില്‍ വച്ച് ഖുര്‍ആന്റെ തഫ്സീര്‍ ക്ലാസ്സ് ആഴ്ച്ചയിലൊരിക്കല്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. ഈ ക്ലാസ്സുകള്‍ ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്തു തുടങ്ങിയതോടെ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ള വിജ്ഞാന ദാഹികള്‍ അദ്ദേഹത്തിന്റെ കഴിവിനെയും തികവിനെയും ആസ്വദിച്ചു കൊണ്ടിരുന്നു. എട്ടു വര്‍ഷം നിലനിന്ന ഈ ക്ലാസ്സ് അറുന്നൂറോളം എപ്പിസോഡുകളായി ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്തിട്ടുണ്ട്. സ്വഫ്വത്തുത്തഫാസീര്‍ എന്ന ഖുര്‍ആന്‍ വ്യഖ്യാന ഗ്രന്ഥം തന്നെയാണ് സ്വാബൂനിയുടെ മാസ്റ്റര്‍പീസ്. നിരവധി ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ട പ്രസ്തുത ഗ്രന്ഥം ലോകത്തെ നിരവധി യൂണിവേഴ്സിറ്റികളിലെ പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തപ്പെട്ടിട്ടുണ്ട്. കേരളത്തിലെ വ്യത്യസ്ത മതവിദ്യാഭ്യാസ സംവിധാനങ്ങളുടെ പാഠ്യപദ്ധതിയില്‍ ഈ ഗ്രന്ഥം പഠിപ്പിക്കപ്പെടുന്നു.
പുതിയ കാലത്തെ മാറ്റങ്ങളെ സ്വാഗതം ചെയ്ത് അതിനനുസൃതമായ മാറ്റങ്ങള്‍ പാഠ്യ-പാഠ്യേതര മേഖലകളില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും അത്തരം ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നത് സ്വാബൂനിയെ മറ്റു പണ്ഡിതന്മാരില്‍ നിന്നും വ്യത്യസ്തനാക്കിയ ഒരു ഘടകമാണ്. അദ്ദേഹത്തിന്റെ പല ഗ്രന്ഥങ്ങളും ഈ സമീപനം സ്വീകരിച്ചത് കൊണ്ട് തന്നെയായിരിക്കണം ജീവിത കാലത്തു തന്നെ അവ ഏറെ സ്വീകാര്യമായതും നിരവധി പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തപ്പെട്ടതും. കൃത്യമായ ലക്ഷ്യബോധത്തോടെ തന്നെയായിരുന്നു ഓരോ ഗ്രന്ഥങ്ങളെയും അദ്ദേഹം പണിപ്പുരയിലേക്കെടുത്തത്. വിഖ്യാത തഫ്സീറായ സ്വഫ്വത്തുത്തഫാസീറിന്റെ ആമുഖത്തില്‍ അദ്ദേഹത്തിന്റെ വീക്ഷണവും ലക്ഷ്യവും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പറയുന്നു, ‘ ആധുനിക കാലഘട്ടത്തോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നതും അഭ്യസ്ത വിദ്യരായ സമൂഹത്തിന് എളുപ്പത്തില്‍ മനസ്സിലാക്കിയെടുക്കാന്‍ സാധിക്കും വിധത്തില്‍ സങ്കീര്‍ണമായ ഭാഷാ പ്രയോഗങ്ങളോ മറ്റോ ഇല്ലാത്തതുമായ ഒരു വ്യാഖ്യാന ഗ്രന്ഥമന്വേഷിച്ച് നടക്കുന്നവര്‍ ധാരാളമുണ്ട്. അത്തരം ആളുകളെ പരിഗണിച്ച് വിശുദ്ധ ഖുര്‍ആന്‍ എളുപ്പത്തില്‍ മനസ്സിലാകുന്ന രീതിയില്‍ വിശദീകരിക്കേണ്ടത് ഇന്നത്തെ പണ്ഡിതന്മാരുടെ കടമയാണ്. ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞ ദൗത്യമായിരുന്നിട്ടും അല്ലാഹുവിന്റെ സഹായത്തില്‍ വിശ്വാസമര്‍പ്പിച്ച് ഞാന്‍ അത് ഏറ്റെടുത്തിരിക്കയാണ്’.
ശൈഖ് മുഹമ്മദ് അലി സ്വാബൂനി തന്റെ നിലപാടുകളില്‍ അടിയുറച്ചു നില്‍ക്കുകയും മുസ്‌ലിം ലോകത്തിന്റെയും തന്റെ മാതൃരാജ്യത്തിന്റെയും തെറ്റായ രാഷ്ട്രീയ നിലപാടുകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു. മാത്രമല്ല, തന്റെ രാജ്യത്തെ പണ്ഡിതന്മാരോട് പണ്ഡിതധര്‍മത്തെ കുറിച്ച് ഓര്‍മപ്പെടുത്തുകയും ചെയ്തു അദ്ദേഹം. അറബ് വിപ്ലവങ്ങള്‍ക്കെതിരില്‍ ശക്തമായി പ്രതികരിച്ചിരുന്ന സ്വാബൂനിയുടെ നിലപാടുകള്‍ ഏറെ ശ്രദ്ധയോടെയാണ് ലോകം വീക്ഷിച്ചിരുന്നത്. മുസ്ലിംകളുടെ സംരക്ഷണം ഏറ്റെടുത്ത ഭരണാധികാരികള്‍ അവരെ വേട്ടയാടുന്നത് ഗൗരവതരമായ വിഷയമാണെന്ന് അദ്ദേഹം വിളിച്ച് പറഞ്ഞു. മാത്രമല്ല അത്തരം നടപടികള്‍ക്കെതിരില്‍ പണ്ഡിതന്മാര്‍ ശബ്ദിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയും പണ്ഡിതന്മാരുടെ ബാധ്യതയുമാണെന്ന് അദ്ദേഹം ഉണര്‍ത്തി. സിറിയന്‍ ആഭ്യന്തര കലാപ സാഹചര്യത്തിലും അദ്ദേഹത്തിന്റെ നിലപാടുകള്‍ സമാനമായിരുന്നു. ഭരണകൂടത്തിന്റെ നെറികേടുകളോട് അനുകൂല സമീപനം സ്വീകരിച്ച പണ്ഡിതന്മാരെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കാനും അദ്ദേഹം മറന്നിരുന്നില്ല. നിങ്ങളുടെ കാര്യം ഏറെ ആശ്ചര്യകരമാണെന്നും ഒരു ഭരണാധികാരിയെന്ന നിലയില്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റാത്തവരുടെ മുഖത്ത് നോക്കി അരുതെന്ന് പറയാന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം പണ്ഡിതന്മാരെ ഓര്‍മപ്പെടുത്തി.
ശാരീരിക അവശത മൂലം വഹിച്ചു വന്നിരുന്ന സ്ഥാനങ്ങളും ജോലികളും അവസാനിപ്പിച്ച് ശിഷ്ടകാലം ഗ്രന്ഥരചനയിലും ആരാധനയിലും മുഴുകാനാണ് ശൈഖ് സ്വാബൂനി തെരഞ്ഞെടുത്തത്. തുര്‍ക്കിയിലായിരുന്നു അദ്ദേഹം അവസാന കാലത്ത് സ്ഥിരമായി താമസിച്ചിരുന്നത്. തുര്‍ക്കിയിലെ യല്‍വാ പട്ടണത്തിലെ വസതിയില്‍ വച്ച് 2021 മാര്‍ച്ച് 19ന് ഓര്‍ക്കാനേറെ ബാക്കിവച്ച് തന്റെ തൊണ്ണൂറ്റി ഒന്നാം വയസ്സില്‍ ശൈഖ് മുഹമ്മദലി അസ്വാബൂനി ഈ ലോകത്തോട് വിടപറഞ്ഞു.

ഹാഫിസ് സഈദ് വാഫി