ക്യാമ്പസ്
check_circle FREE
പത്രം വായിക്കാത്ത ജെന്‍സിയും മൗനം പാലിക്കുന്ന കലാലയങ്ങളും
നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ പ്രോഗ്രാം ഓഫീസര്‍ ആയിരിക്കുമ്പോള്‍ വിദ്യാര്‍ഥികളെ യൂണിറ്റ് അംഗങ്ങളാക്കുന്നതിനു വേണ്ടി സാധാരണഗതിയില്‍ ഇന്റര്‍വ്യൂകള്‍ നടത്താറുണ്ട്. കഴിഞ്ഞ വര്‍ഷം 167 വിദ്യാര്‍ഥികള്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു. പ്രധാനമായും വിദ്യാര്‍ഥികളുടെ സാമൂഹ്യ അവബോധം, സേവന സന്നദ്ധത തുടങ്ങിയവ പരീക്ഷിക്കലാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം. 167 വിദ്യാര്‍ഥികളില്‍ നിത്യവും പത്രം വായിക്കുന്നവര്‍ മൂന്നുപേരാണ്. ഇത് എനിക്ക് വളരെ ശ്രദ്ധേയമായ കാര്യമായി തോന്നി. ജെന്‍സി തലമുറക്ക് ദിനപത്രങ്ങള്‍ അലര്‍ജിയാണ്.
അതിനേക്കാള്‍ പ്രധാനപ്പെട്ട കാര്യം സ്വന്തം നാടിനെ കുറിച്ചോ ചുറ്റുപാടുകളെ കുറിച്ചോ കുട്ടികള്‍ക്ക് യാതൊരു ധാരണയുമില്ല എന്നതാണ്. നിലമ്പൂര്‍ ഭാഗത്തുനിന്ന് വരുന്ന ഒരു വിദ്യാര്‍ഥിനിയോട് ചാലിയാര്‍ പുഴ എങ്ങോട്ടാണ് ഒഴുകുന്നത്. എവിടെയാണ് അത് കടലില്‍ ചേരുന്നത് എന്ന ചോദ്യത്തിന് പഞ്ചാബ് എന്നാണ് മറുപടി തന്നത്. ചിരിക്കണോ കരയണോ?
സ്വന്തം പഞ്ചായത്തില്‍ എത്ര വാര്‍ഡുകള്‍ ഉണ്ട്? വാര്‍ഡ് മെമ്പറുടെ പേര് എന്താണ്? പഞ്ചായത്ത് പ്രസിഡന്റ് ആരാണ്? തുടങ്ങിയ പ്രാദേശികമായ ചോദ്യങ്ങള്‍ക്ക് 10% ത്തില്‍ താഴെ കുട്ടികള്‍ മാത്രമാണ് ശരിയായ ഉത്തരം പറഞ്ഞത്. ദോഹ വേള്‍ഡ് കപ്പ് ഫുട്ബോള്‍ ഏത് രാജ്യത്താണ് നടന്നതെന്ന് ചോദ്യത്തിന് പോലും മറുപടി പറയാന്‍ ചിലര്‍ക്ക് സാധിച്ചില്ല. ഇന്ത്യയുടെ രാഷ്ട്രപതിയുടെ പേര് അറിയാത്തവര്‍, സംസ്ഥാനത്തെ ഗവര്‍ണര്‍ മുതല്‍ വിദ്യാഭ്യാസ മന്ത്രി വരെയുള്ളവരുടെ പേരറിയാത്തവര്‍ അങ്ങനെ പോകുന്നു പൊതുബോധമില്ലായ്മയുടെ നീണ്ട നിര.
എന്നെ അത്ഭുതപ്പെടുത്തിയ കാര്യം അതൊന്നുമല്ല: ഞാന്‍ ഈ വിഷയം സ്റ്റാഫ് റൂമില്‍ നിന്ന് വന്ന പരിഭവിച്ചപ്പോള്‍ ഏറ്റവും ജെന്‍സിയായ ടീച്ചര്‍ പറഞ്ഞു -അല്ലെങ്കിലും കുട്ടികള്‍ എന്തിനാണ് ഇതെല്ലാം അറിയേണ്ടത്. സിലബസിലെ കാര്യങ്ങള്‍ മാത്രമാണ് അവര്‍ പഠിക്കേണ്ടത് എന്ന് സാരം. നമ്മുടെ ചര്‍ച്ചയുടെ കാതല്‍ അതു തന്നെയാണ്.
ഒട്ടും പ്രാദേശികമല്ലാത്ത സിലബസും കരിക്കുലവുമാണ് ഇന്ന് രാജ്യത്തെ മിക്ക ക്യാമ്പസുകളിലും പഠിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. സാമൂഹ്യ അവബോധം എന്നത് ഏതൊരു തൊഴില്‍ മേഖലക്കും വളരെ അത്യന്താപേക്ഷിതമാണ്. എന്നാല്‍, നിര്‍മിക്കപ്പെടുന്ന കരിക്കുലങ്ങളില്‍ പ്രാദേശിക അവബോധം ഉണ്ടാക്കുന്ന കാര്യങ്ങള്‍ തുലോം വിരളം. ഒരുപക്ഷേ, ഇതില്‍ പലതും താഴെ ക്ലാസുകളില്‍ നിന്നു തന്നെ പഠിപ്പിച്ചു പോരേണ്ടിയിരിക്കുന്നു. പണ്ട് സായിപ്പുമാര്‍ ഉണ്ടാക്കിയ ഗുമസ്തന്മാരെ ഉണ്ടാക്കാന്‍ വേണ്ടി നിര്‍മിക്കപ്പെട്ട സിലബസുകളുടെ മാറിമറിഞ്ഞ രൂപം തന്നെയാണ് ഇന്നും നമ്മുടെ കലാലയങ്ങളില്‍ പഠിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇതിനോട് നോ പറയാനും തങ്ങള്‍ക്ക് ആവശ്യമുള്ളതിനെ കൊണ്ടുവരാനും ഉള്ള ശക്തി പക്ഷേ നമ്മുടെ ജന്‍സിക്കാര്‍ ഇന്നും നേടിയിട്ടുണ്ടോ എന്നതാണ് ചോദ്യം.
ക്യാമ്പസുകളിലെ മിക്ക ചര്‍ച്ചകളും വൈയക്തികമായ വിഷയങ്ങളാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു കാര്യം സ്ത്രീ-പുരുഷ സമത്വം, ബോഡി ഷൈമിംഗ്, കോസ്റ്റ്യൂം തുടങ്ങിയ വിഷയങ്ങളാണ് ക്യാമ്പസുകളിലെ പ്രധാനപ്പെട്ട ചര്‍ച്ചകള്‍. റഷ്യ-ഉക്രൈന്‍ യുദ്ധം ഇന്ത്യയെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തി കേരളത്തിലെ ഏതെങ്കിലും ക്യാമ്പസില്‍ ചര്‍ച്ച നടന്നതായി കാണുന്നില്ല. സഹ്യപര്‍വത നിരകളെ കുറിച്ചുള്ള കസ്തൂരിരംഗന്റെ റിപ്പോര്‍ട്ടോ, പരിസ്ഥിതി ലോല പ്രദേശങ്ങളെ കുറിച്ചുള്ള എസ്.ഐ.ആറോ ഏത് ക്യാമ്പസാണ് ചര്‍ച്ച ചെയ്തത്? ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്നമായാലും, അമേരിക്ക-ഇറാന്‍ യുദ്ധം ആയാലും രാജ്യത്തെ ഓരോ വര്‍ഷവും അവതരിപ്പിക്കപ്പെടുന്ന ബജറ്റുകള്‍ ആയാലും ഇതിന്റെയൊന്നും വരുംവരായ്കകളെ കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകള്‍ ഇന്നത്തെ നമ്മുടെ ക്യാമ്പസുകള്‍ക്ക് അന്യമായി.
കഴിഞ്ഞ ദിവസം ഒരു കോളേജ് മാഗസിന്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു. 36 ലേഖനങ്ങള്‍ ഉണ്ടായിരുന്നു ആ മാഗസിനില്‍. അതില്‍ സാമൂഹികമായ വിഷയങ്ങള്‍ കേവലം മൂന്നെണ്ണത്തില്‍ താഴെ മാത്രമാണ് ഉണ്ടായിരുന്നത്. മറ്റുള്ളതെല്ലാം ആളുകളുടെ യാത്രകള്‍, സ്വപ്നങ്ങള്‍, ഭക്ഷണം, വസ്ത്രം തുടങ്ങിയ വൈയക്തിത വിഷയങ്ങള്‍ മാത്രമായിരുന്നു. നമ്മള്‍ എന്തുകൊണ്ട് ഇങ്ങനെയായി എന്ന് കൂടി കലാലയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് എന്റെ പക്ഷം. തീര്‍ച്ചയായും കുട്ടികള്‍ക്ക് ലഭിക്കുന്ന ഇന്‍പുട്ടിലെ പ്രശ്നം തന്നെയാണിത്. നേരത്തെ സാമൂഹികമായ ഒട്ടനവധി പ്രശ്നങ്ങള്‍ ഏറ്റെടുത്തിരുന്ന ക്യാമ്പസ് ഇന്ന് അവനവനിലേക്ക് ചുരുങ്ങുകയാണ്. പൊതു വിഷയങ്ങള്‍ എന്നത് നമ്മുടെ ക്യാമ്പസുകള്‍ക്ക് എന്നോ അന്യമായി. സ്വന്തം ക്യാമ്പസിലേക്ക് പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ സഞ്ചരിക്കുമ്പോള്‍ പോലും അതിനെതിരെ പ്രതികരിക്കാന്‍ കഴിയാത്ത ക്യാമ്പസ് മൗനം വിചിത്രമെന്ന് പറയാതെ നിര്‍വാഹമില്ല.
verified
സത്യധാര ആധികാരിക ഡിജിറ്റൽ പതിപ്പിൽ നിന്നുള്ള വായന.
എഴുത്തുകാരൻ
Dr Qayyum
Writer