arrow_back സത്യധാര ഹോം Sathyadhara
ആത്മീയത check_circle FREE

ജ്ഞാനാന്വേഷണത്തിനും ചില മര്യാദകളുണ്ട്

Anas Hudawi
Anas Hudawi arrow_forward
28 October 2026 · 5 വായനകൾ

ശൈഖ് അബുല്‍ ഹുദാ യഅ്ഖൂബി

വിവ: അനസ് ഹുദവി കരേക്കാട്

 

 

 

ഇസ്ലാം വിഭാവനം ചെയ്യുന്ന സദാചാരമൂല്യങ്ങളില്‍ അതിപ്രാധാന്യമുള്ള ഒന്നാണ് മര്യാദ. വശ്വാസിയുടെ ജീവിതത്തെ വിശിഷ്യ, വിദ്യാര്‍ത്ഥിയെ സദാ വഴിനടത്തേണ്ടത് ഈ സല്‍ഗുണമായിരിക്കണം. ഇമാം ശാഫിഈ(റ) പറയുന്നു 'ആരെങ്കിലും യഥാര്‍ത്ഥ വിജയം ആഗ്രഹിക്കുന്നുവെങ്കില്‍ അദബ്(മര്യാദ)കൈക്കൊള്ളട്ടെ, അദബില്ലാതെ ഒരു വിജയവുമില്ല'. ഒരു അറബി കവി പാടിയിട്ടുണ്ട്. വിജ്ഞാനം പ്രകാശവും അജ്ഞാനം ഇരുട്ടുമാണ്. അദബ് ജ്ഞാനത്തെ പൂര്‍ണനിലാവ് പോലെ ഭംഗിയാക്കുന്നതാണ്. ഇമാം അലി(റ) ആലപിച്ചതിങ്ങനെയാണ് പിതാവ് മരണപ്പെട്ടവനല്ല യതീം, മറിച്ച് വിജ്ഞാനത്തിന്റെയും മര്യാദയുടെയും അനാഥത്വം പേറുന്നവനാണ് യഥാര്‍ത്ഥ യതീം.

ഇമാം മാലിക് (റ) പറയുന്നു 'നീ നിന്റെ ശൈഖില്‍ നിന്ന് അറിവ് നുകരുന്നതിന് മുന്നേ അദബ് സ്വായത്തമാക്കുക'. മഹത്തുക്കളായ ഈ മഹാമനീഷികളുടെ ഉപദേശത്തില്‍ നിന്ന് അദബിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാം. ഇവിടെ ഈ വിഷയത്തില്‍ ആഴത്തിലുള്ള ചര്‍ച്ചയിലേക്കാണ് പോകുന്നത്.

വിജ്ഞാനത്തിലെ മര്യാദയും അവയുടെ പ്രാധാന്യവും:

താബിഈ പ്രമുഖനായ മഹാനായ ഇമാം മുഹമ്മദ് ബിന്‍ സീരീന്‍(റ)(മ.ഹി:110) പറയുന്നു: അവര്‍ വിജ്ഞാനം കരഗതമാക്കിയതുപോലെ നല്ല പെരുമാറ്റവും സ്വായത്തമാക്കിയിരുന്നു. അല്‍ ഹദ്യ് എന്നാല്‍ അല്‍ ഹുദയല്ല. അല്‍ ഹുദ നേര്‍വഴിയാണെങ്കില്‍, അല്‍ ഹദ്യ് എന്നാല്‍ നല്ല പെരുമാറ്റം, നല്ല ഉപചാരമര്യാദ എന്നൊക്കെയാണ്. ഇമാം അല്‍ ഗസാലി(റ) ഇഹ്യാഅ് ഉലുമിദ്ദീനില്‍ പറയുന്നു: ബാഹ്യമര്യാദ ആന്തരികമര്യാദയുടെ ബഹിര്‍സ്ഫുരണമാണ്.

ഒരു മനുഷ്യന്റെ പ്രത്യക്ഷത്തിലുള്ള അടക്കവും ഒതുക്കവും, അവന്റെ ആന്തരികമായ ദൈവഭക്തിയും ഇസ്ലാമിക ചിഹ്നങ്ങളോടുള്ള ആദരവും മനസിലാക്കിത്തരുന്നു. ഇബ്നു മസ്ഊദ്(റ)ന്റെ ഹദീസില്‍ ഇങ്ങനെ കാണാം ഏറ്റവും നല്ല ജീവിതവ്യവസ്ഥ മുഹമ്മദ് (സ്വ)യുടേതാണ്.

 

ഇവിടെ സന്മാര്‍ഗം എന്നര്‍ത്ഥം വരുന്ന ഹുദയല്ല, ഹദ്യ് ആണ് ഉദ്ദേശിക്കപ്പെട്ടത്, ഇരുത്തം, നൃത്തം, ചലനം, നടത്തം, ശാന്തത തുടങ്ങിയ മാനുഷിക ജീവിതത്തിലെ ഭാവഹാവാദികളിലെ പ്രവാചകചര്യയുടെ അനുകരണമാണ് ഉദ്ദേശിക്കുന്നത്. ഇബ്നു അഥീര്(റ) എന്നവര്‍ പറയുന്നു ഹദ്യ് എന്നാല്‍ നല്ല ചര്യ, സ്വഭാവരീതി, മാര്‍ഗം എന്നിവയാണ്. ഇവയെല്ലാം അര്‍ത്ഥത്തില്‍ പരസ്പരപൂരകങ്ങളാണ്.

മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം: 'നല്ല സ്വഭാവമഹിമയും അനുകരണീയമായ അച്ചടക്കവും പ്രവാചകത്വത്തിന്റെ ഇരുപത്തത്തഞ്ച് ഭാഗങ്ങളില്‍ ഒന്നാണ്'. ഇതിനര്‍ത്ഥം ഇവ പ്രവാചകന്മാരുടെ സ്വഭാവഗുണങ്ങളില്‍ പെട്ടതും അവരുടെ പ്രവൃത്തികളുടെ ഭാഗവുമാണെന്നാണ്. പ്രവാചകത്വം രൂപപ്പെടുത്തല്‍ എന്ന ഒന്നില്ല, കാരണം നുബുവ്വത്ത് അധ്വാനിച്ച് നേടിയെടുക്കുന്നതല്ല എന്നതില്‍ ഉലമാക്കള്‍ ഏകാഭിപ്രായക്കാരാണ്. മാത്രമല്ല അത് അല്ലാഹുവില്‍ നിന്നുള്ള ബഹുമതിയുമാണ്. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ്വ) യോട് കൂടെ അത് അവസാനിച്ചു.

പ്രവാചകന്‍ (സ്വ) യുടെ സ്വഭാവസവിശേഷതകളില്‍ നിന്ന്:

 

* പ്രവാചകന്‍ (സ്വ) അങ്ങാടികളില്‍ ഉച്ചത്തില്‍ സംസാരിച്ചിരുന്നില്ല.

 

* അകലെയുള്ള ആളെ കണ്ടാല്‍ അടുത്തുചെന്ന് സംസാരിക്കും, അകലെ നിന്ന് വിളിക്കുന്ന ശീലമില്ലായിരുന്നു.

 

* ചൂണ്ടുമ്പോള്‍ ചൂണ്ടുവിരല്‍ മാത്രമല്ല, മുഴുവന്‍ കൈ ഉപയോഗിച്ചിരുന്നു.

 

* ഒരു വാക്ക് മനസ്സിലാകുന്നതുവരെ മൂന്നുതവണ ആവര്‍ത്തിക്കും.

 

* തിരിയുമ്പോള്‍ തല മാത്രമല്ല, നെഞ്ചുള്‍പ്പെടെ തിരിയും.

 

എല്ലാ വിശ്വാസികളും ഈ വഴി പിന്തുടരലാണ് ഉചിതം. പണ്ഡിതന്മാര്‍ക്ക് അനിവാര്യമാണ്, കാരണം അവര്‍ മാതൃകരാക്കപ്പെടുന്നവരും പ്രവാചക ചര്യയുടെ വാഹകരായി വിലയിരുത്തപ്പെടുന്നവരുമാണ്. ഇങ്ങനെ ഒരു ചൊല്ലുണ്ട്. പണ്ഡിതന്റെ വീഴ്ച്ച, ലോകത്തിന് അപമാനമാണ് .

ഇമാം അബ്ദുല്ലാഹ് ബിന്‍ മുബാറക് അല്‍ മര്‍വസി(റ)പറഞ്ഞു: 'മര്യാദ' പ്രവര്‍ത്തനങ്ങളെ ആവരണം ചെയ്യുമ്പോഴാണ് വിജ്ഞാനം മനുഷ്യന് അലങ്കാരമാകുന്നത്. മര്യാദ വിജ്ഞാനത്തിനുള്ള ആഭരണമാണ്. തത്വജ്ഞാനികള്‍ തങ്ങളുടെ മക്കളോട് പറയാറുണ്ടായിരുന്നു 'മകനേ, നീ മര്യാദയുടെ ഒരു അധ്യായം പഠിക്കുന്നതാണ് വിജ്ഞാനത്തിന്റെ എഴുപത് അധ്യായങ്ങള്‍ പഠിക്കുന്നതിനേക്കാള്‍ അഭികാമ്യം'.

 ഓരോ വ്യക്തിക്കും നിര്‍ബന്ധമായ അറിവ്(ഫര്‍ളുല്‍ അയ്ന്‍)അല്ല ഇവിടെ ഉദ്ദേശിക്കുന്നത്, അതിലുപരിയായി വരുന്ന വിജ്ഞാനമാണ്. കാരണം ഫര്‍ദുല്‍ അയ്ന്‍ പഠിക്കല്‍ അത്യന്താപേക്ഷികമാണ്. ഇവിടുത്തെ ഉദ്ദേശം, മര്യാദയാണ് അറിവിന്റെ താക്കോല്‍ എന്നതാണ്. അദബില്ലെങ്കില്‍ യഥാര്‍ത്ഥ അറിവ് ലഭിക്കുകയില്ലെന്ന് മാത്രമല്ല, ആ മണിമുത്തുകള്‍ ശേഖരിക്കാനുള്ള പാത ദുര്‍ഘടമാകുകയോ അടക്കപ്പെടുകയോ ചെയ്യും.

ജ്ഞാനസഭകളിലെ ചോദ്യോത്തര മര്യാദകള്‍

വിജ്ഞാന സമ്പാദനത്തിനും വര്‍ദ്ധനവിനുമുള്ള കവാടം വിദ്യാര്‍ത്ഥിക്ക് തുറക്കുന്നതില്‍ അദബിന് പ്രധാന പങ്കുണ്ട്. ശൈഖ് ഒരു വിഷയം അവതരിപ്പിക്കുമ്പോള്‍, അദ്ദേഹത്തിന്റെ സന്നിധിയില്‍ ഇരിക്കുന്ന വിദ്യാര്‍ത്ഥി തല കുലുക്കിക്കൊണ്ട് എനിക്ക് ഇത് അറിയാം എന്ന് സൂചിപ്പിക്കുമ്പോള്‍, ഗുരു ചുരുക്കിപ്പറഞ്ഞ് ആ വിഷയത്തില്‍ നിന്ന് തെന്നിമാറി മുന്നോട്ടു പോകാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് പണ്ഡിതന്മാര്‍ പറഞ്ഞത് 'ഗുരുവിന്റെ മുമ്പില്‍ തലകുലുക്കി സമ്മതം സൂചിപ്പിക്കാതിരിക്കുന്നതാണ് അനുപേക്ഷണീയം. ഗുരു ഒരു കഥയോ ഉദാഹരണമോ ആവര്‍ത്തിച്ച് പറഞ്ഞാലും, നിങ്ങള്‍ ഇത് മുമ്പ് കേട്ടിട്ടുണ്ടോ? എന്ന് അദ്ദേഹം ചോദിച്ചാലും, വിദ്യാര്‍ത്ഥികള്‍ കള്ളം പറയാതെ ഗുരുവേ, താങ്കളുടെ ഓരോ വിവരണത്തിലും കൂടുതല്‍ പ്രയോജനം പ്രതീക്ഷിക്കുന്നു എന്ന് മറുപടി പറയണം.

ഇപ്രകാരം വിദ്യാര്‍ത്ഥി മര്യാദ പാലിക്കാതിരിക്കുന്നാല്‍, ചില ജ്ഞാനകവാടങ്ങള്‍ അവന് വിലക്കപ്പെടും. അതുകൊണ്ടാണ് പണ്ഡിതര്‍ പറഞ്ഞത് 'ഒരു തുണ്ട് മര്യാദ ഒരു ഡസണ്‍ വിദ്യയുള്ളതിനെക്കാള്‍ മനുഷ്യന് പ്രയോജകരമാണ്. മര്യാദയാണ് പണ്ഡിതനും വിദ്യാര്‍ഥിക്കും അറിവ് എങ്ങനെ ഉപയോഗിക്കാമെന്നതിന്റെ വഴി തെളിക്കുന്നത്. വിദ്യയില്ലാത്ത മര്യാദ ശരീരമില്ലാത്ത ആത്മാവിനെ പോലെയും മര്യാദയില്ലാത്ത വിദ്യ ആത്മാവില്ലാത്ത ശരീരം പോലെയുമാണ്, വിദ്യയും മര്യാദയും ഇല്ലാത്ത ശരീരം ആത്മാവില്ലാത്ത ഒരു പ്രതിമ പോലെയാണ്.

ബസ്റയിലെ വാഗ്മി ഷബീബ് ബിന്‍ ശൈബത്തമീമി പറയുന്നു: മര്യാദയോടെ വിദ്യ നുകരുക, കാരണം അത് മനുഷ്യത്വത്തെ രൂപീകരിക്കുകയും, ബുദ്ധിക്ക് വളര്‍ച്ചയേകുകയും, സഭകളെ അലങ്കൃതമാക്കുകയും ചെയ്യും. മനുഷ്യത്വം എന്നത് സല്‍ഗുണങ്ങളുടെ മൂര്‍ത്തീഭാവമാണ്. ദീനീമര്യാദകള്‍ ആചരിക്കുകയും പ്രവാചക സ്വഭാവങ്ങള്‍ ആവാഹിക്കുകയും ചെയ്യുന്നവന്‍, ജനങ്ങളുടെ മുമ്പില്‍ കള്ളം പറയുന്നത് വലിയ നിന്ദ്യതയും, യാചകനെ തിരസ്‌കരിക്കുന്നതും, മണ്ടന്മാരുടെയും അജ്ഞരുടെയും കൂട്ടത്തില്‍ ഇരുന്ന് അവരുടെ സംവാദങ്ങളില്‍ പങ്കുചേരുന്നത് അനഭിലഷണീയവുമാണ്. കാരണം, മനുഷ്യത്വം അവനെ അതിന് അനുവദിക്കുകയില്ല. ജാഹിള് തന്റെ 'അല്‍ബയാന്‍ വത്തബയീന്‍' എന്ന കൃതിയില്‍ പറയുന്നു നീ മണ്ടന്മാരോടും വിഢികളോടും, അജ്ഞരോടും ഒരു മാസം സഹവസിച്ചാല്‍, അവരുടെ മലിനമായ വാക്കുകളുടെ സ്വാധീനം ശുദ്ധിയാക്കാന്‍ വിവേകികളുടേയും മാന്യമായ സംവദിക്കുന്നവരോടും കുടെ ഒരു വര്‍ഷമിരുന്നാലും മതിയാവുകയില്ല.

ഇവിടെ കാതലായ ഒരു ചോദ്യത്തിന് പ്രസക്തിയുണ്ട്. അജ്ഞര്‍ക്കും വിവരമില്ലാത്തവര്‍ക്കുമല്ലേ വിജ്ഞാനം പകര്‍ന്ന് നല്‍കേണ്ടത്?. അതിനുത്തരം ഇതാണ്: നാം ജനങ്ങളെ അജ്ഞരായല്ല കാണുന്നത്. മനുഷ്യരെ പണ്ഡിതരും അജ്ഞരുമായി വേര്‍തിരിച്ച് കാണുന്നത് അഹങ്കാരത്തിന്റെ ഭാഗമാണ്. മാത്രമല്ല, സാധാരണക്കാരെ അവര്‍ക്ക് ഇഷ്ടപ്പെടാത്ത ഒരു വിശേഷണം കൊണ്ട് വിധിക്കലുമാണ്. എന്നാല്‍ യഥാര്‍ത്ഥ അജ്ഞത നീ പഠിച്ചത് അറിയാതിരിക്കുകയോ ഏതെങ്കിലും ഒരു വിജ്ഞാനശാഖയെക്കുറിച്ചുള്ള അറിവില്ലായ്മയോ അല്ല. അങ്ങനെയെങ്കില്‍ നാമെല്ലാവരും അജ്ഞരായിരിക്കും. മനുഷ്യനെ അജ്ഞനായി വിലയിരുത്തപ്പെടുന്നത്, അനുചിതവും അനവസരത്തിലുമുള്ള സംസാരങ്ങളിലൂടെയാണ്. പൊതു ജനത്തെ നാം കാണുന്നത് വിദ്യാര്‍ത്ഥികളായാണ്. അവര്‍ പണ്ഡിതനെ കാണുമ്പോള്‍, അദ്ദേഹത്തിന്റെ സാന്നിധ്യം പ്രയോജനപ്പെടുത്താനുള്ള അവസരമായി കാണുന്നു.

ഖത്വീബുല്‍ അല്‍ബഗ്ദാദി(റ) അല്‍ ഫഖീഹ് വല്‍മുതഫഖിഹ് എന്ന കിതാബിന്റെ ആമുഖത്തില്‍ പറയുന്നു: 'ഈ പരിഭാവനമായ വിജ്ഞാനം ദൈവികമാണ്. അല്ലാഹു നബി(സ്വ)യെ പഠിപ്പിച്ചു; നബി(സ്വ) തന്റെ സമുദായത്തെ പരിശീലിപ്പിച്ചു. തനിക്ക് നല്‍കപ്പെട്ടതുപോലെ നിറവേറ്റപ്പെടാന്‍ വേണ്ടി അല്ലാഹുവില്‍ നിന്നും ദൂതനിലേക്ക് നല്‍കപ്പെട്ട അമാനത്താണത്. അതിനാല്‍ അതിസൂക്ഷമമായാണ് ഈ മേഖലയില്‍ വ്യാപൃതനാവേണ്ടത്'.

വിദ്യ മര്യാദയെന്നാണ് വിദ്യയുടെ നിര്‍വചനത്തിന്റെ സംഗ്രഹം. എന്നിരുന്നാലും വിജ്ഞാനം അതിനേക്കാള്‍ വലിയ കവാടവുമാണ്. അലി (റ) പറഞ്ഞു: മര്യാദ ഒരിക്കലും ജീര്‍ണിക്കാത്ത പുതുവസ്ത്രമാണ്. മര്യാദ ഏറ്റവും ഉത്തമമായ പാരമ്പര്യമാണ്. നിന്റെയും മറ്റുള്ളവരുടെയും ഇടയില്‍ ഒരു തുലനവസ്തുവായി നീ സ്വയം മാറുക.

കേവലം പഠനപ്രക്രിയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഒന്നല്ല മര്യാദയും ആദരവും. ഒരു വിശ്വാസിയുടെ ജീവിതാസകലം പടര്‍ന്ന പിടിക്കേണ്ട ഉല്‍കൃഷ്ടമായ സ്വഭാവവൈശിഷ്ടമാണത്. ഖുര്‍ആന്‍, ഹദീസ് ഗ്രന്ഥങ്ങള്‍ മറ്റു കിതാബുകള്‍ ഇവയോടെല്ലാം ഭവ്യതകാണിക്കണം. ഉമനീര്‍ കൊണ്ട് ഇവ തുറക്കുന്നത് ആശാസ്യമല്ല. ഖൂര്‍ആന്‍ കൈവശം വെച്ചിരിക്കുന്നവരുടെ അടുത്തേക്ക് ആരെങ്കിലും കടന്നു വന്നാല്‍ അവന്‍ എഴുന്നേല്‍ക്കരുത്. നില്‍ക്കല്‍ നിര്‍ബന്ധമാണെങ്കില്‍ മുസ്ഹഫ് ഒരു വശത്ത് മാറ്റി വച്ചതിന് ശേഷം മാത്രം എഴുന്നേല്‍ക്കാം.

മര്യാദ ബുദ്ധിയുടെ പ്രതിരൂപമാണ്; മര്യാദയിലൂടെയാണ് നിന്റെ ബുദ്ധി പ്രകടമാകുന്നത്. ബുദ്ധിയുടെ ബലഹീനത പ്രകടമാകുന്നത് സംസാരം അധികരിക്കുന്നതിലൂടെയാണ്. അതുകൊണ്ടാണ് പണ്ഡിതര്‍ പറഞ്ഞത് മനുഷ്യന്‍ അവന്റെ നാവിന്റെ കീഴില്‍ ചുരുട്ടപ്പെട്ടിരിക്കുന്നു, അവന്റെ വസ്ത്രത്തിന്റെ അടിയിലല്ല. അഥവാ, മൗനം ദീക്ഷിക്കുന്ന കാലത്തോളം നീ സുരക്ഷിതനും സംസാരിച്ച് തുടങ്ങുമ്പോള്‍ നിന്നെ ആഗിരണം ചെയ്യപ്പെട്ടിരിക്കുന്ന രക്ഷാകവചത്തില്‍ നിന്ന് പുറത്ത് കടക്കുകയും ചെയ്യുന്നു. നീ എത്ര മനോഹരമായ വസ്ത്രങ്ങള്‍ ധരിച്ചാലും, നീ സംസരിക്കുമ്പോഴാണ് നിന്നെ കുറിച്ച് വിധി പറയപ്പെടുക. അതുകൊണ്ടാണ് സംസാരം അധികരിച്ചാല്‍ പിഴവുകളും അധികരിക്കും എന്ന് പറഞ്ഞത്. ഉലമാക്കള്‍ അവരെ പോലെയുള്ളവരുടെ കൂടെ ഇരിക്കുമ്പോള്‍ വളരെ കുറച്ച് മാത്രമേ സംസാരിക്കൂ; അവരുടെ കഴിവും പ്രാപ്തിയും പ്രകടമാകുന്നത് സാധാരണക്കാര്‍ക്കിടയില്‍ മാത്രമാണ്.

വിഡ്ഡിയുടെ മര്യാദ കറുവപ്പനയുടെ വേരുകളിലെ മധുരജലത്തിനു തുല്യമാണ്. എന്നുപറഞ്ഞാല്‍, മര്യാദയില്ലാത്ത ഒരാള്‍ക്ക് മര്യാദ പഠിപ്പിക്കുകയോ അവനില്‍ നിന്ന് മര്യാദ പ്രതീക്ഷിക്കുകയോ ചെയ്യുന്നത് വ്യര്‍ത്ഥമാണ്. എന്തുകൊണ്ടെന്നാല്‍, കറുവപ്പനയുടെ വേരുകളില്‍ സ്വാഭാവികമായി മധുരജലം ഉണ്ടാകില്ലല്ലോ; അതുപോലെ തന്നെ, സ്വഭാവത്തില്‍ തന്നെ ബുദ്ധിയും സംസ്‌കാരവും ഇല്ലാത്ത (വിഡ്ഡിയായ) ഒരാളില്‍ നിന്ന് മര്യാദ ഉദിക്കുക അപൂര്‍വമാണ്. ഇപ്പറഞ്ഞതില്‍ മുതിര്‍ന്നവരെ നന്നാക്കുന്നതിലുള്ള ബുദ്ധിമുട്ടിലേക്ക് സൂചനയുണ്ട്; കാരണം ഒരു കൊമ്പ് വളഞ്ഞു കഴിഞ്ഞാല്‍ നേരെയാക്കാന്‍ പ്രയാസമാണ്, അത് മൃദുവാണെങ്കില്‍ ഋജുവാക്കാന്‍ എളുപ്പവുമാണ്. അതിനാലാണ് അലി(റ) പറഞ്ഞത്: തിന്മയിലേക്ക് പ്രവേശിക്കാത്ത ഹൃദയമാണ് നന്മയെ കൂടുതല്‍ സ്വീകരിക്കുന്നത്. അതായത്, തിന്മയിലേക്ക് പ്രവേശിക്കാത്ത ചെറിയ കുട്ടിയുടെ ഹൃദയം ദൈവിക പ്രകൃതത്തില്‍ തുടരുന്നു. അവന്റെ ഹൃദയത്തിലേക്ക് നന്മ കടത്തി വിട്ടാല്‍, വളരെ പെട്ടന്ന് പ്രവേശനം സാധ്യമാകുന്നു. പിന്നീട്ട് അവന്‍ അതില്‍ നിന്നു വ്യതിചലിക്കാന്‍ സാധ്യതയില്ല.

ജീവതസാഫല്യം നേടിയവരുടെ മഹനീയ മാതൃകകള്‍ പിന്‍തലമുറ ഏറ്റെടുക്കുന്നു. തങ്ങളെ അനുകരിക്കുന്നവര്‍ക്ക് മുമ്പില്‍ ദീര്‍ഘകാലമായി അവര്‍ കാഴ്ചവെച്ച അദബിന്റെയും മര്യാദയുടേയും മകുടോദാഹരണങ്ങള്‍ അനശ്വരമായി നിലനില്‍ക്കും. ഇവിടുത്തെ ആയുര്‍ദൈര്‍ഘ്യം കൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യന്റെ ജീവന് നിലനില്‍ക്കുന്ന ആയുഷ്‌കാലമല്ല, മറിച്ച് അവന്റെ മരണശേഷവും അവശേഷിപ്പിക്കുന്ന നല്ല ഓര്‍മയാണ്. ഇത് പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ മനുഷ്യന്റെ ആയുസ്സിന്റെ ഒരു ഭാഗമാണ്. അതായത് ഇവിടെ യഥാര്‍ത്ഥ ആയുസ്സും, വൈജ്ഞാനിക ആയുസ്സും ഉണ്ട്. ഇമാം ഗസാലിയും(റ) ഖാളി ഇയാളും(റ) തന്റെ വിദ്യ കൊണ്ട് ഇപ്പോഴും നമുക്കിടയില്‍ ജീവിച്ചുകൊണ്ടിരിക്കുന്നു.

ഏറ്റവും മാന്യമായ വംശാവലി ഉത്തമമായ മര്യാദയാണ്. മനുഷ്യര്‍ക്കിടയില്‍ വംശാവലികള്‍ വ്യത്യസ്തമാണ്. എന്നാലും എല്ലാവരും തുല്യരാണ്. നിങ്ങളില്‍ ഏറ്റവും മാന്യന്‍ അല്ലാഹുവിന്റെ മുമ്പില്‍ ഏറ്റവും ഭക്തിനിഷ്ഠനാണ് എന്ന് അല്ലാഹു പറഞ്ഞു. ഭക്തി കൊണ്ടാണ് മനുഷ്യന്‍ മുന്‍പന്തിയിലെത്തുന്നത്. ഭക്തിയിലൂടെ മഹാന്മാരുടെ സന്നിധ്യയില്‍ എത്താന്‍ കഴിയും.

മൗനം ഭൂഷണം

അലി (റ) പറയുന്നു: 'മനുഷ്യന്റെ സുരക്ഷിതത്വം നാവ് സംരക്ഷിക്കുന്നതിലാണ്'. അദ്ദേഹം പറഞ്ഞു: 'എത്ര പേരാണ് മറ്റുള്ളവരുടെ അഭിനന്ദനങ്ങളില്‍ വഞ്ചിതരായവര്‍'. ജനങ്ങളുടെ പ്രശംസകൊണ്ട് വഞ്ചിതനാവുന്നത് ഗുപ്തമായ ദോഷങ്ങളില്‍ ഒന്നാണ്.

ഒരിക്കല്‍ മുആവിയ ബിന്‍ അബീ സുഫിയാന്‍(റ) നടത്തിയ ആകര്‍ഷകമായൊരു പ്രസംഗം അദ്ദേഹത്തെ ആകര്‍ഷിച്ചു. സ്വയം ചാരിതാര്‍ത്ഥ്യം തോന്നിയ അദ്ദേഹം ജനങ്ങളോട് ചോദിച്ചു 'നിങ്ങള്‍ക്ക് എന്ത് തോന്നുന്നു? അതില്‍ എന്തെങ്കിലും പോരായ്മയുണ്ടോ?'.

അഹ്നഫ് ബിന്‍ ഖൈസ്(റ) അദ്ദേഹത്തോട് പറഞ്ഞു: 'അതെ, അരിപ്പയുടെ ദ്വാരങ്ങള്‍ കണക്കെ പോരായ്മയുണ്ട്. 'എന്താണ് ആ പോരായ്മ?

അദ്ദേഹം ചോദിച്ചു. 'നിങ്ങള്‍ അതിനെ പ്രശംസിച്ചതും അതില്‍ സന്തോഷിച്ചതുമാണ്' എന്ന് മറുപടി വന്നു. അതിനാലാണ് അലി(റ) പറഞ്ഞത്: 'അഹംഭാവത്തില്‍ നിന്നു നിന്റെ വിദ്യയെയും, അഹങ്കാരത്തില്‍ നിന്നു നിന്റെ ഗാംഭീര്യത്തെയും സംരക്ഷിക്കുക'. വിദ്യയ്ക്ക് ഗാംഭീര്യം ആവശ്യമാണ്. ഗാംഭീര്യവും അഹങ്കാരവും തമ്മിലുള്ള അതിര്‍ത്തി വാള്‍ പോലെ സൂക്ഷ്മമാണ്. മനുഷ്യന്‍ ഗാംഭീര്യത്തില്‍ നിന്ന് അഹങ്കാരത്തിലേക്ക് കടക്കരുത്. അഹങ്കാരത്തിന്റെ അതിര്‍ വെറുക്കപ്പെട്ടവയാണ്.

'ഭൂമിയില്‍ അനര്‍ഹമായി അഹങ്കാരിക്കുന്നവരെ ഞാന്‍ എന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് തിരിച്ചുവിടും' എന്ന് അല്ലാഹു പറഞ്ഞു. ഇബ്നു അത്വാഇല്ലാഹ് അസ്സികന്ദരി(റ) പറഞ്ഞു: 'തന്റെ പദവി അറിയുകയും തന്റെ അതിര്‍ത്തി ലംഘിക്കാതിരിക്കുകയും ചെയ്ത വ്യക്തിക്ക് അല്ലാഹു കരുണ കാണിക്കട്ടെ'. അദ്ദേഹം തുടരുന്നു: 'ആഫിയത്തിന് പത്ത് ഭാഗങ്ങളുണ്ട്: അതില്‍ ഒമ്പതും മൗനത്തിലാണ്; ഒന്ന് വിഡ്ഢികളോടുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതിലാണ്. അതുകൊണ്ടാണ് സൂഫികള്‍ വിലായത്തിന്റെ അടിസ്ഥാനങ്ങളില്‍ ഒന്നായി മൗനം കണക്കാക്കിയത്.

അദ്ദേഹം തുടരുന്നു: 'ഒരുവന്റെ കാര്യമെത്ര അത്ഭുതം, അവനില്‍ ഇല്ലാത്ത നന്മയെ കുറിച്ച് പറയുമ്പോള്‍ അവന്‍ സന്തോഷിക്കുകയും ഇല്ലാത്ത തിന്മയെ കുറിച്ച് പറയുമ്പോള്‍ ദു:ഖിക്കുകയും ചെയ്യുന്നു. പ്രശംസയും നിന്ദയും അല്ലാഹുവിന്റെ മുമ്പിലുള്ള ഉന്നതിയുടെ അടയാളങ്ങളല്ല'. സൃഷ്ടികളുടെ നിന്ദത അല്ലാഹുവിന്റെ അടുത്ത് ഉന്നതിയുടെ അടയാളമായിരുന്നെങ്കില്‍ പ്രവാചകന്മാരില്‍ ആരും ജനങ്ങളില്‍ നിന്നു നിന്ദത നേരിടില്ലായിരുന്നു.

അസ്ഥാനത്തുള്ള സംസാരിത്തിന് അവന്‍ വലിയ വിലനല്‍കേണ്ടി വരുമെന്നതര്‍ത്ഥം. അലി(റ) പറഞ്ഞു: 'ബുദ്ധി ഒരിക്കലും അതിന്റെ ഉടമസ്ഥന് കുറ്റം ചാര്‍ത്തുകയില്ല, എന്നാല്‍ ബുദ്ധിയില്ലാത്ത വിദ്യ അതിന്റെ ഉടമസ്ഥന് കുറ്റം ചാര്‍ത്തിക്കൊടുക്കും'. അദ്ദേഹം തുടരുന്നു: 'ഓരോ മനുഷ്യന്റെയും മൂല്യം അവന്‍ നന്നായി ചെയ്യുന്നതിലാണ്'. ജാഹിള് ഈ വാക്യത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: 'ഈ പുസ്തകത്തില്‍ നിന്ന് നമുക്ക് ഒരു വാക്ക് മാത്രം ലഭിച്ചാലും, അത് സമ്പൂര്‍ണവും സമൃദ്ധവും സംതൃപ്തവും, കൂടുതല്‍ പര്യാപ്തവുമായിരിക്കും.

അബൂ ഹയ്യാന്‍ അത്തൗഹീദി(റ) 'അല്‍ബസ്വാഇര്‍ വദ്ദഖായിര്‍' എന്നതില്‍ പറയുന്നു: 'നമ്മുടെ പണ്ഡിതര്‍ പറയുന്നു, വിദ്യ അന്വേഷിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന ഈ വാക്കിനെക്കാള്‍ മാറ്റൊരു വാക്ക് നാം കണ്ടിട്ടില്ല'.

ഈ പറഞ്ഞതിനര്‍ത്ഥം അശേഷം സംസാരിക്കരുത് എന്നല്ല. കാമ്പുള്ള ഹിക്മത്തിന്റെ സംസാരം അല്ലാഹുവിന്റെ ശ്രേഷ്ഠമായ അനുഗ്രഹങ്ങളില്‍ പെട്ടതാണ്. അലി(റ) തന്നെ പറയട്ടെ: 'ഓരോ മനുഷ്യന്റെയും പദവി അത്ഭുതകരവും ഗൗരവമേറിയതുമായ വാക്കുകളുടെ ചാരുതയിലാണ്'. ഈ വാക്കുകള്‍ ജനങ്ങള്‍ക്കിടയില്‍ പ്രസിദ്ധമായി. അങ്ങനെ ഒരു കൂട്ടം കവികള്‍ അതിന്റെ അകസാരം പദ്യരൂപത്തില്‍ രചിച്ചു. അബുല്‍ ഫത്ഹ് അലി ബിന്‍ മുഹമ്മദ് അല്‍ബുസ്തി(റ) പറയുന്നു: 'നീ ഉന്നതി ആഗ്രഹിക്കുന്നുവെങ്കില്‍, മാന്യതയുടെ വാസസ്ഥലം തേടുകയും ചെയ്യുന്നുവെങ്കില്‍, നേതൃസ്ഥനം വകവെച്ച് നല്‍കുന്ന വിദ്യ ഒഴിവാക്കരുത്; കാരണം ഓരോ മനുഷ്യന്റെയും മൂല്യം അളക്കപ്പെടുന്നത് അവന്റെ പ്രവൃത്തികളിലെ നന്മ നോക്കിയാണ്'.

കവി അബുല്‍ അബ്ബാസ് അന്നാഷി പറയുന്നു: ഈ ലോകത്തെ നീ വീക്ഷിക്കുക, ബൗദ്ധിക തണലില്‍ വിരാചിക്കുന്നരെ മാതൃകയാക്കുക. ഒരു യുവാവിന് ധരിക്കാവുന്ന ഏറ്റവും നല്ല ആഭരണം അവന്റെ ഔന്നിത്യവും, മുല്യവും ബുദ്ധിയുമാണ്. അതുകൊണ്ട് കുടുംബമഹിമ കൊണ്ടോ തറവാടിന്റെ പോരിശ കൊണ്ടോ ഔന്നിത്യം തേടേണ്ട കാര്യമില്ല. മനുഷ്യരുടെ പിതാവ് ആദമും മാതാവ് ഹവ്വായുമാണ്. അവരുടെ കുലമഹിമയില്‍ അഹങ്കരിക്കാനുള്ളത് മണ്ണും വെള്ളവുമാണ്; മഹത്വം ജ്ഞാനികള്‍ക്ക് മാത്രമാണ്, അവര്‍ മാര്‍ഗദര്‍ശനം തേടുന്നവര്‍ക്ക് സന്മാര്‍ഗത്തിലേക്കുള്ള വഴി കാണിക്കുന്നു.

അലി(റ) മൊഴിമുത്തുകളില്‍ കാണാം: മനുഷ്യര്‍ അവരുടെ നല്ല പ്രവൃത്തികളുടെ മക്കളാണ്. ഇതിന്റെ ഉദ്ദേശ്യം മനുഷ്യനെ അടിസ്ഥാനപരമായി അവന്റെ പിതാവിനോട് ചേര്‍ത്ത് 'ഇന്നയാളുടെ മകന്‍' എന്ന് വിളിക്കുപ്പെടുന്നതിന് സമാനമാണിത്. സംസാരിക്കുന്നത് വരെ വാക്കുകള്‍ നിന്റെ ബന്ധനത്തിലാണ്, സംസാരിച്ചുകഴിഞ്ഞാല്‍ നീ അതിന്റെ കാരാഗൃഹത്തിലുമാണ്. സ്വര്‍ണ്ണവും വെള്ളിയും സൂക്ഷിക്കുന്ന പോലെ നിന്റെ നാവിനെ സൂക്ഷിക്കുക.

ഖത്വീബ് അല്‍ബഗ്ദാദി(റ) പറയുന്നു: 'ഹേ വിദ്യാര്‍ത്ഥി, വിദ്യയ്ക്ക് അനേകം സദ്ഗുണങ്ങളുണ്ട്. അതിന്റെ തല വിനയമാണ്, അതിന്റെ കണ്ണ് അസൂയയില്‍ നിന്നും മുക്തമാവലാണ്, അതിന്റെ ചെവി ഗ്രാഹ്യശക്തിയാണ്. പണ്ഡിതന്മാരെ നന്നായി ശ്രവിക്കുക; നീ ഒരു പണ്ഡിതനാണെങ്കില്‍ ജനങ്ങളെ നന്നായി കേള്‍ക്കുക; കാരണം ഫത്വയുടെ സൂക്ഷ്മതകള്‍ ചോദ്യത്തിന്റെ ചില സൂക്ഷ്മതകളുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിന്റെ നാവ് സത്യസന്ധതയാണ്, കാരണം നാവാണ് കള്ളം പരത്തുന്നതിനുള്ള ഉപകരണം. അതിന്റെ മന:പാഠമാക്കല്‍ അന്വേഷണമാണ്. അതിന്റെ ഹൃദയം നല്ല നിയ്യത്താണ്, വിദ്യകൊണ്ട് അല്ലാഹുവിന്റെ പ്രസാദം തേടുക. അതിന്റെ ബുദ്ധി വ്യത്യസ്ത വിഷയങ്ങളെ കുറിച്ചുള്ള അറിവാണ്, വിഷയങ്ങളെ കുറിച്ചുള്ള വിപുലമായ ജ്ഞാനമാണ് ഉദ്ദേശിച്ചത്. പണ്ഡിതന്‍ പഠിച്ച ശറഇയ്യായ വിജ്ഞാനങ്ങളില്‍ മാത്രം പരിമിതപ്പെടാന്‍ പാടില്ല, മറിച്ച് തന്റെ കാലത്തുള്ള വിജ്ഞാനങ്ങളെ കുറിച്ചും അറിവുണ്ടായിരിക്കണം. അതിന്റെ കൈ കാരുണ്യം ആണ്, സൃഷ്ടികളോട് കാരുണ്യവാനായിരിക്കണം. അതിന്റെ കാല്‍ പണ്ഡിതന്മാരെ സന്ദര്‍ശിക്കലാണ്, പണ്ഡിതന്മാരുമായുള്ള കൂടിക്കാഴ്ചയില്‍ നിന്നു അശ്രദ്ധമായത് അവന്റെ മനസ്സില്‍ തെളിയുന്നു. അതിന്റെ ലക്ഷ്യം സുരക്ഷയാണ്, മതത്തിലും ഇഹലോകത്തും പരലോകത്തും സുരക്ഷ. അതിന്റെ ജ്ഞാനം സൂക്ഷ്മതയാണ്, സംശയകരമാണെങ്കില്‍ അത് ഉപേക്ഷിക്കുക എന്നതാണ് സൂക്ഷ്മത. അത് നല്‍കുന്ന വാസസ്ഥലം രക്ഷയാണ്, പരലോകത്ത് ഉടമസ്ഥനെ സുരക്ഷിതസ്ഥാനത്തേക്ക് നയിക്കുന്നു. അതിനെ നയിക്കുന്നത് ആഫിയത്താണ്, പാപങ്ങളില്‍ നിന്നും മോശപ്പെട്ട സ്വഭാവങ്ങളില്‍ നിന്നുമുള്ള രക്ഷ. അതിന്റെ വാഹനം വിശ്വസ്തതയാണ്, തന്റെ ഗുരുക്കന്മാരോടും അധ്യാപകരോടും സമുദായത്തിലെ പണ്ഡിതന്മാരോടുമുള്ള വിശ്വസ്തത. അതിന്റെ ആയുധം മൃദുവായ വാക്കാണ്, മുഹമ്മദ് നബി (സ്വ)യുടെ പോലെ ജീവിതം പോലെ നൈര്‍മല്യം. അതിന്റെ വാള്‍ സംതൃപ്തിയാണ്, ലൗകിക സാഹചര്യത്തില്‍ സംതൃപ്തനായിരിക്കുകയും എതിര്‍പ്പ് പ്രകടിപ്പിക്കാതിരിക്കലുമാണ്. അതിന്റെ വില്ല് മൃദു സമീപനമാണ്, വിഡ്ഢികളെ മൃദുവായി സമീപിക്കുകയും, ഓരോ മനുഷ്യനെയും അവന്റെ ബുദ്ധിക്കും ഗ്രാഹ്യശക്തിക്കും അനുസരിച്ച് സമീപ്പിക്കുക യും ചെയ്യുക. അതിന്റെ സൈന്യം പണ്ഡിതന്മാരുടെ സാന്നിധ്യമാണ്, പണ്ഡിതന്മാരില്‍ നിന്ന് അകന്നു നില്‍ക്കാതിരിക്കല്‍. അതിന്റെ സമ്പത്ത് മര്യാദയാണ്, അതില്‍ നിന്നാണ് ചെലവഴിക്കപ്പെടേണ്ടത്. അതിന്റെ സൂക്ഷിപ്പുസ്വത്ത് പാപങ്ങളില്‍ നിന്ന് വിട്ട്നില്‍ക്കലാണ്, അതിന്റെ പാഥേയം നന്മയാണ്, അതിന്റെ പാനീയം സമാധാനമാണ്, അതിന്റെ വഴി മാര്‍ഗദര്‍ശനമാണ്, അതിന്റെ സഹസഞ്ചാരം സജ്ജനങ്ങളുമായുള്ള കൂട്ടാണ്.

മഹാനായ അലി(റ)ന്റെ സാരോപദേശം കൊണ്ട് തന്നെ ഈ സൃഷ്ടി അവസാനിപ്പിക്കാം. 'ശൈശവകാലത്ത് മക്കളെ മര്യാദ പഠിപ്പിച്ചാല്‍ വാര്‍ധക്യ കാലത്ത് അവര്‍ നിനക്ക് കണ്‍കുളിര്‍മ നല്‍കും; ചെറുപ്പത്തില്‍ മര്യാദകള്‍ പഠിച്ചെടുക്കുന്നത് കല്ലില്‍ കൊത്തുപണി തീര്‍ക്കുന്നതിന് സമാനമാണ്'.

verified സത്യധാര ആധികാരിക ഡിജിറ്റൽ പതിപ്പിൽ നിന്നുള്ള വായന.
Anas Hudawi
എഴുത്തുകാരൻ

Anas Hudawi

എല്ലാ രചനകളും arrow_forward

സത്യധാര ലോഗിൻ

+91

സത്യധാര വാർഷിക വരിസംഖ്യ

1 YEAR SUBSCRIPTION

1 വർഷ വരിസംഖ്യ

ഈ വർഷത്തെ എല്ലാ 24 മാഗസിൻ PDF-കളും + മുഴുവൻ പ്രീമിയം ലേഖനങ്ങളും
₹499
₹600
2 YEAR BEST VALUE

2 വർഷ വരിസംഖ്യ

2 വർഷത്തെ സമ്പൂർണ്ണ ഡിജിറ്റൽ പതിപ്പുകൾ
₹899