ഹറമിലെ പവിത്രസ്വരം: ശൈഖ് ഇബ്രാഹീം അല്‍-മദനി
വിശുദ്ധ കഅ്ബയുടെ തിരുമുറ്റത്തുനിന്ന് പ്രപഞ്ചനാഥന്റെ മഹത്വം വിളംബരം ചെയ്ത് പതിനായിരങ്ങളെ ഭക്തിസാന്ദ്രമാക്കിയ ആ പവിത്രസ്വരം ഇനി ഓര്‍മകളുടെ താളുകളില്‍ മാത്രം. മക്കയിലെ മസ്ജിദുല്‍ ഹറാമിലെ ഔദ്യോഗിക മുഅദ്ദിനും മുക്കബ്ബരിയ്യയിലെ സജീവ സാന്നിധ്യവുമായിരുന്ന ശൈഖ് ഇബ്രാഹിം ബിന്‍ ആദില്‍ ഹംസ അല്‍-മദനി 2026 സെപ്റ്റംബര്‍ 21 തിങ്കളാഴ്ച (1448 റബീഉല്‍ ആഖിര്‍ 10) പുലര്‍ച്ചെ സുബ്ഹിക്ക് തൊട്ടുമുമ്പാണ് തന്റെ 51-ാം വയസ്സില്‍ അല്ലാഹുവിന്റെ സന്നിധിയിലേക്ക് യാത്രയായത്. കുറച്ചുകാലമായി അനുഭവപ്പെട്ടിരുന്ന ശാരീരിക അസുഖങ്ങളെ തുടര്‍ന്നായിരുന്നു വിയോഗം. വിശുദ്ധ ഹറമിലെ നിയുക്തരായ 24 പ്രധാന മുഅദ്ദിന്മാരില്‍ ഒരാളായ അദ്ദേഹത്തിന്റെ വേര്‍പാടോടെ, ആത്മീയതയും സൂക്ഷ്മതയും നിറഞ്ഞ ഒരു മാതൃകാ ജീവിതമാണ് വിടപറഞ്ഞത്.
മദീനയിലെ തുടക്കവും ഖുര്‍ആന്‍ ജീവിതവും
1974-ല്‍ പുണ്യനഗരിയായ മദീന മുനവ്വറയിലായിരുന്നു ശൈഖ് ഇബ്രാഹിം അല്‍-മദനിയുടെ ജനനം. ഖുര്‍ആന്‍ മനഃപാഠമാക്കിയ മാതൃപിതാവിന്റെ ശിക്ഷണത്തില്‍ തികച്ചും ആത്മീയവും മതപരവുമായ അന്തരീക്ഷത്തിലാണ് അദ്ദേഹം വളര്‍ന്നത്. തുടര്‍ന്ന് ഖുര്‍ആന്‍ പഠനത്തില്‍ സര്‍വകലാശാലാ ബിരുദം നേടിയ അദ്ദേഹം ഒരു അധ്യാപകനായും സേവനമനുഷ്ഠിച്ചു. തന്റെ പതിനഞ്ചാം വയസ്സില്‍ മദീനയിലെ സ്വന്തം മഹല്ല് പള്ളിയില്‍ ബാങ്ക് വിളിച്ചുകൊണ്ടാണ് ആ പവിത്രമായ നിയോഗത്തിന് അദ്ദേഹം തുടക്കം കുറിച്ചത്. തുടര്‍ന്ന് പഠനത്തിനും ഔദ്യോഗിക ജീവിതത്തിനുമൊപ്പം മദീനയിലെ വിവിധ പള്ളികളിലും, പ്രത്യേകിച്ച് 2007 മുതല്‍ മദീനയിലെ 'മസ്ജിദുല്‍ മദ്ദാഹി'ലും അദ്ദേഹം സ്ഥിരമായി ബാങ്ക് വിളിച്ചുവന്നു. അക്ഷരശുദ്ധിയും തജ്വീദ് നിയമങ്ങളും പാലിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ശബ്ദമാധുര്യം നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.
മസ്ജിദുല്‍ ഹറാമിലെ 24 മുഅദ്ദിന്മാരിലേക്ക്
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് വിശ്വാസികളുടെ ആത്മീയ കേന്ദ്രമായ മസ്ജിദുല്‍ ഹറാമില്‍ ബാങ്ക് വിളിക്കുക എന്നത് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഭാഗ്യമാണ്. കര്‍ശനമായ പരീക്ഷണങ്ങളിലൂടെയും തെരഞ്ഞെടുപ്പുകളിലൂടെയും ചുമതലയേല്‍പ്പിക്കപ്പെടുന്ന 24 ഔദ്യോഗിക മുഅദ്ദിന്മാര്‍ അടങ്ങുന്ന ഒരു സമിതിയാണ് ഹറമിലെ ഓരോ വഖ്ത് നിസ്‌കാരത്തിന്റെയും ബാങ്കുകളും തക്ബീറാത്തുകളും നിയന്ത്രിക്കുന്നത്.
കുടുംബ പാരമ്പര്യങ്ങള്‍ക്ക് അപ്പുറം, സ്വന്തം ശബ്ദസൗകുമാര്യവും അര്‍പ്പണബോധവും ഖുര്‍ആന്‍ തജ്വീദ് പ്രാവീണ്യവുമാണ് ശൈഖ് ഇബ്രാഹിം അല്‍-മദനിയെ ഈ വിശിഷ്ട സംഘത്തിലേക്ക് എത്തിച്ചത്. ഇരുഹറം കാര്യാലയം നടത്തിയ കര്‍ശനമായ ശബ്ദ-സമയനിഷ്ഠാ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി, 2018 മെയ് മാസത്തില്‍(1439 റമദാന്‍)അദ്ദേഹം ഹറമിലെ ഔദ്യോഗിക മുഅദ്ദിനായി നിയമിതനായി. റമദാന്‍ ആറിനായിരുന്നു വിശുദ്ധ ഹറമില്‍ അദ്ദേഹത്തിന്റെ കന്നി ബാങ്ക്. 'വിശുദ്ധ കഅ്ബയുടെ സന്നിധിയില്‍ എന്റെ ശബ്ദം ഉയരാന്‍ മാത്രം ഞാന്‍ ആരാണ്?' എന്ന് സ്വയം ചോദിക്കുന്ന തരത്തിലുള്ള അപാരമായ വിനയമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.
ഫജ്ര് ബാങ്കുകളിലൂടെയും, ഇമാമിന് പിന്നില്‍ നിന്ന് അതീവ ഗാംഭീര്യത്തോടെ തക്ബീറുകള്‍ ഏറ്റുചൊല്ലി (തക്ബീറാത്ത് അത്തബ്ലീഗ്) ലക്ഷക്കണക്കിന് തീര്‍ഥാടകരിലേക്ക് എത്തിക്കുന്നതിലും അദ്ദേഹം ശ്രദ്ധേയനായി. 2026 ആഗസ്റ്റ് 24 തിങ്കളാഴ്ച(1448 റബീഉല്‍ അവ്വല്‍ 11)സുബ്ഹിയുടെ ഒന്നാമത്തെ ബാങ്കായിരുന്നു വിശുദ്ധ കഅ്ബയുടെ തിരുമുറ്റത്തുനിന്ന് അദ്ദേഹം അവസാനമായി മുഴക്കിയത്. തുടര്‍ന്ന് രോഗബാധിതനായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.
സൂഫീ ജീവിതവും മാതൃകാപരമായ വ്യക്തിവിശുദ്ധിയും
കേവലം ഒരു മുഅദ്ദിന്‍ എന്നതിനപ്പുറം വലിയൊരു ആത്മീയ സാന്നിധ്യമായിരുന്നു അദ്ദേഹം എന്ന് സഹപ്രവര്‍ത്തകരും അടുത്തറിയുന്നവരും സാക്ഷ്യപ്പെടുത്തുന്നു. ബാഹ്യമായ പ്രശസ്തികളില്‍ നിന്നെല്ലാം ഒഴിഞ്ഞുനിന്ന് തികഞ്ഞ സൂഫി ഭാവത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
ആരും അറിയാതെ പാവപ്പെട്ടവരെയും അഗതികളെയും തേടിപ്പിടിച്ച് സഹായിക്കുന്നതില്‍ അദ്ദേഹം അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു; വലംകൈ കൊടുക്കുന്നത് ഇടംകൈ അറിയരുതെന്ന പ്രവാചകാധ്യാപനം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിത്വമായിരുന്നു അത്. വിശുദ്ധ റമദാന്‍ മാസത്തിലും ദുല്‍ഹജ്ജ് ആദ്യ പത്തു ദിനങ്ങളിലും ഹറമിലെ ഇഅ്തികാഫില്‍ രാപ്പകലുകള്‍ കഴിച്ചുകൂട്ടി പ്രാര്‍ഥനയിലും ഖുര്‍ആന്‍ പാരായണത്തിലും മുഴുകാന്‍ അദ്ദേഹം പ്രത്യേക നിഷ്ഠ കാണിച്ചു.
പരദൂഷണങ്ങള്‍, ഏഷണി, മറ്റുള്ളവരെക്കുറിച്ചുള്ള അനാവശ്യ സംസാരങ്ങള്‍ എന്നിവയില്‍ നിന്ന് തികച്ചും ഒഴിഞ്ഞുനിന്ന അദ്ദേഹം, സദാ ദിക്റുകളിലും പ്രാര്‍ഥനകളിലും മുഴുകി ജീവിച്ച ശാന്തശീലനായ ഒരു മാതൃകാ വ്യക്തിത്വമായിരുന്നു. വഫാത്തായ അതേ ദിവസം തന്നെ മസ്ജിദുല്‍ ഹറാമില്‍ അസ്വര്‍ നിസ്‌കാരത്തിനു ശേഷം നടന്ന ജനാസ നിസ്‌കാരത്തിന് പതിനായിരക്കണക്കിന് വിശ്വാസികളാണ് സാക്ഷിയായത്. തുടര്‍ന്ന് മക്കയിലെ ചരിത്രപ്രസിദ്ധമായ ജന്നത്തുല്‍ മുഅല്ല ഖബറിസ്ഥാനില്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം മറവുചെയ്തു.
കഅ്ബയുടെ മുകളിലെ ആദ്യ ബാങ്കും അബൂ മഹ്ദൂറയുടെ(റ)ചരിത്രവും
മക്കയിലെ ബാങ്ക് വിളിയുടെ ചരിത്രം ഇസ്ലാമിന്റെ ആദ്യനാളുകളോളം ചെന്നെത്തുന്നതാണ്. ഹിജ്റ എട്ടാം വര്‍ഷം മക്കാ വിജയത്തിന്റെ ദിനത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ നിര്‍ദ്ദേശപ്രകാരം ബിലാല്‍ ബിന്‍ റബാഹ്(റ)കഅ്ബയുടെ മുകളില്‍ കയറി വിളിച്ചതാണ് മക്കയിലെ ചരിത്രപരമായ പ്രഥമ ബാങ്ക്. എന്നാല്‍, മക്കയിലെ സ്ഥിരം ഔദ്യോഗിക മുഅദ്ദിനായി പിന്നീട് നിയോഗിക്കപ്പെട്ടത് കൗമാരക്കാരനായ അബൂ മഹ്ദൂറ(റ)ആയിരുന്നു. ഹദീസുകളില്‍ സുസമ്മതമായ രീതിയില്‍ രേഖപ്പെടുത്തപ്പെട്ട ആ സംഭവം ചരിത്രത്തില്‍ ഏറെ ശ്രദ്ധേയമാണ്: ഹുനൈന്‍ യുദ്ധാനന്തരം പ്രവാചകനും അനുചരന്മാരും ജിഇ്‌റാനയില്‍ വിശ്രമിക്കുമ്പോഴായിരുന്നു അത്. അന്ന് ഇസ്ലാം സ്വീകരിക്കാത്ത, കൗമാരപ്രായക്കാരനായ അബൂ മഹ്ദൂറയും ഖുറൈശികളായ ഏതാനും ചെറുപ്പക്കാരും അടുത്തുള്ള മലഞ്ചെരുവില്‍ ഉണ്ടായിരുന്നു. നിസ്‌കാര സമയമായപ്പോള്‍ പ്രവാചകന്റെ മുഅദ്ദിന്‍ ബാങ്ക് വിളിക്കുന്നത് കേട്ട്, പരിഹാസത്തോടെയും കളിയാക്കിക്കൊണ്ടും അബൂ മഹ്ദൂറയും കൂട്ടുകാരും ഉച്ചത്തില്‍ ആ ബാങ്ക് വരികള്‍ ഏറ്റുവിളിച്ചു.
എന്നാല്‍ പരിഹാസത്തോടെയാണെങ്കിലും അബൂ മഹ്ദൂറയുടെ അതിഗംഭീരവും ഉറച്ചതുമായ ആ ശബ്ദം പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ശ്രദ്ധയില്‍പ്പെട്ടു. നബി(സ) അവരെ വിളിപ്പിച്ചു: 'നിങ്ങളില്‍ നിന്ന് ബാങ്ക് വിളിച്ച ആ ശക്തമായ ശബ്ദത്തിന്റെ ഉടമ ആരാണ്?' കൂടെയുള്ളവര്‍ അബൂ മഹ്ദൂറയെ ചൂണ്ടിക്കാണിച്ചു. പ്രവാചകന്റെ മുന്നിലെത്തിയപ്പോള്‍ ഭയം കൊണ്ട് വിറച്ച ആ കൗമാരക്കാരനോട് നബി(സ്വ) യാതൊരു കോപവുമില്ലാതെ, അങ്ങേയറ്റത്തെ കാരുണ്യത്തോടും സൗമ്യതയോടും കൂടി പറഞ്ഞു: 'എഴുന്നേറ്റുനിന്ന് എനിക്ക് ബാങ്ക് വിളിച്ചു കേള്‍പ്പിക്കുക.' ഭയത്തോടെയും വിറയലോടെയും അബൂ മഹ്ദൂറ ബാങ്ക് വിളിച്ചു കേള്‍പ്പിച്ചു.
അത് പൂര്‍ത്തിയായപ്പോള്‍ പ്രവാചകന്‍(സ്വ) അദ്ദേഹത്തെ അരികിലേക്ക് ചേര്‍ത്തുനിര്‍ത്തി, തന്റെ പവിത്രമായ തൃക്കൈകള്‍ അദ്ദേഹത്തിന്റെ നെറ്റിത്തടത്തില്‍ വെച്ച് നെഞ്ചിലൂടെ തടവി. തുടര്‍ന്ന് മൂന്ന് തവണ അനുഗ്രഹത്തിനായി പ്രാര്‍ഥിച്ചു: 'അല്ലാഹുവേ, ഇയാളില്‍ നീ ബറകത്ത് ചൊരിയേണമേ, ഇയാളിലേക്ക് നിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിക്കേണമേ.' ആ തിരുസ്പര്‍ശവും കാരുണ്യവും അബൂ മഹ്ദൂറയുടെ ഉള്ളിലെ വിദ്വേഷത്തെ നിമിഷനേരം കൊണ്ട് ഇല്ലാതാക്കി; ലോകത്ത് മറ്റെന്തിനേക്കാളും പ്രിയപ്പെട്ടവനായി പ്രവാചകന്‍(സ്വ) അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ഇടംനേടി.
അവിടെവെച്ച് ഇസ്ലാം സ്വീകരിച്ച അബൂ മഹ്ദൂറ, മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ ബാങ്ക് വിളിക്കാനുള്ള അനുവാദം പ്രവാചകനോട് ചോദിച്ചുവാങ്ങി. തുടര്‍ന്ന് പ്രവാചകന്‍ അദ്ദേഹത്തിന് അനുമതി നല്‍കുകയും, മക്കയിലെ അന്നത്തെ ഗവര്‍ണറായിരുന്ന അത്താബ് ബിന്‍ ഉസൈദ്(റ)വിന്റെ അടുത്തേക്ക് മസ്ജിദുല്‍ ഹറാമിലെ സ്ഥിരം മുഅദ്ദിനായി അദ്ദേഹത്തെ നിയോഗിച്ചയക്കുകയും ചെയ്തു. പ്രവാചകന്റെ പവിത്രമായ കൈകള്‍ പതിഞ്ഞ നെറ്റിത്തടത്തിലെ മുന്‍മുടി ജീവിതകാലം മുഴുവന്‍ മുറിക്കാതെ, അവിടുത്തെ സ്മരണയായി അബൂ മഹ്ദൂറ(റ) കാത്തുസൂക്ഷിച്ചു. അബൂ മഹ്ദൂറ(റ)യില്‍ തുടങ്ങിയ ഈ പവിത്ര നിയോഗം അദ്ദേഹത്തിന്റെ മക്കളും പേരമക്കളുമായി തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. നൂറ്റാണ്ടുകളോളം ആ കുടുംബപരമ്പര മസ്ജിദുല്‍ ഹറാമിലെ ബാങ്ക് സേവനം തുടര്‍ന്നുപോന്നു. പിന്നീട് ചരിത്രപരമായ മാറ്റങ്ങളിലൂടെ ഉസ്മാനിയ ഭരണകാലത്തും ആധുനിക കാലഘട്ടത്തിലുമെല്ലാം മക്കയിലെ മറ്റ് പ്രമുഖ പാരമ്പര്യ കുടുംബങ്ങളിലേക്കും, ശബ്ദസൗകുമാര്യവും യോഗ്യതയുമുള്ള പണ്ഡിതരിലേക്കും ഈ സേവനം വികസിക്കുകയാണുണ്ടായത്.
മിനാരങ്ങളിലെ റിലേ സമ്പ്രദായവും ആധുനിക മുക്കബ്ബരിയ്യയും
മൈക്രോഫോണുകളോ ലൗഡ് സ്പീക്കറുകളോ ഇല്ലാതിരുന്ന പഴയകാലത്ത്, ബാബുസ്സലാം മിനാരത്തില്‍ നിന്ന് പ്രധാന മുഅദ്ദിന്‍ ബാങ്ക് വിളിക്കുമ്പോള്‍, ബാബ് അജ്യാദ്, ബാബ് അലി തുടങ്ങിയ മറ്റ് മിനാരങ്ങളില്‍ കാത്തുനില്‍ക്കുന്ന ഉപ-മുഅദ്ദിന്മാര്‍ ആ വരികള്‍ ഏറ്റുവിളിച്ച് മക്കയുടെ താഴ്വരകളിലേക്ക് എത്തിക്കുന്ന റിലേ സമ്പ്രദായമായിരുന്നു നിലവിലുണ്ടായിരുന്നത്. കാലം മാറിയതോടെ ഈ സംവിധാനം കഅ്ബയ്ക്ക് അഭിമുഖമായുള്ള 'മുക്കബ്ബരിയ്യ' എന്ന പ്രത്യേക പ്ലാറ്റ്‌ഫോമിലേക്ക് മാറി. ഇന്ന് ഹറമിലെ വിശാലമായ മുറ്റങ്ങളിലും അകത്തളങ്ങളിലുമായി ക്രമീകരിച്ചിരിക്കുന്ന എണ്ണായിരത്തിലധികം സ്പീക്കറുകളും അത്യാധുനിക അക്കോസ്റ്റിക് ശബ്ദസാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ബാങ്കും തക്ബീറുകളും കൃത്യതയോടെ ലക്ഷക്കണക്കിന് തീര്‍ഥാടകരിലേക്ക് എത്തിക്കുന്നത്. മക്കയുടെ തനതായ ഹിജാസി ശൈലിയിലുള്ള ബാങ്കൊലികള്‍ക്ക് നൂറ്റാണ്ടുകളുടെ ആത്മീയ ഭാവമുണ്ട്. ആ പവിത്രമായ ധന്യതയോടെ ഹറമിന്റെ തിരുമുറ്റത്ത് ബാങ്ക് വിളിച്ച് ലക്ഷക്കണക്കിന് വിശ്വാസികളുടെ പ്രാര്‍ഥനകള്‍ ഏറ്റുവാങ്ങിയ ശൈഖ് ഇബ്രാഹിം അല്‍-മദനിയുടെ മാതൃകാപരമായ ജീവിതവും ആത്മീയ സാന്നിധ്യവും വിശ്വാസി ഹൃദയങ്ങളില്‍ ചിരകാലം ജീവിക്കും.