നിരീക്ഷണ മുതലാളിത്തം നിര്‍മിക്കുന്ന ടെക്നോ-ഫ്യൂഡലിസം
യുഗാന്തരങ്ങളുടെ പ്രയാണത്തില്‍ ക്യാപിറ്റലിസം കൈവരിച്ച അനുസ്യുതമായ വികാസം മാക്സിമൈസേഷന്‍ ഓഫ് പ്രോഫിറ്റ് എന്ന കേവല സൈദ്ധാന്തിക പ്രേരണയുടെ ഭാഗമായിരുന്നു. മാര്‍ക്സിസത്തിന്റെ സോഷ്യലിസ്റ്റ് ബോധ്യങ്ങളിലേക്ക് നീളുന്ന വിമര്ശനാത്മകയിലേറെ പ്രസക്തമാകുന്നത് മുതലാളിത്തത്തിന് യൂറോപ്യന്‍ ജിനിയോളജിയില് നിന്ന് അനന്തരം ലഭിച്ച കൊളോണിയല്‍ ആധിപത്യത്തെയും മൂല്യാധിഷ്ഠിതമല്ലാത്ത സാമ്പത്തിക ശാസ്ത്രത്തെയും മാറ്റിനിര്‍ത്തുന്ന കാപ്പിറ്റലിസ്റ്റ് ഫ്രൈംവര്ക്കാണ്. അത് ഇതിവൃത്തമാകുന്ന സൈദ്ധാന്തിക വിമര്‍ശനങ്ങള്‍ ക്യാപിറ്റലിസം എക്കാലത്തും ഏറ്റുവാങ്ങിയിട്ടുമുണ്ട്.
'Transatlantic slave trade' ലൂടെയും കോളനിവത്കരണത്തിലൂടെയും വെസ്റ്റേണ്‍ സാമ്രാജ്യത്വം ആര്‍ജിച്ചെടുത്തത് മുതലാളിത്തത്തിന്റെ ഏറ്റവും നികൃഷ്ടമായ സാമൂഹിക അധിനിവേശമാണ്. കാപ്പിറ്റലിസ്റ്റ് വിമര്‍ശനങ്ങളുടെ ഒരു വലിയ പക്ഷവും അതില്‍ അധിഷ്ഠിതമാണ്. അതിനുശേഷം ക്രൂഡ് ഓയിലും പെട്രോളിയവും കാപ്പിറ്റലിസ്റ്റ് എക്കോണമിയെ അടക്കിവാണു. ഇന്‍ഫര്‍മേഷന്‍ ഏജിനു ശേഷമുള്ള ഡിജിറ്റല്‍ വിപ്ലവാനന്തരം കാപ്പിറ്റലിസത്തിന് പുതിയ എക്കോണമിയെ കണ്ടെത്താനായി. അല്‍ഗോരിതങ്ങളും ഇന്റര്‍നെറ്റ് നെറ്റ്വര്‍ക്കുകളും നിയന്ത്രിക്കുന്ന ഒരു പുതിയ എക്കോണമിയിലേക്ക് സാങ്കേതിക വികസനത്തിലൂടെ അനിയന്ത്രിതവും അഗമ്യവുമായ ഒരു യൂണിവേഴ്സല്‍ മാര്‍ക്കറ്റും അത് സ്വന്തമാക്കി.
Shoshana Zuboff-ന്റെ Surveillance capitalism, Yanis Varoufaksi-ന്റെ Techno-feudalism തുടങ്ങിയ സങ്കല്പങ്ങള് പ്രസ്തുത ഇക്കണോമിയെ സൂക്ഷ്മതലത്തില്‍ അപഗ്രഥിക്കുകയും പല മാനങ്ങളില്‍ അത് സൃഷ്ടിക്കുന്ന വെല്ലുവിളികളെ ദ്യോതിപ്പിക്കുകയും ചെയ്യുന്നു. സുബോഫിന്റെയും യാനിസിന്റെയും സെന്‍ട്രല്‍ തീസിസുകളെ ആധാരമാക്കി പുതിയ സാമ്പത്തിക സാമ്രാജ്യത്വ ക്രമത്തെ പാഠനവിധേയമാക്കുകയാണ് ലേഖനം.
ഇരുപതാം നൂറ്റാണ്ടില്‍ ഇന്‍ഡസ്ട്രിയല്‍ ക്യാപിറ്റലിസം പെട്രോളിയവും ഫോസില്‍ ഇന്ധനങ്ങളും പോലുള്ള ഭൗതിക വിഭവങ്ങളെ 'raw materials' ആയി ഉപയോഗിച്ച് മാര്‍ക്കറ്റ് ഇക്കോണമിയില്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍, സമകാലീന ഡിജിറ്റല്‍ യുഗത്തില്‍ Google, Meta Platforms, Amazon തുടങ്ങിയ ടെക് ഭീമന്മാര് ഉപയോക്താക്കളുടെ ഡാറ്റയെ പുതിയ 'raw material' ആയി പരിവര്‍ത്തനം ചെയ്യുന്നു. സെര്‍ച്ച് എന്‍ജിനുകളുടെയും അല്‍ഗോരിത്മിക് സംവിധാനങ്ങളുടെയും സഹായത്തോടെ ഉപഭോക്താക്കളുടെ പെരുമാറ്റം നിരീക്ഷിക്കുകയും, ഈ ഡാറ്റയെ 'behavioral surplus' ആയി രൂപാന്തരപ്പെടുത്തി പരസ്യ കമ്പനികള്‍ക്ക് വാണിജ്യവല്ക്കരിക്കുകയും ചെയ്യുന്നതാണ് surveillance capitalism എന്ന വ്യവസ്ഥയുടെ അടിസ്ഥാന പ്രവര്‍ത്തനരീതി. അതേ സമയം, പ്രീ-ഡിജിറ്റല്‍ ഏജിലെ മാര്‍ക്കറ്റ് ഇക്കോണമിയും ഡിജിറ്റല്‍ വിപ്ലവാനന്തര ഘട്ടവും തമ്മിലുള്ള ഘടനാപരവും സാങ്കേതികവുമായ വ്യത്യാസം വ്യക്തമാക്കുന്നതിനായാണ് techno-feudalism എന്ന ആശയം മുന്നോട്ടുവെക്കപ്പെടുന്നത്. സമകാലീന ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില് Amazon, Flipkart പോലുള്ള വമ്പന്‍ പ്ലാറ്റ്ഫോം കമ്പനികള്‍ പരമ്പരാഗത വിപണിയിലുണ്ടായിരുന്ന സാധാരണ വിനിമയരീതികളെ അതിജീവിച്ച്, ഒരു ''ഫ്യൂഡല്‍'' സ്വഭാവമുള്ള നിയന്ത്രണഘടന സൃഷ്ടിക്കുന്നു.
ഈ വ്യവസ്ഥയില്‍, ഇവര്‍ സാധാരണ ഉല്പന്നങ്ങള് മാത്രം വില്‍ക്കുന്ന സ്ഥാപനങ്ങളായി നിലകൊള്ളുന്നില്ല; പകരം, ഡിജിറ്റല്‍ ''ഭൂമികള്‍'' (platforms) നിയന്ത്രിക്കുന്ന അധികാരകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നു. ഉപയോക്താക്കളും ചെറുകിട വ്യാപാരികളും ഈ പ്ലാറ്റ്ഫോമുകളില്‍ ആശ്രിതരായി മാറുകയും, അവരില്‍ നിന്ന് വിവിധ തരത്തിലുള്ള 'rent' (ഫീസ്, കമ്മീഷന്, ഡാറ്റ) പിരിച്ചെടുക്കപ്പെടുകയും ചെയ്യുന്നു. ഈ രീതിയില്‍, ആധുനിക ടെക് ഭീമന്മാരുടെ ആധിപത്യം പരമ്പരാഗത ഫ്യൂഡല്‍ വ്യവസ്ഥയുമായി താരതമ്യപ്പെടുതുകയാണ് സാമ്പത്തിക ശാസ്ത്രഞ്ജനായ Yanis Varoufakis .
The Age of Surveillance Capitalism എന്ന പുസ്തകത്തില്‍ ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂളിലെ പ്രൊഫസറായ Shoshana Zuboff വ്യാവസായിക മുതലാളിത്തത്തിലെ പ്രമുഖ സ്ഥാപനമായ Ford Motor Company-യുമായി ഉപമിച്ച്, നിരീക്ഷണ മുതലാളിത്തത്തിന്റെ(surveillance capitalism)പ്രാരംഭ പ്ലാറ്റ്ഫോമായ Google-നെ 'Ford Motor Company of surveillance capitalism' എന്ന് വിശേഷിപ്പിക്കുന്നത് കാണാം. ഗൂഗിളിന്റെ പ്രാരംഭ ഘട്ടത്തില്‍ search engine സേവനങ്ങളെ മെച്ചപ്പെടുത്തുന്നതിനായാണ് ഉപയോക്താക്കളുടെ behavioral data ശേഖരിച്ചിരുന്നത്. എന്നാല്‍, കാലക്രമേണ ഈ ഡാറ്റ ശേഖരണം ഒരു പുതിയ സാമ്പത്തിക മാതൃകയായി മാറി. ഇത്തരം ഡാറ്റകള്‍ കൃത്യമായ ലക്ഷ്യത്തോടെയാണ് ശേഖരിക്കപ്പെടുന്നത്. തുടര്‍ന്ന്, അവയെ അല്ഗോരിത്മിക സംവിധാനങ്ങളിലൂടെ വിശകലനം ചെയ്ത് പരസ്യ കമ്പനികള്‍ക്ക് വില്‍ക്കുന്നു. ഇതിലൂടെ, ഉപയോക്താക്കളാണ് ഉല്പന്നമാകുകയും, അവരുടെ പെരുമാറ്റ മാതൃകകള്‍ വിപണിയില്‍ വില്‍ക്കപ്പെടുന്ന പ്രധാന വസ്തുവായി മാറുകയും ചെയ്യുന്നത്.
സുബോഫ് 'behavioral surplus' എന്ന് വിളിക്കുന്ന ഈ അധിക ഡാറ്റ വിഭവങ്ങള്‍, ഉപയോക്താക്കളുടെ സോഷ്യല്‍ മീഡിയ ഇടപെടലുകളും ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളും അടിസ്ഥാനമാക്കി സൃഷ്ടിക്കപ്പെടുന്ന വിപുലമായ ഡാറ്റാബേസുകളാണ്. വ്യാവസായിക മുതലാളിത്തത്തിലെ surplus ഭൗതിക ഉല്പാദനത്തിലൂടെ സൃഷ്ടിക്കപ്പെട്ടിരുന്ന മെഷിനറി, ലേബര്‍, റോ മെറ്റീരിയലുകള്‍ എന്നിവക്കുള്ള ചെലവ് കഴിഞ്ഞ ലാഭമാണ് എങ്കില്‍ സര്‍വെയ്ലന്‍സ് ക്യാപിറ്റലിസത്തിലെ surplus ഡാറ്റയുടെ ശേഖരണവും അതിന്റെ പുനര്‍നിക്ഷേപവും മുഖേനയാണ് നടക്കുന്നത്. കേവലമായ ഒരു സര്‍വൈലന്‍സ് അല്ല ഡിജിറ്റല്‍ ഇടത്തില്‍ യൂസേഴ്സ് നേരിടുന്നത്. ടോട്ടാലിറ്റേറിയന്‍ സ്റ്റേറ്റ് പവറുകള്‍ സിവിലിയന്‍സിന്റെ മേല്‍ കടുപ്പിക്കുന്ന നിരീക്ഷണാധിപത്യത്തിലേറെ ഗൗരവമേറിയതാണ് ടെക്ക് പ്ലാറ്റ്ഫോമുകളില്‍ ഉള്ള സര്‍വൈലന്‍സ്. സെര്‍ച്ച് എഞ്ചിനുകളുമുതല് ലൈക്കുകളായും കമെന്റ്റുകളായും രേഖപ്പെടുന്ന എന്ഗേജ്മെന്റ്റ്സും റിയാക്ഷന്‍സും മാത്രമല്ല ബിഹേവിയറല്‍ ഡാറ്റകളായി സൂക്ഷിക്കപ്പെടുന്നത്. മറിച്ച് സ്കിപ്പ് ചെയ്യുന്ന കണ്ടെന്റ്റുകള്, പോസ്റ്റ് ചെയ്യുന്ന ഭാഗങ്ങള്‍, റിപീറ്റ് അടിക്കുന്ന വീഡിയോകള്‍ തുടങ്ങി നമ്മുടെ പ്രവര്ത്തിപദങ്ങളും താല്പ്പര്യങ്ങളുമും ആല്‍ഗോരിതങ്ങളുടെ സഹായത്തോട് മെറ്റയും ഗൂഗിളും യൂട്യൂബും തിരിച്ചറിയുന്നുണ്ട്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ മാത്രം ഈ നിരീക്ഷണം പരിമിതപ്പെടുന്നില്ല; മറിച്ച്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനത്തിലുള്ള ഉപകരണങ്ങള്‍, സ്മാര്‍ട്ട് അസിസ്റ്റന്റുകള്‍, മറ്റ് ഡിജിറ്റല്‍ സംവിധാനങ്ങള്‍ എന്നിവയിലേക്കും ഇത് വ്യാപിച്ചിരിക്കുന്നു. ആമസോണിന്റെ Alexa പോലുള്ള വോയ്സ് അസിസ്റ്റന്റുകള്‍, ഗൂഗിളിന്റെ സ്മാര്‍ട്ട് സേവനങ്ങള്‍, ആപ്പിളിന്റെ Siri പോലുള്ള സംവിധാനങ്ങള്‍ എന്നിവ ഉപയോക്താക്കളുമായി ബന്ധപ്പെട്ട ഡാറ്റ ശേഖരിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.
ചില സാഹചര്യങ്ങളില്‍ ഉപകരണങ്ങള്‍ സജീവമല്ലാത്തപ്പോഴും(idle state)ഉപയോക്തൃ ഇടപെടലുകളുടെ പാറ്റേണുകള്‍, ശബ്ദ കീവേഡുകള്‍, പ്രവര്‍ത്തന ശീലങ്ങള്‍ എന്നിവ നിരീക്ഷിക്കപ്പെടുന്നുവെന്ന ആശങ്കകളും ഉയര്‍ന്നിട്ടുണ്ട്. അതായത്, നിരീക്ഷണം വ്യക്തമായ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല. മറിച്ച്, ദൈനംദിന ഡിജിറ്റല്‍ ഇടപെടലുകളുടെ മുഴുവന്‍ പരിധിയിലേക്കും വ്യാപിച്ചിരിക്കുകയാണ്.
Shoshana Zuboff പ്രത്യേകമായി ഉദ്ധരിക്കുന്ന ഒരു ഉദാഹരണം ഫേസ്ബുക്കിലെ റിയാക്ഷന് ഓപ്ഷനുകളാണ്. പല ഇമോജികള്‍ പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തില്‍, ഉപയോക്താവിന്റെ ക്ലിക്കുകള്‍ വഴി ഫീഡില്‍ അനുയോജ്യമായ ഇമോഷണല്‍ കണ്ടെന്റുകള് കൂടുതല്‍ പ്രത്യക്ഷപ്പെടുന്നു. ഇതിലൂടെ ഉപയോക്താവിന്റെ മാനസിക നിലപാടുകള്‍ പോലും ട്രാക്ക് ചെയ്യപ്പെടുകയും, അതനുസരിച്ച് അല്‍ഗോരിതം ഫീഡിന്റെ ഉള്ളടക്കം ക്രമീകരിക്കപ്പെടുകയും ചെയ്യുന്നു.
ഇത്തരം behavioral surplus ഉപയോഗപ്പെടുത്തി, ഉപയോക്താക്കളുടെ ഫീഡുകളിലേക്ക് ആവശ്യാനുസൃതവും കൂടുതല്‍ എന്‍ഗേജ്മെന്റ് സൃഷ്ടിക്കുന്നതുമായ കണ്ടെന്റുകള് ശുപാര്‍ശ ചെയ്യുന്നതാണ്. recommendation AI സംവിധാനങ്ങളുടെ പ്രധാന ദൗത്യം. ഉപയോക്താക്കളുടെ മുന്‍ഗണനകള്‍, ഇടപെടലുകള്‍, സമയം ചെലവഴിക്കുന്ന രീതികള്‍ എന്നിവ വിശകലനം ചെയ്ത്, കൂടുതല്‍ ആകര്‍ഷകമായ ഉള്ളടക്കം നല്കുന്നതിനിലൂടെ പ്ലാറ്റ്ഫോമുകള് എന്‍ഗേജ്മെന്റ് നിരക്ക് ഉയര്‍ത്തുന്നു. Shoshana Zuboff ഈ സംവിധാനത്തില്‍ നിന്ന് രൂപംകൊള്ളുന്ന ഔട്ട്പുട്ടുകളെയാണ് 'prediction products' എന്ന് വിശേഷിപ്പിക്കുന്നത്.
ഒരു കാലത്ത് വ്യാവസായിക കമ്പനികളില്‍ സാമ്പത്തിക ഉല്പാദനത്തിന്റെ കേന്ദ്രഘടകമായി മെഷിനറികളാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, ഡിജിറ്റല്‍ ഇടത്തില്‍ ടെക് കമ്പനികളിലേക്ക് സാമ്പത്തിക ക്രമം മാറിയതോടെ, ഈ നിര്‍മാണത്തിന്റെ കേന്ദ്രം 'algorithmic intelligence' ആയി പരിവര്‍ത്തിതമായി. അതായത്, ഭൗതിക ഉല്പാദന സംവിധാനങ്ങളില്‍ നിന്നു ഡാറ്റ അധിഷ്ഠിതവും പ്രവചനാത്മകവുമായ സംവിധാനങ്ങളിലേക്കുള്ള ഒരു അടിസ്ഥാനപരമായ മാറ്റമാണ് ഇവിടെ കാണുന്നത്.
അഡ്വര്‍ടൈസ്മെന്റ് കമ്പനികളുടെ പരസ്യങ്ങളും യൂസറുടെ പരമാവധി സമയം സ്ക്രീനില്‍ തന്നെ ചെലവഴിപ്പിക്കാനുതകുന്ന കണ്ടെന്റുകളും ആണ് റെക്കമെന്‍ഡേഷന്‍ AIകള്‍ പ്രോത്സാഹിപ്പിക്കുന്നത്. കാരണം, അതില്‍ നിന്നാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്ക് ലാഭം ഇരട്ടിക്കുന്നത്. ഇത്തരം പ്രെഡിക്ഷന് ഉല്പന്നങ്ങള് തെളിയിക്കുന്നത് നമ്മുടെ സോഷ്യല്‍ മീഡിയയിലെ ഇടപെടലുകള്‍ കമോഡിഫൈ ചെയ്യപ്പെട്ടിരിക്കുന്നു എന്നതാണ്. അതാണ് സര്‍വെയിലന്‍സ് ക്യാപിറ്റലിസത്തില്‍ വിറ്റഴിക്കപ്പെടുന്ന ഉല്പന്നവും.
ഡിജിറ്റല്‍ ലോകത്തില്‍ 'you are the product' എന്ന് പറയുന്നത് അടിസ്ഥാനപരമായ അര്‍ഥത്തില്‍ യോചിക്കുന്നതാണെങ്കിലും, സാങ്കേതികമായി Shoshana Zuboff അതിനെ വിയോജിക്കുകയും വ്യത്യസ്തമായി വിശദീകരിക്കുന്നുമുണ്ട്. ഉപയോക്താക്കള്‍ നേരിട്ട് ഉല്പന്നമല്ല. മറിച്ച്, ഉപയോക്താക്കളെക്കുറിച്ചുള്ള പ്രവചനങ്ങളാണ്(predictions about you)പുതിയ ഉല്പന്നമായി മാറുന്നത്. ഈ രീതിയില്‍, 'prediction products' എന്ന ആശയം surveillance capitalism-ല്‍ കേന്ദ്രസ്ഥാനമെടുക്കുന്നതായി സുബോഫ് അഭിപ്രായപ്പെടുന്നു.
സ്ക്രീന്‍ ടൈം പരമാവധി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഉള്ളടക്കങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും, ഈ വിപുലമായ ഡാറ്റ ശേഖരണത്തിലൂടെ ആല്‍ഗോരിതങ്ങള്‍ കൂടുതല്‍ ഓപ്റ്റിമൈസ് ചെയ്യുകയും ചെയ്യുന്നു. അതായത്, എ.ഐ സംവിധാനങ്ങളുടെ വികസനത്തിനും ചാറ്റ്ബോട്ടുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമായി ഉപയോക്താക്കള്‍ ഒരു വിധത്തില്‍ ''ഡാറ്റാ വിഭവങ്ങള്‍'' ആയി മാറുന്നതാണ് യാഥാര്‍ഥ്യത്തില്‍ സംഭവിക്കുന്നത്.
തുച്ഛമായ ചെലവില്‍ ഇന്റര്‍നെറ്റിന്റെ വിശാല ലോകത്തേക്കും വിഭവങ്ങളിലേക്കും പ്രവേശനം ലഭ്യമാക്കുന്നതിനെ സാങ്കേതിക പുരോഗതിയായി കാണുന്നവര്‍, ഇതൊരു പുതിയ തരത്തിലുള്ള ചൂഷണത്തിന്റെ സംവിധാനമാണെന്ന് തിരിച്ചറിയാതെ പോകുന്നു. ഈ മാര്‍ക്കറ്റ് എക്കോസിസ്റ്റം നിരവധി ഘട്ടങ്ങളില്‍ ഗൗരവമുള്ള ധാര്‍മിക വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വ്യക്തിപരമായ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. മനുഷ്യന്റെ സ്വകാര്യ ഇടങ്ങള്‍ ക്രമേണ ഇല്ലാതാകുകയും, വ്യക്തിയുടെ രഹസ്യങ്ങളിലേക്കും വ്യക്തിജീവിതത്തിലേക്കും വരെ സാങ്കേതിക ഭീമന് കമ്പനികള്‍ പ്രവേശിക്കാനുള്ള അവകാശം സ്വന്തമാക്കുന്ന തരത്തിലുള്ള ഒരു പരിസ്ഥിതി ഇതിലൂടെ രൂപപ്പെടുകയും ചെയ്യുന്നു. ഉപയോക്താക്കളുടെ ഡാറ്റ ശേഖരണം, നിരീക്ഷണം, ആല്ഗോരിതമിക നിയന്ത്രണം എന്നിവ സാധാരണ വ്യാപാര പ്രവര്‍ത്തനങ്ങളെ അതിക്രമിച്ച് മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും വ്യക്തിത്വത്തെയും സ്വാധീനിക്കുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്.
Behavioral Modification
ഇത് കേവലം സ്ക്രീനിനുമുമ്പിലെ മനുഷ്യരുടെ ഭാവി പെരുമാറ്റങ്ങളെ (behavioral futures) പ്രവചിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല; മറിച്ച് 'behavioral modification' എന്ന സങ്കീര്‍ണ സാങ്കേതിക പ്രക്രിയയിലേക്കാണ് മാറുന്നത് എന്നതാണ് ഏറ്റവും ഗൗരവമുള്ള ആശങ്ക. നിരവധി ടെക് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ, ഉപയോക്താക്കളുടെ ബിഹേവിയറല്‍ ഡാറ്റ ശേഖരിക്കുന്നതില്‍ മാത്രം ഈ സംവിധാനങ്ങള്‍ നില്ക്കുന്നില്ല; ആ ഡാറ്റയുടെ അടിസ്ഥാനത്തില്‍ ആല്‍ഗോരിതങ്ങള്‍ പ്രത്യേക തരത്തിലുള്ള കണ്ടന്റുകള്‍ നിരന്തരം ഫീഡില്‍ പ്രത്യക്ഷപ്പെടുത്തുകയും, അതിലൂടെ ഉപയോക്താവിന്റെ ചിന്തകളെയും താല്പര്യങ്ങളെയും പെരുമാറ്റങ്ങളെയും സൂക്ഷ്മമായി സ്വാധീനിക്കുന്ന രീതിയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ആല്ഗോരിതമിക ഇടപെടലുകള്‍ വ്യക്തിയുടെ സ്വതന്ത്ര തീരുമാന ശേഷിയെ പോലും ബാധിക്കുന്ന തരത്തിലേക്ക് വളരുമ്പോള്‍, അത് സാങ്കേതികതയുടെ നൈതിക പരിധികളെക്കുറിച്ചുള്ള ഗൗരവമുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നു.
ബിഹേവിയറല്‍ മോഡിഫിക്കേഷന്റെ ഈ ഘട്ടത്തിന് ശേഷം കൂടുതല്‍ സങ്കീര്‍ണമായ ഒരു തലമായി 'Phenomenology of AI Interaction' എന്ന ആശയം ഉയര്‍ന്ന് വരുന്നു. ആല്‍ഗോരിതങ്ങള്‍ നിരന്തരം നിര്‍ദേശിക്കുന്ന വിവരങ്ങള്‍, ദൃശ്യങ്ങള്‍, ആശയങ്ങള്‍, ഭാഷാ മാതൃകകള്‍ എന്നിവയിലൂടെ മനുഷ്യന് ലോകത്തെ മനസ്സിലാക്കുന്ന രീതിയും സത്യത്തെ തിരിച്ചറിയുന്ന മാനദണ്ഡങ്ങളും ഭാവനയുടെ രൂപവുമെല്ലാം ക്രമേണ രൂപാന്തരപ്പെടുന്നു. അതിനാല്‍, മനുഷ്യന് സ്വതന്ത്രമായി ചിന്തിക്കുന്നു എന്ന് കരുതുന്ന പല സാഹചര്യങ്ങളിലും, അവന്റെ ചിന്തയുടെ പശ്ചാത്തലവും സങ്കല്പങ്ങളുടെ ഘടനയും മുമ്പേ തന്നെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ നിര്മിച്ചിരിക്കുന്നതാകാം. ഈ സാഹചര്യത്തില്‍ എ.ഐ ഒരു ഉപകരണം എന്നതിലുപരി, മനുഷ്യന്റെ ബോധത്തെയും സ്വയംബോധത്തെയും സാമൂഹിക യാഥാര്‍ഥ്യ ബോധത്തെയും രൂപപ്പെടുത്തുന്ന സജീവ സാന്നിധ്യമായി മാറുന്നു.
Loss of digntiy
പുതിയ ഡിജിറ്റല്‍ വ്യാവസായിക വ്യവസ്ഥയില്‍ മനുഷ്യന്റെ dignity ചോദ്യം ചെയ്യപ്പെടുന്നു എന്നതാണ് surveillance capitalism ഉയര്‍ത്തുന്ന മറ്റൊരു ഗൗരവമുള്ള വെല്ലുവിളി. ഇവിടെ മനുഷ്യനും അവന്റെ പ്രവര്‍ത്തനങ്ങളും കേവലം മൂല്യവത്കരിക്കപ്പെടുന്ന ഡാറ്റാ ഘടകങ്ങളായി ചുരുങ്ങുന്നത് മതചിന്തകള്‍ ഉയര്‍ത്തിക്കാട്ടുന്ന ആത്മീയതയുള്ളതും സവിശേഷ സാന്നിധ്യമുള്ളതുമായ മനുഷ്യന് ഈ സംവിധാനത്തില്‍ യാതൊരു പ്രത്യേക സ്ഥാനവും അനുവദിക്കപ്പെടുന്നില്ല. മനുഷ്യന് ചിന്തിക്കുന്നവനാണ്, ബോധമുള്ളവനാണ്, നൈതിക തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സത്തയാണ് എന്ന അടിസ്ഥാന ധാരണ പോലും വിപണികേന്ദ്രിത സാങ്കേതിക വ്യവസ്ഥകളില്‍ പിന്നോട്ടാക്കപ്പെടുന്നു. ലാഭം മാത്രമാണ് പ്രധാന ലക്ഷ്യമാകുമ്പോള്‍, മനുഷ്യന്റെ മസ്തിഷ്കത്തെയും മാനസികാവസ്ഥകളെയും വികാരങ്ങളെയും വരെ സ്വാധീനിക്കുന്ന തരത്തില്‍ ആല്‍ഗോരിതമിക് സംവിധാനങ്ങള്‍ രൂപകല്പന ചെയ്യപ്പെടുന്നു. ഉപയോക്താവിന്റെ ശ്രദ്ധ, ഭയം, ആഗ്രഹം, ദൗര്‍ബല്യം എന്നിവയെ നിരന്തരം വിശകലനം ചെയ്ത് അവയെ വിപണിയുടെ ആവശ്യങ്ങള്‍ക്കനുസൃതമായി നിയന്ത്രിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. അതിനാല്‍, സാങ്കേതിക പുരോഗതിയുടെ പേരില്‍ മനുഷ്യന്റെ അന്തര്ലോകത്തിലേക്കും സ്വാതന്ത്ര്യബോധത്തിലേക്കും കടന്നുകയറുന്ന ഈ algorithmic extremity തിരിച്ചറിയുകയും, മനുഷ്യകേന്ദ്രീകൃതമായ ഒരു നൈതിക വിമര്‍ശനം ഉയര്‍ത്തുകയും ചെയ്യുന്നത് സര്വായില്ലന്സ് ക്യാപിറ്റലിസ്റ്റ് കാലഘട്ടത്തിലെ അനിവാര്യ ഉത്തരവാദിത്വമായി മാറുന്നു.
Loss of autonomy
സ്വന്തം ജീവിതത്തെ, ബാഹ്യ പ്രലോഭനങ്ങളില്‍ നിന്നും സമ്മര്‍ദ്ദങ്ങളില്‍ നിന്നും മുക്തമായി, സ്വതന്ത്രമായി ക്രമപ്പെടുത്താനുള്ള മനുഷ്യന്റെ അടിസ്ഥാനാവകാശത്തെ പോലും തകര്‍ക്കുന്നതാണ് behavioral modification എന്ന സാങ്കേതിക പ്രക്രിയ. ടെക്ക് ഭീമന്മാരുടെ ലാഭകേന്ദ്രിത താല്പര്യങ്ങള്ക്കായി രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്ന ഈ ഡിജിറ്റല്‍ ഘടനയില്‍, മനുഷ്യന്റെ ഏജന്‍സിയും ഓട്ടോണമിയും ക്രമേണ അവനില്‍ നിന്ന് അകറ്റിക്കൊണ്ടിരിക്കുകയാണ്. ഉപയോക്താവിന്റെ തീരുമാനങ്ങള്‍, താല്പര്യങ്ങള്, വികാരങ്ങള്‍, സാമൂഹിക ഇടപെടലുകള്‍ എന്നിവയെ അല്‍ഗോരിതമിക സംവിധാനങ്ങള്‍ മുന്‍കൂട്ടി നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, മനുഷ്യന് സ്വതന്ത്ര സത്ത എന്നതിലുപരി നിയന്ത്രിക്കപ്പെടുന്ന ഡാറ്റാ സബ്ജക്ടായി മാറുന്നു.
Yuval Noah Harari 'AI as Alien Intelligence' എന്ന ആശയം മുന്നോട്ടുവയ്ക്കുമ്പോള്‍ ചൂണ്ടിക്കാണിക്കുന്നതും ഈ അധികാര കവര്‍ച്ചയുടെ ഭീഷണിയെയാണ്. മനുഷ്യബോധത്തിനും നൈതിക ഉത്തരവാദിത്തത്തിനും അതീതമായി പ്രവര്‍ത്തിക്കുന്ന ബുദ്ധിസംവിധാനങ്ങള് മനുഷ്യരുടെ തീരുമാനപ്രക്രിയകളെ നിയന്ത്രിക്കാന്‍ തുടങ്ങുമ്പോള്‍, അത് മനുഷ്യസ്വാതന്ത്ര്യത്തിന്റെ അടിത്തറകളെ തന്നെ ദുര്‍ബലപ്പെടുത്തുന്നു. സ്ക്രീനുകള്‍ക്ക് മുന്നില്‍ നിരന്തരം സാന്നിധ്യമുറപ്പിക്കുന്ന ഡിജിറ്റല്‍ ജീവിതം, മനുഷ്യകുലത്തെ ഒരുതരത്തിലുള്ള 'remote-controlled existence' ലേക്ക് തള്ളിവിടുന്ന സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. അതിന്റെ പ്രത്യാഘാതങ്ങള്‍ സാമൂഹിക ബന്ധങ്ങളുടെ ദുര്‍ബലത, ശ്രദ്ധക്ഷാമം, മാനസിക സമ്മര്‍ദ്ദം, യാഥാര്‍ഥ്യ ബോധത്തിന്റെ വികലീകരണം, രാഷ്ട്രീയ-സാംസ്കാരിക ധ്രുവീകരണം തുടങ്ങിയ പല മാനങ്ങളില്‍ ഡിജിറ്റല്‍ വിപ്ലവാനന്തര സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്നു.
ക്യാപിറ്റലിസ്റ്റ് വ്യവസ്ഥയെ ആസ്പദമാക്കിയുള്ള സമകാലിക ടെക്നോ-വിമര്‍ശനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ സൈദ്ധാന്തിക നിരീക്ഷണങ്ങളിലൊന്നാണ് Yanis Varoufakis മുന്നോട്ടുവയ്ക്കുന്ന 'Techno-Feudalism' എന്ന ആശയം. മധ്യകാല യൂറോപ്പിലെ ഫ്യൂഡല്‍ വ്യവസ്ഥയോട് സാമ്യമുള്ള ഒരു പുതിയ സാമ്പത്തിക-സാമൂഹിക ഘടനയാണ് ഡിജിറ്റല്‍ കാലഘട്ടത്തില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം വാദിക്കുന്നു. ഈ ഘടനയില്‍ Amazon, Meta, Apple പോലുള്ള ടെക് ഭീമന് കമ്പനികള്‍ പുതിയ 'feudal lords' ആയി പ്രവര്‍ത്തിക്കുമ്പോള്‍, ഉപയോക്താക്കളും ചെറുകിട വ്യാപാരികളും അവരുടെ ഡിജിറ്റല്‍ സാമ്രാജ്യങ്ങള്ക്കുള്ളില് ആശ്രിതരായ പ്രജകളായി ജീവിക്കുന്നു .
ഇന്‍ഡസ്ട്രിയല്‍ ക്യാപിറ്റലിസത്തിന്റെ പ്രധാന സവിശേഷതയായിരുന്ന market economy-യില്‍ നിന്ന് rent economy-യിലേക്കുള്ള പരിവര്‍ത്തനമാണ് യാനിസ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. മുമ്പ് ഉല്പാദനവും തൊഴിലും വിപണി മത്സരവുമായിരുന്നു സമ്പത്തിന്റെ അടിസ്ഥാനമെങ്കില്‍, ഇന്ന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെയും ഡാറ്റയുടെയും മേല്‍ നിയന്ത്രണം സ്ഥാപിച്ചുകൊണ്ട് 'rent' ഈടാക്കുന്ന സമ്പ്രദായമാണ് ശക്തിപ്പെടുന്നത്.
സാര്‍വലൗകികമായ സ്വാധീനവും നിയന്ത്രണശേഷിയും കൈവരിച്ച ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളെയാണ് Yanis Varoufakis 'ക്ലൗഡ് ക്യാപിറ്റല്‍'' എന്ന ആശയത്തിലൂടെ വിശദീകരിക്കുന്നത്. പുതിയ സാമ്പത്തിക ക്രമത്തിന്റെ മുഖ്യ മൂലധനമായി മാറുന്നത് ഭൗതിക സമ്പത്തുകളല്ല. മറിച്ച്, ഡാറ്റയും ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളുമാണ്. Shoshana Zuboff അവതരിപ്പിക്കുന്ന ''സര്‍വെയിലന്‍സ് ക്യാപിറ്റലിസം'' എന്ന സിദ്ധാന്തത്തിലെ ബിഹേവിയറല്‍ ഡാറ്റ ശേഖരണവും ഈ ടെക്നോ-ഫ്യൂഡല്‍ വ്യവസ്ഥയുടെ അടിസ്ഥാന ഘടകമായി പ്രവര്‍ത്തിക്കുന്നുണ്ട്.
മധ്യകാല യൂറോപ്പിലെ ഫ്യൂഡലിസത്തില് വിശാലമായ ഭൂമികളുടെ ഉടമസ്ഥരായിരുന്ന ഫ്യൂഡല്‍ പ്രഭുക്കള്‍ കര്‍ഷകര്‍ക്ക് ഭൂമി ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നുവെങ്കിലും, അതിന് പകരമായി നികുതിയും വിധേയത്വവും ആവശ്യപ്പെട്ടിരുന്നു. സമ്പത്ത് മുകളില്‍ കേന്ദ്രീകരിക്കപ്പെടുകയും സാധാരണ ജനങ്ങള്‍ ആശ്രിതരായി തുടരുകയും ചെയ്ത ഒരു സാമൂഹിക-സാമ്പത്തിക ഘടനയായിരുന്നു അത്. സമാനമായൊരു ഘടനയാണ് ഇന്ന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് സൃഷ്ടിക്കുന്നതെന്ന് വാരൂഫാക്കിസ് ചൂണ്ടിക്കാണിക്കുന്നു.
ഇന്നത്തെ ടെക് ഭീമന്മാരായ Amazon, Meta, Google തുടങ്ങിയ മള്‍ട്ടിനാഷണല്‍ കമ്പനികള്‍ ലോകത്തെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ നിയന്ത്രിക്കുന്ന പുതിയ ഫ്യൂഡല്‍ പ്രഭുക്കളെപ്പോലെ പ്രവര്‍ത്തിക്കുന്നു. ഇവിടെ ഭൂമിക്ക് പകരം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളാണ് ''ഭൂസ്വത്ത്''. നികുതിക്ക് പകരം മനുഷ്യരുടെ ശ്രദ്ധയും (attention), ഡാറ്റയും, സ്ക്രീനിന് മുന്നില്‍ ചിലവഴിക്കുന്ന സമയവും, ഇടപെടലുകളും, ഉപഭോക്തൃവാദ സംസ്കാരവും ''റെന്റ്'' ആയി മാറുന്നു.
ഉപയോക്താക്കള്‍ നേരിട്ട് പണം നല്കുന്നില്ലെന്നത് ഈ ചൂഷണത്തെ മറച്ചുവയ്ക്കുന്നു. ഉദാഹരണത്തിന്, സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനോ സെര്‍ച്ച് എഞ്ചിന് ഉപയോഗിക്കുന്നതിനോ ഉപഭോക്താവില്‍ നിന്ന് നേരിട്ടുള്ള നികുതി ഈടാക്കുന്നില്ല. എന്നാല്‍, ഉപയോക്താവിന്റെ ഡാറ്റ പരസ്യകമ്പനികള്‍ക്ക് മൂല്യമേറിയ വാണിജ്യവസ്തുവായി മാറുന്നു. അതിലൂടെ പ്ലാറ്റ്ഫോമുകള് ഭീമമായ ലാഭം സമ്പാദിക്കുന്നു. അതുപോലെ, Amazon പോലുള്ള പ്ലാറ്റ്ഫോമുകളില്‍ സ്വന്തം ഉല്പന്നങ്ങള് വില്ക്കാന് ചെറുകിട വ്യാപാരികള്‍ നിര്‍ബന്ധിതമായി ''റെന്റ്'' നല്‍കേണ്ട അവസ്ഥയിലേക്ക് തള്ളപ്പെടുന്നു.
''ഫ്രീ സര്‍വീസ്'' എന്ന ആശയം പോലും ഈ വ്യവസ്ഥയുടെ ഭാഗമാണ്. ആദ്യഘട്ടത്തില്‍ സൗജന്യ സേവനങ്ങള്‍ നല്കി ഉപഭോക്താക്കളെ ആശ്രിതരാക്കുകയും പിന്നീട് സബ്സ്ക്രിപ്ഷന്, പ്രീമിയം സേവനങ്ങള്‍, അല്ലെങ്കില്‍ ആല്‍ഗോരിതമിക് നിയന്ത്രണം എന്നിവയിലൂടെ വരുമാനം ഉറപ്പാക്കുകയും ചെയ്യുന്നു. YouTube ക്രിയേറ്റര്‍മാര്‍ക്ക് നല്കുന്ന പ്രതിഫലം പോലും ഈ വന്‍ ''റെന്റ് ഇക്കോണമി''യിലെ ചെറിയൊരു നിക്ഷേപം മാത്രമാണ്. കൂടുതല്‍ ശ്രദ്ധാകര്ഷകവും വ്യാപകപ്രചാരമുള്ളതുമായ കണ്ടന്റുകള്‍ നിര്‍മിക്കാന്‍ അത് ക്രിയേറ്റര്‍മാരെ പ്രേരിപ്പിക്കുന്നു.
ടെക്നോ-ഫ്യൂഡലിസത്തില് മനുഷ്യരുടെ സമയം, ശ്രദ്ധ, വ്യക്തിപരമായ പെരുമാറ്റങ്ങള്‍ എന്നിവയാണ് പുതിയ സാമ്പത്തിക വിഭവങ്ങള്‍. മധ്യകാല ഫ്യൂഡലിസത്തിലെ ഭൂനികുതി വ്യവസ്ഥയെക്കാള്‍ സൂക്ഷ്മവും വ്യാപകവുമായ സാമ്പത്തിക-സാമൂഹിക ചൂഷണമാണ് ഇന്ന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് വഴി നടക്കുന്നതെന്ന് ഈ സിദ്ധാന്തം വിമര്‍ശനാത്മകമായി ചൂണ്ടിക്കാണിക്കുന്നു.
നിരന്തരമായ പരസ്യങ്ങളുടെയും ആല്‍ഗോരിതമിക് നിര്‍ദ്ദേശങ്ങളുടെയും സ്വാധീനത്തില്‍ ഉത്തരാധുനിക മനുഷ്യന് ക്രമേണ ഉപഭോക്തൃകേന്ദ്രിതമായ ''കണ്‍സ്യൂമറിസ്റ്റ്'' വ്യക്തിത്വമായി രൂപാന്തരപ്പെടുകയാണ്. ഈ രൂപീകരണം യാദൃശ്ചികമല്ല; മറിച്ച് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് അവരുടെ സാമ്പത്തിക മേല്‍ക്കോയ്മ ഉറപ്പാക്കുന്നതിനായി നിര്‍മിച്ചെടുത്ത ഒരു സാംസ്കാരിക-സാമ്പത്തിക പ്രക്രിയയാണ്. YouTube, Instagram പോലുള്ള പ്ലാറ്റ്ഫോമുകളില്‍ നിരന്തരം സൃഷ്ടിക്കപ്പെടുന്ന ''ട്രെന്റുകള്‍'' വെറും വിനോദമോ സാംസ്കാരിക പ്രവണതകളോ മാത്രമല്ല; ഉപഭോക്താവിന്റെ ശ്രദ്ധ പിടിച്ചിരുത്തുകയും ഉപഭോഗശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്ന വിപണി തന്ത്രങ്ങളാണ് അവയുടെ അടിസ്ഥാന ലക്ഷ്യം.
പരമ്പരാഗത ഫ്യൂഡലിസം ഒരു പ്രദേശപരിധിയിലോ ഭൂമിസ്വത്തുകളിലോ കേന്ദ്രീകരിച്ചിരുന്ന സാമ്പത്തിക നിയന്ത്രണമായിരുന്നു. എന്നാല്‍, Yanis Varoufakis വിശദീകരിക്കുന്ന ടെക്നോ-ഫ്യൂഡലിസം ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്ന ആഗോള നിയന്ത്രണ വ്യവസ്ഥയാണ്. അതിന്റെ ശക്തി അതിന്റെ വ്യാപ്തിയിലും സാങ്കേതിക ഇടപെടലുകളുടെ സൂക്ഷ്മതയിലുമാണ്. മനുഷ്യരുടെ ശ്രദ്ധ, പെരുമാറ്റം, ഇഷ്ടങ്ങള്‍, സാമൂഹിക ബന്ധങ്ങള്‍ എന്നിവയെ പോലും ഡാറ്റയായി മാറ്റി ലാഭകരമാക്കുന്ന ഈ സംവിധാനം മുന്‍കാല ഫ്യൂഡലിസത്തേക്കാള്‍ കൂടുതല്‍ വ്യാപകവും സൂക്ഷ്മവുമായ ചൂഷണ ഘടന സൃഷ്ടിക്കുന്നു.
Shoshana Zuboff അവതരിപ്പിക്കുന്ന ''സര്‍വെയിലന്‍സ് ക്യാപിറ്റലിസം'' എന്ന ആശയം ഈ സാഹചര്യത്തെ കൂടുതല്‍ വ്യക്തതയോടെ വിശദീകരിക്കുന്നു. ഉപയോക്താക്കളുടെ ഓരോ ക്ലിക്കും, തിരച്ചിലും, ലൈക്കും, സ്ക്രീന്‍ സമയവും വരെ ശേഖരിക്കപ്പെടുകയും പ്രവചിക്കപ്പെടുകയും വാണിജ്യവത്കരിക്കപ്പെടുകയും ചെയ്യുന്നു. ഫലമായി, സമ്പത്ത് വളരെ കുറച്ച് ടെക് കോര്‍പ്പറേറ്റുകളുടെ കൈകളില്‍ കേന്ദ്രീകരിക്കപ്പെടുന്നു.
ഈ സമ്പത്ത് കേന്ദ്രീകരണമാണ് ഇന്നത്തെ സാമ്പത്തിക അസമത്വത്തിന്റെ പ്രധാന ഘടകങ്ങളിലൊന്ന്. മധ്യകാല ഫ്യൂഡലിസത്തില് ഉണ്ടായിരുന്ന വര്‍ഗീയ വിഭജനങ്ങളെക്കാള്‍ കൂടുതല്‍ ആഴത്തിലുള്ള സാമ്പത്തിക വ്യത്യാസങ്ങളാണ് ഇന്ന് രൂപപ്പെടുന്നത്. ഒരുഭാഗത്ത് അപാരമായ ഡിജിറ്റല്‍ മൂലധനവും ഡാറ്റ നിയന്ത്രണവും കൈവശമുള്ള ചെറിയൊരു കോര്‍പ്പറേറ്റ് വിഭാഗം; മറുഭാഗത്ത് അവരുടെ പ്ലാറ്റ്ഫോമുകളില്‍ ആശ്രിതരായി കഴിയുന്ന സാധാരണ ഉപയോക്താക്കളും ചെറുകിട സംരംഭകരും. ഇങ്ങനെ, ടെക്നോ-ഫ്യൂഡലിസം വെറും സാമ്പത്തിക വ്യവസ്ഥമാറ്റമല്ല; മനുഷ്യരുടെ ജീവിതശൈലിയും ആഗ്രഹങ്ങളും സാമൂഹിക ബന്ധങ്ങളും വരെ വിപണിയുടെ നിയന്ത്രണത്തിലാക്കുന്ന പുതിയ സാമൂഹിക ഘടനയായി മാറുകയാണ്.
ഇവിടെ ഫൂക്കോയിലൂടെ വികസിക്കുന്ന സ്വയം-നിയന്ത്രിത മാതൃകയെ ഒരു പ്രായോഗിക പരിഹാരമായി കൊണ്ടുവരിക സാധ്യമാണ്. Jeremy Bentham ആണ് ജയില്‍ കോംമ്പൗണ്ടിന്റെ മധ്യത്തില്‍ നിന്ന് ജയില്പുള്ളികളെ നിരന്തരം നിരീക്ഷണവിധേയമാക്കുന്ന ''പനോപ്റ്റിക്കോണ്‍'' എന്ന ആര്‍ക്കിടെക്ചറല്‍ മോഡല്‍ ആവിഷ്കരിച്ചത്. ജയില്‍പുള്ളികള്‍ തങ്ങള്‍ നിരന്തരം നിരീക്ഷിക്കപ്പെടുന്നുവെന്ന ബോധ്യത്തിലൂടെ സ്വയം നിയന്ത്രിതരാകാന് നിര്‍ബന്ധിതരാകുന്നു.
എന്നാല്‍, Michel Foucault തന്റെ Discipline and Punish-ല്‍ സ്കൂളുകള്‍ മുതല്‍ ആര്മികള് വരെ ഉള്ള മോഡേണ്‍ സ്ഥാപനങ്ങളെ പനോപ്റ്റിക്കോണ്‍ മാതൃകയുമായി ഉപമിക്കുന്നുണ്ട്. ഫൂക്കോ പരികല്പന ചെയ്യുന്ന ഈ സവിശേഷത ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ അത്യന്തം ദൃശ്യമാണ്. എന്നാല്‍, ഈ തീവ്രമായ നിരീക്ഷണ മെക്കാനിസം പനോപ്റ്റിക്കോണ്‍ മാതൃകയെ പോലെ സ്വയം-നിയന്ത്രിതരായ ഉപഭോക്താക്കളായി മനുഷ്യരെ പരിവര്‍ത്തനം ചെയ്യുകയാണ് വേണ്ടത്. എന്നാല്‍, വാച് ടവറുകളെ പോലെ നിരീക്ഷിക്കുന്ന ഏജന്‍സിയായി ഡിജിറ്റല്‍ മീഡിയയെ പരിചയപ്പെടുത്തുന്നതില്‍ സോഷ്യല്‍ ആക്ടിവിസം പരാജയപ്പെടുന്ന ദൗര്‍ഭാഗ്യകരമായ ഒരു സ്ഥിതിവിശേഷവുമുണ്ട്.
Reference:
1. The Age of Surveillance Capitalism, Shoshana Zuboff.
2. Technofeudalism: What Killed Capitalism,Yanis Varoufakis
3. Nexus: A Brief History of Information Networks from the Stone Age to AI, Yuval Noah Harari
4. Panopticon Or the Inspection House, Jeremy Bentham
5. Discipline and Punish: The Birth of the Prison, Michel Foucault.