arrow_back സത്യധാര ഹോം Sathyadhara
കള്‍ച്ചര്‍ check_circle FREE

താനൂര്‍; സാദാത്ത് പൈതൃകത്തിന്റെ മനോഹര തീരം

എ
എം.എ റഊഫ് കണ്ണന്തളി arrow_forward
28 October 2026 · 6 വായനകൾ

വാമൊഴികളിലെയും നാട്ടുവര്‍ത്തമാനങ്ങളിലെയും താനൂര്‍ ചരിത്രാതീത കാലത്ത് തന്നെ എല്ലാ അര്‍ഥത്തിലും സമ്പന്നമാണ്. മനുഷ്യോല്‍പത്തിയുടെ തൊട്ടടുത്ത് തന്നെ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നുവെന്നാണ് ചിലരുടെ പക്ഷം. നൂഹ് നബിയുടെ കാലത്തെ പ്രളയത്തിന്റെ പ്രഭവ കേന്ദ്രം താനൂരാണന്നും പരിശുദ്ധ ഖുര്‍ആന്‍ പറഞ്ഞ 'ഫാറത്തന്നൂര്‍' താനൂരാണന്നും അഭിപ്രായപ്പെട്ട ചിലരും കൗതുകമുണര്‍ത്തുകയുണ്ടായി. ഇനി പ്രവാചകര്‍(സ്വ)തങ്ങളുടെ കാലത്തെ താനൂരിനെ കുറിച്ചാണങ്കില്‍, തിരുനബിയുടെ കാലത്തിന്റെ തൊട്ട് പിറകെ മക്കയില്‍ നിന്ന് ഹസന്‍ എന്ന് പേരുള്ള ഒരാള്‍(അദ്ദേഹം താബിഅിയാണെന്നും അഭിപ്രായപ്പെടുന്നു)കോഴിക്കോട് ജില്ലയിലെ ചാലിയം കടല്‍ തീരത്തെത്തുകയും പിന്നീട് താനൂരിലെത്തി വിവാഹം ചെയ്യുകയും താനൂരില്‍ തന്നെ സ്ഥിരതാമസമാക്കുകയും ചെയ്തതായി പറയപ്പെടുന്നു.
അദ്ദേഹം താമസിച്ച വീട് ''ഹസന്‍ മക്കിയുടെ അകം'' എന്ന പേരില്‍ അറിയപ്പെട്ടിരുന്നുവത്രെ. അത് പിന്നീട് ലോപിച്ച് ''ഹസന്‍ മക്കിത്താനകത്ത്'' എന്നായി മാറിയെന്നും പറയപ്പെടുന്നു. അദ്ദേഹം താനൂരില്‍ ഒരു പള്ളി നിര്‍മിച്ചതായും പറയപ്പെടുന്നു. ഈ സംഭവം തെളിയിക്കാന്‍ ലിഖിതമായ തെളിവുകളൊന്നും ലഭ്യമല്ലെങ്കിലും, ഇത് തള്ളിക്കളയാന്‍ കഴിയില്ലന്നാണ് ചരിത്രാന്വേഷികളുടെ പക്ഷം. എന്നാല്‍, എ.ഡി 800-നു മുമ്പ് താനൂരില്‍ അലിയ്യുല്‍ മാലികി എന്നവര്‍ ഖാള്വിയായിരുന്നുവെന്ന് ഉമര്‍ സുഹ്‌റവര്‍ദി തന്റെ രിഹ്ലതുല്‍ മുലൂക്ക് എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. താനൂരിന് തൊട്ടടുത്ത പറവണ്ണ ജുമാമസ്ജിദിന് ആയിരത്തിലധികം വര്‍ഷം പഴക്കമുണ്ടന്ന് പള്ളിയിലെ വാതിലില്‍ കൊത്തിവെച്ച കുറിപ്പ് സൂചിപ്പിക്കുന്നു. ചുരുക്കത്തില്‍, മലപ്പുറം ജില്ലയിലെ താനൂര്‍ കേരളത്തിലെ അതിപുരാതന മുസ്ലിം കേന്ദ്രമാണെന്നതിന് വ്യക്തമായ തെളിവുകളുണ്ട്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി പള്ളികളാല്‍ സമ്പന്നമാണ് താനൂര്‍. പില്‍കാലത്ത് പല മത പ്രബോധകരുടെയും ഇഷ്ട കേന്ദ്രമായി താനൂര്‍ മാറിയതായി കാണാം. ഒരു കാലത്ത് കേരളത്തിലെ ഹള്റമി സാദാത്തുക്കളുടെ പ്രധാന തട്ടകമായിരുന്നു മലപ്പുറം ജില്ലയിലെ താനൂര്‍. മലബാറിലെ ഹള്റമി സാദാത്തുകളില്‍ പ്രധാനിയായ, കൊയിലാണ്ടിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖുല്‍ മശാഇഖ് ഖുത്ബ് സയ്യിദ് മുഹമ്മദ് ബിന്‍ ഹാമിദ് എന്ന വലിയ സീതിക്കോയ തങ്ങളും ആദ്യം താനൂരിലാണ് എത്തിച്ചേര്‍ന്നത്. മഹാനവറുകളും സഹോദരന്മാരായ സൈന്‍ ബിന്‍ ഹാമിദും മുശൈഖ് ബിന്‍ ഹാമിദും തിരുവനന്തപുരത്ത് കപ്പലിറങ്ങുകയും പിന്നീട് താനൂരിലെത്തിച്ചേരുകയും ചെയ്തു. അല്‍പകാലം താനൂരില്‍ താമസിച്ച ശേഷമാണ് അവര്‍ വടകരയിലേക്ക് പോയത്. കൂടാതെ, മുഹമ്മദ് ബിന്‍ അബ്ദുല്ലാഹില്‍ ഹള്റമി എന്ന പ്രഗത്ഭനായ യമനീ പണ്ഡിതന്‍ ഹിജ്റ 970 കാലഘട്ടത്തില്‍ താനൂര്‍ വലിയകുളങ്ങര പള്ളിയില്‍ ദര്‍സ് നടത്തിയിരുന്നതായും ചരിത്രമുണ്ട്. യമനിലെ പ്രഗത്ഭ സൂഫീ പണ്ഡിതനും ലോകപ്രശസ്ത ബാഅലവി സയ്യിദുമായ ശൈഖ് മുശൈഖ് തങ്ങളുടെ മകന്‍ സയ്യിദ് അബ്ദുല്ല മുശൈഖ് തങ്ങളുടെ മകനായ സയ്യിദ് മുഹമ്മദ് തന്നെയാണ് ഈ ഹള്റമി പണ്ഡിതനെന്നും പറയപ്പെടുന്നു.

താനൂര്‍ ഹള്റമികളുടെ ഇഷ്ടകേന്ദ്രമായി മാറിയതിന് പിന്നില്‍ നാലു നൂറ്റാണ്ട് മുമ്പ് യമനില്‍ നിന്നും സൂറത്ത് വഴി മലപ്പുറം ജില്ലയിലെ താനൂരിലെത്തി ഇവിടെ ഒരു ഖാന്‍ഖാഹ് പണിത് ആത്മീയ സംസ്‌കരണ പ്രവര്‍ത്തനവും മതപ്രബോധനവും നടത്തി ജീവിച്ച ഒരു സയ്യിദാണ് ജാതിമത ഭേദമന്യേ സര്‍വരുടെയും ആശ്രയമായിരുന്നു ആമഹാന്‍. സയ്യിദ് അലി ബിന്‍ ഹുസൈന്‍ ഐദറൂസ്(ഖ.സി)എന്നാണ് പേര്. ഐദറൂസ് സാദാത്ത് വംശത്തിന്റെ പിതാവായ യമനിലെ സയ്യിദ് അബ്ദുല്ലാഹില്‍ ഐദറൂസ് തങ്ങളുടെ മകന്‍ സയ്യിദ് ഹുസൈന്‍ ഐദറൂസ്, മകന്‍ സയ്യിദ് അഹ്മദ് ഐദറൂസ്, മകന്‍ സയ്യിദ് അബ്ദുല്ല ഐദറൂസ്, മകന്‍ സയ്യിദ് അലവി ഐദറൂസ, മകന്‍ സയ്യിദ് ഹുസൈന്‍ ഐദറൂസ് എന്നിവരുടെ പുത്രനാണ് ഈ മഹാനുഭാവന്‍. അദ്ദേഹം പണിത ഖാന്‍ഖാഹ് പിന്നീട് കടല്‍ക്ഷോഭത്തില്‍ തകര്‍ന്നു. പിന്നീട് പുതുക്കിപ്പണിയുകയും പുന്നക്കര പള്ളി എന്ന പേരില്‍ താനൂരില്‍ അറിയപ്പെടുകയും ചെയ്തു.

താനൂര്‍ കേന്ദ്രീകരിച്ച് മലബാറില്‍ വലിയ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സയ്യിദ് അലി ഐദറൂസ് പിന്നീട് താനൂരില്‍ നിന്ന് ഇന്തോനേഷ്യയിലേക്ക് പോകുകയും അവിടെ അച്ചി കേന്ദ്രീകരിച്ച് വലിയ ആത്മീയ നവോഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി ജീവിക്കുകയും ചെയ്തു. അവിടെ നിന്നും അവര്‍ വിവാഹം ചെയ്യുകയും സന്താനങ്ങളുണ്ടാകുകയും ചെയ്തു. ഹിജ്റ 1155-ല്‍ അച്ചിയില്‍ വഫാത്തായ സയ്യിദ് അലി എന്നവര്‍ക്ക് അവിടെ വലിയ മഖ്ബറയുമുണ്ട്. അദ്ദേഹത്തിന് താനൂരില്‍ രണ്ട് ആണ്‍മക്കളുണ്ടായിരുന്നു. രണ്ടുപേരും പ്രഗത്ഭ പണ്ഡിതന്മാരും സൂഫികളുമായിരുന്നു. പിതാവ് യാത്ര പോകുമ്പോള്‍ മക്കള്‍ക്ക് ഒരു വസ്വിയ്യത്തുണ്ടായിരുന്നു: ''നിങ്ങള്‍ രണ്ടുപേരും താനൂരില്‍ തന്നെ തങ്ങരുത്.'' പിതാവിന്റെ ഉപദേശം സ്വീകരിച്ച് ഒരാള്‍ കൊയിലാണ്ടിയിലേക്ക് തിരിച്ചു. വലിയ സൂഫിയും ഖുത്ബുമായി മാറിയ ആ മകനാണ് ഇപ്പോള്‍ കൊയിലാണ്ടി ഐദറൂസ് മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് മുഹമ്മദ് ബിന്‍ അലിയ്യുല്‍ ഐദറൂസ്(ഖ.സി).

മറ്റൊരു മകന്‍ താനൂരില്‍ തന്നെ താമസമാക്കി. പേര് സയ്യിദ് ഹുസൈന്‍ ബിന്‍ അലിയ്യുല്‍ ഐദറൂസ്. അക്കാലത്ത് താനൂര്‍ നിവാസികള്‍ അദ്ദേഹത്തെ ''കുഞ്ഞി സീതിക്കോയ തങ്ങള്‍'' എന്നാണ് വിളിച്ചിരുന്നത്. പിതാവ് സ്ഥാപിച്ച പുന്നക്കര പള്ളി കേന്ദ്രീകരിച്ച് ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മഹാനവറുകളെ ഖുത്ബ് എന്നാണ് മൗലാനാ ഹഫീഫുദ്ദീന്‍ അബ്ദുല്ലാഹില്‍ ഐദറൂസ് തന്റെ ശജറയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മഹാനവറുകളുടെ കാലത്തും പുന്നക്കര പള്ളി കടല്‍ക്ഷോഭം മൂലം തകര്‍ന്നു. ''ഇനി ഞാന്‍ ഇവിടെ വെയിലും മഴയും കൊണ്ട് കിടക്കും'' എന്ന് പറഞ്ഞ് മഹാനവറുകള്‍ തൊട്ടുപുറത്ത് മറ്റൊരു പള്ളി സ്ഥാപിച്ചു. താനൂര്‍ നിവാസികള്‍ പുതിയ പള്ളി എന്നായിരുന്നു ആ പള്ളിയെ വിശേഷിപ്പിച്ചിരുന്നത്. കടലെടുത്ത പുന്നക്കര പള്ളിയുടെ അവശേഷിച്ച കല്‍തറയാണ് താനൂര്‍ അങ്ങാടിയില്‍ സ്ഥിതി ചെയ്യുന്നത്. അതിന്റെ മുകളില്‍ സയ്യിദ് ഹുസൈന്‍ ഐദറൂസ് എന്ന കുഞ്ഞി സീതിക്കോയ തങ്ങളും പ്രഗത്ഭരായ രണ്ടു പേരക്കുട്ടികളും വെയിലും മഴയും കൊണ്ടു കിടക്കുന്നുണ്ട്. ഒരു കാലത്ത് താനൂരിലെ പ്രധാന സിയാറത്ത് കേന്ദ്രമായിരുന്നു ഇവിടം.
സയ്യിദ് ഹുസൈന്‍ കുഞ്ഞി സീതിക്കോയ തങ്ങള്‍ വിവാഹം ചെയ്തത് കൊയിലാണ്ടി വലിയ സീതിക്കോയ തങ്ങളുടെ മകള്‍ റൗള ബീവിയെയാണ്. അതില്‍ പിറന്ന ഏക മകനാണ് കൊയിലാണ്ടി വലിയ സീതിക്കോയ തങ്ങളുടെ മഖാമിന് ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അലിയ്യ് ബിന്‍ ഹുസൈന്‍. ഇവരുടെ പരമ്പരയാണ് കൊയിലാണ്ടിയിലും താനൂരിലുമുള്ള ഐദറൂസ് സയ്യിദുമാര്‍. ലോക പ്രശസ്ത ബാഅലവി സയ്യിദും പണ്ഡിതനും സൂഫിവര്യനുമായ സയ്യിദ് ശൈഖ് അബൂബക്ര് ബിന്‍ സാലിമിന്റെ പുത്രന്‍ സയ്യിദ് ഹുസൈന്‍, മകന്‍ സയ്യിദ് അഹ്മദ്, മകന്‍ സയ്യിദ് സാലിം, മകന്‍ സയ്യിദ് അബ്ദുറഹ്മാന്‍, മകന്‍ സയ്യിദ് ഹസന്‍ എന്നവരുടെ പുത്രനാണ് ഹിജ്റ 1222-ല്‍ കോഴിക്കോട്ടെത്തിയ സയ്യിദ് അഹ്മദ് ബിന്‍ ഹസന്‍ ഫഖ്റുല്‍ വുജൂദ്. വിശ്വപ്രശസ്തനായ ശൈഖ് ജിഫ്രി വഫാത്തായ സമയത്ത് അവരുടെ മരണാനന്തര കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് അവര്‍ മലബാറിലെത്തിയത്. അവര്‍ പിന്നീട് ഉമര്‍ ഖാള്വിയുടെ ക്ഷണപ്രകാരം വെളിയങ്കോട് താമസമാരംഭിച്ചെങ്കിലും വൈകാതെ താനൂരില്‍ നിന്ന് വിവാഹം ചെയ്യുകയും താനൂരില്‍ തന്നെ സ്ഥിരതാമസമാക്കുകയും ചെയ്തു. വെളിയങ്കോടാണ് അവര്‍ അന്ത്യവിശ്രമം കൊള്ളുന്നത്.
അവരുടെ മകന്‍ അലിയുടെ മകനാണ് താനൂര്‍ വലിയ ജാറത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഹസന്‍ ആറ്റക്കോയ തങ്ങള്‍. പ്രശസ്തമായ താനൂരിലെ നാട്ടു മൗലിദ് തങ്ങള്‍ സ്ഥാപിച്ചതാണന്നാണ് പറയപ്പെടുന്നത്. ആലു സാഹിര്‍ ഖബീലയുടെ പിതാമഹന്‍ യമനിലെ മുഹമ്മദ് ബിന്‍ അബ്ദില്ല സാഹിര്‍ മകന്‍ അലവി സാഹിര്‍ മകന്‍ മുഹമ്മദ് സാഹിര്‍ മകന്‍ അലവി സാഹിറും യമനില്‍ നിന്നും മലബാറിലെത്തിയിരുന്നു. തരീമില്‍ ജനിച്ച മഹാനവര്‍കള്‍ മതവിദ്യാഭ്യാസത്തിനു ശേഷം മലബാറില്‍ വന്ന് താനൂരില്‍ താമസമാക്കി. താനൂരിലെ ചുണ്ടം വീട്ടില്‍ കുടുംബത്തില്‍ നിന്ന് വിവാഹം ചെയ്തു. താനൂരില്‍ തങ്ങള്‍ താമസിച്ച വീടിനു ചാരത്തായി തങ്ങള്‍ ഒരു നിസ്‌കാര പള്ളി സ്ഥാപിച്ചിരുന്നു. ഖുത്ബുസ്സമാന്‍ മമ്പുറം തങ്ങളുമായി വലിയ ബന്ധമുണ്ടായിരുന്നു ഇവര്‍ക്ക്. സയ്യിദ് അലവി സാഹിര്‍ തങ്ങള്‍ വീണ്ടും തരീമിലേക്ക് തന്നെ മടങ്ങിപോവുകയും അവിടെ വെച്ച് വഫാത്താകുകയും ചെയ്തു. സയ്യിദ് അലവി സാഹിര്‍ തങ്ങളുടെ ഏക പുത്രനായ സയ്യിദ് മുഹ്സിന്‍ എന്ന ചെറുകോയ തങ്ങള്‍ താനൂരില്‍ തന്നെയാണ് താമസിച്ചിരുന്നത്. ഇവരുടെ പരമ്പര താനൂരിലുണ്ട്.

ഹിജ്‌റ 1218 മലബാറില്‍ എത്തുകയും മലപ്പുറം ജില്ലയിലെ പറവണ്ണയില്‍ താമസമാക്കുകയും ചെയ്ത സയ്യിദ് മുഹമ്മദ് ബസറാവി രിഫാഈ അല്‍ ഹുസൈനി തങ്ങളുടെ മകന്‍ ലക്കിടി സയ്യിദ് അബ്ദുല്ല രിഫാഈ തങ്ങളുടെ മകന്‍ പഴയ മാളിയക്കല്‍ സയ്യിദ് മുഹമ്മദ് മുത്തുക്കോയ തങ്ങളും താനൂരില്‍ എത്തുകയും ഇവിടെ താമസമാക്കുകയും ചെയ്തിരുന്നു. ശൈഖ് മുഹ്യിദ്ദീന്‍ അബ്ദുല്‍ ഖാദര്‍ ജീലാനി തങ്ങളുടെ മകന്‍ സയ്യിദ് അബ്ദുറസാഖ് ജീലാനിയുടെ സന്താന പരമ്പരയില്‍പ്പെട്ട സയ്യിദ് അബ്ദുല്‍ കരീമിന്റെ മകനാണ് പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മലപ്പുറം ജില്ലയിലെ താനൂരിലെത്തിയ സയ്യിദ് മുഹമ്മദ് ഹാശിം ഹസനി ജീലാനി.

താനൂര്‍ വലിയകുളങ്ങര പള്ളിയുടെ ചാരത്ത്, ഇസ്ലാഹുല്‍ ഉലൂം അറബി കോളേജിന്റെ മുന്നിലാണ് അവര്‍ അന്ത്യവിശ്രമം കൊള്ളുന്നത്. സയ്യിദ് ഖുത്ബ് അല്‍ ഇമാം അബ്ദുള്ളാഹില്‍ ഹദ്ദാദ് തങ്ങളുടെ മകനായ സയ്യിദ് ഹസന്‍ എന്നവരുടെ മകന്‍ സയ്യിദ് അഹ്മദ് മകന്‍ സയ്യിദ് മുഹമ്മദ് എന്നവരുടെ മകന്‍ സയ്യിദ് അലവി ഹദ്ദാദ് എന്നവര്‍ ഗുജറാത്തിലെ സൂറത്തിലെത്തി കുറഞ്ഞ കാലത്തിനു ശേഷം അവര്‍ അവിടെ നിന്നും മലബാറിലെ പൊന്നാനിയില്‍ വന്ന് താമസമാക്കി. അവരുടെ മകന്‍ അലി ഹദ്ദാദ് പൊന്നാനി കോട്ടമ്പിയകത്താണ് താമസിച്ചത്. ഇവരുടെ മക്കളാണ് സയ്യിദ് ഹസന്‍ ഹദ്ദാദ്, സയ്യിദ് അഹ്മദ് ഹദ്ദാദ് എന്നിവര്‍. ഇവരുടെ പരമ്പരയാണ് മലബാറിലെ ഹദ്ദാദ് ഖബീലക്കാര്‍. സയ്യിദ് ഹസന്‍ എന്നവര്‍ താനൂര്‍ മാടത്തിങ്കലില്‍ നിന്നാണ് വിവാഹം ചെയ്തത്. താനൂരില്‍ തന്നെയാണ് അവര്‍ അന്ത്യവിശ്രമം കൊള്ളുന്നത്. ഇവരുടെ മകനാണ് കൂട്ടായിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് സയ്യിദ് അബ്ദുള്ള ഹദ്ദാദ് തങ്ങള്‍.

verified സത്യധാര ആധികാരിക ഡിജിറ്റൽ പതിപ്പിൽ നിന്നുള്ള വായന.
എ
എഴുത്തുകാരൻ

എം.എ റഊഫ് കണ്ണന്തളി

എല്ലാ രചനകളും arrow_forward

സത്യധാര ലോഗിൻ

+91

സത്യധാര വാർഷിക വരിസംഖ്യ

1 YEAR SUBSCRIPTION

1 വർഷ വരിസംഖ്യ

ഈ വർഷത്തെ എല്ലാ 24 മാഗസിൻ PDF-കളും + മുഴുവൻ പ്രീമിയം ലേഖനങ്ങളും
₹499
₹600
2 YEAR BEST VALUE

2 വർഷ വരിസംഖ്യ

2 വർഷത്തെ സമ്പൂർണ്ണ ഡിജിറ്റൽ പതിപ്പുകൾ
₹899