arrow_back സത്യധാര ഹോം Sathyadhara
ചരിത്രം check_circle FREE

അടിമ പേറിയ നൊമ്പരം; അമേരിക്കന്‍ ഇസ്‌ലാമിന്റെ ആദ്യകാല വേരുകള്‍

അ
അമീൻ ഹുദവി ഖാസിയാറകം arrow_forward
30 October 2026 · 2 വായനകൾ
അമേരിക്കയിലെ ഇസ്ലാമിക ചരിത്രം സങ്കീർണവും നിരന്തരം ചർച്ച ചെയ്യപ്പെടുന്ന വിഷയവുമാണ്. ക്രിസ്റ്റഫർ കൊളംബസിനു നൂറ്റാണ്ടുകൾ മുമ്പേ മുസ്‌ലിം പര്യവേക്ഷകർ അമേരിക്കൻ ഭൂഖണ്ഡത്തിലെത്തിയിരുന്നുവെന്ന് ചില ചരിത്രകാരന്മാർ വാദിക്കുന്നു. അവരുടെ കണക്കുപ്രകാരം, ഈ വരവ് പന്ത്രണ്ടാം നൂറ്റാണ്ടിലോളം നീളുന്നു. അമേരിക്കയിലേക്കുള്ള നിരവധി യൂറോപ്യൻ പര്യവേഷണങ്ങളിൽ ഭൂപട രചയിതാക്കളായും വഴികാട്ടികളായും മുസ്‌ലിംകൾ നിർണായക പങ്കുവഹിച്ചിരുന്നതായും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ക്രിസ്റ്റഫർ കൊളംബസ് അമേരിക്കയിലേക്കുള്ള തന്റെ യാത്ര ആരംഭിച്ചപ്പോൾ, 12-ാം നൂറ്റാണ്ടിൽ തന്നെ പുതിയ ലോകത്തിലേക്കുള്ള സമുദ്രമാർഗം കണ്ടെത്തിയിരുന്ന മുസ്‌ലിം പോർച്ചുഗീസ് നാവികർ തയ്യാറാക്കിയ ഒരു ഗ്രന്ഥം അദ്ദേഹം കൈവശം വച്ചിരുന്നുവെന്നാണ് അനുമാനിക്കപ്പെടുന്നത്. അതേസമയം, 16-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്പാനിഷ് അധിനിവേശ സേനയോടൊപ്പം മുസ്‌ലിംകളും പുതിയ വൻകരയിലേക്ക് എത്തിയിരുന്നുവെന്ന അഭിപ്രായവും നിലനിൽക്കുന്നു. അതിൽ പ്രധാനമായി പരാമർശിക്കപ്പെടുന്ന വ്യക്തിയാണ് ഇസ്തഫാൻ (Istafan). പിന്നീട് അരിസോണയും ന്യൂ മെക്‌സിക്കോയും ആയി മാറിയ പ്രദേശങ്ങളിലേക്കുള്ള സ്പാനിഷ് പര്യവേഷണങ്ങളിലും അധിനിവേശ ശ്രമങ്ങളിലും അദ്ദേഹം വഴികാട്ടിയായി പ്രവർത്തിച്ചുവെന്നാണ് പറയപ്പെടുന്നത്. 1527-ൽ ഫ്‌ലോറിഡയിൽ കാലുകുത്തിയ മൊറോക്കൻ വംശജനായ മുസ്ഥഫാ ഓഫ് അസമോർ(Mustafa of Azamor) അമേരിക്കയിലെ ആദ്യത്തെ രേഖപ്പെടുത്തപ്പെട്ട മുസ്‌ലിമായി പൊതുവെ പരിഗണിക്കപ്പെടുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, സ്പാനിഷ് രാജകീയ ഉത്തരവിനെ തുടർന്ന് സ്വന്തം നാടുകളിൽ നിന്ന് പുറത്താക്കപ്പെട്ട ''മൂർ'' വംശജർ സൗത്ത് കരോലിനയിൽ താമസിച്ചിരുന്നതായി ചരിത്രരേഖകൾ വ്യക്തമാക്കുന്നു. പതിനാറ് മുതൽ പത്തൊൻപതാം നൂറ്റാണ്ടു വരെ, യൂറോപ്യൻ, അറബ്, ആഫ്രിക്കൻ അടിമക്കച്ചവടക്കാർ പന്ത്രണ്ട് ദശലക്ഷത്തിലധികം ആഫ്രിക്കക്കാരെയാണ് ബലാൽക്കാരമായി അമേരിക്കൻ ഭൂഖണ്ഡങ്ങളിലേക്ക് അടിമകളായി കടത്തികൊണ്ടുപോയത്. പടിഞ്ഞാറൻ ആഫ്രിക്കൻ തീരത്തുനിന്ന് അറ്റ്ലാന്റിക് സമുദ്രം വഴി അമേരിക്കയിലേക്കുള്ള ഈ യാത്രാ മധ്യത്തിൽ ലക്ഷക്കണക്കിന് ജീവനുകളാണ് പീഢനവും പട്ടിണിയും രോഗവും മൂലം മരണപ്പെട്ടത്. അതിജീവിവിച്ച ജീവച്ഛവങ്ങളെ കരീബിയൻ ദ്വീപുകൾ, ദക്ഷിണ അമേരിക്ക, ഉത്തര അമേരിക്ക എന്നിവിടങ്ങളിലെ തുറമുഖങ്ങളിൽ അടിമകളായി വിറ്റു. അവരിൽ ഭൂരിഭാഗവും വലിയ വലിയ കൃഷിത്തോട്ടങ്ങളിലും ഖനികളിലും കഠിനാധ്വാനം ചെയ്യാൻ നിർബന്ധിതരായി. അടിമത്തത്തിന്റെ കഠിനമായ ജീവിതത്തിനിടയിലും ആഫ്രിക്കക്കാർ തങ്ങളുടെ സംസ്‌കാരവും മതവിശ്വാസങ്ങളും ആചാരങ്ങളും അമേരിക്കയിലും അനുവർത്തിച്ചു. വിശിഷ്യ, അമേരിക്കയുടെ തെക്കൻ ഭാഗത്തുള്ള തീരപ്രദേശങ്ങളിൽ അടിമകളായി എത്തിയവരിൽ പ്രധാന ഒരു വിഭാഗം ഇസ്ലാം മതവിശ്വാസികളായിരുന്നു. കാരണം ആഫ്രിക്കയിലേക്ക് ഇസ്‌ലാം ഹിജ്‌റ ഒന്നാം നൂറ്റാണ്ടിൽ തന്നെ എത്തിയിരുന്നു. അതിജീവിച്ച അടിമകളിൽ ഏകദേശം 15 മുതൽ 30 ശതമാനം വരെ ആളുകൾ ഇന്നത്തെ സെനഗൽ, മാലി, ഗിനിയ, സിയറ ലിയോൺ, ഗാംബിയ തുടങ്ങിയ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്നുള്ളവരായിരുന്നു. ഈ പ്രദേശങ്ങളിൽ നിന്നുള്ള പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും അടിമക്കച്ചവടക്കാർ അമേരിക്കയിലേക്ക് കൊണ്ടുവന്ന് വിവിധ പ്രദേശങ്ങളിൽ വിറ്റു. ഇവരിൽ പലരും ബ്രിട്ടീഷ് കോളനികളിലേക്കുള്ള പ്രധാന പ്രവേശനകവാടമായിരുന്ന സൗത്ത് കരോലിനയിലെ ചാൾസ്റ്റൺ തുറമുഖം വഴിയാണ് അമേരിക്കയിലെത്തിയത്. അടിമകളാണെങ്കിലും അവർ തങ്ങളുടെ ഇസ്ലാമിക വിശ്വാസം പല പ്രതിസന്ധികൾക്കിടയിലും നിലനിർത്തുകയും, അതിന്റെ മതപരവും സാംസ്‌കാരികവും വിജ്ഞാനപരവുമായ പാരമ്പര്യങ്ങൾ തങ്ങളുടെ മക്കൾക്കും പിൻതലമുറകൾക്കും കൈമാറുകയും ചെയ്തു. അതുകൊണ്ടുതന്നെ, കൊളോണിയൽ അമേരിക്കയിലെ ആദ്യ മുസ്‌ലിം സമൂഹം ഈ ആഫ്രിക്കൻ അടിമകളായിരുന്നുവെന്ന് പറയാം. അമേരിക്കയുടെ രൂപീകരണ ചരിത്രം പരാമർശിക്കപ്പെടുമ്പോൾ അടിമകളായി അമേരിക്കയിലേക്ക് പറിച്ചുനടപ്പെട്ട ആഫ്രിക്കൻ മുസ്‌ലിംകളുടെ സംഭാവനകൾ പലപ്പോഴും എടുത്തുകാണിക്കപ്പെടാറില്ല. അവരുടെ ജീവിത കഥകൾ ചരിത്രരേഖകളിൽ ചിതറിക്കിടക്കുന്നുണ്ടെങ്കിലും, അമേരിക്കയുടെ ചരിത്രത്തിലും പൊതു സ്മരണയിലും അവർക്ക് അർഹമായ സ്ഥാനം ദീർഘകാലം ലഭിച്ചിരുന്നില്ല. ഇന്നും അമേരിക്കയിൽ മുസ്‌ലിംകളെക്കുറിച്ചുള്ള പൊതുധാരണകൾ അൽ-ഖാഇദ, ഐ.എസ്.ഐ.എസ്. പോലുള്ള തീവ്രവാദ സംഘടനകളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിന്റെ ഫലമായി ഇസ്ലാം അമേരിക്കയ്ക്ക് അന്യവും ഭീഷണിയുമാണെന്ന തെറ്റായൊരു ധാരണ രൂപപ്പെട്ടിട്ടുണ്ട്. എന്നാൽ, യാഥാർഥ്യത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുസ്‌ലിംകൾ നൂറ്റാണ്ടുകളായി അമേരിക്കയുടെ ചരിത്രത്തിലും സംസ്‌കാരത്തിലും സജീവമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. കഠിനാധ്വാനം, വിജ്ഞാനം, ആത്മീയ പാരമ്പര്യം, സാംസ്‌കാരികത എന്നിവകൊണ്ട് അവർ എന്നോ അമേരിക്കയിൽ കൃത്യമായ സാമൂഹിക സുകൃതങ്ങൾ കൊണ്ട് സമ്പന്നമാക്കിയിട്ടുണ്ട്. അടിമകളായി അമേരിക്കയിലെത്തിയ ശേഷവും പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നുള്ള മുസ്‌ലിംകൾ തങ്ങളുടെ ആഴത്തിൽ വേരൂന്നിയ വിശ്വാസം കൈവിടാതെ കാത്തു സൂക്ഷിച്ചു. വ്യത്യസ്ത മതവിശ്വാസങ്ങളുമായി ഇടപഴകേണ്ടിവന്നെങ്കിലും ജീവിതസാഹചര്യങ്ങളോട് സമരസപ്പെട്ടും ക്രൂരമായ അടിച്ചമർത്തലുകൾ സഹിച്ചും, അവർ തങ്ങളുടെ ഇസ്ലാമിക വിശ്വാസവും ആചാരങ്ങളും കഴിയുന്നത്ര സംരക്ഷിച്ചു. ചിലരെങ്കിലും അവ പിൻതലമുറകളിലേക്ക് കൈമാറുകയും ചെയ്തു. പടിഞ്ഞാറനാഫ്രിക്കയിലെ ഇസ്ലാമിക വിദ്യാഭ്യാസത്തിൽ മനഃപാഠത്തിന് കൽപിക്കപ്പെട്ടിരുന്ന വലിയ പ്രാധാന്യം കാരണം അടിമകളായി അമേരിക്കയിലെത്തി പതിറ്റാണ്ടുകൾ കഴിഞ്ഞ ശേഷവും പലർക്കും ഖുർആനിലെ ഭാഗങ്ങൾ ഓർമയിൽ നിന്നെടുത്ത് ഓതാനും എഴുതാനും കഴിഞ്ഞിരുന്നു. ബാല്യകാലം മുതൽ മനസ്സിൽ പതിഞ്ഞിരുന്ന ഇസ്ലാമിക വിശ്വാസങ്ങളും ആചാരങ്ങളും അമേരിക്കയിലും അവരുടെ ജീവിതത്തിന്റെ ഭാഗമായി തുടർന്നു. അമേരിക്കയുടെ തെക്കൻ കോളനികളിൽ, പ്രത്യേകിച്ച് സൗത്ത് കരോലിനയിലെയും ജോർജിയയിലെയും തീരപ്രദേശങ്ങളിൽ ജീവിച്ചിരുന്ന അടിമകൾക്ക് മതം ജീവിതത്തെ താങ്ങിനിർത്തിയ പ്രധാന ചാലക ശക്തിയായിരുന്നു. അവരിൽ ചിലർക്ക് ആ മതം ഇസ്ലാമായിരുന്നു. അതിനാൽ, അടിമത്തത്തിന്റെ കഠിനമായ സാഹചര്യങ്ങൾക്കിടയിലും അവർ ഇസ്ലാമിക വിശ്വാസങ്ങളും ആചാരങ്ങളും കഴിയുന്നത്ര സംരക്ഷിച്ചുകൊണ്ടിരുന്നു. അമേരിക്കൻ ചരിത്രരേഖകളിൽ മുസ്‌ലിംകളുടെ സാന്നിധ്യം പലവിധത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ചില അടിമകൾ ഓടി രക്ഷപ്പെട്ട് സ്വാതന്ത്ര്യം നേടിയവരാണെങ്കിൽ, മറ്റു ചിലർ സ്വന്തം സ്വാതന്ത്ര്യം വിലകൊടുത്ത് വാങ്ങി. അവരുടെ ജീവിതാനുഭവങ്ങളെക്കുറിച്ചുള്ള രേഖകൾ, മുസ്‌ലിംകളായി അവർ അനുവർത്തിച്ചുപോന്ന രീതികളെക്കുറിച്ച് വിലപ്പെട്ട വിവരങ്ങൾ നൽകുന്നു. ഒളിച്ചോടിയ അടിമകളെ കണ്ടെത്താൻ വേണ്ടി പ്രസിദ്ധീകരിച്ചിരുന്ന പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന മുസ്‌ലിം നാമങ്ങൾ പ്രധാന ചരിത്രരേഖകളാണ്. ദക്ഷിണ കരോലിനയിൽ 1730 മുതൽ 1790 വരെ പ്രസിദ്ധീകരിച്ച ഇത്തരത്തിലുള്ള പരസ്യങ്ങളിൽ പലതിലും ഒളിച്ചോടിയവരുടെ ഇസ്ലാമിക പശ്ചാത്തലത്തെക്കുറിച്ചുള്ള സൂചനകൾ കാണാം. ഉദാഹരണത്തിന്, പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നുള്ള പല അടിമകളെയും ''മാൻഡിംഗോ (Mandingo)' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ആദ്യം ഒരു പ്രദേശത്തെയോ ജനവിഭാഗത്തെയോ സൂചിപ്പിച്ചിരുന്ന ഈ പദം, പത്തൊൻപതാം നൂറ്റാണ്ടോടെ വെള്ളക്കാരായ അമേരിക്കക്കാർ പലപ്പോഴും ''മുസ്‌ലിം'' എന്ന അർഥത്തിൽ ഉപയോഗിച്ചിരുന്നുവെന്ന് ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നു. മറ്റൊന്നാണ് പരസ്യങ്ങളിൽ കാണുന്ന ''മൂസ (Moosa)' 'മൂരിഷ് (Moorish)' 'ഫുല്ലാ നേഷൻ (Fullah nation )പോലുള്ള നാമങ്ങൾ. ''മൂരിഷ്'' എന്ന പദം; മുസ്ലിംകളെ സൂചിപ്പിക്കാനാണ് അടിമയുടമകൾ ഉപയോഗിച്ചിരുന്നത്. ''ഫുല്ലാ'' എന്നത് പശ്ചിമ ആഫ്രിക്കയിലെ ഫുല (Fula) ജനവിഭാഗത്തെയാണ് സൂചിപ്പിക്കുന്നത്. അവിടെ നിന്ന് വന്നവരൊക്കെ ഏറെക്കുറെ മുസ്‌ലിംകളായിരുന്നു. ഇത്തരത്തിലുള്ള രേഖകൾ അമേരിക്കയുടെ തെക്കൻ പ്രദേശങ്ങളിൽ ഇസ്ലാമിക വിശ്വാസമുള്ളവരും ഇസ്ലാമിന്റെ സ്വാധീനമുള്ളവരും ഗണ്യമായ തോതിൽ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നു. അടിമത്തം അവസാനിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും തീരദേശ മുസ്‌ലിംകളുടെ സാന്നിധ്യത്തിന് തെളിവുകൾ ചരിത്രരേഖകളിൽ തുടർന്നും ലഭിക്കുന്നു. 1930-കളിൽ അമേരിക്കൻ സർക്കാരിന്റെ വർക്‌സ് പ്രോഗ്രസ് അഡ്മിനിസ്‌ട്രേഷൻ (WPA) പദ്ധതിയുടെ ഭാഗമായി മുൻകാല അടിമകളെയും അവരുടെ പിൻതലമുറകളെയും അഭിമുഖം നടത്തി. ജോർജിയയിലെ സെന്റ് സൈമൺസ് (Saint Simons), സപെലോ ദ്വീപ് (Sapelo Island) എന്നിവിടങ്ങളിൽ നടത്തിയ ഈ അഭിമുഖങ്ങളിൽ, കുടുംബാംഗങ്ങൾ പാലിച്ചിരുന്ന ഇസ്ലാമിക ആചാരങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ അവർ പങ്കുവെക്കുന്നു. തോട്ടങ്ങളുടെ രേഖകളും ഒരു മുസ്‌ലിം അടിമ എഴുതിവെച്ച കൈയെഴുത്തുപ്രതിയും ചേർത്തുവായിക്കുമ്പോൾ, അടിമകളായിരുന്നവരും പിന്നീട് സ്വാതന്ത്ര്യം നേടിയവരും മതങ്ങളെ വ്യക്തമായ അതിരുകളോടെ വേർതിരിച്ചല്ല ജീവിതത്തിൽ അനുഭവിച്ചിരുന്നതെന്ന് മനസ്സിലാക്കാം. വിവിധ സാംസ്‌കാരിക പാരമ്പര്യങ്ങൾ പരസ്പരം ഇടകലർന്നപ്പോഴും അവയുടെ യഥാർഥ അടിത്തറ നില നിർത്താൻ പലരും നന്നേ പാടുപെട്ടിട്ടുണ്ട്. അമേരിക്കയിൽ മുസ്‌ലിംകളുടെ ആദ്യകാല ചരിത്രം കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ ചരിത്രകാരന്മാർ ഇത്തരം അമേരിക്കൻ രേഖകളെ പശ്ചിമ ആഫ്രിക്കയുടെ ചരിത്രവുമായി ചേർത്ത് പഠനം നടത്താറുണ്ട്. ഈ പഠനങ്ങൾ അടിമകളായിരുന്ന മുസ്‌ലിംകളുടെ ജീവിതം ഒരേ രീതിയിലായിരുന്നില്ലെന്ന് വ്യക്തമാക്കുന്നു. ചിലർ തങ്ങളുടെ മുസ്‌ലിം വിശ്വാസം പരസ്യമായി ആചരിക്കുകയും സമൂഹത്തിൽ അറിയപ്പെടുകയും ചെയ്യുമ്പോൾ, മറ്റുചിലർ അതീവ രഹസ്യമായാണ് മതവിശ്വാസം സൂക്ഷിച്ചത്. അവരുടെ ചുറ്റുമുണ്ടായിരുന്നവർക്കുപോലും അവർ മുസ്‌ലിംകളാണെന്ന കാര്യം അറിയില്ലായിരുന്നു, അത്രയ്ക്കും പരമ രഹസ്യമായിരുന്നു അവരുടെ ആരാധന കർമങ്ങൾ. തീരദേശങ്ങളിലെ തോട്ടങ്ങളിൽ ജീവിച്ചിരുന്ന അടിമകൾ പലപ്പോഴും തൊട്ടടുത്ത വനാന്തരങ്ങളിലേക്ക് ഒളിച്ചുപോയി രഹസ്യമായാണ് ആരാധന കർമങ്ങൾ നിർവഹിച്ചിരുന്നത്. അനുവാദമില്ലാതെ ജോലി സ്ഥലത്തുനിന്ന് മാറി ആരാധന നടത്തേണ്ടിവന്നതിനാൽ ഈയൊരു സ്വകാര്യത അവർക്കൊരു അനിവാര്യതയായിരുന്നു. അതിനു പുറമേ പലയിങ്ങെളിലും അന്ന് പിടിച്ചുകൊണ്ട് വരപ്പെടുന്ന അടിമകളെ നിർബന്ധിച്ച് ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തിരുന്നു. അതുകൊണ്ടുതന്നെ, ഒരു വ്യക്തിയോ കുടുംബമോ മുസ്‌ലിംകളായിരുന്നുവെന്ന് അവരുടെ ഉടമകൾക്കോ മറ്റു അടിമകൾക്കോ പോലും അറിഞ്ഞാൽ ആ വിഭാഗത്തെ ശക്തമായ നിരന്തര നിരീക്ഷണങ്ങൾക്ക് വിധേയരാക്കിയിരുന്നു. ദക്ഷിണ കരോലിനയിൽ കുറച്ചുകാലം അടിമ ജീവിതം നയിച്ച ശേഷം രക്ഷപ്പെട്ട ചാൾസ് ബോൾ1837ൽ പ്രസിദ്ധീകരിച്ച തന്റെ ആത്മകഥയിൽ മുസ്‌ലിം അടിമകളെക്കുറിച്ച് പരാമർശിക്കുന്നു. അന്ന് അദ്ദേഹം സ്വയമൊരു മുസ്‌ലിമല്ലെങ്കിലും അദ്ദേഹത്തിന്റെ കുടുംബ പാരമ്പര്യം മുസ്‌ലിംകളായിരുന്നുവെന്നാണ് മനസ്സിലാക്കപ്പെടുന്നത്. അദ്ദേഹം എഴുതുന്നു: ''പിന്നീട് എനിക്ക് മനസ്സിലായ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ, ഞാൻ പരിചയപ്പെട്ടവരിൽ പലരും മുഹമ്മദ് നബിയുടെ മതം സ്വീകരിച്ചവരായിരുന്നു. എന്നാൽ, അന്ന് 'മുഹമ്മദിന്റെ മതം' എന്നൊന്നുണ്ടെന്ന് പോലും എനിക്കറിയില്ലായിരുന്നു.'' എന്റെ മുത്തച്ഛന്റെ ചില വ്യത്യസ്തമായ ആരാധനാരീതികളും ജീവിതശൈലിയും ബാല്യത്തിൽ ഞാൻ കണ്ടിരുന്നെങ്കിലും, അന്ന് ഇസ്ലാം എന്ന മതത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. പിന്നീട് ഇസ്ലാമിനെക്കുറിച്ച് പഠിച്ചപ്പോൾ, തന്റെ മുത്തച്ഛൻ പാലിച്ചിരുന്ന പല ആചാരങ്ങളും ഇസ്ലാമിക വിശ്വാസങ്ങളോടും അനുഷ്ഠാനങ്ങളോടും വളരെ സാമ്യമുള്ളതാണെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു'. ചാൾസ് ബോളിന്റെ ഈ ഓർമക്കുറിപ്പിനെ അധികരിച്ച് ചരിത്രകാരനായ മൈക്കൽ എ. ഗോമസ് നടത്തിയ പഠനത്തിൽ ഉരുത്തുരുഞ്ഞ് വരുന്നത് 'അടിമകളിൽ ചിലർ ഇസ്ലാമിക ആചാരങ്ങൾ പരസ്യമായി അനുഷ്ഠിച്ചിരുന്നെങ്കിലും, അവരെ ചുറ്റിപ്പറ്റി ജീവിച്ചിരുന്ന അമുസ്‌ലിംകൾക്ക് അതിന്റെ യഥാർഥ മതപരമായ അർഥം പലപ്പോഴും മനസ്സിലായിരുന്നില്ല. അതുകൊണ്ട് തന്നെ അവ ചരിത്രരേഖകളിൽ വ്യക്തമായി രേഖപ്പെടാതെ പോയി. ചില സാഹചര്യങ്ങളിൽ ആഫ്രിക്കൻ മുസ്‌ലിംകൾ ശക്തമായ സമ്മർദം കാരണം ക്രിസ്തുമതം സ്വീകരിച്ചുവെങ്കിലും അടിമത്തത്തിൽ നിന്ന് മോചിതരായ ശേഷം വീണ്ടും ഇസ്ലാമിലേക്ക് മടങ്ങിയതായും രേഖകളിൽ കാണാം. യുറോപ്പ് ലോകത്താകമാനം അധിനിവേശം നടത്തിയത്ത് സമ്പത്തിനും മതപരിവർത്തനത്തിനും വേണ്ടിയാണ്. തീരപ്രദേശത്തെത്തിയ ഭൂരിഭാഗം പശ്ചിമാ ഫ്രിക്കൻ മുസ്‌ലിംകളിൽ എത്രപേർ മതപരിവർത്തനം ചെയ്തു എന്നതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ചരിത്രരേഖകളിൽ ലഭ്യമല്ല. എന്നിരുന്നാലും, ലഭ്യമായ തെളിവുകൾ സൂചിപ്പിക്കുന്നത്, അവരിൽ പലരും ഒരുവശത്ത് അടിമത്തത്തിന്റെ ക്രൗര്യത്തെയും മറുഭാഗത്ത്ക്രിസ്ത്യൻ മിഷണറിയുടെ പ്രലോഭനങ്ങളെയും ചെറുത്ത്‌തോൽപിച്ചിരുന്നു. ചിലർ വ്യക്തിപരമായി ഇസ്ലാമിക വിശ്വാസവും ആചാരങ്ങളും നിലനിർത്തിയെങ്കിലും, അത് സ്വന്തം മക്കൾക്ക് കൈമാറാൻ പലപ്പോഴും സാധിച്ചിരുന്നില്ല. ക്രിസ്തീയ മിഷണറിയുടെ ശക്തമായ ഇടപെടലും, അടിമകളെ ഏത് സമയത്തും മറ്റൊരാൾക്ക് വിറ്റഴിക്കാമെന്ന സാധ്യതയും അതിന് വലിയ തടസ്സമായി. ഇത്തരം വിൽപനകൾ കുടുംബങ്ങളെ ഇടയ്ക്കിടെ വേർപെടുത്തിയിരുന്നു. തീരപ്രദേശങ്ങളിലും അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിലുമുള്ള അടിമജീവിതത്തിന്റെ ഏറ്റവും വേദനാജനകമായ യാഥാർഥ്യങ്ങളിൽ ഒന്നായിരുന്നു ഈ കുടുംബവിഘടനം. എന്നിരുന്നാലും, വിവിധ പ്രതിസന്ധികൾക്കിടയിലും പശ്ചിമാഫ്രിക്കൻ മുസ്‌ലിം അടിമകൾ ഇസ്ലാം തുടർന്നും അനുഷ്ഠിക്കാനും അതിന്റെ ചില വിശ്വാസ ആചാരങ്ങളെങ്കിലും മുറുകെപ്പിടിക്കാനും വരും തലതലമുറകൾക്ക് കൈമാറാനും സാധിച്ചിരുന്നുവെന്നത് ആശാവഹമാണ്. അത് അവരുടെ ഇസ്ലാമിക പാരമ്പര്യത്തോടുള്ള ആഴത്തിലുള്ള പ്രതിബദ്ധതയുടെ അടയാളവും അടിമത്തം അവരുടെ വ്യക്തിത്വത്തെയും വിശ്വാസത്തെയും പൂർണമായും ഇല്ലാതാക്കാൻ അനുവദിക്കില്ലെന്ന ഉറച്ച പ്രതിരോധത്തിന്റെ പ്രകടനവുമായിരുന്നു. ഇരുളടഞ്ഞ അടിമ ജീവിതത്തനിടയിലും അടിയുറച്ച ആദർശബേധത്തോടെ ഇസ്‌ലാമിക വിശ്വാസത്തെ മുറുകെപിടിച്ച് അവർ വെട്ടിപ്പണിത വെളിച്ചത്തിന്റെ പാത വരും തലമുറകൾക്ക് കൈമാറിയ മഹാരഥന്മാർ നിരവധിയാണ്. മാലികി മദ്ഹബിലെ പ്രമുഖ ഗ്രന്ഥമായ മത്നു ബ്‌നു അബീ സൈദ് അൽ ഖൈറുവാനി അടിസ്ഥാനമാക്കി രചിക്കപ്പെട്ട ബിലാലി കൈ എഴുത്തു പ്രതിയുടെ കർത്താവ് മുഹമ്മദ് ബിലാലി, ആത്മകഥ അറബിയിൽ രചിച്ച അൽ-ഹാജ് ഉമർ ഇബ്‌നു സഈദ്, ആഫ്രിക്കയിലെ രാജകുമാരനും വിവിധ ഭാഷകൾ സംസാരിച്ചിരുന്ന അയ്യൂബ് ബനു സുലൈമാൻ തുടങ്ങിയവർ ശക്തമായ കൊടുങ്കാറ്റുകൾക്ക് മുമ്പിലും അടിപതറാതെ ഇസ്‌ലാമിന്റെ ജിഹ്വയെ ഉയർത്തിയ ചില ഉദാഹരണങ്ങൾ മാത്രമാണ്. അവലംബം https://youtu.be/69xMSGDrKpY?si=cIM2N5_rtsWxofCe The first American Muslims, The pluralism project, -HARVARD UNIVERSITY Enslaved and Freed African Muslims: Spiritual Wayfarers in the South and Lowcountry- Dr. Muhammad Fraser-Rahim1.
verified സത്യധാര ആധികാരിക ഡിജിറ്റൽ പതിപ്പിൽ നിന്നുള്ള വായന.
അ
എഴുത്തുകാരൻ

അമീൻ ഹുദവി ഖാസിയാറകം

എല്ലാ രചനകളും arrow_forward

സത്യധാര ലോഗിൻ

+91

സത്യധാര വാർഷിക വരിസംഖ്യ

1 YEAR SUBSCRIPTION

1 വർഷ വരിസംഖ്യ

ഈ വർഷത്തെ എല്ലാ 24 മാഗസിൻ PDF-കളും + മുഴുവൻ പ്രീമിയം ലേഖനങ്ങളും
₹499
₹600
2 YEAR BEST VALUE

2 വർഷ വരിസംഖ്യ

2 വർഷത്തെ സമ്പൂർണ്ണ ഡിജിറ്റൽ പതിപ്പുകൾ
₹899