അപക്വമായ ആരോഗ്യ നയവും കോവിഡ് കാലത്തെ വിവേചനവും

1615

മരണവായു ലഭിക്കാതെ ശ്വാസം മുട്ടുകയാണ് ഡല്‍ഹി. ജീവനില്‍ കൊതിവച്ച അലര്‍ച്ചകളും ഓട്ടപ്പാച്ചിലുകളുമാണ് തലസ്ഥാന നഗരിയുടെ ഇപ്പോഴത്തെ അശുഭ അലങ്കാരം. കുഴിമാടാന്‍ മണ്ണില്ലാതെ, കരിച്ചുകളയാന്‍ വിറകില്ലാതെ, ഏറ്റെടുക്കാന്‍ ആളില്ലാതെ തെരുവുകളില്‍ ഉപേക്ഷിക്കപ്പെടുകയാണ് ഇന്ത്യന്‍ പൗരന്റെ ചേതനയറ്റ ശരീരങ്ങള്‍. പരിചരിക്കാന്‍ ഹോസ്പിറ്റലുകളില്ലാതെ, കുത്തിവക്കാന്‍ മരുന്നില്ലാതെ, കുത്തിവപ്പു കേന്ദ്രങ്ങളില്ലാതെ ആതുര സേവനരംഗം തെരുവിലേക്കെറിഞ്ഞ രോഗികള്‍. കോവിഡ് മഹാമാരിയുടെ രണ്ടാം വരവില്‍ ഇന്ത്യയുടെ പ്രത്യക്ഷ ചിത്രം ഇതാണ്. വ്യവസായങ്ങളുടെയും ചെറുകിട സംരംഭങ്ങളുടെയും പാളിച്ച വഴിവച്ച സാമ്പത്തിക തകര്‍ച്ചയും ഭ്രമവും ഇന്ത്യയുടെ പരോക്ഷ മുഖമായി ശേഷിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്ന് വിധിയെഴുതിയ ലോകോത്തര മാധ്യമങ്ങളുടെയും, എന്‍.ജി.ഒ കളുടെയും റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ നിന്നാണ് ഈ തീരാനഷ്ടത്തിന്റെ വര്‍ത്തമാനങ്ങള്‍ നാം വായിക്കുന്നത്.
സൈനികം, സാമ്പത്തികം, സാംസ്‌കാരികം തുടങ്ങി രാജ്യത്തിന്റെ അഭിവൃദ്ധിക്ക് ആവശ്യമായ മുഴുവന്‍ മേഖലകളിലും മികവു പുലര്‍ത്തിയ ഇന്ത്യ, കേവലമായ കോവിഡ് പ്രതിസന്ധിയിലൂടെ അവികസിത, സുരക്ഷയില്ലാത്ത, കാര്യപ്രാപ്തിയില്ലാത്ത രാജ്യമായി നിപതിക്കുകയാണല്ലോ. ഈ രാഷ്ട്രത്തിന്റെ നിശ്ചലാവസ്ഥയുടെ കാരണങ്ങള്‍ വളരെ നിഷ്പക്ഷമായി അന്വേഷിക്കുകയാണ് ഈ ലേഖനം. ലോകം മൊത്തം പടര്‍ന്നുപിടിച്ച വൈറസ് സൗദി അറേബ്യ, ഇസ്രായേല്‍ തുടങ്ങി രാഷ്ട്രങ്ങളെ പൂര്‍വ സ്ഥിതിയിലേക്ക് മടങ്ങാന്‍ അനുവദിക്കുകയും ഇന്ത്യയെ അഭൂതപൂര്‍വമായ തളര്‍ച്ചയിലേക്ക് വഴുക്കി വിട്ടതുമാണ് ഈ വിഷയത്തിലെ ലേഖകന്റെ മോട്ടീവ്. മാത്രമല്ല, ശാസ്ത്ര വളര്‍ച്ചയില്ലാത്ത നൂറ്റാണ്ടില്‍ എബോളയും, ലോക വ്യാപക വസൂരിയും അതിജീവിച്ച ചരിത്രമുള്ള രാജ്യമാണ് ഇന്ത്യയുടേതെന്നത് പ്രസ്താവ്യവുമാണ്. അതായത്, ഇന്ത്യയുടെ നിലവിലെ അശക്തതയുടെയും വിറങ്ങലിക്കലിന്റെയും കാരണം സംവിധാനത്തിന്റെയോ, സോഴ്‌സിന്റെയോ പരിമിതിയല്ല. മറിച്ച് ക്രമീകരണങ്ങളുടെയും തീരുമാനങ്ങളുടെയും പ്രശ്നമാണ്. അതാവട്ടെ, ഉത്തരവാദപ്പെട്ട രാഷ്ട്ര നേതാക്കളുടെ പിടിവാശിയുടെയും അനാവശ്യ ദുര്‍ഗ്രാഹ്യത്തിന്റെയും ഫലങ്ങളാണ്.
കോവിഡ് വ്യാപനത്തിനെതിരെ രൂപപ്പെടുത്തിയ ആശാസ്ത്രീയമായ മുന്നൊരുക്കങ്ങള്‍, നേതാക്കളുടെ തീരുമാനങ്ങളിലെ അപക്വത, പ്രതിസന്ധിഘട്ടങ്ങളില്‍ എടുക്കേണ്ട പ്രവര്‍ത്തനങ്ങളിലെ മുന്‍ഗണനാക്രമത്തിലെ പോരായ്മകള്‍, ആരോഗ്യ രംഗത്തെ സംരക്ഷിക്കുന്നതിലുള്ള പിടിപ്പുകേടുകള്‍ എന്നിവയില്‍ ആരംഭിക്കുന്ന അസംഖ്യം കാരണങ്ങളാല്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യത്തിനും പ്രധാനമന്ത്രിക്കുമാണ് ഈ രാജ്യത്തിന്റെ ബലഹീനതയുടെ മുഴുവന്‍ ഉത്തരവാദിത്തവും.
വൈറസിന്റെ പ്രഹരശേഷിയെ കുറിച്ച് ലോകം മൊത്തം അജ്ഞരായിരിക്കുകയും അതിനു മുമ്പില്‍ ശങ്കിച്ചുനില്‍ക്കുകയും ചെയ്യുന്ന വേളയില്‍ കോവിഡിനെ തുരത്താന്‍ രാത്രിയുടെ ഇരുട്ടില്‍ പാത്രങ്ങള്‍ കൂട്ടിമുട്ടിച്ച് ശബ്ദമുണ്ടാക്കണമെന്ന അശാസ്ത്രീയവും പ്രാചീനവുമായ നിര്‍ദേശം മുന്നോട്ടുവച്ച ഒരു പ്രധാനമന്ത്രി ഇന്ത്യക്കുണ്ട്. സ്വന്ത്രം ആശയാദര്‍ശങ്ങളില്‍ വിശ്വസിക്കുന്നവര്‍ തന്നെ ചാണകവൈദ്യം പ്രോത്സാഹിപ്പിച്ചപ്പോള്‍ അതിനെതിരെ ഒരക്ഷരം മിണ്ടാതിരുന്ന അയോഗ്യനാണ് അദ്ദേഹം. കൊറോണയുടെ നിഴല്‍പൊടിപോലുമില്ലാതിരുന്നപ്പോള്‍ രാജ്യത്തെ രക്ഷിക്കാന്‍ ബോര്‍ഡറുകളും റോഡുകളും താഴിട്ടുപൂട്ടി സമ്പൂര്‍ണ അടച്ചുപൂട്ടല്‍ നടപ്പിലാക്കിയ അപക്വനായ നേതാവ്. അതേ സമയം, പതിന്മടങ്ങ് പ്രഹരശേഷിയോടെയുള്ള കൊറോണയുടെ രണ്ടാം വരവില്‍ കുംഭമേളക്ക് ആഹ്വാനവും പരസ്യവും നല്‍കിയ ഭരണാധിപന്‍. ഇങ്ങനെയെല്ലാം വീമ്പടിക്കുന്ന പ്രധാനമന്ത്രിയെയും അയാളുടെ മാന്ത്രിക മരുന്നും അവിശ്വസിക്കുന്ന പൊതുജനം സ്വാഭാവികമാണ്.


സമ്പൂര്‍ണ ലോക്ഡൗണ്‍ എന്ന ബുദ്ധിമോശം
ടൈം മാഗസിനില്‍ പ്രസിദ്ധീകരിച്ച യുവാല്‍ നോവ ഹരാരിയുടെ പാന്‍ഡമിക് സംബന്ധിയായ ലേഖനത്തില്‍ കൊറോണ പഠിപ്പിച്ച പാഠങ്ങള്‍ എണ്ണുന്നുണ്ട്. അതിര്‍ഥികള്‍ സ്ഥായിയായി പൂട്ടിയിടുന്നതിലൂടെ രോഗമുക്തി സാധ്യമല്ലെന്നതാണ് അതില്‍ പ്രധാനം. ആഗോളീകരണത്തിന്റെ ഈ കാലത്ത് രാജ്യത്തെ കൂടുതല്‍ സാമ്പത്തികമായി തകര്‍ത്തുകളയുന്ന തീരുമാനമാണ് സമ്പൂര്‍ണ ലോക്ഡൗണ്‍ എന്ന് അദ്ദേഹം നിരീക്ഷിക്കുന്നുമുണ്ട്. രാഷ്ട്രങ്ങള്‍ പരസ്പര ധാരണയിലും വിശ്വാസത്തിലും മുന്നോട്ടുപോവുകയും നവ സാങ്കേതിക-ശാസ്ത്രീയ അറിവുകളെ അന്യോന്യം കൈമാറുകയും ചെയ്യാതെ ഒരു വൈറസ് മുക്തിസാധ്യമല്ലെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയും ഇതര രാജ്യങ്ങളും ലോക്ഡൗണ്‍ അതീവ കര്‍ശനമാക്കിയിരുന്ന കാലത്ത് പൗരന്മാരെ നിരത്തിലിറക്കിയ രാജ്യമായിരുന്നു സൗദി അറേബ്യ. മാളുകളിലും ബസാറുകളിലും പൊതു ഇടങ്ങളിലും കോവിഡ് നിര്‍ണയ-പ്രതിരോധ മാര്‍ഗങ്ങള്‍ സംവിധാനിച്ച് സ്വന്തം സാമ്പത്തിക രംഗം ചലനാത്മകമാക്കിയ രാജ്യം. നിലവില്‍, ഇന്ത്യക്ക് ജീവവായു അയച്ചുതന്ന് ലോകത്തിന് മാതൃകയായ രാജ്യം ക്രമീകൃതമായ നടപടികളിലൂടെയായിരുന്നു അതിന്റെ വീണ്ടെടുപ്പ് സാധ്യമാക്കിയത്. അപ്പോഴും, രാജ്യത്തെ പൂര്‍ണമായും പൂട്ടിയിടുന്നതിലൂടെ ഉണ്ടാവുന്ന സാമ്പത്തിക രംഗത്തെ നിശ്ചലാവസ്ത ഇന്ത്യയെ പ്രതീകൂലമായി ബാധിച്ചിട്ടും അത് മനസ്സിലാക്കാന്‍ ഇന്ത്യക്കാരനു വീണ്ടും മാസങ്ങളുടെ ദൈര്‍ഘ്യം വേണ്ടിവന്നു. സ്ഥാപനങ്ങളും സംരംഭങ്ങളും ചെറുത്-വലുത് എന്ന വേര്‍തിരിവില്ലാതെ നിശ്ചലമായി. ശരാശരി സാമ്പത്തിക സ്ഥിതയുള്ളവരില്‍ വലിയ ശതമാനം ജനങ്ങളുടെ ജോലി നഷ്ടപ്പെടുകയും സാമ്പത്തിക ശേഷിയുള്ളവന്‍ മാത്രം അതിജീവിക്കും എന്ന സ്ഥിതിയും സംജാതമായി. വെള്ളം നിറഞ്ഞാലും വഞ്ചി മുങ്ങില്ലെന്ന ചിലരുടെ അതീവ ശുഭാപ്തിയോ അബദ്ധധാരണയോ ആയിരുന്നു പ്രശ്നം. മോഡിയുടെ പടവുംവച്ച് പറ്റിയ പണിക്ക് പോണം മിഷ്ടര്‍ എന്ന് ട്രോളുകള്‍ നിറയുന്നതിന്റെ അര്‍ഥവ്യാപ്തി ഇതൊക്കെയാണ്. അടച്ചിട്ട് പട്ടിണിയാക്കിയ ഇന്ത്യയുടെ വിലാപങ്ങള്‍ മനസ്സിലാക്കിയത് കൊണ്ടാവാം രണ്ടാം ഘട്ടത്തില്‍ ലോക്ഡൗണ്‍ ഒടുവിലത്തെ അടവായി മാത്രമേ പ്രഖ്യാപിക്കൂ എന്ന് മോഡി പ്രസ്താവന ഇറക്കിയത്.


രാജാവിനില്ലാത്ത രാജഭക്തി
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയ ദിവസം ഭാരതീയ ജനതാ പാര്‍ട്ടിയുടെ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ മോഡി നടത്തിയ തെരെഞ്ഞെടുപ്പ് റാലികളുടേതായിരുന്നു. ഇടതടവില്ലാതെ നിരന്നുനിന്ന പാര്‍ട്ടി ഭക്തരുടെ ബാഹുല്യമായിരുന്നു അതിലെ ശ്രദ്ധാവിഷയം. മാത്രമല്ല, കോന്ദ്രത്തിലിരുന്ന് സംസ്ഥാനങ്ങള്‍ക്ക് കൊറോണ പ്രതിരോധ രീതികള്‍ നിര്‍ദേശിച്ചുകൊടുക്കേണ്ട ആഭ്യന്തരമന്ത്രി കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനക്കൂട്ടത്തിനൊപ്പം റാലി സംഘടിപ്പിക്കുന്ന വീഡിയോകളും പങ്കുവച്ചിരുന്നു. പൗരന്മാര്‍ മരിച്ചുവീഴുമ്പോഴും അധികാരത്തിന്റെ വീണ മീട്ടിക്കൊണ്ടിരിക്കുന്ന നേതാക്കള്‍ക്കെതിരെ പൊതുവിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അവര്‍ തെരഞ്ഞെടുപ്പ് റാലികളും പരിപാടികളും മാറ്റിവക്കാന്‍ തയ്യാറായത്. രാജാവിനില്ലാതെ, അണികള്‍ക്ക് മാത്രമുള്ള രാജഭക്തി.
മുന്നറിയിപ്പുകളെ അവഗണിച്ച, മുന്‍കരുതലുകളെ അവമതിച്ച ഒരു ഭരണകൂടത്തിന്റെ കരങ്ങളിലാണ് രണ്ടാംഘട്ട കോവിഡ് വ്യാപനത്തിന്റെ മുഴുവന്‍ രക്തവും പുരണ്ടിരിക്കുന്നത്. കഴിഞ്ഞ ജനുവരി മുതല്‍ തെരഞ്ഞെടുപ്പിനു വേണ്ടി മത വിദ്വേഷം പരത്തിയും മതക്കൂട്ടിട്ട പൊതു പരിപാടികള്‍ സങ്കടിപ്പിക്കലായിരുന്നല്ലോ അവരുടെ ജോലി. രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും സന്യാസിമാര്‍ സമ്മേളിക്കുന്ന കുംഭമേളക്ക് ആഹ്വാനം നടത്തുകയും അവ ദേശീയ പത്രങ്ങള്‍ വഴി പരസ്യപ്പെടുത്തുകയും ചെയ്തു. മാത്രമല്ല, കുംഭമേള കൊറോണ പ്രതിരോധ മാര്‍ഗമാണെന്നും കൂട്ടിച്ചേര്‍ത്തു. വെസ്റ്റ് ബംഗാളില്‍ മുസ്‌ലിം കുടിയേറ്റക്കാരില്‍ നിന്നും ഹിന്ദുമത വിശ്വാസികള്‍ ഭീഷണി നേരിടുന്നുണ്ടെന്ന നരേറ്റീവ് സൃഷ്ടിക്കാനുള്ള ശ്രമം നടത്തി. കൊറോണയുടെ സാംക്രമികതയ്ക്ക് എല്ലാവിധ സാധ്യതയും നല്‍കിയ ബി.ജെ.പിയുടെ നിരവധി പദ്ധതികളായിരുന്നു ഈ പിടിവിട്ട വൈറസ് വ്യാപനത്തിന്റെ ഒന്നാം കാരണം. തീവ്ര ഹിന്ദുത്വം, അശാസ്ത്രീയത എന്നീ കാരണങ്ങളാല്‍ ഇന്ത്യയിലെ 65 ശതമാനം ജനങ്ങളും മോഡിയുടെ വാക്സിനുകളില്‍ വിശ്വസിക്കുന്നില്ല. എന്നാല്‍, ഉത്തരവാദ സ്ഥാനീയന്‍ എന്നര്‍ഥത്തില്‍ മോഡി വാക്സിന്‍ പ്രൊമോഷന്‍ നടത്തുകയോ അതിലെ തെറ്റുദ്ധാരണകളെ തിരുത്തുകയോ ചെയ്തില്ലെന്നത് മുഴച്ചുനില്‍ക്കുന്ന മറ്റൊരു പ്രശ്നമാണ്.

വാക്സിനേഷന്റെ സാധ്യതകള്‍
മുഴുവന്‍ പൗരന്മാര്‍ക്കും വാക്സില്‍ കുത്തിവപ്പ് നടത്തലാണ് കൊറോണ മുക്തഭാരതത്തിലേക്കുള്ള വഴി. 1970-ലെ സ്മാള്‍പോക്സ് വൈറസിനെ ലോകം തുരത്തിയത് സമ്പൂര്‍ണ കുത്തിവെപ്പിലൂടെയായിരുന്നു എന്നത് ചരിത്ര സത്യമാണ്. എന്നാലും, ഇന്ത്യയുടെ ആരോഗ്യസംരക്ഷണസംവിധാനം എത്രമാത്രം ആസൂത്രിതമായാണ് നിലനില്‍ക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരുക്കും സമ്പൂര്‍ണ വാക്സിനേഷന്‍ സാധ്യമാവുക.
സിപ്രി പുറത്തുവിട്ട കണക്ക് പ്രകാരം ലോകത്ത് സൈനിക ആവശ്യങ്ങള്‍ക്കായി കൂടുതല്‍ സമ്പത്ത് ചെലവഴിക്കുന്ന മൂന്നാമത്തെ രാജ്യം ഇന്ത്യയാണ്. അമേരിക്കയും ചൈനയുമാണ് ആദ്യ സ്ഥാനങ്ങളിലിരിക്കുന്നത്. ഓക്സ്ഫാം നടത്തിയ മറ്റൊരു റിപ്പോര്‍ട്ട് അനുസരിച്ച് ആരോഗ്യ മേഖലയിലയില്‍ കുറഞ്ഞ നിക്ഷേപം നടത്തുന്ന രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. അതായത്, ഇന്ത്യയുടെ ജി.ഡി.പിയുടെ 3 ശതമാനം പ്രതിരോധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമ്പോള്‍ 1.28 ശതമാനം മാത്രമാണ് ആരോഗ്യ മേഖലയില്‍ ഉപയോഗപ്പെടുത്തുന്നത്. എഴുപതു വര്‍ഷം പിന്നിട്ട സ്വതന്ത്ര്യ ഇന്ത്യയില്‍ വിരലില്‍ എണ്ണാവുന്ന യുദ്ധങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളതെന്നും ടി.ബി രോഗം മാത്രം ബാധിച്ച് പ്രതിവര്‍ഷം 400000 പേര്‍ മരിക്കുന്നുണ്ടെന്ന കണക്കുകളുടെ തിരിച്ചറിവ് ഭരണാധികാരികളെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടില്ല എന്ന വസ്തുത വളരെ ഭയാനകമാണ്. തുര്‍ക്കി ജി.ഡി.പിയുടെ 4.4 ശതമാനവും ചൈന 6.6 ശതമാനവും ആരോഗ്യ രംഗത്താണ് ഉപയോഗിക്കുന്നത്. കൊറോണയെ പിടിച്ചുകെട്ടാന്‍ അന്യ രാജ്യങ്ങളുടെ സഹായനിധിക്കായി കാത്തിരിക്കുന്ന ഇന്ത്യക്ക് ചൈനയുടെ കൊറോണ പ്രതിരോധ സാമ്പത്തിക സ്രോതസ്സ് ഇപ്പോള്‍ മനസ്സിലാവുന്നത്.
1994-ല്‍ യു.എന്‍ മുന്നോട്ടുവച്ച ഹ്യൂമന്‍ സെക്യൂരിറ്റി (മാനവ സുരക്ഷ) എന്ന സങ്കല്‍പ്പത്തിന് ഇന്ത്യ എത്രമാത്രം പ്രാധാന്യം കൊടുക്കുന്നുണ്ടെന്നതാണ് പ്രധാന ചോദ്യം. രാജ്യത്തിന്റെ സുരക്ഷ അതിര്‍ഥിയില്‍ മാത്രം ചുരുങ്ങുന്നതല്ലെന്നും അനാരോഗ്യം, ദാരിദ്ര്യം എന്നിവയെ കൂടി പക്വമായി ഡീല്‍ചെയ്യണമെന്നതാണ് സങ്കല്‍പ്പത്തിന്റെ അകസാരം. കൊറോണയുടെ കെടുകാര്യത്തിലും ജി.ഡി.പിയുടെ ഉപയോഗത്തിലുള്ള കാര്യമായ തിരുത്തലുകള്‍ നടത്തി പുനക്രമീകരിക്കാതിരിക്കുന്നതും, ഉപയോഗത്തിന്റെ മുന്‍ഗണനാ ക്രമം പുന:പരിശോധിക്കാതിരിക്കുന്നതും വാക്സിന്‍ ദാഹിയായ ഈ രാജ്യത്തെ എത്ര നിസ്സഹായമാക്കുമെന്ന് ലോകരാജ്യങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന പണപ്പെരുപ്പം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

ഇന്ത്യയിലെ ഡോസുകള്‍
ഇന്ത്യ പല രാജ്യങ്ങളുടെയും വാക്സിന്‍ ഹബ്ബാണ്. അതായത്, അവരുടെ ദൈവഭൂമി. ഇവിടെ നിന്നെത്തുന്ന വാക്സിനുകളെ ഉപയോഗപ്പെടുത്തിയാണ് അവര്‍ ജീവന്‍ നിലനിര്‍ത്തുന്നത്. പക്ഷേ, ഇന്ത്യയിലെ വാക്സിന്‍ നിലപാടുകള്‍ വളരെ ധാരുണമാണ്. കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നീ രണ്ട് വാക്സിനുകളാണ് ഇന്ത്യയിലിന്ന് നിര്‍മിക്കുന്നത്. ഒന്നാമത്തേത്, സിറം ഇന്‍സ്റ്റിറ്റ്യൂട്ടും രണ്ടാമത്തേത് ഭാരത് ബയോടെക്കും. ഷീല്‍ഡ് പ്രതിമാസം 6-7 കോടി ഉല്‍പ്പദിക്കപ്പെടും. മെയ് മാസത്തോടെ 10 കോടിയായി അത് ഉയര്‍ത്തപ്പെടും. ഭാരത് ബയോടെക്കിന്റെ ഉല്‍പ്പാദന ശേഷി പ്രതിമാസം 60 ലക്ഷം ഡോസാണ്. മെയ് മാസത്തോടെ അത് ഒന്നര കോടിയായി ഉയര്‍ത്തും.
നിവവില്‍ 15 ശതമാനത്തോളം വാക്സിനുകള്‍ വിവിധ വിദേശരാജ്യങ്ങളില്‍ വിവിധ ഉത്തരവാദിത്വത്തിന്റെ ഭാഗമായും ധാരണ പത്രത്തില്‍ ഏര്‍പ്പെട്ടതിനാലും കൊടുത്തുതീര്‍ക്കേണ്ടതായിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ വെയ്റ്റേജായി വരുന്നത് 5 ശതമാനമാണ്. അങ്ങനെ മൊത്തം 20 ശതമാനം വാക്സിന്‍ ഒഴിവാക്കിക്കൊണ്ട് വേണം ഇന്ത്യക്ക് ഉപയോഗിക്കാന്‍. അതായത്, പ്രതിമാസം 9 കോടി ഡോസ് മാത്രമാണ് ഇന്ത്യക്കാരന് ലഭിക്കുക. ദിവസം 31 ലക്ഷം ഡോസ്.
2022 ജനുവരിയില്‍ ഇന്ത്യയുടെ മുഴുവന്‍ ജനസംഖ്യയുടെ കുത്തിവപ്പും പൂര്‍ത്തിയാവണമെങ്കില്‍ 67 ലക്ഷം ഡോസ് ദിവസവും ഉല്‍പ്പാദിപ്പിക്കപ്പെടേണ്ടതുണ്ട്. ഇതാണ് നാം മുന്നില്‍ കാണുന്ന വിതരണ-ഉല്‍പ്പാദന രംഗത്തെ പ്രശ്നം. ഈ പ്രശ്നം 2021 ജനുവരിയില്‍ തന്നെ സര്‍ക്കാറിനെ ബോധ്യപ്പെടുത്തിയെങ്കിലും കൃത്യമായ പരിഹാരം ഉണ്ടായില്ല.
ഇന്ത്യയുടെ ആത്മനിര്‍ഭര്‍ പദ്ധതി ഇന്ത്യയെ സംബന്ധിച്ചിടത്തോളം അപര്യപ്തമാണെന്നും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വാക്സിന്‍ ഇറക്കുമതി അനിവാര്യമാണെന്നുമുള്ള പൂര്‍ണ ബോധ്യമുണ്ടായിരുന്നിട്ടും കേന്ദ്രം ഈ വിഷയത്തില്‍ മൗനം ഭുജിക്കുകയായിരുന്നു. ഇന്ത്യന്‍ നിര്‍മിത ഷീല്‍ഡും വാക്സിനും മാത്രം ഇന്ത്യയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന യാഥാസ്ഥിക നിലപാടാണ് അവര്‍ കൈകൊണ്ടത്. റഷ്യയുടെ സ്പുട്നിക് വി, ഫൈസര്‍ എന്നീ വാക്സിനുകള്‍ ഇന്ത്യയില്‍ അനുമതിക്കായി എത്തിയപ്പോള്‍ ആദ്യത്തേത് രോഗപ്രതിരോധശേഷി റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും, രണ്ടാമത്തേത് പ്രാദേശിക ബ്രിഡ്ജിംഗ് പഠനം അനിവാര്യമാണെന്നും മുടന്തുന്യായങ്ങള്‍ പയറ്റി നിഷേധിക്കുകയായിരുന്നു. എന്നാല്‍, ഈ മാനദണ്ഡങ്ങളൊന്നും ഇന്ത്യയുടെ വാക്സിനില്‍ പാലിക്കപ്പെട്ടില്ല എന്നതില്‍ ഒരു കപടത ഒളിഞ്ഞിരിക്കുന്നുണ്ട്.
രാജ്യത്തിപ്പോള്‍ കോവിഡിന്റെ രണ്ടാം തരംഗവും അതിനെ നേരിടാന്‍ കഴിയാത്ത സാഹചര്യവും വന്നതോടെ ഈ അബദ്ധം തിരിച്ചറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍ മറുരാജ്യങ്ങളുടെ മരുന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. യു.എസും ഇസ്രയേലും തുടങ്ങി വന്‍ രാഷ്ട്രങ്ങളെല്ലാം തങ്ങളുടെ പൗരന്മാര്‍ക്ക് രണ്ടാം ഡോസും ഉറപ്പുവരുത്തിക്കഴിഞ്ഞിരിക്കുന്നു.
വാക്സിന്‍ ദൗര്‍ലഭ്യത്തിന് മറ്റു രണ്ട് കാരണങ്ങള്‍കൂടിയുണ്ട്. ബ്രിട്ടനും അമേരിക്കയും മരുന്നുല്‍പ്പാദനത്തിലും ഗവേഷണത്തിലും കൂടുതല്‍ നിക്ഷേപം നടത്തിയിരുന്നു. ഇന്ത്യയില്‍ അത്തരത്തിലുള്ള നിക്ഷേപങ്ങള്‍ തുലോം തുച്ഛമായിരുന്നു. പരീക്ഷണങ്ങളുടെ ജയപരാജയങ്ങളെ കണക്കിലെടുക്കാതെയായിരുന്നു ഇതര രാഷ്ട്രങ്ങളുടെ നിക്ഷേപ ധൃതി എന്നുകൂടി നാം മനസ്സിലാക്കണം. വാക്സിന്‍ നിര്‍മാതാക്കളുമായി അഡ്വാന്‍സ് പര്‍ച്ചേസ് കരാറില്‍ ഏര്‍പ്പെട്ടില്ല എന്നത് കേന്ദ്രത്തിന്റെ മറ്റൊരു പ്രശ്നമാണ്. സര്‍ക്കാറിന്റെ ഇത്തരം കാര്യക്ഷമത കണക്കിലെടുത്താവണം നയത്തെ പരിശോധിക്കാന്‍. വാക്സിന്‍ വിലയിലെ സൂപ്പര്‍ ലാഭം, സംസ്ഥാനങ്ങള്‍ക്ക് മൂന്നിരട്ടി വ്യത്യസത്തില്‍ വാക്സിന്‍ ഉറപ്പുവരുത്തുക, സ്വകാര്യ ആശുപത്രികളെ ലക്ഷ്യമിട്ട് വില വര്‍ധിപ്പിക്കുക എന്നിവയിലെല്ലാം കേന്ദ്രത്തിന്റെ അപക്വമായ മൗനം മുഴച്ചുനില്‍ക്കുന്നത് കാണാം. അമ്പത് ശതമാനം സംസ്ഥാനങ്ങള്‍ നേരിട്ടു വാങ്ങിക്കണം എന്ന കേന്ദ്ര നിലപാട് ആസൂത്രണത്തിലെ പാളിച്ചകളുടെ പഴി സംസ്ഥാനങ്ങള്‍ക്ക് മേല്‍ കെട്ടിവക്കാനുള്ള ശ്രമമായും രാഷ്ട്രീയ നീചത്വമായും മനസ്സിലാക്കണം.

ഡല്‍ഹിയിലെ സുവിശേഷങ്ങള്‍
രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോള്‍ രോഗികളുടെ എണ്ണം കൂടി. മരുന്നും ആശുപത്രിയും ഇല്ലാതായി. അഞ്ച് മണിക്കൂറോളം കാത്തിരുന്നിട്ടും ആശുപത്രി കിടക്ക കിട്ടാതെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി അശോക് അമ്രോഹി മരണത്തിന് കീഴടങ്ങിയത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. സ്വകാര്യ ആശുപത്രിയിലെത്തിയ പ്രിവിജുള്ളവരുടെ കഥയാണിത്. സര്‍ക്കാര്‍ ആശുപത്രികളിലെ പൊതുജനത്തിന്റെ വിഷയം ഈ ചിത്രത്തില്‍ നിന്നും ഊഹിക്കാവുന്നതേയുള്ളൂ. അച്ചന്റെ, മകന്റെ, അമ്മയുടെ, സഹോദരന്റെ, സഹോദരിയുടെ, മകളുടെ ഒരു നേരത്തെ ശ്വാസത്തിന് വേണ്ടി ഓടുന്നവരുടെ നിശ്വാസങ്ങള്‍ ഡല്‍ഹിയില്‍ ഇപ്പോഴും നിലച്ചിട്ടില്ല. വലിയ പറ്റം ശാസ്ത്രജ്ഞരും, ഡോക്ടര്‍മാരും, ആരോഗ്യപ്രര്‍വര്‍ത്തകരും സര്‍ക്കാറിനെ പലവട്ടം ഈ സംവിധാനത്തിന്റെ പോരായ്മകളെ കുറിച്ച് ഓര്‍മപ്പെടുത്തിയെങ്കിലും കേള്‍ക്കാന്‍ തയ്യാറില്ലായിരുന്നു. ഒരു വലിയ പറ്റം മനുഷ്യരെ വംശഹത്യക്കിരയാക്കിയതിന്റെ രക്തം ബി.ജെ.പിയുടെ താമരയില്‍ എന്നും വമിച്ചുകൊണ്ടിരിക്കും.

പക്ഷപാത വാതകം
സാഹചര്യ വളരെ ഗൗരവമാണെന്നിരിക്കെ കേന്ദ്ര സര്‍ക്കാര്‍ വളരെ പക്ഷപാത നിലപാടാണ് ഓക്സിജന്റെ കാര്യത്തില്‍ പോലും കാണിക്കുന്നത്. പാര്‍ട്ടിക്ക് വളര്‍ച്ചയുള്ള ഇടങ്ങളില്‍ അധിക സഹായവും അല്ലാത്തിടത്ത് അവഗണനയുമാണ് ഓക്സിജിന്‍ വിഷയത്തിലെ കേന്ദ്ര നയം. ഡല്‍ഹി ആവശ്യപ്പെട്ടത് 700 മെട്രിക്ക് ടണ്‍ ഓക്സിജനായിരുന്നു. പക്ഷേ, ലഭിച്ചത് 490 മെട്രിക്ക് ടണ്‍. അതേസമയം, 1000 മെട്രിക്ക് ടണ്‍ ഓക്സിജന്‍ ആവശ്യപ്പെട്ട ഗുജറാത്തിന് ലഭിച്ചത് 975 ടണ്‍ മെട്രിക്ക് ടണ്‍. യോഗിയുടെ ഉത്തര്‍പ്രദേശ് 800 മെട്രിക്ക് ടണ്‍ ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ചത് 753 മെട്രിക്ക് ടണ്‍. മധ്യപ്രദേശിന് വേണ്ടത് 445 മെട്രിക്ക് ടണ്‍. ലഭിച്ചത് 543. ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അവതരിപ്പിച്ച കണക്കാണിത്. ഡല്‍ഹി വിഹിതം കുറയ്ക്കാന്‍ കഴിഞ്ഞ ദിവസവും കേന്ദ്രം ആവശ്യപ്പെട്ടെന്നാണ് ഓക്സിജന്‍ വിതരണം ചെയ്യുന്ന ഇനോക്സ് കമ്പനി ഹോക്കോടതിയില്‍ വെളിപ്പെടുത്തിയത്. ഉല്‍പാദത്തിന്റെ ഭൂരിഭാഗവും യി.പി-രാജസ്ഥാന്‍ സംസ്ഥാനങ്ങളിലേക്ക് മാറ്റിവക്കാനും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ഹൈക്കടതയില്‍ അവര്‍ വെളിപ്പെടുത്തി. ഡല്‍ഹിയില്‍ ശ്വാസം ലഭിക്കാതെ മരിച്ചവരുടെ ഉത്തരവാദി കേന്ദ്രമാണെന്നതില്‍ സംശയമില്ല.
ലാന്‍സെന്റ് മാഗസിന്‍ ഇന്ത്യയിലെ ഒഫീഷ്യല്‍സിനെ ഉപയോഗപ്പെടുത്തി നടത്തിയ ഒരു കോവിഡ് റിപ്പോര്‍ട്ടുണ്ട്. അത് എത്തേണ്ടിടത്തെല്ലാം എത്തിയിട്ടുമുണ്ട്. അതിലെ നിര്‍ദേശങ്ങള്‍ പകുതിയെങ്കിലും പാലിക്കപ്പെട്ടിരുന്നെങ്കില്‍ വലിയ നരഹത്യ തടയാമായിരുന്നു. മുന്നൊരുക്കങ്ങള്‍ നടത്താന്‍ വിമുകത കാണിച്ചവരുടെ വായില്‍ കുടിച്ച രക്തത്തിന്റെ കറപ്പാടുകളുണ്ട്. അശാസ്ത്രീയമായ ക്രമീകരണങ്ങളും, പ്രാചീനമായ നിര്‍ദേശങ്ങളും അപക്വമായ ഇടപെടലുകളും ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. ആ തരിച്ചറിവുകള്‍ പുതിയ ഇന്ത്യയെ രൂപപ്പെടുത്തുമെന്ന് തന്നെ വിചാരിക്കാം.

നിസാം ചാവക്കാട്