മഹ്മൂദ് മുസ്‌ലിയാര്‍; അറിവില്‍ അലിഞ്ഞ വിനയം

1911

കുടുംബത്തെ കുറിച്ചും ചെറുപ്പകാലത്തെ കുറിച്ചും പറയാമോ?
1950 ല്‍ കാസര്‍കോഡ് ജില്ലയിലെ നീലേശ്വരം കോട്ടപ്പുറത്താണ് എന്റെ ജനനം. റബീഉല്‍ അവ്വല്‍ മൂന്നാണ് അറബി കണക്ക്. നബി(സ്വ)യുടെ ജന്മമാസത്തില്‍ ജനിച്ചതിനാലാണ് എനിക്ക് മഹ്മൂദ് എന്ന് പേരുവച്ചത്. ഇടക്കാവില്‍ കോട്ടയില്‍ എന്നാണ് ഇ.കെ. എന്നതിന്റെ പൂര്‍ണരൂപം. പിതാവ് വഴി ഒരു പണ്ഡിത കുടുംബവുമാണ്. മുഹമ്മദ് മുസ്‌ലിയാരാണ് എന്റെ വാപ്പ. ചെറുവത്തൂര്‍ മുണ്ടക്കുണ്ട് സ്വദേശിയാണ്. ബീഫാത്തിമയാണ് മാതാവ്. ഉമ്മ കോട്ടപ്പുറത്തുകാരിയാണ്. ഞങ്ങള്‍ നാല് മക്കളാണ്. മൂന്ന് പെണ്ണും ഒരാണും. മൂത്ത പെങ്ങളുടെ ഭര്‍ത്താവ് ഇരിങ്ങല്ലൂര്‍ കുഞ്ഞഹമ്മദ് ബാഖവിയാണ്. അദ്ദേഹം എന്റെ ഉസ്താദ് കൂടിയാണ്. പിതാവ് മുഹമ്മദ് മുസ്‌ലിയാര്‍ ധാരാളം സ്ഥലങ്ങളില്‍ ദര്‍സ് നടത്തിയ പ്രഗത്ഭ പണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ബന്ധ പ്രകാരമാണ് ഞാന്‍ ഓതാന്‍ പോയത്. നല്ല കഴിവുള്ള മുദരിസായിരുന്നു. എന്റെ എല്ലാ ഉപ്പാപ്പമാരും വലിയ പണ്ഡിതന്മാരാണ്. അവര്‍ പൊന്നാനിക്കാരാണ്. പൊന്നാനി മഖ്ദൂം കൈവഴിയിലെ പണ്ഡിത തറവാട്ടിലാണ് അവരുടെയെല്ലാം ജനനമെന്നാണ് എന്റെ അറിവ്. അവരുടെ ഖബ്‌റുകള്‍ സ്ഥിതി ചെയ്യുന്നത് പൊന്നാനി വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനിലാണ്. കോട്ടപ്പുറം വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനിലാണ് എന്റെ ഉപ്പയുടെ ഖബ്‌റുള്ളത്. ഉമ്മയുടെ ഖബ്‌റും അവിടെ തന്നെ. വാപ്പ ധാരാളം സ്ഥലങ്ങളില്‍ ഖത്തീബും മുദര്‍രിസുമായി സേവനം ചെയ്തിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ പുളിങ്ങോം ജുമുഅത്ത് പള്ളിയില്‍ ഖത്തീബും മുദരിസുമായിട്ടാണ് അദ്ദേഹം ഒരുപാടുകാലം സേവനം ചെയ്തത്. കാസര്‍കോഡ് ജില്ലയിലെ ഉദുമക്കടുത്ത എരോല്‍, കണ്ണൂര്‍ ജില്ലയിലെ പാടിയോട്ടുചാല്‍ തുടങ്ങിയ സ്ഥലങ്ങളിലും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. എന്റെ അഞ്ചാമത്തെ വല്യുപ്പ കുട്ടിഹസന്‍ മുസ്‌ലിയാര്‍ പൊന്നാനി മഖ്ദൂം കുടുംബാംഗമാണ്.


താങ്കളുടെ പഠനകാലം?
എന്റെ ജന്മനാടായ കോട്ടപ്പുറത്തുവച്ചാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. കോട്ടപ്പുറം നൂറുല്‍ ഇസ്‌ലാം മദ്‌റസയില്‍ ഒന്നു മുതല്‍ അഞ്ചാം ക്ലാസ് വരെ മതപഠനം നടത്തി. അഞ്ചാംതരം പൊതുപരീക്ഷ നല്ല മാര്‍ക്കോടെ പാസായി. സ്‌കൂള്‍ ഒന്നു മുതല്‍ നാലുവരെ കോട്ടപ്പുറം ഗവ. എല്‍.പി. സ്‌കൂളില്‍ പഠിച്ചു. അഞ്ചാം ക്ലാസ് അവിടെയില്ലാത്തതിനാല്‍ നിലേശ്വരം രാജാസ് ഹൈസ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ ചേര്‍ന്നു. ഒമ്പതാം ക്ലാസുവരെ അവിടെ പഠിച്ചു. പിന്നെ സ്‌കൂളില്‍ പഠിച്ചിട്ടില്ല. അന്ന് ഒമ്പതാം ക്ലാസ് പാസാവുകയെന്നാല്‍ ഗവണ്‍മെന്റ് ഉദ്യോഗം ലഭിക്കാനുള്ള യോഗ്യതയായിരുന്നു. മദ്‌റസയില്‍ നാലാം ക്ലാസ് വരെ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഞങ്ങള്‍ അഞ്ചാംതരം പൊതുപരീക്ഷ പാസ്സായതോടെ മദ്‌റസയില്‍ ആറാംതരം ആരംഭിക്കാന്‍ കമ്മിറ്റി തീരുമാനിച്ചു. പക്ഷേ, അന്നത്തെ മഹല്ല് ഖത്തീബായിരുന്ന തിരൂരങ്ങാടി അബ്ദുല്ലക്കുട്ടി മുസ്‌ലിയാര്‍ അതിന് വിട്ടില്ല. അഞ്ചാം തരം പാസായവര്‍ക്ക് സ്വദേശി ദര്‍സ് തുടങ്ങാമെന്ന് അദ്ദേഹം പറഞ്ഞു. കമ്മിറ്റി അതംഗീകരിച്ചു. ഞാനും ആ ദര്‍സില്‍ ചേര്‍ന്നു. പകല്‍ സമയം സ്‌കൂളില്‍ പോവുകയും രാത്രി കിതാബോതുകയും ചെയ്തു. സ്‌കൂള്‍ ഒന്‍പതാംതരം പാസാകുന്നതുവരെ ഇങ്ങനെ ചെയ്തു. പാസായപ്പോള്‍ കിതാബോതാന്‍ പോയി. അശറത്തു കുതുബ്, അസ്‌കിയ പോലുള്ള ചെറിയ കിതാബുകളായിരുന്നു ആ സ്വദേശി ദര്‍സില്‍നിന്ന് പഠിച്ചത്.


കിതാബോത്തുകാലം, ഉസ്താദുമാര്‍?
ദര്‍സ് പഠനത്തിന്റെ തുടക്കം മാവിലാടത്തുവച്ചായിരുന്നു. കാസര്‍കോഡ് ജില്ലയിലെ പടന്നക്കടുത്തുള്ള സ്ഥലമാണത്. രാമന്തളിക്കാരനായ സയ്യിദ് യാസീന്‍ മുത്തുക്കോയ തങ്ങളായിരുന്നു മുദരിസ്. അവിടെ ഒരു വര്‍ഷം പഠിച്ചു. സയ്യിദ് അവര്‍കള്‍ വാപ്പയുടെ കൂട്ടുകാരനായതിനാലാണ് എന്നെ അദ്ദേഹത്തിന്റെ ദര്‍സില്‍ ചേര്‍ത്തിയത്. ഖതറുന്നദാ വരെയുള്ള കിതാബുകള്‍ അവിടന്ന് ഓതി. ശേഷം മൂത്ത സഹോദരിയുടെ ഭര്‍ത്താവായ ഇരിങ്ങല്ലൂര്‍ കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ കീഴിലായിരുന്നു പഠനം. മാട്ടൂല്‍, രാമന്തളി എന്നിവിടങ്ങളിലായി മൂന്ന് വര്‍ഷമാണ് അദ്ദേഹത്തിന്റെ കീഴില്‍ പഠിച്ചത്. ഗോളശാസ്ത്രത്തില്‍ അദ്ദേഹത്തിന് നല്ല കഴിവുണ്ടായിരുന്നു. കിതാബില്‍ നല്ല അവഗാഹമുണ്ടായിരുന്നു. തഫ്‌സീര്‍ (ജലാലൈനി), ശറഹത്തഹദീബ്, മിശ്കാത്ത്, നുഖ്ബ, അല്‍ഫിയ്യ, ഉഖ്‌ലൈദിസ് എന്നിവ അദ്ദേഹത്തില്‍നിന്ന് ഓതി. അതിനുശേഷം മലപ്പുറം ജില്ലയിലെ മമ്പുറത്തിനടുത്ത ഇരുമ്പുചോലയിലായിരുന്നു ഓതിയത്. കൈപറ്റ ബീരാന്‍കുട്ടി മുസ്‌ലിയാരാണ് ഉസ്താദ്. ആറ് വര്‍ഷം അദ്ദേഹത്തിന്റെ കീഴില്‍ ഓതി തശ്‌രീഹുല്‍ അഫ്‌ലാഖ്, മഹല്ലി, ജംഅ്, ഖുത്വുബി തുടങ്ങിയ കിതാബുകള്‍ അവിടന്ന് ഓതി. പിന്നീട് അദ്ധേഹം ഹജ്ജിനു പോയപ്പോള്‍ എന്നെ പെരുമ്പടപ്പ് പുത്തന്‍പള്ളി ദര്‍സില്‍ ചേര്‍ത്തി. അന്ന് അശ്‌റഫിയ്യ അറബിക് കോളേജ് സ്ഥാപിച്ചിട്ടില്ലായിരുന്നു. പള്ളി ദര്‍സായിരുന്നു. കൈപറ്റ ബീരാന്‍കുട്ടി മുസ്‌ലിയാരുടെ കൂട്ടുകാരന്‍ കൂടിയായ കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാരായിരുന്നു ഉസ്താദ്. അവിടെ മൂന്ന് വര്‍ഷം ഓതി. ബൈള്വാവി, മുല്ലാ ഹസന്‍, ജംഅ് രണ്ടാം ഭാഗം, മഹല്ലി 4, ഇഹ്‌യാ ഉലൂമുദ്ദീന്‍ തുടങ്ങിയവ അവിടെനിന്ന് പഠിച്ചു. ശേഷം ഉപരിപഠനത്തിനു ബാഖിയാത്തുസ്വാലിഹാത്ത് അറബിക് കോളേജിലേക്ക് പോയി. 1970 ഒക്ടോബര്‍ 13 ന് മൗലവി ഫാള്വില്‍ ബാഖവിയായി. അതിനുശേഷം ശൈഖ് ഹസന്‍ ഹസ്‌റത്തിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഉപരിപഠനത്തിനു ദയൂബന്ദ് ദാറുല്‍ ഉലൂമിലേക്ക് പോയി. ഒരു വര്‍ഷം അവിടെ പഠിച്ചു. സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസ്‌റത്ത്, അബ്ദുല്‍ അഹമ്മദ് ഹസ്‌റത്ത്, മുഹമ്മദ് ശരീഫ് ഹസ്‌റത്ത് എന്നിവരായിരുന്നു അവിടത്തെ പ്രധാന ഉസ്താദുമാര്‍. ത്വാഖ അഹ്മദ് മുസ്‌ലിയാര്‍, പുറത്തീല്‍ അഹ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ ശരീക്കുമാരാണ്. എല്ലാവരെയും ഓര്‍ക്കുന്നില്ല. 1971 ല്‍ ഞാന്‍ മൗലവി അല്‍ഖാസിമി ബിരുദധാരിയായി.


താങ്കളുടെ ഉപരിപഠന ജീവിതെ എങ്ങനെ ഓര്‍ക്കുന്നു?
1968 ലാണ് വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തിലേക്ക് പോയത്. മുത്വവ്വല്‍ ക്ലാസില്‍ രണ്ട് വര്‍ഷം അവിടെ പഠിച്ചു. കേരളത്തില്‍നിന്ന് കുറച്ചാളുകള്‍ക്ക് മാത്രമേ സെലക്ഷന്‍ കിട്ടിയിട്ടുള്ളൂ എന്നോര്‍ക്കുന്നു. വായനയും എഴുത്തുമായിരുന്നു സെലക്ഷന്‍ പരീക്ഷകള്‍. ശൈഖ് ഹസന്‍ ഹസ്‌റത്തായിരുന്നു സെലക്ഷന്‍ പരീക്ഷക്ക് മേല്‍നോട്ടം വഹിച്ചത്. അന്ന് സ്ഥാപനത്തിലെ പ്രധാന ഉസ്താദും അദ്ദേഹം തന്നെയായിരുന്നു. ഫള്ഫരി കുട്ടി മുസ്‌ലിയാര്‍, അബ്ദുല്‍ ജബ്ബാര്‍ ഹസ്‌റത്ത് എന്നിവരും ഉസ്താദുമാരായിരുന്നു. അണ്ടോണ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, കോയ മുസ്‌ലിയാര്‍ ഫറോക്ക് എന്നിവര്‍ ശരീക്കുമാരായിരുന്നു. എല്ലാവരെയും ഓര്‍മ വരുന്നില്ല.

ഉസ്താദിന്റെ അധ്യാപനം, സ്ഥലങ്ങള്‍, കാലം?
ആദ്യമായി ദര്‍സ് നടത്തിയത് കണ്ണൂര്‍ ജില്ലയിലെ പുല്ലക്കൊടിയിലാണ്. മൂന്നു വര്‍ഷമാണ് അവിടെയുണ്ടായിരുന്നത്. ശേഷം കണ്ണൂര്‍ കാം ബസാര്‍ ജുമാ മസ്ജിദില്‍ ഒരു വര്‍ഷം ദര്‍സ് നടത്തി. പിന്നെ നീലേശ്വരം വലിയ ജുമുഅത്ത് പള്ളിയില്‍ ഖത്തീബും മുദരിസുമായി സേവനമേറ്റെടുത്തു. 1976 ലാണ് നീലേശ്വരത്ത് എത്തുന്നത്. അവിടെ ദര്‍സ് ഉദ്ഘാടനം ചെയ്തത് ശൈഖ് ഹസന്‍ ഹസ്‌റത്താണ്. തുടക്കത്തില്‍ 43 മുതഅല്ലിമീങ്ങളാണ് ഉണ്ടായിരുന്നത്. ദര്‍സ് തുടങ്ങി ആറു വര്‍ഷങ്ങള്‍ക്ക് ശേഷം (1983) കാഞ്ഞങ്ങാട് ഖാള്വിയായിരുന്ന മര്‍ഹൂം പി.എ. അബ്ദുല്ല മുസ്‌ലിയാരുടെ നേതൃത്വത്തില്‍ എന്നെ നീലേശ്വരം ഖാള്വിയായി ബൈഅത്ത് ചെയ്തു. മഹല്ല് ജമാഅത്തുകള്‍ ആവശ്യപ്പെട്ടതുപ്രകാരമാണ് ഞാന്‍ ഖാള്വി സ്ഥാനം ഏറ്റെടുത്തത്. 1994 ലാണ് നീലേശ്വരം കണിച്ചിറയില്‍ മര്‍കസുദ്ദഅ്‌വത്തില്‍ ഇസ്‌ലാമിയ്യ എന്ന സ്ഥാപനം ഉയര്‍ന്നുവരുന്നത്. അതിന്റെ എളിയ സ്ഥാപകന്‍ ഞാന്‍ തന്നെയാണ്. സ്ഥാപിതമായ ശേഷം സമസ്ത കാസര്‍കോഡ് ജില്ലാ കമ്മിറ്റിയുടെ കീഴിലാക്കുകയായിരുന്നു. ഈ സ്ഥാപനം നിലവിലുണ്ടെങ്കിലും എന്റെ ദര്‍സ് നീലേശ്വരം വലിയ ജുമുഅത്ത് പള്ളിയില്‍ നടക്കുന്നുണ്ട്.


താങ്കള്‍ സംഘടനാ നേതൃനിരയിലേക്കെത്താനുണ്ടായ സാഹചര്യം?
ചെറുപ്പം മുതല്‍ തന്നെ സമസ്തയെക്കുറിച്ച് കേട്ടിട്ടുണ്ട്. സമസ്ത നല്ല സംഘടനയാണെന്നും വാപ്പ പറഞ്ഞതരാറുണ്ടായിരുന്നു. 1989 ലെ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പിനു മുമ്പ് ഞാന്‍ സമസ്ത ഹോസ്ദുര്‍ഗ് താലൂക്ക് മുശാവറ മെമ്പറായിരുന്നു. 1990 ല്‍ സമസ്തയുടെ ജില്ലാ മുശാവറ അംഗമായി. 1996 മുതല്‍ ഇപ്പോഴും സമസ്ത തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റാണ്. 2014 ല്‍ സമസ്ത കാസര്‍കോഡ് ജില്ലാ വൈസ് പ്രസിഡന്റായി. ത്വാഖ അഹ്മദ് മുസ്‌ലിയാരാണ് നിലവിലെ ജില്ലാ പ്രസിഡന്റ്. സെക്രട്ടറി കുമ്പള ഖാസിം മുസ്‌ലിയാരായിരുന്നു. അദ്ദേഹം വഫാത്തായല്ലോ. അടുത്ത് എന്നെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കെ.ടി അബ്ദുല്ല മൗലവി പടന്നയാണ് ട്രഷറര്‍. 2018 ലാണ് ഞാന്‍ കേന്ദ്ര മുശാവറയിലെത്തിയത്.


ആത്മീയ നായകരുമായി ബന്ധമുണ്ടോ?
കക്കിടിപ്പുറം അബൂബക്ര്‍ മുസ്‌ലിയാരില്‍നിന്ന് ഖാദിരീ ത്വരീഖത്തിന്റെ ഉജാസത്ത് കിട്ടിയിട്ടുണ്ട്.


താങ്കള്‍ ഖാള്വിയായ സ്ഥലങ്ങള്‍?
നിലേശ്വരം, പൂച്ചക്കാട്, പള്ളിക്കര സംയുക്ത ജമാഅത്ത്.
റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് ഉസ്താദുമാരി താങ്കള്‍ക്ക് നല്ല ബന്ധമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്?
അതെ. കണ്ണിയത്ത് ഉസ്താദുമായി എനിക്ക് നല്ല ബന്ധമായിരുന്നു. ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന തുരുത്തിയില്‍ അദ്ദേഹം ദര്‍സ് നടത്തിയിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി കൂടുതല്‍ അടുത്തത്. എന്റെ തലയില്‍ കൈവച്ച് അദ്ദേഹം ഇങ്ങനെ ദുആ ചെയ്തു. ”അല്ലാഹുമ്മ ബാരിക് ഫീ ഇല്‍മിക വ അഖ്‌ലിഖ്” അദ്ദേഹത്തിന്റെ പൊരുത്തമാണ് എന്റെ കരുത്ത്.

ഇ.കെ. മഹ്മൂദ് മുസ്‌ലിയാര്‍/അബ്ദുറഹീം പെടേന